Home Blog Page 836

ചന്ദന മോഷണ കേസുകളിലുൾപ്പെട്ട രണ്ടുപേർ കൊല്ലത്ത് പിടിയിൽ

അഞ്ചൽ.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായ് നിരവധി ചന്ദന മോഷണ കേസുകളിലുൾപ്പെട്ട രണ്ടുപേർ കൊല്ലത്ത് പിടിയിൽ. കൊല്ലം ഉമയനല്ലൂർ സ്വദേശിമുജീബ്, പാലക്കാട് നെല്ലായി സ്വദേശി അബ്ദുൽ അസീസ് എന്നിവരാണ്
അഞ്ചൽ വനം വകുപ്പിന്റെ പിടിയിലായത്.


അഞ്ചൽ വനം വകുപ്പ് 2024 ൽ രജിസ്റ്റർ ചെയ്ത മൂന്ന് ചന്ദന മോഷണം കേസുകളിലെ പ്രതികളാണ് മുജീബും അബ്ദുൽ അസീസും. 2022 ൽ പുനലൂർ വനം കോടതി പുറപ്പെടുവിച്ച വാറണ്ടുമുണ്ട്. കൊല്ലത്തിന് പുറമെ,
തൃശ്ശൂർ പാലക്കാട് തുടങ്ങിയജില്ലകളിലും 2014 മുതൽ ചന്ദന മോഷണം കേസുകളിലെ പ്രതികളുമാണ്. ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി വനവകുപ്പ് പ്രത്യേക അന്വേഷണസംഘംതന്നെ രൂപീകരിച്ചു. അബ്ദുൾ അസീസിനെ പാലക്കാട് നിന്നും മുജീബിനെ കൊല്ലം ഉമയനെല്ലൂരിൽ നിന്നും കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് വനംവകുപ്പ് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ എസ് പറഞ്ഞു

പ്രവാസി കോൺഗ്രസ് ‘വിന്നേഴ്സ് ഡേ’ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികളുടെ അനുമോദന വേദിയായ ‘വിന്നേഴ്സ് ഡേ-സീസൺ 2’
സംഘടിപ്പിച്ചു.
300ഓളം കുട്ടികൾ അനുമോദനം ഏറ്റുവാങ്ങി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് മിനിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം മുൻ എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വിഎസ് ശിവകുമാർ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ടി ശരത് ചന്ദ്രപ്രസാദ്, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി ജെ മാത്യു, യു എം കബീർ, കൈരളി ശ്രീകുമാർ, ഈ എം നസീർ, ജില്ലാ ഭാരവാഹികളായ ദീപാ ഹിജിനെസ്സ്, സഫീർ ആലംകോട്, ഡി സുദർശൻ, സുനിൽ പാറ്റൂർ,എം എസ് നായർ, അഹ്‌മദ്‌ അലി, ഇൻകാസ് ഷാർജ വൈസ് പ്രസിഡന്റ് ജിഷാദ് അലി മുരുക്കുമ്പുഴ, ശരത്, റഷീദ് റാവുത്തർ, എസ് എ കെ തങ്ങൾ, ആറ്റുകാൽ ശ്രീകണ്ഠൻ, രമണൻ, കെ കെ ഗോപി, സനിൽ, സിരാജുദീൻ, ആനന്ദേശ്വരം അനിൽ, വിളയിൽ നാസർ, ഹക്കിം, രമേശൻ നായർ, തെന്നൂർ ശിഹാബ്, ലെനിൻ ഗോമസ്, നാസറുദ്ദിൻ നാവായിക്കുളം എന്നിവർ പ്രസംഗിച്ചു.

ഈ വർഷത്തെ പ്രവാസി സുവർണ്ണ പുരസ്കാര ജേതാവ് സൂര്യപ്രഭാ ഗ്രൂപ്പ്‌ എം ഡി കെ പി മോഹനെ ആദരിച്ചു.
അഡ്വ ടി ശരത് ചന്ദ്ര പ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചേലാകർമ്മത്തിനായി എത്തിച്ച 2 മാസം പ്രായമുളള കുഞ്ഞിന്‍റെ മരണം,കേസെടുത്ത് പൊലീസ്

കോഴിക്കോട്. കാക്കൂരിലെ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്.കാക്കൂരിലെ ക്ലിനിക്കിൽ ചേലാകർമ്മത്തിനായി എത്തിച്ച 2 മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ ഇത്തിയാസ് ദമ്പതികളുടെ മകനാണ് ജീവൻ നഷ്ടമായത്. ശസ്ത്രക്രിയക്ക് മുൻപ് കുട്ടി പ്രതികരിക്കാതായതോടെ ടൌണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചികിത്സാ പിഴവുണ്ടായോയെന്ന് പോസ്റ്റ്മോർട്ടത്തിലൂടെയെ അറിയാനാകുവെന്ന് കാക്കൂർ പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ രക്ഷിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് കുഞ്ഞിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കി.നാളെ കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ച് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തി

സി പി ഐ ജില്ലാ സമ്മേളനം ;പതാക ജാഥ സംഘാടക സമിതി രൂപീകരിച്ചു

ശാസ്താംകോട്ട : ജൂലൈ 30 മുതൽ ആരംഭിക്കുന്ന ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പാറക്കടവ് ശൂരനാട് രക്ത സാക്ഷി സ്മാരക ആഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു.
ശൂരനാട് മണ്ഡലം സെക്രട്ടറി കെ ദിലീപ് അധ്യക്ഷത വഹിച്ചു.ജില്ലാ കൗൺസിൽ അംഗം കെ സി സുഭദ്രാമ്മ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുന്ദരേശൻ, സി രാജേഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ ജാഥാ ക്യാപ്റ്റനും സംസ്ഥാന കൗൺസിൽ അംഗം അഡ്വ എസ് വേണു ഗോപാൽ ജാഥാ ഡയറക്ടറുമാണ്. ഭാരവാഹികളായി രക്ഷാധികാരി കെ ശിവശങ്കരൻ നായർ,
കെ ദിലീപ് (ചെയർമാൻ) അഡ്വ സിജി ഗോപു കൃഷ്ണൻ,ആർ അനീറ്റ,കെ സി സുഭദ്രമ്മ,ബി വിജയമ്മ (വൈസ് ചെയർമാൻമാർ) സി രാജേഷ് കുമാർ ( കൺവീനർ) കെ രാജേഷ് കുമാർ, ജെ അലക്സ്,എസ് ശ്രീകുമാർ ( ജോയിൻറ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു

ഒരു ഹസ്തദാനം മതി; നിങ്ങളുടെ ഹൃദയം എത്രത്തോളം സുരക്ഷിതമാണെന്ന് കണ്ടെത്താം!

രജനീഷ് മൈനാഗപ്പള്ളി

നമ്മുടെ ഹൃദയം ആരോഗ്യത്തോടെയിരിക്കുന്നത് എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ നിങ്ങളുടെ ഹസ്തദാനം ഹൃദയാരോഗ്യത്തെക്കുറിച്ച് ചില സൂചനകൾ നൽകുമെന്ന് പറഞ്ഞാലോ? വിശ്വസിക്കാൻ പ്രയാസമാണെന്ന് തോന്നിയേക്കാം, പക്ഷേ ആരോഗ്യവിദഗ്ദ്ധർ പറയുന്നത് ഹൃദയാരോഗ്യവും നമ്മുടെ പേശികളുടെ ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ്.
ഹസ്തദാനം എങ്ങനെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
നമ്മുടെ പേശികൾക്ക് ശരീരത്തിൽ നിർണായകമായ പല കാര്യങ്ങളും ചെയ്യാനുണ്ട്. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഉപാപചയം വർദ്ധിപ്പിക്കുന്നതിലും ഹൃദയസംബന്ധമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും പേശികൾക്ക് വലിയ പങ്കുണ്ട്.
ആരോഗ്യവിദഗ്ധർ പറയുന്നത്, നിങ്ങളുടെ കൈയിലെ പിടിത്തത്തിന്റെ ശക്തി (hand grip) കുറയുന്നത് ഹൃദയാരോഗ്യം മോശമാകുന്നതിന്റെ ഒരു ലക്ഷണമായേക്കാം എന്നാണ്. യുകെ ആസ്ഥാനമായി നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത്, ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യത്തിന് രക്തം എത്താതെ വരുമ്പോൾ പേശികളുടെ ബലം കുറയുകയും അതിന്റെ ഫലമായി കൈയിലെ പിടിത്തം ദുർബലമാകുകയും ചെയ്യാം എന്നാണ്.
എങ്കിലും, ഇതൊരു കൃത്യമായ പരിശോധനാ രീതിയല്ല!
നിങ്ങളുടെ കൈയിലെ പിടിത്തം കുറയുന്നത് ഹൃദയാരോഗ്യ പ്രശ്നങ്ങളുടെ ഒരു സൂചനയായിരിക്കാമെങ്കിലും, ഹൃദയം പരിശോധിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗമായി ഇതിനെ കാണാൻ കഴിയില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ എടുത്തുപറയുന്നുണ്ട്. ഹൃദയമിടിപ്പ് കുറയുന്നതും, കൈകൾ ദുർബലമാവുകയും തണുത്തിരിക്കുകയും ചെയ്യുന്നതും ശരീരത്തിൽ രക്തയോട്ടം ശരിയായി നടക്കാത്തതിന്റെയോ ഹൃദയത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങളുടെയോ സൂചനകളായിരിക്കാം.
ഇതൊരു ഹൃദ്രോഗത്തിന്റെ വ്യക്തമായ സൂചനയല്ലെങ്കിൽ പോലും, സ്ഥിരമായി കൈകൾ തണുത്തിരിക്കുന്ന അവസ്ഥയുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.
ഹസ്തദാനത്തിന്റെ മറ്റ് ഗുണങ്ങൾ
ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട് ഹസ്തദാനം ചില സൂചനകൾ നൽകുമെങ്കിലും, ഇതിന് മറ്റ് സാമൂഹികവും മാനസികവുമായ പല നല്ല വശങ്ങളുമുണ്ട്. ആത്മവിശ്വാസത്തോടെയും ഊഷ്മളതയോടെയുമുള്ള ഒരു ഹസ്തദാനം ഒരാളുടെ ആന്തരിക സന്തോഷം മറ്റൊരാളിലേക്ക് പകരാൻ സഹായിക്കും. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹായകമാണ്.
അതിനാൽ, അടുത്ത തവണ ഒരാളുമായി കൈകൊടുക്കുമ്പോൾ, അതൊരു സാധാരണ ആംഗ്യം മാത്രമല്ലെന്നും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പലതും പറയാൻ അതിന് കഴിയുമെന്നും ഓർക്കുക!

അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിൻ്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു

ന്യൂഡെല്‍ഹി.അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സിൻ്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. നിയമപരമായ കാരണത്താൽ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിക്കുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ റോയിട്ടേഴ്സിൻ്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചതിൽ എക്സിനോട് വിശദീകരണം തേടിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ ഇടപെടുകയാണെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അതേസമയം റോയ്ട്ടേഴ്സുമായി ബന്ധപ്പെട്ട റോയിട്ടേഴ്സ് ചൈന, റോയിട്ടേഴ്സ് ഏഷ്യ, റോയിട്ടേഴ്സ് ടെക് ന്യൂസ് തുടങ്ങിയ അക്കൗണ്ടുകൾ ഇപ്പോഴും ഇന്ത്യയിൽ ലഭ്യമാണ്

മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ

മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ എത്തി. പ്രോഗ്രസ് 92 പേടകമാണ് ഇന്ന് പുലർച്ചെ ISS ൽ എത്തിയത്. നിലയത്തിൽ കഴിയുന്ന എക്സ്പീഡിഷൻ 73, ആക്സിയം 4 ദൗത്യസംഘങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ഇന്ധനവും പരീക്ഷണങ്ങൾക്ക് ആവശ്യമായ വസ്തുക്കളുമായാണ് പേടകം എത്തിയത്. 6 മാസത്തിനു ശേഷമായിരിക്കും പേടകം തിരികെ ഭൂമിയിലേക്ക് മടങ്ങുക

ബഹിരാകാശ നിലയത്തിൽ നിന്ന് പുറന്തള്ളൂന്ന മാലിന്യങ്ങളുമായി ആയിരിക്കും പ്രോഗ്രസ് 92 പേടകം ഭൂമിയിലേക്ക് തിരിക്കുക. അതുവരെ പേടകം ISS ൽ ഡോക്ക് ചെയ്ത് തുടരും. റഷ്യയുടെ ആളില്ലാ ബഹിരാകാശ കാർഗോ പേടകമാണ് പ്രോഗ്രസ് 92. വ്യാഴാഴ്ച കസാഖിസ്താനിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്

അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് വിദഗ്ധ സംഘം തലസ്ഥാനത്തെത്തി

തിരുവനന്തപുരം.തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് വിദഗ്ധ സംഘം തലസ്ഥാനത്തെത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 വിമാനത്തിലാണ് എൻജിനീയർമാർ എത്തിയത്. വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം അറ്റകുറ്റപ്പണികൾക്കായി വിമാനം ഹാങ്ങറിലേക്ക് മാറ്റി…

ബ്രിട്ടന്റെ വ്യോമസേന വിമാനം എയർ ബസ് A 400 M അറ്റ്ലസിൽ പകൽ 12.45 ഓടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി.

24 പേരടങ്ങുന്ന വ്യോമസേനയിലെ സാങ്കേതിക വിദഗ്ധരും F35 ന്റെ അമേരിക്കൻ നിർമ്മാണ കമ്പനിയായ ലോക്ഹീഡ് മാർട്ടിനിലെ സാങ്കേതിക വിദഗ്ധരും സംഘത്തിൽ ഉണ്ടെന്നാണ് വിവരം…വൈകിട്ടോടെ വിമാനം ബ്രിട്ടനിലേക്ക് മടങ്ങി..

പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും
ഇന്ത്യയുടെ വാഗ്ദാനം ചെയ്ത മെയിന്റനൻസ് സൗകര്യം ബ്രിട്ടൻ സ്വീകരിച്ചതായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. ഇന്ത്യയുടെ സഹകരണത്തിന് നന്ദിയും രേഖപ്പെടുത്തി.. തുടർന്ന് വിമാനം അറ്റകുറ്റപ്പണികൾക്കായി ഹാങറിലേക്ക് മാറ്റി..തകരാർ പരിഹരിച്ചില്ലെങ്കിൽ ചിറകുകൾ അഴിച്ചു മാറ്റി ട്രാൻസ്പോർട്ട് വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകും. ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. വിമാനവാഹിനി കപ്പലിൽനിന്ന് 2 എൻജിനീയർമാർ ഹെലികോപ്റ്ററിൽ എത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. പിന്നീട് പൈലറ്റും എൻജിനീയർമാരും തിരികെ ബ്രിട്ടനിലേക്ക് മടങ്ങി..

വിരണ്ടോടിയ കുതിര ഇടിച്ച് സ്കൂട്ടർ യാത്രികന് പരുക്ക്

പത്തനംതിട്ട. വിരണ്ടോടിയ കുതിര ഇടിച്ച് സ്കൂട്ടർ യാത്രികന് പരുക്ക്. പറക്കോട് സ്വദേശി ജോർജിനാണ് പരുക്കേറ്റത്. കുതിരയുടെ മുഖത്തും സാരമായ് പരിക്കേറ്റു. ഒടുവിൽ കുതിരയെ വരുതിയിലാക്കിയത് പെട്രോൾ പമ്പ് ജീവനക്കാർ


ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശി ഷാജു മൂന്ന് ദിവസം മുമ്പ് പഞ്ചാബിൽ നിന്നും എത്തിച്ച ഹൈദർമാലിക് എന്ന 17 മാസം പ്രായമുള്ള കുതിരയാണ് വിരണ്ടോടിയത്. സെൻട്രൽ ജംഗ്ഷനിൽ നിന്നും സ്റ്റേഡിയം ഭാഗത്തേക്ക് ഓടുമ്പോഴാണ് ജോർജിനെ ഇടിച്ചിട്ടത്. ജോർജിന്റെസ്കൂട്ടറിൻ്റെ മുൻഭാഗവും തകർന്നു. ഒടുവിൽ സമീപത്തെ പെട്രോൾ പമ്പിലെത്തിയ കുതിരയെ അവിടുത്തെ ജീവനക്കാർ ചേർന്ന് പിടിച്ചു കെട്ടുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ജോലിക്കാരനായ തമിഴ് നാട് സ്വദേശി ഗണേശനാണ് കുതിരയെ പുറത്തിറക്കിയത്. നാടുമായി പരിചിതമല്ലാത്തതാണ് കുതിര വിരണ്ടോടാൻ കാരണമായത്. ജോർജിന്റെ പരുക്ക് ഗുരുതരമല്ല.

കുതിരയുടെ മുഖത്തും പുറത്തും കാലിലുമെല്ലാം പരുക്കേറ്റിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനും മറ്റുമായാണ്
മകൻ ഹംദാന്റെ നിർബന്ധത്തിന് വഴങ്ങി ഷാജു കുതിരയെ വാങ്ങിയത്. പരുക്കേറ്റവരുടെ ചികിത്സാ ചെലവുകളും വാഹനത്തിന്റെ തകരാറും പരിഹരിച്ചു നൽകുമെന്ന് ഷാജു അറിയിച്ചു

നാടകീയ നീക്കങ്ങൾക്കൊടുവിൽ കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ വീണ്ടും ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം. നാടകീയ നീക്കങ്ങൾക്കൊടുവിൽ കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ.എസ് അനിൽകുമാർ വീണ്ടും ചുമതല ഏറ്റെടുത്തു. സിൻഡിക്കേറ്റ് യോഗം സസ്പെൻഷൻ റദ്ദാക്കിയതിന് പിന്നാലെയാണ് ഡോ. കെ.എസ് അനിൽ കുമാർ ചുമതല ഏറ്റെടുത്തത്. താത്ക്കാലിക വൈസ് ചാൻസിലർ ഡോ. സിസ തോമസിന്റെ എതിർപ്പ് മറികടന്നാണ് സസ്പെൻഷൻ റദ്ദാക്കിയത്. തീരുമാനം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സിസ തോമസ് കോടതിയെ സമീപിക്കും.

സസ്പെൻഷൻ നടപടിയിൽ നാളെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം. ഈ പശ്ചാത്തലത്തിലാണ് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നത്. യോഗത്തിൽ താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് രജിസ്ട്രാറുടെ സസ്പെൻഷൻ റിപ്പോർട്ട് ചെയ്തു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിശദ ചർച്ച ആവശ്യപ്പെട്ടെങ്കിലും വി.സി വഴങ്ങിയില്ല. എതിർപ്പിന്നെ മറികടന്ന് സസ്പെൻഷൻ പിൻവലിച്ച് പ്രമേയം പാസാക്കി.

ഇതിന് പിന്നാലെ വൈകുന്നേരം 4.30 ഓടെ കെ.എസ് അനിൽകുമാർ സർവകലാശാലയിലെത്തി വീണ്ടും ചുമതല ഏറ്റെടുത്തു.

തീരുമാനം അംഗീകരിക്കില്ലെന്ന് താക്കാലിക വൈസ് ചാൻസിലർ സിസ തോമസ് അറിയിച്ചു. താൻ യോഗം പിരിച്ചുവിട്ട ശേഷം എടുത്ത തീരുമാനം നിലനിൽക്കില്ലെന്നാണ് വിസിയുടെ നിലപാട്. സിൻഡിക്കേറ്റ് നടപടി കോടതി പരിശോധിക്കട്ടെ എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ നിലപാട്. വിസിയും സിൻഡിക്കേറ്റും നാളെ കോടതിയിൽ വ്യത്യസ്ത സത്യവാങ്മൂലം സമർപ്പിക്കും