പഞ്ചായത്തിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ പൊലീസ് കേസ്

Advertisement

കോട്ടയം. മാഞ്ഞൂരിൽ കെട്ടിട നമ്പർ നിഷേധിച്ച പഞ്ചായത്തിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ പൊലീസ് കേസെടുത്തു. ഷാജി മോൻ ജോർജ് യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും അയച്ചു. സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായുള്ള കേസ് എന്നാണ് കടുത്തുരുത്തി പൊലീസിന്റെ വിശദീകരണം.

ഈ മാസം ഏഴാം തീയതിയായിരുന്നു മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഷാജി മോൻ ജോർജ് എന്ന പ്രവാസി സംരംഭകന്റെ പ്രതിഷേധം. 25 കോടി ചെലവിട്ട് സംരംഭം തുടങ്ങിയിട്ടും കെട്ടിട നമ്പർ നൽകാതെ വട്ടം കറക്കിയ പഞ്ചായത്തിനെതിരായ ഷാജി മോന്റെ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഇടപെട്ടതോടെയാണ് പരിഹാരമായത്.

പ്രശ്നങ്ങൾ അവസാനിച്ചെന്ന് കരുതി യു.കെ യിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പൊലീസ് കേസെടുത്ത വിവരം ഷാജി മോൻ അറിയുന്നത്. 17 ആം തിയതി അതായത് ഇന്നലെ പത്തു മണിക്ക് സ്റ്റേഷനിൽ ഹാജരാകാണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ഷാജി മോന് വാട്സ് ആപ്പ് മുഖാന്തരം ലഭിക്കുന്നത് ഇന്നലെ ഇന്ത്യൻ സമയം 10 മണിക്ക് ശേഷമാണ്.

സമര ദിനത്തിൽ ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അഭിഭാഷകരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുവാനാണ് ഷാജിമോന്റെ തീരുമാനം
വ്യവസായ മന്ത്രിയുടെ ഓഫിസിനെയും വിവരം അറിയിച്ചിട്ടുണ്ട്.

എല്ലാ സമരങ്ങളിലും എടുക്കുന്ന സ്വാഭാവികമായ കേസ് മാത്രമാണ് ഷാജിമോനെതിരെ ചുമത്തിയതെന്ന വിശദീകരണമാണ് പൊലീസ് നൽകുന്നത്.

Advertisement