Home Blog Page 857

പത്തനംതിട്ടയിൽ ട്യൂഷൻ ക്ലാസിലെത്തിയ എട്ടാം ക്ലാസുകാരിയെ കൊണ്ട് കണക്ക് അധ്യാപകൻ കാല് തിരുമ്മിച്ചു, ലൈംഗിക അതിക്രമം; 62 കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ട്യൂഷൻ ക്ലാസിൽ വെച്ച് കുട്ടിയെക്കൊണ്ട് കാലുകൾ തിരുമ്മിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത അധ്യാപകൻ അറസ്റ്റിൽ. കിടങ്ങന്നൂർ സെന്റ് മേരീസ് കോളേജ് ട്യൂഷൻ സെന്റർ നടത്തിപ്പുകാരനും, ഗണിത അധ്യാപകനുമായ എബ്രഹാം അലക്സാണ്ടർ(62)ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെകൊണ്ട് ട്യൂഷൻ സെന്‍ററിൽ വച്ച് കൈ കാലുകൾ തിരുമ്മിക്കുകയും തുടർന്ന് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. അധ്യാപകൻ ട്യൂഷൻ സെന്‍ററിൽ കുട്ടികളെക്കൊണ്ട് കൈകാലുകളും തോളും എല്ലാ ദിവസവും തിരുമ്മിക്കാറുണ്ട് എന്ന് കുട്ടി നൽകിയ മൊഴിയിൽ പറയുന്നു.

കഴിഞ്ഞ മാസം 28ന് വൈകിട്ട് നാലരയോടെയാണ് പരാതി നൽകിയ കുട്ടിയെ അധ്യാപകൻ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. വൈകിട്ട് അഞ്ച് മുതൽ 6.30 വരെയാണ് ട്യൂഷൻ. ക്ലാസിലേക്ക് നേരത്തെ എത്തിയ കുട്ടിയെകൊണ്ട് അലക്സാണ്ടർ കാലുകൾ തിരുമ്മിച്ചു. കുട്ടി തിരുമ്മിക്കൊണ്ടിരുന്നത് നിർത്തിയപ്പോൾ തുടയിൽ തിരുമ്മാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ കണക്ക് ചെയ്തുകൊണ്ടിരുന്ന കുട്ടിയോട് തന്റെ രഹസ്യ ഭാഗങ്ങളിൽ അമർത്താൻ ആവശ്യപ്പെടുകയായിരുന്നു. അതിനും തയാറാകാതിരുന്നപ്പോൾ കുട്ടിയെ കടന്നുപിടിക്കുകയും, ബലം പ്രയോഗിച്ച് ചൂഷണത്തിനിരയാക്കുകയുമായിരുന്നു.

ക്ലാസ് കഴിഞ്ഞ് പോകാൻ നേരം കുട്ടിയെ കെട്ടിപ്പിടിച്ച് വീട്ടിൽ ഈ വിവരം പറയരുതെന്ന് ആവശ്യപ്പെടുകയും, തങ്ങൾക്കെന്നും പരസ്പരം നല്ല സുഹൃത്തുക്കളായി തുടരാം എന്നും മറ്റും പറഞ്ഞു. എന്നാൽ വീട്ടിലെത്തിയ കുട്ടി പിതാവിനോട് വിവരങ്ങൾ ധരിപ്പിച്ചു. അച്ഛൻ ചൈൽഡ് ലൈനിൽ വിളിച്ച് അറിയിച്ചത് പ്രകാരം, ആറന്മുള പൊലീസ് വിവരമറിയുകയും, വനിതാ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴിരേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന്,ആറന്മുള എസ് ഐ വി. വിഷ്ണു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എബ്രഹാം അലക്സാണ്ടറെ ട്യൂഷൻ സെന്ററിൽ നിന്നും കസ്റ്റഡിയിലെടുത്തു. ഇയാൾ കഴിഞ്ഞ ഒന്നര വർഷമായി കിടങ്ങന്നൂർ ജംഗ്ഷനിൽ ട്യൂഷൻ സെന്റർ നടത്തുകയാണ്. വർഷങ്ങളായി വിവിധ സ്ഥാപനങ്ങളിൽ കണക്ക് വിഷയത്തിൽ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട് ഇയാളെന്നും അന്വേഷണത്തിൽ വ്യക്തമായി.

തന്റെ ട്യൂഷൻ സെന്ററിൽ പഠിക്കുന്ന മറ്റ് രണ്ട് ആൺകുട്ടികളോടും പ്രതി മോശമായി പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഫോട്ടോ അയച്ചു കൊടുത്ത് കുട്ടി തിരിച്ചറിഞ്ഞതിനെ തുടർന്ന്,, കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും, ഇന്ന് രാവിലെ 11.30 മണിയോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് നിയമനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ് എച്ച് ഓ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്ഐമാരായ വിഷ്ണു, ഹരി കൃഷ്ണൻ, രാജേഷ് എന്നിവരും, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ താജുദീൻ, ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് വിഷ്ണു, ശ്രീജിത്ത്‌ എന്നിവരാണ് ഉണ്ടായിരുന്നത്.

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം. കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡയ്‌ക്ക് പങ്കില്ലെന്ന് എം. വി. ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവെപ്പ് നടത്തിയത് യു ഡി എഫ് സർക്കാർ. സംഭവത്തിന്‌ രണ്ട് ദിവസം മുൻപ് മാത്രമാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. ഹക്കിം ബത്തേരിയും ടി ടി ആന്റണിയുമാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. കെ. സി വേണുഗോപാലിന്റെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. പി. ജയരാജൻ ഡിജിപി നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; റെയിൽവേ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ, പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ചാർജ് വർധിപ്പിച്ചത്. എസി കോച്ചുകളിൽ കിലോ മീറ്ററിന് രണ്ട് പൈസ വീതവും നോൺ-എ സി സ്ലീപ്പർ, ജനറൽ കോച്ചുകളിൽ കിലോ മീറ്ററിന് ഒരു പൈസ വീതവുമാണ് വർധിച്ചത്.

വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകൾക്കും നിരക്ക് വർധന ബാധകമാണ്. പാസഞ്ചർ ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ 500 കിലോ മീറ്ററിന് മുകളിലേക്കുള്ള യാത്രക്ക് മാത്രമാണ് വർധന. എക്സ്പ്രസ് ട്രെയിനിൽ 1000 കിലോമീറ്റർ സഞ്ചരിക്കാൻ നോൺ എ സി കോച്ചിൽ 10 രൂപയും എ സി കോച്ചിൽ 20 രൂപയും അധികം നൽകണം. അതേസമയം മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകൾക്കും സീസൺ ടിക്കറ്റുകാർക്കും നിരക്ക് വർധന ബാധകമല്ല.

നിരക്ക് വർധന ടിക്കറ്റ് തുകയിലെ മാറ്റങ്ങള്‍

200 കിലോമീറ്റർ വരുന്ന സ്ലീപ്പർ ടിക്കറ്റിന്റെ നിരക്ക് 145 രൂപ ആയിരുന്നത് 150 ആകും.
300 കിലോമീറ്റർ ദൂരത്തിലുള്ള തേർഡ് എസി ടിക്കറ്റ് നിരക്ക് 505 രൂപ ആയിരുന്നത് 510 ആകും.
300 കിലോമീറ്റർ ദൂരത്തിലുള്ള സെക്കൻഡ് എസി നിരക്ക് 710 രൂപ ആയിരുന്നത് 715 ആകും.
150 കിലോമീറ്റർ എസി ചെയർ കാർ നിരക്ക് 265 രൂപ ആയിരുന്നത് 270 ആകും.
തിരുവനന്തപുരം കണ്ണൂർ എക്സ്പ്രസ് സ്ലീപ്പർ നിരക്ക് 290 ആയിരുന്നത് ഇനി 295 രൂപ.
തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് സ്ലീപ്പർ നിരക്ക് 460 രൂപ ആയിരുന്നത് ഇനി 470 ആകും.
തിരുവനന്തപുരം ബംഗളൂരു എക്സ്പ്രസ് സ്ലീപ്പർ നിരക്ക് 430 ആയിരുന്നത് 440 ആകും.

മറ്റ് മാറ്റങ്ങള്‍

തത്കാൽ ടിക്കറ്റുകൾക്ക് ആധാർ കാർഡ് ഓതെന്റിക്കേഷൻ നിർബന്ധം. ഓൺലൈൻ ടിക്കറ്റ് എടുക്കണമെങ്കിൽ ഐ ആർ സി ടി സി അക്കൗണ്ടുമായി ആധാർ കാർഡ് ലിങ്ക് ചെയ്യണം
പുതുതായി പാൻ കാർഡ് എടുക്കണമെങ്കിൽ ഇന്ന് മുതൽ ആധാർ കാർഡ് നിർബന്ധം. ഇതുവരെ മറ്റ് ഐ ഡി പ്രൂഫ് നൽകി ആധാർ എടുക്കാമായിരുന്നു. പ്രത്യക്ഷ നികുതി ബോർഡിൻറെ പുതിയ ചട്ടം ജൂലൈ ഒന്നിന് നിലവിൽ വന്നു.
ജി എസ് ടി റിട്ടേൺ സമർപ്പിക്കുന്ന രീതിയിലും മാറ്റങ്ങൾ ഉണ്ട്. GSTR 3B ഫോമുകളിൽ സമർപ്പിച്ച് കഴിഞ്ഞാൽ ഇനി എഡിറ്റിംഗ് സാധ്യമല്ല. നികുതി അടയ്‌ക്കേണ്ട തിയതി കഴിഞ്ഞ് മൂന്നു വർഷത്തിനുള്ളിൽ റിട്ടേൺ ഫയൽ ചെയ്യണം എന്ന നിബന്ധനയും നിലവിൽ വന്നു
വിവിധ ബാങ്കുകൾ ക്രെഡിറ്റ് കാർഡ് സർവീസ് ചാർജുകളിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഐ സി ഐ സി ഐ ബാങ്ക് എ ടി എം ഉപയോഗിക്കാനുള്ള ചാർജ് വർധിപ്പിച്ചു.

ലോ കോളേജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ പ്രതികൾ മുൻകൂട്ടി പദ്ധതി ഇട്ടിരുന്നു

കൊൽക്കത്ത. ലോ കോളേജിലെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ പ്രതികൾ മുൻകൂട്ടി പദ്ധതി ഇട്ടിരുന്നതായി പോലീസ്.
പ്രതികൾക്കെതിരെ നേരത്തെയും ലൈംഗിക പീഡന പരാതികൾ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.വിദ്യാർത്ഥിനി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.

കൊൽക്കത്തയിലെ നിയമ വിദ്യാർത്ഥിനി കോളേജിൽ പ്രവേശനം നേടിയ ആദ്യദിവസം മുതൽ തന്നെ മുഖ്യപ്രതി മനോജിത് മിശ്ര പെൺകുട്ടിയെ ലക്ഷ്യമിട്ടിരുന്നു. വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ പ്രതികൾ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
പ്രതികൾക്കെതിരെ നേരത്തെയും ലൈംഗിക പീഡന പരാതികൾ ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
കോളേജിലെ 17 ഓളം വിദ്യാർത്ഥികളിൽ
നിന്ന് അന്വേഷണസംഘം വിവരങ്ങൾ തേടി. കേസിലെ മറ്റു പ്രതികൾ തന്നെ ഭീഷണിപ്പെടുത്തിയാണ് കോളേജിലെ പ്രധാന കവാടം അടപ്പിച്ചതെന്നും തന്നെ തടങ്കലിൽ വച്ചിരുന്നതായും അറസ്റ്റിലായ കോളേജിലെ സെക്യൂരിറ്റി ഗാർഡ് പോലീസിന് മൊഴി നൽകി.
വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.
കേസിൽ അറസ്റ്റിൽ ആയ സായിബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവർ കോളേജിലെ വിദ്യാർഥികൾ ആണ്. ഇരുവരെയും പുറത്താക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി.

ജൂലൈ 9ലെ ദേശീയപണിമുടക്ക്: സ്വാഗതസംഘം രൂപീകരിച്ചു

ശാസ്താംകോട്ട:ജൂലൈ 9ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.ഇതിൻ്റെ ഭാഗമായി 7ന് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിളംബരജാഥകളും പന്തം കൊളുത്തി പ്രകടനം നടത്തുകയും,പണിമുടക്ക് ദിവസം രാവിലെ ശാസ്താംകോട്ടയിൽ പ്രകടനവും നടത്താനും യോഗം തീരുമാനിച്ചു.ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു.യുഡിറ്റിഎഫ് (ഐക്യട്രേഡ് യൂണിയൻ) കുന്നത്തൂർ താലൂക്ക് കമ്മിറ്റി ചെയർമാൻ തടത്തിൽ സലീം അധ്യക്ഷത വഹിച്ചു.വൈ.ഷാജഹാൻ, (ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം),യുറ്റിയുസി നേതാവ്. ജി.തുളസീധരൻ പിള്ള,എസ്ടിയു നേതാവ് പറമ്പിൽ സുബൈർ കുട്ടി,തുണ്ടിൽ നിസാർ,ഹരിമോഹൻ പി.ആർ,ചെല്ലപ്പൻ ഇരവി,സാവിത്രി,രമേശൻ പിള്ള,മുഹമ്മദ് ഹുസൈൻ എന്നിവർ സംസാരിച്ചു

അധ്യാപക ഒഴിവ്

പോരുവഴി:ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 11ന് നടക്കുന്ന ഇൻ്റർവ്യൂവിന് എത്തണമെന്ന് ഹെഡ്മാസ്റ്റർ സതീഷ് എം.എസ് അറിയിച്ചു.

പടിഞ്ഞാറെകല്ലടയിൽ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണ പദ്ധതിആരംഭിച്ചു


പടിഞ്ഞാറേകല്ലട.പ്രീ പ്രൈമറി മുതൽ ഏഴാംക്ലാസ്വരെയുള്ള കുട്ടികൾക്ക് നൽകിവരുന്ന പ്രഭാതഭക്ഷണ പദ്ധതിക്കു തുടക്കമായി. വെസ്റ്റ്കല്ലട എൽ പി സ്കൂളിൽ പഞ്ചായത്ത്‌തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ സുധീർ, ജെ അംബികകുമാരി, പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു, ഓമനക്കുട്ടൻപിള്ള, പി ടി എ പ്രസിഡന്റ് ഷാനവാസ്‌, ഹെഡ്മിസ്ട്രസ് മിനി ഭാസുരാങ്കൻ, വത്സലകുമാരി എന്നിവർ ആശംസകൾ നേർന്നു.

ഇന്ത്യയോടുള്ള വെല്ലുവിളി നേരിടാൻ അടിയന്തരാവസ്ഥ അനിവാര്യമായിരുന്നു, ആർ ചന്ദ്രശേഖരൻ

പടിഞ്ഞാറേകല്ലട. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ അമേരിക്കയുടെ സമ്പൂര്‍ണ്ണ പിന്തുണയോടെ നടത്താനിരുന്ന വലിയ അട്ടിമറിയെയാണ് അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി നേരിട്ടത്.

‘1972 ലെ ഇന്ത്യാ പാക്ക് യുദ്ധത്തിലെ വിജയവും, ഇതേ തുടര്‍ന്നുള്ള ബംഗ്‌ളാദേശ് രൂപീകരണവും ഇന്ദിരാഗാന്ധിയെ പ്രശസ്തിയുടെ പരകോടിയില്‍ എത്തിച്ച കാലമായിരുന്നു അത്. 1971 ലെ ഇന്‍ഡ്യാ സോവിയറ്റ് യൂണിയന്‍ കരാര്‍ നിലവില്‍ വന്നതോടെ എന്ത് വിലകൊടുത്തും ഇന്ദിരാഗാന്ധിയെ അധികാരത്തില്‍ നിന്നും പുറം തള്ളണമെന്ന് അമേരിക്കയും, അമേരിക്കന്‍ ചാര സംഘടനയായ സി ഐ ഐ യും തിരുമാനിച്ചു. 1974 ല്‍ ഇന്ത്യ വിജയകരമായി രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടത്തിയ ആണവ പരീക്ഷണം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചിരുന്നു. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിന് പിന്നിലും സോവിയേറ്റ് യൂണിയന്റെ കൈ അമേരിക്ക സംശയിച്ചിരുന്നു. അമേരിക്കയുടെ ഇന്ത്യന്‍ നയം എന്ന ത് ഇന്ദിരാഗാന്ധിയെയും കോണ്‍ഗ്രസിനെയും അധികാരത്തില്‍ നിന്നും പുറംതള്ളുക എന്ന ഏക അജണ്ടയില്‍ കേന്ദ്രീകരിച്ചാണ്അമേരിക്ക അക്കാലത്ത്് പ്രവര്‍ത്തിച്ചിരുന്ന ത്. ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപ തന്നയായിരിന്നു ഇന്ത്യയുടെ ഭദ്രതയും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ഇന്ദിരയുടെ മുന്നിലുള്ള ഏക പോംവഴി.
INTUC പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സംഗമവും SSLC .+2 മെരിറ്റ് അവാർഡ് വിതരണവും ആദരിക്കൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം നൂറുകണക്കിന് ആളുകൾ പങ്കെടുത്ത യോഗത്തിൽ INTUC മണ്ഡലം പ്രസിഡന്റ് N ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. INTUC ജില്ലാ പ്രസിഡന്റ് എ.കെ ഹഫീസ് മുഖ്യപ്രഭാഷണം നടത്തി
INTUC സംസ്ഥാന നിർവ്വാഹകസമിതി അംഗങ്ങളായ തുണ്ടിൽ നൗഷാദ് . V വേണുഗോപാല കുറുപ്പ് , കോൺഗ്രസ്സ് ബ്ളോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, DCC സെക്രട്ടറി ബി.ത്രി ദീപ് കുമാർ നേതാക്കളായ സുരേഷ് ചന്ദ്രൻ , രാജപ്പൻ പിള്ള, ജയചന്ദ്രൻ പിള്ള, സുബ്രമണ്യൻ, റജില, വിപിൻ. കലാധരൻ പിളള, നിയാസ്, മോഹനകുമാരൻ കിരൺ, ഫിലിപ്പ് കൂട്ടി എനിവർ സംസാരിച്ചു.

മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഗേൾസ് ഹൈസ്കൂളിൽ വായന വാരാഘോഷം

മൈനാഗപ്പള്ളി. മീലാദേഷെരീഫ് ഗേൾസ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷവും പി എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. വായന വാരാഘോഷത്തിന്റെയും പി എൻ പണിക്കർ അനുസ്മരണത്തിന്റെയും ഉദ്ഘാടനം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഭരണസമിതി അംഗവും പാഠപുസ്തക സമിതി അംഗവുമായ എബി പാപ്പച്ചൻ നിർവഹിച്ചു വായനശാലയുടെ വിപുലീകരണം,സ്കൂൾ വായനശാലയിലെ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്കൊപ്പം രക്ഷകർത്താക്കൾക്കും വായിക്കുന്ന തരത്തിൽ വിതരണം ചെയ്യൽ എന്നിവ ഇതിന്റെ ഭാഗമായി നടന്നു. വായന മത്സരവും സാഹിത്യ ക്വിസും സംഘടിപ്പിച്ചു സ്കൂൾ പിടിഎ പ്രസിഡന്റ് ഐ ഷാനവാസ് യോഗത്തിന് അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റർ എബി ജോൺ സ്വാഗതം പറഞ്ഞു ആശംസകൾ അർപ്പിച്ചുകൊണ്ട് പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് ചാമവിള സഫിയ ബീവി ടീച്ചർ,കല്ലട ഗിരീഷ്, ഷൈന,മനാഫ് മൈനാഗപ്പള്ളി എന്നിവർ പ്രസംഗിച്ചു..

സംവിധായകന്‍ ആര്? വിസ്‍മയയുടെ അരങ്ങേറ്റ ചിത്രത്തിന്‍റെ പേരും സംവിധായകനെയും പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മകള്‍ വിസ്മയയുടെ അരങ്ങേറ്റ സിനിമയുടെ പേര് പ്രഖ്യാപിച്ച് മോഹന്‍ലാല്‍. തുടക്കം എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്.

“പ്രിയ മായക്കുട്ടി, ഈ തുടക്കം സിനിമയോട് ജീവിതകാലം മുഴുവന്‍ നീളുന്ന ഒരു സ്നേഹബന്ധമായി മാറട്ടെ”, തുടക്കത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തങ്ങളില്‍ നിന്ന് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാലിന്‍റെ ഒരു പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആയിരിക്കുമെന്നാണ് സിനിമാപ്രേമികള്‍ കരുതിയിരുന്നത്. മോഹന്‍ലാല്‍ ചിത്രം തുടരും നേടിയ വന്‍ വിജയത്തിന് പിന്നാലെ മകളുടെ സിനിമാ അരങ്ങേറ്റ ചിത്രത്തിന്‍റെ തുടക്കം എന്നായതും കൗതുകം.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ പക്ഷേ കലയുടെ ലോകത്ത് നേരത്തേ ഉണ്ട്. എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട് വിസ്മയ. ഇതിന്‍റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല. വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്‍റെ നായകനായുള്ള അരങ്ങേറ്റചിത്രം ആദി എന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലൂടെ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലാണ് പുറത്തെത്തിയത്. അതേസമയം മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 2018 അടക്കമുള്ള ജനപ്രിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്.