കൊച്ചി. മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.
മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപം അഴുകിയ നിലയിലാണ് മൃതദേഹം. മുണ്ടങ്ങമാറ്റം സ്വദേശിനിയാണ്. പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുളള മുറിവുണ്ട്.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍,തലയിൽ ആഴത്തിൽ മുറിവ്
📰 പത്രം | മലയാള ദിനപത്രങ്ങളിലൂടെ **തീയതി:** 2025 ഡിസംബർ 10, ബുധൻ | **കൊല്ലവർഷം:** 1201 വൃശ്ചികം 24, മകം
കേരള വാർത്തകൾ
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ ശബ്ദിക്കുന്ന തെളിവുകളെന്ന് പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ളത് ശബ്ദിക്കുന്ന തെളിവുകളാണെന്നും ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകുന്ന തെളിവുകൾ വിചാരണക്കോടതി ശരിയായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രോസിക്യൂഷൻ വിലയിരുത്തൽ. പൾസർ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം നിഷേധിക്കുന്ന ഫോട്ടോ അടക്കം ഉണ്ടെന്നും, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന്റെ കൈവശം എത്തിയിട്ടുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാനായെന്നും പ്രോസിക്യൂഷൻ അവകാശപ്പെടുന്നു. മൊബൈൽഫോണിലെ തെളിവ് നശിപ്പിക്കാൻ ദിലീപ് മുതിർന്നതിന്റെയും സാക്ഷികളെയും ജുഡീഷ്യൽ ഓഫീസർമാരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകളും ഹാജരാക്കിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്. തെറ്റായ പ്രോസിക്യൂഷൻ നടപടിയിലാണ് ഉദ്യോഗസ്ഥർക്കെതിരേ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സർക്കാരിനെ തെറ്റിധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം.
പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി കൈമാറാൻ വൈകിയതിൽ ആക്ഷേപം
ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സിനിമാസംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചിട്ടും ദിവസങ്ങൾ കഴിഞ്ഞാണു പൊലീസിനു കൈമാറിയതെന്ന് ആക്ഷേപം. നവംബർ 27ന് ലഭിച്ച പരാതി ഡിസംബർ 2നാണ് കന്റോൺമെന്റ് പൊലീസിനു കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി ലഭിച്ച ദിവസം തന്നെ കേസെടുത്തപ്പോൾ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തത് ഡിസംബർ എട്ടിനാണ്. വിവരം പുറത്തറിയുമെന്ന ഘട്ടം വന്നതോടെയാണ് 12 ദിവസത്തിനു ശേഷം പൊലീസ് കേസെടുത്തതെന്നാണ് ആരോപണം.
തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 70.9% പോളിങ്
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ, 7 ജില്ലകളിൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 70.9 % പോളിങ് രേഖപ്പെടുത്തി.
**പോളിങ് ശതമാനം (ജില്ല തിരിച്ച്):**
- തിരുവനന്തപുരം: 67.4%
- കൊല്ലം: 70.36%
- പത്തനംതിട്ട: 66.78%
- ആലപ്പുഴ: 73.76%
- കോട്ടയം: 70.94%
- ഇടുക്കി: 71.77%
- എറണാകുളം: 74.58%
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം നാളെ; ഇന്ന് നിശബ്ദ പ്രചാരണം
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ (ഡിസംബർ 11). നാളെ വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ ഇന്നലെ പരസ്യപ്രചാരണം സമാപിച്ചു. പലയിടത്തും കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഏഴ് ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണം.
കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് നേതാവിന് പരിക്ക്
കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് നേതാവ് കെ ജയന്തിന് പ്രചാരണ വാഹനത്തില്‍ നിന്ന് വീണു പരിക്കേറ്റു. വാരിയല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാളയത്താണ് സംഭവം.
തിരുവനന്തപുരത്തും എറണാകുളത്തും പോളിംഗ് ബൂത്തില്‍ വച്ച് വോട്ടര്‍മാര്‍ മരിച്ചു
തിരുവനന്തപുരത്തും എറണാകുളത്തും പോളിംഗ് ബൂത്തില്‍ വച്ച് വോട്ടര്‍മാര്‍ കുഴഞ്ഞു വീണു മരിച്ചു. എറണാകുളത്ത് കാലടി ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ ശ്രീമൂലനഗരം സ്വദേശി ബാബു (74), തിരുവനന്തപുരത്ത് പാച്ചല്ലൂര്‍ ഗവ. എൽ.പി. സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ തിരുവല്ലം മണമേല്‍ പ്ലാങ്ങല്‍ വീട്ടില്‍ ശാന്ത (73) എന്നിവരാണ് മരിച്ചത്.
ലീഗ് വനിതാ സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി
കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിൽ മൂന്ന് ദിവസമായി കാണാതായെന്ന് പരാതി ലഭിച്ച യുഡിഎഫ് വനിതാ സ്ഥാനാർഥിയെ ആൺസുഹൃത്തിനൊപ്പം വിട്ടയച്ചതായി പോലീസ്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയതിന് പിന്നാലെയാണ് നടപടി. വോട്ട് ഭിന്നിപ്പിക്കാൻ സിപിഎം നടത്തുന്ന നാടകമെന്നായിരുന്നു യുവതിയെ കാണാതായതോടെ യുഡിഎഫ് ആരോപിച്ചിരുന്നത്.
വി സി നിയമന തര്‍ക്കത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍
വി സി നിയമന തര്‍ക്കത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാരെന്ന് റിപ്പോർട്ടുകൾ. നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമന തര്‍ക്കത്തിനിടെയാണ് കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവിനോട്
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിനിടെ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, തീരദേശ ഹൈവേ അടക്കം കെ റെയിൽ വരെ യുഡിഎഫ് എതിർത്ത പദ്ധതികളിലെ ഇപ്പോഴത്തെ നിലപാട് തുറന്ന് പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്തിനെയും എതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
മലയാറ്റൂരിൽ കാണാതായ വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായ ചിത്ര പ്രിയ (19) യെ സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിലെ ഗ്രൗണ്ടിൽ കൊല്ലപ്പെട്ട നിലയിൽ ഇന്നലെ കണ്ടെത്തി. മരണം കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ശബരിമല: തിരക്ക് തുടരുന്നു, പുൽമേട്ടിൽ ബിഎസ്എൻഎൽ താത്ക്കാലിക ടവർ
ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്നലെ വൈകീട്ട് ആറ് മണി വരെ 75,463 ഭക്തർ ദർശനം നടത്തി. തിരക്ക് അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താത്ക്കാലിക ടവർ സ്ഥാപിക്കുന്നു. അഞ്ച് ദിവസത്തേക്കാണ് അധിക സംവിധാനം ഏർപ്പെടുത്തുന്നത്.
ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 പേർക്ക് പരിക്ക്
ശബരിമല പാതയിൽ അപകടങ്ങൾ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചാലക്കയത്താണ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 പേർക്ക് പരിക്കേറ്റത്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോയ ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്.
തൃശ്ശൂരിൽ ഒന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു
തൃശ്ശൂർ തൊഴിയൂർ രാപറമ്പിൽ ഒന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. മുഖത്ത് പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയെ കൂടാതെ നായരങ്ങാടി അണ്ടിക്കേട്ട് കടവ് സ്വദേശിയായ 3 വയസ്സുകാരി, കർണ്ണാക്കിൽ സ്വദേശിയായ 10 വയസ്സുകാരി, കല്ലൂർ സ്വദേശിയായ 69 വയസ്സുകാരി എന്നിവർക്കും കടിയേറ്റു.
ദേശീയ വാർത്തകൾ
വോട്ടർ പട്ടിക പരിഷ്‌ക്കരണ ചർച്ചയിൽ ലോക്സഭയിൽ വാക്കേറ്റം
വോട്ടർ പട്ടിക പരിഷ്‌ക്കരണ ചർച്ചയിൽ ലോക്സഭയിൽ വാക്കേറ്റം. ബിജെപിക്കും കേന്ദ്ര സർക്കാരിനും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ രാജ്യദ്രോഹം വോട്ട് മോഷണമാണെന്നും അതിനപ്പുറം മറ്റൊന്നില്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. സർവകലാശാലകളെയും അന്വേഷണ ഏജൻസികളെയും നിയന്ത്രണത്തിലാക്കിയ ആർഎസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വരുതിയിലാക്കി കഴിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ സർദാർ പട്ടേലിനെ വെട്ടി നെഹ്റു പ്രധാനമന്ത്രിയായതാണ് രാജ്യത്തെ ആദ്യ വോട്ട് ചോരിയെന്ന് ബിജെപി തിരിച്ചടിച്ചു.
മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ്
മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നൽകി പ്രതിപക്ഷ നേതാക്കൾ. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിൽ 107 എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസ് നൽകി. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ 2017 ലെ ഉത്തരവിന് വിരുദ്ധമായാണ് തമിഴ്നാട് മധുര തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്ദർ ദർഗയുടെ സമീപം ദീപം തെളിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടതെന്നാണ് ആരോപണം.
എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചു
കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. 50.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും ഏകദേശം 69 ലക്ഷം പെൻഷൻകാരും കമ്മീഷന്റെ പരിധിയിൽ വരും. കമ്മീഷൻ നടപ്പാക്കുന്ന തീയതിയും ഫണ്ടിംഗും പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഇൻഡിഗോ കമ്പനിക്കെതിരെ കേന്ദ്രത്തിന്റെ കടുത്ത നടപടി
വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇന്‍ഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. പത്ത് ശതമാനം ഇന്‍ഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളിൽ ഒരിളവും ഇൻഡിഗോയ്ക്ക് നൽകില്ല. മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കാനും നിർദ്ദേശം നൽകും.
ദില്ലിയിൽ തന്തൂർ അടുപ്പുകൾക്ക് നിയന്ത്രണം
വായു മലിനീകരണത്തോത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ദില്ലി നഗരത്തിലെ എല്ലാ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, ഓപ്പൺ ഈറ്ററികളിലും ഗ്രില്ലിംഗിങ്ങിനായി കൽക്കരിയും വിറകും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾക്ക് പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കിൽ മറ്റു ശുദ്ധ ഇന്ധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം.
അനിൽ അംബാനിയുടെ മകനെതിരെ സിബിഐ കേസ്
അനിൽ അംബാനിയുടെ മകനായ ജയ് അൻമോൽ അനില്‍ അംബാനിക്കെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ. അംബാനിയുടെ കമ്പനിയായ റിലയൻസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ടുള്ള ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. കമ്പനിയെയും സിഇഒയെയും സർക്കാർ ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. തട്ടിപ്പിലൂടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് 228 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി.
മുൻ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം
മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനായ രാകേഷ് കിഷോറിനെ ദില്ലിയിലെ കർകർദൂമ കോടതി പരിസരത്തുവച്ച് ഒരാൾ ചെരുപ്പൂരി അടിച്ചു. ഒക്ടോബർ അഞ്ചിനാണ് രാകേഷ് കിഷോർ ജസ്റ്റിസ് ഗവായ്ക്കെതിരെ ഷൂ എറിഞ്ഞത്.
സത്യ നദെല്ല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ മൈക്രോസോഫ്റ്റ് വൻ നിക്ഷേപം
മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശേഷി വികസിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള സോഫ്‌റ്റ്വെയർ ഭീമൻ ഏഷ്യയിലെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചു. 17.5 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) ആണ് കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുക.
അന്താരാഷ്ട്ര വാർത്തകൾ
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 മരണം
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ബലൂണുകൾ പറത്തിയതിനെ തുടർന്ന് ലിത്വാനിയയിൽ അടിയന്തരാവസ്ഥ
അയൽരാജ്യമായ ബെലാറൂസ് കാലാവസ്ഥാ പഠനത്തിനെന്ന പേരിൽ പറത്തുന്ന ബലൂണുകൾകൊണ്ടു സഹികെട്ട ലിത്വാനിയ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നാണ് ലിത്വാനിയയുടെ നിലപാട്. ബലൂണുകൾ വ്യോമഗതാഗതത്തെ ബാധിച്ചതിനെത്തുടർന്ന് വില്‍നിയസ് രാജ്യാന്തര വിമാനത്താവളം അടച്ചു.
യൂറോപ്പ് ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടമെന്ന് ട്രംപ്
ദുർബലരായ നേതാക്കൾ നയിക്കുന്ന ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടമാണ് യൂറോപ്പെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. കുടിയേറ്റം നിയന്ത്രിക്കുന്നതിനും റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും അവർ പരാജയപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച നഗരം: ബാങ്കോക്ക് ഒന്നാം സ്ഥാനത്ത്
2025-ൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച നഗരം തായ്‌ലൻഡിലെ ബാങ്കോക്ക് ആണ്. ടൂറിസം ഇൻഫ്രാസ്ട്രക്ചർ, സുസ്ഥിരത, സാമ്പത്തിക വളർച്ച തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി യൂറോമോണിറ്റർ പട്ടിക തയാറാക്കി. ഈ വർഷം ഏകദേശം 3.03 കോടി സഞ്ചാരികളാണ് ബാങ്കോക്കിൽ എത്തിയത്. രണ്ടാം സ്ഥാനത്ത് ഹോങ്കോങ്ങും (2.33 കോടി), മൂന്നാം സ്ഥാനത്ത് ലണ്ടനും (2.27 കോടി) എത്തി. ആദ്യ അഞ്ച് നഗരങ്ങളിൽ മൂന്നും ഏഷ്യയിൽ നിന്നാണ്.
കായികം
ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20: ഇന്ത്യക്ക് 101 റൺസിന്റെ തകർപ്പൻ ജയം
ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെ (28 പന്തിൽ 59 റൺസ്) മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറിൽ വെറും 74 റൺസിന് ഓൾ ഔട്ടായി. ഹാർദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം.
സിനിമ
‘അടി നാശം വെള്ളപ്പൊക്കം’ : പുതിയ ഗാനം പുറത്തിറങ്ങി
എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ‘അടി നാശം വെള്ളപ്പൊക്കം’ എന്ന സിനിമയിലെ ‘ഭൂകമ്പം’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഇലക്ട്രടോണിക് കിളിയാണ് ഗാനമൊരുക്കിയത്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ് എന്നിവരോടൊപ്പം പ്രേം കുമാർ കോമഡി പ്രകടനവുമായി ശക്തമായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.
‘മിണ്ടിയും പറഞ്ഞും’: പുതിയ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി
ഉണ്ണി മുകുന്ദനും അപർണ്ണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന പ്രണയചിത്രം ‘മിണ്ടിയും പറഞ്ഞും’ ലെ ‘മണല് പാറുന്നൊരീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികൾക്ക് സൂരജ് എസ്. കുറുപ്പാണ് ഈണം പകർന്നിരിക്കുന്നത്, ഷഹബാസ് അമൻ ആലപിച്ചു. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തും.
വാഹന ലോകം
കുറഞ്ഞ ആർപിഎം എഞ്ചിൻ സ്റ്റാളിംഗ് പ്രശ്നം: ഹസ്ഖ്വർണയുടെ സ്വാർട്ട്പിലൻ 401 തിരിച്ചുവിളിച്ചു
ഹസ്ഖ്വർണയുടെ സ്ട്രീറ്റ് ബൈക്കായ സ്വാർട്ട്പിലൻ 401 നെ കുറഞ്ഞ ആർപിഎം എഞ്ചിൻ സ്റ്റാളിംഗ് പ്രശ്നം കാരണം തിരിച്ചുവിളിച്ചു. 2024 നും 2026 നും ഇടയിൽ നിർമ്മിച്ച മോഡലുകൾക്കായാണ് കമ്പനി ആഗോളതലത്തിൽ സുരക്ഷാ തിരിച്ചുവിളിക്കൽ പുറപ്പെടുവിച്ചത്. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാകും. കുറഞ്ഞ വേഗതയിലോ ട്രാഫിക്കിലോ സഞ്ചരിക്കുമ്പോൾ എഞ്ചിൻ പെട്ടെന്ന് ഓഫാകാനുള്ള സാധ്യതയാണ് പ്രശ്നം.
പുസ്തക വിശേഷം
ഓഫ് ലോസ് ആന്‍ഡ് ലാവെണ്ടര്‍
ഇറാഖി എഴുത്തുകാരനായ സിനാന്‍ അന്‍തൂണ്‍ 2024-ൽ എഴുതിയ ‘ഓഫ് ലോസ് ആന്‍ഡ് ലാവെണ്ടര്‍’ എന്ന നോവലിൽ ഗള്‍ഫ് യുദ്ധത്തിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ രണ്ട് ഇറാഖി പൗരന്മാരുടെ കഥ പറയുന്നു. ഡോക്ടറായിരുന്ന സാമിയും ഇറാഖി സേനയിൽനിന്നും ഒളിച്ചോടിയ ഉമറും അവരുടെ ജീവിതത്തിലെ ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ ഇറാഖിൽ കൂട്ടിമുട്ടിയിട്ടുണ്ടെന്ന വസ്തുത രണ്ടുപേരുടെയും ജീവിതയാഥാർത്ഥ്യങ്ങളെ മാറ്റിമറിക്കുന്നു. പരിഭാഷ: ഡോ. എൻ. ഷംനാദ്. (ഗ്രീൻ ബുക്സ്).
ആരോഗ്യം
തലച്ചോറും വയറും തമ്മിലുള്ള ബന്ധം: ‘ഗട്ട്-ബ്രെയിൻ ആക്സിസ്’
ടെൻഷനും പേടിയുമുണ്ടാകുമ്പോൾ വയറിന് പ്രശ്നമുണ്ടാകുന്നത് വെറും യാദൃച്ഛികമല്ല. തലച്ചോറും ആമാശയവും തമ്മിൽ നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും അതിനായി പ്രത്യേകം നാഡീവ്യൂഹം ഉണ്ടെന്നും പഠനങ്ങൾ പറയുന്നു. ഉത്കണ്ഠ, സമ്മർദം, ദുഃഖം എന്നിവ വയറു വീർക്കൽ, അസിഡിറ്റി, വിശപ്പിലെ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകും. ശരീരത്തിലെ 90% സെറോടോണിനും കുടലിലാണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഉറക്കം, മാനസികാവസ്ഥ, ശ്രദ്ധ എന്നിവയെ ബാധിക്കുന്നതാണ്.
**വികാരങ്ങൾ കുടലിനെ ബാധിക്കുന്നതിന്റെ ലക്ഷണങ്ങൾ:** പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും വയറു വീർക്കൽ, മലബന്ധം/വയറിളക്കം, ക്ഷീണം, അമിതമായി പഞ്ചസാര/ഉപ്പ് കഴിക്കാൻ തോന്നുക, വൈകാരിക സമ്മർദ്ദ സമയത്ത് ചർമ വീക്കം.
**കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ:** നേരത്തെയുള്ള അത്താഴവും സ്ഥിരമായ ഉറക്ക-ഉണർവ് ചക്രങ്ങളും പാലിക്കുക. ഭക്ഷണം മനസ്സോടെ കഴിക്കുക. സീസണൽ പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രീബയോട്ടിക്കുകൾ, മിതമായ ഫെർമെന്റുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിന് ശേഷം 20 മിനിറ്റ് മിതമായ നടത്തം ശീലമാക്കുക. [attachment_0](attachment)
ക്രിസ്മസ്, പുതുവത്സര സീസണ്‍: സ്പെഷ്യൽ ട്രെയിൻ സർവീസുകൾ
ക്രിസ്മസ്, പുതുവത്സര സീസണ്‍ കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. 06192 തിരുവനന്തപുരം സെന്‍ട്രല്‍ – ചണ്ഡീഗഡ് വണ്‍-വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06283/06284 മൈസൂരു – തൂത്തുക്കുടി – മൈസൂരു എക്‌സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചത്.
06192 തിരുവനന്തപുരം സെന്‍ട്രല്‍ – ചണ്ഡീഗഡ് വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 10 (ബുധന്‍) ന് രാവിലെ 7.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 4 ന് ചണ്ഡീഗഡില്‍ എത്തിച്ചേരും (1 സര്‍വീസ്). 2- എസി ത്രീ ടയര്‍ ഇക്കണോമി കോച്ചുകള്‍, 8- സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 7- ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 2- ലഗേജ് കം ബ്രേക്ക് വാന്‍ എന്നിങ്ങനെയാണ് കോച്ച് പൊസിഷന്‍. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
06283 മൈസൂരു – തൂത്തുക്കുടി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 23, 27 തീയതികളില്‍ (ചൊവ്വ, ശനി) വൈകിട്ട് 6.35 ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് തൂത്തുക്കുടിയില്‍ എത്തിച്ചേരും (2 സര്‍വീസുകള്‍). തിരികെ 06284 തൂത്തുക്കുടി – മൈസൂരു എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഡിസംബര്‍ 24, 28 തീയതികളില്‍ (ബുധന്‍, ഞായര്‍) ഉച്ചയ്ക്ക് 2ന് തൂത്തുക്കുടിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.45 ന് മൈസൂരുവില്‍ എത്തിച്ചേരും (2 സര്‍വീസുകള്‍). എസി ടു ടയര്‍ കോച്ച്, 2 എസി ത്രീ ടയര്‍ കോച്ചുകള്‍, 9 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, 2 ലഗേജ്-കം-ബ്രേക്ക് വാന്‍ എന്നിങ്ങനെയാണ് കോച്ചുകള്‍.
ഇന്ത്യയ്ക്ക് കൂറ്റൻ ജയം
ഇന്ത്യയ്ക്ക് കൂറ്റൻ ജയം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 യിൽ ഇന്ത്യക്ക് കൂറ്റൻജയം
പ്രോട്ടീസിനെ തകർത്തത് 101 റൺസിന്
176 വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 74ന് പുറത്ത്. സ്കോർ ഇന്ത്യ 175/6
ദക്ഷിണാഫ്രിക്ക 74/10
ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്ത്
ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്ത്, വിവിധജില്ലകളിലെ പോളിംങ് ശതമാനം ചുവടേ
തിരുവനന്തപുരം – 67.4
കൊല്ലം – 70.36
പത്തനംതിട്ട -66.78
ആലപ്പുഴ -73.76
കോട്ടയം – 70.94
ഇടുക്കി – 71.77
എറണാകുളം – 74.58
ആദ്യഘട്ട തെരഞ്ഞെടുപ്പിന് ശേഷം ഫലത്തിന് മുൻപുള്ള കണക്കുകൾ കൂട്ടിയുറപ്പിച്ച്
മുന്നണികൾ.മികച്ച പോളിംഗ് ആണ് സംസ്ഥാനത്ത് നടന്നതെന്നാണ് രാഷ്ട്രീയ കക്ഷികളുടെ വിലയിരുത്തൽ. വിവാദങ്ങളും വിമർശനങ്ങളും ആർക്കാനുകൂലമായെന്ന് 13ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വ്യക്തമാകും
നാടും നഗരവും ഇളക്കി മറിച്ചുള്ള പ്രചാരണത്തിനൊടുവിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ വിജയപ്രതീഷയിലാണ് എല്ലാ മുന്നണികളും. സംസ്ഥാനത്ത് മെച്ചപ്പെട്ട പോളിംഗ് ആയിരുന്നു എന്നാണ് വിലയിരുത്തൽ.
ഫലം വരുന്നതിനു മുൻപുള്ള കണക്കുകൾ കൂട്ടി ഉറപ്പിക്കുകയാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. മെച്ചപ്പെട്ട പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് മുന്നണികൾ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ വിജയം കൈവരിക്കാൻ ആകും എന്നാണ് എൽഡിഎഫിന്റെയും UDF ന്റെയും പ്രതീക്ഷ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ഡ്രസ്സ് റിഹേഴ്സൽ ആണ് തദ്ദേശ തെരഞ്ഞെടുപ്പ് എന്നാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്നത്.ശബരിമല സ്വർണ്ണക്കൊള്ളയും സർക്കാർ വിരുദ്ധ വികാരവും കോൺഗ്രസിന് അനുകൂലമാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. ബിജെപിയും എൽഡിഎഫിനെതിരെ ശബരിമല സ്വർണ്ണക്കൊള്ള തന്നെയാണ് പ്രചാരണ ആയുധമാക്കിയത്.എന്നാൽ രാഹുൽമാങ്കുട്ടത്തിൽ വിഷയമുൾപ്പടെ മുന്നിൽ വെച്ച് എൽഡിഎഫും പ്രതിരോധിച്ചിരുന്നു.വിവാദവും വിമർശനങ്ങളും എല്ലാം ആർക്ക് അനുകൂലമാകുമെന്ന് പതിമൂന്നിന് ഫലം വരുമ്പോൾ അറിയാം.
കള്ളവോട്ടിനെ ചൊല്ലി തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം – ബിജെപി സംഘർഷം
തിരുവനന്തപുരം. കള്ളവോട്ടിനെ ചൊല്ലി തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം – ബിജെപി സംഘർഷം . വഞ്ചിയൂർ ഡിവിഷനിലെ ബൂത്ത് രണ്ടിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന് വോട്ട് ഇല്ലെന്നായിരുന്നു ബിജെപി ആരോപണം.കള്ള വോട്ട് ആരോപിച്ച ബിജെപി പ്രവർത്തകനെ സിപിഎം അനുകൂലികൾ മർദിച്ചു. ആരോപണം പരാജയ ഭീതിയിലാണെന്നാണ് സിപിഎം വിശദീകരണം. അതേസമയം ബൂത്തിൽ വ്യാപകമായി ഇരട്ട വോട്ട് ചേർത്തന്നെ ആരോപണം കോൺഗ്രസും ആവർത്തിക്കുന്നുണ്ട്
കള്ള വോട്ടിനെ ചൊല്ലി രാവിലെ മുതൽ നിന്നിരുന്ന തർക്കമാണ് വൈകിട്ട് മൂന്നുമണിയോടെ സംഘർഷത്തിലേക്ക് വഴിമാറിയത് . വഞ്ചിയൂർ വാർഡിലെ ഒന്നും രണ്ടും ബൂത്തുകളിൽ കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റീ പോളിംഗ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു
സി പി എം ശ്രീകണ്ടേശ്വരത്തുള്ള ട്രാൻസ്ജന്റെഴ്‌സിനെ വഞ്ചിയൂർ ഡിവിഷനിൽ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരനും ആരോപിച്ചു.തലസ്‌ഥാനത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രവർത്തിയെന്നും ആരോപണം.
എന്നാൽ ആരോപണം നിഷേധിക്കുകയാണ് പ്രദേശത്തെ CPM നേതൃത്വം. പരാജയ ഭീതികൊണ്ടാണ് ആരോപണം എന്നും വിശദീകരണം.
അതേസമയം എട്ട് ട്രാൻസ്ജന്റെഴ്സിന് വഞ്ചിയൂർ ഡിവിഷനിലെ രണ്ടാം ബൂത്തിൽ വോട്ട് ഉണ്ടെന്നാണ് അവസാനഘട്ട വോട്ടർ പട്ടിക പ്രകാരം വ്യക്തമാകുന്നത് .
ഡൽഹി സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ഡൽഹി.ഡൽഹി സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാരമുള്ള സ്വദേശി ഡോക്ടർ ബിലാൽ നസീൽ മല്ലയാണ് അറസ്റ്റിലായത്.
ജമ്മു കാശ്മീർ ആനന്ദ് നാഗിലെ വനമേഖലകളിൽ എൻ ഐ എ സംഘം
പരിശോധന നടത്തി.വൈറ്റ് കോളർ ഭീകരസംഘം വനമേഖലയിൽ സ്ഫോടന പരീക്ഷണം നടത്തിയതായി അന്വേഷണ സംഘത്തിന് മൊഴിയിൽ ലഭിച്ചിരുന്നു.
ഡൽഹി സ്ഫോടന കേസിൽ അറസ്റ്റിൽ ആകുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ
ബിലാൽ നസീൽ മല്ല. എൻ ഐ എ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാറോട്ടിച്ച ഡോക്ടർ ഉമർ മുഹമ്മദിന് അറസ്റ്റിലായ ഡോക്ടർ ബിലാൽ നസീർ മല്ല സഹായങ്ങൾ ചെയ്തു നൽകിയിരുന്നു എന്നും ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി. വൈറ്റ് കോളർ ഭീകരസംഘം സ്ഫോടന പരീക്ഷണം നടത്തിയതായി അറസ്റ്റിലായ പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി.
അനന്ത് നാഗിലെ വനമേഖലകളിൽ വൈറ്റ് കോളർ ഭീകര സംഘത്തിലെ അംഗങ്ങൾ
കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു തുടർന്ന് അനന്ത് നാഗിലെ മൂന്നിടങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി. അറസ്റ്റിലായ ഡോക്ടർ ആദിൽ റാത്തറിനെയും ജാസിർ ബിലാൽ വാനിയേയും
വനമേഖലയിൽ എത്തിച്ചായിരുന്നു പരിശോധന.
കിഴക്കമ്പലത്ത് അഴിഞ്ഞാടി എൽഡിഫ് യുഡിഎഫ് പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം
കൊച്ചി. കിഴക്കമ്പലത്ത് വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം .ട്വന്റി ട്വിന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് ഇടയിലും എൽഡിഫ് യുഡിഎഫ് പ്രവർത്തകർ പ്രതിക്ഷേധിച്ചു .കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിലായിരുന്നു സംഭവം .
ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടഞ്ഞത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. കിഴക്കമ്പത്ത് എൽഡിഎഫ് യുഡിഎഫ് ഒറ്റക്കെട്ടാണ് എന്നും ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും സാബു എം ജേക്കബ് ആരോപിച്ചു.
അതെ സമയം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയും സംഘം കൈയേറ്റം ചെയ്തു. വനിത മാധ്യമപ്രവർത്തകർക്ക് നേരെയും പ്രതിഷേധക്കാർ അസഭ്യം പറഞ്ഞു.
മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സമയത്ത് പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീടാണ് പൊലീസ് എത്തി കൈയേറ്റം ചെയ്തവരെ പിൻ തിരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കുന്നു, രാഹുൽ ഗാന്ധി
ന്യൂഡെൽഹി. ലോക്സഭയിലെ SIR ചർച്ചയിൽ ബിജെപിക്കും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കുന്നു എന്നും,വോട്ടു കൊള്ള നടത്തുന്നവർ രാജ്യ ദ്രോഹികൾ എന്നും രാഹുൽ.
ഇന്ദിര ഗാന്ധി വിജയിച്ചത് വോട്ട് ചോരി യിലൂടെ എന്ന് ബിജെപി അംഗം നിഷികാന്ത് ദുബൈ. വന്ദേ മാതരത്തെ അവഗണിക്കാൻ ജവഹർ ലാൽ നെഹ്‌റു പരമാവധി ശ്രമിച്ചെന്നു രാജ്യസഭയിലെ ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷ. വന്ദേ മാതരത്തെ സ്വാതന്ത്ര്യ ഗീതമാക്കിയത് കോൺഗ്രസ് ആണെന്നും ബിജെപിയുടെ പൂർവികർ ആ സമയം ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നും മല്ലി കാർജ്ജുൻ ഖർഗെ.
തീവ്ര വോട്ടർപട്ടിക പരിഷ്കരണം, വന്ദേമാതരം എന്നീ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ പാർലമെന്റിന്റെ ഇരു സഭകളും രൂക്ഷമായ ഭരണപ്രതിപക്ഷ ഏറ്റുമുട്ടലിനാണ് സാക്ഷ്യം വഹിച്ചത്.
ഗാന്ധി വധത്തിനു ശേഷമുള്ള രണ്ടാമത്തെ പദ്ധതി യാണ് ഭരണഘടന സ്ഥാപനങ്ങളെ പിടിച്ചെടുക്കൽ എന്ന് രാഹുൽ ഗാന്ധി.ഏറ്റവും വലിയ രാജ്യവിരുദ്ധതയാണ് വോട്ട് കൊള്ള, അത് നടത്തുന്നവർ രാജ്യദ്രോഹികൾ എന്നും രാഹുൽഗാന്ധി.
ബൈറ്റ്
റായ്ബറേലിയിൽ ഇന്ദിരാഗാന്ധി വിജയിച്ചത് വോട്ടുകൊള്ളയിലൂടെയാണെന്നും രാജ്യത്ത് വോട്ടിംഗ് യന്ത്രങ്ങൾ ആദ്യമായി അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും ബിജെപി അംഗം നിഷികാന്ത് ദുബേ മറുപടി നൽകി.
ഒരാൾക്ക് ഒരു വോട്ട് ഉറപ്പാക്കാൻ ആണ് എസ്ഐആർ നടപ്പാക്കുന്നതെന്ന് നിയമ മന്ത്രി അർജുൻ റാം മേഘവാൾ പറഞ്ഞു.
ലോകസഭ യിലെ പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിന് രാജ്യസഭയിൽ മറുപടി നൽകിയ ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ച് വന്ദേമാതരത്തിന്റെ മഹത്വം കുറയ്ക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പറഞ്ഞു. പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ ജവഹർലാൽ നെഹ്റു വന്ദേമാതരത്തെ വെട്ടിച്ചുരുക്കി എന്നും അമിത് ഷ.
വന്ദേ മാതരത്തെ സ്വാതന്ത്ര്യ ഗീതമാക്കിയത് കോൺഗ്രസ് ആണെന്നും ബിജെപിയുടെ പൂർവികർ ആ സമയം ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് മല്ലി കാർജ്ജുൻ ഖർഗെ മറുപടി നൽകി.
SIR വിഷയം ഇരു സഭകളിലും നാളെ ചർച്ച ചെയ്യും.
കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 67 വര്‍ഷം തടവ്
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 67 വര്‍ഷവും 6 മാസവും കഠിനതടവും 4,10,500 രൂപ പിഴയും വിധിച്ച് കോടതി. 2021-ല്‍ അഞ്ചാലുംമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജയന്തി നഗറില്‍ രാജ (42) യെ കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് എ.സമീര്‍ ശിക്ഷിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം 17 മാസവും 17 ദിവസവും അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പ്രതിയുടെ വീട്ടിലേക്കു ബലമായി പിടിച്ചു കൊണ്ടു പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പോലീസ് എഫ്‌ഐആര്‍.
പിഴ തുക മുഴുവനായും അതിജീവിതയ്ക്കു നല്‍കണമെന്നും വിക്റ്റിം കോംപന്‍സേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി അതിജീവിതയ്ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടറായിരുന്ന ഒ.അനില്‍കുമാര്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസില്‍ ഇന്‍സ്‌പെക്ടര്‍ ജി.ബിനു ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സരിത ഹാജരായി. എഎസ്‌ഐമാരായ സലീന മഞ്ജു, പ്രസന്ന ഗോപന്‍, കെ.ജെ.ഷീബ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ കൈകാര്യം ചെയ്തു.






































