Home Blog Page 907

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണം. 25 ലിറ്റര്‍ പാല്‍ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയിലായി. അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറാണ് പിടിയിലായത്. ക്ഷേത്ര വിജിലന്‍സ് ആണ് ഇയാളെ പിടികൂടിയത്.
മോഷണം മറച്ചുവെയ്ക്കാന്‍ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞമാസം ക്ഷേത്രത്തില്‍ 13 പവന്റെ സ്വര്‍ണ ദണ്ഡ് കാണാതായിരുന്നു. പിന്നാലെ രണ്ടു ദിവസത്തിനുശേഷം മണലില്‍ പൊതിഞ്ഞനിലയില്‍ സ്വര്‍ണ ദണ്ഡ് കണ്ടെത്തുകയും ചെയ്തു. സംഭവത്തില്‍ എട്ട് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നാവശ്യപ്പെട്ട് ഫോര്‍ട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. അഞ്ച് ക്ഷേത്ര ജീവനക്കാരും ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയുന്ന ജോലി ചെയ്ത മൂന്ന് പേരും ഉള്‍പ്പെടെ എട്ടുപേര്‍ക്കായിരുന്നു നുണപരിശോധന. ഇവരെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് ലഭിച്ചത്.
ക്ഷേത്രത്തിലെ നവീകരണത്തിന്റെ ഭാഗമായി സ്വര്‍ണം പൂശുന്ന പണിക്കിടെ മാര്‍ച്ച് പത്തിനാണ് സ്വര്‍ണ ദണ്ഡ് കാണാതായത്. വടക്കേ ശീവേലിപ്പുരയ്ക്ക് സമീപത്തെ മണലില്‍നിന്ന് ദണ്ഡ് കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. വാതില്‍ സ്വര്‍ണംപൂശുന്ന ജോലിക്കാര്‍, ഒരു വിഭാഗം ജീവനക്കാര്‍, കാവല്‍നിന്ന പൊലീസുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഈ ഭാഗത്തെ സിസിടിവി പ്രവര്‍ത്തനരഹിതമായതും ദുരൂഹത ഉയര്‍ത്തിയിരുന്നു.

തിരിച്ചടിച്ച്‌ ഇറാൻ; ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം,ഹൈഫയിലും ടെല്‍അവിവിലും ജറുസലേമിലും സ്ഫോടനം

ടെൽഅവീവ്: ആണവകേന്ദ്രങ്ങളെ അമേരിക്ക ആക്രമിച്ചതിന് തിരിച്ചടിച്ച്‌ ഇറാന്‍. ഇസ്രായേലിലേക്ക് 30 മിസൈലുകള്‍ അയച്ചെന്നും തെല്‍അവിവിലും ജറുസലേമിലും സ്‌ഫോടനമുണ്ടായെന്നും ഇറാന്‍ സൈനിക വക്താവ് അറിയിച്ചു.

അതിശക്തമായ ആക്രമണമാണ് ഇസ്രായേലില്‍ നടന്നതെന്നും സേന അറിയിച്ചു.40 മിസൈലുകളാണ് ഹൈഫയില്‍ മാത്രം പതിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മിസൈലാക്രമണത്തില്‍ ഹൈഫയിലെ നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.

ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറനുകളാണ് മുഴങ്ങുന്നതെന്നും ഇസ്രായേലിന്റെ ഭൂരിഭാഗവും ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവൻ വിമാനത്താവളങ്ങളും ഇസ്രായേല്‍ അടച്ചിരുന്നു . മുൻകരുതല്‍ എന്ന നിലയില്‍ വ്യോമാതിർത്തികള്‍ അടച്ചതായി ഇസ്രായേല്‍ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. വ്യോമാതിർത്തികള്‍ അടച്ചതിനാല്‍ ഈജിപ്തിലേക്കും ജോർദാനിലേക്കും ഉള്ള കരമാർഗങ്ങള്‍ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.

ഫോർദോ ഉള്‍പ്പെടെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് ഇന്ന് അമേരിക്ക ബോംബിട്ടത്.ഫോർദോക്ക് പുറമെ നതൻസ് , ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളിലാണ് യു എസ് ബോംബ് വർഷിച്ചത്. ദൗത്യം പൂർത്തീകരിച്ചു ബിഗ് 2 ബോംബർ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു.

അതേസമയം,റേഡിയേഷൻ ഇല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും ഇറാൻ അറിയിച്ചു. ആക്രമണം ഫോർദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാൻ സ്ഥിരീകരീച്ചു. മുഴുവൻ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.

ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകള്‍ ഭൂരഹിതര്‍ക്ക്; ഒരാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണം

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള സുനാമി ഫ്‌ളാറ്റുകളില്‍ ആള്‍ താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന 116 ഫ്‌ളാറ്റുകളില്‍ നിന്നും അനുയോജ്യമായവ ഭൂ-ഭവനരഹിത പട്ടികയിലെ   ഗുണഭോക്താക്കള്‍ക്ക് അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിന്  നടപടി തുടങ്ങി. ഒഴിഞ്ഞുകിടക്കുന്നതായി കണ്ടെത്തിയ ഫ്‌ളാറ്റുകളുടെ വിവരങ്ങളുടെ പട്ടിക  കൊല്ലം താലൂക്ക്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ഇരവിപുരം വില്ലേജ്, ശക്തികുളങ്ങര വില്ലേജ്, ബന്ധപ്പെട്ട സുനാമി ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍  പതിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ഫ്‌ളാറ്റുകള്‍ക്ക് അനുവാദ പത്രിക ലഭിച്ചവര്‍  നോട്ടീസ് തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ രേഖകള്‍  സഹിതം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം. സമയപരിധിക്ക് ശേഷം സമര്‍പ്പിക്കുന്ന രേഖകള്‍ പരിഗണിക്കില്ലെന്നും, രേഖകള്‍ ഹാജരാക്കാത്ത ഫ്‌ളാറ്റുകള്‍ അര്‍ഹരായ മറ്റ് ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍: 0474 2794002, 2794004.

തൊഴില്‍മേള;  രജിസ്‌ട്രേഷന്‍ 30 വരെ

കാസര്‍ഗോഡ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും   സംയുക്തമായി  ജൂലൈ 19-ന് തൃക്കരിപൂര്‍ ഇ.കെ നായനാര്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കൊല്ലം ജില്ലയിലെ  തൊഴില്‍ദായകര്‍ക്ക്  ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.  വിവരങ്ങള്‍ക്ക്: employabilitycentrekasaragod@gmail.com, ഫോണ്‍: 9207155700, 04994 227100.

അഡ്വഞ്ചർ പാർക്ക് തുറന്നു

കനത്ത മഴയിൽ വൻമരങ്ങൾ കടപുഴകിയതിനെ തുടർന്ന് അടച്ചിട്ടിരുന്ന അഡ്വഞ്ചർ പാർക്ക് ഇന്ന് മുതൽ പൊതുജനങ്ങൾക്കായി  തുറന്നു നൽകുമെന്ന് ഡിറ്റിപിസി സെക്രട്ടറി  അറിയിച്ചു. വീണുകിടന്ന മരങ്ങൾ മുറിച്ചുമാറ്റി അപകടാവസ്ഥ പൂർണമായും ഒഴിവാക്കിയതിനെ തുടർന്നാണ്  പാർക്ക് വീണ്ടും തുറക്കാൻ തീരുമാനിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2,600 ഒഴിവുകള്‍, തുടക്കത്തില്‍ അരലക്ഷത്തോളം അടിസ്ഥാനശമ്പളം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍മാരുടെ ഒഴിവുകള്‍. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 30 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇന്ത്യയിലെ വിവിധ സര്‍ക്കിളുകളിലായി ആകെ 2,600 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 21 വയസ്സിനും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്കാണ് അവസരം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഒരു ഓണ്‍ലൈന്‍ പരീക്ഷ, തുടര്‍ന്ന് സ്‌ക്രീനിംഗ്, അഭിമുഖം, പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ എന്നിവ ഉള്‍പ്പെടുന്നു.

ശമ്പളം: തുടക്കത്തില്‍ 48,480 രൂപയാണ് അടിസ്ഥാനശമ്പളം.

അപേക്ഷാ ഫീസ്

ജനറല്‍/ഒബിസി/ഇഡബ്ല്യുഎസ്: 750 രൂപ
എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി: ഫീസില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു
തിരഞ്ഞെടുപ്പ് പ്രക്രിയ
ഓണ്‍ലൈന്‍ പരീക്ഷ
സ്‌ക്രീനിംഗ്
അഭിമുഖം
പ്രാദേശിക ഭാഷാ പ്രാവീണ്യ പരീക്ഷ
അപേക്ഷിക്കേണ്ട വിധം
എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
സാധുവായ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
ആവശ്യമായ എല്ലാ വ്യക്തിഗതവും വിദ്യാഭ്യാസപരവുമായ വിവരങ്ങള്‍ ശ്രദ്ധയോടെ പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.
ഫോം അവലോകനം ചെയ്ത് സമര്‍പ്പിക്കുക.
ഭാവിയിലെ ഉപയോഗത്തിനായി ഒരു പിഡിഎഫ് സേവ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യുക.

ഹെല്‍പ്പ് ഡെസ്‌ക്

അപേക്ഷാ പ്രക്രിയയുമായോ സാങ്കേതിക പ്രശ്‌നങ്ങളുമായോ ബന്ധപ്പെട്ട സംശയങ്ങള്‍ക്ക്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് 022-22820427 എന്ന നമ്പറില്‍ (പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെ) ബന്ധപ്പെടുകയോ cgrs.ibps.in സന്ദര്‍ശിക്കുകയോ ചെയ്യാം.

യോഗ്യതയും അപേക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂര്‍വ്വം വായിക്കാന്‍ എസ്ബിഐ നിര്‍ദേശിക്കുന്നു

സ്‌ട്രെസ് അഥവാ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ

‘സ്ട്രെസ്’ അഥവാ മാനസിക സമ്മർദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദം ഉണ്ടാകാം. ഇവയുടെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. ചീര

ചീര പോലെയുള്ള ഇലക്കറികളിൽ മഗ്നീഷ്യം, ഫോളേറ്റ്, തുടങ്ങിയ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് മഗ്നീഷ്യം സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

  1. മത്തങ്ങാ വിത്ത്

മത്തങ്ങാ വിത്തിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ കഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

  1. ഫാറ്റി ഫിഷ്

ഫാറ്റി ഫിഷ് ഗണത്തിൽപ്പെടുന്ന മീനുകളായ സാൽമൺ, ചാള തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റ് ആസിഡ് മാനസികാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

  1. നട്സും സീഡുകളും

ബദാം, വാൾനട്സ്, ചിയാ സീഡ്, ഫ്ലക്സ് സീഡ് തുടങ്ങിയ ഒമേഗ-3 ഫാറ്റ് ആസിഡ് അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

  1. ബ്ലൂബെറി

വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബ്ലൂബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാൻ ഗുണം ചെയ്യും.

  1. പയറുവർഗങ്ങളും മുഴുധാന്യങ്ങളും

വിറ്റാമിൻ ബിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ പയറുവർഗങ്ങളും മുഴുധാന്യങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാൻ ഗുണം ചെയ്യും.

  1. ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.

  1. വാഴപ്പഴം

വാഴപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

  1. അവക്കാഡോ

അവക്കാഡോയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി വിഷാദവും സ്‌ട്രെസും കുറയ്ക്കാൻ സഹായിക്കും.

  1. തൈര്

പ്രീബയോട്ടിക് ഗുണങ്ങൾ അടങ്ങിയ തൈരും മാനസികാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

ഇന്ത്യാക്കാരെ സുരക്ഷിതരാക്കി ‘ഓപ്പറേഷൻ സിന്ധു’, ഇതുവരെ തിരിച്ചെത്തിയത് ഒരു മലയാളി 1117 പേർ; ഇന്ന് 2 വിമാനങ്ങൾ കൂടി എത്തും

ന്യൂഡൽഹി: ഇസ്രയേൽ – ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലെയും ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള ‘ഓപ്പറേഷൻ സിന്ധു’ പുരോഗമിക്കുന്നു. ഓപ്പറേഷൻ സിന്ധുവഴി ഇതുവരെ രാജ്യത്ത് 1117 പേർ തിരിച്ചെത്തി. ഒരു മലയാളിയടക്കമുള്ളവരാണ് ഇതുവരെ തിരിച്ചെത്തിയതെന്ന് കേന്ദ്രം വ്യക്തമാക്കി.

ടെഹ്റാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാല ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് തിരികെയെത്തിയ മലയാളി

ഇന്നലെ രാത്രി 11.30 ന് എത്തിയ വിമാനത്തിൽ 290 പേരാണ് രാജ്യത്ത് തിരിച്ചെത്തിയത്. ‘ഓപ്പറേഷൻ സിന്ധു’ വഴി ഇന്ന് രണ്ട് വിമാനങ്ങൾ കൂടി എത്തും. ഈ വിമാനത്തിൽ മലയാളികളൊന്നുമില്ല.

ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ടെല​ഗ്രാം വഴിയോ, ഹെൽപ്‌ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്നാണ് എംബസി നിര്‍ദേശിച്ചിരിക്കുന്നത്.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിൽ  28 മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസിൽ  28 മുതൽ എല്ലാ ശനിയാഴ്ചകളിലും പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ നടക്കും. വിചാരണയ്ക്കായി കൊല്ലം മൂന്നാം അഡിഷണൽ സെഷൻസ് ജഡ്ജി ആന്റണിയെ ഹെെക്കോടതി താത്ക്കാലികമായി നിർദേശിച്ചു.
കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 30ാം പ്രതി അടൂർ ഏറത്ത് രാജ് ഭവനിൽ അനുരാജിന്റെ (അനു) ജാമ്യക്കാർക്ക് പിഴത്തുക കെട്ടിവക്കുന്നതിനായി ഉത്തരവായതിൻ്റെ അടിസ്ഥാനത്തിൽ ഒന്നാം ജാമ്യക്കാരി പെരുങ്കുഴി മല്ലപ്പാലം കൈലാസിൽ അജിത തുക അടച്ചു. രണ്ടാം ജാമ്യക്കാരനായ കരുനാഗപ്പള്ളി മണപ്പള്ളി ഗോകുൽ ഭവനിൽ ഗോപിനാഥൻ തുക അടയ്ക്കുന്നതിന് നിർവാഹമില്ലെന്ന് കാണിച്ച് അപേക്ഷ സമർപ്പിച്ചു. കേസ് പിഴ തുക അടയ്ക്കുന്നതിലേക്ക് 28 ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രതികളെല്ലാം ഈ ദിവസം ഹാജരാകാനും കോടതി നിർദേശം നൽകി.
പ്രോസിക്യൂഷനു വേണ്ടി കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി ജബ്ബാർ, അഡ്വ. അമ്പിളി ജബ്ബാർ എന്നിവർ കോടതിയിൽ ഹാജരായി.

ട്രംപിന്റെ ഇടപെടൽ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത്…നന്ദി അറിയിച്ച് നെതന്യാഹു

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെയായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. ശക്തിയിലൂടെ മാത്രമെ സമാധാനം സൃഷടിക്കാൻ കഴിയൂ. അമേരിക്കയും പ്രസിഡന്റ് ട്രംപും വളരെ ശക്തിയോടെ തന്നെ പ്രവർത്തിച്ചുവെന്ന കുറിപ്പോട് കൂടിയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പ്രസിഡന്റ് ട്രംപിന് അഭിനന്ദനങ്ങൾ. അത്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. ഓപ്പറേഷൻ റൈസിംഗ് ലയണിലൂടെ ഇസ്രയേലും അത്ഭുതകരമായ കാര്യങ്ങളാണ് ചെയ്തത്. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ നടപടി സമാനതകളില്ലാത്തതാണ്. ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് അമേരിക്ക ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയാണ് അമേരിക്ക എതിർത്തിരിക്കുന്നത്. അവരുടെ അപകടകരമായ ആയുധങ്ങൾക്ക് നേരെയാണ് അമേരിക്ക ആക്രമണം നടത്തിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെ ഇടപെടൽ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ്. മിഡിൽ ഈസ്റ്റിനെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നയിക്കാൻ സഹായിക്കുന്ന ചരിത്രത്തിന്റെ ഒരു നാഴികക്കല്ലാണ് പ്രസിഡന്റ് സൃഷ്ടിച്ചിരിക്കുന്നതെന്നും നെതന്യാഹു പറഞ്ഞു.