Home Blog Page 835

ഇന്ത്യൻ ക്രിക്കറ്റിന്റെ മഹേന്ദ്രജാലം; ക്യാപ്റ്റൻ കൂൾ @ 44

ഇന്ത്യൻ ക്രിക്കറ്റിന്റെ മഹേന്ദ്രജാലം; ക്യാപ്റ്റൻ കൂൾ ധോണിക്ക് ഇന്ന് 44-മത് ജന്മദിനം. രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപറ്റന്മാരിൽ ഒരാളായ ധോണിയുടെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകർ.

ഒരു റണ്‍ഔട്ടില്‍ തുടങ്ങി മറ്റൊരു റണ്‍ഔട്ടില്‍ അവസാനിച്ച രാജ്യാന്തര ക്രിക്കറ്റ് കരിയര്‍. ആ കാലഘട്ടത്തിനിടെ ഇന്ത്യൻ ക്രിക്കറ്റിന് അയാള്‍ നല്‍കിയ സംഭാവനകള്‍ ആരും മറക്കില്ല. ഒരു സിനിമാക്കഥ പോലെ ആരാധകരെ വിസ്‌മയിപ്പിക്കുന്നതായിരുന്നു ഇന്ത്യൻ ടീമിനൊപ്പം അയാള്‍ നടത്തിയ യാത്ര.

1983ലെ ലോകകപ്പ് നേട്ടം മുതല്‍ക്ക് തന്നെ ഇന്ത്യൻ ജനതയ്‌ക്ക് ക്രിക്കറ്റ് എന്നത് ഒരു വികാരമായിരുന്നു. ടീമിന്‍റെ ജയങ്ങളില്‍ ആരാധകര്‍ കയ്യടിച്ചു. തോല്‍വികളില്‍ വിമര്‍ശിച്ചു.

ഓസ്‌ട്രേലിയയെ പോലൊരു ടീം തുടര്‍ച്ചയായി കിരീടങ്ങള്‍ നേടുന്നത് കണ്ട് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും അത്ഭുതപ്പെട്ടു. ഇംഗ്ലണ്ടില്‍ പോയി കപില്‍ ദേവിന്‍റെ ചെകുത്താന്മാര്‍ ലോകകിരീടം ഉയര്‍ത്തിയത് പോലൊരു നേട്ടം ഇനിയെന്നാകും തങ്ങള്‍ കാണുക എന്നതിനെ കുറിച്ച് അവര്‍ ചിന്തിച്ചിട്ടുണ്ടായിരിക്കാം. മുഹമ്മദ് അസറുദീൻ, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് അങ്ങനെ നായകന്മാര്‍ പലരും വന്ന് പോയി. എന്നിട്ടും ഇന്ത്യയ്‌ക്ക് ഐസിസി കിരീടം കിട്ടാക്കനി. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഏറ്റവും മോശം അദ്യായങ്ങളില്‍ ഒന്നാണ് 2007ലെ ഏകദിന ലോകകപ്പ്. രാഹുല്‍ ദ്രാവിഡിന് കീഴില്‍ വെസ്റ്റ് ഇൻഡീസിലേക്ക് ലോകകപ്പ് കളിക്കാൻ ഇറങ്ങിയ ഇന്ത്യൻ സംഘത്തിന് ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ആരാധകപ്രതിഷേധമായിരുന്നു അന്ന് തിരികെയെത്തിയ ടീമിനെ വരവേറ്റത്.

അതേവര്‍ഷം തന്നെ ആദ്യ ടി20 ലോകകപ്പിന് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്നു. പ്രധാന താരങ്ങളായ സച്ചിൻ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഇല്ലാതെയാണ് ബിസിസിഐ ടീമിനെ ലോകകപ്പിന് അയച്ചത്.

2004 -ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണിയെയായിരുന്നു ബിസിസിഐ നായക സ്ഥാനം ഏല്‍പ്പിച്ചത്. അന്ന് കിരീടം തൂക്കിയായിരുന്നു എംഎസ്‌ ധോണിയുടെ സംഘം ഇന്ത്യയിലേക്ക് തിരികെ പറന്നത്. പിന്നീട് ലോകം കണ്ടത് ധോണിയെന്ന നായകന് കീഴില്‍ നീലപ്പട ക്രിക്കറ്റ് സാമ്രാജ്യം വെട്ടിപ്പിടിക്കുന്ന കാഴ്‌ചയാണ്. ധോണിപ്പട നടത്തിയ തേരോട്ടത്തില്‍ 2011-ലെ ഏകദിന ലോകകപ്പും 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയും കൂടെപ്പോരുകയും ചെയ്‌തു.

ഇത്തിക്കരയാറ്റിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി

ചാത്തന്നൂർ : ഇത്തിക്കരയാറ്റിൽ അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം കെ ആർ ജി പി എം എച്ച്എസ്എസ് സ്കൂളിലെ അധ്യാപകൻ പൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്ത് വീട്ടിൽ പ്രമോദ് ജോൺ (48) ആണ് മരിച്ചത്. ഇന്നലെ
രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ ഇത്തിക്കര ആറിന് സമീപം എത്തിയ പ്രമോദ്ജോൺ ഇത്തിക്കര- ഓയൂർ റോഡിലെ ഇത്തിക്കര ചെറിയ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ദൃക് സാക്ഷികൾ ചാത്തന്നൂർ പോലീസിൽ
വിവരം അറിയിച്ചതിനെ തുടർന്ന് ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ പതിനൊന്നു മണിയോടെ മൃതദേഹം കണ്ടെത്തുകയും, പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചാത്തന്നൂർ പോലീസ് കേസെടുത്തു.

വായനപക്ഷാചരണം സമാപനം ഇന്ന്

തലമുറകളെ പുസ്തകവായനയുമായി ചേര്‍ത്തുനിര്‍ത്തുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ വായനപക്ഷാചരണം ഇന്ന് സമാപിക്കും. ജില്ലശിശുക്ഷേമ സമിതിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമാപനസമ്മേളനം പകല്‍ 11ന് ടി.കെ.ഡി.എം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എഴുത്തുകാരന്‍ സലിന്‍ മാങ്കുഴി ഉദ്ഘാടനം ചെയ്യും. ജില്ലകലക്ടര്‍ എന്‍. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി ഭാഷാപ്രശ്‌നോത്തരി മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും കൈമാറും. ജില്ലശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ് അധ്യക്ഷനാകും. ജില്ലഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍ സ്വാഗതംപറയും.
ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ സിനി വര്‍ഗീസ്, വൊക്കേഷനല്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ടി.എം. ബിന്ദു, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍. ഗീത, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, ജില്ലശിശുക്ഷേമ സമിതി ട്രഷറര്‍ എന്‍. അജിത്പ്രസാദ് എന്നിവര്‍ ആശംസനേരും.

കൊല്ലത്ത് അദ്ധ്യാപകനെ  വീടിന് മുന്നിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ചു

ഇരവിപുരം:  അദ്ധ്യാപകനെ  വീടിന് മുന്നിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ ഉച്ചയോടെ പട്ടത്താനം പാട്ടത്തിക്കാവിന് സമീപത്താണ് സംഭവം. പട്ടത്താനം പാട്ടത്തിക്കാവിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന  അദ്ധ്യാപകൻ കസ്മിറിനാണ് പരിക്കേറ്റത്.
തടയാൻ ശ്രമിച്ച ഭാര്യക്ക് മർദ്ദനമേറ്റു.   
കസ്മിറിന് ചുണ്ടിലാണ് പരിക്കേറ്റത്. ഇരുവരെയും  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. സ്ഥിരം കുറ്റവാളിയായ പട്ടത്താനം സ്വദേശി മനു റൊണാൾഡ് (38) ആണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഭവത്തിൽ
ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

എജ്ബാസ്റ്റണില്‍ ഇന്ത്യക്ക് ഇത് പുതുചരിത്രം

എജ്ബാസ്റ്റണില്‍ ജയത്തോടെ പുതുചരിത്രമെഴുതി ശുഭ്മന്‍ ഗില്ലും സംഘവും. ഇന്ത്യയുടെ ദൗര്‍ഭാഗ്യ ഗ്രൗണ്ടെന്ന ചീത്തപ്പേരാണ് ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ ജയത്തോടെ മായുന്നത്. ഇതുവരെ നടന്ന എട്ടു മല്‍സരങ്ങളില്‍ ഏഴിലും ഇന്ത്യ തോല്‍ക്കുകയും ഒരെണ്ണം സമനിലയില്‍ അവസാനിക്കുകയുമാണ് ചെയ്തത്. ബാറ്റിങിലും ബോളിങിലും ഉശിരന്‍ പ്രകടനം പുറത്തെടുത്തതോടെ ഏജ്ബാസ്റ്റണും ഇന്ത്യ കീഴടക്കി. 
56 ടെസ്റ്റ് മല്‍സരങ്ങള്‍ക്കാണ് ഇതിന് മുന്‍പ് എജ്ബാസ്റ്റന്‍ വേദിയായിട്ടുള്ളത്. ഇതില്‍ 29 തവണയും ആദ്യം ബാറ്റ് ചെയ്തവര്‍ക്കൊപ്പമായിരുന്നു ജയം. 12 തവണ മറിച്ചും. 15 മല്‍സരങ്ങള്‍ സമനിലയിലും അവസാനിച്ചു. ധോണി നയിച്ച ഇന്ത്യന്‍ ടീമിനെതിരെ 2011 ല്‍ ഇംഗ്ലണ്ട് ഇവിടെ അടിച്ചുകൂട്ടിയത് 710/7 റണ്‍സാണ്. എജ്ബാസ്റ്റനിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതാണ്. ഏറ്റവും കുറഞ്ഞ സ്‌കോര്‍ പാക്കിസ്ഥാന്റെ പേരിലാണ്. 2010ല്‍ 72 റണ്‍സ്. എജ്ബാസ്റ്റണില്‍ ഏറ്റവും വലിയ റണ്‍ചേസ് നടത്തി ജയിച്ച ചരിത്രവും ഇംഗ്ലണ്ടിനുണ്ട്. 2022 ല്‍ ഇന്ത്യ അടിച്ചു കൂട്ടിയ 378 റണ്‍സാണ് ഇംഗ്ലണ്ട് പിന്തുടര്‍ന്ന് ജയിച്ചത്.


കൈപ്പിടിയിലൊതുക്കാമായിരുന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യ ജയത്തോടെ പരമ്പരയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിത്. 430 റണ്‍സുമായി ക്യാപ്റ്റന്‍ ഗില്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ആകാശ് ദീപും മുഹമ്മദ് സിറാജും ഇംഗ്ലിഷ് ബാറ്റര്‍മാരെ വരിഞ്ഞുകെട്ടി. ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ നാലുപേരെയും പുറത്താക്കിയാണ് ആകാശ് ഞെട്ടിച്ചത്. 1976 ല്‍ വിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങാണ് മുന്‍പ് ഒറ്റ ടെസ്റ്റ് ഇന്നിങ്‌സില്‍ ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ആറുവിക്കറ്റും താരം നേടി. 

മൂവരും പഠിച്ചത് ഒരേ എഞ്ചിനീയറിങ് കോളേജിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻസിബി

കൊച്ചി: കെറ്റാമെലോൺ ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികൾ എന്ന് നർകോട്ടിക് കണ്‍ട്രോൾ ബ്യൂറോ. എഡിസൺ ബാബുവും ഡിയോളും അരുൺ തോമസും മൂവാറ്റുപുഴയിലെ എൻജിനിയറിങ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്. 2019 മുതൽ ഡിയോൾ രാജ്യാന്തര തലത്തിൽ ലഹരി ഇടപാടുകൾ നടത്തിയിരുന്നു. പ്രതികളെ നാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ ബിടെക് പഠനം ഒരേ ക്ലാസ്സിൽ ഇരുന്ന് പൂർത്തിയാക്കിയവരാണ് എഡിസൻ ബാബുവും കെ വി ഡിയോളും അരുൺ തോമസും. പഠനം പൂർത്തിയാക്കി എഡിസൺ മുംബൈയിലും പൂനെയിലും ജോലി ചെയ്തപ്പോൾ 2019 മുതൽ തന്നെ ഡിയോൾ ലഹരി ഇടപാടുകൾ തുടങ്ങി. ഓസ്ട്രേലിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് മാരക ലഹരി മരുന്നായ കെറ്റാമൈൻ എത്തിച്ചു. തന്റെ സാമ്പത്തിക വളർച്ച കാണിച്ചുകൊടുത്താണ് ഉറ്റ സുഹൃത്തായ എഡിസനെയും ഡിയോൾ ലഹരി വലയിൽ എത്തിച്ചത്.

പാഞ്ചാലിമേടിലുള്ള ഡിയോളിന്റെ റിസോർട്ട് ലഹരി പാർട്ടികളുടെ കേന്ദ്രമായിരുന്നു എന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ലഹരി ഉപയോഗത്തിന് പുറമേ ഡാർക്ക് നെറ്റ് വഴിയുള്ള ലഹരി വില്പനയും റിസോർട്ടിൽ നടന്നതായി എൻ സി ബിക്ക് വിവരം ലഭിച്ചു. റിസോർട്ടിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിറയെ എഡിസനും ഡിയോളുമൊക്കെ ഒരുമിച്ചുള്ള ചിത്രങ്ങളും റീലുകളും ഉണ്ട്.

കുടുംബവുമൊത്ത് എഡിസൺ റിസോർട്ടിലേക്ക് പതിവായി എത്തുമായിരുന്നു. വീട്ടുകാർക്ക് പോലും എഡിസന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സമർത്ഥനായ എൻജിനീയറാണ് എഡിസൺ എന്ന് എൻസിബി വ്യക്തമാക്കുന്നു. 25 മുതൽ 30 വരെ സങ്കീർണമായ പാസ്‌വേഡുകൾ ഓർത്തിരിക്കാൻ സാധിക്കും. ഈ പാസ്‌വേഡുകളാണ് ഡാർക്ക് നെറ്റിലേക്ക് കയറാൻ ഉപയോഗിച്ചിരുന്നത്. പ്രതികളെ ലഹരി ഇടപാടിനെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഡിയോളിന്റെ ഭാര്യ അഞ്ജുവിനെ എൻസിബി അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടിലൂടെ സമ്പാദിച്ച കോടികൾ എവിടെയെന്ന അന്വേഷണത്തിലാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.

ക്രിപ്റ്റോ കറൻസിയിലൂടെ എഡിസൺ നടത്തിയ ഇടപാടുകൾ പൂർണമായും പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട് എൻ സി ബി. എഡിസനെയും അരുൺ തോമസിനെയും ഡിയോളിനെയും ഇന്ന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം

കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്ത്യേഷ്യ നൽകിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകൻ ഇന്നലെയാണ് മരിച്ചത്. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങുക.

കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കർമത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ക്ലിനിക്കിൽ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടർന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് ആശുപത്രി അധികൃതർ നിർദേശിച്ചു.

ആംബുലൻസിൽ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ ആശുപത്രിയിൽ നിന്ന് നൽകിയ റിപ്പോർട്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. മരുന്നിന്‍റെ അലർജിയാണോ അതോ മറ്റെന്തെങ്കിലും വീഴ്ചയാണോ എന്ന് ഇപ്പോൾ വ്യക്തമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദർശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഒരുക്കത്തിന്‍റെ ഭാഗമായി രാവിലെ എട്ടു മുതൽ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

വിവാഹം, ചോറൂൺ എന്നിവ രാവിലെ ഏഴ് മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹ മണ്ഡപങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രം ഇന്നർ റിങ് റോഡുകളിൽ ഇന്ന് രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതു വരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശിക, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ ആറു മണിക്ക് അവസാനിപ്പിക്കും.

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവർ അഭ്യർത്ഥിച്ചു.

മെത്താംഫിറ്റമിനും  കഞ്ചാവുമായി തൊടിയൂർ സ്വദേശികളായ യുവാക്കൾ പിടിയിൽ

ശാസ്താംകോട്ട:ബൈക്കിൽ കടത്തികൊണ്ട് വരികയായിരുന്ന 1.15 ഗ്രാം മെത്താംഫിറ്റമിനും10 ഗ്രാം  കഞ്ചാവുമായി യുവാക്കൾ പിടിയിൽ.തൊടിയൂർ പുലിയൂർവഞ്ചി വടക്ക് തച്ചിരെത്ത് വടക്കതിൽ ആദിത്യൻ (20),തൊടിയൂർ പുലിയൂർവഞ്ചി വടക്കുമുറിയിൽ മണ്ണൂർ കിഴക്കതിൽ
കണ്ണൻ(20) എന്നിവരാണ് പിടിയിലായത്.ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് മുറിയിൽ  നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

മുതുപിലാക്കാട് പടിഞ്ഞാറ് കൊച്ചുകോയിപുറത്ത് വസന്തകുമാരി അന്തരിച്ചു

ശാസ്താംകോട്ട : മുതുപിലാക്കാട് പടിഞ്ഞാറ് കൊച്ചുകോയിപുറത്ത് വസന്തകുമാരി (64) അന്തരിച്ചു.സംസ്‍കാരം തിങ്കളാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ. ഭർത്താവ് : തുളസിധരൻ മക്കൾ: ആതിര, അഖിൽ
മരുമകൾ : ഇന്ദുശ്രീ