Home Blog Page 922

ഭാരതാംബ വിവാദം: ഗവർണർക്കെതിരെ മന്ത്രിമാരും സി പി ഐ യും; വിദ്യാഭ്യാസ മന്ത്രിക്കെതിരെ കരിങ്കൊടി, കേരള മോഡൽ ബംഗാളിലും,

തിരുവനന്തപുരം:
ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ മന്ത്രിമാരും സി പി ഐ യും വീണ്ടും രംഗത്ത്. റവന്യുമന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ബിന്ദു, വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി എന്നിവരാണ് ഇന്നും നിലപാടുകളിൽ ഉറച്ചും ഗവർണ്ണർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ ഉയർത്തിയും രംഗത്ത് വന്നത്.സെക്രട്ടറിയറ്റിൽ എൻ്റെ ഓഫീസിൽ കാറൽ മാർക്സിൻ്റെയും ലെനിൻ്റേയും ഏംഗൽസിൻ്റെയും ഫോട്ടോ വെച്ച്, ചുവന്ന കൊടിയും നാട്ടി, മാലയിട്ടിട്ട് എൻ്റെ സ്റ്റാഫല്ലാം വന്ന് അതിനെ തൊഴണമെന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ? അതുപോലെ തന്നെയുള്ളൂ രാജ്ഭവനിലെയും കാര്യങ്ങൾ. അത് മനസിലാക്കാനുള്ള സാമാന്യബുദ്ധി ഗവർണർക്ക് ഉണ്ടാകണമെന്നും വി.ശിവൻകുട്ടി പറഞ്ഞു.
രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് മതേതരത്വം തകർക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടി. ആശയ വിനിമയത്തിന് ഉപയോഗിക്കുന്നതാണ് ഭാഷ.എല്ലാ ഭാഷയും ശ്രേഷ്ഠമാണ്.ഒരു ഭാഷയും മറ്റൊരു ഭാഷയെക്കാൾ ശ്രേഷ്ഠമല്ല. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി ഭരണഘടനാ ലംഘനം നടത്തുകയായിരുന്നു എന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ച് ശേഷം മടങ്ങിയ മന്ത്രിയുടെ വാഹനത്തിനടുത്തേക്ക് കരിങ്കൊടിയുമായി ചാടി വീണ 5 എബിവിപി പ്രവർത്തകരെ പോലീസ് പിടികൂടി.

അതിനിടെ പശ്ചിമ ബംഗാൾ രാജ്ഭവനിലും സർക്കാർ പരിപാടികളിൽ ഭാരതാംബചിത്രം ഉപയോഗിക്കുവാൻ ഗവർണർ സി വി ആനന്ദബോസ് നിർദ്ദേശം നൽകി.
പൂർവ്വാശ്രമത്തിലെ വിചാരധാരയാണ് ഇപ്പോൾ ഗവർണറെ നയിക്കുന്നതെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.

ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം,ടെഹ്റാനിൽ തീമഴ പെയ്യിച്ച് ഇസ്രയേല്‍

ഇസ്രയേലിൽ വീണ്ടും ഇറാന്റെ മിസൈലാക്രമണം. ബീർഷെബയിൽ താമസസ്ഥലങ്ങൾക്കുനേരെയാണ് ആക്രമണം.
ആക്രമണത്തിൽ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാന്റെ നിരവധി ഡ്രോണുകൾ ഇന്നലെ രാത്രി ഇസ്രയേൽ തകർത്തിിരുന്നു. ഇന്നലെ ബീർഷെബയിലെ സൊറോക്കോ ആശുപത്രിക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

അതേസമയം ഇറാന്റെ ആണവായുധ ഗവേഷണ ആസ്ഥാനം തകർത്തെന്ന് ഇസ്രയേൽ. ടെഹ്റാനിലെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചത് ഇസ്രേയേൽ വ്യോമസേന. ഇറാന്റെ ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം. 60 വ്യോമസേന വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തെന്ന് ഇസ്രയേൽ.

  • യുഎൻ രക്ഷാസമിതി യോഗം ഇന്ന്.ഇറാൻ ഇസ്രയേൽ സംഘർഷ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് നടക്കും. ഇറാന്റെ അഭ്യർത്ഥന പരിഗണിച്ചാണ് യോഗം

അധ്യാപികയുടെ വാഹനം വിദ്യാർത്ഥിയെ ഇടിച്ച സംഭവം,ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു

മലപ്പുറം. എംഎസ്പി സ്കൂളിൽ അധ്യാപികയുടെ വാഹനം വിദ്യാർത്ഥിയെ ഇടിച്ച സംഭവം. നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ച ബീഗം എന്ന അധ്യാപികയുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു. അധ്യാപികയെ എടപ്പാളിലെ ഐഡിടിആറിൽ മൂന്ന് ദിവസത്തെ ഡ്രൈവിംഗ് പരിശീലനത്തിനും അയച്ചു. മലപ്പുറം ആർടിഒയുടേതാണ് നടപടി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ബീഗം ഓടിച്ച വാഹനം ഇടിച്ചു പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റിരുന്നു

വിഷയത്തിൽ നടപടി ആവശ്യപ്പെട്ടു സഹപാഠികൾ ശക്തമായ സമരം നടത്തിയിരുന്നു.

പാലക്കാട്‌ സിപിഐയിൽ ‘പച്ചയടിക്കൽ’ വിവാദം

പാലക്കാട്. സർവീസ് സംഘടന നേതാവിന്റെ വിരമിക്കൽ ചടങ്ങിന്റെ ഫോട്ടോയിൽ നിന്ന് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിനെ
മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ പച്ച നിറം ഉപയോഗിച്ച് മായിച്ചു കളഞ്ഞു സമൂഹമാധ്യമ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
സിപിഐയുടെ ഔദ്യോഗിക whatsapp ഗ്രൂപ്പിൽ ആണ് ഇസ്മയിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്.

അതേസമയം ചിത്രത്തെക്കുറിച്ച് അറിയില്ല എന്നാണ് കെ ഇ ഇസ്മയിൽ വിശദീകരിക്കുന്നത്.

ഷോർണൂർ ഗവൺമെൻറ് പ്രസ്സിൽ നിന്ന് വിരമിച്ച സർവീസ് സംഘടന നേതാവ് കെ വിജയകുമാറിന്റെ യാത്രയയപ്പ് ചടങ്ങിന് എടുത്ത ഫോട്ടോയാണ് കെ ഇ ഇസ്മായിൽ സിപിഐയും ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് പക്ഷെ ഫോട്ടോയിൽ വിജയകുമാറിന് ഉപഹാരം നൽകുന്ന ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജിനെ പച്ചയടിച്ച് മായ്ച്ചു എന്ന് മാത്രം.സിപിഐയുടെ മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് മുതിർന്ന നേതാവിൻറെ പോസ്റ്റ്’
ഇതോടെ രൂക്ഷമായ വിമർശനവും ഇസ്മയിലിനെതിരെ ഉയർന്നു.

പാലക്കാട് ജില്ലയിൽ സിപിഐ വിമതരുടെ കൂട്ടായ്മയായ സേവ് സിപിഐയുടെ ഭാഗമാണ് ഇസ്മയിൽ എന്ന തരത്തിലാണ് കെ പി സുരേഷ് രാജിനെ അനുകൂലിക്കുന്നവരുടെ പ്രതികരണം.
അതേസമയം തന്റേത് പുതിയ ഫോൺ ആണെന്നും ഫോട്ടോ എങ്ങനെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നു എന്ന് അറിയില്ല എന്നുമാണ് ഇസ്മായിൽ വിശദീകരിക്കുന്നത്.
സിപിഐ എറണാകുളം ജില്ലാ മുൻ സെക്രട്ടറി പിരാജുവിൻറെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇസ്മായിലിനെ പാ൪ട്ടി സസ്പെൻഡ് ചെയ്തിരിക്കുകയാണ് . അടുത്തമാസം വടക്കഞ്ചേരിയിലാണ് സിപിഐ പാലക്കാട് ജില്ലാ സമ്മേളനം നടക്കുന്നത്.

മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട. മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ചു. പത്തനംതിട്ടയിൽ ഡ്രൈവർ കസ്റ്റഡിയിൽ. ഇലന്തൂർ സിഎംഎസ് സ്കൂളിലെ ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥികൾ ഉണ്ടായതിനാൽ ബസ് പോലീസ് ഡ്രൈവർ തന്നെ ഓടിച്ച് സ്കൂളിൽ എത്തിച്ചു

വിതുരയിൽ അടച്ചിട്ട വീട്ടില്‍നിന്നും സ്വര്‍ണം മോഷണം പോയി

വിതുര . കല്ലാർ സ്വദേശി ദിവ്യയുടെ വീട്ടിൽ നിന്നും അലമാരയിൽ സൂക്ഷിച്ചിരുന്ന 8 പവൻ സ്വർണ്ണം മോഷണം പോയി. വീട്ടിൽ താൽക്കാലികമായി ആൾതാമസമില്ല. ഗവ: ഹോമിയോ ക്ലിനിക്കിലെ ജീവനക്കാരിയാണ് ദിവ്യ. ദിവ്യയും മകളും ഇപ്പോൾ പാലയിൽ ആണ് താമസിക്കുന്നത്. അവിടെ യാണ് ജോലി. ഇന്ന് രാവിലെ സമീപത്തെ ദിവ്യയുടെ അമ്മ വീട്ടിൽ വന്നപ്പോഴാണ് അടുക്കള വാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത് .വിതുര പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണം

ശൂരനാട്:ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണം വളരാം നമുക്ക് വായനയിലൂടെ എന്ന പേരിൽ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ അഡ്വ: ആർ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല ഭരണസമിതി അംഗം റെജീവ് പ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ  വായനാദിന സന്ദേശം നൽകി.
എം. സുൽഫിഖാൻ റാവുത്തർ, സി മധു ,റീന മുനീർ,ഹർഷ ഫാത്തിമ സബീന ബൈജു അക്കരയിൽ ഷെഫീക്ക്,എന്നിവർ പ്രസംഗിച്ചു

അസാപ് കേരളയില്‍ ആസ്പിരേഷണല്‍ ഫെലോ, 55,000 രൂപ വേതനം,അപേക്ഷിക്കേണ്ട അവസാന തീയതി ഇന്ന്

തിരുവനന്തപുരം: അസാപ് കേരള ആസ്പിറേഷണല്‍ ബ്ലോക് ഫെലോ തസ്തികയില്‍ ഒരുവര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി, കാസര്‍ഗോഡ്, വയനാട്, പാലക്കാട് ഉള്‍പ്പെടെ വിവിധ ജില്ലകളിലായി ആകെ ഒൻപത് ഒഴിവുകളാണ് ഉള്ളത്.

കേന്ദ്ര സര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ (ABP) ഭാഗമാണിത്. രാജ്യത്തെ പിന്നാക്കം നില്‍ക്കുന്ന ബ്ലോക്കുകളിലെ ഭരണനിര്‍വ്വഹണം മെച്ചപ്പെടുത്തുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ഇതിന് നീതി ആയോഗ് പിന്തുണ നല്‍കുന്നു. ABPക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും നിരീക്ഷിക്കുന്നതിനും, ബ്ലോക്ക് തല ഉദ്യോഗസ്ഥരെ നീതി ആയോഗുമായി ബന്ധിപ്പിക്കുന്നതിനും, നടത്തിപ്പ്, നിരീക്ഷണം, ഗുണഭോക്താക്കളുമായുള്ള ഇടപെടല്‍ മെച്ചപ്പെടുത്തല്‍ എന്നിവയില്‍ സഹായിക്കുന്നതിനും ആസ്പിറേഷണല്‍ ബ്ലോക് ഫെല്ലോസ് പിന്തുണ നല്‍കുന്നു.

യോഗ്യത

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം.
മലയാളവും ഇംഗ്ലീഷും നന്നായി സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ്.
ഡാറ്റാ അനാലിസിസ്, അവതരണം എന്നിവയിലുള്ള കഴിവുകള്‍ അഭികാമ്യം
സോഷ്യല്‍ മീഡിയ ടൂളുകളെക്കുറിച്ചുള്ള പരിജ്ഞാനം, പ്രോജക്ട് മാനേജ്‌മെന്റ് കഴിവുകള്‍ അഭികാമ്യം
ഏതെങ്കിലും വികസന സംഘടനയുമായുള്ള മുന്‍പരിചയം/ഇന്റേണ്‍ഷിപ്പ് എന്നിവ അഭികാമ്യം
മികച്ച ആശയവിനിമയ ശേഷിയും സ്വയം പ്രചോദിത മനോഭാവവും അഭികാമ്യം
കേരളത്തിലെ മറ്റ് പ്രാദേശിക ഭാഷകളിലുള്ള പ്രാവീണ്യം അഭികാമ്യം

വേതനം 55,000 രൂപ. (എല്ലാ നികുതികളും കിഴിവുകളും ഉള്‍പ്പെടെ) .നിയമന കാലാവധി ഒരു വര്‍ഷമാണ്. പ്രായപരിധി: 22- 35 വയസ്സ്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ജൂണ്‍ 20. അപേക്ഷ ഫീസ് 500 രൂപയാണ്.

തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ ASAP കേരളയുടെ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പബ്ലിക് ഫിനാന്‍സ് ഓണ്‍ലൈന്‍ കോഴ്‌സില്‍ ചേരേണ്ടതാണ്. ഇത് AB ഫെല്ലോസിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ കോഴ്‌സാണ്. ഇതിന്റെ കോഴ്‌സ് ഫീസ് 10,000/ ആണ്. ജോലിയില്‍ പ്രവേശിച്ചതിന് ശേഷം 60 ദിവസത്തിനകം കോഴ്‌സ് പൂര്‍ത്തിയാക്കണം.

വിവരങ്ങള്‍ക്ക് – https://asapkerala.gov.in/careers/

ദഹനപ്രശ്നങ്ങൾ അകറ്റുന്നത് മുതൽ സ്ട്രെസ് കുറയ്ക്കുന്നതിന് വരെ ; അറിയാം ജാതിക്കയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. മിറിസ്റ്റിസിൻ, യൂജെനോൾ, ഐസോയുജെനോൾ, സഫ്രോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ജാതിക്കയിലെ ആന്റിഓക്‌സിഡന്റ് ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ പുരോഗതി തടയാനോ മന്ദഗതിയിലാക്കാനോ സഹായിച്ചേക്കാമെന്ന് ജേണൽ ഓഫ് ജനിറ്റിക് എഞ്ചിനീയറിംഗ് ആൻഡ് ബയോടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു.

ജാതിക്കയുടെ ഗുണങ്ങളിൽ ഒന്ന്, അത് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം എന്നതാണ്. മാനസികാവസ്ഥയിലെ മാറ്റം, വിഷാദം, എന്നിവയാൽ പ്രകടമാകുന്ന വിഷാദത്തെ നേരിടാൻ ജാതിക്ക സഹായിച്ചേക്കാം. ജാതിക്കയിലെ സജീവ സംയുക്തങ്ങളായ മിറിസ്റ്റിസിൻ, മസെലിഗ്നാൻ എന്നിവ മാനസികാവസ്ഥയും ശ്രദ്ധയും മെച്ചപ്പെടുത്താൻ സഹായിച്ചേക്കാമെന്ന് അവിസെന്ന ജേണൽ ഓഫ് ഫൈറ്റോമെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

വയറു വീർക്കൽ, ഗ്യാസ്, ദഹനക്കേട്, വയറിളക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും. ഇതിന്റെ കാർമിനേറ്റീവ് ഗുണം (ഗ്യാസ് കുറയ്ക്കുന്ന പ്രഭാവം) ആമാശയത്തെ ശമിപ്പിക്കുകയും ഭക്ഷണത്തിനു ശേഷമുള്ള അസ്വസ്ഥതകൾ ലഘൂകരിക്കുകയും ചെയ്യുന്നതായി ​ഗവേഷകർ പറയുന്നു.

ആർത്രൈറ്റിസ്, സന്ധി വേദന, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണമായ ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഇവ സഹായിക്കുന്നു.

ജാതിക്കയുടെ ഗുണങ്ങളിൽ ഒന്നാണ് ലൈംഗികാസക്തി വർദ്ധിപ്പിക്കൽ. ആൺ എലികൾക്ക് ജാതിക്കയുടെയും ഗ്രാമ്പൂവിന്റെയും സത്ത് നൽകുന്നത് അവയുടെ ലൈംഗിക സ്വഭാവം മെച്ചപ്പെടുത്തുമെന്ന് BMC കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

പാലിൽ ഒരു ചെറിയ നുള്ള് ജാതിക്ക ചേർത്ത് ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു. ഇതിലെ സംയുക്തങ്ങൾ നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

വായിലെ ദോഷകരമായ ബാക്ടീരിയകളെ ചെറുക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ ജാതിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് വായ്‌നാറ്റം (ഹാലിറ്റോസിസ്) ചികിത്സിക്കാൻ സഹായിക്കുകയും മോണരോഗങ്ങളും തടയുകയും ചെയ്യുന്നു.

ജാതിക്കയുടെ ഗുണങ്ങളിൽ ഒന്ന് അത് ചർമ്മത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു എന്നതാണ്. മുഖക്കുരു സാധ്യതയുള്ളതോ പാടുകളുള്ളതോ ആയ ചർമ്മമുള്ള ആളുകൾക്ക് ഇത് പ്രത്യേകിച്ചും നല്ലതാണ്. അതിന്റെ ആൻറി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങൾ ചർമ്മത്തെ സംരക്ഷിക്കുന്നു.

‘കായലോട് നടന്നത് താലിബാനിസം’; റസീനയുടേത് ആത്മഹത്യയല്ല, ആൾക്കൂട്ട കൊലപാതകമെന്ന് പി കെ ശ്രീമതി

കണ്ണൂർ: കണ്ണൂർ കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടർന്നുള്ള യുവതിയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി. കായലോട് നടന്നത് താലിബാനിസമെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. തൻ്റെ ഭർത്താവല്ലാത്ത ആളോട് ഒരു മുസ്ലിം സ്ത്രീ സംസാരിക്കാൻ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ശ്രീമതി വിമര്‍ശിച്ചു.

തീവ്രവാദ പ്രവർത്തനത്തിന്റെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണ് കായലോട് നടന്നത്. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും നടന്നത് ആൾക്കൂട്ട കൊലപാതകമാണെന്ന് പി കെ ശ്രീമതി കുറ്റപ്പെടുത്തി. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആൾക്കൂട്ടത്തിന്റെ മുൻപിൽ പെൺകുട്ടി അപമാനിതയായി. ജീവിച്ചിരിക്കാൻ തോന്നാത്ത വിധം മാനസികമായ പീഡനത്തിന് വിധേയയായി. നിയമം കയ്യിലെടുക്കാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തതെന്നും പി കെ ശ്രീമതി ചോദിച്ചു. ഒരു പാവം സഹോദരനും സഹോദരിക്കും നേരെ വ്യക്തിഹത്യ നടത്തുന്നത് അതിഭീകരമാണ്. മൂന്ന് പേരെ അല്ല മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഏത് സംഘടനയായാലും, ആർക്കും ഇതിൽ നിന്ന് രക്ഷപ്പെടാനാവില്ല. അതിശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ട സംഭവമാണിതെന്നും അല്പമെങ്കിലും സംസ്കാരം ഉണ്ടെങ്കിൽ ഇതിനോട് യോജിക്കാൻ കഴിയില്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചു.