Home Blog Page 863

നജീബ് അഹമ്മദ് എവിടെ ? ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാന കേസിൽ അന്വേഷണം അവസാനിപ്പിക്കാൽ അനുമതി നൽകി കോടതി

ന്യൂഡൽഹി: ഡൽഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) യില്‍ നിന്നും 2016 ല്‍ കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയുടെ തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ്. സിബിഐക്ക് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയത് ഡൽഹി കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജ്യോതി മഹേശ്വരിയാണ്.

കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള തെളിവ് ലഭിക്കുകയാണെങ്കില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള അനുമതിയും കോടതി സിബിഐക്ക് നല്‍കിയിട്ടുണ്ട്. നജീബിന്‍റെ തിരോധാനത്തില്‍ ആദ്യം അന്വേഷണം നടത്തിയിരുന്നത് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് എന്നാല്‍ കേസില്‍ ഒരു തരത്തിലുള്ള തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ 2018 ല്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

ജെഎന്‍യുവില്‍ എംഎസ്‌സി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ കാണാതാവുന്നത് 2016 ലാണ്. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികൾ നജീബിന്‍റെ തിരോധാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇത്ര വര്‍ഷമായിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല. 2016 ഒക്ടോബറില്‍ ഒരു തെരഞ്ഞെടുപ്പ് സമയത്ത് എബിവിപി പ്രവര്‍ത്തകരുമായി നജീബ് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും തുടര്‍ന്ന് രാത്രി ഹോസ്റ്റല്‍ മുറിയിലെത്തിയ ഇവര്‍ നജീബിനെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മര്‍ദനത്തെ തുടര്‍ന്ന് നജീബ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ നജീബ് മാതാവിനെ വിളിച്ച് ഉടന്‍ യൂണിവേഴ്സിറ്റിയിലേക്ക് എത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിറ്റേദിവസം മുതല്‍ നജീബിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ക്യാമ്പസിലുള്‍പ്പെടെ നടന്നിരുന്നു. നിലവില്‍ 2025ലും നജീബിന്‍റെ തിരോധാനത്തില്‍ വ്യക്തതയില്ല.

പരിപ്പ് കലത്തിൽ വീണ് സഹോദരി മരിച്ചിട്ട് 2 വ‍ർഷം, കടല വേവിക്കുന്ന പാത്രത്തിൽ വീണ് 18മാസം പ്രായമുള്ള കു‌ഞ്ഞിന് ദാരുണാന്ത്യം

വാരണാസി: പരിപ്പ് വേവിച്ചുകൊണ്ടിരുന്ന പാത്രത്തിൽ വീണ് സഹോദരി മരിച്ചിട്ട് 2 വർഷം. 18 മാസം പ്രായമുള്ള പെൺകുട്ടി കടല വേവിക്കുന്ന കലത്തിൽ വീണ് പൊള്ളലേറ്റ് മരിച്ചു. ഉത്തർ പ്രദേശിലെ സോൻഭദ്രയിലെ ധൂധിയിലാണ് സംഭവം. വലിയ രീതിയിൽ പൊള്ളലേറ്റ 18 മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹവുമായി വീട്ടിലേക്ക് പോയ രക്ഷിതാക്കൾ ഞായറാഴ്ച തന്നെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് വിവരം അറിഞ്ഞ് പരിശോധനയ്ക്ക് പൊലീസ് എത്തിയപ്പോഴേയ്ക്കും സംസ്കാരം കഴിഞ്ഞിരുന്നു. ചെറിയ തട്ടുകടയിൽ ചാട്ട് വിഭവങ്ങളുടെ കട നടത്തുന്ന ശൈലേന്ദ്ര എന്നയാളുടെ മകളാണ് പൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച പാനീ പൂരി ഉണ്ടാക്കുന്നതിനായി കടല വേവിക്കുന്നതിനിടയിലുണ്ടായ അപകടമെന്നാണ് ഇയാൾ സംഭവത്തേക്കുറിച്ച് പൊലീസിന് മൊഴി നൽകിയത്.

കുഞ്ഞിന്റെ അമ്മ മറ്റൊരു മുറിയിലേക്ക് പോയ സമയത്ത് 18 മാസം പ്രായമുള്ള മകൾ പ്രിയ കലത്തിലേക്ക് വീണുവെന്നാണ് ഇയാളുടെ മൊഴി. മകളുടെ നിലവിളി കേട്ടെത്തിയ അമ്മ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ പൊള്ളലിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ആശുപത്രിക്കാർ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി മരണപ്പെടുന്നത്. സമാനമായ രീതിയിൽ ദമ്പതികളുടെ മറ്റൊരു മകൾ രണ്ട് വർഷം മുൻപ് മരിച്ചിരുന്നു.

സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ ചുമതലയേൽക്കും: കേന്ദ്രസർവീസിൽ നിന്ന് വിടുതൽ നൽകി

ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ നിയുക്ത പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ രാവിലെ ചുമതലയേൽക്കും. കേന്ദ്രസർവീസിൽ നിന്ന് അദ്ദേഹത്തിന് വിടുതൽ നൽകി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നാളെ രാവിലെ എട്ട് മണിക്കാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ഇന്ന് വൈകിട്ട് അദ്ദേഹം തിരുവനന്തപുരത്തെത്തും. നാളെ കണ്ണൂരിൽ നടക്കുന്ന മുഖ്യമന്ത്രിയുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കേരള കേഡറിൽ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. സംസ്ഥാനത്തിന്റെ 41ാം പൊലീസ് മേധാവിയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. 2026 ജൂലായ് വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ യുപിഎസ്‌സി നൽകിയ ചുരുക്കപ്പട്ടികയിലെ ഒന്നാമനായിരുന്ന നിതിൻ അഗർവാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ രണ്ട് പതിറ്റാണ്ടോളം പ്രതി സ്ഥാനത്തായിരുന്ന റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവിയാക്കിയതിൽ സിപിഎമ്മിൽ അമർഷം പുകയുന്നുണ്ട്. റവാഡയ്ക്ക് എതിരെ പാർട്ടി നടത്തിയ സമരം ഓർമിപ്പിച്ച് പി ജയരാജൻ, നിയമനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് പറഞ്ഞു. റവാഡയെ പ്രതിസ്ഥാനത്തുനിന്ന് കോടതി ഒഴിവാക്കിയതാണെന്നും സർക്കാർ നടത്തിയ നിയമനത്തിൽ പാർട്ടി ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. മന്ത്രിയുടെ ജീവൻ അപകടത്തിലായപ്പോഴാണ് കൂത്തുപറമ്പിൽ വെടിവയ്പ്പുണ്ടായതെന്ന് വി ഡി സതീശനും പ്രതികരിച്ചു.

ജാനകി വെഴ്സസ് സെന്‍സര്‍ ബോര്‍ഡ്,ബോർഡിനെതിരെ വിമർശനം തുടർന്ന് ഹൈക്കോടതി

കൊച്ചി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പ്രദർശന അനുമതിയിൽ സെൻസർ ബോർഡിനെതിരെ വിമർശനം തുടർന്ന് ഹൈക്കോടതി. ജാനകി എന്ന പേര് മതപരമായും, വർഗപരമായും എങ്ങനെയാണ് അവഹേളനമാകുന്നതെന്ന് കോടതി ചോദിച്ചു. ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിൻ്റെ പേരുകളാണ്. പേരിടുന്നത് കലാകാരൻ്റെ സ്വാതന്ത്ര്യമെന്നും കോടതി തുറന്നടിച്ചു. സംവിധായകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്യുന്നതെന്നും, ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ജസ്റ്റിസ് എൻ.നഗരേഷ് പറഞ്ഞു. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും. എന്തു കൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന കാര്യത്തിൽ അന്ന് വ്യക്തത വരുത്തണമെന്ന് കോടതി സെൻസർ ബോർഡിന് നിർദ്ദേശം നൽകി. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.ജാനകി എന്ന കഥാപാത്രം അതിജീവിതയാണെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി നിർമ്മാണ കമ്പനി അറിയിച്ചു

പോക്സോ കേസിൽ പ്രതിക്ക് 54 വർഷം കഠിന തടവും പിഴയും

കണ്ണൂർ. പോക്സോ കേസിൽ പ്രതിക്ക് 54 വർഷം കഠിന തടവും പിഴയും. ചേലേരി സ്വദേശി ജാസിം മുഹമ്മദിനെയാണ് ശിക്ഷിച്ചത്. കണ്ണൂർ പോക്സോ കോടതിയുടേതാണ് വിധി. പ്രായപൂർത്തിയാകത്തെ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടതിന് ശേഷമായിരുന്നു പീഡനം

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം… മുന്‍പ് സഹോദരി മരിച്ചതും ഇതേ രീതിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. രണ്ടു വര്‍ഷം മുന്‍പ് കുഞ്ഞിന്റെ മൂത്ത സഹോദരിയും സമാനമായ രീതിയിലാണ് മരിച്ചത്. അന്ന് പരിപ്പുകറി പാചകം ചെയ്യുന്നതിനിടെ, ചൂടുള്ള പാത്രത്തില്‍ വീണ് മൂത്ത സഹോദരി മരിച്ചതിന്റെ വേദന മാറുന്നതിന് മുന്‍പാണ് ചാട്ട് വില്‍പ്പനക്കാരന്റെ കുടുംബത്തില്‍ മറ്റൊരു ദുരന്തം ഉണ്ടായത്.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്താണ് സംഭവം. ചാട്ട് വില്‍പ്പനക്കാരന്റെ വീട്ടില്‍ കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീണത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു.
വിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോള്‍, ഇത് ഒരു അപകട മരണമാണെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു. വെള്ളിയാഴ്ച ഭാര്യ ‘ഗോള്‍ഗപ്പ’യ്ക്കായി കടല പാകം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ശൈലേന്ദ്ര മൊഴി നല്‍കി. വീട്ടില്‍ ഭാര്യ അടുത്ത മുറിയില്‍ പോയ സമയത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാത്രത്തില്‍ വീഴുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ ഉടന്‍ തന്നെ പാത്രത്തില്‍ നിന്ന് പുറത്തെടുത്ത് കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയതായും ശൈലേന്ദ്രയുടെ മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിടെ വച്ച് ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചതായും പൊലീസ് പറയുന്നു.

കേന്ദ്ര സർക്കാരിൻറെ മൂന്നാം ഭാഷാ നയത്തിന് ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് തന്നെ തിരിച്ചടി

മുംബൈ.കേന്ദ്ര സർക്കാരിൻറെ മൂന്നാം ഭാഷാ നയത്തിന് ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് തന്നെ തിരിച്ചടി. മഹാരാഷ്ട്രയിലെ സ്കൂളുകളിൽ അഞ്ചാം തരം വരെ ഹിന്ദി ഭാഷ നിർബന്ധമാക്കിയ ഉത്തരവുകളാണ് റദ്ദാക്കിയത്. ഏപ്രിലിലാണ് ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കിയ ആദ്യ ഉത്തരവ് വന്നത്. പ്രതിഷേധം ശക്തമായതോടെ മൂന്നാം ഭാഷ ഹിന്ദി അടക്കം ഏത് ഭാഷയും പരിഗണിക്കാമെന്ന് ഈ മാസം ഉത്തരവ് പുതുക്കി.

മുംബൈ കോർപ്പറേഷനിൽ അടക്കം തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ തിരിച്ചടി മുന്നിൽ കണ്ടാണ് സർക്കാർ ഉത്തരവുകൾ റദ്ദാക്കുന്നത്. ഭാഷാ വിവാദത്തിൽ ഒരുമിച്ച് പ്രതിഷേധിക്കാൻ എംഎൻഎസ് തലവൻ രാജ് താക്കറെയും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയും തയ്യാറെടുത്തതോടെയാണ് പെട്ടെന്നുള്ള തീരുമാനം. തെരഞ്ഞെടുപ്പുകളിൽ താക്കറെമാർ ഒന്നിച്ചാൽ തിരിച്ചടിയുണ്ടാവാൻ സാധ്യതയെന്നാണ് ബിജെപി കണക്ക് കൂട്ടൽ. ഭാഷാ പ്രശ്നം പഠിക്കാൻ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.അതേസമയം ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കത്തിനെ രാഷ്ട്രീയമായി എതിർക്കുന്ന കേരളം പക്ഷെ ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകുകയാണ്. പുതിയ മാർഗ്ഗരേഖയിലാണ് ഹിന്ദി പഠനത്തിന് പ്രാധാന്യം നൽകുന്നത്. ഹിന്ദിയിൽ ആശയവിനിമയത്തിനുള്ള ശേഷി വർധിപ്പിക്കുക ലക്ഷ്യമാണ്. ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠനം തുടങ്ങാനും ആലോചനയുണ്ട്. നിലവിൽ അഞ്ചാം ക്ലാസ് മുതലാണ് ഹിന്ദി പഠനം. ഹിന്ദി വായിക്കാനും സംസാരിക്കാനും പ്രാപ്തി കുട്ടികൾക്കുണ്ടാക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ഹിന്ദി സിനിമകൾ കാണാനും കുട്ടികൾക്ക് അവസരം ഒരുക്കം.

ബിജെപി വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സിപിഎം കൊണ്ടുപോകും,നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കെ സുരേന്ദ്രൻ

തൃശൂര്‍.നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി കെ സുരേന്ദ്രൻ കോർ കമ്മിറ്റിയിൽ. നിലമ്പൂരിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ചില്ല. ക്രിസ്ത്യൻ നേതാക്കളെ കൂടുതൽ പരിഗണിച്ചു നടത്തിയ തിരഞ്ഞെടുപ്പ് തന്ത്രം പാളി. ഭൂരിപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാർട്ടിയുടെ അടിസ്ഥാന ആശയം. അത് മറന്നു പോകരുത്. ജമാഅത്തെ ഇസ്ലാമി വിഷയം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎം ജമാഅത്തെ ഇസ്ലാമി വിഷയം കൂടുതൽ ശക്തമാക്കും.

ബിജെപി വികസനം മാത്രം പറഞ്ഞാൽ ഹിന്ദു വോട്ടുകൾ സിപിഎം കൊണ്ടുപോകും. ജമാഅത്തെ ഇസ്ലാമി – യുഡിഎഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചരണം നടത്തണം.

‘ഭ‍ർത്താവിന്റെ ലൈംഗിക വൈകൃതങ്ങൾ, വിളക്കിൽ തൊട്ടാൽ പോലും ശിക്ഷ’, റിധന്യ നേരിട്ടത് കൊടിയ മാനസിക, ശാരീരിക പീഡനം

തിരുപ്പൂർ: വിവാഹം കഴി‌ഞ്ഞ് വെറും 78 ദിവസം മാത്രം പിന്നിട്ടപ്പോൾ തിരുപ്പൂരിൽ 27കാരി സ്ത്രീധന പീഡനത്തേ തുട‍ർന്ന് ജീവനൊടുക്കി. .കഷ്ടിച്ച് ഒരു മാസം നീണ്ട ഭ‍ർതൃഗൃഹത്തിലെ താമസത്തിനിടയിൽ റിധന്യ നേരിട്ടത് വലിയ രീതിയിലുള്ള മാനസിക ശാരീരിക പീഡനമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിരുപ്പൂരിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ അണ്ണാദുരൈയുടെ മകളാണ് ജീവനൊടുക്കിയത്. ഏപ്രിൽ 11നായിരുന്നു തിരുപ്പൂരിലെ തന്നെ പ്രമുഖ കുടുംബങ്ങളിലൊന്നിലേക്ക് റിധന്യയെ വിവാഹം കഴിച്ച് നൽകിയത്. തിരുപ്പൂരിലെ കോൺഗ്രസ് നേതാവായ കൃഷ്ണന്റെ ചെറുമകനായ കവിൻ കുമാറായിരുന്നു റിധന്യയുടെ വരൻ.

വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ റിധന്യയുമായി കവിൻ ആദ്യ ദിവസങ്ങളിൽ തന്നെ കലഹം ആരംഭിച്ചിരുന്നു. കവിന്റെ ലൈംഗിക പീഡനവും ഭർതൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാനാവാതെ വന്നതോടെയാണ് 27കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തിയത്. വിവാഹത്തിന്റെ ആദ്യനാളുകൾ മുതൽ റിധന്യയ്ക്ക് ഭർതൃവീട്ടിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. 500 പവൻ നൽകിയില്ലെന്നതായിരുന്നു ഭ‍ർതൃവീട്ടുകാരുടെ പരാതി. സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവ‍ർ പങ്കെടുത്ത ആഡംബര വിവാഹത്തിനായി 2.5 കോടി രൂപയോളമാണ് റിധന്യയുടെ വീട്ടുകാർ ചെലവഴിച്ചത്. ഭർത്താവിന്റെ വീട്ടിൽ വിളക്ക് തെളിയിക്കാൻ പോലും യുവതിയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. വിളക്കിൽ തൊട്ടാൽ ശിക്ഷയായി ഒരു മണിക്കൂറോളം നിൽക്കേണ്ടതായും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭർതൃവീട്ടുകാർ പതിവായി ശാപവാക്കുകൾ പറഞ്ഞ് യുവതി സമ്മർദ്ദത്തിലാക്കിയത്.

ഭർത്താവിൽ നിന്നുണ്ടായ ലൈംഗിക അതിക്രമത്തേക്കുറിച്ച് സംസാരിച്ചാൽ റിധന്യയുടെ പേര് വിശദമാക്കി ആത്മഹത്യ ചെയ്യുമെന്ന് കവിൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് തെങ്ങിന് ഉപയോഗിക്കുന്ന കീടനാശിനി കുടിച്ച് യുവതി ജീവനൊടുക്കിയത്. ഏഴ് വോയിസ് മെസേജുകളാണ് യുവതി ജീവനൊടുക്കുന്നതിന് മുൻപ് പിതാവിന് അയച്ചത്. റിധന്യയുടെ മൃതദേഹം സൂക്ഷിച്ച അവനാശി സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലെത്തിയ കവിനെയും കുടുംബത്തെയും യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു. റിധന്യയുടെ സഹോദരൻ മിഥുൻ കവിനെ കൈകാര്യം ചെയ്യാൻ ശ്രമിച്ചതോടെ ഭർതൃവീട്ടുകാർ കാറിൽ മോർച്ചറി പരിസരത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പ്രതിഷേധം രൂക്ഷമായതോടെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കവിൻ കുമാറിനെയും പിതാവ് ഈശ്വര മൂർത്തിയേയും അമ്മ ചിത്രാദേവിയേയും പൊലീസ് അറസ്റ്റ് ചെയ്തത്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

അടൂരിൽ വസ്ത്രശാല പൂട്ടി ഉടമ മുങ്ങി

അടൂര്‍. വസ്ത്രശാല പൂട്ടി ഉടമ മുങ്ങി എന്ന് തൊഴിലാളികൾ..രാവിലെ ജോലിക്ക് എത്തിയപ്പോഴാണ് സ്ഥാപനം കൂട്ടിയ നിലയിൽ കണ്ടത്..അടൂരിലെ പ്രമുഖ വസ്ത്ര ശാലിയായ കരിക്കിനേയത്ത് സിൽക്ക്സാണ് പൂട്ടിയത്..പെരുവഴിയിൽ ആയ വനിതാ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടി..20 വർഷത്തിലധികമായി ജോലി ചെയ്തവർക്ക് ജൂൺ മാസത്തെ ശമ്പളം നൽകാതെയാണ് പൂട്ടിയത് എന്നും പരാതി.