Home Blog Page 923

‘കായലോട് നടന്നത് താലിബാനിസം’; റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമെന്ന് പി കെ ശ്രീമതി

കണ്ണൂർ: കണ്ണൂർ കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. തൻ്റെ ഭർത്താവല്ലാത്ത ആളോട് ഒരു മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ശ്രീമതി വിമര്‍ശിച്ചു.

തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണ് കായലോട് നടന്നത്. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്ന് പി കെ ശ്രീമതി കുറ്റപ്പെടുത്തി. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിന്റെ മുൻപിൽ പെൺകുട്ടി അപമാനിതയായി. ജീവിച്ചിരിക്കാൻ തോന്നാത്ത വിധം മാനസികമായ പീഡനത്തിന് വിധേയയായി. നിയമം കയ്യിലെടുക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തതെന്നും പി കെ ശ്രീമതി ചോദിച്ചു. ഒരു പാവം സഹോദരനും സഹോദരിക്കും നേരെ വ്യക്തിഹത്യ നടത്തുന്നത് അതിഭീകരമാണ്. മൂന്ന് പേരെ അല്ല മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഏത് സംഘടനയായാലും, ആർക്കും ഇതിൽ നിന്ന് രക്ഷപ്പെടാനാവില്ല. അതിശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ട സംഭവമാണിതെന്നും അല്പമെങ്കിലും സംസ്കാരം ഉണ്ടെങ്കിൽ ഇതിനോട് യോജിക്കാൻ കഴിയില്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചു.

കൊട്ടാരക്കരയിൽ സമരത്തിനിടെ പോലീസിനെ ആക്രമിച്ച 20 ട്രാൻസ്ജെൻഡേഴ്സ് റിമാൻഡിൽ

കൊട്ടാരക്കര: ട്രാൻസ് ജെൻഡേഴ്സ് നടത്തിയ സമരം അക്രമാസക്തമായതിനെ തുടർന്ന് പോലീസിനെ ആക്രമിച്ചെന്ന കേസിൽ 20 ട്രാൻസ് ജൻഡേഴ്സ് റിമാൻഡിൽ. ഇന്നലെയുണ്ടായ
സോഡാ കുപ്പിയേറിൽ കൊട്ടാരക്കര സി.ഐക്കും, വനിതാ പൊലീസിനും ലാത്തിച്ചാർജിൽ സമരക്കാർക്കും പരുക്കേറ്റിരുന്നു.
2021 ൽ കൊട്ടാരക്കരയിൽ വാഹന ഗതാഗതം തടസപ്പെടുത്തിയതിലെ 6 ട്രാൻസ്‌ജെൻഡേഴ്സിനെതിരെയുള്ള കേസിൽ അറസ്റ്റ് വാറന്റ് ആയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
നാല് വർഷം മുമ്പുള്ള കേസുകൾ റദ്ദാക്കുകയും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും വേണമെന്നാവശ്യപ്പെട്ടാണ് ജില്ലാകൂട്ടായ്മയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ എസ്പി ഓഫീസിലേക്കു മാർച്ച് നടത്തിയത്. പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ഗാന്ധിമുക്കിൽ റോഡ് ഉപരോധിച്ചു.

നേതാക്കളുമായി എസ്പി ഓഫീസിൽ ചർച്ച നടക്കുന്നതിനിടെ ഉപരോധത്തിനിടയിലൂടെ കടന്നു പോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ വലിയ കല്ലുപയോഗിച്ച് അക്രമിക്കാൻ സമരക്കാരിൽ ചിലർ ശ്രമിച്ചത് പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രകോപിതരായ പ്രവർത്തകർ വനിതാ പൊലീസിന്റെ ലാത്തി പിടിച്ചു വാങ്ങി പോലീസുകാരെ അക്രമിച്ചു. വാഹനങ്ങൾക്കു നേരെയും അക്രമമുണ്ടായി. സമീപമുള്ള കടയിലെ സോഡാകുപ്പികൾ കൊണ്ട് പൊലീസുകാരെ എറിഞ്ഞു. ഇതിനിടയിലാണ് സിഐയ്ക്കും ഏറു കിട്ടിയത്. തലയിൽ ആറു തുന്നി കെട്ടുണ്ട്. സമരക്കാരെ പിരിച്ചു വിടാൻ ലാത്തി വീശിയതിൽ നിരവധി സമരക്കാർക്കു പരിക്കുപറ്റി. ഏറെ നേരത്തെ സംഘർഷത്തിനൊടുവിൽ കൂടുതൽ പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റ പൊലീസുകാരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ഇരുപതോളം സമരക്കാരെ കുന്നിക്കോട് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റിയിരുന്നു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ; ‘രാജ്ഭവൻ സെൻട്രൽ ഹാളിലെ ചിത്രം മാറ്റില്ല’

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവർണർ. ഔദ്യോഗിക പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തണോ എന്നതിൽ കൂടുതൽ ആലോചനയിലേക്കാണ് സർക്കാർ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു.

രാജ്ഭവനിലെ ചടങ്ങുകളിൽ ഇനി എങ്ങനെ പങ്കെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് സർക്കാർ. സത്യപ്രതിജ്ഞ ഉൾപ്പടെ രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ ഇനി എങ്ങനെ പങ്കെടുക്കും എന്ന് സർക്കാരനും ആശയക്കുഴപ്പമുണ്ട്. രാജ്ഭവനിലെ പരിപാടികൾക്ക് കൃത്യമായ പ്രോട്ടോക്കോൾ സർക്കാർ നിർദ്ദേശിക്കണമെന്ന് പരിസ്ഥിതി ദിനാഘോഷ വിവാദത്തിന് പിന്നാലെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ നടപടിയൊന്നും എടുത്തിട്ടില്ല. അതേസമയം, വിദ്യാഭ്യാസ മന്ത്രി നടത്തിയത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണറെ അപമാനിക്കലുമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാജഭവൻ.

പുതിയ റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ; ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമി ഇനി ഇന്റലിജൻസ് വിഭാഗത്തിന്റെ തലവൻ

ടെഹ്‌റാൻ: പുതിയ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ തലവനായി നിയമിച്ചത്. കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് കസെമിക്ക് പകരമായാണ് മജീദ് ഖദാമി ചുമതലയേറ്റത്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം പുറത്തു വിട്ടത്.

ഞായറാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷണറി ഗാർഡ്‌സ് ഉദ്യോഗസ്ഥരായ ഹസ്സൻ മൊഹാഗെഗ്, മൊഹ്‌സെൻ ബാഗേരി എന്നിവരും കൊല്ലപ്പെട്ടിരുന്നു. ജൂൺ 13 ന് ഹൊസൈൻ സലാമി കൊല്ലപ്പെട്ടതിനെത്തുട‌‌ർന്ന് മേജ‌ർ ജനറൽ മുഹമ്മദ് പാക്പോ‌ർ ആണ് ഈ സ്ഥാനത്തിരുന്നത്. പിന്നീട് മുഹമ്മദ് പാക്പോ‌ർ ആണ് ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ റെവല്യൂഷണറി ഗാർഡ്‌സ് ചീഫായി മജീദ് ഖദാമിയെ നിയമിച്ചത്.

കഴിഞ്ഞയാഴ്ച ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിനൊരുങ്ങുകയാണെന്ന് ഇസ്രായേൽ പ്രതികരിച്ചിരുന്നു. എന്നാൽ ഈ വാദത്തെ ഇറാൻ പൂ‌ർണമായും തള്ളിയിരുന്നു.

ന്യൂനമര്‍ദ്ദപാത്തിയും ചക്രവാതച്ചുഴിയും; കേരളത്തില്‍ മഴ തുടരും, ഉയര്‍ന്ന തിരമാല മുന്നറിയിപ്പ്

തിരുവനന്തപുരം: വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു.

ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്നുരാത്രി 11.30 വരെ 2.2 മുതല്‍ 3.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്.

ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ

കൊല്ലം: ആലപ്പാട് മുതല്‍ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതല്‍ മറുവക്കാട് വരെ

തൃശൂര്‍: ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ

മലപ്പുറം: കടലുണ്ടിനഗരം മുതല്‍ പാലപ്പെട്ടി വരെ

കോഴിക്കോട് : ചോമ്പാല FH മുതല്‍ രാമനാട്ടുകര

കണ്ണൂര്‍: വളപട്ടണം മുതല്‍ ന്യൂ മാഹി

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

വാർത്താ നോട്ടം

2025 ജൂൺ 20 വെള്ളി


BREAKING NEWS



👉ഇടുക്കി മറയൂർ ചട്ട മൂന്നാറിൽ ജനവാസ മേഖലയിൽ കാട്ടാന പടയപ്പ ഇറങ്ങി


👉 ഇറാനിൽ നിന്നുള്ള  600 ഓളം വിദ്യാർത്ഥികളെ മഷ്ഹാദിൽ എത്തിച്ചു. ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു.


👉മലപ്പുറം എം എസ് പി സ്ക്കൂളിൽ വിദ്യാർത്ഥിയെ വാഹനം ഇടിച്ച സംഭവത്തിൽ അധ്യാപികയുടെ ലൈസൻസ് റദ്ദാക്കി എം വി ഡി.


👉 കണ്ണൂർ കായലോട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ പെൺകുട്ടിയുടെ കുടുംബം.


👉 ഉപതെരഞ്ഞെടുപ്പ് വിലയിരുത്താൻ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്



👉 ഭാരതാംബ വിവാദം: രാജ്ഭവനിലേക്ക് എസ് എഫ് ഐ മാർച്ച് ഇന്ന്


🌴  കേരളീയം 🌴



🙏  നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ  ഏറ്റവും ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം 74.35 ശതമാനമാണ് പോളിംങ്.  2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ 61.46 ശതമാനവുമായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.  തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

🙏  രാജ്ഭവനില്‍ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവര്‍ണര്‍ നടത്തിയത് ഭരണഘടന ലംഘനമാണെന്നും രാജ്ഭവന്‍ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.



🙏  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോണ്‍ഗ്രസ്. പാര്‍ട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂര്‍ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി നല്‍കിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി നല്‍കിയ 40 പേരുടെ താര പ്രചാരക പട്ടികയില്‍ എട്ടാമനാണ് ശശി തരൂര്‍.


🙏  പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ ഇന്ന് തുറക്കും. മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്ന് പരമാവധി 20 സെന്റിമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.


🙏 കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടര്‍.

🙏  കൊച്ചിയില്‍ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യവുമായി സിപിഎം ജാഥയില്‍ ബഹളമുണ്ടാക്കിയ 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി നീത ബ്രൈറ്റ് ഫെര്‍ണാണ്ടസിനെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.



🙏  കല്പറ്റയില്‍ പൊലീസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിട്ടു. സിബിഐ കേസ് ഏറ്റെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല.

🙏  പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിന്റെ മരണത്തില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. വലിച്ചെറിഞ്ഞപ്പോള്‍ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയില്‍ അമ്മയുടെ വീടിന്റെ പിന്നിലെ പറമ്പില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.


🙏  2025 എസ്എസ്എല്‍സി സേ പരീക്ഷാഫലവും ടിഎച്ച്എസ്എല്‍സി സേ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി സേ പരീക്ഷാഫലം sslcexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി സേ പരീക്ഷാഫലം thslcexam.kerala.gov.in ലും ലഭ്യമാകും.

🙏  പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിന്റെ ജീവിതം തകര്‍ത്തെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചി വിറ്റുവെന്ന പേരില്‍ ചാലക്കുടി സ്വദേശി സുജേഷ് കണ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് 39 ദിവസം തടവില്‍ പാര്‍പ്പിച്ച ശേഷം ഫോറന്‍സിക് പരിശോധനയിലാണ് മാംസം പോത്തിന്റേതാണെന്ന് കണ്ടെത്തിയത്. . മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍.

      🇳🇪  ദേശീയം  🇳🇪

🙏  ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയില്‍ വീണ്ടും അനിശ്ചിതത്വം. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. ജൂണ്‍ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാല്‍ ആക്സിയം 4 ദൗത്യം ജൂണ്‍ 22നും നടക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്.


🙏 ആഗോളതലത്തിലെ മികച്ച സര്‍വകലാശാലകളുടെ ക്യുഎസ് ലോക റാങ്കിങ്ങില്‍ ഇന്ത്യയിലെ 54 സര്‍വകലാശാലകള്‍. ലോകത്തെ മികച്ച 1501 സര്‍വകലാശാലകളുടെ പട്ടികയില്‍ 192 എണ്ണമുള്ള യുഎസിനും 90 എണ്ണമുള്ള യുകെക്കും 72 എണ്ണമുള്ള ചൈനയും കഴിഞ്ഞാല്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രാതിനിധ്യം ഇന്ത്യക്കാണ്.

🙏  അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട ബോയിംഗ് വിമാനത്തിന് തകരാറുകളില്ലായിരുന്നെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍. ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. എഞ്ചിന്‍ പരിശോധനകള്‍ കൃത്യമായി നടന്നിരുന്നു. വലതുവശത്തെ എഞ്ചിന് മാര്‍ച്ചിലാണ് അറ്റകുറ്റപ്പണി നടത്തിയത്.



🙏 മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 25 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഉയര്‍ന്ന വീര്യമുള്ളതാണ് ഹൈബ്രിഡ് കഞ്ചാവ്.



🙏  വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി പട്ന. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് ആദ്യമായി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്.

🙏ഭാഷകളെച്ചൊല്ലി
യുള്ള തര്‍ക്കങ്ങള്‍ക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് ഉടന്‍തന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകള്‍ ഇന്ത്യയുടെ സ്വത്വത്തിന്റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാള്‍ അവയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

🙏  നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയെ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി കാണാതെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമായി കാണണമെന്ന് അദേഹം അഭിപ്രായപ്പെടുന്നു.


🙏 ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തേ തുടര്‍ന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷന്‍ സിന്ധു’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമമാര്‍ഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


🇦🇺   അന്തർദേശീയം  🇦🇴

🙏  ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയ്ക്ക് ഇന്ധന ദൗര്‍ലഭ്യം നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യയുടെ പക്കല്‍ ആവശ്യത്തിന് എണ്ണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൂഡ് ഓയില്‍ വിതരണമാര്‍ഗ്ഗമായ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.



🙏 ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. കൊല്ലുന്നത് നിര്‍ത്തുക, യുദ്ധം അവസാനിപ്പിക്കുക എന്ന തലക്കെട്ടിലാണ് ഇറാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ടുഡേഹ് പാര്‍ട്ടിയും ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇസ്രായേലും സംയുക്ത കുറിപ്പ് പുറത്തിറക്കിയത്.

🙏  ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. റഷ്യന്‍ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെര്‍ജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നല്‍കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് റഷ്യയുടെ ഇടപെടല്‍.

🙏  ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്‌സ് ഇന്നലെ പ്രസ്താവിച്ചു.



🙏  ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടലിന് സഹായം തേടി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യൂറോപ്പിലേക്ക്. ഇന്ന് ജനീവയില്‍ യൂറോപ്യന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

🙏  പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ക്കും അത്യാധുനിക മിസൈലുകള്‍ക്കും പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക.


🙏 ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ്.


    🏏  കായികം 🏏


🙏 ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ലീഡ്‌സില്‍ ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നര മുതലാണ് മത്സരം. മുന്‍ നായകന്മാരായ രോഹിത് ശര്‍മ, വിരാട് കോഹ്ലി എന്നീ താരങ്ങള്‍ വിരമിച്ച ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇന്ത്യയിറങ്ങുന്നത്.

🙏 ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സായ് സുദര്‍ശന്‍, യശ്വസി ജയ്‌സ്വാള്‍, കെഎഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ് തുടങ്ങിയ യുവ നിരയാണുള്ളത്.

🙏 അഞ്ച് മത്സരങ്ങളടങ്ങിയ ഈ പരമ്പരയോടെ ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സര്‍ക്കിളിനും തുടക്കമാകും.

മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകി; സൺ ​ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസയച്ച് സഹോദരൻ ദയാനിധി മാരൻ

ചെന്നൈ: മാരൻ കുടുംബത്തിൽ സ്വത്ത് തർക്കം മുറുകുന്നു. സൺ ഗ്രൂപ്പ് ഉടമ കലാനിധിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സഹോദരൻ ദയാനിധി. ഡിഎംകെ എംപിയാണ് ദയാനിധി മാരൻ. കലാനിധിയും ഭാര്യ കാവേരിയും ചേർന്ന് ചതിയിലൂടെ സ്വത്ത് തട്ടിയെടുത്തെന്നാണ് ദയാനിധിയുടെ ആരോപണം. അച്ഛൻ മുരശൊലി മാരന്റെ മരണത്തിന് തൊട്ടുപിന്നാലെ ഓഹരികൾ നിയമവിരുദ്ധമായി തട്ടിയെടുത്തു. കലാനിധിക്കെതിരെ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെടുമെന്നാണ് ദയാനിധിയുടെ മുന്നറിയിപ്പ്.

തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച് ഐപിഎല്ലിലെ ഹൈദരാബാദ് ടീമും സ്‌പൈസ്ജെറ്റ് വിമാനകമ്പനിയും സ്വന്തമാക്കിയെന്നും കള്ളപ്പണ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ ഇടപാടുകളെന്നും ​ദയാനിധി ആരോപണത്തിൽ ചൂണ്ടിക്കാട്ടുന്നു. 2003ന് മുൻപുള്ള ഓഹരി നില പുന:സ്ഥാപിക്കണം. അനർഹമായി സമ്പാദിച്ച പണത്തിന്റെ വിഹിതം നൽകണമെന്നും ദയനിധി ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മുന്നറിയിപ്പ്.

ഹണിട്രാപ്പ് കേസിൽ ഇൻഫ്ലുവൻസർ കീർത്തി അറസ്റ്റിൽ

അഹമ്മദാബാദ്: ഹണിട്രാപ്പ് കേസിൽ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ കീർത്തി പട്ടേലിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് പത്ത് മാസത്തിന് ശേഷമാണ് അറസ്റ്റ്. ഇത്രയും കാലം കീർത്തി ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള കീർത്തി പട്ടേലിനെ അഹമ്മദാബാദിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിട നിർമ്മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സൂററ്റ് പൊലീസ് കഴിഞ്ഞ വർഷം ജൂൺ രണ്ടിന് കീർത്തിക്കും മറ്റ് നാല് പേർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു.

പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ കീർത്തി മുങ്ങി. എന്നാൽ, മറ്റ് നാല് പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തു. ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ ശേഷം പ്രതികൾ കെട്ടിട നിർമ്മാതാവിൽ നിന്ന് രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി സൂറത്തിലെ സോൺ-1 ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അലോക് കുമാർ പറഞ്ഞു.

നഗരങ്ങൾ മാറി മാറി താമസിച്ചും വ്യത്യസ്ത സിം കാർഡുകൾ ഉപയോഗിച്ചുമാണ് കീർത്തി ഒളിവിൽ കഴിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സാങ്കേതിക സംഘത്തിന്റെയും സൈബർ വിദഗ്ധരുടെയും സഹായത്തോടെ, അഹമ്മദാബാദിലെ സർഖേജ് പ്രദേശത്തിൽ കീർത്തി ഒളിവിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് സൂറത്ത് പൊലീസ് എത്തിയത്.

വിമാനത്താവളത്തിൽ രഹസ്യവിവരം, രണ്ട് യാത്രക്കാരെ പരിശോധിക്കണമെന്ന് നിർദേശം, പിടിച്ചത് 25 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 25 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഉയർന്ന വീര്യമുള്ളതാണ് ഹൈബ്രിഡ് കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബാങ്കോക്കിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) എത്തിയ രണ്ട് യാത്രക്കാരെ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവരുടെ ലഗേജ് പരിശോധിച്ചപ്പോൾ വാക്വം സീൽ ചെയ്ത പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തകയായിരുന്നു. മൊത്തം 24.96 കിലോഗ്രാമാണ് പിടിച്ചെടുത്തത്. രണ്ട് യാത്രക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്ത് ചരക്ക് സ്വീകരിക്കാൻ കാത്തുനിന്ന മൂന്നാമത്തെയാളെയും അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം കേസെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

യുദ്ധഭൂമിയായി പശ്ചിമേഷ്യ, സംഘര്‍ഷം തുടരുന്നു; ഓപ്പറേഷൻ സിന്ധുവിന്‍റെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്ന്

ടെഹ്റാൻ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം. ഓപ്പറേഷൻ സിന്ധുവിലൂടെ അടുത്ത ഘട്ടം ഒഴിപ്പിക്കൽ തുര്‍ക്ക്‌മെനിസ്ഥാനിൽ നിന്നായിരിക്കും. 350 ലേറെ പേരുടെ അഭ്യർത്ഥന കിട്ടിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകുകയാണ്. ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ നിലവിൽ ഉപയോഗിക്കുന്നില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇസ്രയേലിൽ 36000 ഇന്ത്യക്കാരെങ്കിലും ഭീഷണി സാഹചര്യം നേരിടുന്നുണ്ട്. സാഹചര്യം കൂടുതൽ രൂക്ഷമായാൽ നിർബന്ധമായും ഒഴിയാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചേക്കും. താൽപര്യമുള്ളവർ ഒഴിയണമെന്നാണ് ഇപ്പോഴത്തെ നിർദ്ദേശം.

ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇസ്രയേലി നഗരങ്ങളിൽ ഇറാൻ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു. ഇന്നലെ ഇസ്രയേലി നഗരങ്ങളിൽ പതിച്ചതിൽ ഒന്നിലേറെ ക്ലസ്റ്റർ ബോംബുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രയേലി സൈന്യം പറഞ്ഞു. വ്യാഴാഴ്ചത്തെ ഇറാന്റെ ആക്രമണങ്ങളിൽ ഇസ്രയേലിൽ 270 പേർക്കാണ് പരിക്കേറ്റത്. ബേർശേബാ ആശുപത്രിയിൽ 71 പേർക്ക് പരിക്കേറ്റു. ഇന്നലത്തെ ആക്രമണത്തിൽ ആശുപത്രിയല്ല, സമീപത്തെ സൈനിക താവളമാണ് ലക്ഷ്യമിട്ടതെന്ന് ഇറാൻ പറയുന്നു. അതേസമയം, സംഘർഷത്തില്‍ അമേരിക്ക ഇടപെട്ടാൽ സ്ഥിതി ഗുരുതരമാകുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.

അതിനിടെ, ഇറാനെതിരായ യുദ്ധത്തിൽ ആുടെയും സഹായം വേണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ആണവശേഷി നിർവീര്യമാക്കാൻ ഒറ്റയ്ക്ക് പ്രവർത്തിക്കുമെന്നും പിന്തുണയ്ക്കണമോ എന്നത് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ തീരുമാനമാണെന്നും നെതന്യാഹു പറഞ്ഞു.