കൊച്ചി.പോപ്പുലർ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേർ എന്ന് എൻ ഐ എ . പാലക്കാട് ശ്രീനിവാസൻ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ സമർപ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻ ജില്ലാ ജഡ്ജി ഉൾപ്പെടെയുള്ളവർ ലിസ്റ്റിൽ ഉണ്ടെന്നും എൻ ഐ എ വ്യക്തമാക്കി
കലൂരിലെ എൻ ഐ എ കോടതിയിൽ ശ്രീനിവാസൻ വധകേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടാണ് നിർണ്ണായക വെളിപ്പെടുത്തൽ എൻ ഐ എ നടത്തിയത്. 950പേരുടെ ഹിറ്റിലിസ്റ്റ് പോപ്പുലർ ഫ്രണ്ട് കേരളത്തിൽ ഉണ്ടാക്കി. അതിൽ ഏറ്റവും പ്രധാനമായി ലക്ഷ്യം വയ്ക്കുന്ന 5 പേരുടെ പട്ടികയിൽ വിരമിച്ച ജില്ലാ ജഡ്ജിയും ഉണ്ട്. പ്രതി സിറാജുദ്ദീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 240 പേരുടെ പട്ടിക കണ്ടെത്തി. മറ്റൊരു പ്രതി അയൂബിൻറെ വീട്ടിൽ നടത്തിയ പരിശോധനയിൽ 500 പേരുടെ പട്ടിക കണ്ടെത്തി. ആലുവ പെരിയാർ വാലിയിൽ നടത്തിയ പരിശോധനയിലാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്ന 5 പേരുടെ പട്ടികയ്ക്ക് പുറമെ 232 പേരുടെ മറ്റൊരു പട്ടികയും ലഭിച്ചത്. നിരോധനം നേരിടുന്ന പോപ്പുലർ ഫ്രണ്ട് എതിരാളികൾ എന്ന് കരുതുന്ന 950 പേരുടെ പ്രതികാരപട്ടിക തയ്യാറാക്കി എന്നത് ഞെട്ടിക്കുന്ന വിവരമാണ്
എറണാകുളം .അങ്കമാലിയിൽ വാഹനാപകടം ; യുവാവ് മരിച്ചു. നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. പാലക്കാട് ചിറ്റൂർ സ്വദേശി ജ്യോതിർദാസ് മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം
കണ്ണൂര്‍. ലഹരി മരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. 184 ഗ്രാം മെത്തഫെറ്റമിൻ, 89 ഗ്രാം MDMA ,12 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. പയ്യന്നൂർ വെള്ളൂറ സ്വദേശി മുഹമ്മദ് മസൂദ്, അഴീക്കോട് സ്വദേശിനി സ്നേഹ എന്നിവരാണ് പിടിയിലായത്. കുറുവ ബീച്ചിനടുത്തുള്ള സ്വകാര്യ റിസോർട്ടിൽ നിന്നാണ് ലഹരി മരുന്നുമായി ഇവരെ പിടികൂടിയത്
കൊച്ചി: കേരളത്തിൽ ഇന്നും സ്വർണവിലയിൽ ഭേദപ്പെട്ട കുറവ്. ഗ്രാമിന് 25 രൂപ താഴ്ന്ന് 9,070 രൂപയും പവന് 200 രൂപ കുറഞ്ഞത് 72,560 രൂപയുമായി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഗ്രാമിന് കുറഞ്ഞത് 165 രൂപ; പവന് 1,320 രൂപ. രാജ്യാന്തര സ്വർണവില നേരിട്ട തളർച്ചയുടെ കരുത്തിലാണ് കേരളത്തിലും വില കുറഞ്ഞത്. ഔൺസിന് 3,316 ഡോളർ വരെ ഇടിഞ്ഞ രാജ്യാന്തര വില പക്ഷേ, ഇപ്പോൾ നേട്ടത്തിന്റെ പാതയിലേക്ക് കയറിയത് ആശങ്കയാണ്. എട്ട് ഡോളർ ഉയർന്ന് 3,327 ഡോളറിലാണ് വ്യാപാരം. ഈ ട്രെൻഡ് ശക്തമായാൽ കേരളത്തിലും വില ഉയർന്നേക്കാം.
സ്വർണത്തിന്റെ രാജ്യാന്തരവില, മുംബൈ വിപണിവില, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്), രൂപയും ഡോളറും തമ്മിലെ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തിൽ സ്വർണവില നിർണയം. ഇന്നലെ ഡോളറിനെതിരെ രൂപ 78 പൈസ മുന്നേറിയതും കേരളത്തിൽ വിലകുറയാനുള്ള അനുകൂല ഘടകമായിരുന്നു. രൂപ ഇന്ന് മൂന്ന് പൈസ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.
സ്വർണത്തിന്റെ ചാഞ്ചാട്ടവും 18 കാരറ്റും
മുംബൈ വില ഗ്രാമിന് 20 രൂപയും ബാങ്ക് റേറ്റ് 22 രൂപയും കുറഞ്ഞത് കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു. ഇന്നലെ രാജ്യാന്തരവില കൂടുതൽ താഴ്ന്നതും രൂപയുടെ മുന്നേറ്റവും കണക്കിലെടുത്ത്, കേരളത്തിൽ ഉച്ചയ്ക്കും വ്യാപാരികൾ വീണ്ടും സ്വർണവില കുറച്ചിരുന്നു. രാജ്യാന്തരവില കൂടുതൽ മെച്ചപ്പെട്ടാൽ കേരളത്തിലെ വില ഇന്നും ഉച്ചയ്ക്ക് പരിഷ്കരിച്ചേക്കാം.
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഇന്ന് ചില കടകളിൽ ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,475 രൂപയായി. ചില കടകളിൽ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,440 രൂപ. അസോസിയേഷനുകൾക്കിടയിലെ ഭിന്നതയാണ് വ്യത്യസ്ത വിലയ്ക്കു കാരണം. വെള്ളിക്കും ‘പലവില’യാണ് കേരളത്തിൽ. ചില കടകളിൽ വില ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 117 രൂപ. മറ്റ് ചില ജ്വല്ലറികൾ ഇന്നലെ നൽകിയ വില തന്നെ നിലനിർത്തി; ഗ്രാമിന് 116 രൂപ.
പവൻവില 85,000ലേക്ക്?
ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുന്നെന്ന വാർത്തകളും ലാഭമെടുപ്പും യുഎസ് ഡോളർ ഇൻഡക്സിന്റെ കുതിപ്പുമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ രാജ്യാന്തര സ്വർണവിലയെ താഴേക്ക് നയിച്ചത്. ഇങ്ങനെ കുറഞ്ഞവില മുതലെടുത്തുള്ള ‘വാങ്ങലാണ്’ (ബൈയിങ് ദ ഡിപ്പ്) ഇപ്പോൾ വില മെല്ലെ കയറാനുള്ള പ്രധാന കാരണം. യുഎസിൽ അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും കുറയാനുള്ള സാധ്യത മങ്ങിയത് സ്വർണത്തിന് തിരിച്ചടിയാണ്.
എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, താരിഫ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ, ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ കരുതൽ സ്വർണശേഖരം വൻതോതിൽ കൂട്ടുന്ന പ്രവണത, ആഗോളതലത്തിൽ അടിസ്ഥാന പലിശനിരക്കിലുണ്ടാകുന്ന കുറവ്, കറൻസികളുടെ അസ്ഥിരത എന്നിവ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുമെന്നും വില കുതിക്കുമെന്നുമാണ് വിവിധ ഏജൻസികളുടെ വിലയിരുത്തൽ.
2026ന്റെ ആദ്യപകുതിയോടെ രാജ്യാന്തര വില 4,000 ഡോളർ കടക്കുമെന്ന് യുഎസ് ധനകാര്യ സ്ഥാപനങ്ങളായ ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ എന്നിവയിലെ അനലിസ്റ്റുകൾ പ്രവചിക്കുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില നികുതിയും പണിക്കൂലിയും കൂടാതെ തന്നെ 85,000 രൂപയിലെത്തും.
കൊച്ചി: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. ടീസറിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. 3 മാസമായി ടീസർ പുറത്തിറങ്ങിയിട്ട്. സ്ക്രീനിങ് കമ്മിറ്റി സിനിമ കണ്ടു. അവർ അംഗീകരിച്ചിരുന്നുവെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. ഇപ്പോഴത്തെ നിലയിൽ മറ്റന്നാൾ സിനിമ റിലീസ് ചെയ്യാനാകില്ലെന്നും ഹർജിക്കാർ പറഞ്ഞു.
80 ലക്ഷം രൂപയുടെ നഷ്ടമുണ്ട്. റിവൈസിങ് കമ്മിറ്റി വീണ്ടും സിനിമ കാണാൻ നിശ്ചയിച്ചിരിക്കുന്നത് നാളെയാണെന്നും ഹർജിക്കാർ പറയുന്നു. റീലിസിങ്ങിൽ തികഞ്ഞ അനിശ്ചിതത്വം ആണെന്നും ഹർജിക്കാർ വാദിച്ചു. വാദം കേട്ട കോടതി ഹർജി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. റിവൈസിങ് കമ്മിറ്റിയുടെ തീരുമാനം അന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു. സെൻസർ ബോർഡ് നാളെ വീണ്ടും സിനിമ കാണുന്നുണ്ടല്ലോയെന്ന് ചോദിച്ച കോടതി, ആ തീരുമാനം കൂടി അറിഞ്ഞ ശേഷം ഹർജി പരിഗണിക്കുന്നതായിരിക്കും ഉചിതമെന്നും വ്യക്തമാക്കി. ഹർജിയിൽ സെൻസർ ബോർഡ് മറുപടി നൽകണമെന്നും ജസ്റ്റീസ് എൻ നഗ്രേഷ് ഉത്തരവിട്ടു.
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ അസാധാരണ നീക്കം. ചൈനയ്ക്ക് ഇറാനില്‍ നിന്ന് ഇനി ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരാമെന്നും അവര്‍ യു.എസില്‍ നിന്നും വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് തന്റെ ട്രൂത്ത് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല അത് സാധ്യമാക്കിയത് തനിക്കൊരു ബഹുമതികൂടിയാണെന്നും ട്രംപ് പറഞ്ഞുവെച്ചു.
ഇറാനെതിരേ പരമാവധി സമ്മര്‍ദം ചെലുത്തി സാമ്പത്തിക ഉപരോധത്തിലൂടെയും മറ്റും ആണവ പദ്ധതികളില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുക എന്നതായിരുന്നു ട്രംപ് നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്. ഇതില്‍ നിന്നാണ് ഒറ്റയടിക്ക് തിരിഞ്ഞുനടന്നിരിക്കുന്നത്. ട്രംപിന്റെ പുതിയ നീക്കത്തില്‍ അന്താരാഷ്ട്ര രംഗത്ത് തന്നെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. യു.എസ് ഉപരോധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇറാന് പിടിവള്ളിയായത് ചൈന ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത് കൊണ്ടാണ്. ഇറാനില്‍ ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. ഇതിനിടെയാണ് പ്രോത്സാഹനവുമായി ട്രംപ് രംഗത്ത് വന്നത്. ഇറാനില്‍ നിന്ന് കഴിഞ്ഞ ഏപ്രിലില്‍ 90 ശതമാനം ക്രൂഡ് ഓയിലും വാങ്ങിയത് ചൈനയാണ്. ഇതിന് പിന്നാലെ കഴിഞ്ഞമാസം ചൈനയിലേക്കുള്ള ഇറാന്റെ എണ്ണ വ്യാപാരത്തിനെതിരെ യു.എസ് ഉപരോധം കൊണ്ടുവന്നിരുന്നു.
യു.എസിന്റെ ഓയില്‍ കമ്പനികള്‍ക്ക് ചൈനയില്‍ നിന്ന് ഓര്‍ഡറുകള്‍ നേടിയെടുക്കാനുള്ള തന്ത്രമാണോ ട്രംപ് പയറ്റുന്നതെന്നാണ് ലോകം സംശയിക്കുന്നത്. ഇറാനെയും ചൈനയെയും ഒരേപോലെ ഉപയോഗപ്പെടുത്തുന്നത് റഷ്യയെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തല്‍. ഇറാനില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ ചൈന വാങ്ങിയാല്‍ റഷ്യയില്‍ നിന്നുള്ള അവരുടെ ഇറക്കുമതി കുറയും. നിലവില്‍ ഇന്ത്യയും ചൈനയുമാണ് റഷ്യയില്‍ നിന്ന് കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത്. യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് അസംസ്‌കൃത എണ്ണ വില്‍പ്പനയിലൂടെയുള്ള വരുമാനം നിര്‍ണായകമാണ്.
തിരുവനന്തപുരം: മില്‍മ പാല്‍വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഇന്ന് യോഗം ചേരും. നിലവില്‍ എറണാകുളം മേഖല യൂണിയന്‍ മാത്രമാണ് മില്‍മ ചെയര്‍മാന് ശുപാര്‍ശ നല്‍കിയത്.
പാല്‍വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്നാണ് എറണാകുളം മേഖല യൂണിയന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മൂന്നു മേഖലകളുടേയും നിര്‍ദേശം പരിഗണിച്ചശേഷം 30 ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം പാല്‍വില വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കും.
പാല്‍വില കൂട്ടേണ്ടി വരുമെന്ന് നേരത്തെ മില്‍മ ചെയര്‍മാന്‍ കെ എസ് മണി സൂചിപ്പിച്ചിരുന്നു. വിവിധ മേഖലാ യൂണിയനുകളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കും. വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നും മണി പറഞ്ഞു. വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും സര്‍ക്കാരിന്‍റെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.
മെക്സിക്കോ സിറ്റി: 3000 വാഹനങ്ങളുമായി പോകവേ നടുക്കടലിൽ തീപിടിച്ച മോണിങ് മിഡാസ് എന്ന ചരക്കുകപ്പൽ പൂർണമായും മുങ്ങി. നോർത്ത് പസഫിക് സമുദ്രത്തിലാണ് കാർഗോ മുങ്ങിയത്. 800 ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ 3000 വാഹനങ്ങളുമായി മെക്സിക്കോയിലേക്ക് പോവുകയായിരുന്നു കാർഗോ. കപ്പലിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതിരുന്നതോടെ നേരത്തെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചിരുന്നു. ആഴ്ചകൾക്കിപ്പുറം കപ്പൽ പൂർണമായും മുങ്ങി. അപകടത്തിൽ നിന്ന് 22 ജീവനക്കാർക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു.
മെയ് 26 ന് ചൈനയിലെ യാന്റായി തുറമുഖത്ത് നിന്നാണ് ലൈബീരിയൻ പതാകയേന്തിയ കപ്പല്‍ പുറപ്പെട്ടത്. മെക്സിക്കോയിലെ പ്രമുഖ തുറമുഖമായ ലാസാരോ കാർദിനാസിലേക്കായിരുന്നു യാത്ര. അലാസ്കയിൽ എത്തിയപ്പോൾ ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡെക്കില്‍ നിന്നും പുക ഉയർന്നു. ഉടൻ തന്നെ തീകെടുത്താന്‍ നടപടികൾ ആരംഭിച്ചെങ്കിലും തീ ആളിപ്പടർന്നു. സ്ഥിതിഗതികൾ കൈവിട്ടതോടെ 22 ജീവനക്കാരെ സുരക്ഷിതമായി പുറത്തിറക്കി. യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ അടുത്തുള്ള കപ്പലിലേക്ക് ജീവനക്കാരെ മാറ്റി. പസഫിക് സമുദ്രത്തിന്റെ വടക്കൻ മേഖലയിലുണ്ടായിരുന്ന കോസ്കോ ഹെല്ലാസ് എന്ന ചരക്ക് കപ്പലാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.
അലാസ്കയുടെ സമുദ്രാതിർത്തിയിൽ അല്യൂഷ്യൻ ദ്വീപുകൾക്ക് സമീപത്തായാണ് തീ പടർന്ന് നശിച്ച കപ്പൽ ജീവനക്കാർ ഉപേക്ഷിച്ചത്. സോഡിയാക് മാരിടൈം എന്ന കമ്പനിയുടേതാണ് കപ്പൽ. കപ്പലിലെ തീ നിയന്ത്രണത്തിലാക്കാനുള്ള എല്ലാ പരിശ്രമങ്ങളും പാളിയതിന് പിന്നാലെയാണ് കപ്പൽ ഉപേക്ഷിച്ചതെന്ന് സോഡിയാക് മാരിടൈം വിശദമാക്കി.
183 മീറ്റർ നീളമുള്ള മോർണിംഗ് മിഡാസ് 2006ലാണ് നിർമ്മിച്ചത്. കരയിൽ നിന്ന് 415 മൈൽ അകലെ 16,404 അടി താഴ്ചയിലാണ് കാർഗോ മുങ്ങിയത്. കപ്പൽ മുങ്ങിയതിനെത്തുടർന്ന് സാരമായ മലിനീകരണം ഇല്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡ് വക്താവ് കാമറൂൺ സ്നെൽ അറിയിച്ചു. മലിനീകരണത്തിന്റെ എന്തെങ്കിലും സൂചനകൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
👉കേരളത്തിൽ പിഎഫ് ഐ ഹിറ്റ് ലിസ്റ്റിൽ 950 പേരെന്ന് എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകി
👉ശ്രീനിവാസൻ വധക്കേസ് പ്രതി സിറാജുദീനിൽ നിന്ന് പിടിച്ചെടുത്തത് 240 പേരുടെ പട്ടിക
👉പിടിയിലായ അയൂബിൻ്റെ വീട്ടിൽ നിന്ന് 500 പേരുടെ ഹിറ്റ് ലിസ്റ്റ് പിടിച്ചെടുത്തു
👉ആലുവ പെരിയാർവാലിയിലെ പിഎഫ് ഐ ഓഫീസിൽ നിന്ന് നിന്ന് പിടിച്ചെടുത്ത ഹിറ്റ് ലിസ്റ്റിൽ മുൻ ജില്ലാ ജഡ്ജിയുടെ പേരും.
👉മൂന്നാറിൽ ജനവാസ മേഖലയിൽ കാട്ടാന പടയപ്പ ഇറങ്ങി.
👉പാൽ വില വർദ്ധന ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലായോഗം ചേരും
👉 വ്യക്തിപ്രഭാവം വോട്ടായി മാറിയില്ല. നിലമ്പൂരിലെ തോൽവി ആഴത്തിൽ പഠിക്കാൻ സി പി ഐ ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
👉എറണാകുളത്ത് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായത് മണികണ്ഠൻ ചാൽ സ്വദേശി ബിജുവിനെ
👉ശുഭാംശു ശുക്ലയുൾപ്പെടെ 4 അംഗ സംഘത്തെ വഹിച്ചുള്ള ബഹിരാകാശ പേടകം ഇന്ന് ഉച്ചയ്ക്ക് 12.01 ന് കെന്നഡി സ്പെയ്സ് സെൻ്ററിൽ നിന്ന് പുറപ്പെടും.
👉വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്.
🌴 കേരളീയം 🌴
🙏 സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കോളേജ് സംരക്ഷണ സമിതികള്‍ രൂപീകരിക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം, അക്രമം, സൈബര്‍ ഭീഷണികള്‍, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുക, അവശ്യഘട്ടങ്ങളില്‍ ഉടന്‍ സഹായം ലഭ്യമാക്കുക, കോളേജ് അധികൃതരും, വിദ്യാര്‍ത്ഥികളും പോലീസുമായി ആരോഗ്യപരമായ സഹവര്‍ത്തനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംരക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്.
🙏 സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ വിവാദത്തില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും, എറണാകുളം ജില്ലാ സെക്രട്ടറി കെഎം ദിനകരനും താക്കീത് നേതാക്കള്‍ നല്‍കിയ മാപ്പപേക്ഷ കണക്കിലെടുത്താണ് താക്കീതിലൊതുക്കിയത്. സിപിഐ സെക്രട്ടറിക്കെതിരായ ശബ്ദരേഖ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെങ്കിലും ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.
🙏 വയനാട് സാലറി ചലഞ്ചില്‍ ദുരിതാശ്വാസ നിധിയിലേക്ക് വാദ്ഗാനം ചെയ്ത തുക നല്‍കാന്‍ സാവകാശം നല്‍കി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഡിഡിഒമാരുടെ തടഞ്ഞ് വച്ച ശമ്പളം നല്‍കാനും വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ സാവകാശവും സര്‍ക്കാര്‍ നല്‍കി.
🙏 സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടേയും ‘കേരള കെയര്‍’ പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് വൈകിട്ട് നാലിന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
🙏 കോഴിക്കോട് നടക്കാവില്‍ തെരുവുനായ ആക്രമണത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായതന്നെയാണ് കാല്‍നടയാത്രക്കാരെയും ബൈക്ക് യാത്രികനെയും കടിച്ചത്.
🙏 ഇന്റര്‍നെറ്റില്‍ തിരഞ്ഞ് വനിതാ ഉദ്യോഗസ്ഥരുടെ നമ്പര്‍ കണ്ടെത്തി ഫോണ്‍ വിളിച്ച് അശ്ലീലം പറയുന്ന വിദ്വാനെ പോലിസ് പൊക്കി. വനിതാ പോലീസ് ഉദ്യോഗസ്ഥരെയും വനിതാ ബറ്റാലിയന്‍ ഉദ്യോഗസ്ഥരെയും ഫോണ്‍വിളിച്ച് അശ്ലീലം പറയുന്നത് പതിവാക്കിയ യുവാവാണ് അറസ്റ്റിലായത്. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35) ആണ് പിടിയിലായത്.
🙏 ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ വാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച് പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
🇳🇪 ദേശീയം 🇳🇪
🙏 ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നോണ്‍ എസി മെയില്‍, എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കില്‍ വര്‍ധനവ് വരുത്താനാണ് ഉദ്ദേശിക്കുന്നത്. എസി ടിക്കറ്റുകളില്‍ രണ്ട് പൈസ നിരക്കിലും വര്‍ധനവുണ്ടാകും. ജൂലായ് ഒന്നുമുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വന്നേക്കും.
🙏 അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനാപകടത്തില്‍ 275 പേര്‍ കൊല്ലപ്പെട്ടതായി ഗുജറാത്ത് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 241 പേര്‍ വിമാനത്തിനകത്തും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. ഇതുവരെ 256 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി.
🙏 ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് താന്‍ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ സര്‍വകക്ഷിസംഘങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് മോദിയുടെ ഊര്‍ജസ്വലതയും കാര്യപ്രാപ്തിയും ഇടപെടാനുള്ള സന്നദ്ധതയും സംബന്ധിച്ച് താന്‍ പറഞ്ഞതെന്ന് തരൂര്‍ വ്യക്തമാക്കി.
🙏 മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറി ആക്ഷേപത്തില്‍ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തയച്ചു. ചര്‍ച്ചയ്ക്കുള്ള തീയതി അറിയിക്കാന്‍ നിര്‍ദേശിച്ചാണ് കത്തയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും പരാതികളുണ്ടെങ്കില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
🙏 മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് പിതാവിന്റെ ക്രൂരമര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് സാധനാ ഭോണ്‍സ്ലെ എന്ന പതിനേഴുകാരി പിതാവ് ധോന്ദിറാം ഭോണ്‍സ്ലെയുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്.
🙏 സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ സുരക്ഷാഭടന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
🙏 സംയുക്ത സൈനിക മേധാവിക്ക് കൂടുതല്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് സേനകള്‍ക്കുമായി സംയുക്ത ഉത്തരവ് പുറത്തിറക്കാനുള്ള അധികാരം നല്‍കി. നേരത്തെ ഒരോ സേനയ്ക്കും പ്രത്യേകമായിരുന്നു ഉത്തരവ്.
🇦🇺 അന്തർദേശീയം 🇦🇽
🙏 യുദ്ധം ചരിത്ര വിജയമെന്ന് അവകാശപ്പെട്ട് ഇറാനും ഇസ്രയേലും. ഇസ്രയേല്‍ അടിച്ചേല്‍പ്പിച്ച 12 ദിവസത്തെ യുദ്ധം അവസാനിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ വ്യക്തമാക്കി. അതേസമയം ഇറാനെതിരേ ചരിത്രവിജയം നേടാനായെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടു.
🙏 ഇറാനില്‍ ഭരണകൂടമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അങ്ങനെ സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്നും അതു കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തലിനെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് സ്വാഗതം ചെയ്തു.
🙏 ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷവും ഇരുരാജ്യങ്ങളും പരസ്പരം സംഘര്‍ഷം തുടര്‍ന്നതില്‍ രോഷാകുലനായി അസഭ്യം പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേല്‍ തങ്ങളെ ആക്രമിച്ചുവെന്ന് ഇറാനും ഇറാന്‍ തങ്ങളെ ആക്രമിച്ചുവെന്ന് ഇസ്രയേലും പറഞ്ഞിരുന്നു.
🙏 ഇറാനില്‍ തങ്ങള്‍ ആക്രമണം നടത്തിയ മൂന്ന് ആണവകേന്ദ്രങ്ങളില്‍ നിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായി യുഎസ്. പത്തോളം ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ തക്ക അളവിലുള്ള യുറേനിയമാണ് കാണാതായത് എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്പറയുന്നു.
🙏 ഇറാനിലെ കുപ്രസിദ്ധിയാര്‍ജ്ജിച്ച എവിന്‍ ജയിലില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ജയിലിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു.
🏏 കായികം 🏏
🙏 ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ തോല്‍വി. രണ്ട് ഇന്നിങ്‌സിലുമായി അഞ്ചു സെഞ്ചുറികളടക്കം 835 റണ്‍സടിച്ചിട്ടും ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റനായി വന്ന മത്സരത്തില്‍ പരാജയം സംഭവിക്കുയായിരുന്നു.
🙏അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് ഇംഗ്ലണ്ട് മുന്നിലെത്തി. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 149 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെ മികവും സാക് ക്രോളിയുടെയും ജോ റൂട്ടിന്റെയും അര്‍ധ സെഞ്ചുറികളുമാണ് 5 വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്ത് വിജയം എളുപ്പമാക്കിയത്.
ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള 282 യാത്രക്കാരുമായുള്ള അവസാന വിമാനം ഇന്ന് പുലർച്ചെയെത്തി. ഇതോടെ ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽ നിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഒഴിപ്പിക്കൽ താൽക്കാലികമായി മരവിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽനിന്ന് പശ്ചിമേഷ്യയിലേക്കുള്ള വ്യോമ ഗതാഗതവും സാധാരണ നിലയിലേക്ക് എത്തുകയാണ്.
ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നാണ് റിപ്പോർട്ട്. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്. ഖത്തറിൽ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്നു. നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങൾ വിലയിരുത്തി. 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹറാനിൽ വൻ ആഘോഷ പ്രകടനം നടന്നു. ആയത്തുള്ള ഖമേനിയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി.
ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി. നാറ്റോ ഉച്ചകോടിക്കായി പോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. വെടിനിർത്തൽ നിലവിൽ വന്നതോടെ ഇറാനുമായി കൂടുതൽ ചർച്ചയ്ക്ക് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ആണവോർജ്ജ സമിതി. വ്യോമപാത അടച്ചതിനെ തുടർന്ന് നിർത്തിയ സർവ്വീസുകൾ പുനസ്ഥാപിച്ച് തുടങ്ങിയെങ്കിലും അപ്രതീക്ഷിത തടസ്സങ്ങൾ 2 ദിവസത്തേക്ക് കൂടി തുടരുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.