Home Blog Page 858

മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം; നിയമത്തിൽ ഒപ്പുവച്ച് കസാഖിസ്ഥാൻ പ്രസിഡന്‍റ്

അൽമാറ്റി: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാൻ. പ്രസിഡന്‍റ് കസ്സിം ജോമാർട്ട് ടോക്കയേവ് നിയമത്തിൽ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളിൽ ഒന്നാണിതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മുഖം കാണാൻ കഴിയാത്ത വിധമുള്ള വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുത് എന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ ചികിത്സാ ആവശ്യങ്ങൾ, പ്രതികൂല കാലാവസ്ഥ, കായിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കെല്ലാം ഇളവുണ്ട്. ഈ നിയമത്തിൽ ഏതെങ്കിലും മതത്തെയോ മതപരമായ വസ്ത്രധാരണ രീതികളെയോ വ്യക്തമായി പരാമർശിക്കുന്നില്ല. എന്നാൽ ഇസ്ലാമിക വസ്ത്രധാരണ രീതികളെ നിയന്ത്രിക്കുന്നത് മധ്യേഷ്യൻ രാജ്യങ്ങളിൽ പ്രവണതയായി മാറിയെന്ന വിമർശനം ഉയരുന്നുണ്ട്.

കസാഖിസ്ഥാൻ മു‍സ്ലിം ഭൂരിപക്ഷ രാജ്യമാണ്. മുഖം മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതിനേക്കാൾ രാജ്യത്തിന്‍റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലതെന്ന് കസാഖ് മാധ്യമങ്ങൾ പ്രസിഡന്‍റിനെ ഉദ്ധരിച്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വംശീയ സ്വത്വം ഉയർത്തിപ്പിടിക്കുന്ന വസ്ത്രങ്ങൾക്ക് പ്രചാരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു ചില മധ്യേഷ്യൻ രാജ്യങ്ങളും സമീപ വർഷങ്ങളിൽ സമാനമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കിർഗിസ്ഥാനിൽ നിഖാബ് നിരോധനം നടപ്പിലാക്കാൻ പൊലീസ് തെരുവിൽ പട്രോളിംഗ് നടത്താറുണ്ടെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഉസ്ബെക്കിസ്ഥാനിൽ നിഖാബ് നിയമം ലംഘിച്ചാൽ 250 ഡോളറിലധികം പിഴ ചുമത്തും. രാജ്യത്തിന്‍റെ സംസ്കാരത്തിന് പരിചിതമല്ലാത്ത വസ്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ധരിക്കരുതെന്ന നിയമത്തിൽ തജാകിസ്ഥാൻ പ്രസിഡന്‍റും ഒപ്പുവച്ചു.

പൊലീസിനെ വെല്ലുവിളിച്ച് റീല്‍ ചിത്രീകരണം; യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കുമ്പളയില്‍ പൊലീസിനെ വെല്ലുവിളിച്ച് റീല്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച ഒമ്പത് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുമ്പള പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. കുമ്പള ടൗണില്‍ വാക്കുതര്‍ക്കമുണ്ടായ സംഭവത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീല്‍ ഇട്ടത്. വധശ്രമത്തിന് കേസെടുക്കുന്നുവെന്നും പേടിപ്പിക്കാന്‍ നോക്കരുതെന്നും പറഞ്ഞാണ് യുവാക്കള്‍ റീല്‍ ചെയ്തത്. കേസെടുത്തുവെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കള്‍ റീല്‍ ചെയ്തത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ പ്രേരണ നല്‍കിയതിനാണ് യുവാക്കള്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

സ്വപ്ന യാത്രയുടെ അവസാന ലാപ്പിൽ 5 വയസുകാരിയായ മകൾ കപ്പലിൽ നിന്ന് കടലിലേക്ക് വീണു, പിന്നാലെ ചാടി അച്ഛൻ, രക്ഷപ്പെടൽ

ഫ്ലോറിഡ: മകൾ ഏറെ ആഗ്രഹിച്ച ഡിസ്നി ക്രൂയിസ് കപ്പലിലെ യാത്രയ്ക്കിടയിൽ അഞ്ചു വയസുകാരിയായ മകൾ കടലിലേക്ക് വീണു. മറ്റൊന്നും നോക്കാതെ കടലിലേക്ക് ചാടി മകളെ രക്ഷിച്ച് അച്ഛൻ. ‌‌ഞായറാഴ്ച ഫ്ലോറിഡയിലേക്കുള്ള മടക്കയാത്രയിൽ 14 ഡെക്കുകളുള്ള ഡിസ്നി കപ്പലിന്റെ റെയിലിന് സമീപത്ത് നിന്ന് ചിത്രമെടുക്കുന്നതിനിടയിലാണ് കുട്ടി കടലിലേക്ക് വീണത്. സംഭവം കണ്ട് നിന്ന കുട്ടിയുടെ അച്ഛൻ മകളെ രക്ഷിക്കാനായി കടലിലേക്ക് ചാടി. ആളുകൾ വെള്ളത്തിൽ വീണത് അറിയാതെ കപ്പൽ മുന്നോട്ട് നീങ്ങുന്നത് തുടരുകയായിരുന്നു. പിന്നാലെ ആളുകൾ ബഹളം വച്ചതിന് പിന്നാലെ കപ്പൽ തിരിച്ച് വരികയും രക്ഷാ കപ്പലുകൾ ഇറക്കി അരമണിക്കൂറോളം കടലിൽ മരണത്തോട് മല്ലടിച്ചിരുന്ന അച്ഛനേയും മകളേയും രക്ഷിക്കുകയായിരുന്നു.

കപ്പൽ അതിവേഗതയിൽ നീങ്ങുകയായിരുന്നു. വളരെ വേഗത്തിലാണ് കടലിൽ വീണവർ ചെറു പൊട്ടുകൾ പോലെ അപ്രത്യക്ഷമായതെന്നാണ് സംഭവം കണ്ടുനിന്ന കപ്പലിലെ യാത്രക്കാർ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങൾ നോക്കി നിൽക്കെയാണ് കടലിൽ നിന്ന് പിതാവിനെയും മകളെയും രക്ഷിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു. 4000 ആളുകളെ വഹിക്കാൻ സാധിക്കുന്ന ആഡംബര കപ്പലാണ് ഡിസ്നി ഫ്ലോറിഡയിൽ സ‍ർവ്വീസ് നടത്തുന്നത്. ഫ്ളോറിഡയിലെ ഫോ‍ർട്ട് ലോഡർലേലിൽ നിന്ന് ആരംഭിച്ച് ബഹാമാസിനെ ചുറ്റി തിരികെ ഫ്ലോറിഡയിലെത്തുന്നതാണ് കപ്പലിലെ നാലുദിവസത്തെ യാത്ര. രക്ഷാപ്രവ‍ർത്തനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

കപ്പൽ യാത്രയുടെ അവസാന ദിവസത്തിലാണ് സംഭവം ഉണ്ടായത്. നാലാമത്തെ ഡെക്കിലെ റെയിലിൽ മകളെ ഇരുത്തി ചിത്രങ്ങൾ എടുക്കുന്നതിനിടയിലാണ് അപകടമെന്നാണ് അന്ത‍ർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിൽ നിന്ന് യാത്രക്കാർ കടലിൽ വീഴുന്നത് അസാധാരണമാണ്. ക്രൂയിസ് ലൈൻ അന്താരാഷ്ട്ര അസോസിയഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2019ൽ 25 പേരാണ് കപ്പലിൽ നിന്ന് കടലിൽ വീണിട്ടുള്ളത്. ഇതിൽ ഒൻപത് പേരെയാണ് രക്ഷിക്കാൻ സാധിച്ചിട്ടുള്ളത്.

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക്

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക് കടക്കുകയാണ്. ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് വിസ്മയ സിനിമയിലേക്ക് എത്തുന്നത്. ‘തുടക്കം’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് അപ്‌ഡേറ്റ് പുറത്തുവിട്ടത്. വിസ്മയയ്ക്ക് ആശംസകളുമായി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമെത്തി.
‘എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാര്‍ത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു’, എന്നാണ് ആന്റണി പെരുമ്പാവൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കുഞ്ഞ് വിസ്മയയ്ക്കൊപ്പമുള്ള ചിത്രവും ആന്റണി പങ്കുവെച്ചിട്ടുണ്ട്. ‘മായക്കുട്ടി ,’തുടക്കം’ സിനിമയോടുള്ള ഒരിക്കലും അവസാനിക്കാത്ത പ്രണയത്തിന്റെ ആദ്യ പടിയാകട്ടെ’, എന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്ഷന്‍ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൈറ്റില്‍ ഡിസൈനും ആ സൂചനകളാണ് നല്‍കുന്നത്. 2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് അവസാനം, 2025 കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; എൻജിനിയറിങ് ഒന്നാം റാങ്ക് എറണാകുളം സ്വദേശി ജോണിന്

തിരുവനന്തപുരം: വിദ്യാർത്ഥികൾ കാത്തിരിക്കുന്ന കീം 2025 (കേരള എൻജിനീയറിങ് ആർകിടെക്ചർ മെഡിക്കൽ എൻട്രൻസ് എക്‌സാം) റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ്ങിൽ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.

മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് മാർക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാർക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. 86,549 പേരാണ് ആകെ പരീക്ഷ എഴുതിയത്. 76,230 പേരാണ് യോഗ്യത നേടിയത്. യഥാസമയം മാർക്ക്‌ വിവരം സമർപ്പിച്ചവരെ ഉൾപ്പെടുത്തി 67,705 പേരുടെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാർമസി എൻട്രൻസ് വിഭാഗത്തിൽ 33,425 പേര് പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ട്.

ലിവിങ് പാർട്ണറെ ശ്വാസംമുട്ടിച്ച് കൊന്നു, മൃതദേഹം ബെഡ്ഷീറ്റിൽ പുതഞ്ഞ് ഒളിപ്പിച്ചശേഷം സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയി, യുവാവ് അറസ്റ്റിൽ

ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ ലിവിങ് പാർട്ണറെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഭോപാലിൽ താമസിക്കുന്ന സച്ചിൻ രാജ്പുത്ത് (32) ആണ് പിടിയിലായത്. സച്ചിനൊപ്പം കഴിഞ്ഞ മൂന്നര വർഷമായി ഭോപാലിൽ വാടക വീട്ടിൽ ഒന്നിച്ച് താമസിക്കുന്ന റിഥിക സെൻ (29) ആണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടയിൽ സച്ചിൻ റിഥികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നശേഷം മദ്യലഹരിയിൽ സുഹൃത്തിനോട് താൻ പാർട്ണറെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തുകയായിരുന്നു.

ജൂൺ 27ന് രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിൽ താമസസ്ഥലത്ത് വച്ച് തർക്കമുണ്ടായി. തർക്കത്തിനിടെ സച്ചിൻ റിഥികയുടെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയശേഷം റിഥികയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കയറുകൊണ്ട് കെട്ടിയശേഷം വീടിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് സച്ചിൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി സുഹൃത്തുമായി മദ്യപിച്ചു. മദ്യലഹരിയിൽ തൻറെ പാർട്ണറെ കൊലപ്പെടുത്തിയെന്ന് സച്ചിൻ സുഹൃത്തിനോട് പറഞ്ഞു.

എന്നാൽ, മദ്യലഹരിയിലായതിനാൽ തമാശ പറയുകയാണെന്നാണ് സുഹൃത്ത് ആദ്യം കരുതിയത്. അതിനാൽ തന്നെ കാര്യം ഗൗരവത്തിലെടുത്തില്ല. എന്നാൽ, അടുത്തദിവസം സച്ഛിൻ ഇതേ കാര്യം വീണ്ടും സുഹൃത്തിനോട് പറഞ്ഞു. ഇതോടെ കാര്യത്തിൻറെ ഗൗരവം മനസിലാക്കിയ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സച്ചിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാടക വീട്ടിൽ നിന്നും റിഥികയുടെ മൃതദേഹവും കണ്ടെത്തി. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊലനടന്നസ്ഥലത്ത് നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ബെംളൂരുവിലും ലിവിങ് പാർട്ണറെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായിരുന്നു. ബെംഗളൂരു ഹുളിമാവിൽ താമസിക്കുന്ന ആശ (40) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആശയ്ക്കൊപ്പം കഴിഞ്ഞിരുന്ന മുഹമ്മദ് ഷംസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ 1.45ന് മാലിന്യ ട്രക്കിലേക്ക് വീട്ടിലെ മാലിന്യം ഉപേക്ഷിക്കാനെത്തിയ സോഫ്റ്റ്‍വെയർ എഞ്ചിനീയറായ മുഹമ്മദ് മുസ്തഫ എന്ന യുവാവാണ് ചാക്കിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

മാലിന്യം ശേഖരിക്കുന്ന ട്രക്കിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ ബെംഗളൂരു പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പൊലീസിന് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു. അസ്സം സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീനാണ് (33) കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഒന്നര വർഷത്തിലധികമായി ആശയും ഷംസുദ്ദീനും വാടക വീട്ടിൽ ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.

സിദ്ധാർത്ഥന്റെ മരണത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി; നഷ്ടപരിഹാര തുക സർക്കാർ 10 ദിവസത്തിനുള്ളിൽ കെട്ടിവയ്ക്കണമെന്ന് നിർദേശം

കൊച്ചി: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ കുടുംബത്തിനുള്ള നഷ്ടപരിഹാരമായി മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ സർക്കാർ കെട്ടിവെക്കാൻ ഹൈക്കോടതി നിർദേശം. 10 ദിവസത്തിനുള്ളിൽ തുക കെട്ടിവയ്ക്കണം എന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഏഴ് ലക്ഷം രൂപ നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി കോടതിയുടെ മുന്നിലാണ്. മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഹർജി സമർപ്പിക്കാൻ സർക്കാർ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥനെ പൂക്കോട് വെറ്റിനറി കോളേജിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് വരുത്താൻ പൊലീസ് ധൃതിപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹതയായിരുന്നു. മരിച്ച സിദ്ധാർത്ഥൻറെ ദേഹത്ത് കണ്ട മുറിവുകളും കോളേജ് അധികൃതരുടെ അസ്വാഭാവികമായി പെരുമാറ്റവും മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥൻറെ വീട്ടുകാർ പരാതി നൽകുന്നതിൽ എത്തിച്ചു. കോളേജിലെ പൊതുദർശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോൾ കോളേജിൽ വച്ച് ആംബുലൻസിലേക്ക് ഒരാൾ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാർത്ഥൻ ഇരയായെന്ന വിവരം വീട്ടുകാർ അറിയാൻ ഇടയാക്കിയത്.

പതിനാറാം തീയ്യതി മുതൽ എസ്എഫ്ഐ പ്രവർത്തകരടക്കമുള്ളവരിൽ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാർത്ഥൻ ക്രൂരമായി മർദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെൽറ്റും മൊബൈൽഫോൺ ചാർജറുകളും വച്ച് അടിക്കുകയും ശരീരത്തിൽ പലതവണ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്ന വരുത്തി തീർക്കാൻ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോൾ പ്രതികളെ രക്ഷിക്കാൻ ഹോസ്റ്റൽ വാർഡനും ഡീനും പ്രയത്നിച്ചു. എസ്എഫ്ഐ പ്രവർത്തകരായ പ്രതികളെ സഹായിക്കുന്നതായിരുന്നു സർക്കാർ നിലപാടുകൾ. ഒടുവിൽ സമ്മർദ്ദം ശക്തമായതോടെയാണ് കേസിൽ നടപടികൾ ഉണ്ടായത്.

‘നിതിൻ അഗർവാളിനെ പിണറായി ഒഴിവാക്കിയത് മോദിക്ക് അനഭിമതനായതിനാൽ, ബിജെപിയുമായുള്ള രണ്ടാം ഡീലാണ് പുതിയ ഡിജിപി നിയമനം’ :കെസി വേണുഗോപാൽ

കണ്ണൂർ: പുതിയ ഡിജിപി നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി രംഗത്ത്. മോദി സർക്കാരിന് അനഭിമതനായത് കൊണ്ടാണ് ഡിജിപി പട്ടികയിൽ ഒന്നാം പേരുകാരനായ നിതിൻ അഗർവാളിനെ പിണറായി സർക്കാർ ഒഴിവാക്കിയതെന്നും കേന്ദ്രസർക്കാരുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായാണ് റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഡിജിപി പട്ടികയിലുള്ള പേരുകാരായ നിതിൻ അഗർവാളും യോഗേഷ് ഗുപ്തയും മികച്ച ഉദ്യോഗസ്ഥരാണ്. നിതിൻ അഗർവാളിനെ മോദിക്കും കേന്ദ്രസർക്കാരിനും ഇഷ്ടമല്ല. അദ്ദേഹത്തെ ബിഎസ്എഫ് ഡയക്ടർ ജനറൽ സ്ഥാനത്ത് നിന്നും നീക്കിയതും അതേ അനിഷ്ടത്തിന്റെയും അഭിപ്രായ വ്യത്യാസത്തിന്റെയും ഭാഗമാണ്. അതുതന്നെയാണ് പിണറായി സർക്കാർ നിതിൻ അഗർവാളിനെ ഒഴിവാക്കിയതിലെ അയോഗ്യത. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ഉദ്യോഗസ്ഥനാണ് നിതിൻ അഗർവാൾ. താൻ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ അദ്ദേഹം എസ് പിയായിരുന്നു.സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.പിണറായി സർക്കാരിന് അങ്ങനെയുള്ളവരെ വേണ്ട. പുതിയ ഡിജിപി റവാഡ ചന്ദ്രശേഖർ പ്രധാനമന്ത്രിക്ക് വേണ്ടപ്പെട്ട വ്യക്തിയാണ്. ഇന്റലിജെൻസ് ബ്യൂറോ സ്‌പെഷ്യൽ ഡയറക്ടർ പദവിയും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയും വഹിച്ചിരുന്ന റവാഡ ചന്ദ്രശേഖറെ സംസ്ഥാന ഡിജിപിയായി നിയമിച്ചതിലൂടെ ബിജെപിയുമായി സിപിഎമ്മും മുഖ്യമന്ത്രിയും നടത്തിയ രണ്ടാമത്തെ ഡീലാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.

സ്വന്തം തടിരക്ഷിക്കാൻ മുഖ്യമന്ത്രി കൂത്തുപറമ്പ് രക്തസാക്ഷികളെ മറന്നു. പുതിയ ഡിജിപിയോട് വ്യക്തിപരമായി തനിക്ക് വിയോജിപ്പില്ല. പക്ഷെ അദ്ദേഹത്തിനെതിരെ സിപിഎം മുൻപ് ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. അതെല്ലാം ശരിയെന്നാണ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ കുടുംബത്തെ സിപിഎം വിശ്വസിപ്പിച്ചിരുന്നത്.അതിൽ നിന്ന് വ്യതിചലിച്ചതിന്റെ കാരണം ചികഞ്ഞാൽ ഇപ്പോഴത്തെ ഡിജിപി നിയമനത്തിൽ ചില ദുരൂഹത കണ്ടെത്താൻ കഴിയും.പി.ജയരാജന്റെത് സ്വാഭാവിക പ്രതികരണമാണ്. എന്നാൽ സിപിഎമ്മിലെ മറ്റുനേതാക്കൾ ഭയന്ന് പ്രതികരിക്കുന്നില്ല. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്ന് റവാഡ ചന്ദ്രശേഖരനെതിരെ ഉന്നയിച്ച ആരോപണം സിപിഎമ്മിന് പറ്റിയ തെറ്റായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആർജ്ജവം കാണിക്കണമെന്നും വേണുഗോപാൽ പറഞ്ഞു.

കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്

കൊല്ലം: എഐഎസ്എഫ് കൊല്ലം ജില്ലാ നേതാക്കളെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്‌ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ ആരോപിച്ചു.
കലാലയങ്ങളിൽ ആക്രമ രാഷ്ട്രീയം ഏറ്റവും കൂടിയ ജില്ലയായി കൊല്ലം മാറി. എഐഎസ്എഫ് കോളജുകൾക്ക് മുന്നിൽ വെച്ച കൊടി തോരണങ്ങൾ ലഹരി സംഘങ്ങൾ നശിപ്പിച്ചു. പല കോളജുകളിലും സംഘർഷമുണ്ടായി തുടങ്ങിയ ആരോപണങ്ങൾ എഐഎസ്എഫ് ഉന്നയിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അതുൽ ആണ് ജില്ലാ നേതാക്കളെ മർദിക്കാൻ വേണ്ട തിരക്കഥ ഉണ്ടാക്കിയതെന്നും ചെല്ലും ചിലവും കൊടുത്ത് വളർത്തുന്ന ഗുണ്ടകൾ എസ്എഫ്‌ഐക്ക് ഉണ്ടെന്നും എഐഎസ്എഫ് ആരോപിച്ചു.

ജനാധിപത്യപരമായി പ്രവർത്തനം നടത്തുന്ന സംഘടനയാണ് എഐഎസ്എഫെന്നും എസ്എൻ കോളജിലെ യൂണിറ്റ് പ്രസഡന്റ്. സെക്രട്ടറി എന്നിവരാണ് ടികെഎം കോളജിൽ എത്തി പ്രശ്‌നമുണ്ടാക്കിയതെന്നും എഐഎസ്എഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എട്ടു ദിവസങ്ങള്‍ക്കുള്ളിൽ സന്ദര്‍ശിക്കുന്നത് അഞ്ച് രാജ്യങ്ങള്‍, ആദ്യമെത്തുക ഘാനയിൽ; പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് നാളെ തുടക്കം

ന്യൂഡൽഹി: അഞ്ചു രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു നാളെ തുടക്കം. എട്ടു ദിവസത്തെ സന്ദർശനത്തിൽ നാളെ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കൻ രാജ്യമായ ഘാനയിലെത്തും. പിന്നീട് ട്രിനിഡാഡ് അൻറ് ടൊബാഗോ, അർജൻറീന എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിൽ എത്തും.

പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിർദേശം ഇന്ത്യ മുന്നോട്ടു വെച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കർശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ അറിയിക്കും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും ഉചകോടിയിൽ പങ്കെടുക്കുന്നില്ല.

ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. 30വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഫ്രിക്കയിലെ ഘാന സന്ദര്‍ശിക്കുന്നത്. ജൂലൈ രണ്ട്, മൂന്ന് തീയതികളിലായിരിക്കും മോദിയുടെ ഘാന സന്ദര്‍ശനം. ഘാന സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലേക്ക് പോകും.

26 വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശനമാണിത്. ഇതിനുശേഷം ജൂലൈ ആറ്, ഏഴ് തീയതികളിലായിരിക്കും ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുക. ജൂലൈ ഒമ്പതിനായിരിക്കും നമീബയിലെത്തുക. വിവിധ രാജ്യങ്ങളിലെ സന്ദർശനത്തിൽ പ്രധാനപ്പെട്ട ധാരണാപത്രങ്ങൾ പ്രധാനമന്ത്രി ഒപ്പ് വയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.