Home Blog Page 838

വീണാ ജോർജിനെതിരെയുള്ള വിമർശനങ്ങൾക്കിടെ പത്തനംതിട്ടയിൽ സിപിഎം യോഗം ഇന്ന്; കൂടുതൽ വിമർശനങ്ങൾക്ക് സാധ്യത

പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെതിരെ പാർട്ടിയിൽ നിന്ന് ഉയർന്ന പരസ്യ വിമർശനങ്ങൾ ഇന്ന് ചേരുന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. മന്ത്രിയെ വിമർശിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ട നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗവും മുൻ സിഡബ്ല്യുസി അധ്യക്ഷനുമായ അഡ്വ എൻ രാജീവ്, ഇലന്തൂർ ലോക്കൽ കമ്മിറ്റിയംഗം ജോൺസൺ എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. അതേസമയം, ജില്ലാ നേതാക്കളിൽ ഒരു വിഭാഗം മന്ത്രിക്കെതിരെ നേതൃയോഗത്തിൽ വിമർശനം ഉന്നയിക്കാനും സാധ്യതയുണ്ട്.

ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിലെ അന്വേഷണം വേഗത്തിലാക്കാൻ കളക്ടർക്ക് സർക്കാർ നിർദേശം. ഏഴ് ദിവസമാണ് അന്വേഷണം നടത്താൻ നൽകിയിരിക്കുന്ന സമയം. അന്വേഷണത്തിന്‍റെ ഭാഗമായി ജില്ലാ കളക്ടർ ഫയർഫോഴ്സ്, പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകളോട് റിപ്പോർട്ട് തേടി. രക്ഷാപ്രവർത്തനം, കെട്ടിടത്തിന്‍റെ അവസ്ഥ തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിലെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആ‌ർഎംഒ, വാർഡുകളുടെ ചുമതലയുളള ജീവനക്കാർ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും.

അതേസമയം, മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് എത്തിയേക്കും. കഴിഞ്ഞ ദിവസം കുടുംബവുമായി ഫോണിൽ സംസാരിച്ച മന്ത്രി, ബിന്ദുവിന്റെ മകൾ നവമിയുടെ തുടർചികിത്സ ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നവമിയെ നാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും. എന്നാൽ അപകടം നടന്ന് മൂന്ന് ദിവസമായിട്ടും ആരോഗ്യമന്ത്രി കുടുംബത്തെ കാണാത്തത് ചർച്ചയാകുന്നുണ്ട്.

ഇന്നലെ വീട്ടിലെത്തിയ എൽഡിഎഫ് മുൻ കൺവീനർ വൈക്കം വിശ്വൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ കുടുംബത്തിന് സർക്കാർ സഹായം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ബിന്ദുവിന്റെ മകൻ നവനീതിന് സ്ഥിരം ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന നിലപാട് സിപിഎം നേതാക്കൾ കുടുംബത്തെ അറിയിച്ചു.

നിപ ബാധിച്ച യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരം; കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഉറവിടം കണ്ടെത്താനായില്ല

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പാലക്കാട്‌ സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ജൂലൈ ഒന്നിനാണ് ഇവർ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.

യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല. ഈ യുവതിയുടെ ബന്ധുവായ 10 വയസുകാരനെ രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനിൽക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ പനി സര്‍വൈലന്‍സ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവ്: കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റിയ യുവതി മൊഴി നൽകി, കേസെടുക്കണമെന്ന് ആവശ്യം

കൊച്ചി: കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് കൈ, കാല്‍ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന തിരുവനന്തപുരം സ്വദേശി നീതു സംസ്ഥാനതല മെഡിക്കല്‍ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കി. കൊച്ചിയിലായിരുന്നു മൊഴിയെടുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, നഴ്സിംഗ് സര്‍വീസ് അസിസ്റ്റന്‍റ് ഡയറക്ടര്‍, എന്നിവരടങ്ങുന്ന സംഘത്തിന് മുന്നിലാണ് നീതു മൊഴി നല്‍കിയത്.

നീതു ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ കോസ്മെറ്റിക് ഹോസ്പിറ്റലിലെ ഒരു ഡോക്ടറെയും കമ്മിറ്റി വിളിച്ചു വരുത്തിയിരുന്നു. തനിക്ക് ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യം നീതു എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ആവര്‍ത്തിച്ചു.

വ്യാജ മോഷണ കേസ്: മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ പരാതിയിൽ കേസ്, വീട്ടുടമയും പൊലീസുകാരും പ്രതികൾ

തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണകേസിൽ നടപടി. മോഷണകുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബിന്ദുവിൻ്റെ പരാതിയിൽ കേസെടുത്തു. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത എസ് ഐ പ്രസാദ്, എ എസ് ഐ പ്രസന്നൻ എന്നിവരെ പ്രതി ചേർത്താണ് കേസെടുത്തത്.

എസ്.സി-എസ്.ടി കമ്മീഷൻെറ ഉത്തരവ് പ്രകാരമാണ് പേരൂർക്കട സ്റ്റേഷനിൽ ബിന്ധു പരാതി നൽകിയത്. വ്യാജ പരാതിയിൽ തന്നെ പൊലീസ് അന്യായമായി കസ്റ്റഡിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ബിന്ദു പരാതി നൽകിയാൽ കേസെടുത്ത് തുടർ നടപടിവേണമെന്ന് കമ്മീഷൻറെ നിർദേശമുണ്ടായിരുന്നു. ഇതിൻറെ ഭാഗമായിട്ടാണ് നാല് പേരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ബിന്ദുവിനെ കസ്റ്റഡിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവർ സസ്പെൻഷനിലാണ്.

മാസശമ്പളം 1.15ലക്ഷം, ചെലവിടുന്നത് വീട്ടുജോലിക്കാരിക്കായി, ഭർത്താവിനെ കൊന്ന ശേഷം കുളിപ്പിച്ച് കിടത്തി 31കാരി

ബെംഗളൂരു: വീട്ടുജോലിക്കാരിയോട് ഭർത്താവിന് വഴി വിട്ട ബന്ധം. 41കാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തെ കുളിപ്പിച്ച് ഭാര്യ. പോസ്റ്റ്മോർട്ടത്തിലെ നിർണായക വിവരമാണ് കൊലപാതകം തെളിയാൻ കാരണമായത്. ബെംഗളൂരുവിലെ എസ് ജി പാല്യയ്ക്ക് സമീപത്തെ ചന്ദ്രദയ കല്യാണ മണ്ഡപത്തിന് സമീപത്തെ വസതിയിലാണ് 41കാരനായ ഭാസ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപിച്ച് ലക്കുകെട്ട നിലയിലെത്തിയ ഭർത്താവ് കുളിമുറിയിൽ തെന്നി വീണെന്നും താൻ കുളിപ്പിച്ച് കിടപ്പുമുറിയിൽ എത്തിച്ചെന്നും രാവിലെ അനക്കമില്ലാത്ത നിലയിൽ കാണുകയായിരുന്നുവെന്നാണ് ഇയാളുടെ ഭാര്യ 32കാരി ശ്രുതി പൊലീസിനോട് വിശദമാക്കിയത്.

അസ്വഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് തലയിൽ ഭാരമേറിയ വസ്തു കൊണ്ടുള്ള പ്രഹരമേറ്റാണ് 41കാരൻ കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. ഭർത്താവിന് വീട്ടുജോലിക്കാരിയുമായുള്ള അടുപ്പത്തിന്റെ പേരിൽ വീട്ടിൽ സ്ഥിരം കലഹമായിരുന്നുവെന്നും കൊലപ്പെടുത്തിയ ശേഷം മരണം സ്വാഭാവിക മരണമാക്കാൻ ശ്രമിച്ചതായി ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്. മാസം 1.15 ലക്ഷം രൂപ വരുമാനമുള്ള ഭാസ്കർ വീട്ടുവാടക ഒഴികെയുള്ള പണം ജോലിക്കാരിക്കായി ചെലവഴിക്കുകയായിരുന്നു പതിവ്.

അടുത്തിടെയായി ഇയാൾ വീട്ടിലേക്ക് വരുന്നതും നിർത്തിയിരുന്നു. ജൂൺ 27 ന് മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തി ഭാസ്കറുമായി ശ്രുതി വാക്കേറ്റത്തിലായി. ഇതിനിടയിൽ ശ്രുതി ഭാസ്കറിനെ മരത്തടി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ ഇയാൾ മരിച്ചതായി വ്യക്തമായതോടെ മൃതദേഹം കുളിപ്പിച്ച് കിടക്കയിൽ കൊണ്ട് കിടത്തുകയായിരുന്നു. ആദ്യ ഭാര്യയിൽ നിന്ന് വിവാഹ മോചനം നേടിയ ശേഷം 12 വർഷം മുൻപാണ് ഭാസ്ക‍ർ ശ്രുതിയെ വിവാഹം ചെയ്തത്.

വിമാനത്തിന്റെ ചിറകിൽ തീ കണ്ടതായി സംശയം, ചിറകിലൂടെ പുറത്തേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്

പാൽമ ഡി മല്ലോർക്ക: ടേക്ക് ഓഫിന് റൺവേയിലെത്തിയതിന് പിന്നാലെ വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടതായി സംശയം. പിന്നാലെ വലത് ചിറകിലൂടെ അടക്കം അടിയന്തരമായി യാത്രക്കാരെ നിലത്തിറക്കി ക്രൂ. നാടകീയമായ രക്ഷപ്പെടലിനിടെ 18 യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ പാൽമ ദേ മല്ലോർക്ക വിമാനത്താവളത്തിൽ ടേക്ക് ഓഫിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. റയാൻ എയറിന്റെ ബോയിംഗ് 737 വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. 18 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്.

പുലർച്ചെ 12.35ടെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടതായി വിമാനത്തിലെ ക്രൂ അംഗങ്ങളാണ് എമർജൻസി അറിയിപ്പ് നൽകിയത്. പിന്നാലെ തന്നെ യാത്രക്കാരെ ഇവാക്യുവേറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഭയചകിതരായ ആളുകൾ സാധാരണ രീതിയിലുള്ള ഇവാക്യുവേഷൻ നടപടിയെ മറികടന്ന് ചിറകിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചതോടെ വലിയ രീതിയിലുള്ള ആശങ്കയുടെ അന്തരീക്ഷമാണ് ഉണ്ടായത്. വിമാനത്തിന്റെ ചിറകിൽ കയറി നിന്ന ചില‍ അവിടെ നിന്ന് നിലത്തേക്ക് ചാടി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയതും പരിക്കേൽക്കാൻ കാരണമായി. വിമാനത്താവളത്തിലെ പൊലീസും അഗ്നിരക്ഷാ സേനയും അടക്കമുള്ളവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വിമാനത്തിന്റെ സർവ്വീസ് റദ്ദാക്കി. എന്നാൽ ഉണ്ടായത് തെറ്റായ മുന്നറിയിപ്പാണെന്നാണ് റയാൻ എയർ വിശദമാക്കുന്നത്. പാൽമയിൽ നിന്ന് മാഞ്ചെസ്റ്ററിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് നാടകീയ സംഭവങ്ങളേ തുടർന്ന് റദ്ദാക്കിയത്. പൊള്ളലേറ്റ പരിക്കുകൾ ആ‍ർക്കും സംഭവിച്ചിട്ടില്ല. വീഴ്ചയിലുള്ള പരിക്കാണ് യാത്രക്കാരിൽ പലർക്കും സംഭവിച്ചിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യോമയാന മന്ത്രാലയം വിശദമാക്കി. യാത്രക്കാർക്ക് ഇന്ന് രാവിലെയാണ് റയാൻ എയ‍ർ യാത്രക്കാർക്ക് മറ്റൊരു വിമാനം തയ്യാറാക്കി നൽകിയത്.

ഇറങ്ങുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു, പ്ലാറ്റ്ഫോമിൽ തലയടിച്ച് വീണ് ഗുരുതര പരിക്കേറ്റു; ചികിത്സയിലായിരുന്ന ആൾ മരിച്ചു

ആലപ്പുഴ: ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ പടിപ്പുരയിൽ ജമാൽ മുഹമ്മദ് (45) മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം.

ജോലി സംബന്ധമായ ആവശ്യത്തിനായി ട്രെയിനിൽ കരുനാഗപ്പള്ളിയിലേക്ക് പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ടെടുക്കുകയും പ്ലാറ്റ് ഫോമിൽ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ജമാൽ മുഹമ്മദ് ആറുമാസമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എറണാകുളത്തെ ഒരു കാറ്ററിംഗ് കമ്പനിയിൽ കഴിഞ്ഞ മൂന്നുവർഷമായി ജോലി ചെയ്തു വന്നിരുന്ന ജമാൽ മുഹമ്മദ് ഭാര്യ ബീഫാത്തുമ്മാബി, മക്കളായ ഫർഹ, റഫ്ഹാൻ എന്നിവരോടൊപ്പം എറണാകുളത്താണ് താമസിച്ചിരുന്നത്.

അപകടത്തിൽപ്പെട്ട് ആശുപത്രി എത്തിയത് മുതൽ വളഞ്ഞവഴി വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മ അവർക്ക് ആവശ്യമായ സഹായവുമായി രംഗത്തുണ്ടായിരുന്നു. ലക്ഷദ്വീപിൽ നിന്നും ബന്ധുക്കളും എറണാകുളത്ത് നിന്നും കാറ്ററിങ് കമ്പനി പ്രതിനിധികളും എത്തിയിരുന്നു.

നീർക്കുന്നം ഇജാബ മസ്ജിദ് ഖബറിസ്ഥാനിൽ ജമാൽ മുഹമ്മദിന്റെ മൃതദേഹം കബറടക്കി. നൗഷാദ് എ, റഷീദ് കോലേഴം, യു എം കബീർ, ഹംസ കുഴിവേലി, അലി പൂതിയോട്, നജീബ് മാർസ്, ഹാഷിം വണ്ടാനം, സാജിദ അസ്ലം, ഹസീന റഷീദ് തുടങ്ങിയവരുടെ ഇടപെടൽ ലക്ഷദ്വീപ് നിവാസികളായ ആ കുടുംബത്തിന് ആശ്വാസമായി.

ഡോറയുടെ സ്വത്ത് തട്ടിയത് കോൺ​ഗ്രസ് നേതാവ് മണികണ്ഠൻ; മെറിന്‍റെ പേരിൽ ഭൂമി രജിസ്റ്റര്‍ ചെയ്തത് വളർത്തുമകളെന്ന വ്യാജേന

തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പിലെ മുഖ്യകണ്ണി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠനെന്ന് പൊലീസ്. അനന്തപുരി മണികണ്ഠനെ പൊലീസ് പ്രതിയാക്കും. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.

ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് വെണ്ടറും കോണ്‍ഗ്രസ് നേതാവുമായ മണികണ്ഠനാണെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ പിടിയിലായ കൊല്ലം സ്വദേശി മെറിന്‍റെയും വസന്തയുടെയും മൊഴിയിൽ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേനയാണ് മെറിന്‍റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. മുക്കോല സ്വദേശിയായ വസന്തയെ ഡോറയായി ആള്‍മാറാട്ടം നടത്തി കവടിയാർ രജിസ്ട്രേഷൻ ഓഫീസിലെത്തിച്ചു. ക്യാൻസർ രോഗിയാണ് വസന്ത.

ബ്രിട്ടീഷ് യുദ്ധ വിമാനം പറന്നുയരുമോ അതോ ‘പാക്ക് ചെയ്ത്’ അയക്കുമോ? രണ്ടിലൊന്ന് വൈകാതെ അറിയാം, വിദഗ്ധ സംഘം ഇന്ന് എത്തും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്ന എഫ് 35 ബി എന്ന ബ്രിട്ടീഷ് യുദ്ധ വിമാനത്തിൻറെ അറ്റകുറ്റപണിക്കായി ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ദ്ധ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. 25 പേരടങ്ങുന്ന സംഘമാണ് എത്തുന്നത്. ബ്രിട്ടീഷ് എയർഫോഴ്സിലെ എഞ്ചിനീയർമാർക്കൊപ്പം വിമാനം നിർമ്മിച്ച ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയുടെ വിദഗ്ദധരും ഈ സംഘത്തിലുണ്ട്.

യുദ്ധവിമാനം കേടുപാടുകൾ തീർത്ത് തിരിച്ച് പറത്തികൊണ്ട് പോകാൻ സാധിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കിമാറ്റി ചരക്കുവിമാനത്തിൽ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുമായിട്ടാണ് സംഘം എത്തുന്നത്. നിലവിൽ വിമാനം വിമാനത്താവളത്തിനുള്ളിലെ എയർഇന്ത്യയുടെ മെയ്ൻറേയിൻസ് ഹാൻഡിലിലാണുള്ളത്. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടി വന്നത്.

സമുദ്ര തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാന വാഹിനി കപ്പലിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്നതാണ് വിമാനം. പിന്നീട് തിരികെ കപ്പലിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം അതിന് സാധിച്ചിരുന്നില്ല. ഇതിനിടയിൽ വിമാനത്തിൻറെ ഇന്ധനം കുറഞ്ഞ് തുടങ്ങുകയും അടിയന്തരമായി ലാൻഡ് ചെയ്യണ്ട അവസ്ഥ എത്തിയതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

ഇതിനുശേഷം വിമാനവാഹിനി കപ്പലിലുള്ള എഞ്ചിനിയർമാർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ വിദഗ്ധ സംഘം ജൂലൈ രണ്ടിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടുപോവുകയായിരുന്നു.

യുദ്ധവിമാനം നന്നാക്കാനായില്ലെങ്കിൽ ചില ഭാഗങ്ങൾ വേർപ്പെടുത്തിയശേഷം ബ്രിട്ടീഷ് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റർ -3 എന്ന കൂറ്റൻ വിമാനത്തിൽ കൊണ്ടുപോകുമെന്നാണ് വിവരം. എഫ്-35 ബിയുടെ അറ്റകുറ്റപണി തുടങ്ങിയാൽ എന്നുതീരുമെന്നതിലടക്കം വിദഗ്ധ സംഘം എത്തുന്നതിലൂടെ വ്യക്തമാകും. കൂടുതൽ സങ്കീർണമായ അറ്റകുറ്റപണി ആവശ്യമാണെങ്കിൽ കയറ്റി അയക്കാനായിരിക്കും തീരുമാനം.

യുകെ,യുഎസ്, ഇന്ത്യൻ വ്യോമസേന എന്നിവ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ഹെവി -ലിഫ്റ്ര് കാർഗോ വിമാനമാണ് ഗ്ലോബ്‍മാസ്റ്റർ. 77 ടൺ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള വിമാനത്തിന് രണ്ട് എഫ്-35 വിമാനങ്ങൾ വരെ വഹിക്കാനാകും. എന്നാൽ, എഫ്-35ൻറെ വലുപ്പം വെല്ലുവിളിയാണ്. 14 മീറ്റർനീളവും 11 മീറ്ററോളം വീതിയമുള്ള എഫ്-35 ബി വിമാനത്തിൻറെ ചിറക് നീക്കം ചെയ്താലെ ഗ്ലോബ്‍മാസ്റ്ററിൽ കയറ്റനാകു.26 മീറ്റർ വരെ നീളത്തിൽ കാർഗോ വഹിക്കാൻ കഴിയുമെങ്കിലും നാലു മീറ്റർ മാത്രമാണ് ഗ്ലോബ് മാസ്റ്ററിൻറെ വീതി.

മദ്റസ വിദ്യാർഥിയായ 22കാരിയെ ബലാത്സം​ഗം ചെയ്തു, 3 തവണ ​ഗർഭഛിദ്രത്തിന് വിധേയമാക്കി, അധ്യാപകൻ അറസ്റ്റിൽ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മദ്റസാ വിദ്യാർഥിയായ 22കാരിയെ സംഭവത്തിൽ 45കാരനായ മദ്റസ അധ്യാപകൻ അറസ്റ്റിൽ. ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത കേസിലാണ് അധ്യാപകനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബിഹാർ സ്വദേശിയായ ഇരയുടെ പരാതിയിൽ, ഇയാൾ പലതവണ ബലാത്സംഗം ചെയ്തതായും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു. മൂന്ന് തവണയാണ് ​ഗർഭഛിദ്രത്തിന് വിധേയമാക്കിയത്.

കുറ്റകൃത്യത്തിന് പ്രതിയുടെ ഭാര്യ പ്രോത്സാഹിപ്പിക്കുകയും പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ആരോപിച്ചു. മൂന്ന് വർഷം മുമ്പാണ് യുവതി മദ്രസയിൽ എത്തിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി മീററ്റ് പോലീസ് സൂപ്രണ്ട് (സിറ്റി) ആയുഷ് വിക്രം സിംഗ് പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഭാര്യക്കെതിരെ കേസെടുത്തെങ്കിലും അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.