ടെഹ്റാൻ : ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയം ബുധനാഴ്ച പുലർച്ചെ 5.30ന് (ഇന്ത്യൻ സമയം) അവസാനിക്കാനിരിക്കേയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ മുന്നറിയിപ്പ്. ‘തിരികെക്കിട്ടാൻ ആകാത്തവിധം ഇറാൻ ഇന്ന് രാത്രി അവസാനിക്കും. അങ്ങനെയുണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് സംഭവിക്കും’ – ട്രംപ് കുറിച്ചു. ലോകചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരിക്കും ഇന്ന് രാത്രിയുണ്ടാകുക എന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാനിലെ ഖാർഗ് ദ്വീപിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. ഇറാന്റെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും അമേരിക്ക നയത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്നും വാൻസ് പറഞ്ഞു. ‘ഖാർഗ് ദ്വീപിലെ ചില സൈനികകേന്ദ്രങ്ങൾ ആക്രമിക്കാൻ ഞങ്ങൾ പുറപ്പെട്ടിരുന്നു. അത് ചെയ്തു കഴിഞ്ഞുവെന്നുവെന്നാണ് കരുതുന്നത്’ – വാൻസ് പറഞ്ഞു. ഇറാനിൽ യുഎസിനുണ്ടായിരുന്ന സൈനിക ലക്ഷ്യങ്ങൾ ഏറക്കുറെ പൂർത്തിയായിക്കഴിഞ്ഞെന്നും ഇനി പന്ത് ഇറാന്റെ കോർട്ടിലാണെന്നും വാൻസ് കൂട്ടിച്ചേർത്തു. അതിനിടെ, ഇറാനിലെ കഷാനിലുള്ള റെയിൽവേ പാലം ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തി. രണ്ടുപേർ മരിച്ചു. യഹ്യ അബാദ് പാലത്തിനു നേരെയാണ് ആക്രമണമുണ്ടായത്. അടുത്ത 48 മണിക്കൂർ പുറത്തിറങ്ങരുതെന്ന് ഇറാനിലെ ഇന്ത്യക്കാർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ അടുത്ത 48 മണിക്കൂർ തുടരുക എന്ന് ഇറാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വീടിനുള്ളിൽ തന്നെ തുടരണം. വൈദ്യുത നിലയങ്ങളുടെയോ സൈനിക കേന്ദ്രങ്ങളുടെയോ സമീപത്തും ബഹുനിലക്കെട്ടിടങ്ങളുടെ മുകൾനിലയിലും പോകരുതെന്നും എംബസി അഭ്യർഥിച്ചു.
































