താനെ: ഭാര്യയുടെ സഹോദരന്റെ വിവാഹം നടത്താന്‍ ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ച് നഗ്‌നപൂജ നടത്തി ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്. നവി മുംബൈയില്‍ ആണ് സംഭവം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ പ്രതിയുടെ വീട്ടില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത വാഷി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെയും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശിയാണ് കേസിലെ പ്രതി. കഴിഞ്ഞ ഏപ്രില്‍ 15ന് തന്റെ ഭാര്യാ സഹോദരന്റെ വിവാഹം നടത്താന്‍ സഹായിക്കുന്നതിനായി വസ്ത്രമില്ലാതെ ചില ചടങ്ങുകള്‍ നടത്താന്‍ പ്രതി ഭാര്യയെയും അമ്മയെയും നിര്‍ബന്ധിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. തുടര്‍ന്ന് ചടങ്ങ് നടക്കുന്ന വേളയില്‍ പ്രതി ഇരുവരുടെയും ചിത്രങ്ങള്‍ എടുക്കുകയും ഇതുമായി അജ്മീറിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി അജ്മീറിലേക്ക് പോയതിനുശേഷം പ്രതി ഈ ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചുനല്‍കുകയായിരുന്നു.
ഇയാള്‍ക്കെതിരെ ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 351(2) , 352 ,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും 2013 ലെ മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ആന്‍ഡ് എറാഡിക്കേഷന്‍ ഓഫ് നരബലി, ബ്ലാക്ക് മാജിക് ആക്ട് എന്നിവയും ചുമത്തിയതായി പോലീസ് അറിയിച്ചു. നിലവില്‍ ഒളിവില്‍ പോയ പ്രതിയ്ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
അളിയന്റെ വിവാഹം നടത്താന്‍ ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ച് നഗ്‌നപൂജ നടത്തി; യുവാവിനെതിരെ കേസ്
കേരള ലോട്ടറിയുടെ സമ്മാനം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ബാല
കേരള ലോട്ടറിയുടെ സമ്മാനം ലഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ബാല. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബാല ലോട്ടറിയടിച്ച വിവരം പങ്കുവച്ചത്. കാരുണ്യ ലോട്ടറിയുടെ 4935 നമ്പറിലുള്ള ടിക്കറ്റിനാണ് 25,000 രൂപ സമ്മാനം ലഭിച്ചത്. ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് ബാല വിഡിയോ പങ്കുവച്ചത്.
കോകിലയോട് ലോട്ടറിയുടെ വിവരങ്ങള്‍ പറയുന്നതും ലോട്ടറിയുടെ നമ്പര്‍ കാണിക്കുന്നതും അടക്കമുള്ള 59 സെക്കന്‍ഡ് വിഡിയോയാണ് ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ‘ആര്‍ക്കെക്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ’ എന്ന് പറഞ്ഞ് ഭാര്യ കോകിലയുടെ കയ്യില്‍ പണം നല്‍കുന്നതും വിഡിയോയില്‍ കാണാം. ആര്‍ക്കെങ്കിലും നല്ലത് ചെയ്യാന്‍ പറഞ്ഞ ബാലയുടെ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഇരുവരും ഓരോ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. സ്വന്തം കുടുംബാംഗമായ കോകിലയെ കഴിഞ്ഞ വര്‍ഷമാണ് ബാല വിവാഹം കഴിച്ചത്.
സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരം….. ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരും
സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം.
പുതുക്കിയ മെനു അനുസരിച്ച് സ്‌കൂള്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് സംഘടനകള്‍ പിന്തുണ അറിയിച്ചു. സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതം എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, വിഎച്ച്എസ്ഇ ട്രാന്‍സ്ഫര്‍ നടത്തുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉടന്‍ പരിഹരിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും.
കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി
കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ നടപടി റദ്ദാക്കി. സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേരള സര്‍വകലാശാല വൈസ് ചാന്‍സലറിന്റെ താത്ക്കാലിക ചുമതലയുള്ള ഡോ. സിസ തോമസിന്റെ വിയോജനക്കുറിപ്പ് തള്ളിയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി കഴിഞ്ഞദിവസം തയ്യാറായിരുന്നില്ല. സംഭവത്തില്‍ പൊലീസും സര്‍വകലാശാലയും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നിലപാട് സ്വീകരിച്ചത്. സര്‍വകലാശാലയില്‍ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദര്‍ശിപ്പിച്ചതെന്ന് ആരാഞ്ഞ ഹൈക്കോടതി ഭാരതാംബയെ കാവിക്കൊടിയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞിരുന്നു. ഹൈക്കോടതി നടപടി വന്നതിന് പിന്നാലെയാണ് സിന്‍ഡിക്കേറ്റ് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തത്. വിഷയം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഷിജുഖാന്‍, അഡ്വ. ജി മുരളീധരന്‍, ഡോ നസീബ് എന്നിവര്‍ അടങ്ങിയ സമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.
ഒന്നര കിലോ 100 രൂപ; വിലക്കുറവും മഞ്ഞ നിറവും കണ്ട് മാമ്പഴം വാങ്ങരുതേ …..
തിരൂവനന്തപുരം : നല്ല നിറവും മണവുമായി വിപണിയില്‍ നിറഞ്ഞിരിക്കുന്ന മാമ്പഴങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവിന്റെ ഉപയോഗം വ്യാപകമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണ്ടെത്തല്‍.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന പാകമാകാത്ത മാങ്ങയാണ് കാര്‍ബൈഡ് വിതറി വേഗത്തില്‍ പഴുപ്പിച്ചെടുക്കുന്നത്. കാര്‍ബൈഡ് പ്രയോഗത്തില്‍ നല്ല മഞ്ഞനിറമാകുന്ന മാങ്ങ ആരെയും ആകര്‍ഷിക്കും. വിപണിയില്‍ നിന്ന് വാങ്ങുന്ന മാമ്പഴങ്ങള്‍ക്ക് വേണ്ടത്ര മധുരമില്ലെന്നും പുളിയാണെന്നുമുള്ള പരാതികളും വ്യാപകമാണ്. ഇത് കഴിച്ചവര്‍ക്ക് അടുത്തിടെ ഛര്‍ദ്ദിയും വയറിളക്കവുമൊക്കെ പിടിപെട്ടിരുന്നു. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കാര്‍ബൈഡ് ഉപയോഗം കണ്ടെത്തിയത്.
പച്ചമാങ്ങ വേഗത്തില്‍ നിറമുള്ളതാക്കി മാറ്റാനാണ് കാര്‍ബൈഡ് ഉപയോഗിക്കുന്നത്. മാങ്ങ അട്ടിയിട്ടശേഷം ഇതിന് താഴെയായി കാര്‍ബൈഡ് വിതറി അടച്ചുമൂടി കെട്ടിവച്ചാല്‍ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. ഇത്തരം മാങ്ങയ്ക്ക് മധുരം കുറവായിരിക്കും. ഉള്‍ഭാഗം പഴുത്തിട്ടുമുണ്ടാകില്ല. കാര്‍ബൈഡ് കലര്‍ത്തുമ്പോഴുണ്ടാകുന്ന അസറ്റലിന്‍ എന്ന വാതകത്തിന്റെ പ്രവര്‍ത്തനഫലമായാണ് മാങ്ങ വേഗത്തില്‍ നിറംവയ്ക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മാങ്ങകള്‍ വാഹനത്തില്‍ നിറച്ചശേഷമാണ് കാര്‍ബൈഡ് വിതറുക. വാഹനം കേരളത്തില്‍ എത്തുമ്പോഴേക്കും പച്ചമാങ്ങ പഴുത്തിരിക്കും.
ഒരു കിലോ കാര്‍ബൈഡ് പൊടി 80 രൂപയ്ക്ക് ലഭിക്കുമെന്നതിനാല്‍ കച്ചവടം ലാഭകരമാകും.ഒരു കിലോ പൊടികൊണ്ട് ആയിരം കിലോ മാങ്ങ വരെ നിറമുള്ളതാക്കി മാറ്റാന്‍ കഴിയും. ഇത്തരം മാമ്പഴം വിപണിയിലെത്തിക്കുമ്പോള്‍ ചെറുകിട വില്പനക്കാരും കുറ്റക്കാരാകും. കാര്‍ബൈഡിന്റെ ഉപയോഗം 1954 ലെ മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം കുറ്റകരമാണ്.
ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്
തലയോലപറമ്പ്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിട അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. സർക്കാർ ഒപ്പമുണ്ടാകുമെന്ന് മന്ത്രി നേരിട്ട് എത്തി ഉറപ്പു നൽകി.ബിന്ദുവിന്റെ കുടുംബം തന്റേതുമാണെന്ന് മന്ത്രി പ്രതികരിച്ചു
അപകടം നടന്ന നാലാം ദിവസമാണ് തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിൽ മന്ത്രി വീണ ജോർജ് എത്തുന്നത് . അപകട സമയത്ത് ജില്ലയിൽ ഉണ്ടായിരുന്നിട്ടും മന്ത്രി കുടുംബത്തെ സന്ദർശിച്ചില്ലെന്ന് വിമർശനവും പരാതിയും ഉയർന്നിരുന്നു. സിപിഐഎം നേതാക്കൾക്കൊപ്പം എത്തിയ മന്ത്രി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയും ആശ്വസിപ്പിച്ചു.
സ്ഥിരം തൊഴിൽ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ആവശ്യത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്. ബിന്ദുവിന്റെ കുടുംബത്തിന് കൈത്താങ്ങായി ജോലി ചെയ്തിരുന്ന തലയോലപ്പറമ്പിലെ ടെക്സ്റ്റൈൽ സ്ഥാപനവും സഹായം പ്രഖ്യാപിച്ചു
ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായത്തിനുള്ള റിപ്പോർട്ട് ജില്ലാ കലക്ടർ സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ട് പരിഗണിച്ചാകും ധനസഹായ പ്രഖ്യാപനം
ഡിവൈഎഫ്ഐ വിരട്ടാൻ വരേണ്ട, രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം.ഡിവൈഎഫ്ഐ വിരട്ടാൻ വരേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സമരങ്ങളെക്കുറിച്ച് ഇപ്പോഴത്തെ ഡിവൈഎഫ്ഐ കാർക്ക് അറിയില്ലായിരിക്കും. 9 വർഷം വെറുതെയിരുന്ന് മസിൽ ലൂസായിട്ടുണ്ടായും. തങ്ങളുടെ വീടുകളിലേക്ക് വരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനത്തിനും പരിഹാസം. വന്നാൽ കാണാം എന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ഞങ്ങളുടെ നേതാക്കന്മാരുടെ വീടുകളിലേക്കും സ്വാഗതം എന്ന് രാഹുൽ
കാട്ടുപന്നിയുടെ ആക്രമണം,മൂന്നുപേർക്ക് പരിക്കേറ്റു
സുൽത്താൻബത്തേരി .ഓടപ്പള്ളത്ത് കാട്ടുപന്നിയുടെ ആക്രമണം, മൂന്നുപേർക്ക് പരിക്കേറ്റു
ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരൻ (38)
സമീപവാസിയായ ഓലിക്കൽ ധനൂപ് (32)എന്നിവക്കാണ് പരിക്കേറ്റത്. മൂവരെയും സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടപ്പള്ളത്തു നിന്ന് പഴേരിയിലേക്ക് റോഡിലേക്ക് നടന്നു പോകുന്നതിനിടെ പാഞ്ഞെത്തിയ കാട്ടുപന്നി മൂവരെയും ആക്രമിക്കുകയായിരുന്നു. രാവിലെ 8:45 ടെ ആണ് ആക്രമണം ഉണ്ടായത്. സുരേഷിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്
വാർത്താനോട്ടം
2025 ജൂലൈ 06 ഞായർ
BREAKING NEWS
👉കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ തലയോലപറമ്പിലെ വീട് ആരോഗ്യ മന്ത്രി സന്ദർശിച്ചു.
👉സർക്കാർ കുടുംബത്തോട് ഒപ്പമുണ്ടന്ന് ആരോഗ്യ മന്ത്രിയുടെ ഉറപ്പ്
👉മന്ത്രിയുടെ സന്ദർശനം പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്ന് ബിന്ദുവിൻ്റെ ഭർത്താവ് വി ശ്രുതൻ

👉തിരുവനന്തപുരം നെയ്യാറിൽ കെ എസ് ആർറ്റിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്
👉രാവിലെ 7.50തോടെയായിരുന്നു അപകടം. നെയ്യാർ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ വഴി കാട്ടാക്കായ്ക്ക് വന്ന ബസുമാണ് കൂട്ടി യിടിച്ചത്.

👉നിപ: കേന്ദ്ര സംഘം കേരളം സന്ദർശിക്കും
👉മലപ്പുറം കാളികാവിലെ നരഭോജി കടുവ കരുവാരക്കുണ്ടിലെ കൂട്ടിൽ കുടുങ്ങി.
🌴കേരളീയം🌴
🙏 സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. അഞ്ച് പേര്‍ ഐസിയു ചികിത്സയിലുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

🙏 കേരളത്തിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തെ റെയില്‍പാതകളുടെ ശേഷി വര്‍ധിപ്പിക്കുമെന്നും റെയില്‍വേ സ്റ്റേഷനുകള്‍ കേരളത്തനിമ നിലനിര്‍ത്തി ആധുനികവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
🙏 അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന്‍ നവനീത്. ഇക്കാര്യം വൈക്കം വിശ്വന്‍ അടക്കമുള്ള സിപിഎം നേതാക്കളെ ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ അറിയിച്ചു.

🙏 ഒരപകടമുണ്ടായാല്‍ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോയെന്ന് മന്ത്രി വിഎന്‍ വാസവന്‍. അങ്ങനെ വന്നാല്‍ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്നും കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോയെന്നും മന്ത്രി ചോദിച്ചു. റോഡപകടം ഉണ്ടായാല്‍ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോയെന്നും വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മന്ത്രി പരിഹാസത്തോടെ ചോദിച്ചു.
🙏 സംസ്ഥാനത്തെ മുഹറം അവധിയില്‍ മാറ്റമില്ല. മുഹറം അവധി ഇന്ന് തന്നെയായിരിക്കും. മുഹറം 10 ആചരിക്കുന്ന നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാളെ അവധിയുണ്ടാകില്ല.

🙏 സ്വകാര്യ ബസ് സമരം ഒഴിവാക്കാന്‍ ബസ്സുടമകളുമായി ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്.
🙏 ഭാരതാംബ വിവാദത്തില്‍ സസ്പെന്‍ഡുചെയ്ത നടപടി ചോദ്യംചെയ്ത് രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കേ, കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് ഇന്ന് ചേരും. രജിസ്ട്രാര്‍ക്കെതിരേയുള്ള വൈസ് ചാന്‍സലറുടെ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

🙏 തിരുവനന്തപുരത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പിലെ മുഖ്യകണ്ണി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ അനന്തപുരി മണികണ്ഠനെന്ന് പൊലീസ്.
🙏 എറണാകുളം കാക്കനാട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. റിമാന്‍ഡ് പ്രതിയായ ചേരാനെല്ലൂര്‍ സ്വദേശി നിധിനാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

🙏 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കൊലപാതകം ചെയ്തതായി വെളിപ്പെടുത്തിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് താന്‍ മറ്റൊരു കൊലപാതകം കൂടി ചെയ്തതായി പോലീസിന് മൊഴി നല്‍കി.
🙏 മൂന്നാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ തകരാറായി കിടക്കുന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35 ഫൈറ്റര്‍ ജെറ്റ് പരിശോധിക്കാന്‍ ഏകദേശം 25 പേരടങ്ങുന്ന ബ്രിട്ടീഷ് വ്യോമയാന എഞ്ചിനീയര്‍മാരുടെ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തും.

🇳🇪 ദേശീയം 🇳🇪
🙏 നാവികസേനയില്‍ യുദ്ധവിമാനം പറത്താന്‍ പരിശീലനം നേടിയ ആദ്യ വനിതയെന്ന ബഹുമതി ഉത്തര്‍ പ്രദേശ് സ്വദേശിനിയായ സബ് ലെഫ്റ്റനന്റ് ആസ്ത പുനിയക്ക്. നേവല്‍ ഏവിയേഷന്‍ ചരിത്രത്തിലെ പുതിയ അധ്യായം എന്ന കുറിപ്പോടെ നാവികസേന തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
🙏 വരുമാന സമത്വത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. ഏറ്റവും പുതിയ ലോക ബാങ്ക് റാങ്കിങ്ങ് പ്രകാരമാണ് ഇന്ത്യ നാലാം സ്ഥാനം നേടിയത്. വരുമാന സമത്വത്തില്‍ സ്ലോവാക് റിപ്പബ്ലിക്, സ്ലോവേനിയ, ബെലാറസ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ മാത്രമാണ് ഇന്ത്യ.

🇦🇺 അന്തർദേശീയം 🇦🇽
🙏 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ലോക കോടീശ്വരനും ട്രംപിന്റെ സുഹൃത്തുമായിരുന്ന ഇലോണ്‍ മസ്‌ക്. നിലവിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജനങ്ങള്‍ക്ക് സ്വാതന്ത്രം തിരിച്ചു നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്നും മസ്‌ക് വ്യക്തമാക്കി.
🙏 130 വയസ് വരെ താന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. അതേസമയം മരണത്തിന് ശേഷം തന്റെ പിന്തുടര്‍ച്ചാവകാശിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ദലൈലാമ പ്രസ്താവിച്ചിരുന്നു.

🙏 തത്സുകിയുടെ പ്രവചനത്തില്‍ ജപ്പാനിലെ ടൂറിസം മേഖലയ്ക്കുണ്ടായിരിക്കുന്നത് കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ടുകള്‍. ജൂലായ് അഞ്ചിന് പുലര്‍ച്ചെ നാലേകാലിന് വന്‍ ഭൂകമ്പമുണ്ടാകുമെന്നായിരുന്നു റയോ തത്സുകിയടെ പ്രവചനം. 2011 ലെ സുനാമിയുണ്ടായ ഭൂകമ്പമടക്കം പ്രവചിച്ച തത്സുകി തന്റെ 1999ല്‍ പുറത്തിറങ്ങിയ ദ ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച പ്രവചനങ്ങള്‍ നടത്തിയത്.
🙏 അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 30 തീവ്രവാദികളെ വധിച്ചതായി പാകിസ്ഥാന്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം ജൂണ്‍ 28 ന് പാക് താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കുറഞ്ഞത് 16 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും സാധാരണക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

🙏 അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായ റഷ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ചൈന. അഫ്ഗാന്‍ ജനതയോട് സൗഹൃദപരമായ വിദേശനയം പിന്തുടരുമെന്നും അവരെ ഒരിക്കലും മാറ്റിനിര്‍ത്തരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു.
⚽ കായികം🏏
🥇നീരജ് ചോപ്രയുടെ പേരില്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ജാവലിന്‍ മത്സരത്തില്‍ നീരജ് ചോപ്ര തന്നെ ഒന്നാമതെത്തി. 86.18 മീറ്റര്‍ ദൂരംകണ്ടെത്തിയാണ് നീരജ് ഒന്നാമതെത്തിയത്. കെനിയയുടെ ജൂലിയസ് യെഗോ രണ്ടാമതും ലങ്കന്‍ താരം രുമേഷ് പതിരഗെ മൂന്നാമതുമായി.

⚽ യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ 2026-ലെ ഏഷ്യാ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. ചരിത്രത്തിലാദ്യമായിട്ടാണ് ഇന്ത്യന്‍ വനിതകള്‍ യോഗ്യതാ റൗണ്ടിലൂടെ ഏഷ്യ കപ്പിലേക്ക് യോഗ്യത നേടുന്നത്. യോഗ്യതാ മത്സരങ്ങള്‍ ഇല്ലാതിരുന്ന 2003-ലാണ് ഇന്ത്യ അവസാനമായി ഏഷ്യ കപ്പില്‍ കളിക്കുന്നത്.
🏏 അണ്ടര്‍ 19 യൂത്ത് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 62 റണ്‍സിന് തകര്‍ത്ത ഇന്ത്യന്‍ യുവനിരക്ക് പരമ്പര. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 പന്തില്‍ 13 ഫോറും 10 സിക്സും പറത്തി 143 റണ്‍സെടുത്ത വൈഭവ് സൂര്യവന്‍ഷിയുടെയും 121 പന്തില്‍ 129 റണ്‍സെടുത്ത വിഹാന്‍ മല്‍ഹോത്രയുടെയും കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തു.

🏏 ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യ കളത്തിലിറങ്ങുക വിജയപ്രതീക്ഷയോടെ. 64 ന് 1 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 427 ന് 6 എന്ന നിലയിലെത്തിയപ്പോള്‍ രണ്ടാമിന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 161 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും അര്‍ദ്ധസെഞ്ച്വറികളെടുത്ത കെ.എല്‍.രാഹുലിന്റേയും റിഷഭ് പന്തിന്റേയും രവീന്ദ്ര ജഡേജയുടേയും മികവിലാണ് ഇന്ത്യ രണ്ടാമിന്നിംഗ്സ് 427 ലെത്തിച്ചത്.
⚽ ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ പിഎസ്ജി സെമിയില്‍. ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ തോല്‍പിച്ചാണ് പിഎസ്ജി സെമിയിലെത്തിയത്. മത്സരത്തിന്റെ അവസാനം രണ്ട് പിഎസ്ജി താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തുപോയെങ്കിലും ബയേണിന് തിരിച്ചടിക്കാനായില്ല
പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുളള ഭിന്നത രൂക്ഷമായതിനു പിന്നാലെ ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോണ്‍ മസ്‌ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘അമേരിക്ക പാര്‍ട്ടി’ എന്നാണ് മസ്‌കിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. ഇലോണ്‍ മസ്‌ക് എക്‌സിലൂടെയാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ കഴിഞ്ഞ ദിവസം നിയമമായിരുന്നു.
‘ഇന്ന് നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനായാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്’-എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. രണ്ട് രാഷ്ട്രീയപാര്‍ട്ടി (ചിലര്‍ ഏക പാര്‍ട്ടി എന്നും പറയും) സമ്പ്രദായത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണോ? നമ്മള്‍ അമേരിക്ക പാര്‍ട്ടി രൂപീകരിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഒരു പോള്‍ ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ചിരുന്നു. ധൂര്‍ത്തും അഴിമതിയും കൊണ്ട് രാജ്യത്തെ ജനങ്ങളെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണ സംവിധാനത്തിലാണ് അമേരിക്കക്കാര്‍ ജീവിക്കുന്നതെന്നും ജനാധിപത്യ സംവിധാനത്തിലല്ലെന്നും മസ്‌ക് വിമര്‍ശിച്ചു.
അമേരിക്കയ്ക്ക് ഡെമോക്രറ്റിക്ക്, റിപ്പബ്ലിക്ക് പാർട്ടികളല്ലാതെ ഒരു ബദൽ വേണമെന്നും എങ്കിലേ ജനങ്ങൾക്കും ശബ്‌ദിക്കാനാകൂ എന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു മസ്ക്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 250 മില്യൺ ഡോളറിലധികം മസ്ക് സംഭാവന നൽകിയിരുന്നു.






































