മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ, വിഡിയോ

Advertisement

കോഴിക്കോട്.കണ്ണൂരിൽ നവ കേരള സദസ്സ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. പഴയങ്ങാടിയിലാണ് പോലീസിന്റെ മുന്നിൽ വച്ച് ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം. പാതയോരത്തെ കടയുടെ വശത്ത് വച്ചിരുന്ന ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് വനിതാപ്രവര്‍ത്തകരെ അടക്കം ക്രൂര മര്‍ദ്ദനമാണ് നടത്തിയത്. പൊലീസിനുമുന്നിലായിരുന്നു മര്‍ദ്ദനം. റോഡിലേക്ക് പ്രവര്‍ത്തകര്‍ ഓടിയിറങ്ങിയതിനാല്‍ സംഘര്‍ഷ സ്ഥലത്ത് മന്ത്രിമാരുടെ ബസ് നിര്‍ത്തേണ്ടിവന്നു.

കരിങ്കൊടി കാണിച്ച് പരിപാടിയെ വഴി തിരിച്ച് വിടാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പരിപാടിയുടെ പേരിൽ സിപിഎം ക്രിമിനലുകൾ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

കല്യാശ്ശേരിയിലെ പരിപാടി കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് ക്രൂരമർദ്ദനമേറ്റത്. സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ വളഞ്ഞിട്ട് മർദ്ദിച്ചു.

കരിങ്കൊടി കാണിച്ച് ചെറുതാക്കാൻ കഴിയുന്ന പരിപാടിയല്ലെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം.യൂത്ത് കോൺഗ്രസ് നടത്തിയത് ആസൂത്രിത ആക്രമണം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രവർത്തകരെ കായികമായി നേരിട്ടാൽ തിരുവനന്തപുരം വരെ കരിങ്കൊടി കാണിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പ്. പ്രതിഷേധവുമായി എത്തിയ 17 യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് എം എസ് എഫ് പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്.

Advertisement