Home Blog Page 843

ഭാര്യയുടെ യുട്യൂബ് ചാനലിൽ ഭർത്താവിന്റെ അശ്ലീല കമന്റ്; ചോദ്യം ചെയ്തതിന് ക്രൂര മർദനമെന്ന് പരാതി

കാസർഗോഡ്: തന്റെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. നീലേശ്വരം തൈക്കടപ്പുറം സ്വദേശി സുജിതയുടെ പരാതിയിൽ ഭർത്താവ് രഘുവിനെതിരെ പൊലീസ് കേസെടുത്തു. തൈക്കടപ്പുറം സ്വദേശി സുജിതയെ വീട്ടിൽ വച്ചാണ് കഴിഞ്ഞദിവസം ഭർത്താവ് രഘു മർദ്ദിച്ചത്. തന്റെ യൂട്യൂബ് ചാനലിൽ ഭർത്താവ് അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. മർദ്ദന ദൃശ്യങ്ങൾ സഹിതം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

40 കാരി നൽകിയ പരാതിയിൽ ഭർത്താവ് രഘുവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കമന്റ് ഇട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ മുടിക്ക് കുത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. കുവൈത്തിൽ ജോലിക്കാരനാണ് രഘു. ഭർത്താവ് ചെലവിന് നൽകാത്തതിനാൽ ക്ലിനിക്കിലും ഫ്രൂട്സ് കടയിലും സുജിത ജോലിക്ക് നിന്നിരുന്നുവെങ്കിലും ഡിസ്ക്കിന് തകരാറുണ്ടായതിനെ തുടർന്ന് അധികനേരം നിന്നോ ഇരുന്നോ ജോലി ചെയ്യാൻ കഴിയാതെ വന്നു.

തുടർന്നാണ് യൂട്യൂബ് ചാനൽ തുടങ്ങി ചെറിയ രീതിയിലുള്ള വരുമാനം കണ്ടെത്താൻ തുടങ്ങിയത്. വീഡിയോയ്ക്ക് താഴെ സ്ഥിരമായി അശ്ലീല കമന്റ് പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെയാണ് ഭർത്താവിന്റെ നടപടി യുവതി ചോദ്യം ചെയ്തത്. അപ്പോഴാണ് ക്രൂര മർദ്ദനം ഉണ്ടായത്. നേരത്തേയും നിരവധി തവണ ഭർത്താവ് മർദിച്ചതായി യുവതി പറഞ്ഞു. 2023ൽ ഗാർഹിക പീഡനത്തിന് യുവതി കേസ് ഫയൽ ചെയ്തിരുന്നു.

കരമടയ്ക്കാൻ ചെന്നപ്പോൾ പ്രവാസി വനിതയുടെ കോടികൾ വിലമതിക്കുന്ന ഭൂമി മറ്റൊരാളുടെ പേരിൽ; തലസ്ഥാനത്ത് വൻ തട്ടിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് ജവഹർ നഗറിലെ പ്രവാസി വനിതയുടെ കോടികൾ വിലമതിക്കുന്ന ഭൂമി വ്യാജ ഇഷ്ടദാന കരാറുണ്ടാക്കി ഭൂ മാഫിയ തട്ടിയെടുത്ത് മറിച്ചുവിറ്റു. ഭൂ മാഫിയക്കുവേണ്ടി ഇടനിലക്കാരായി പ്രവർത്തിച്ച രണ്ട് സ്ത്രീകൾ പൊലീസിന്റെ പിടിയിലായി. പ്രവാസിയായ സ്ത്രീയുടെ വളർത്തുമകൾ ചമഞ്ഞ് വ്യാജരേഖയുണ്ടാക്കിയ മെറിൻ ജേക്കബ് എന്ന യുവതി സംഭവത്തിൽ മുഖ്യകണ്ണിയാണെന്ന് മ്യൂസിയം പൊലിസ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടുന്ന വൻ മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലിസ് നിഗമനം.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയി ഡോറ അസറിയ ക്രിസ്തിന് 10 മുറികള്ളുള്ള വീടും 14 സെൻറ് വസ്തുവുമാണ് ജവഹർ നഗറിലുണ്ടായിരുന്നത്. ഈ ഭൂമി നോക്കിനടത്താൻ ഒരു ബന്ധുവിനെയാണ് ഡോറ ഏൽപ്പിച്ചിരുന്നത്. ഭൂമിയുടെ കരമടക്കാൻ ബന്ധുവായ അമൃത്നാഥ് പോൾ വില്ലേജ് ഓഫീസിനെ സമീപിച്ചപ്പോൾ മറ്റൊരാളുടെ ഉടമസ്ഥതയിലേക്ക് മാറ്റിയെന്നാണ് അറിഞ്ഞത്. അമൃത് നാഥ് നൽകിയ പരാതിയിലാണ് മ്യൂസിയം പൊലിസ് കേസെടുത്തത്.

കവടിയാർ വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം ഡോറയുടെ വളർത്തുമകൾ മെറിൻ ജേക്കബിന് ഭൂമിയും വീടും ഇഷ്ടദാനമായി എഴുതി നൽകി രജിസ്റ്റർ ചെയ്തിരുന്നു. തനിക്ക് വളർത്തുമകളില്ലെന്നും അടുത്തിടെ നാട്ടിലെത്തിയിരുന്നില്ലെന്നും ഡോറ മ്യൂസിയം എസ്എച്ച്ഒ വിമലിനെ രേഖാമൂലം അറിയിച്ചു. ഇതോടെയാണ് വൻ റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്. കൊല്ലം സ്വദേശി മെറിൻ ഇഷ്ടദാനമായി വാങ്ങിയ ഭൂമി കോൺഗ്രസിന്റെ പ്രാദേശിക നേതാവ് അനിൽ തമ്പിയുടെ ഭാര്യ പിതാവ് രാജസേനൻ എന്നയാൾക്കാണ് വിറ്റത്. അഞ്ചുകോടിയലധികം രൂപ വിലവരുന്ന വസ്തു ഒന്നരകോടിക്കാണ് വിലയാധാരം ചെയ്തത്.

ഇഷ്ടദാനത്തിനായി ഉപയോഗിച്ച രേഖകളെല്ലാം വ്യാജമാണെന്ന് പൊലിസ് കണ്ടെത്തി. രണ്ടുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ ഡോറയായി ആൾമാറാട്ടം നടത്തിയ രജിസ്ട്രേഷൻ ഓഫീസിലെത്തി ഇഷ്ടദാന രേഖകളിൽ ഒപ്പിട്ടത് മണ്ണന്തല മുക്കോല സ്വദേശിയായ വസന്തയാണെന്ന് കണ്ടെത്തി. ക്യാൻസർ രോഗിയായ വസന്തക്ക് ഭൂമി മാഫിയ പണം നൽകിയാണ് ആൾമാറാട്ടത്തിന് ഉപയോഗിച്ചത്. ഭൂ മാഫിയ സംഘത്തിലെ കണ്ണിയാണ് വളർത്തുമകളെന്ന് വ്യാജേന ഇഷ്ടദാനം എഴുതിവാങ്ങിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

വിദേശത്തേക്ക് പോയ മെറിനുവേണ്ടി പൊലിസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. യൂറോപ്പിൽ നിന്ന് ഇന്നലെ വിമാനത്താവളത്തിലെത്തിയ മെറിനെയും പൊലിസ് പിടികൂടി. തലസ്ഥാനത്ത് പ്രവർത്തിക്കുന്ന വൻ ഭൂമാഫിയ സംഘവും ഉദ്യോഗസ്ഥരും ചേർന്നുള്ള സംഘമാണ് കോടികൾ വിലമതിക്കുന്ന പ്രവാസിയുടെ ഭൂമി തട്ടിയെടുത്തതെന്ന് പൊലിസ് പറയുന്നു.

രജിസ്ട്രേഷന് പിന്നിൽ പ്രവർത്തിച്ച വെണ്ടറും ഭൂമി വാങ്ങിയവരും ഉൾപ്പെടെ ഒളിവിലാണെന്നും പൊലിസ് പറയുന്നു. മതിയായ രേഖകളില്ലാതെ എങ്ങനെ ഭൂമി വാങ്ങിയതെന്നാണ് ഭൂമി വാങ്ങിയവരെ സംശയത്തിലാക്കുന്നത്. വീടുവാങ്ങിയവർ പണിയും നടത്തി തുടങ്ങി. പൊലിസ് ഇടപെട്ട് ജോലി നിർത്തിവച്ചു. ഇനിയും മാഫിയ സംഘത്തെ അറസ്റ്റ് ചെയ്യാനുണ്ട്.

മറ്റൊരു യുവാവുമായി സംസാരിച്ച് നിൽക്കുന്നത് കണ്ടു, കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

ചെന്നൈ: തമിഴ്‌നാട്ടിലെ ആവഡി ജില്ലയിൽ വിടുതലൈ ചിരുതൈഗൽ കച്ചി അംഗമായ വനിതാ കൗൺസിലറെ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മറ്റൊരാളുമായി ​ഗോമതി സംസാരിക്കുന്നത് കണ്ട ഭർത്താവ് സ്റ്റീഫൻ രാജ് സ്ഥലത്തെത്തുകയും പ്രശ്നമുണ്ടാക്കുകയും ചെയ്തു. സ്റ്റീഫൻ രാജ് കത്തിയെടുത്ത് ഗോമതിയെ ആക്രമിച്ചു. ഗോമതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെത്തുടർന്ന് സ്റ്റീഫൻ രാജ് തിരുനിന്റവൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.

പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം 27 വയസ്സുള്ള ക്ഷേത്ര കാവൽക്കാരനായ അജിത് കുമാറിന്റെ കസ്റ്റഡി മരണം സംസ്ഥാനത്തെ പിടിച്ചുകുലുക്കുകയും ദേശീയ തലത്തിൽ വാർത്തകളിൽ ഇടം നേടുകയും ചെയ്തു. ജൂൺ 30 ന്, ചെന്നൈയിലെ പൊന്നേരിയിൽ 22 വയസ്സുള്ള നവവധു സ്ത്രീധന പീഡനം മൂലം വിവാഹിതയായി മൂന്ന് ദിവസത്തിനുള്ളിൽ ആത്മഹത്യ ചെയ്തു. ലോകേശ്വരിയാണ് മരിച്ചത്. സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് അവർ ആത്മഹത്യ ചെയ്തത്.

ഗുരുവായൂരിലെ ലോഡ്ജുകളിൽ നിന്ന് പൈപ്പിൽ ഭൂമിക്കടിയിലൂടെ പ്ലാൻറിലെത്തിക്കുന്നതിന് പുറമേ ടാങ്കറിലും മാലിന്യമെത്തിക്കാൻ തീരുമാനം, പ്രതിഷേധം

തൃശൂർ: ഗുരുവായൂരിലെ ലോഡ്ജുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം ടാങ്കർ ലോറിയിൽ ചക്കം കണ്ടം സെപ്റ്റേജ് ട്രീറ്റ്മെൻറ് പ്ലാൻറിലെത്തിച്ച് സംസ്കരിക്കാനുള്ള നഗരസഭ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിട്ട് കോൺഗ്രസ്. ഭരണസമിതിയെ നയിക്കുന്ന സി പി എം തീരുമാനം നടപ്പിലാക്കുന്നത് പരസ്യമായി എതിർക്കുന്ന സി പി ഐ നിലപാട് ഇരട്ടത്താപ്പാണെന്നും കോൺഗ്രസ് തൈക്കാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയിലൂടെ ക്ഷേത്രനഗരിയിലെ ലോഡ്ജുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം പൈപ്പിൽ ഭൂമിക്കടിയിലൂടെ ചക്കംകണ്ടത്തുള്ള പ്ലാൻറിലെത്തിച്ച് സംസ്ക്കരിക്കുകയാണ് ചെയ്യുന്നത്. ഇതിന് പുറമേ വാഹനത്തിൽ ശേഖരിച്ച് കൊണ്ട് വന്ന് സംസ്കരിക്കാനും കൗൺസിൽ തീരുമാനിച്ചു. നഗരത്തിലെ മാലിന്യം തൈക്കാട് മേഖലയിൽ കൊണ്ടുവന്ന് സംസ്കരിക്കുന്നതിൽ നാട്ടുകാർക്ക് കടുത്ത എതിർപ്പാണുള്ളത്. തൈക്കാട് പ്രദേശത്തെ നഗരത്തിന്റെ മാലിന്യത്തൊട്ടി ആക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പ്ലാൻറ് പ്രവർത്തിക്കാതെ മാലിന്യം നേരിട്ട് ചക്കം കണ്ടം കായലിലേക്ക് ഒഴുക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇത് മൂലം കടുത്ത ദുരിതത്തിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

ഈ സാഹചര്യത്തിൽ വാഹനത്തിലും മാലിന്യം കൊണ്ടുവരുന്നത് കൂടുതൽ ദുരിത പൂർണ്ണമാക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർക്കൊപ്പമാണ് വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ എം ഷെഫീർ. ഭരണകക്ഷിയായ സി പി എം നടപ്പിലാക്കുന്ന തീരുമാനത്തിനെതിരെ ഷെഷീറിനൊപ്പം സി പി ഐയിലെ മറ്റ് നാല് കൗൺസിലർമാർ കൂടി കൗൺസിലിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നാണ് കോൺഗ്രസിൻറെ ആരോപണം.

പദ്ധതിയെ എതിർക്കുന്നുവെങ്കിൽ ഭരണപക്ഷ പിന്തുണ ഉപേക്ഷിച്ച് സമരക്കാരോടൊപ്പം നിൽക്കാൻ സി പി ഐ തയ്യാറാക്കണമെന്ന് കോൺഗ്രസ് തൈക്കാട് മണ്ഡലം ജനറൽ സെക്രട്ടറി എം വി ബിജു ആവശ്യപ്പെട്ടു. പ്രദേശവാസികൾക്കുള്ള എതിർപ്പ് ഉന്നതതല യോഗം വിളിച്ച് പരിഹരിക്കാൻ തീരുമാനിച്ചെങ്കിലും നടപടിയായിട്ടില്ല. വാഹനത്തിൽ മാലിന്യം കൊണ്ടുവന്ന് സംസ്ക്കരിക്കാൻ ശ്രമിച്ചാൽ ശക്തമായ സമരപരിപാടിയുമായി നേരിടുമെന്ന് കോൺഗ്രസ് തൈക്കാട് മണ്ഡലം പ്രസിഡണ്ട് ബി വി ജോയ് പറഞ്ഞു.

ജൂലൈ അഞ്ച്, എല്ലാ കണ്ണുകളും ജപ്പാനിലേക്ക്, റയോ തത്സുകിയുടെ പ്രവചനം സത്യമാകരുതേ…

ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ പ്രവചനം സത്യമാകരുതേയെന്ന പ്രാർഥനയിൽ ലോകം. ജപ്പാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം ഭൂകമ്പമാണ് ഉണ്ടായത്. ജൂണ്‍ 23ന് മാത്രം 183 ഭൂചലങ്ങളാണ് ഉണ്ടായത്. അന്നേദിവസം ദ്വീപില്‍ രേഖപ്പെടുത്തിയത്. ഇതിനിടെയാണ് റയോ തത്സുകിയുടെ പ്രവചനം വീണ്ടും ചർച്ചയായത്. ജാപ്പനീസ് ബാബ വാന്‍കയെന്നാണ് ഇവരെ ജനം വിളിക്കുന്നത്.

ഇല്ലസ്ട്രേറ്ററായ റയോ 1999 ല്‍ പ്രസിദ്ധീകരിച്ച ‘ദ് ഫ്യൂച്ചര്‍ ഐ സോ’ എന്ന പുസ്തകമാണ് ആശങ്കക്ക് കാരണം. തന്‍റെ ചിത്രങ്ങളിലൂടെയാണ് മാം​ഗ ആർട്ടിസ്റ്റായ റയോ തത്സുകി പ്രവചനം നടത്തുന്നത്. 2011ലെ ഭൂകമ്പം 1999ല്‍ ഇവർ ചിത്രങ്ങളിലൂടെ പ്രവചിച്ചു. 2011 മാര്‍ച്ചില്‍ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു പ്രവചനം. 2021ലാണ് ഇവർ വീണ്ടും പ്രവചനം നടത്തിയത്. ജപ്പാനും ഫിലിപ്പീന്‍സിനും ഇടയിലുള്ള സമുദ്രാന്തര്‍ ഫലകം വിണ്ടുകീറുമെന്നും കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുമെന്നും 2011ല്‍ തീരത്തുണ്ടായതിന്‍റെ മൂന്നിരട്ടി വലിപ്പത്തില്‍ സൂനാമിത്തിരകള്‍ ആഞ്ഞടിക്കുമെന്നാണ് റയോ തത്സുകിയുടെ പ്രവചനം.

അതേസമയം, റയോ തത്സുകിയുടെ പ്രവചനങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവരെ ഉണ്ടായ ഭൂചലനങ്ങള്‍ മൂലം കാര്യമായ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയില്ല. എല്ലാം നേരിയ ഭൂചലനങ്ങളാണ്. എന്നാൽ, ഭൂചലനങ്ങൾ എന്ന് അവസാനിക്കുമെന്ന് പ്രവചിക്കാന്‍ ഇതുവരെ ജപ്പാന്‍റെ കാലാവസ്ഥാ ഏജന്‍സിക്ക് സാധിച്ചിട്ടില്ല.

താൻ സ്വപ്നത്തിൽ കണ്ടു എന്ന വാദത്തോടെയാണ് റിയോ തത്സുകി തന്റെ പുസ്തകത്തിൽ ചിത്രങ്ങൾ വരച്ചിട്ടത്. പുസ്തകത്തിൽ പറഞ്ഞ പല കാര്യങ്ങളും സംഭവിച്ചതോടെയാണ് ‘ദ് ഫ്യൂച്ചർ ഐ സോ’ എന്ന മാംഗ പുസ്തകം ചർച്ചയായത്. ചിത്രങ്ങളും വാക്കുകളും ചേർന്ന കഥാപുസ്തകങ്ങളാണ് മാംഗ.

ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്; പക്ഷേ കേരളത്തിന് വലിയ ആശങ്ക വേണ്ട, കനത്ത മഴയ്ക്ക് ശമനം

തിരുവനന്തപുരം: ദിവസങ്ങളോളം കേരളത്തെ ആശങ്കയിലാഴ്ത്തിയ കനത്ത മഴക്ക് ശമനം. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ അറിയിപ്പ് പ്രകാരം കേരളത്തിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യയില്ലെന്നാണ് വ്യക്തമാകുന്നത്. ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടെങ്കിലും കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്ത മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ചക്രവാത ചുഴിയും ന്യൂനമർദ്ദ പാത്തിയും സംബന്ധിച്ച അറിയിപ്പ്

ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 06 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 7 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യത.

05/07/2025 : എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) നാളെ (05/07/2025) പുലർച്ചെ 05.30 മുതൽ 06/07/2025 രാത്രി 08.30 വരെ 3.0 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മരിച്ച മലപ്പുറം സ്വദേശിയായ 18കാരിക്ക് നിപ സ്ഥിരീകരിച്ചു, സമ്പർക്ക പട്ടികയിൽ 345 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ 345 പേർ ആണ് ആകെ ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പർക്കപ്പട്ടികയിൽ മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് ഉള്ളത്. കോഴിക്കോട് ജില്ലയിൽ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ എല്ലാവരും ആരോഗ്യ പ്രവർത്തകരാണ്.

പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവർക്കാണ് നിപബാധ സംശയിച്ചിരുന്നത്. മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളിൽ പാലക്കാട് ചികിത്സയിലുള്ളയാൾ പോസിറ്റീവാണെന്ന് കണ്ടെത്തി.

പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോൾ അനുസരിച്ച് പ്രതിരോധ നടപടികൾ ശക്തമാക്കി. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി.
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാൻ പാടില്ലെന്ന് വിദഗ്ധർ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കോണ്ടാക്ട് ട്രെയ്‌സിംഗ് ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മ പരിശോധന നടത്തണം.

ഗൂഗിൾ പേ ചെയ്തപ്പോൾ നമ്പർ മാറി… മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് പോയ 50,000 രൂപ തിരിച്ചെടുത്ത് സൈബർ പോലീസ്

കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ നമ്പർ മാറി മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് പോയ 50,000 രൂപ തിരിച്ചെടുത്ത് കോട്ടയം സൈബർ പൊലീസ്. പുതുപ്പള്ളി സ്വദേശി ഷിബുവിനാണ് അബദ്ധം സംഭവിച്ചത്.
ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ഷിബു ജോലിചെയ്യുന്ന ഏറ്റുമാനൂരിലുള്ളള്ള റബ്ബർ കമ്പനിക്ക് വേണ്ടി കമ്പനി നിർദേശിച്ച ഫോൺ നമ്പറിലേക്ക് 50,000 രൂപ ഗൂഗിൾ പേ ചെയ്തതായിരുന്നു. എന്നാൽ നമ്പർ തെറ്റി മറ്റൊരക്കൗണ്ടിലേക്ക് പണം പോയി. അബദ്ധം മനസ്സിലാക്കിയ ഷിബു ഉടൻ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ഇന്ത്യൻ ഓവർസീസ് ബാങ്കിനെ സമീപിച്ചു. പതിനഞ്ചാം തീയതിക്ക് മുൻപായി പണം തിരികെയെത്തിക്കാൻ സാധിക്കുമെന്നും എന്നാൽ അക്കൗണ്ട് ഹോൾഡർ പണം പിൻവലിച്ചാൽ പണം തിരികെ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും എന്നും അറിയിച്ചു. കോട്ടയം സൈബർ പൊലീസിൽ പരാതി നൽകുവാനും ബാങ്കിൽ നിന്നും അറിയിച്ചു.
ഇതോടെ ഷിബു തന്റെ ബന്ധുവായ കോട്ടയം എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഉടൻ കോട്ടയം സൈബർ പൊലീസ് സ്റ്റേഷനിൽ എത്തി.

സൈബർ, ഫിനാൻഷ്യൽ ഫ്രോഡ് കേസുകളിൽ എത്രയും പെട്ടെന്ന് ഇടപെടൽ നടത്തണമെന്നും പരിഹാരം ഉണ്ടാക്കണമെന്നുമുള്ള ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജഗദീഷ് വി.ആർ, സി.പി.ഒമാരായ ജോബിൻ സൺ ജെയിംസ്, രാഹുൽ മോൻ കെ.സി എന്നിവർ കൃത്യമായി അന്വേഷണം ആരംഭിച്ചു.

മഹാരാഷ്ട്രയിലുള്ള സോണാലി എന്ന സ്ത്രീയുടെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത് എന്ന് മനസ്സിലാക്കി. ഫോണിൽ അക്കൗണ്ട് ഉടമയുമായി സംസാരിക്കുകയും ബാങ്കിങ് സമയം തീരുന്നതിനുമുമ്പായി പണം തിരികെ അയക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇതോടെ ഒരു മണിക്കൂറിനുള്ളിൽ 50,000 രൂപ തിരികെ അക്കൗണ്ടിലേക്ക് എത്തിക്കുവാനും പൊലീസിന് സാധിച്ചു.

ഉടമസ്ഥയുടെ സാദൃശ്യമുള്ള സ്ത്രീയെ ഉപയോഗിച്ച് തിരുവനന്തപുരത്ത് വീടും വസ്തുവും തട്ടിയെടുത്ത രണ്ടു സ്ത്രീകൾ പിടിയിൽ

ഒന്നരക്കോടി വിലവരുന്ന വീടും വസ്തുവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പുനലൂർ അയലമൺ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയിൽ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ മരുതൂർ ചീനിവിള പാലയ്ക്കാട് വീട്ടിൽ വസന്ത (75) എന്നിവരാണ് അറസ്റ്റിലായത്. ഡോറ അസറിയ ക്രിപ്സിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ശാസ്തമംഗലം ജവഹർ നഗറിലെ വീടും സ്ഥലവുമാണ് പ്രതികൾ കൈക്കലാക്കിയത്. ഡോറ അമേരിക്കയിലുള്ളപ്പോഴായിരുന്നു സംഭവം. ഡോറയ്ക്ക് പകരം അതേ സാദൃശ്യത്തിലുള്ള വസന്തയെ മുന്നിൽനിർത്തിയാണ് കഴിഞ്ഞ ജനുവരിയിൽ വീടും സ്ഥലവും കൈക്കലാക്കിയത്. ഡോറയുടെ വളർത്തുമകളാണ് മെറിനെന്ന് വരുത്തിത്തീർത്ത് വ്യാജ പ്രമാണം, വ്യാജ ആധാർ കാർഡ് എന്നിവയുണ്ടാക്കി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ആ മാസം തന്നെ ചന്ദ്രസേനൻ എന്നയാൾക്ക് വിലയാധാരമായി എഴുതിക്കൊടുക്കുകയും ചെയ്തു. വീടും സ്ഥലവും മറ്റൊരാളിന്റെ പേരിലായെന്ന് അറിഞ്ഞ് വീട് സൂക്ഷിപ്പുകാരനാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ രജിസ്‌ട്രാർ ഓഫീസിൽ നൽകിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. അതിലുണ്ടായിരുന്ന വിരലടയാളം പരിശോധിച്ചാണ് അന്വേഷകസംഘം പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്‌ നിഗമനം. തട്ടിപ്പിന് ബന്ധുക്കളുടെ സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്. എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സിഐ വിമൽ, എസ്ഐമാരായ വിപിൻ, ബാലസുബ്രഹ്മണ്യൻ, സിപിഒമാരായ ഉദയൻ, രഞ്ജിത്, ഷിനി, ഷംല, അരുൺ, അനൂപ്, സാജൻ, പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്‌.

മലപ്പുറത്ത് കാട്ടാന ആക്രമണം; ബൈക്ക് യാത്രികർക്ക് പരിക്ക്, പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന

മലപ്പുറം:മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. ഉച്ചക്കുളം ഉന്നതിയിലെ അരുണിനും സുധീഷിനുമാണ് പരിക്കേറ്റത്. ബൈക്കിൽ പോകുന്നതിനിടെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് പുതുപ്പരിയാരം പുളിയംപുള്ളിയിൽ വീണ്ടും കാട്ടാന ജനവാസ മേഖലയിലെത്തി. പുളിയംപുള്ളി സ്വദേശി ലിബിന്റെ വീട്ടുമുറ്റത്താണ് കാട്ടാനയെത്തിയത്. കാട്ടാനയെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമം വനം വകുപ്പ് ദ്രുത കർമ സേന തുടരുകയാണ്. ഇന്നലെ രാത്രിയും ഇതേ വീട്ടുമുറ്റത്ത് കാട്ടാനയെത്തിയിരുന്നു. കാട്ടിലേക്ക് തുരത്തിയെങ്കിലും വീണ്ടും തിരിച്ചെത്തുകയായിരുന്നു. മുഴുവൻ സമയ നിരീക്ഷണത്തിനായി വനംവകുപ്പ് ആർആർടി സംഘത്തെ മേഖലയിൽ നിയോഗിച്ചിട്ടുണ്ട്. പ്രദേശവാസികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു