പാലക്കാട്. പുലാപ്പറ്റ ഉമ്മനഴി നിയന്ത്രണം വിട്ട് മോട്ടോർ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു യുവാവിന് ദാരുണാന്ത്യം. കോങ്ങാട് തൃപ്പലമുണ്ട ലക്ഷംവീട് നഗർ സ്വദേശി പമ്പാ വാസൻ ആണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം യുവാവ് മരിച്ചു
കരുനാഗപ്പള്ളി ദേശീയപാതക്ക് കിഴക്ക് വശം ദിവസങ്ങളായി ജലക്ഷാമം രൂക്ഷം
കരുനാഗപ്പള്ളി. ദേശീയപാതക്ക് കിഴക്ക് വശം ദിവസങ്ങളായി ജലക്ഷാമം എത്രയും പെട്ടന്ന് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപിക്കുമെന്ന് ബിജെപി. ദേശീയ പാതക്ക് കിഴക്ക് വശം 14-ാം ഡിവിഷനിലാണ് ദിവസങ്ങളായി ജലവിതരണം നിശ്ചലമായത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജല വിതരണ കുഴലുകൾ പൊട്ടിയതാണ് കാരണം പൊട്ടിയ ഭാഗത്ത് കൂടി ചെളിവെള്ളം കലർന്ന് മലിനമായ ജലവും വിതറണം ചെയ്തിരുന്നു. ബന്ധപ്പെട്ടവർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കമെന്ന് ബിജെപി ഭാരവാഹികൾ പറഞ്ഞു.
ജിം സന്തോഷ് കൊലപാതകം , കുറ്റപത്രം സമർപ്പിച്ചു കരുനാഗപ്പള്ളി പോലീസ്
കരുനാഗപ്പള്ളി. പടനായർകുളങ്ങര കെട്ടിശ്ശേരിയിൽ കിഴക്കതിൽ ജിം സന്തോഷ് എന്ന സന്തോഷ് കുമാറിനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 90 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചു കരുനാഗപ്പള്ളി പോലീസ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതും ഗൂഢാലോചന നടത്തിയതും പ്രതികൾക്ക് സഹായം ചെയ്തു കൊടുത്ത തുമായി 13 പ്രതികളാണ് കുറ്റപത്രത്തിൽ ഉള്ളത്. 800 പേജുകൾ ഉള്ള കുറ്റപത്രത്തിൽ 175 ഓളം സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ കഴിഞ്ഞ മാർച്ച് മാസം 27ആം തീയതി ജിം സന്തോഷിന്റെ വീട് ആക്രമിച്ച് സ്വന്തം മാതാവിൻറെ മുന്നിൽ വച്ച് ബോംബറിഞ്ഞും വെട്ടിപരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. ഗൂഢാലോചന, കൊലപാതകം, സംഘടിത കുറ്റകൃത്യമടക്കം ഉള്ള വകുപ്പുകൾ ആണ് കുറ്റപത്രത്തിൽ ഉള്ളത്. ശാസ്ത്രീയമായി സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പേ പ്രതികൾ ഫോണുകൾ ഉപയോഗിക്കാതിരിക്കുകയും വാട്സ് ആപ്പ് മറ്റും വഴി കോളുകൾ ചെയ്തു മറ്റു പലരുടെയും സിം കാർഡ് ഉപയോഗിച്ച് ഇതിന് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു പ്രതികൾ ആശയവിനിമയം നടത്തിയിരുന്നത്.
കരുനാഗപ്പള്ളി പോലീസിന്റെ കൃത്യതയാർന്ന അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ച ഫോണുകളും ആയുധങ്ങളും വാഹനങ്ങളും അടക്കം കൃത്യത്തിന് ഉപയോഗിച്ച എല്ലാം കണ്ടെത്താൻ കഴിഞ്ഞത് കേസിന്റെ മുതൽക്കൂട്ടാണ്. കൊല്ലം ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിൻെറയും കരുനാഗപ്പള്ളി എ എസ് പി അഞ്ജലി ഭാവന ഐപിഎസിന്റെയും മേൽനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്ഓ ബിജുവിയുടെ നേതൃത്വത്തിൽ ചവറ പി എസ് ഇൻസ്പെക്ടർ ഷാജഹാൻ.എസ്ഐ മാരായ ഷമീർ ,കണ്ണൻ, വേണുഗോപാൽ, സന്തോഷ് എസ് സി പി ഓ മാരായ ഹാഷിം, രാജീവ് കുമാർ, അനിത, ശാലു എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് പോലീസിന്റെ അന്വേഷണ മികവിന് ഒരു ഉദാഹരണമാണ്.
ഭരണിക്കാവ് ക്ഷേത്രത്തിൽ പുന: പ്രതിഷ്ഠാ വാർഷിക പൂജ വ്യാഴാഴ്ച
ശാസ്താംകോട്ട :ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠാ വാർഷിക പൂജകൾ നാളെ ( വ്യാഴം ) രാവിലെ 7.30 മുതൽ നടക്കും. ക്ഷേത്രം തന്ത്രി രമേശ് കുമാർ ഭട്ടതിരിപ്പാട്, മേൽശാന്തി ഗിരീഷ് നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
വീണ്ടും ഭാരതാംബ ചിത്രവിവാദം; ഗവര്‍ണര്‍ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടിക്കിടെ പ്രതിഷേധം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഗവർണർ മടങ്ങിയത് വേറൊരു വഴി
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച സ്വകാര്യ പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെ തുടർന്ന് എസ്‌എഫ്‌ഐ, കെഎസ് യു പ്രതിഷേധം.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഗവർണർ രാജേന്ദ്ര ആർലേക്കറായിരുന്നു ഉദ്ഘാടകൻ. ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, കെ എസ് യു പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പോലീസ് നീക്കംചെയ്തു.
സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘർഷമുണ്ടായി. കെഎസ് യു പ്രവർത്തകർ ഹാളിനകത്തേക്ക് തള്ളിക്കയറി. പിന്നീട് ഇവരെ പുറത്താക്കി പരിപാടി ആരംഭിച്ചു. പരിപാടി റദ്ദാക്കുന്നതായി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ അറിയിച്ചെങ്കിലും പിന്നാലെ ഗവർണർ വേദിയിലേക്ക് എത്തുകയായിരുന്നു. പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചിത്രം മാറ്റണമെന്ന് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ കെ.എസ്. അനില്‍കുമാറും എസ്‌എഫ്‌ഐയും ആവശ്യപ്പെട്ടിരുന്നു. ചിത്രം മാറ്റാതെ പരിപാടി നടത്താൻ സമ്മതിക്കില്ലെന്നായിരുന്നു എസ്‌എഫ്‌ഐ നിലപാട്. എന്നാല്‍, ചിത്രം മാറ്റിയാല്‍ ഗവർണർ പരിപാടിക്ക് എത്തില്ലെന്ന് രാജ്ഭവൻ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സംഘർഷസാധ്യത മുൻനിർത്തി വലിയ പോലീസ് വിന്യാസമായിരുന്നു പ്രദേശത്തുണ്ടായിരുന്നുത്. എസ്‌എഫ്‌ഐ പ്രവർത്തകരും ബിജെപി നേതാക്കളും പ്രദേശത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്നു. ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്നായിരുന്നു പരിപാടിയുടെ സംഘാടകരുടെ നിലപാട്.
പരിപാടിക്ക് ശേഷം ഗവർണർ പുറത്തിറങ്ങുമ്പോള്‍ പ്രതിഷേധം ഉണ്ടാകുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പറഞ്ഞു. ഗവർണറുടെ വഴി തടയില്ല. പ്രതിഷേധം മാത്രമാണ്. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഒന്നാംതരം ആർഎസ്‌എസുകാരൻ ആണ്. പ്രതിഷേധിക്കുന്നു എന്ന് അറിഞ്ഞിട്ടും ഗവർണർ എത്തിയത് വെല്ലുവിളിക്കാനാണെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
പ്രതിഷേധം കണക്കിലെടുത്ത് ഗവർണർ പ്രധാന ഗേറ്റ് ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് മടങ്ങി പോയത്.
കുളിമുറിയുടെ ഭിത്തിയിടിഞ്ഞുവീണ് മദ്ധ്യവയസ്‌കന്‍ മരിച്ചു
കുളിമുറിയുടെ ഭിത്തിയിടിഞ്ഞുവീണ് മദ്ധ്യവയസ്‌കന്‍ മരിച്ചു. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടില്‍ അയ്യപ്പന്റെ മകന്‍ ബൈജു (49) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് പുറത്തുള്ള ഓടിട്ട കുളിമുറിയില്‍ കുളിക്കാന്‍ കയറിയതായിരുന്നു ബൈജു. കനത്ത കാറ്റിലും മഴയിലും കുളിമുറിയുടെ ഭിത്തികള്‍ തകര്‍ന്ന് ബൈജുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ വീട്ടുകാര്‍ ആരും സ്ഥത്തുണ്ടായിരുന്നില്ല. അടുത്ത വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് അപകടം നടന്ന വിവരം അറിയുന്നത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട അഗ്‌നിശമന സേനയെ വിവരം അറിയിച്ചു. അഗ്‌നിശമന സേന എത്തി ചുമരുകള്‍ നീക്കി ബൈജുവിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം
നിലമ്പൂര്‍: വീണ്ടും കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വാണിയമ്പുഴ ഉന്നതിയില്‍ ആദിവാസി യുവാവ് ബില്ലി(52)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചാലിയാറിന് അക്കരെയുള്ള വാണിയമ്പുഴ കോളനിയിലെ യുവാവിന്റെ കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്.
വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു കാട്ടാന ബില്ലിയെ ആക്രമിച്ചത് എന്നാണ് വിവരം. ആദിവാസി മേഖലയാണ് വണിയമ്പുഴ. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
2019ലെ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ശേഷം കുടില്‍ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിച്ചിരുന്നത്. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആക്രമണം നടന്ന സ്ഥലത്ത് എത്തുക വെല്ലുവിളിയാണ്.
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം; സെനറ്റ് ഹാളില്‍ കൂട്ടത്തല്ല്
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ പരിപാടിക്കെത്തി. വേദിക്ക് പുറത്ത് ഇടത്- കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. അകത്ത് പ്രതിഷേധം വകവെക്കാതെ പരിപാടി നടക്കുകയാണ് ഇപ്പോള്‍.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ചട്ടവിരുദ്ധമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് സിപിഎം നേതാക്കളായ സിന്‍ഡിക്കേറ്റ് അംഗങ്ങളും എസ്എഫ്‌ഐ, കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയത്. ബിജെപി അനുകൂലികള്‍ മറുവശത്തും സംഘടിച്ചു. സെനറ്റ് ഹാളിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് രജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ വേദിയിലേക്ക് വരികയായിരുന്നു.
ചിത്രം മാറ്റണമെന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന സര്‍വകലാശാല രജിസ്ട്രാറും പൊലീസും നിലപാടെടുത്തിരുന്നു. ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. സര്‍വകലാശാലയില്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മതചിഹ്നങ്ങള്‍ പാടില്ലെന്നാണ് ചട്ടമെന്നും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നുമാണ് ഇടത് പ്രവര്‍ത്തകരുടെ നിലപാട്. ഇടത് പ്രവര്‍ത്തകരും സിന്‍ഡിക്കേറ്റ് അംഗങ്ങളും അടക്കം സ്ഥലത്തെത്തി. സ്ഥലത്തുണ്ടായിരുന്ന ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ മറുവശത്തും സംഘടിച്ചു.
ആര്‍എസ്എസ് നേതാവ് കാ ഭാ സുരേന്ദ്രന്റെ പുസ്തക പ്രകാശനം ഈ ചടങ്ങില്‍ നടക്കുന്നുണ്ട്. ഹാള്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ നിബന്ധനകള്‍ സംഘാടകരെ അറിയിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍ പ്രതികരിച്ചു.
സി.ബി.എസ്.ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ; അടുത്ത വര്‍ഷം മുതല്‍ രണ്ടുതവണ
സി.ബി.എസ്.ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നടത്തും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ നിര്‍ദേശം അംഗീകരിച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ഫെബ്രുവരിയിലും മേയിലുമായിരിക്കും പരീക്ഷ. ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാം പരീക്ഷയുടെ ഫലം ജൂണിലും പ്രസിദ്ധീകരിക്കും.
ഫെബ്രുവരിയിലെ പരീക്ഷ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായി എഴുതണം. എന്നാല്‍ മേയിലെ പരീക്ഷ ആവശ്യമുള്ളര്‍ എഴുതിയാല്‍ മതി. ആദ്യപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് അത് മെച്ചപ്പെടുത്താന്‍ രണ്ടാംപരീക്ഷ സഹായിക്കും. ഇതുവഴി വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്റേണല്‍ അസസ്‌മെന്റ് വര്‍ഷത്തില്‍ ഒരു തവണ മാത്രമെ ഉണ്ടാകുവെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. പുതിയ നയത്തിന്റെ കരട് ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.
വിജിലന്‍സ് കോടതി ജില്ലയില്‍… മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
വിജിലന്‍സ് കേസുകളുടെ അതിവേഗതീര്‍പ് ലക്ഷ്യമാക്കി ജില്ലയില്‍ വിജിലന്‍സ് കോടതി തുടങ്ങുന്നു. അനുബന്ധമായി പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഓഫീസും. മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 27 പകല്‍ 9.30ന് മതിലില്‍ വെങ്കേക്കര ദാസ് ആര്‍ക്കേഡ് കെട്ടിടത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പരിധിയിലുള്ള കേസുകളാണ് കോടതിയുടെ പരിധിയിലുള്ളത്.
ഹൈക്കോടതി ജഡ്ജി സുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഹൈക്കോടതി ജഡ്ജി കൗസര്‍ എഡപ്പഗത് മുഖ്യപ്രഭാഷണം നടത്തും.
മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ. ബി. ഗണേഷ് കുമാര്‍ എന്നിവര്‍ വിശിഷ്ട പ്രഭാഷണം നടത്തും.
എം. മുകേഷ് എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ജില്ലാ സെഷന്‍സ് ജഡ്ജി എന്‍.വി. രാജു, വിജിലന്‍സ് ഡി.ഐ.ജി കെ. കാര്‍ത്തിക്, എസ്.പി വി. അജയകുമാര്‍, വാര്‍ഡ് അംഗം ടെല്‍സ തോമസ്, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ ഓച്ചിറ എന്‍. അനില്‍ കുമാര്‍, എ.കെ. മനോജ്, വിജിലന്‍സ് ജഡ്ജി എ.മനോജ് എന്നിവര്‍ ആശംസ അര്‍പിക്കും.






































