Home Blog Page 924

മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകി; സൺ ​ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസയച്ച് സഹോദരൻ ദയാനിധി മാരൻ

ചെന്നൈ: മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകുന്നു. സൺ ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സഹോദരൻ ദയാനിധി. ഡിഎംകെ എംപിയാണ് ദയാനിധി മാരൻ. കലാനിധിയും ഭാര്യ കാവേരിയും ചേർന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. അച്ഛൻ മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികൾ നിയമവിരുദ്ധമായി തട്ടിയെടുത്തു. കലാനിധിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമെന്നാണ് ദയാനിധിയുടെ മുന്നറിയിപ്പ്.

തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഐപിഎല്ലിലെ ഹൈദരാബാദ് ടീമും സ്‌പൈസ്ജെറ്റ് വിമാനകമ്പനിയും സ്വന്തമാക്കിയെന്നും കള്ളപ്പണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ഇടപാടുകളെന്നും ​ദയാനിധി ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നു. 2003ന് മുൻപുള്ള ഓഹരി നില പുന:സ്ഥാപിക്കണം. അനർഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നൽകണമെന്നും ദയനിധി ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

ഹണിട്രാപ്പ് കേസിൽ ഇൻഫ്ലുവൻസർ കീർത്തി അറസ്റ്റിൽ

അഹമ്മദാബാദ്: ഹണിട്രാപ്പ് കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കീർത്തി പട്ടേലിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് പത്ത് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഇത്രയും കാലം കീർത്തി ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കീർത്തി പട്ടേലിനെ അഹമ്മദാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിട നിർമ്മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സൂററ്റ് പൊലീസ് കഴിഞ്ഞ വർഷം ജൂൺ രണ്ടിന് കീർത്തിക്കും മറ്റ് നാല് പേർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.

പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ കീർത്തി മുങ്ങി. എന്നാൽ, മറ്റ് നാല് പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തു. ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ ശേഷം പ്രതികൾ കെട്ടിട നിർമ്മാതാവിൽ നിന്ന് രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി സൂറത്തിലെ സോൺ-1 ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അലോക് കുമാർ പറഞ്ഞു.

നഗരങ്ങൾ മാറി മാറി താമസിച്ചും വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ചുമാണ് കീർത്തി ഒളിവിൽ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സാങ്കേതിക സംഘത്തിന്റെയും സൈബർ വിദഗ്ധരുടെയും സഹായത്തോടെ, അഹമ്മദാബാദിലെ സർഖേജ് പ്രദേശത്തിൽ കീർത്തി ഒളിവിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സൂറത്ത് പൊലീസ് എത്തിയത്.

വിമാനത്താവളത്തിൽ രഹസ്യവിവരം, രണ്ട് യാത്രക്കാരെ പരിശോധിക്കണമെന്ന് നിർദേശം, പിടിച്ചത് 25 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 25 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഉയർന്ന വീര്യമുള്ളതാണ് ഹൈബ്രിഡ് കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബാങ്കോക്കിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) എത്തിയ രണ്ട് യാത്രക്കാരെ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവരുടെ ലഗേജ് പരിശോധിച്ചപ്പോൾ വാക്വം സീൽ ചെയ്ത പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തകയായിരുന്നു. മൊത്തം 24.96 കിലോഗ്രാമാണ് പിടിച്ചെടുത്തത്. രണ്ട് യാത്രക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്ത് ചരക്ക് സ്വീകരിക്കാൻ കാത്തുനിന്ന മൂന്നാമത്തെയാളെയും അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

യുദ്ധഭൂമിയായി പശ്ചിമേഷ്യ, സംഘര്‍ഷം തുടരുന്നു; ഓപ്പറേഷൻ സിന്ധുവിന്‍റെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ടെഹ്റാൻ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കും. 350 ലേറെ പേരുടെ അഭ്യർത്ഥന കിട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകുകയാണ്. ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ നിലവിൽ ഉപയോഗിക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇസ്രയേലിൽ 36000 ഇന്ത്യക്കാരെങ്കിലും ഭീഷണി സാഹചര്യം നേരിടുന്നുണ്ട്. സാഹചര്യം കൂടുതൽ രൂക്ഷമായാൽ നിർബന്ധമായും ഒഴിയാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചേക്കും. താൽപര്യമുള്ളവർ ഒഴിയണമെന്നാണ് ഇപ്പോഴത്തെ നിർദ്ദേശം.

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇസ്രയേലി നഗരങ്ങളിൽ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു. ഇന്നലെ ഇസ്രയേലി നഗരങ്ങളിൽ പതിച്ചതിൽ ഒന്നിലേറെ ക്ലസ്റ്റർ ബോംബുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രയേലി സൈന്യം പറഞ്ഞു. വ്യാഴാഴ്ചത്തെ ഇറാന്റെ ആക്രമണങ്ങളിൽ ഇസ്രയേലിൽ 270 പേർക്കാണ് പരിക്കേറ്റത്. ബേർശേബാ ആശുപത്രിയിൽ 71 പേർക്ക് പരിക്കേറ്റു. ഇന്നലത്തെ ആക്രമണത്തിൽ ആശുപത്രിയല്ല, സമീപത്തെ സൈനിക താവളമാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ പറയുന്നു. അതേസമയം, സംഘർഷത്തില്‍ അമേരിക്ക ഇടപെട്ടാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.

അതിനിടെ, ഇറാനെതിരായ യുദ്ധത്തിൽ ആുടെയും സഹായം വേണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ആണവശേഷി നിർവീര്യമാക്കാൻ ഒറ്റയ്ക്ക് പ്രവർത്തിക്കുമെന്നും പിന്തുണയ്ക്കണമോ എന്നത് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ തീരുമാനമാണെന്നും നെതന്യാഹു പറഞ്ഞു.

അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയ‌‌ർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചവരിൽ 215 പേരുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് തിരിച്ചറിഞ്ഞതായി അഹമ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷി. ഇതിൽ 198 പേരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. ഇതിൽ 149 പേർ ഇന്ത്യക്കാരാണ്. ഏഴു പോർച്ചുഗീസുകാരും 32 പേർ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരിൽ ഉൾപ്പെടുന്നു. 15 പേരുടെ മൃതദേഹങ്ങൾ വിമാനമാർഗവും 183 പേർ റോഡ് മാർഗവും ആംബുലൻസുകൾ വഴി അയച്ചതായും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

വിമാനാപകടത്തിൽ മരിച്ച 222 പേരെയാണ് ഇതു വരെ ആകെ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജിഎസ് മാലിക് പറഞ്ഞു. ഇതിൽ ഡിഎൻഎ സാമ്പിളുകൾ അടിസ്ഥാനമാക്കി 214 പേരും അല്ലാതെ എട്ടു പേരെയുമാണ് തിരിച്ചറിഞ്ഞത്. ഇവരുടെയെല്ലാം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ അറിയിച്ചു. വിമാനത്തിൽ പരിശോധനകൾ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍ വ്യക്തമാക്കി. തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും എന്ന റിപ്പോർട്ടുകൾക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് അപകടത്തിൽപ്പെട്ട വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി ഇ ഒ വ്യക്തമാക്കുന്നത്. 2023 ജൂണിലാണ് ഒടുവിൽ പരിശോധന നടത്തിയത്. വരുന്ന ഡിസംബറിൽ ആണ് അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത്. വലതുവശത്തെ എൻജിന്റെ അറ്റകുറ്റപ്പണികൾ ഇക്കഴിഞ്ഞ മാർച്ചിൽ ആണ് നടത്തിയത്. ഏപ്രിലിൽ ഇടതു എൻജിനും പരിശോധിച്ചിരുന്നു. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നു എന്നാണ് സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍ കത്തില്‍ പറയുന്നത്.

നാടിനെ നടുക്കി കൂട്ട മരണം, യുവതി മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയതിന്റെ അപമാനത്തിൽ ജീവനൊടുക്കിയതെന്ന് സംശയം

ദിണ്ടിഗൽ: തമിഴ്നാട് ദിണ്ടിഗലിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ 45കാരി, അമ്മയെയും 2 പേരക്കുട്ടികളെയും കൊന്നതിന് ശേഷം ജീവനൊടുക്കി എന്നാണ് നിഗമനം. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് നാടിനെ നടുക്കിയ കൂട്ടമരണം. 65കാരിയായ ചെല്ലമ്മാൾ, 45 വയസ്സുള്ള മകൾ കാളീശ്വരി, ഏഴും അഞ്ചും വയസ്സുള്ള ലതികശ്രീ, ദീപ്തി എന്നിവരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. രാവിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽക്കാർ പൊലീസുമായി ബന്ധപ്പെട്ടു.

സ്ഥലത്തെത്തിയ പൊലീസ് സംഘം വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ആണ് നാല് പേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാളീശ്വരിയുടെ മകൾ പവിത്ര മക്കളെ ഉപേക്ഷിച്ച് കഴിഞ്ഞ ദിവസം പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഏപ്രിൽ മുതൽ ഭർത്താവുമായി അകന്നു കഴിയുന്ന പവിത്രയോട് പുതിയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കുടുംബം പല തവണ ആവശ്യപ്പെട്ടിരുന്നതായി അയൽക്കാർ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് പവിത്ര വീട് വിട്ടിറങ്ങിയതിന് ശേഷം അയൽക്കാരോട് സംസാരിക്കാൻ കാളിശ്വരിയും ചെല്ലമ്മാളും തയ്യാറായിരുന്നില്ല. പേരക്കുട്ടികളുടെയും അമ്മയുടെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കാളീശ്വരി ജീവനൊടുക്കിയെന്നാണ് നിഗമനം. പോസ്റ്റുമോർട്ടത്തിനായി മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ദിണ്ടിഗൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പവിത്രയുടെ പ്രതികരണം അറിവായിട്ടില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഇന്നത്തെ അവധി: പരീക്ഷകൾക്ക് മാറ്റമില്ല, പ്രൊഫഷണൽ കോളേജുകൾക്കും ബാധകമല്ല; മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കുട്ടനാട് താലൂക്കിൽ അവധി

ആലപ്പുഴ/തൃശ്ശൂര്‍: മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. ‌

തൃശ്ശൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 20) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ട്. ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 22 മുതൽ 25 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുക…2483 കോടി; പക്ഷേ കോടീശ്വരന്‍ കാണാമറയത്ത്

യൂറോമില്യന്‍സ് ടിക്കറ്റ് നറുക്കെടുപ്പില്‍ ജാക്ക്‌പോട്ട് അടിച്ചത് അയര്‍ലന്‍ഡില്‍ വിറ്റുപോയ ടിക്കറ്റിന്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലോട്ടറി തുകയായ 2483 കോടി രൂപയാണ് ടിക്കറ്റിന് അടിച്ചതെന്ന് അയര്‍ലന്‍ഡിലെ നാഷണല്‍ ലോട്ടറി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ യൂറോ മില്യന്‍സ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തുകകളിലൊന്നായ 250 മില്ല്യന്‍ യൂറോ ആണ് അടിച്ചത്.
2483, 97,50,000 ഇന്ത്യന്‍ രൂപയ്ക്ക് തുല്ല്യമായ തുകയാണ് വിജയിക്ക് ലഭിക്കുക. എന്നാല്‍ അയര്‍ലന്‍ഡിലെ ഭാഗ്യവാനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് വാങ്ങിയവര്‍ ഭാഗ്യ നമ്പരുകള്‍ ഒത്തു നോക്കി നാഷണല്‍ ലോട്ടറി വകുപ്പിനെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ലക്കി സ്റ്റാര്‍സ് 3 ഉം 5 ഉം ഉള്ള 13, 22, 23, 44, 49 തുടങ്ങിയ നമ്പറുകള്‍ക്കാണ് ജാക്ക്പോട്ട്. നറുക്കെടുപ്പ് കഴിഞ്ഞ് 180 ദിവസത്തിനുള്ളില്‍ വിജയികള്‍ക്ക് സമ്മാനം സ്വന്തമാക്കാന്‍ കഴിയും.യൂറോപ്യന്‍ രാജ്യങ്ങളിലെ ഭാഗ്യ പരീക്ഷണങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തുക സമ്മാനമായി നല്‍കുന്ന ലോട്ടറിയാണ് യൂറോമില്യന്‍സ്.

കരുനാഗപ്പള്ളി കൊല്ലക കുറ്റിയിൽ സഹജൻ നിര്യാതനായി

   കരുനാഗപ്പള്ളി. കൊല്ലക വ്യാപാരി കുറ്റിയിൽ സഹജൻ (60) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് സ്വവസതിയിൽ.

ഭാര്യ. ജയ സഹജൻ(കൊശമറ്റം ഫിനാൻസ് )
മക്കൾ.  അലൻ, റിങ്കു

കൊട്ടാരക്കരയിൽ ട്രാൻസ് ജെൻഡേഴ്സിന്‍റെ സമരം അക്രമാസക്തമായി; സോഡാ കുപ്പിയേറിൽ  സി.ഐക്ക് പരുക്ക്

കൊട്ടാരക്കരയിൽ ട്രാൻസ് ജെൻഡേഴ്സ് നടത്തിയ സമരം അക്രമാസക്തമായി വൻ സംഘർഷത്തിൽ അവസാനിച്ചു. സോഡാ കുപ്പിയേറിൽ കൊട്ടാരക്കര സി.ഐക്കും, വനിതാ പൊലീസിനും ലാത്തിച്ചാർജിൽ സമരക്കാർക്കും പരുക്കേറ്റു. 2021 ൽ കൊട്ടാരക്കരയിൽ വാഹന ഗതാഗതം തടസപ്പെടുത്തിയതിലെ 6 ട്രാൻസ്‌ജെൻഡേഴ്സിനെതിരെയുള്ള കേസിൽ അറസ്റ്റ് വാറന്റ് ആയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. 
നാല് വർഷം മുമ്പുള്ള കേസുകൾ റദ്ദാക്കുകയും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വേണമെന്നാവശ്യപ്പെട്ടാണ്  ജില്ലാകൂട്ടായ്മയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ എസ്പി ഓഫീസിലേക്കു മാർച്ച് നടത്തിയത്. പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ഗാന്ധിമുക്കിൽ റോഡ് ഉപരോധിച്ചു. 

നേതാക്കളുമായി എസ്പി ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ ഉപരോധത്തിനിടയിലൂടെ കടന്നു പോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ വലിയ കല്ലുപയോഗിച്ച് അക്രമിക്കാൻ സമരക്കാരിൽ ചിലർ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.  പ്രകോപിതരായ പ്രവർത്തകർ വനിതാ പൊലീസിന്റെ ലാത്തി പിടിച്ചു വാങ്ങി പോലീസുകാരെ അക്രമിച്ചു. വാഹനങ്ങൾക്കു നേരെയും അക്രമമുണ്ടായി. സമീപമുള്ള കടയിലെ സോഡാകുപ്പികൾ പെറുക്കി പൊലീസുകാരെ എറിഞ്ഞു. ഇതിനിടയിലാണ് സിഐയ്ക്കും ഏറു കിട്ടിയത്. തലയിൽ ആറു തുന്നി കെട്ടുണ്ട്. സമരക്കാരെ പിരിച്ചു വിടാൻ ലാത്തി വീശിയതിൽ നിരവധി സമരക്കാർക്കു പരിക്കുപറ്റി. ഏറെ നേരത്തെ സംഘർഷത്തിനൊടുവിൽ കൂടുതൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റ പൊലീസുകാരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ഇരുപതോളം സമരക്കാരെ കുന്നിക്കോട് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റി.