24.2 C
Kollam
Wednesday 24th December, 2025 | 12:37:25 AM
Home Blog Page 834

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അദ്ഭുത രക്ഷ

പാലക്കാട്: കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ പുറത്തേക്ക്. നാഗലശ്ശേരി പഞ്ചായത്തിലെ കോതച്ചിറ കരുമത്തിൽ വീട്ടിൽ ദാക്ഷായണി (68) ആണ് വീട്ടിലെ കിണറ്റിൽ വീണത്. കാലത്ത് ഏഴ് മണിയോടെ വയോധികയെ കിണറിൽ വീണ് കിടക്കുന്ന നിലയിൽ വീട്ടുകാർ കാണുകയായിരുന്നു. അതിരാവിലെ ഇവർ വീണിട്ടുണ്ടാമെന്ന് കരുതി ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ ദാക്ഷായണിയെ കിണറിനു പുറത്തെത്തിക്കാനായി നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചിരുന്നു. ഈ സമയം ശരീരം വെള്ളത്തിനടിയിലേക്ക് മുങ്ങിപ്പോകാതിരിക്കാനായി പ്രദേശവാസി കൽപ്പാലത്തിങ്കൽ ഭാസ്കരൻ കിണറിലിറങ്ങി വയോധികയുടെ ശരീരം താങ്ങി നിർത്തി. ഈ സമയമത്രയും വയോധികയ്ക്ക് ജീവനുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാർക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അഗ്നിരക്ഷാസേന എത്തി ശരീരം മുകളിലേക്കു കയറ്റുന്നതിനിടെയാണ് വയോധികയുടെ കൺപോളയിലെ ഇളക്കം ശ്രദ്ധയിൽപ്പെടുന്നതും ജീവൻ നിലനിൽക്കുന്നുണ്ടെന്ന് മനസിലായതും.

ഉടൻ തന്നെ വയോധികയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ തുടരുന്ന ദാക്ഷായണി ഞായറാഴ്ച ഉച്ചയോടെ തന്നെ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മണിക്കൂറുകളോളം നിറയെ വെള്ളമുള്ള കിണറിൽ വീണ് കിടന്നിട്ടും വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും രക്ഷാപ്രവർത്തകരുമെല്ലാം. അതേ സമയം ഇവർ എങ്ങനെ കിണറിൽ വീണു എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

ജീപ്പ് സവാരിക്ക് നിരോധനം

ഇടുക്കി. ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകം. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്. പോലീസും , പഞ്ചായത്തുകളും , മോട്ടർ വാഹന വകുപ്പും , വനവകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം

.REP. IMAGE

രജിസ്ട്രാർ കെഎസ് അനിൽകുമാർ നൽകിയ ഹർജി പിൻവലിക്കും, കേസ് ഇന്ന്

കൊച്ചി. സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല രജിസ്ട്രാർ കെഎസ് അനിൽകുമാർ നൽകിയ ഹർജി പിൻവലിക്കും. സസ്പെൻഷൻ നടപടി സിൻഡിക്കേറ്റ് റദ്ദാക്കി പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ഹർജി പരിഗണിക്കുന്ന ഘട്ടത്തിൽ ഇക്കാര്യം കോടതിയെ അറിയിക്കും. സിൻഡിക്കേറ്റിന്റെയും വിസിയുടെയും സത്യവാങ്മൂലം പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇന്നലെ അടിയന്തര സിൻഡിക്കേറ്റ് ചേർന്ന് നാടകീയമായി സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു. പിന്നാലെ അനിൽകുമാർ ചുമതലയും ഏറ്റെടുത്തു.

അതിനിടെ കേരള സർവകലാശാലയിൽ രജിസ്ട്രാർ വീണ്ടും ചുമതലയേറ്റതിൽ വിസി ക്ക് അതൃപ്തി. ജോയിന്റ് രജിസ്ട്രാറിൽ നിന്ന് ഡോ സിസ തോമസ് വിശദീകരണം തേടി. രാവിലെ 9 മണിക്ക് മുൻപായി റിപ്പോർട്ട് നൽകാൻ നിർദേശം

‘ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി; ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല’

റിയോ ഡി ജനീറോ: ബ്രിക്സ് ഉച്ചകോടിയിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമാധാനവും സുരക്ഷയുമാണ് ഭാവിയുടെ അടിത്തറയെന്ന് വിശേഷിപ്പിച്ച മോദി, ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും പറഞ്ഞു. പഹൽഗാം ഭീകരാക്രമണം മുഴുവൻ മനുഷ്യരാശിക്കെതിരെയുള്ള പ്രഹരമായിരുന്നുവെന്നും മോദി പറഞ്ഞു.

‘‘ഇന്ന് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയായി ഭീകരവാദം മാറിയിരിക്കുന്നു. പഹൽഗാം ഭീകരാക്രമണം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും ഒരു പ്രഹരമായിരുന്നു. ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല. ഭീകരവാദത്തിന്റെ ഇരകളെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരേ തുലാസിൽ തൂക്കിനോക്കാനാവില്ല. വ്യക്തിപരമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി, ഭീകരതയ്ക്കു നിശബ്ദ സമ്മതം നൽകുകയും ഭീകരതയെയോ ഭീകരരെയോ പിന്തുണയ്ക്കുകയും ചെയ്യുന്നത് സ്വീകാര്യമല്ല. ഭീകരതയെക്കുറിച്ചുള്ള വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിൽ വ്യത്യാസമുണ്ടാകരുത്. ഭീകരവാദത്തെ അപലപിക്കുക എന്നത് നമ്മുടെ തത്ത്വമായിരിക്കണം.’’ – മോദി പറഞ്ഞു,

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവകൾ ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്സ് ഉച്ചകോടി ആരോപിച്ചു. ഏകപക്ഷീയമായ താരിഫ് വർധനവിൽ ആശങ്കക പ്രകടിപ്പിച്ച ബ്രിക്സ് ഉച്ചകോടി, ട്രംപിന്റെ നീക്കം നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് ഉച്ചകോടി. ഭീകരവാദികളുടെ അതിർത്തി കടന്നുള്ള നീക്കം, ഭീകരവാദ ധനസഹായം, സുരക്ഷിത താവളങ്ങൾ ഒരുക്കുക തുടങ്ങിയവയെ പ്രതിരോധിക്കാൻ ഉച്ചകോടി ആഹ്വാനം ചെയ്തു. ഇറാനിൽ ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തെയും ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു,

‘‘2025 ഏപ്രിൽ 22ന് ജമ്മു കശ്മീരിൽ 26 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്ക് പറ്റുകയും ചെയ്ത ഭീകരാക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അതിർത്തി കടന്നുള്ള ഭീകരവാദ നീക്കങ്ങളും ഭീകരവാദ ധനസഹായങ്ങളും സുരക്ഷിത താവളങ്ങൾ ഒരുക്കുന്നതുൾപ്പെടെ ഭീകരതയെ നേരിടാനുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല. ഭീകരതയെ പ്രതിരോധിക്കുന്നതിൽ ഇരട്ടത്താപ്പ് ഒഴിവാക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നു’’ – ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.

ദമ്പതികളെ കാറിടിച്ച് ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ പോലീസ് അനാസ്ഥയെന്ന് പരാതി, അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ല

ആലപ്പുഴ. വെള്ളക്കിണറിൽ ദമ്പതികളെ കാറിടിച്ച സംഭവത്തിലെ അന്വേഷണത്തിൽ പോലീസ് അനാസ്ഥയെന്ന് പരാതി. അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ല. അപകടത്തിൽ ഭർത്താവ് വാഹിദ് മരിക്കുകയും ഭാര്യ സെലീന അതീവഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയുമാണ്.

ഇന്നലെ രാത്രിയാണ് ഒരാളുടെ മരണത്തിന് ഇടാക്കിയ അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ ദമ്പതികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. വെള്ളക്കിണർ ജംഗ്ഷനിൽ തട്ടുകട നടത്തുന്ന വാഹിദും സലീനയുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്. വാഹിദ് ഇന്നലെ പുലർച്ചയുടെ മരണപ്പെട്ടിരുന്നു. ഭാര്യ സലീന അതീവ ഗുരുതര പരിക്കുകളുടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകട ശേഷം കാറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടും ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയില്ലെന്നാണ് ആരോപണം. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ചതാണോ അപകടകാരണമെന്ന് കണ്ടെത്താനാവാത്ത സ്ഥിതിയാണ്. മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. മദ്യക്കുപ്പികൾ പഴയതായതിനാലാണ് കാർ ഓടിച്ച യുവാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കാതിരുന്നത് എന്നാണ് ആലപ്പുഴ സൗത്ത് പോലീസിന്റെ വിശദീകരണം. നിസ്സാര വകുപ്പുകൾ ചുമത്തി ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു എന്നും ആക്ഷേപമുണ്ട്.

‘കേരളം മിഷൻ 2025’ ; അമിത്ഷാ 12ന് പ്രഖ്യാപിക്കും, കേരളത്തിലെ 10,000 വാർഡുകളിൽ ജയം ലക്ഷ്യം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി സംഘടനാതല പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടുന്നു. 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർഡുതല പ്രതിനിധികളുടെ യോഗത്തിൽ ലക്ഷ്യം പ്രഖ്യാപിക്കും. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5,000 വാർഡ് പ്രതിനിധികളുടെ സമ്മേളനമാണു പുത്തരിക്കണ്ടം മൈതാനത്ത് രാവിലെ 11ന് നടക്കുക. ബാക്കിയുള്ള 10 ജില്ലകളിലെയും വാർഡ് പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒന്നിച്ച് ഈ യോഗത്തിൽ വെർച്വൽ ആയി പങ്കെടുക്കും.

ബിജെപി വാർഡ് ഭാരവാഹികളല്ല, മറിച്ച് ‘വികസിത ടീം’ എന്ന പേരിൽ രാജീവ് ചന്ദ്രശേഖർ പ്രസിഡന്റായ ശേഷം ഓരോ വാർഡിലും പ്രത്യേകം തിരഞ്ഞെടുത്ത അഞ്ചു പേരാണു യോഗത്തിൽ പങ്കെടുക്കുക. വാർഡ് ഭാരവാഹികൾക്കു പുറമേയാണ് ഈ വികസിത ടീമിന്റെ പ്രവർത്തനം. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് മുതൽ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു വരെയുള്ള പ്രവർത്തനത്തിന്റെ ഏകോപനമാണ് ഇവർ ചെയ്യുന്നത്.

ഇതിനായി‘ വരാഹി’ എന്ന സ്വകാര്യ ഏജൻസിയും പ്രവർത്തിക്കുന്നുണ്ട്. ഓരോ വാർഡിനും ഓരോ പഞ്ചായത്തിനുമായി പ്രകടനപത്രിക തയാറാക്കും. കേരളത്തിലെ ഏകദേശം 17,900 വാർഡുകളിൽ ബിജെപിക്കു ഭാരവാഹികൾ ഉണ്ട്. ഇതിൽ 10,000 വാർഡുകളിൽ ജയമാണു ലക്ഷ്യം. നിലവിൽ 1,650 വാർഡുകളിലാണ് ബിജെപി ജയിച്ചത്. 10 നഗരസഭകളും തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളും ലക്ഷ്യത്തിലുണ്ട്.

പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം

ഇസ്താംബൂൾ: കർഷകനെ കടിച്ച് കീറി റിസോർട്ടിലെ മൃഗശാലയിൽ നിന്ന് ചാടിപ്പോയ സംഹം. ദക്ഷിണ തുർക്കിയിൽ ‌ഞായറാഴ്ച രാവിലെയാണ് സംഭവം. മെഡിറ്ററേനിയൻ തീരത്തെ റിസോ‍ർട്ട നഗരമായ മാനവ്ഗട്ടിലെ ലാൻഡ് ഓഫ് ലയൺസ് എന്ന റിസോ‍ർട്ടിലെ മൃഗശാലയിൽ നിന്നാണ് സീയൂസ് എന്ന് പേരുള്ള സിംഹം ഞായറാഴ്ച പുല‍ർച്ചെ രക്ഷപ്പെട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് പിസ്ത മരങ്ങൾ നനയ്ക്കുന്നതിനിടെ വീടിന് പുറത്ത് കിടന്നുറങ്ങിയ 53കാരനായ സുലൈമാൻ കിർ എന്നയാളാണ് ആക്രമിക്കപ്പെട്ടത്.

പുതപ്പിന് പുറത്ത് എന്തോ പിറുപിറുക്കുന്നത് പോലെയുള്ള ശബ്ദം കേട്ട് നോക്കിയ 53കാരൻ നോക്കിയത് സിംഹത്തിന്റെ മുഖത്തായിരുന്നു. മുഖത്ത് കടിക്കാനുള്ള സിംഹത്തിന്റെ ശ്രമം ചെറുത്തെങ്കിലും ശരീരമാസകലം 53കാരന് സിംഹവുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. സിംഹത്തിന്റെ കഴുത്തിൽ ബലം പ്രയോഗിക്കാൻ സാധിച്ചതോടെയാണ് സുലൈമാന് രക്ഷപ്പെടാനായതെന്നാണ് ഇയാൾ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. ഇതിനിടെ റിസോർട്ടുകാരുടെ പരാതിയിൽ സിംഹത്തെ അന്വേഷിച്ചെത്തിയ പൊലീസുകാ‍ർ ഇതേസമയം ഇവിടെ എത്തിയതാണ് 53കാരന് രക്ഷയായത്.

പൊലീസുകാർ ആകാശത്തേയ്ക്ക് വെടിവച്ചതോടെ സിംഹം പേടിച്ചോടുകയായിരുന്നു. സിംഹം കർഷകന്റെ വീടിന് പുറത്ത് എത്തിയ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. തലയിലും കാലിലും ഗുരുതരമായി പരിക്കേറ്റ 53കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക‍ർഷകനെ ആക്രമിച്ചതിന്റെ പരിസരത്തുള്ള മേഖലയിൽ വച്ച് പൊലീസ് ഡ്രോൺ സിംഹത്തെ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സിംഹകുടുംബം എന്നാണ് ലാൻഡ് ഓഫ് ലയൺ ഔദ്യോഗിക വെബ്സൈറ്റിൽ റിസോർട്ടിനേക്കുറിച്ച് പറയുന്നത്. കടുവകളും ചെന്നായകളും കരടികളും അടക്കം 30ഓളം വന്യമൃഗങ്ങളാണ് ഈ റിസോർട്ടിലുള്ളത്. സിംഹം എങ്ങനെയാണ് കൂട്ടിനുള്ളിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് പാകിസ്ഥാനിൽ ഓമന മൃഗമായി വളർത്തിയിരുന്ന സിംഹം യുവതിയേയും മക്കളേയും ആക്രമിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു ഇത്. സ്വകാര്യ വ്യക്തി വളർത്തിക്കൊണ്ടിരുന്ന സിംഹമാണ് മതിൽ ചാടി നിരവധി ആളുകളുള്ള തെരുവിലേക്ക് എത്തിയത്. ആറടിയിലേറെ ഉയരമുള്ള മതിലിന് മുകളിലൂടെയാണ് സിംഹം തെരുവിലേക്ക് എത്തിയത്. ഭയന്ന് ഓടിയ സ്ത്രീയേയും അഞ്ചും ഏഴും വയസുള്ള കുട്ടികളേയുമാണ് സിംഹം ആക്രമിച്ചത്.

സവാരിക്കെന്ന് പറഞ്ഞ് ടാക്സി വിളിക്കും, ശേഷം ഡ്രൈവർമാരോട് കൊടുംക്രൂരത; 24 വർഷങ്ങൾക്ക് ശേഷം സീരിയൽ കില്ലർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ സീരിയൽ കില്ലർ 24 വർഷങ്ങൾക്ക് ശേഷം പിടിയിൽ. ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തി കാറുകൾ മോഷ്ടിച്ചിരുന്ന അജയ് ലാമ്പയാണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. അജയുടെ രണ്ടു കൂട്ടാളികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

രണ്ടു പതിറ്റാണ്ടിലേറെയായുള്ള ഒളിവ് ജീവിതം. ഈ കാലയളവിൽ രാജ്യത്തിന് പുറത്തും അകത്തുമായി പലയിടങ്ങളിൽ താമസം. ഒടുവിൽ പൊലീസിന്റെ വലയിലായി. 24 വർഷങ്ങൾ അജയ് ലാമ്പ എന്ന 48 കാരൻ പൊലീസിന്റെ പിടിയിൽ നിന്നും മുങ്ങി നടന്നത് അതിവിദഗ്ധമായാണ്.

2001 ലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നത്. അജയ് ലാമ്പയും കൂട്ടാളികളായ ധീരേന്ദ്രനും ദിലീപ് നേഗിയും ചേർന്ന് കൊലപ്പെടുത്തിയത് 4 പേരെയാണ്. ഉത്തരാഖണ്ഡിലേക്ക് സവാരി പോകാനായി ടാക്സികൾ വിളിക്കും. യാത്രയ്ക്കിടെ ഡ്രൈവർമാരെ ബോധം കെടുത്തി ശ്വാസംമുട്ടിച്ചു കൊല്ലും. മൃതദേഹം മലയോരങ്ങളിൽ എവിടെയെങ്കിലും മറവ് ചെയ്യും. ടാക്സി കാറുകൾ അതിർത്തി കടത്തി നേപ്പാളിൽ എത്തിച്ച് വിൽക്കും.

20 വർഷത്തിലധികമായി അജയ് ലാമ്പ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. 2008 മുതൽ 2018 വരെ നേപ്പാളിൽ താമസിച്ചു. പിന്നീട് 2018ൽ കുടുംബസമേതം ഡെറാഡൂണിൽ എത്തി. 2021 ഡൽഹിയിൽ വെച്ച് ലഹരി കടത്തു കേസിൽ പിടിയിലായി. 2024ൽ ഒഡീഷയിൽ സ്വർണ്ണക്കട കൊള്ളയടിച്ച കേസിലും അജയ് പ്രതിയാണ്. അജയ് ലാമ്പയുടെ കൂട്ടാളികളായ ധീരേന്ദ്രനും ദിലീപും പൊലീസിന്റെ പിടിയിലായതോടെയാണ് കൊലപാതകങ്ങളുടെ വിവരങ്ങൾ പൊലീസ് അറിയുന്നത്. പിന്നീട് അജയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അജയ് കൊലപ്പെടുത്തിയ നാല് ഡ്രൈവർമാരിൽ ഒരാളുടെ മൃതദേഹം മാത്രം കണ്ടെടുക്കാനേ പൊലീസിന് സാധിച്ചുള്ളൂ. മറ്റുള്ളവരെ കുറിച്ച് യാതൊരു വിവരവും ഇല്ല. നാലിൽ അധികം ഡ്രൈവർമാർ അജയുടെ ഇരയായിട്ടുണ്ടാവാം എന്നാണ് പൊലീസിൻറെ നിഗമനം. ചോദ്യം ചെയ്യലിൽ കൂടുതൽ കൊലപാതകങ്ങളുടെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരി, ഓഫ് റോഡ് സവാരി നിരോധനം; കളക്ടർ ഉത്തരവിട്ടത് തുടരെത്തുടരെ അപകടങ്ങളുണ്ടായതോടെ

ഇടുക്കി: ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി വിഘ്നേശ്വരി. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തി. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 10ന് മുൻപ് രേഖകൾ സമർപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കിയാൽ മാത്രമേ ജീപ്പ് സവാരി അനുവദിക്കൂ. പൊലീസും പഞ്ചായത്തുകളും മോട്ടോർ വാഹന വകുപ്പും വനം വകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പു വരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം. എന്നാൽ വിനോദസഞ്ചാരത്തിന് അല്ലാതെ യാത്രക്കായുള്ള ജീപ്പുകൾക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നില്ല.

കഴിഞ്ഞ ദിവസം വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചു. മൂന്നാറിൽ 50 അടി താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. ഒരു കുട്ടി ഉൾപ്പെടെ എട്ട് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള നടപടി

വിവാഹാഭ്യർത്ഥന നിരസിച്ചതിന് മർദനം; വനിതാ ഡോക്ടറെ ആക്രമിച്ച് വിവാഹിതനായ സഹപ്രവർത്തകൻ

ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ച വനിതാ ഡോക്ടറെ ആക്രമിച്ച് വിവാഹിതനായ സഹപ്രവർത്തകൻ. തമിഴ്നാട്ടിലാണ് സംഭവം. മർദനത്തിൽ പരിക്കേറ്റ 25കാരിയായ ഡോക്ടർ കൃതികയെ ഹൊസൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ കൃതികയുടെ മുഖത്തും കഴുത്തിലും കൈകളിലും പരിക്കുണ്ട്. ഡോ. അൻപു സെൽവനെതിരെ അന്വേഷണം തുടങ്ങിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇതിന് മുൻപ് നിരവധി തവണ ഡോക്ടർ വിവാഹാഭ്യർഥനയുമായി പിന്നാലെ വന്നിരുന്നുവെന്ന് കൃതിക പറഞ്ഞു. താത്പര്യമില്ലെന്ന് കടുപ്പിച്ച് പറഞ്ഞതോടെ കുറച്ചുകാലം ശല്യമുണ്ടായിരുന്നില്ല. പിന്നീട് ഇങ്ങനെ അക്രമാസക്തനാകുമെന്ന് കരുതിയില്ല. പത്താലപ്പള്ളി ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കണമെന്ന് വീണ്ടും നിർബന്ധിച്ചെന്ന് കൃതിക പറഞ്ഞു. നിരസിക്കുന്നതിന് കാരണം പറയണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തു. തിരിച്ച് ക്ലിനിക്കിലെത്തിയപ്പോൾ ഫോണും ആഭരണങ്ങളും ബലം പ്രയോഗിച്ച് അഴിച്ചെടുത്ത ശേഷം മർദിക്കുകയായിരുന്നുവെന്ന് കൃതിക പറഞ്ഞു.

ക്ലിനിക്കിലെ ജീവനക്കാരാണ് കൃതികയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. താൻ അനുഭവിച്ചതിന് നീതി കിട്ടണമെന്ന് കൃതിക ആവശ്യപ്പെട്ടു.