22.9 C
Kollam
Wednesday 24th December, 2025 | 04:34:58 AM
Home Blog Page 64

കാണാതായ 19-കാരി വീടിന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്

കൊച്ചി : രണ്ടു ദിവസം മുമ്പ് മലയാറ്റൂരിൽ നിന്ന് കാണാതായ 19-കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം. 

ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സംഭവുമായി ബന്ധപ്പെട്ട് 2 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണിൽ സംസാരിച്ചവരാണ് ഇരുവരും.

ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.

വാട്സാപ്പ് ഗ്രൂപ്പ് മുഖേന പെൺവാണിഭം…! ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്ന മൂന്നു പേർ പിടിയിൽ

ഓൺലൈൻ വഴി പെൺ വാണിഭം നടത്തിയ മൂന്നുപേർ അറസ്റ്റിൽ. ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ചു നൽകുന്ന പെൺവാണിഭ സംഘത്തിലെ മൂന്നു പേരെയാണ് ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ് ചെയ്തത്.  പതിനായിരം അംഗങ്ങളുള്ള ഓൾ കേരള റിയൽ മീറ്റ് വാട്സാപ്പ് കൂട്ടായ്മ വഴിയാണ് പെൺവാണിഭം.

ഓൾ കേരള റിയൽ മീറ്റ് എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് രൂപികരിച്ചിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് മുഖേനയായിരുന്നു ഇടപാടുകൾ.  10,000 പേർ അംഗങ്ങൾ. സംസ്ഥാന ഇന്റലിജൻസ് നൽകിയ സൂചനയാണ് വഴിത്തിരിവായത്. ഗുരുവായൂർ നെന്മിനി അമ്പാടിയിൽ അജയ് വിനോദ്, കൊടുങ്ങല്ലൂർ സ്വദേശി മരോട്ടിക്കൽ ഷോജൻ, പടിഞ്ഞാറെ നടയിലെ ലോഡ്ജ് ഉടമ പൂന്താനം രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

ആർ.എം.എസ്. എന്ന ചുരുക്കപ്പേരിൽ ഒൻപത് വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് അജയ് യുടെ ഫോണിൽ പൊലീസ് കണ്ടെത്തിയത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ 25000 രൂപ മുതൽ 35,000 രൂപ വരെ ഒരു രാത്രിക്ക് വില പറഞ്ഞാണ് കച്ചവടം. സ്ത്രീകളുടെ ഫോട്ടോ ഗ്രൂപ്പിലിടും. ആവശ്യക്കാർ ഓൺലൈൻ വഴി പണം കൈമാറണം. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും സ്ത്രീകളെ എത്തിച്ചു നൽകും. ഈ ഗ്രൂപ്പ് ഒരു വർഷത്തോളമായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് ദിവസവും ഒരു ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി.

വിധിയ്ക്ക് പിന്നാലെ വിവാദങ്ങൾ കത്തുന്നു

കൊച്ചി. നടി ആക്രമിക്കപെട്ട കേസിന്റെ വിധിയ്ക്ക് പിന്നാലെ വിവാദങ്ങൾ കത്തുന്നു. കുറ്റവിമുക്തനായ ദിലീപിനെ സിനിമ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നതിൽ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. ഫെഫ്കയിൽ നിന്ന് ഇന്നലെ ഡബ്ബിങ് ആര്ടിസ്റ് ഭാഗ്യലക്ഷ്മി രാജിവെച്ചിരുന്നു.

കേസിൽ അന്തിമ ശിക്ഷവിധിക്കായി കാത്തിരിക്കുകയാണ് പ്രോസിക്യൂഷൻ. ശനിയാഴ്ചയാണ് 1 മുതൽ ആറ് വരെ പ്രതികളുടെ ശിക്ഷയിൽ വാദം നടക്കുക. അന്ന് തന്നെ വിധി പറയാനും സാധ്യതയുണ്ട്. വിധി പകർപ്പ് ലഭിച്ച ഉടൻ ഹൈകോടതിയെ സമീപിക്കാനാണ് പ്രൊസിക്യൂഷൻ നിലപാട്. തനിക്കെതിരെയുള്ള ഗൂഡലോചനയിൽ നിയമടപടിയുമായി മുന്നോട്ട് പോകാനാണ് ദിലീപിന്റെ നീക്കം.

ശബരിമല സ്വർണ്ണക്കൊള്ള,രമേശ്‌ ചെന്നിത്തല ഇന്ന് SITക്ക് മുൻപിൽ

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരം കൈമാറാൻ കോൺഗ്രസ്സ് നേതാവ്
രമേശ്‌ ചെന്നിത്തല ഇന്ന് SIT മുൻപിൽ ഹാജരാകും.രാവിലെ 11 മണിക്ക് ഈഞ്ചക്കൽ
ക്രൈം ബ്രാഞ്ച് ഓഫീസിലാകും രമേശ്‌
ചെന്നിത്തല എത്തുക.സ്വർണക്കൊള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുന്ന വ്യക്തിയെ അന്വേഷണ സംഘവുമായി ബന്ധപ്പെടുത്താൻ തയാറാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തലവന് രമേശ്‌ ചെന്നിത്തല കത്ത് നൽകിയതിന് പിന്നാലെയാണ് നീക്കം.സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ ഇടപാടാണ് അന്താരാഷ്ട്ര കരിച്ചന്തയിൽ നടന്നതെന്നും,
പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ
ബന്ധം അന്വേഷിക്കണമെന്നും ചെന്നിത്തല
ആവശ്യപ്പെട്ടിരുന്നു.

വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി പരാതി

വയനാട്.  തിരുനെല്ലി ഉന്നതിയിൽ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം എന്ന് പരാതി

നെടുന്തന ഉന്നതിയിൽ സിപിഎം പ്രവർത്തകർക്ക് എതിരെ ആണ് പരാതി

എൽഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ ഉള്ളവർ അർധരാത്രി ഉന്നതിയിൽ എത്തി എന്ന് ആക്ഷേപം

പ്രദേശത്ത് രാത്രി നേരിയ സംഘർഷം
മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചതായും ആക്ഷേപം

തിരുനെല്ലി പഞ്ചായത്ത് 6-ാം വാർഡിൽ ആണ് സംഭവംവോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തതായി ബിജെപിക്കെതിരെയും പരാതി

പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പ ഒന്നാം വാർഡിലാണ് പരാതി ഉയർന്നിട്ടുള്ളത്

ബിജെപി ഓഫീസിനായി വാടകയ്ക്ക് എടുത്ത വീട്ടിൽ മദ്യ വിതരണം നടത്തിയെന്നാണ് പരാതി

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു
പരാതി നൽകുമെന്ന് ഐസി ബാലകൃഷ്ണൻ എംഎൽഎ

‘മദ്യം നൽകി വോട്ട് തേടാനാണ് ബിജെപിയുടെ ശ്രമം’

‘ജില്ലാ കലക്ടർക്ക് പരാതി നൽകും’
ആരോപണം നിഷേധിച്ച് ബിജെപി നേതൃത്വം

ബിജെപിക്ക് എതിരെ നടക്കുന്നത് കുപ്രചരണം എന്ന് വാർഡ് പ്രസിഡണ്ട് ജോണി കാരിക്കാട്ടുകുഴി

‘എവിടെയും മദ്യം ബിജെപി വിതരണം ചെയ്തിട്ടില്ല’
ഇത്തരം കുപ്രചരണങ്ങൾ ബാധിക്കില്ലെന്നും ബിജെപി

കൊല്ലത്ത് തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു

കൊല്ലം: പരവൂര്‍ തെക്കുംഭാഗം പള്ളിക്ക് പടിഞ്ഞാറ് തീരത്ത് തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. സര്‍ഫിങ്ങ് ചെയ്തുകൊണ്ടിരുന്ന വിനോദസഞ്ചാരികള്‍ നാട്ടുകാരുടെ സഹായത്തോടെ സ്രാവിനെ കടലിലേക്ക് തള്ളിവിട്ടു. വീണ്ടും തിരിച്ചുവന്നെങ്കിലും ബോട്ട് ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തെത്തിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം.

നവംബര്‍ മാസം മുതല്‍ ഗുജറാത്ത് തീരത്തുനിന്നു തിമിംഗല സ്രാവുകളുടെ ദേശാടനം ഉള്ളതാണ്. കമ്പവലയില്‍ കുരുങ്ങിയാണ് പലപ്പോഴും കരയിലേക്ക് എത്തുന്നതെന്ന് കൊല്ലം ഫാത്തിമമാതാ കോളേജിലെ സുവോളജി വിഭാഗം മേധാവി ഡോ. പി.ജെ. സര്‍ളിന്‍ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണ് തിമിംഗില സ്രാവ്. ഈ ഭീമന്‍ സ്രാവിന് 15 മീറ്റര്‍ വരെ നീളമുണ്ടാവും. വായിലൂടെ ജലം വലിച്ചെടുത്ത് അതിലുള്ള ഞണ്ട് കൊഞ്ച് ഇനത്തില്‍ പെട്ടതിനേയും മത്സ്യങ്ങളേയും ഗില്‍ റാക്കറുകള്‍ ഉപയോഗിച്ച് അരിച്ചെടുത്താണ് ആഹാരമാക്കുന്നത്. ചാരയോ നീലയോ പച്ച കലര്‍ന്ന തവിട്ടു നിറത്തില്‍ നേര്‍ത്ത മഞ്ഞയോ വെള്ളയോ ആയ പുള്ളികള്‍ ശരീരത്തില്‍ കാണാം.

ചെറിയ വായും വലിപ്പമേറിയ മേല്‍ചുണ്ടുമാണ് പ്രത്യേകത. തടിച്ചു പരന്ന രൂപത്തിലാണ് തല. ആഴക്കടലിലും പവിഴപ്പുറ്റുകള്‍ക്കും ഇടയിലാണ് സാധാരണ കാണപ്പെടുന്നത്. വളരെ ദൂരം സഞ്ചരിക്കുന്നവയാണ്. കൊല്ലത്ത് അടിഞ്ഞത് നല്ല വലിപ്പമുള്ളതായിരുന്നു.

ലീഗ് വനിതാ സ്ഥാനാർത്ഥി ഒളിച്ചോടിയത് ബി ജെ പി പ്രവർത്തകനൊപ്പം, പഴികേട്ടത് സി പി എം

കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിൽ കാണാതായ യുഡിഎഫ് വനിതാ സ്ഥാനാർഥിയെ ആൺസുഹൃത്തിനൊപ്പം വിട്ടയച്ചതായി പോലീസ്.ബി ജെ പി പ്രവർത്തകനാണ് ആൺ സുഹൃത്ത. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയതിന് പിന്നാലെയാണ് ആൺസുഹൃത്തിനൊപ്പം വിട്ടയച്ചത്.

ചൊക്ലി ഗ്രാമപഞ്ചായത്തിലുൾപ്പെട്ട വാർഡിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയെ ആണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായത്. ഇതേച്ചൊല്ലി രാഷ്ട്രീയ തർക്കവും ഉടലെടുത്തിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കാൻ സിപിഎം നടത്തുന്ന നാടകമെന്നായിരുന്നു യുഡിഎഫ് ആരോപിച്ചത്. സ്ഥാനാർഥിയെ സിപിഎം ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്ന് സിപിഎം പ്രതികരിച്ചിരുന്നു

തുടർന്ന് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ബിജെപി പ്രവർത്തകനായ ആൺസുഹൃത്തിനൊപ്പം ഇവർ ഒളിച്ചോടിയതായി കണ്ടെത്തി. തുടർന്ന് ഇവരെ ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയായിരുന്നു.

പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്ന സ്ഥാനാർഥിയായ യുവതി മൂന്നുദിവസം മുമ്പാണ് അപ്രത്യക്ഷയായത്. ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കോളുകൾ സ്വീകരിക്കുന്നില്ലെന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നത്. വീട്ടുകാരേക്കാൾ ആശങ്കയിലായത് പാർട്ടിക്കാരാണ് പിന്നീടാണ് നാടകീയമായ കഥാ സമാപ്തി

🔵ദിന വിശേഷം*🔵2025 ഡിസംബർ 10 *(1201 വൃശ്ചികം 24)*ബുധൻ*

ഇന്ന്: 2025 ഡിസംബർ 10-ലെ ദിനവിശേഷങ്ങൾ

(1201 വൃശ്ചികം 24 – ബുധൻ)

✨ ദിനാചരണങ്ങൾ

  • **അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം** – 1948-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം അംഗീകരിച്ചതിൻ്റെ ഓർമ്മ.

📅 ചരിത്രസംഭവങ്ങൾ

  • 1952 – ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതിക്ക് തുടക്കമായി.
  • 1901 – നോബേൽ പുരസ്കാരം ആദ്യമായി സമ്മാനിച്ചു.
  • 1510 – ഗോവൻ ഭരണാധികാരി യൂസഫ് ആദിൽഷാ പോർച്ചുഗീസ് സൈന്യത്തിന് കീഴടങ്ങി.

🏆 നോബേൽ പുരസ്കാര ചരിത്രം

  • 1913 – രവീന്ദ്രനാഥ ടാഗോറിന് സാഹിത്യ നോബേൽ ലഭിച്ചു (നോബേൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ).
  • 1930 – സി.വി.രാമന് ഭൗതിക ശാസ്ത്ര നോബേൽ ലഭിച്ചു (ശാസ്ത്ര നോബേൽ നേടിയ ആദ്യ ഏഷ്യക്കാരൻ).
  • 1998 – ഇന്ത്യയുടെ അമർത്യസെന്നിന് സാമ്പത്തിക നോബേൽ ലഭിച്ചു.

🎂 ജന്മദിനങ്ങൾ

  • **സി. രാജഗോപാലാചാരി (1878)** – സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലും സ്വാതന്ത്ര്യസമര സേനാനിയും.
  • **ജയറാം (1965)** – പ്രമുഖ നടനും മിമിക്രി കലാകാരനും ചെണ്ട വിദ്വാനും.
  • **ജി. വേണുഗോപാൽ (1960)** – പ്രശസ്ത പിന്നണിഗായകൻ.
  • **ബി.എ. ചിദംബരനാഥ് (1923)** – സംഗീത സംവിധായകൻ.
  • **അശോകൻ പുറനാട്ടുകര (1952)** – കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സംസ്കൃത മാസികയായ ‘ഭാരത മുദ്ര’യുടെ സ്ഥാപകൻ.
  • **സത്‌നാം സിംഗ് ഭമര (1995)** – ദേശീയ ബാസ്കറ്റ് ബോൾ താരം (പഞ്ചാബ് സ്വദേശി).

🌹 ചരമദിനങ്ങൾ

  • **ആൽഫ്രഡ് നോബേൽ (1896)** – നോബേൽ സമ്മാനത്തിന്റെ ഉപജ്ഞാതാവും ഡൈനാമിറ്റ് കണ്ടുപിടിച്ച വ്യക്തിയും.
  • **സർദാർ കെ.എം. പണിക്കർ (1963)** – രാജ്യസഭാംഗമായ ആദ്യ മലയാളിയും നയതന്ത്രജ്ഞനും.
  • **അശോക് കുമാർ (2001)** – പത്മഭൂഷൺ, ഫാൽക്കെ പുരസ്കാരങ്ങൾ നേടിയ ഹിന്ദി നടൻ.
  • **മഹാകവി എം.പി. അപ്പൻ (2003)**.
  • **അബ്ദുല്ല യൂസഫ് അലി (1953)** – ഖുർആൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത മുംബൈ സ്വദേശി.

⚽ കായിക വിവരങ്ങൾ

ജൂനിയർ ഹോക്കി ലോകകപ്പ്:

  • ലൂസേഴ്സ് ഫൈനൽ (@5.30 pm): ഇന്ത്യ – അർജന്റീന
  • ഫൈനൽ (@8 pm): ജർമ്മനി – സ്പെയിൻ

കടപ്പാട് : *ഉദയ് ശബരീശം* 9446871972

മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍,തലയിൽ ആഴത്തിൽ മുറിവ്

കൊച്ചി. മലയാറ്റൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിത്രപ്രിയ (19) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.
മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപം അഴുകിയ നിലയിലാണ് മൃതദേഹം. മുണ്ടങ്ങമാറ്റം സ്വദേശിനിയാണ്. പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുളള മുറിവുണ്ട്.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

📰 പത്രം | മലയാള ദിനപത്രങ്ങളിലൂടെ **തീയതി:** 2025 ഡിസംബർ 10, ബുധൻ | **കൊല്ലവർഷം:** 1201 വൃശ്ചികം 24, മകം

കേരള വാർത്തകൾ

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരേ ശബ്ദിക്കുന്ന തെളിവുകളെന്ന് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരേയുള്ളത് ശബ്ദിക്കുന്ന തെളിവുകളാണെന്നും ദിലീപിനെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകുന്ന തെളിവുകൾ വിചാരണക്കോടതി ശരിയായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രോസിക്യൂഷൻ വിലയിരുത്തൽ. പൾസർ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം നിഷേധിക്കുന്ന ഫോട്ടോ അടക്കം ഉണ്ടെന്നും, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് ദിലീപിന്റെ കൈവശം എത്തിയിട്ടുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കാനായെന്നും പ്രോസിക്യൂഷൻ അവകാശപ്പെടുന്നു. മൊബൈൽഫോണിലെ തെളിവ് നശിപ്പിക്കാൻ ദിലീപ് മുതിർന്നതിന്റെയും സാക്ഷികളെയും ജുഡീഷ്യൽ ഓഫീസർമാരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ തെളിവുകളും ഹാജരാക്കിയതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്. തെറ്റായ പ്രോസിക്യൂഷൻ നടപടിയിലാണ് ഉദ്യോഗസ്ഥർക്കെതിരേ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും പ്രത്യേക അന്വേഷണ സംഘം സർക്കാരിനെ തെറ്റിധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം.

പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി കൈമാറാൻ വൈകിയതിൽ ആക്ഷേപം

ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സിനിമാസംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന സംവിധായികയുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചിട്ടും ദിവസങ്ങൾ കഴിഞ്ഞാണു പൊലീസിനു കൈമാറിയതെന്ന് ആക്ഷേപം. നവംബർ 27ന് ലഭിച്ച പരാതി ഡിസംബർ 2നാണ് കന്റോൺമെന്റ് പൊലീസിനു കൈമാറിയത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പരാതി ലഭിച്ച ദിവസം തന്നെ കേസെടുത്തപ്പോൾ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കേസെടുത്തത് ഡിസംബർ എട്ടിനാണ്. വിവരം പുറത്തറിയുമെന്ന ഘട്ടം വന്നതോടെയാണ് 12 ദിവസത്തിനു ശേഷം പൊലീസ് കേസെടുത്തതെന്നാണ് ആരോപണം.

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ 70.9% പോളിങ്

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ, 7 ജില്ലകളിൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 70.9 % പോളിങ് രേഖപ്പെടുത്തി.

**പോളിങ് ശതമാനം (ജില്ല തിരിച്ച്):**

  • തിരുവനന്തപുരം: 67.4%
  • കൊല്ലം: 70.36%
  • പത്തനംതിട്ട: 66.78%
  • ആലപ്പുഴ: 73.76%
  • കോട്ടയം: 70.94%
  • ഇടുക്കി: 71.77%
  • എറണാകുളം: 74.58%

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം നാളെ; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ (ഡിസംബർ 11). നാളെ വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ ഇന്നലെ പരസ്യപ്രചാരണം സമാപിച്ചു. പലയിടത്തും കൊട്ടിക്കലാശത്തിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. ഏഴ് ജില്ലകളിലും ഇന്ന് നിശബ്ദ പ്രചാരണം.

കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് നേതാവിന് പരിക്ക്

കോഴിക്കോട് കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് നേതാവ് കെ ജയന്തിന് പ്രചാരണ വാഹനത്തില്‍ നിന്ന് വീണു പരിക്കേറ്റു. വാരിയല്ലിനും ശ്വാസകോശത്തിനും ക്ഷതമേറ്റ ജയന്തിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാളയത്താണ് സംഭവം.

തിരുവനന്തപുരത്തും എറണാകുളത്തും പോളിംഗ് ബൂത്തില്‍ വച്ച് വോട്ടര്‍മാര്‍ മരിച്ചു

തിരുവനന്തപുരത്തും എറണാകുളത്തും പോളിംഗ് ബൂത്തില്‍ വച്ച് വോട്ടര്‍മാര്‍ കുഴഞ്ഞു വീണു മരിച്ചു. എറണാകുളത്ത് കാലടി ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ ശ്രീമൂലനഗരം സ്വദേശി ബാബു (74), തിരുവനന്തപുരത്ത് പാച്ചല്ലൂര്‍ ഗവ. എൽ.പി. സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ തിരുവല്ലം മണമേല്‍ പ്ലാങ്ങല്‍ വീട്ടില്‍ ശാന്ത (73) എന്നിവരാണ് മരിച്ചത്.

ലീഗ് വനിതാ സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി

കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിൽ മൂന്ന് ദിവസമായി കാണാതായെന്ന് പരാതി ലഭിച്ച യുഡിഎഫ് വനിതാ സ്ഥാനാർഥിയെ ആൺസുഹൃത്തിനൊപ്പം വിട്ടയച്ചതായി പോലീസ്. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയതിന് പിന്നാലെയാണ് നടപടി. വോട്ട് ഭിന്നിപ്പിക്കാൻ സിപിഎം നടത്തുന്ന നാടകമെന്നായിരുന്നു യുവതിയെ കാണാതായതോടെ യുഡിഎഫ് ആരോപിച്ചിരുന്നത്.

വി സി നിയമന തര്‍ക്കത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

വി സി നിയമന തര്‍ക്കത്തില്‍ അനുനയ നീക്കവുമായി സംസ്ഥാന സര്‍ക്കാരെന്ന് റിപ്പോർട്ടുകൾ. നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല നിയമന തര്‍ക്കത്തിനിടെയാണ് കൂടിക്കാഴ്ച.

മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ പ്രതിപക്ഷ നേതാവിനോട്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശത്തിനിടെ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, തുരങ്കപാത, തീരദേശ ഹൈവേ അടക്കം കെ റെയിൽ വരെ യുഡിഎഫ് എതിർത്ത പദ്ധതികളിലെ ഇപ്പോഴത്തെ നിലപാട് തുറന്ന് പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. എന്തിനെയും എതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലയാറ്റൂരിൽ കാണാതായ വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിനിയായ ചിത്ര പ്രിയ (19) യെ സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിലെ ഗ്രൗണ്ടിൽ കൊല്ലപ്പെട്ട നിലയിൽ ഇന്നലെ കണ്ടെത്തി. മരണം കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിയുടെ ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ശബരിമല: തിരക്ക് തുടരുന്നു, പുൽമേട്ടിൽ ബിഎസ്എൻഎൽ താത്ക്കാലിക ടവർ

ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്നലെ വൈകീട്ട് ആറ് മണി വരെ 75,463 ഭക്തർ ദർശനം നടത്തി. തിരക്ക് അനുസരിച്ച് ബാച്ചുകളായി തിരിച്ചാണ് വിശ്വാസികളെ മല കയറാൻ അനുവദിക്കുന്നത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ താത്ക്കാലിക ടവർ സ്ഥാപിക്കുന്നു. അഞ്ച് ദിവസത്തേക്കാണ് അധിക സംവിധാനം ഏർപ്പെടുത്തുന്നത്.

ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 പേർക്ക് പരിക്ക്

ശബരിമല പാതയിൽ അപകടങ്ങൾ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചാലക്കയത്താണ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 പേർക്ക് പരിക്കേറ്റത്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോയ ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്.

തൃശ്ശൂരിൽ ഒന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

തൃശ്ശൂർ തൊഴിയൂർ രാപറമ്പിൽ ഒന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. മുഖത്ത് പരുക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയെ കൂടാതെ നായരങ്ങാടി അണ്ടിക്കേട്ട് കടവ് സ്വദേശിയായ 3 വയസ്സുകാരി, കർണ്ണാക്കിൽ സ്വദേശിയായ 10 വയസ്സുകാരി, കല്ലൂർ സ്വദേശിയായ 69 വയസ്സുകാരി എന്നിവർക്കും കടിയേറ്റു.

ദേശീയ വാർത്തകൾ

വോട്ടർ പട്ടിക പരിഷ്‌ക്കരണ ചർച്ചയിൽ ലോക്‌സഭയിൽ വാക്കേറ്റം

വോട്ടർ പട്ടിക പരിഷ്‌ക്കരണ ചർച്ചയിൽ ലോക്സഭയിൽ വാക്കേറ്റം. ബിജെപിക്കും കേന്ദ്ര സർക്കാരിനും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ രാജ്യദ്രോഹം വോട്ട് മോഷണമാണെന്നും അതിനപ്പുറം മറ്റൊന്നില്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. സർവകലാശാലകളെയും അന്വേഷണ ഏജൻസികളെയും നിയന്ത്രണത്തിലാക്കിയ ആർഎസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വരുതിയിലാക്കി കഴിഞ്ഞെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ സർദാർ പട്ടേലിനെ വെട്ടി നെഹ്റു പ്രധാനമന്ത്രിയായതാണ് രാജ്യത്തെ ആദ്യ വോട്ട് ചോരിയെന്ന് ബിജെപി തിരിച്ചടിച്ചു.

മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ നോട്ടീസ്

മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നൽകി പ്രതിപക്ഷ നേതാക്കൾ. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിൽ 107 എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസ് നൽകി. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ 2017 ലെ ഉത്തരവിന് വിരുദ്ധമായാണ് തമിഴ്നാട് മധുര തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്ദർ ദർഗയുടെ സമീപം ദീപം തെളിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടതെന്നാണ് ആരോപണം.

എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചു

കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ രൂപീകരിച്ചതായി കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. 50.14 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരും ഏകദേശം 69 ലക്ഷം പെൻഷൻകാരും കമ്മീഷന്റെ പരിധിയിൽ വരും. കമ്മീഷൻ നടപ്പാക്കുന്ന തീയതിയും ഫണ്ടിംഗും പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

ഇൻഡിഗോ കമ്പനിക്കെതിരെ കേന്ദ്രത്തിന്റെ കടുത്ത നടപടി

വിമാന യാത്രക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ട ഇന്‍ഡിഗോ കമ്പനിക്കെതിരെ കടുത്ത നടപടി തുടങ്ങി കേന്ദ്ര സർക്കാർ. പത്ത് ശതമാനം ഇന്‍ഡിഗോ സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു. അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളിൽ ഒരിളവും ഇൻഡിഗോയ്ക്ക് നൽകില്ല. മുതിർന്ന ഉദ്യോഗസ്ഥരെ തൽസ്ഥാനങ്ങളിൽ നിന്ന് നീക്കാനും നിർദ്ദേശം നൽകും.

ദില്ലിയിൽ തന്തൂർ അടുപ്പുകൾക്ക് നിയന്ത്രണം

വായു മലിനീകരണത്തോത് വർധിച്ചു വരുന്ന സാഹചര്യത്തിൽ ദില്ലി നഗരത്തിലെ എല്ലാ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, ഓപ്പൺ ഈറ്ററികളിലും ഗ്രില്ലിംഗിങ്ങിനായി കൽക്കരിയും വിറകും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾക്ക് പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കിൽ മറ്റു ശുദ്ധ ഇന്ധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം.

അനിൽ അംബാനിയുടെ മകനെതിരെ സിബിഐ കേസ്

അനിൽ അംബാനിയുടെ മകനായ ജയ് അൻമോൽ അനില്‍ അംബാനിക്കെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ. അംബാനിയുടെ കമ്പനിയായ റിലയൻസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ടുള്ള ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. കമ്പനിയെയും സിഇഒയെയും സർക്കാർ ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. തട്ടിപ്പിലൂടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് 228 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി.

മുൻ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം

മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനായ രാകേഷ് കിഷോറിനെ ദില്ലിയിലെ കർകർദൂമ കോടതി പരിസരത്തുവച്ച് ഒരാൾ ചെരുപ്പൂരി അടിച്ചു. ഒക്ടോബർ അഞ്ചിനാണ് രാകേഷ് കിഷോർ ജസ്റ്റിസ് ഗവായ്ക്കെതിരെ ഷൂ എറിഞ്ഞത്.

സത്യ നദെല്ല പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ മൈക്രോസോഫ്റ്റ് വൻ നിക്ഷേപം

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ശേഷി വികസിപ്പിക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള സോഫ്‌റ്റ്വെയർ ഭീമൻ ഏഷ്യയിലെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചു. 17.5 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.5 ലക്ഷം കോടി രൂപ) ആണ് കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുക.

അന്താരാഷ്ട്ര വാർത്തകൾ

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 20 മരണം

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ സ്വകാര്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് നില കെട്ടിടത്തിന് തീപിടിച്ച് 20 പേർക്ക് ദാരുണാന്ത്യം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ബലൂണുകൾ പറത്തിയതിനെ തുടർന്ന് ലിത്വാനിയയിൽ അടിയന്തരാവസ്ഥ

അയൽരാജ്യമായ ബെലാറൂസ് കാലാവസ്ഥാ പഠനത്തിനെന്ന പേരിൽ പറത്തുന്ന ബലൂണുകൾകൊണ്ടു സഹികെട്ട ലിത്വാനിയ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നാണ് ലിത്വാനിയയുടെ നിലപാട്. ബലൂണുകൾ വ്യോമഗതാഗതത്തെ ബാധിച്ചതിനെത്തുടർന്ന് വില്‍നിയസ് രാജ്യാന്തര വിമാനത്താവളം അടച്ചു.

യൂറോപ്പ് ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടമെന്ന് ട്രംപ്

ദുർബലരായ നേതാക്കൾ നയിക്കുന്ന ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടമാണ് യൂറോപ്പെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. കുടിയേറ്റം നിയന്ത്രിക്കുന്നതിനും റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിലും അവർ പരാജയപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച നഗരം: ബാങ്കോക്ക് ഒന്നാം സ്ഥാനത്ത്

2025-ൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച നഗരം തായ്‌ലൻഡിലെ ബാങ്കോക്ക് ആണ്. ടൂറിസം ഇൻഫ്രാസ്ട്രക്ചർ, സുസ്ഥിരത, സാമ്പത്തിക വളർച്ച തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി യൂറോമോണിറ്റർ പട്ടിക തയാറാക്കി. ഈ വർഷം ഏകദേശം 3.03 കോടി സഞ്ചാരികളാണ് ബാങ്കോക്കിൽ എത്തിയത്. രണ്ടാം സ്ഥാനത്ത് ഹോങ്കോങ്ങും (2.33 കോടി), മൂന്നാം സ്ഥാനത്ത് ലണ്ടനും (2.27 കോടി) എത്തി. ആദ്യ അഞ്ച് നഗരങ്ങളിൽ മൂന്നും ഏഷ്യയിൽ നിന്നാണ്.

കായികം

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി20: ഇന്ത്യക്ക് 101 റൺസിന്റെ തകർപ്പൻ ജയം

ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെ (28 പന്തിൽ 59 റൺസ്) മികവിൽ 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറിൽ വെറും 74 റൺസിന് ഓൾ ഔട്ടായി. ഹാർദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

സിനിമ

‘അടി നാശം വെള്ളപ്പൊക്കം’ : പുതിയ ഗാനം പുറത്തിറങ്ങി

എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ‘അടി നാശം വെള്ളപ്പൊക്കം’ എന്ന സിനിമയിലെ ‘ഭൂകമ്പം’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഇലക്ട്രടോണിക് കിളിയാണ് ഗാനമൊരുക്കിയത്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ് എന്നിവരോടൊപ്പം പ്രേം കുമാർ കോമഡി പ്രകടനവുമായി ശക്തമായി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.

‘മിണ്ടിയും പറഞ്ഞും’: പുതിയ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ഉണ്ണി മുകുന്ദനും അപർണ്ണ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന പ്രണയചിത്രം ‘മിണ്ടിയും പറഞ്ഞും’ ലെ ‘മണല് പാറുന്നൊരീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുജേഷ് ഹരിയുടെ വരികൾക്ക് സൂരജ് എസ്. കുറുപ്പാണ് ഈണം പകർന്നിരിക്കുന്നത്, ഷഹബാസ് അമൻ ആലപിച്ചു. അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 25ന് തിയേറ്ററുകളിൽ എത്തും.

വാഹന ലോകം

കുറഞ്ഞ ആർപിഎം എഞ്ചിൻ സ്റ്റാളിംഗ് പ്രശ്നം: ഹസ്ഖ്വർണയുടെ സ്വാർട്ട്പിലൻ 401 തിരിച്ചുവിളിച്ചു

ഹസ്ഖ്വർണയുടെ സ്ട്രീറ്റ് ബൈക്കായ സ്വാർട്ട്പിലൻ 401 നെ കുറഞ്ഞ ആർപിഎം എഞ്ചിൻ സ്റ്റാളിംഗ് പ്രശ്നം കാരണം തിരിച്ചുവിളിച്ചു. 2024 നും 2026 നും ഇടയിൽ നിർമ്മിച്ച മോഡലുകൾക്കായാണ് കമ്പനി ആഗോളതലത്തിൽ സുരക്ഷാ തിരിച്ചുവിളിക്കൽ പുറപ്പെടുവിച്ചത്. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ പ്രശ്നം പരിഹരിക്കാനാകും. കുറഞ്ഞ വേഗതയിലോ ട്രാഫിക്കിലോ സഞ്ചരിക്കുമ്പോൾ എഞ്ചിൻ പെട്ടെന്ന് ഓഫാകാനുള്ള സാധ്യതയാണ് പ്രശ്നം.

പുസ്തക വിശേഷം

ഓഫ് ലോസ് ആന്‍ഡ് ലാവെണ്ടര്‍

ഇറാഖി എഴുത്തുകാരനായ സിനാന്‍ അന്‍തൂണ്‍ 2024-ൽ എഴുതിയ ‘ഓഫ് ലോസ് ആന്‍ഡ് ലാവെണ്ടര്‍’ എന്ന നോവലിൽ ഗള്‍ഫ് യുദ്ധത്തിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ രണ്ട് ഇറാഖി പൗരന്മാരുടെ കഥ പറയുന്നു. ഡോക്ടറായിരുന്ന സാമിയും ഇറാഖി സേനയിൽനിന്നും ഒളിച്ചോടിയ ഉമറും അവരുടെ ജീവിതത്തിലെ ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ ഇറാഖിൽ കൂട്ടിമുട്ടിയിട്ടുണ്ടെന്ന വസ്തുത രണ്ടുപേരുടെയും ജീവിതയാഥാർത്ഥ്യങ്ങളെ മാറ്റിമറിക്കുന്നു. പരിഭാഷ: ഡോ. എൻ. ഷംനാദ്. (ഗ്രീൻ ബുക്സ്).

ആരോഗ്യം

തലച്ചോറും വയറും തമ്മിലുള്ള ബന്ധം: ‘ഗട്ട്-ബ്രെയിൻ ആക്സിസ്’

ടെൻഷനും പേടിയുമുണ്ടാകുമ്പോൾ വയറിന് പ്രശ്നമുണ്ടാകുന്നത് വെറും യാദൃച്ഛികമല്ല. തലച്ചോറും ആമാശയവും തമ്മിൽ നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും അതിനായി പ്രത്യേകം നാഡീവ്യൂഹം ഉണ്ടെന്നും പഠനങ്ങൾ പറയുന്നു. ഉത്കണ്ഠ, സമ്മർദം, ദുഃഖം എന്നിവ വയറു വീർക്കൽ, അസിഡിറ്റി, വിശപ്പിലെ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകും. ശരീരത്തിലെ 90% സെറോടോണിനും കുടലിലാണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഉറക്കം, മാനസികാവസ്ഥ, ശ്രദ്ധ എന്നിവയെ ബാധിക്കുന്നതാണ്.

**വികാരങ്ങൾ കുടലിനെ ബാധിക്കുന്നതിന്റെ ലക്ഷണങ്ങൾ:** പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചാലും വയറു വീർക്കൽ, മലബന്ധം/വയറിളക്കം, ക്ഷീണം, അമിതമായി പഞ്ചസാര/ഉപ്പ് കഴിക്കാൻ തോന്നുക, വൈകാരിക സമ്മർദ്ദ സമയത്ത് ചർമ വീക്കം.

**കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ:** നേരത്തെയുള്ള അത്താഴവും സ്ഥിരമായ ഉറക്ക-ഉണർവ് ചക്രങ്ങളും പാലിക്കുക. ഭക്ഷണം മനസ്സോടെ കഴിക്കുക. സീസണൽ പഴങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രീബയോട്ടിക്കുകൾ, മിതമായ ഫെർമെന്റുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണത്തിന് ശേഷം 20 മിനിറ്റ് മിതമായ നടത്തം ശീലമാക്കുക. [attachment_0](attachment)