Home Blog Page 864

‘യുഎസിലെ പരിഷ്കൃത സമൂഹം ഇങ്ങനെ ചെയ്യില്ല, മൂന്നാം ലോകത്തേക്ക് പൊയ്ക്കോ’; കൈകൊണ്ട് ഭക്ഷണം കഴിച്ച മംദാനിക്ക് അധിക്ഷേപം

വാഷിങ്ടൺ: കൈകൊണ്ട് ഭക്ഷണം കഴിച്ചതിൻറെ പേരിൽ ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനിക്ക് അധിക്ഷേപം. യുഎസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ ‘അപരിഷ്കൃതമായ’ പ്രവൃത്തി എന്നാണ് പരിഹസിച്ചത്. ഇതോടെ മംദാനി കൈകൊണ്ട് ചോറ് വാരിക്കഴിക്കുന്ന വീഡിയോ ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഒരു അഭിമുഖത്തിനിടെ മംദാനി ചോറും പരിപ്പും കൈകൊണ്ട് വാരിക്കഴിക്കുന്ന വീഡിയോയ്ക്ക് താഴെ ഇങ്ങനെ ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു- “തന്റെ ലോകവീക്ഷണം മൂന്നാം ലോകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് സൊഹ്‌റാൻ കൈകൊണ്ട് ചോറ് കഴിച്ചുകൊണ്ട് പറയുന്നു”. പിന്നാലെയാണ് അധിക്ഷേപവുമായി റിപ്പബ്ലിക്കൻ നേതാവ് ബ്രാൻഡൻ ഗിൽ രംഗത്തെത്തിയത്.

‘അമേരിക്കയിലെ പരിഷ്കൃത സമൂഹം ഒരിക്കലും ഇങ്ങനെ ഭക്ഷണം കഴിക്കില്ല. നിങ്ങൾക്ക് പാശ്ചാത്യ ആചാരം പിന്തുടരാൻ കഴിയില്ലെങ്കിൽ മൂന്നാം ലോക രാജ്യത്തേക്ക് പൊയ്ക്കോ’- എന്നാണ് ബ്രാൻഡൻ ഗിൽ മംദാനിയുടെ വീഡിയോ പങ്കുവച്ച് എക്സിൽ പരിഹസിച്ചത്. യുഎസ് കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പബ്ലിക്കനായ ഗിൽ, ഇന്ത്യൻ വംശജയെയാണ് വിവാഹം കഴിച്ചത് എന്നതാണ് ഇതിലെ രസകരമായ കാര്യം. വൈകാതെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.

ഇത് വെറും വേഷംകെട്ടലാണെന്നും അപരിഷ്കൃതമാണെന്നും ഒരു വിഭാഗം കുറ്റപ്പെടുത്തിയപ്പോൾ, ഒരാളുടെ സാംസ്കാരികമായ ശീലങ്ങളെ വിമർശിക്കുന്നത് അനാവശ്യമാണെന്ന് മറു വിഭാഗം വാദിക്കുന്നു. അമേരിക്ക പരിഷ്കൃതർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ഭരണഘടനയിൽ എവിടെയാണ് അങ്ങനെ പറയുന്നതെന്നുമാണ് ഒരു കമൻറ്. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് എപ്പോഴാണ് അപരിഷ്കൃതമായതെന്ന് മറ്റൊരു ഉപയോക്താവ് ചോദിക്കുന്നു. നിങ്ങൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനെതിരെ സംസാരിക്കാൻ കഴിയുന്നില്ല. അതിനാൽ നിങ്ങൾ അദ്ദേഹത്തിന്റെ സംസ്കാരത്തെ ലക്ഷ്യം വെക്കുന്നു എന്നാണ് മംദാനിയെ അനുകൂലിക്കുന്നവരുടെ പ്രതികരണം.

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറി മത്സരത്തിൽ മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെ മംദാനി പരാജയപ്പെടുത്തിയിരിക്കുകയാണ്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീരാ നായരുടെയും ഉഗാണ്ടൻ വംശജനായ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ്.

1991 ഒക്ടോബർ 18 ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച മംദാനി, ന്യൂയോർക്കിലാണ് വളർന്നത്. ഏഴാം വയസ്സിൽ മാതാപിതാക്കളോടൊപ്പം അദ്ദേഹം ന്യൂയോർക്കിലേക്ക് താമസം മാറി. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത്, പലസ്തീനോട് അനുഭാവം പ്രകടിപ്പിച്ച് മംദാനി നടത്തിയ പ്രചാരണം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്കിലെ ആദ്യത്തെ മുസ്‍ലിം മേയറും ആദ്യ ഇന്ത്യൻ അമേരിക്കൻ മേയറും ആകും സൊഹ്റാൻ മംദാനി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന് അഞ്ചംഗ സംഘം; നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: സംശയാസ്പദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ അഞ്ചംഗ സംഘം പിന്തുടര്‍ന്നു. നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിച്ച ഇവരെ പിന്നീട് കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം നടന്നത്.

കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെ വെങ്ങാലി പാലം മുതല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയെ പിന്തുടര്‍ന്നതായാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന ആംബുലന്‍സിന് പിന്നാലെയാണ് ഇവര്‍ സഞ്ചരിച്ചത്. കറുത്ത നിറത്തിലുള്ള ഇസുസു കാറിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. വാഹനത്തില്‍ നിന്നും വാക്കി ടോക്കിയും കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് പേരെയും സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കസ്റ്റഡിയില്‍ തന്നെയാണുള്ളത്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

കെ സുരേന്ദ്രനെയും വി മുരളീധരനെയും  ഒഴിവാക്കിയതിനെതിരെ  കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം



തൃശ്ശൂര്‍. ബിജെപി സംസ്ഥാന നേതൃയോഗത്തിൽ കെ സുരേന്ദ്രനെയും വി മുരളീധരനെയും  ഒഴിവാക്കിയതിനെതിരെ  കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. മുൻ സംസ്ഥാന അധ്യക്ഷന്മാരായ കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്തെന്ന് ചോദ്യം.
ബൂത്ത് തലം വരെ സംഘടനയെ ശക്തിപ്പെടുത്താൻ കഠിനം പ്രയ്തനം നടത്തിയ വി മുരളീധരനെ ഒഴിവാക്കിയത് എന്തിന്?.
രണ്ടുമാസം മുമ്പ് വരെ സംസ്ഥാനത്തെ പാർട്ടിയെ നയിച്ച കെ സുരേന്ദ്രനെ നേതൃയോഗത്തിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണമെന്ത്.
തദ്ദേശ തെരഞ്ഞെടുപ്പ്  മുന്നൊരുക്കം പോലെ പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ നിന്ന് മുൻ അധ്യക്ഷന്മാരെ മാറ്റി നിർത്തിയത് അംഗീകരിക്കാൻ ആവില്ല. വീഴ്ച കോർ കമ്മിറ്റിയിൽ സമ്മതിച്ച് രാജീവ് ചന്ദ്രശേഖർ. ഇനി ഒരു യോഗത്തിലും ഇത്തരമൊരു പരാതിക്ക് ഇടവരുത്തില്ലെന്ന് രാജീവ് ചന്ദ്രശേഖർ 

ഇടപെട്ട് ദേശീയ നേതൃത്വം. സംസ്ഥാന ബിജെപിയിൽ ഉണ്ടായ ഭിന്നതയിൽ ഇടപെട്ട് ദേശീയ നേതൃത്വം. വിഭാഗീയത അനുവദിക്കില്ലെന്ന് ബി എൽ സന്തോഷ്. നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നിർദ്ദേശം.
ഐക്യ സന്ദേശം അറിയിക്കാൻ നേതാക്കൾ ഒന്നിച്ച് വാർത്ത സമ്മേളനം നടത്താൻ സാധ്യത

പന്മന ക്യാമ്പസിലെ മലയാളവിഭാഗം ഏകദിന ശില്പശാല നടത്തി

പന്മന.ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന ക്യാമ്പസിലെ മലയാളവിഭാഗം ഏകദിന ശില്പശാല സംഘടിപ്പിച്ചു.കേരള സർവകലാശാല മലയാള വിഭാഗം അധ്യക്ഷൻ ഡോ.വി.ശിവദാസ് ഉദ്ഘാടനം ചെയ്തു.മലയാള കവിതയിലെ ഭാവുകത്വ പരിണാമം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.നൗഷാദ് എസ് പ്രഭാഷണം നടത്തി.ഷീബ.എം.ജോൺ, പ്രിൻസി, രാജികൃഷ്ണ തീർത്ഥ, ജോൺസൺ ശൂരനാട് ,ഷാജി ഡെന്നീസ്, അനിൽ ബാബു, ഹബീബ്, ശ്രീകുമാരി, ഷെഫീന, സിസീന, ശരണ്യ, ഗായത്രി എന്നിവർ കവിതയും ഞാനും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.വി.വി. ജോസ് മോഡറേറ്ററായിരുന്നു. ഡോ. കെ.ബി.ശെൽവമണി, ഡോ.എ.എസ്.പ്രതീഷ് എന്നിവർ സംസാരിച്ചു.

കൊല്ലത്തെ ഹോട്ടലുകളിലടക്കം വിൽപനക്ക് എത്തിച്ച പഴകിയ ഇറച്ചി പിടികൂടി നാട്ടുകാ‍ർ

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ പഴകിയ കോഴിയിറച്ചി പിടികൂടി. ഹോട്ടലുകളിൽ അടക്കം വിൽപനയ്ക്ക് എത്തിച്ച ഇറച്ചിയാണ് നാട്ടുകാർ പിടികൂടിയത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി സുരേഷ് കുമാറാണ് ഓട്ടോറിക്ഷയിൽ കോഴിയിറച്ചി എത്തിച്ചത്. പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് കോഴിയിറച്ചി കുഴിച്ചു മൂടി നശിപ്പിച്ചിട്ടുണ്ട്.

കൊല്ലത്ത് പഴകിയ കോഴിയിറച്ചി പിടികൂടി

കൊല്ലത്ത് പഴകിയ കോഴിയിറച്ചി പിടികൂടി. കടയ്ക്കൽ കുമ്മിളിലാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച  300 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്
കടയ്ക്കൽ പോലീസും പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നാണ്  ഇവ പിടികൂടിയത്
ഇറച്ചി എത്തിച്ചത് തിരുവനന്തപുരം നേമത്ത് നിന്നാണ്.
പിടിച്ചെടുത്ത കോഴിയിറച്ചി കുഴിച്ചുമൂടി.
ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ.

ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെൻറർ സമർപ്പണ ശുശ്രൂഷയും പൊതുസമ്മേളനവും സ്മാരക പ്രഭാഷണവും ഇന്ന്

തിരുവല്ല : സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ (കെസിസി) ആസ്ഥാനമായ തിരുവല്ല മീന്തലക്കരയിലെ ഡോ.ജോസഫ് മാർത്തോമ്മാ എക്യുമെനിക്കൽ സെൻററിൻ്റെ സമർപ്പണ ശുശ്രുഷയും പൊതുസമ്മേളനവും ഡോ.ജോസഫ് മാർത്തോമാ സ്മാരക പ്രഭാഷണവും ഇന്ന് ഉച്ചയ്ക്ക് 2.30ന് നട ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കെ സി സി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, ഡോ.ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ.ജോർജ് ഉമ്മൻ, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് സുന്ദർ സിംഗ്, മേജർ ബാബു പി പൗലോസ് എന്നിവർ സഹകാർമികരായിരിക്കും. പൊതുസമ്മേളനം ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ.ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ജോസഫ് മാർത്തോമാ സ്മാരക പ്രഭാഷണം നടത്തും എന്ന് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അറിയിച്ചു.

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തു. പ്രത്യേക മന്ത്രിസഭായോഗമാണ് റവാഡയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. നിലവിൽ റവാഡ ചന്ദ്രശേഖർ ഐബി സ്‌പെഷല്‍ ഡയറക്ടറാണ്. റവാഡയെ അടുത്തിടെയാണ് കേന്ദ്ര കാബിനറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിച്ചത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യുപിഎസ് സി അംഗീകാരം നൽകി സംസ്ഥാന സർക്കാരിന് നൽകിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനായിരുന്നു.
റവാഡ ചന്ദ്രശേഖറിന് പുറമെ, സംസ്ഥാന റോഡ് സുരക്ഷാ കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചിരുന്നത്. 1991 ബാച്ച് ഉദ്യോഗസ്ഥനായ, റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. പൊലീസ് മേധാവിയാക്കിയാല്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യമുണ്ടെന്ന് റവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെയ്പ് സമയത്ത് രവാഡ ചന്ദ്രശേഖര്‍ കണ്ണൂര്‍ എഎസ്പിയായിരുന്നു. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചിരിക്കുന്നത്.

കെഎസ്ആർടിസി ബസ്  കാലിലൂടെ കയറിയിറങ്ങി ചികിത്സയിലായിരുന്ന  കാൽനട യാത്രക്കാരൻ മരിച്ചു

പുനലൂർ: കെ.എസ്.ആർ.ടി.സി ബസ്  കാലിലൂടെ കയറിയിറങ്ങി ചികിത്സയിലായിരുന്ന  കാൽനട യാത്രക്കാരൻ മരിച്ചു.  പുനലൂർ പേപ്പർമിൽ  കാഞ്ഞിരമല പുത്തൻപുരയിൽ വീട്ടിൽ മുരുകേശൻ (56) ആണ് ഞായറാഴ്ച വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പുനലൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ്. 

കഴിഞ്ഞ 19 ന് രാവിലെ എട്ടരയോടെ പുനലൂർ ബസ് ഡിപ്പോയിലെ പ്രവേശന കവാടത്തിലായിരുന്നു അപകടം. പുനലൂർ ഡിപ്പോയിയിലേക്ക് ബസ് കയറുമ്പോൾ മലയോര ഹൈവേയുടെ വശത്ത് കൂടി നടന്നുവരികയായിരുന്ന മുരുകേശനെ ഇടിച്ചിട്ട് ഇടത് കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.ഭാര്യ: സുനിത.

കൊല്ലത്ത് പിതാവിനെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

കൊല്ലം: പ്രമുഖ അഭിഭാഷകനെയും മുൻ ബാങ്ക് ജീവനക്കാരനായ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അച്ഛൻ അഡ്വ. പി.ശ്രീനിവാസ പിള്ളയും മകൻ വിഷ്ണു.എസ്.പിള്ളയും തമ്മിൽ വഴക്ക് പതിവായിരുന്നു. വിഷ്ണു ചില മാനസിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. വഴക്കിനിടയിൽ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാകാനാണ് സാദ്ധ്യതയെന്നും മറ്റ് ദുരൂഹതകളൊന്നും സംഭവത്തിൽ ഇല്ലെന്നും ഈസ്റ്റ് പൊലീസ് പറഞ്ഞു. അതേസമയം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദ്ദേഹം ഇന്നലെ വൈകിട്ടോടെ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു.

കഴിഞ്ഞ 28 ന് ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് മുതൽ വിളിച്ചിട്ടും ശ്രീനിവാസപിള്ളയും വിഷ്ണുവും ഫോൺ എടുക്കാഞ്ഞതോടെ ശ്രീനിവാസപിള്ളയുടെ മകൾ വിദ്യയും ഭർത്താവും ഭാര്യ രമയും തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെ വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു. ജന്നാലയിലൂടെ നോക്കിയപ്പോൾ ശ്രീനിവാസപിള്ളയെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടു. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ വിഷ്ണു.എസ്.പിള്ളയുടെ മൃതദേഹം കിടപ്പുമുറിയിലെ തറയിൽ രക്തത്തിൽ കുളിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. ഫോറൻസിക് സംഘമെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.