Home Blog Page 840

ഓറഞ്ച് തോടിന്റെ 4 ഉപയോഗങ്ങൾ ഇതാണ്

ഓറഞ്ച് കഴിച്ചതിന് ശേഷം തോടിനി എവിടേക്കും വലിച്ചെറിയേണ്ടതില്ല. നിരവധി ഗുണങ്ങളാണ് ഓറഞ്ചിന്റെ തോടിൽ അടങ്ങിയിട്ടുള്ളത്. മുഖത്തിന്റെ ഭംഗികൂട്ടാനും ചെടികൾക്ക് വളമായുമൊക്കെ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ വീട് വൃത്തിയാക്കാനും വീടിനുള്ളിൽ സുഗന്ധം പരത്താനുമൊക്കെ ഓറഞ്ച് തോടിന് സാധിക്കും. ഇങ്ങനെ ചെയ്ത് നോക്കൂ.

ഗാർബേജ് ഡിസ്പോസൽ വൃത്തിയാക്കാം

മാലിന്യങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഇതിൽ നിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഓറഞ്ചിന്റെ തോട് ഉപയോഗിച്ച് ദുർഗന്ധത്തെ എളുപ്പത്തിൽ അകറ്റാൻ സാധിക്കും.

ഫ്രിഡ്ജിൽ സുഗന്ധം പകരാം

ഗാർബേജ് ഡിസ്പോസലിൽ മാത്രമല്ല ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാനും ഓറഞ്ച് ഉപയോഗിക്കാവുന്നതാണ്. ഒരു പാത്രമെടുത്തതിന് ശേഷം അതിലേക്ക് ഓറഞ്ച് തോടിടാം. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദുർഗന്ധത്തെ വലിച്ചെടുക്കുകയും നല്ല സുഗന്ധം പരത്തുകയും ചെയ്യുന്നു. അതേസമയം തോട് ഉണങ്ങി കഴിഞ്ഞാൽ പുതിയത് വയ്ക്കാൻ ശ്രദ്ധിക്കണം.

അഴുക്കിനെ വൃത്തിയാക്കാം

വീടിനുള്ളിലെ അഴുക്ക് വൃത്തിയാക്കാനും ഓറഞ്ച് തോട് ഉപയോഗിക്കാം. തോടിനൊപ്പം അല്പം വിനാഗിരി ചേർത്ത് നന്നായി ഉരച്ച് കഴുകിയാൽ ഏത് കറയും പമ്പകടക്കും.

മൈക്രോവേവ് വൃത്തിയാക്കാം

ഇത്തരം ഉപകരണങ്ങൾ എങ്ങനെ വൃത്തിയാക്കണമെന്ന് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. ഓറഞ്ച് തോട് ഉപയോഗിച്ച് മൈക്രോവേവ് വൃത്തിയാക്കാനും ദുർഗന്ധം അകറ്റാനും സാധിക്കും. മൈക്രോവേവ് സേഫ് ബൗളിൽ കുറച്ച് തോട് വെച്ച് നന്നായി ചൂടാക്കാം. ഇത് പറ്റിപ്പിടിച്ച കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.

‘അവിടെ സുഖമല്ലേ, അച്ഛനെ എനിക്ക് മറക്കാൻ കഴിയുന്നില്ല. എന്നാണ് തിരികെ വരിക?’ സ്വർഗത്തിലേക്ക് ശ്രീയുടെ കത്ത്

തിരുവനന്തപുരം: മരിച്ചുപോയ അച്ഛന് ഏഴാം ക്ലാസുകാരിയായ ശ്രീ ഒരു കത്തെഴുതി. ‘സ്വർഗത്തിലേക്ക്’ ആയിരുന്നു ആ കത്ത്. വായിച്ചവരെല്ലാം കണ്ണീരണിഞ്ഞ ആ കത്തിലൂടെ ഇന്ന് ഏഴാം ക്ലാസുകാരി ശ്രീനന്ദ ഇന്ന് ഓരോ മലയാളുടെയും മനസിൽ മകളായി വളരുകയാണ്. ഹൃദയം തൊടുന്ന ഈ കത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തൻ്റെ ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പിനൊപ്പം പങ്കുവെച്ചു. ഓർമ്മകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവരുടെ സ്നേഹം എന്നും നമ്മോടൊപ്പം ഉണ്ടാകുമെന്നും മന്ത്രി കുറിച്ചു.

“എൻ്റെ പ്രിയപ്പെട്ട അച്ഛന്, അച്ഛൻ സ്വർഗത്തിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ സ്വർഗത്തിലേക്കുള്ള ഒരു കത്താണിത്. അച്ഛന് ഇപ്പോൾ സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛൻ തിരികെ വരിക? ആ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കും. അവിടെ ഇപ്പോൾ അച്ഛന് കൂട്ടുകാരും പിന്നെ ബാബു അച്ഛനും എല്ലാവരും ഉണ്ടാകുമല്ലേ… പക്ഷെ ഇവിടെ ഞങ്ങൾക്കാർക്കും സുഖമില്ല.. അച്ഛൻ ഇല്ലാത്തതുകൊണ്ട്. എന്തായാലും അച്ഛന് സുഖമല്ലേ.. അത് മതി എനിക്ക്. എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ എൻ്റെ അച്ഛനെ കാണും. ഞാൻ നന്നായി പഠിക്കുന്നുണ്ട് അച്ഛാ… പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്. അച്ഛന് ഒരായിരം ഉമ്മ… ബാക്കി വിശേഷം ഞാൻ പിന്നെ എഴുതാം. എന്ന് അച്ഛൻ്റെ സ്വന്തം ശ്രീമോൾ” – ഇതായിരുന്നു ശ്രീനന്ദ തൻ്റെ പ്രിയപ്പെട്ട അച്ഛനെഴുതിയ കത്ത്.

ശ്രീനന്ദയുടെ കത്ത് വായിച്ചപ്പോൾ തൻ്റെ കണ്ണ് നിറഞ്ഞുവെന്ന് മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. “പ്രിയപ്പെട്ട ശ്രീനന്ദയ്ക്ക് ഒരു കുറിപ്പ്, മരിച്ചുപോയ അച്ഛന് ശ്രീമോളെഴുതിയ കത്ത് വായിച്ചപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു. ഓർമ്മകൾക്ക് മരണമില്ലെന്നും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോയാലും അവരുടെ സ്നേഹം എന്നും നമ്മളോടൊപ്പം ഉണ്ടാകുമെന്നും കത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. അച്ഛൻ ശ്രീമോളുടെ ഓർമ്മകളിൽ വഴികാട്ടിയായി കൂടെയുണ്ടാകും. ശ്രീമോൾക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകാൻ എല്ലാവരുമുണ്ടാകും. സ്നേഹത്തോടെ, വി ശിവൻകുട്ടി” – മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. ഈ കത്ത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി.

വായനാ മാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോര്‍ത്ത് എയുപി സ്കൂൾ വിദ്യാരംഗം കുട്ടികൾക്കായി നടത്തിയ കത്തെഴുതാം സമ്മാനം നേടാം എന്ന പരിപാടിയിൽ ലഭിച്ചതായിരുന്നു ഈ കത്ത്. പലരും അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും അടക്കം കത്തെഴുതിയപ്പോൾ ശ്രീനന്ദ കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ ബൈക്കപടകത്തിൽ മരിച്ച അച്ഛന് കത്തെഴുതുകയായിരുന്നു.

ന്യൂസീലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തു 11.3 ലക്ഷം തട്ടിയ സംഭവം; ഒളിവില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി ചിഞ്ചു അനീഷ് പിടിയില്‍

ന്യൂസിലാന്‍ഡില്‍ കപ്പല്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ പരാതിയില്‍ നാലാം പ്രതിയായ യുവതിയെ എറണാകുളത്തു നിന്നും പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ കറവൂര്‍ സ്വദേശി നിഷാദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിഷാദില്‍ നിന്നും പല തവണയായി പതിനൊന്നര ലക്ഷം രൂപയാണ് ചിഞ്ചു അനീഷും സംഘവും തട്ടിയെടുത്തത്. മാസം 2 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന കപ്പല്‍ ജോലി ന്യൂസിലാന്‍ഡില്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.ജോലി സംബന്ധമായ എല്ലാ രേഖകളും നിഷാദിന് നല്‍കുകയും ചെയ്തിരുന്നു.
ലോണ്‍ എടുത്താണ് നിഷാദ് പണം നല്‍കിയത്.സോഷ്യല്‍ മിഡിയ വഴി പരസ്യം കണ്ടാണ് ജോലിക്ക് വേണ്ടി പണം കൊടുത്തത്.ഗുഗിള്‍ മീറ്റ് വഴിയായിരുന്നു ചിഞ്ചു അപേക്ഷകരോട് സംസാരിച്ചിരുന്നത്.ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളാണ് ഇവരടങ്ങുന്ന സംഘം പല ചെറുപ്പക്കാരില്‍ നിന്നും തട്ടിയെടുത്തത്.
പരാതി ഉയര്‍ന്നപ്പോള്‍ എറണാകുളത്ത് ഇവര്‍ക്കുണ്ടായിരുന്ന ടാലെന്റ് വിസ എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു. തുടര്‍ന്ന് കേരളത്തിന് അകത്തും പുറത്തു ഓഫീസുണ്ടന്നു സോഷ്യല്‍ മിഡിയ വഴി വ്യാജ പ്രചരണവും നല്‍കിയിരുന്നു. 2023 മെയ് മുതല്‍ നവംബര്‍ വരെ പലതവണയായിട്ടാണ് നിഷാദ് ഇവര്‍ക്ക് പണം നല്‍കിയിരുന്നത്. പുനലൂര്‍ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം കൈമാറിയത്.പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ നിഷാദ് പുനലൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികളെ ഇനി പിടികൂടാനുണ്ട്. ഇവര്‍ വഴി മുന്‍പ് ജോലി തേടി ന്യൂസിലാന്‍ഡില്‍ എത്തിയവര്‍ക്ക് ആപ്പിള്‍ തോട്ടത്തിലെ ജോലിയാണ് ലഭിച്ചത്. കുറേ ആളുകള്‍ തിരികെ നാട്ടിലേക്കു തിരിച്ചു വരികയും ചെയ്തിരുന്നു.

ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി

കണ്ണൂര്‍: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ് വരന്‍. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടില്‍ അസ്‌ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ്. 2000 സെപ്തംബര്‍ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എറിഞ്ഞ ബോംബുകളില്‍ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്‌നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തില്‍ അസ്‌നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.
അന്ന് അസ്‌നക്ക് ആറ് വയസ് മാത്രമാണ് പ്രായമുണ്ടായത്. ബോംബേറില്‍ അസ്‌നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാല്‍ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നില്‍ പകച്ച് നില്‍ക്കാതെ നിശ്ചയദാര്‍ഡ്യത്തോടെ അസ്‌ന വിജയത്തിന്റെ പടികള്‍ ഓരോന്നായി ചവിട്ടിക്കയറി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും 2013ല്‍ എംബിബിഎസ് നേടി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവില്‍ വടകരയിലെ ക്ലിനിക്കില്‍ ഡോക്ടറാണ് അസ്ന.

നീരവ് മോദിയുടെ സഹോദരന്‍ നിഹാല്‍ മോദി യുഎസില്‍ അറസ്റ്റില്‍

നീരവ് മോദിയുടെ സഹോദരന്‍ നിഹാല്‍ മോദി യുഎസില്‍ അറസ്റ്റില്‍. ബെല്‍ജിയന്‍ പൗരനായ നിഹാല്‍ മോദിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തതെന്ന് യുഎസ് നീതിന്യായവകുപ്പ് അധികൃതര്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നിഹാലിനെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ രേഖകളുണ്ടാക്കി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പാതട്ടിപ്പ് നടത്തിയതില്‍ നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്സി, നിഹാല്‍ എന്നിവര്‍ക്കെതിരെ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ തൃശ്ശൂര്‍ വേദിയാകും

ഈ അധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ വേദിയാകും. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സ് (കായികമേള) തിരുവനന്തപുരത്തും ശാസ്ത്രോത്സവം പാലക്കാട്ടുമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ടിടിഐ, പിപിടിടിഐ കലോത്സവത്തിന്റെ വേദി വയനാടാണ്. സ്പെഷല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും.

കഴിക്കുന്നതിനിടെ ദോശ തൊണ്ടയില്‍ കുടുങ്ങി; പയ്യന്നൂരില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം

കണ്ണൂർ:പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ദോശ കഴിക്കുമ്പോൾ
ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു കമലാക്ഷി.

കുറച്ചുനാളുകളായി ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം;ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്

ശാസ്താംകോട്ട:ആരോഗ്യവകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.പോലീസ് നടത്തിയ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മാർച്ചിനിടെയാണ് ഇന്ന് രാവിലെ സംഘർഷം ഉണ്ടായത്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് ആരോമൽ,ഡിസിസി എക്സിക്യൂട്ടീവ് അംഗം തുണ്ടിൽ നൗഷാദ്,അബ്ദുള്ള,സത്യൻ എന്നിവർക്കാണ് പോലീസ് അതിക്രമത്തിൽ പരിക്കേറ്റത്.ലാത്തിച്ചാർജിൽ തലയ്ക്കും,കൈ കാലുകൾക്കുമാണ് പരിക്കേറ്റത്.ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രി കവാടത്തിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.തുടർന്ന് ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചത് പോലീസുമായി നേരിയ സംഘർഷത്തിന് കാരണമായി.എന്നാൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും പ്രതിഷേധ യോഗത്തോടെ പരിപാടി സമാപിക്കുകയും ചെയ്തു.കെപിസിസി ജനറൽ സെക്രട്ടറി എം.എ നസീർ യോഗം ഉദ്ഘാടനം ചെയ്യുകയും മറ്റ് നേതാക്കൾ പ്രസംഗിക്കുകയും ചെയ്ത ശേഷമാണ് സംഘർഷം ഉണ്ടായത്.പരിപാടി സമാപിച്ചതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തി ചാർജ് നടത്തിയതെന്ന് ആക്ഷേപമുണ്ട്.സംഭവത്തിൽ കൂടുതൽ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് നടന്ന മാർച്ചിൽ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്നു വൈകിട്ട് 5 മണിക്ക് മണ്ണെണ്ണ മുക്കിൽ നിന്നും ശാസ്താംകോട്ടയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കോൺഗ്രസ്
ബ്ലോക്ക് പ്രസിഡൻ്റുമാരായ കാരയ്ക്കാട്ട് അനിൽ,വൈ.ഷാജഹാൻ എന്നിവർ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം,നാടാകെ പ്രതിഷേധം

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.മുഖ്യമന്ത്രി വിദേശത്തേക്ക് പോകുന്നതിന് മുൻപ് വീണാ ജോർജിന്റെ രാജി എഴുതി വാങ്ങണമായിരുന്നുവെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. അതേസമയം പ്രതിഷേധങ്ങൾക്ക് പിന്നിൽ ഒമ്പത് വർഷം മുമ്പ് അധികാരം നഷ്ടപ്പെട്ട അധികാര ദുർമോഹികളുടെ ഗൂഢ ശ്രമങ്ങളാണെന്ന് ദേശാഭിമാനിയിൽ ലേഖനം

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷത്ത് നിന്നുയരുന്നത്.കോ’D’യത്ത് കെട്ടിടം ഇടിഞ്ഞുവീണ ശേഷമല്ല ആരോഗ്യ രംഗത്തെ കുറിച്ച് പ്രതിപക്ഷം വിമർശിക്കാൻ തുടങ്ങിയതെന്ന് വിഡി സതീശൻ പറഞ്ഞു.
പൂട്ടിയിട്ടിരിക്കുന്ന സ്ഥലമായിനാൽ, ആരും അവിടെയില്ലെന്ന് മന്ത്രിമാർ പറഞ്ഞതിനാലാണ് രക്ഷാപ്രവർത്തനം വൈകിയതെന്നും സതീശൻ കുറ്റപ്പെടുത്തി.

വിദേശത്തേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി വീണാ ജോർജിന്റെ രാജി എഴുതി വാങ്ങണമായിരുന്നുവെന്ന് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

ആരോഗ്യവകുപ്പിനെതിരെയും സർക്കാരിനെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയപരമായി നേരിടാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം
ആരോഗ്യവകുപ്പിനെതിരായ പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി ലേഖനമെഴുതി.
കോട്ടയത്തെ അപകടം മാധ്യമങ്ങൾ പെരുപ്പിച്ചു കാണിച്ചു.ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് വരുത്തിതീർക്കാനുള്ള പ്രചരണ നടക്കുന്നുവെന്നും . മരണ വ്യാപാരികളുടെ ആഭാസ നൃത്തം കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുമെന്നും ലേഖനത്തിൽ പറയുന്നു.

കരോൾബാഗിൽ തീപിടുത്തം,ലിഫ്റ്റിൽ കുടുങ്ങിയ 25 കാരൻ മരിച്ചു

ഡൽഹി. കരോൾബാഗിൽ തീപിടുത്തം ലിഫ്റ്റിൽ കുടുങ്ങിയ 25 കാരൻ മരിച്ചു.13 അഗ്നിശമനസേന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു

വെള്ളിയാഴ്ച വൈകിട്ട് 6 30 ഓടെയാണ് ഡൽഹി കരോൾബാഗിലെ വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം ഉണ്ടായത്. നാലു നില കെട്ടിടത്തിന്റെ ഔട്ട്ലെറ്റിലാണ് തീപിടിച്ചത്. വസ്ത്രങ്ങളും, ഇട്രോണിക്സ് ഉപകരണങ്ങളും
പൂർണ്ണമായും കത്തി നശിച്ചു. തൊട്ടടുത്ത നിലകളിലേക്കും തീ പടർന്നു. ജീവനക്കാരെയും സാധനങ്ങൾ വാങ്ങാൻ എത്തിയവരെയും സുരക്ഷിതരായി പുറത്തേക്ക് എത്തിച്ചു. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഇതിനിടയിൽ ലിഫ്റ്റിൽ കുടുങ്ങിയ 25 കാരനായ കുമാർ ധിരേന്ദ്രപ്രതാപ് ആണ് മരിച്ചത്. 13 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കരോൾബാഗ് പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു