കുട്ടനാട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെരിക്കോസ് വെയിൻ പൊട്ടി രക്തം വാർന്ന് മധ്യവയസ്കൻ മരിച്ചു. ആലപ്പുഴ ചമ്പക്കുളം കുറുകയിൽ വീട്ടിൽ രഘു (53) ആണ് മരിച്ചത്. വെരിക്കോസ് വെയിൻ പൊട്ടിയത് അറിയാഞ്ഞതിനാൽ, വലിയ അളവിൽ രക്തം വാർന്നുപോയതാണ് മരണത്തിലേക്ക് നയിച്ചത്.
ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ഉദയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനൗൺസ്മെന്റ് വാഹനത്തിൽ വച്ചായിരുന്നു സംഭവം. അനൗൺസ്മെന്റ് വാഹനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നു രഘു.
പ്രചാരണ വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് വെരിക്കോസ് വെയിൻ പൊട്ടിയത്. രക്തം വാർന്നുപോകുന്നത് രഘു അറിഞ്ഞില്ല. വാഹനത്തിലുള്ളിലായതിനാൽ ഇക്കാര്യം മറ്റുള്ളവരും ശ്രദ്ധിച്ചില്ല. ചമ്പക്കുളം മൂന്നാം വാർഡിൽ, സ്ഥാനാർത്ഥിയുടെ സ്വീകരണത്തിന് ശേഷം രഘുവിന് അവശത അനുഭവപ്പെട്ടു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാനായി ശ്രമിച്ചപ്പോഴാണ് രക്തം വാർന്നു പോകുന്നത് രഘുവും ഒപ്പമുള്ളവരും കണ്ടത്. ഉടൻ തന്നെ ചമ്പക്കുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കോൺഗ്രസിന്റെയും ഐഎൻടിയുസിയുടെയും സജീവ പ്രവർത്തകനായിരുന്നു രഘു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.






































