കേസുകള്‍ കുത്തി പൊക്കി,എറണാകുളത്ത് യൂത്ത്കോണ്‍ഗ്രസ് പോര്

കൊച്ചി. യൂത്ത് കോൺഗ്രസ്സ് എറണാകുളം ജില്ലാ അധ്യക്ഷനായി സിജോ ജോസഫിനെ പ്രഖ്യാപിച്ചതിനെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നു. ഏറ്റവും കൂടുതൽ വോട്ട് നേടിയ എ ഗ്രൂപ്പിലെ പി എച്ച് അനൂപിനെതിരെ ക്രിമിനൽ കേസുണ്ടെന്ന കാരണത്താലാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത്. എന്നാൽ നിലവിൽ പ്രസിഡന്റ് ആയി പ്രഖ്യാപിച്ച ഐ ഗ്രൂപ്പിലെ സിജോ ജോസഫിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കുത്തി പൊക്കിയാണ് എ ഗ്രൂപ്പിന്റെ പ്രതിഷേധം. കേസുള്ളവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന സംഘടനാ ചട്ടത്തിൽ ഇളവ് നൽകിയാൽ പിഎച്ച് അനൂപിനെ തന്നെ പ്രസിഡന്റ് ആക്കണമെന്ന നിലപാടാണ് എ വിഭാഗം മുന്നോട്ട് വയ്ക്കുന്നത്.

ജില്ലാ- സംസ്ഥാന നേതൃത്വങ്ങളുടെ ഏകപക്ഷീയ തീരുമാനത്തിനെതിരെ എ ഗ്രൂപ്പ് നേതാക്കൾ പരസ്യ പ്രതിഷേധതിന് ഒരുങ്ങുകയാണ്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ സംഘടനയിൽ നിന്ന് രാജി വെയ്ക്കുമെന്ന ഭീഷണിയാണ് നേതാക്കൾ ഉയർത്തുന്നത്. കെപിസിസി നേതൃത്വത്തിന് രേഖമൂലം പരാതിയും നൽകിയിട്ടുണ്ട്. പി എച്ച് അനൂപും സിജോ ജോസഫും ഉൾപ്പെടെ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ ആദ്യത്തെ മൂന്നു പേർക്കുമെതിരെ ക്രിമിനൽ കേസുകൾ നിലവിൽ ഉണ്ടായിരുന്നതിനാൽ ജില്ലാപ്രസിഡന്റിനെ നിയോഗിക്കുന്നത് അനശ്ചിതമായി നീളുകയായിരുന്നു. ഇതിനിടെയാണ് സിജോ ജോസഫിനെ തന്നെ പ്രസിഡന്റ് ആക്കിയുള്ള ഉത്തരവ് ഇന്നലെ ഇറങ്ങിയത്.

Advertisement