പ്രണയത്തിൽ നിന്നു പിന്മാറിയില്ല, യുവതിക്ക് ഉപേക്ഷിക്കേണ്ടി വന്നത് 2484 കോടി രൂപയുടെ കുടുംബസ്വത്ത്

Advertisement

പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ സാധിക്കാതെ വന്നാൽ ജീവൻ വരെ വെടിയുന്നവരുണ്ട്. ചിലർ എല്ലാം മറന്ന് പുതിയൊരു ജീവിതത്തിന്റെ ഭാഗമാകും. ചിലരാകട്ടെ ആ വേദനകളെല്ലാം ഉള്ളിലൊതുക്കി ബാക്കിജീവിതം ജീവിച്ചുതീർക്കുന്നു, എന്നാൽ താൻ സ്നേഹിച്ച ആൾക്കൊപ്പം ജീവിക്കാനായി ഈ പെൺകുട്ടി ചെയ്തത് എന്താണെന്ന് അറിയുമോ? കോടികണക്കിന് വരുന്ന അവളുടെ പൈതൃക സ്വത്ത് തന്നെ വേണ്ടെന്നു വച്ചു.

എയ്ഞ്ചലീന ഫ്രാൻസിസ് എന്ന മലേഷ്യയിലെ ഒരു പെൺകുട്ടിയാണ് തനിക്ക് പൈതൃക സ്വത്തായി ലഭിക്കേണ്ട 300 മില്യൺ യുഎസ് ഡോളർ അതായത് ഏകദേശം 2,484 കോടി ഇന്ത്യൻ രൂപ വേണ്ടെന്ന് വെച്ച് ലോകത്തെ ഞെട്ടിച്ചത്. മലേഷ്യയിലെ വലിയ ബിസിനസ് കുടുംബത്തിലെ ശതകോടീശ്വരനായ ഖൂ കെ പെങ്ങിന്റെയും മുൻ മിസ് മലേഷ്യയായ പൈലീൻ ചായ് യുടെയും മകളായാണ് എയ്ഞ്ചലീനയുടെ ജനനം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് ജെഡിയ ഫ്രാൻസിസ് എന്ന വ്യക്തിയുമായി അവൾ പ്രണയത്തിലാകുന്നു. എന്നാൽ വിവരം അറിഞ്ഞപ്പോൾ ഏതൊരു വീട്ടിൽ സംഭവിക്കുന്നതുപോലെ തന്നെ ഏഞ്ചലീനയ്ക്കും ശക്തമായ എതിർപ്പു നേരിടേണ്ടിവന്നു. പണക്കാരായാലും പാവപ്പെട്ടവരായാലും പ്രണയത്തിനോടുള്ള മുഖം തിരിക്കലിന് വലിയ മാറ്റമൊന്നും ഇല്ലെന്ന് ഏഞ്ചലീനയുടെ കുടുംബവും തെളിയിച്ചു.

പ്രണയബന്ധവുമായി മുന്നോട്ട് പോവുകയാണെങ്കിൽ പാരമ്പര്യമായി ഏഞ്ചലീനയ്ക്ക് ലഭിക്കേണ്ട കോടികണക്കിന് രൂപയുടെ സ്വത്ത് വേണ്ടെന്നു വയ്ക്കേണ്ടിവരുമെന്നതായിരുന്നു പെൺകുട്ടിയുടെ പിതാവിന്റെ പ്രധാന ഭീഷണി. 2000 കോടി രൂപയെന്നാൽ ചില്ലറ തുകയല്ലെന്ന് ഓർക്കണം. എന്നാൽ ഏഞ്ചലിനയ്ക്ക് അതിനേക്കാൾ വലുതായിരുന്നു തന്റെ പ്രണയം. സ്നേഹബന്ധം തുടരാനാണ് എയ്ഞ്ചലീന തീരുമാനിച്ചത്. അതോടെ പിതാവിന്റെ സാമ്പത്തികമായ എല്ലാ കാര്യങ്ങളിൽ നിന്നും അവൾ ഒഴിവാക്കപ്പെട്ടു. ഇരുവരുടേയും വിവാഹത്തിനുശേഷം തന്റെ മാതാപിതാക്കൾ വിവാഹമോചനം നേടുന്നത് എയ്ഞ്ചലീനയ്ക്ക് കാണേണ്ടി വന്നു.

നിരവധിയാളുകളിൽ സ്നേഹത്തിന്റെ മൂല്യവും, കരുത്തും പകർന്നു നൽകാൻ ഏഞ്ചലീനയുടെ തീരുമാനത്തിന് സാധിച്ചിരിക്കുന്നു. നിരവധി മാധ്യമ റിപ്പോർട്ടുകൾ എയ്ഞ്ചലീനയുടെ തീരുമാനത്തെ വിമർശിച്ചിട്ടുമുണ്ട്. ചിലർ എയ്ഞ്ചലീനയുടെ തെരഞ്ഞെടുപ്പിനെ പെട്ടെന്നെടുത്ത വൈകാരിക തീരുമാനമായി വിലയിരുത്തുമ്പോൾ മറ്റ് ചിലർ ഇത് ധൈര്യപൂർവ്വമുള്ള ഒരു തീരുമാനമെന്ന് പ്രശംസിക്കുന്നു. പണത്തേക്കാളും സ്വത്തിനേക്കാളും വലുതായി ഈ ലോകത്ത് പലതുമുണ്ടെന്ന് ഈ പെൺകുട്ടി തന്റെ ധീരമായ തീരുമാനത്തിലൂടെ തെളിയിക്കുകയായിരുന്നു.

Advertisement