ദോഹ. ഖത്തറിൽ വ്യോമഗതാഗതം താത്കാലികമായി നിർത്തി വെച്ചു .മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഖത്തറിന്റെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.സ്ഥിതിഗതികൾ സൂക്ഷ്മമായും തുടർച്ചയായും നിരീക്ഷിച്ചുവരികയാണെന്നും, പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി ചേർന്ന് സംഭവവികാസങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.ഔദ്യോഗിക ചാനലുകൾ വഴി പൊതുജനങ്ങൾക്ക് ആവശ്യമായ അപ്‌ഡേറ്റുകൾ നൽകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സജീവ അഗ്നിപർവ്വതം കാണാനുള്ള യാത്രയിൽ അപകടം, അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണ് 26കാരി, രക്ഷാപ്രവർത്തനം തുടരുന്നു
ലോംബോക്ക്: സജീവ അഗ്നിപർവ്വതിലേക്കുള്ള ട്രെക്കിംഗിനിടെ അഗ്നിപർവ്വതത്തിനുള്ളിലേക്ക് വീണ 26കാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്തോനേഷ്യയിലെ ലോംബോക്ക് ദ്വീപിലാണ് സംഭവം. ദ്വീപിലെ സജീവ അഗ്നിപർവ്വതമായ റിൻജാനി സ്ഥിതി ചെയ്യുന്ന മൗണ്ട് റിൻജാനിയിലേക്കുള്ള ട്രെക്കിംഗിനിടെയാണ് ബ്രസീൽ സ്വദേശിയായ 26കാരി അഗ്നിപർവ്വത മേഖലയിൽ വീണത്. അഗ്നിപർവ്വത മുഖ ഭാഗത്തായാണ് ജൂലിയാന മരിൻസ് എന്ന 26കാരി വീണത്. ശനിയാഴ്ച പുലർച്ചെ 6.30ഓടെയാണ് യുവതി അഗ്നിപർവ്വത മുഖത്തേക്ക് വീണത്.
കനത്ത മൂടൽ മഞ്ഞും പ്രതികൂല കാലാവസ്ഥകളും നിമിത്തം തെരച്ചിൽ സാവധാനത്തിലാണ് പുരോഗമിക്കുന്നത്. സഹായത്തിന് വേണ്ടി നിലവിളിക്കുന്ന യുവതിയുടെ ഡ്രോൺ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വീഴ്ചയിൽ പരിക്കേറ്റെങ്കിലും ജീവന് ആപത്ത് സംഭവിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ഒപ്പമുണ്ടായിരുന്ന സംഘം ശനിയാഴ്ച ഡ്രോൺ സഹായത്തോടെ എടുത്ത ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുള്ള്. ചാരനിറത്തിലുള്ള മണ്ണിൽ അനങ്ങാനാവാതെ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. മൗണ്ട് റിൻജാനിയിലേക്കുള്ള ട്രെക്കിംഗ് പാതയിൽ നിന്ന് വളരെയധികം താഴ്ചയിലാണ് യുവതി നിലവിലുള്ളത്. രക്ഷാപ്രവർത്തകർ 984 അടി താഴ്ചയിൽ വരെ എത്തി നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്താനായിട്ടില്ല. എന്നാൽ യുവതിയുടെ നിലവിളി രക്ഷാപ്രവർത്തകർക്ക് കേൾക്കാൻ സാധിച്ചിട്ടുണ്ട്.
എന്നാൽ ഞായറാഴ്ച കനത്ത പുക മൂടിയ അന്തരീക്ഷത്തിൽ നടത്തിയ പരിശോധനയിൽ ആദ്യം കണ്ടെത്തിയ മേഖലയിൽ യുവതിയെ കണ്ടെത്താനായില്ലെന്നാണ് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള കനത്ത ചൂട് ഡ്രോൺ പ്രവർത്തനത്തേയും ഞായറാഴ്ച ബാധിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ യുവതിയെ വീണ്ടും കണ്ടെത്താൻ സംഘത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ താഴ്ചയിലേക്ക് വീണ നിലയിലാണ് 26കാരിയുള്ളത്. 250 മീറ്റർ താഴ്ചയിൽ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടുള്ളത്. ഇനിയും 350 മീറ്ററോളം താഴ്ചയിലേക്ക് എത്താനായാല് യുവതിയുടെ സമീപത്തേക്ക് എത്താനാവൂയെന്നാണ് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്.
അതേസമയം അപകടത്തിന് ശേഷവും മേഖലയിൽ വിനോദസഞ്ചാരികളെ അനുവദിക്കുന്നതിൽ മൗണ്ട് റിൻജാനി പാർക്ക് അധികൃതർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മൗണ്ട് റിൻജാനി പാർക്ക് സന്ദർശിക്കാനെത്തിയ യുവതിക്ക് അപകടം സംഭവിച്ച് ഇനിയും രക്ഷിക്കാനാവാത്ത സാഹചര്യത്തിലും വിനോദ സഞ്ചാരം അനുവദിക്കുന്നതിലാണ് വിമർശനം ഉയരുന്നത്. ഇന്തോനേഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ അഗ്നിപർവ്വതത്തിനുള്ളിലാണ് യുവതി കുടുങ്ങിയിട്ടുള്ളത്.
ശശി തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിൽ, ഭിന്നത രൂക്ഷമാകുന്നു, തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം
ന്യൂഡൽഹി: ശശി തരൂരും കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷമാകുന്നു തരൂരിന്‍റെ മോദി സ്തുതിയില്‍ ഹൈക്കമാൻഡ് കടുത്ത അതൃപ്തിയിലാണ്. തരൂരുമായി ചർച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതിനിടെ ശശി തരൂരിന്‍റെ മോദി സ്തുതിയിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു.
പ്രധാനമന്ത്രിയെ പ്രശംസിച്ചതിലൂടെ തരൂർ ലക്ഷ്യമിട്ടത് രാഹുൽ ഗാന്ധിയെയെന്നാണ് ബിജെപി വിലയിരുത്തല്‍. മോദിയുടെ വിദേശനയം സ്വീകാര്യമല്ലെന്നാണ് രാഹുലിന്‍റെ നിലപാട്. എന്നാൽ മോദിയുടെ നയം ലോക വേദികളിലെ ഇന്ത്യയുടെ സ്വത്തെന്ന് തരൂർ സമ്മതിച്ചു. രാഹുലിന്‍റെ നയങ്ങൾക്ക് സ്വന്തം പാർട്ടിയിൽ പോലും സ്വീകാര്യതയില്ലെന്നും ബിജെപി വ്യക്തമാക്കി
ഓപ്പേറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി നടത്തിയ വിദേശ പര്യടനത്തെ കുറിച്ച് വിശദീകരിച്ചെഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ കഴിവുകളെ തരൂര്‍ പ്രശംസിക്കുന്നത്. മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപഴകാനുള്ള സന്നദ്ധത ഇതൊക്കെയാണ് തരൂര്‍ വിശദീകരിക്കുന്നത്. ഈ മൂന്ന് ഗുണങ്ങളും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നാണ് തരൂര്‍ പുകഴ്ത്തുന്നത്. മികച്ച പിന്തുണ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായുള്ള സര്‍വകക്ഷി സംഘത്തിന്‍റെ പര്യടനം വന്‍ വിജയമായിരുന്നുവെന്നും തരൂര്‍ അവകാശപ്പെടുന്നു.
ഐക്യത്തിന്‍റെ ശബ്ദമാണ് അന്താരാഷ്ട്ര വേദികളില്‍ കേട്ടത്. ഭരണ പ്രതിപക്ഷ ഐക്യമുണ്ടെങ്കില്‍ കൂടുതല്‍ ഐക്യത്തോടെയും ബോധ്യത്തോടെയും ഇന്ത്യയുടെ ശബ്ദമുയര്‍ത്താനാകും.അങ്ങനെയൊരവസരം പ്രധാനമന്ത്രി ഒരുക്കിയെന്നാണ് ലേഖനത്തിലൂടെ തരൂര്‍ പറഞ്ഞു വയ്ക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ കേന്ദ്രസര്‍ക്കാരിനെയും, മോദിയേയും അകമഴിഞ്ഞ് പുകഴ്തത്തുന്ന തരൂരിന്‍റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്ക് വച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശ പര്യടന ദൗത്യത്തിലെ മുന്‍ കേന്ദ്രമന്ത്രിയും, കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന്‍റെ അനുഭവങ്ങളെന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലേഖനത്തെ പരിചയപ്പെടുത്തുന്നത്.
അതേ സമയം പ്രധാനമന്ത്രിയുടെ ദൗത്യമേറ്റെടുത്തുള്ള മൂന്ന് രാജ്യങ്ങളിലെ തരൂരിന്‍റെ പുതിയ പര്യടനം സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റഷ്യയും, ഗ്രീസും, യുകെയുമാണ് പട്ടികയിലുള്ളത്. സര്‍ക്കാരും അത്യന്തം രഹസ്യാത്മകത സൂക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ അടിക്കാനാണ് തരൂരിനോട് അമിത താല്‍പര്യം കാട്ടുന്നതെങ്കിലും നയതന്ത്ര റോളിലേക്ക് ഉയര്‍ത്തുന്നതിലും മറ്റും ബിജെപിക്കുള്ളില്‍ മുറുമുറുപ്പുണ്ടെന്നാണ് സൂചന.
നാളെയാണ് ആ സുദിനം, കാത്തിരിപ്പ് അവസാനിക്കുന്നു, ശുഭാംശു ശുക്ല നാളെ ബഹിരാകാശത്തേയ്ക്ക്
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയെ ബഹിരാകാശത്തെത്തിക്കുന്ന ആക്‌സിയം -4 ദൗത്യം ജൂണ്‍ 25നെന്ന് നാസ വ്യക്തമാക്കി. നേരത്തെ പലതവണ ഈ ബഹിരാകാശ ദൗത്യം വൈകിയിരുന്നു. ജൂണ്‍ 22 ഞായറാഴ്ചയായിരുന്നു അവസാനം വിക്ഷേപിക്കാനിരുന്നത്. ഇന്ത്യ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്തേയ്ക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ആക്‌സിം- 4 ദൗത്യം ബുധനാഴ്ച ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 ബഹിരാകാശ പേടകം വഴി പറന്നുയരും.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.01നാണ് നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്‌സിയം മിഷന്‍ -4 വിക്ഷേപണമെന്ന് നാസ പ്രസ്താവനയില്‍ വ്യക്തമാക്കി. ഓര്‍ബിറ്റല്‍ ലബോറട്ടറിയിലെ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്ത് മിക്ക ഭാഗങ്ങളിലുമായി നടന്ന അറ്റകുറ്റപ്പണികള്‍ക്ക് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് തുടരാന്‍ ബഹിരാകാശ ഏജന്‍സിക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ ജൂണ്‍ 22ലെ വിക്ഷേപണം നീട്ടിവെക്കുകയാണെന്ന് നാസ മുമ്പ് പ്രഖ്യാപിച്ചിരുന്നു.
നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങള്‍. സ്പേസ് എക്സിന്റെ തന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാ വാഹനം. അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐഎസ്എസ്)ത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടമാണ് ഇതോടെ വ്യോമസേന(ഐഎഎഫ്)യിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് സ്വന്തമാകുക. വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റാണ് മുപ്പത്തിയൊമ്പതുകാരനായ ശുഭാംശു. ഉത്തര്‍പ്രദേശിലെ ലഖ്നൗ സ്വദേശിയാണ്. 2019ല്‍ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ശുഭാംശു ശുക്ലയെ ഐഎസ്ആര്‍ഒ തെരഞ്ഞെടുത്തിരുന്നു. റഷ്യയിലെ യൂറി ഗഗാറിന്‍ കോസ്മോനോട്ട് പരിശീലനകേന്ദ്രത്തില്‍ പരിശീലനവും നേടി. എഎക്സ്4 ദൗത്യത്തിലെ അനുഭവസമ്പത്ത് ഗഗന്‍യാന് പ്രയോജനം ചെയ്യുമെന്ന് ശുക്ല പറഞ്ഞു.
കോസ്റ്റ്ഗാര്‍ഡില്‍ 630 ഒഴിവ്, പത്താംക്ലാസ്,പ്ളസ്ടു കാര്‍ക്ക് അവസരം
ഇന്ത്യൻ കോസ്റ്റ‌് ഗാർഡിൽ വിവിധ സോണുകളിലായി നാവിക് (ജനറൽ ഡ്യുട്ടി, ഡൊമസ്‌റ്റിക് ബ്രാഞ്ച്), യാന്ത്രിക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം..
630 ഒഴിവ്. 01/2026, 02/2026 ബാച്ചുകളിലായി പുരുഷന്മാർക്കാണ് അവസരം. സൗത്ത് സോണിൽ കേരളത്തിലും ഒഴിവുണ്ട്. എണ്ണം പിന്നീടു പ്രസിദ്ധീകരിക്കും. ജൂൺ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. https://joinindiancoastguard.cdac.in
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് താൽപ്പര്യമുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ആർക്കിടെക്ചർ/ സിവിൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ/ ബിരുദം, കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിങ് പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി 45 വയസ്സ്. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് യഥാവിധി പൂരിപ്പിച്ച ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ പകർപ്പ് എന്നിവ സഹിതം ജൂൺ 30ന് രാവിലെ 10ന് ആർക്കിടെക്ചർ ഡിപ്പാർട്ട്മെന്റിൽ നടത്തുന്ന എഴുത്ത് പരീക്ഷയിലും തുടർന്ന് നടത്തുന്ന അഭിമുഖ പരീക്ഷയിലും പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2515565.
‘ഇന്ത്യ വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം’; ആറ് നദികളും പിടിച്ചെടുത്ത് വെള്ളമെത്തിക്കുമെന്ന് ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടി (IWT) പ്രകാരം ഇസ്ലാമാബാദിനുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ. ഇന്ത്യ വെള്ളം നിഷേധിച്ചാൽ വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ഭീഷണി. സിന്ധുനദീജല കരാർ നിയമവിരുദ്ധമായാണ് ഇന്ത്യ നിർത്തിവച്ചതെന്നും ബിലാവൽ ഭൂട്ടോ ആരോപിച്ചു.
“ഇന്ത്യയ്ക്ക് രണ്ട് വഴികളുണ്ട്: നീതിപൂർവ്വം വെള്ളം പങ്കിടുക. അല്ലെങ്കിൽ ആറ് നദികളും പിടിച്ചെടുത്ത് നമ്മൾ വെള്ളം എത്തിക്കും. നമ്മൾ യുദ്ധം ആഗ്രഹിക്കുന്നില്ല. പക്ഷേ വെള്ളത്തെ ആയുധമായി ഉപയോഗിച്ചാൽ നമ്മൾ പ്രതികരിക്കും”- സിന്ധു നദീതടത്തിലെ ആറ് നദികളെ പരാമർശിച്ച് ബിലാവൽ ഭൂട്ടോ പറഞ്ഞു. വെള്ളം നൽകില്ലെന്ന ഭീഷണി യുഎൻ ചാർട്ടർ അനുസരിച്ച് നിയമവിരുദ്ധമാണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
1960ലെ ജലവിഭജന കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോയുടെ പ്രതികരണം. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഈ കരാർ മരവിപ്പിച്ചത്. അന്താരാഷ്ട്ര കരാറുകളോടുള്ള അവഗണന എന്നാണ് പാക് വിദേശകാര്യ മന്ത്രാലയം അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ചത്.
ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്യാൻ വിസമ്മതിക്കുകയും തീവ്രവാദത്തിനെതിരെ ഏകോപിച്ചുള്ള പ്രവർത്തനം ഇല്ലാതിരിക്കുകയും ചെയ്താൽ ഇരു രാജ്യങ്ങളിലും അക്രമം രൂക്ഷമാവുകയേയുള്ളൂവെന്ന് ബിലാവൽ ഭൂട്ടോ അഭിപ്രായപ്പെട്ടു. ഇന്ത്യ രാഷ്ട്രീയ ആവശ്യങ്ങൾക്കായി തീവ്രവാദത്തെ ആയുധമാക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു, കൂടാതെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) മുന്നണിയിൽ പാകിസ്ഥാന്റെ നേട്ടങ്ങൾ തടയാൻ ഇന്ത്യ നയതന്ത്രപരമായി പ്രവർത്തിച്ചുവെന്നും ബിലാവൽ ഭൂട്ടോ കുറ്റപ്പെടുത്തി. എഫ്‌എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്ന് വൈറ്റ് ലിസ്റ്റിലേക്ക് പാകിസ്ഥാൻ വിജയകരമായി മാറിയ സമയത്ത്, തെറ്റായ വിവരങ്ങളും നയതന്ത്ര സമ്മർദ്ദവും ഉപയോഗിച്ച് ഇന്ത്യ പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിലേക്ക് വലിച്ചിടാൻ എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് ബിലാവൽ ഭൂട്ടോയുടെ ആരോപണം.
സർക്കാർ വനിതാ പോളിടെക്നിക് കോളേജില്‍ ഒഴിവ്
ectതിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എൻജിനിയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 26ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് യോഗ്യത.
സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ ഒഴിവ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ 2025-26 അധ്യയന വർഷത്തിൽ വോക്കൽ, വയലിൻ വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ തസ്തികകളിലേക്ക് അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ വയലിൻ വിഭാഗം ഉദ്യോഗാർഥികൾ ജൂലൈ 4ന് രാവിലെ 10നും വോക്കൽ വിഭാഗം ഉദ്യോഗാർഥികൾ ജൂലൈ 8ന് രാവിലെ 10നും കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. എല്ലാ ഉദ്യോഗാർഥികളും നിശ്ചിത സമയത്തിന്റെ അര മണിക്കൂർ മുന്നേ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്
2025-26 അധ്യയന വർഷത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരുടെ നിലവിലുള്ള ഒഴിവിലേക്ക് ജൂൺ 24 രാവിലെ 10.30ന് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കേണ്ടതും കോളേജ് വിദ്യാഭ്യാസ വകുപ്പും കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടേറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.



































