ആറ്റിങ്ങൽ. നാവായിക്കുളം ചിറ്റായിക്കോട് സ്വദേശി ഗോകുൽ (19)ആണ് മരിച്ചത്
കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
ഒപ്പം സഞ്ചരിച്ച നാവായിക്കുളം സ്വദേശി അതുലിനെ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം
ആറ്റിങ്ങൽ പോളിടെക്നിക് സ്കൂളിലെ ഒന്നാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥികൾ ആണ്
.
ആറ്റിങ്ങലിൽ വാഹന അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കെ.വി ജോസഫ് റമ്പാൻ അന്തരിച്ചു
കോട്ടയം. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുതിർന്ന വൈദികൻ വന്ദ്യ കെ വി ജോസഫ് റമ്പാൻ കർത്താവിൽ നിദ്ര പ്രാപിച്ചു. 90 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ്. കളപ്പുരയ്ക്കൽ ജോസഫ് വർഗീസിന്റെയും അന്നാമ്മയുടെയും മകനായി 1935 ഏപ്രിൽ 7ന് ജനിച്ചു. മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി അംഗം, എം.ഒ.സി കോളജ് ഗവേർണിംഗ് ബോർഡ് അംഗം, പരുമല സെമിനാരി കൗൺസിൽ അംഗം, കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, ദേവലോകം അരമന മാനേജർ, പഴയ സെമിനാരി അസിസ്റ്റന്റ് മാനേജർ, പരിശുദ്ധ ഔഗേൻ ബാവായുടെ സെക്രട്ടറി, പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ഓഫീസ് സെക്രട്ടറി, കോട്ടയം മാർ ഏലിയ കത്തീഡ്രൽ വികാരി, എം.ഡി സെമിനാരി മാനേജർ, പഴയ സെമിനാരി മാനേജർ, പരുമല സെമിനാരി അസിസ്റ്റന്റ് മാനേജർ തുടങ്ങി മലങ്കരസഭയിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിരുന്നു. കൂടാതെ കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായും വന്ദ്യ റമ്പാച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.
എനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
എനിക്ക് പറയാനുള്ളത് കോടതിയില്‍ പറഞ്ഞുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബലാത്സംഗ കേസില്‍ ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതികരണം. വൈകിട്ട് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണു രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. എംഎല്‍എയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് രാഹുലിന് വോട്ട്.
വോട്ട് ചെയ്യാന്‍ എത്തുന്നതിനു മുന്‍പോ ശേഷമോ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറില്‍ കയറിയ ശേഷം രാഹുല്‍ പറഞ്ഞു. പൂവന്‍ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയര്‍ത്തി പോളിങ് ബൂത്തിനു മുന്നില്‍ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. രണ്ടാമത്തെ പീഡനക്കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത്. രണ്ട് കേസുകളിലും നിലവില്‍ അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ വ്യാഴാഴ്ച രാഹുല്‍ വോട്ട് രേഖപ്പെടുത്താന്‍ വരുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കിയിരുന്നു.
വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് കുന്നത്തൂര്‍ മേട് സയിന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് വൈകിട്ട് 4.45-ലോടെ രാഹുല്‍ വോട്ട് ചെയ്യാന്‍ എത്തിയത്. ബൂത്തിന് മുന്നില്‍ പ്രതിഷേധവുമായി ബിജെപി ഉള്‍പ്പെടെയുള്ളവര്‍ പ്ലക്കാര്‍ഡുമായി അണിനിരന്നിരുന്നു.
രണ്ടാമത്തെ പീഡനക്കേസില്‍ ജാമ്യം ലഭിച്ചതോടെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയത്. രണ്ട് കേസുകളിലും നിലവില്‍ അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ വ്യാഴാഴ്ച രാഹുല്‍ വോട്ട് രേഖപ്പെടുത്താന്‍ വരുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കിയിരുന്നു.
അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു: 17 മരണം
അരുണാചൽ പ്രദേശിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യ-ചൈന അതിർത്തിയിലുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടമുണ്ടായത്. 21 തൊഴിലാളികളുമായി പോയ ട്രക്ക് ആണ് കൊക്കയിലേക്ക് മറിഞ്ഞത്.
കുറഞ്ഞത് 17 തൊഴിലാളികൾ മരിച്ചതായി അഞ്ജാവ് ഡെപ്യൂട്ടി കമീഷണർ മില്ലോ കോജിൻ പറഞ്ഞു. തിങ്കളാഴ്ചയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ആസ്ഥാന നഗരത്തിലെത്തി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്.
ഏകദേശം 10,000 അടിയിലധികം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 13 പേരുടെ മൃതദേഹം കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആസാമിൽ നിന്നുള്ള തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് ചഗ്ലഗാം അതിർത്തി.
ദിലീപും മോഹന്‍ലാലും…. ‘ഭ.ഭ.ബ’ യുടെ ട്രെയ്ലര്‍ പുറത്ത്
ദിലീപ് നായകനായി എത്തുന്ന ‘ഭ.ഭ.ബ’ യുടെ ട്രെയ്ലര്‍ പുറത്ത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബര്‍ 18 നാണ് ആഗോള റിലീസായി എത്തുക. ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഒത്തുചേരുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍, തിയറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പന്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്.
ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയില്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. കോ പ്രൊഡ്യൂസേര്‍സ്- ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.
ദിലീപ്- മോഹന്‍ലാല്‍ ടീമിന്റെ സംഘട്ടനവും, പാട്ടും, നൃത്തവുമെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നതിന്റെ ഒരു സാമ്പിള്‍ ആണ് ട്രെയ്ലറിലൂടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. ‘വേള്‍ഡ് ഓഫ് മാഡ്നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘ഭയം ഭക്തി ബഹുമാനം’ എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ‘ഭ.ഭ.ബ’ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്.
നേരത്തെ പുറത്ത് വന്ന, ചിത്രത്തിന്റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തിലാണ് ചിത്രത്തിലെ താരങ്ങളെ അവതരിപ്പിക്കുന്നതെന്ന് ടീസറും, ഇപ്പോള്‍ വന്ന ട്രെയ്ലറും സൂചിപ്പിക്കുന്നു. ആക്ഷന്‍, കോമഡി, ഗാനങ്ങള്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി ഒരുക്കിയ ഈ ചിത്രം ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.
വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്‍പ്പന തൊഴിലാളിയായ മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. ആന്തൂര്‍ നഗരസഭയിലെ മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.
സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾ ഇന്ന് ഇതുവരെ 2025 | ഡിസംബർ 11 | വ്യാഴം 1201 | വൃശ്ചികം 25 | പൂരം
സംസ്ഥാന രാഷ്ട്രീയം
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് പുരോഗമിക്കുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഉച്ചക്ക് രണ്ട് മണിയോടെ പോളിങ് 50 % കടന്നു. രണ്ടാം ഘട്ട പോളിംഗ് ദിവസവും എൽഡിഎഫ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഉയർത്തിപ്പിടിച്ചപ്പോൾ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പീഢന ആരോപണം ഉയർത്തി യുഡിഎഫ് പ്രതിരോധിച്ചു.
- രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതിക്ക് പിന്നിൽ ഒരു ‘ലീഗൽ ബ്രെയിൻ’ ഉണ്ടെന്നും, പരാതി കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങൾക്ക് കിട്ടിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
- ലൈംഗിക വൈകൃത കുറ്റവാളികളെ ‘വെൽ ഡ്രാഫ്റ്റഡ്’ എന്ന് പറഞ്ഞ് ന്യായീകരിക്കാൻ വന്നാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോൾ വന്നതിനേക്കാൾ അപ്പുറമുള്ള കാര്യങ്ങൾ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കോൺഗ്രസിലെ സ്ത്രീ ലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളി. പരാതി വെൽ ഡ്രാഫ്റ്റഡ് ആണെന്നും അത് അങ്ങനെ തന്നെയാണ് നൽകേണ്ടതെന്നും അതിൽ ഒരു തെറ്റില്ലെന്നും സതീശൻ പറഞ്ഞു.
- യുഡിഎഫ് വേട്ടക്കാർക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിനെ കെ പി സി സി പ്രസിഡന്റ് ന്യായീകരിക്കുകയാണെന്നും നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്നും അദ്ദേഹം വിമർശിച്ചു.
- സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പ് പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് മറുപടി നൽകി. സ്ത്രീ പീഡകരെ പാർട്ടി കോടതിയിൽ വിചാരണ ചെയ്ത്, അവർക്ക് പദവികൾ വാരിക്കോരി കൊടുക്കുന്ന മുഖ്യമന്ത്രിയാണ് വലിയ വർत्तമാനം പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
- എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഒരു ലൈംഗീകാരോപണം കൊണ്ടുവരിക എന്നത് മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ അടവാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് പിണറായിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. യുവതിക്ക് ഗർഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് താനാണെന്നും അത് പരാതിക്കാരി ആവശ്യപ്പെട്ടതനുസരിച്ചാണെന്നും മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹർജിയിൽ പറയുന്നു.
- തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടാണെന്നും പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്നും മന്ത്രി കെ രാജൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാൻ പറ്റുമെന്നും നടപടിയെടുക്കണ്ടേയെന്നും മന്ത്രി ചോദിച്ചു.
- തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നതെന്നും ജനം ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
- ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാൻ പുതിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് അംഗം കെ.സി. വേണുഗോപാൽ ലോക്‌സഭയിൽ പറഞ്ഞു.
- പാർലമെന്റിൽ ശൈത്യകാല സമ്മേളനം തുടരുന്നതിനിടെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ ബെർലിൻ യാത്രയെ ബിജെപി വിമർശിച്ചു. രാഹുൽ പ്രതിപക്ഷ നേതാവല്ല, പര്യടനനേതാവാണെന്ന് ബിജെപി ദേശീയവക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.
- പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ കഴിഞ്ഞദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച പാർലമെന്ററിനകത്ത് അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണറെ തിരഞ്ഞെടുക്കാനാണ് നേതാക്കൾ ചർച്ച നടത്തിയതെങ്കിലും കൂടിക്കാഴ്ച ഇത്രയും നീണ്ടുനിൽക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
നിയമപരവും ഭരണപരവുമായ വാർത്തകൾ
- വിസി നിയമന തർക്കത്തിൽ കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചു.
- മസാല ബോണ്ട് ഇടപാടിലെ ഇ ഡി അഡ്ജ്യൂഡിക്കേഷൻ കമ്മിറ്റി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഇടക്കാല ഉത്തരവിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
- ജഡ്ജിമാർ വ്യക്തിപരമായ കവചംതീർക്കാനോ വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള വാളായോ കോടതിയലക്ഷ്യ അധികാരത്തെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നുവിളിച്ച് അധിക്ഷേപിച്ച സ്ത്രീക്ക് ഒരാഴ്ച തടവുശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
സിനിമാ/സാംസ്കാരികം
- സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ ഒളിച്ചുകളിച്ച് ചലച്ചിത്ര അക്കാദമി. പരാതി കിട്ടിയിരുന്നെന്ന് സമ്മതിച്ചെങ്കിലും തുടർ നടപടി പരസ്യമാക്കാനാകില്ലെന്ന് വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ പ്രതികരിച്ചു. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
- ഇടതുസഹയാത്രികനും മുൻഎംഎൽഎയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ, ഇദ്ദേഹം സഖാവായതിനാലും ഇടതുപക്ഷമായതിനാലും കൂടുതൽ ശക്തമായി അപലപിക്കുന്നുവെന്ന് നടി മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.
- നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പ്രതികരിച്ചു. കോടതിക്ക് അപ്പുറം ഒന്നും അറിയില്ലെന്നും, എതിരഭിപ്രായം ഉള്ളവർക്ക് മേൽ കോടതിയെ സമീപിക്കാനുള്ള സംവിധാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ (ഭയം ഭക്തി ബഹുമാനം) ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ആഗോള റിലീസായി എത്തുക.
- രജനികാന്തിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ കെ.എസ് രവികുമാർ സംവിധാനം ചെയ്ത 1999 ൽ പുറത്തിറങ്ങിയ ‘പടയപ്പ’ റീ റിലീസ് ട്രെയ്‌ലർ പുറത്തുവിട്ടു. രജനികാന്ത് സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നതിൽ ആദരമർപ്പിച്ചുകൊണ്ടാണ് റീ റിലീസ്.
ദേശീയ/അന്തർദേശീയ വാർത്തകൾ
- ഇൻഡിഗോ സർവീസ് പ്രതിസന്ധി ആസൂത്രിതമാണെന്ന സൂചനകൾക്കിടെ കമ്പനിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്ര സർക്കാർ. കമ്പനിക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നൽകി.
- 2024-ലെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനുശേഷം ബംഗ്ലാദേശ് ആദ്യമായി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. അടുത്ത ദേശീയ തിരഞ്ഞെടുപ്പിന്റെ തീയതി ബംഗ്ലാദേശ് മുഖ്യ ഇലക്ഷൻ കമ്മിഷണർ എ.എം.എം. നാസിറുദ്ദീൻ ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
- വെനസ്വേലയുടെ പ്രസിഡന്റ് നിക്കൊളാസ് മദുറോയ്ക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കരീബിയൻ കടലിൽ വെനസ്വേലയുടെ വമ്പൻ എണ്ണക്കപ്പൽ അമേരിക്കൻ സേന പിടിച്ചെടുത്തു.
- അമേരിക്കയിൽ സ്ഥിര താമസത്തിന് ‘ട്രംപ് ഗോൾഡ് കാർഡ്’ വിസ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി. വിദേശികൾക്ക് ഒരു മില്യൺ യുഎസ് ഡോളർ നൽകി ട്രംപ് ഗോൾഡ് കാർഡ് സ്വന്തമാക്കിയാൽ വിസ അപേക്ഷ വേഗത്തിലാക്കാം.
- യുഎസിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം സിഡ്നി കാംലാഗർ ഡോവ് അഭിപ്രായപ്പെട്ടു.
- പ്രശസ്ത ബ്രിട്ടീഷ് സീരീസ് ‘പീക്കി ബ്ലൈൻഡേഴ്സി’ലെ കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് നടന്നതിന് അഫ്ഗാനിസ്ഥാനിലെ നാല് യുവാക്കളെ പിടികൂടി തടവിലാക്കി.
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി പകർപ്പവകാശമുള്ള ഉള്ളടക്കങ്ങൾ ഉപയോഗിക്കുമ്പോൾ, അതിന്റെ സ്രഷ്ടാക്കൾക്ക് എ.ഐ കമ്പനികൾ റോയൽറ്റി നൽകണമെന്ന് കേന്ദ്ര സർക്കാർ പാനൽ ശുപാർശ ചെയ്തു.
സംസ്ഥാനം/പ്രാദേശികം – മറ്റ് വാർത്തകൾ
- കൊല്ലം അഞ്ചലിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.
- തിരുവനന്തപുരം കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരയിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്.
- ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തായ്ലാൻഡിലേക്ക് മുങ്ങിയ ക്ലബ്ബ് ഉടമകൾ സൗരഭ് ലുത്രയും സഹോദരൻ ഗൗരഭ് ലൂത്രയും തായ്ലാൻഡിലെ ഫുകേത്തിൽ അറസ്റ്റിലായി.
- വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിലായി. എമിറേറ്റ്സ് വിമാനത്തിലെ ജീവനക്കാരനായ ജയ്പൂർ സ്വദേശി അടങ്ങുന്ന 5 പേരെ ചെന്നൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 11.5 കോടി രൂപ വിലവരുന്ന 9.46 കിലോ സ്വർണം പിടികൂടി.
- ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാൾസ് മാർട്ടിൻ പുതുച്ചേരി കേന്ദ്രീകരിച്ച് ‘ലക്ഷ്യ ജനനായക കക്ഷി’ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങി. നടൻ വിജയ്യുടെ തമിഴക വെട്രി കഴകവുമായുള്ള സഖ്യസാധ്യതയാണ് ജോസ് ചാൾസ് തേടുന്നത്.
ആരോഗ്യം
ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്ന് വിദഗ്ധർ. ഹൃദയത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുന്നത് രക്തസമ്മർദം കൂട്ടുന്നു. ഈ കാലത്ത് രക്തം കട്ടപിടിക്കാനുള്ള പ്രവണതയും അണുബാധകളും കൂടുന്നത് സാധ്യത വർധിപ്പിക്കാം. കൂടാതെ, വെള്ളം കുടിക്കുന്നത് കുറയുന്നത് നിർജ്ജലീകരണത്തിനും ഉദാസീനമായ ജീവിതശൈലിയും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയസംബന്ധമായ അപകടസാധ്യത കൂട്ടുന്നു.
ബിസിനസ്/ഓട്ടോ
- സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 11,935 രൂപയും പവൻ വില 80 രൂപ കുറഞ്ഞ് 95,480 രൂപയിലുമെത്തി. യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചത് സ്വർണവില വീണ്ടും ഉയരാനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ വർധിച്ച് 196 രൂപയായി.
- മഹീന്ദ്ര അവരുടെ ഫ്‌ളാഗ്ഷിപ്പ് എസ്യുവിയായ എക്‌സ്യുവി 700നെ മുഖം മിനുക്കി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. പേരു പോലും എക്‌സ്യുവി 7എക്‌സ്ഒ എന്നു മാറ്റിയ ഈ മോഡൽ ജനുവരി അഞ്ചിന് വില്‍പനക്കെത്തും.
ഇന്നത്തെ വിനിമയ നിരക്ക് (₹)
| കറൻസി | നിരക്ക് |
|---|---|
| ഡോളർ | 90.40 |
| പൗണ്ട് | 120.87 |
| യൂറോ | 104.78 |
| സ്വിസ് ഫ്രാങ്ക് | 113.08 |
| ഓസ്‌ട്രേലിയൻ ഡോളർ | 60.80 |
| ബഹറിൻ ദിനാർ | 239.89 |
| കുവൈത്ത് ദിനാർ | 294.69 |
| ഒമാനി റിയാൽ | 235.18 |
| സൗദി റിയാൽ | 24.10 |
| യു.എ.ഇ ദിർഹം | 24.47 |
| ഖത്തർ റിയാൽ | 24.95 |
| കനേഡിയൻ ഡോളർ | 65.47 |
കുന്നത്തൂർ താലൂക്കിൽ മുണ്ടിനീര് രോഗം വ്യാപകം;രോഗബാധിതരിൽ ഏറെയും സ്കൂൾ കുട്ടികൾ
ശാസ്താംകോട്ട:സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് (മുണ്ടിവീക്കം) രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്.കുന്നത്തൂർ,പോരുവഴി,ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിൽ രോഗ വ്യാപനം ശക്തമാണ്.താലൂക്കിലെ മിക്ക സർക്കാർ-സിബിഎസ്ഇ സ്കൂളുകളിൽ രണ്ടും മൂന്നും ആഴ്ചത്തേക്ക് അവധി നൽകിയിരിക്കയാണ്.മറ്റ് കുട്ടികളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് അവധി നൽകുന്നത്.പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളിലാണ് പ്രധാനമായും രോഗം കണ്ടുവരുന്നത്. ചെറിയ കുട്ടികൾക്ക് ആഹാരം കഴിക്കാനോ വെള്ളം കുടിക്കാൻ പോലും കഴിയുന്നില്ല.അതിനിടെ രോഗം വ്യാപകമായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.രോഗിയുമായി സമ്പർക്കം പുലർത്തുന്നവർക്ക് വേഗത്തിൽ രോഗം പകരുന്നതാണ് രീതി.മുണ്ടിനീര് വൈറസ് ബാധിച്ച വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ തെറിക്കുന്ന ഉമിനീരിൻ്റെ കണങ്ങളിലൂടെ മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്ന പകർച്ചവ്യാധി ആണിത്.കവിളിന്റെ സമീപത്തിലുള്ള പരോട്ടിഡ് ഗ്രന്ഥികൾ എന്നു പേരായ ഉമിനീർ ഗ്രസ്ഥികളെയാണ്
രോഗം കൂടുതലായി ബാധിക്കുന്നത്.ഒരു തവണ ഈ രോഗം ബാധിച്ചാൽ വീണ്ടും വരാനുള്ള സാധ്യത കുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാർശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു.രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഒരാഴ്ച മുമ്പും രോഗം ഭേദമായി രണ്ടാഴ്ച വരെയും രോഗം പകരാനുള്ള സാധ്യതയുണ്ട്.മുണ്ടിനീരിന്റെ കാരണക്കാർ മിക്‌സോ വൈറസ് കുടുംബത്തിൽപ്പെട്ട ഒരു തരം വൈറസുകളാണ്.ഉമിനീർ ഗ്രന്ഥികളെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂർവ്വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടു വരുന്നു.രോഗ ബധിതരുടെ രക്തം,മൂത്രം,മുലപ്പാൽ എന്നിവയിലും ഈ വൈറസ് കാണപ്പെടുന്നു.രോഗബാധയുള്ളവരെ പരമാവധി ഒഴിവാക്കുക,രോഗ ബാധയുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക,രോഗിയുടെ വസ്തുക്കൾ അണുവിമുക്തമാക്കുക,വിശ്രമിക്കുകയും,ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക തുടങ്ങിയ മുൻകരുതലുകൾ എടുക്കണം.മുണ്ടിനീരിന് പ്രത്യേക ചികിത്സയില്ല എങ്കിലും വേദന സംഹാരികളും, പ്രതിരോധ കുത്തിവയ്പുകളും ഗുണം ചെയ്തേക്കാം.
ആദ്യം സിപിഐഎമ്മിലെ സ്ത്രീലമ്ബടന്മാരെ മുഖ്യമന്ത്രി നിലയ്ക്കു നിർത്തട്ടെ, ചെന്നിത്തല
കോണ്‍ഗ്രസിലെ സ്ത്രീലമ്ബടന്മാർ എന്തും ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല
ആദ്യം സിപിഐഎമ്മിലെ സ്ത്രീലമ്ബടന്മാരെ നിലയ്ക്കു നിർത്തട്ടെയെന്നായിരുന്നും ചെന്നിത്തലയുടെ മറുപടി. സ്ത്രീലമ്ബടന്മാരെ മുഴുവൻ സംരക്ഷിക്കുകയും പദവികള്‍ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇതെല്ലാം പറയുന്നതെന്നും, പാർട്ടി സെക്രട്ടറി ആയിരുന്നപ്പോള്‍ പിണറായി വിജയൻ പീഡന പരാതികള്‍ ഒതുക്കി തീർത്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ :
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാതൃകാ നടപടി സ്വീകരിച്ചു. കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ച തൊട്ടടുത്ത നിമിഷം പരാതി ഡിജിപിക്ക് നല്‍കി. അതാണ് ഞങ്ങളും മുഖ്യമന്ത്രിയും തമ്മിലുള്ള വ്യത്യാസം. ഇത്തരം കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ ചെലവാകില്ല. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് കണ്ടാണ് ഇത്തരത്തില്‍ കള്ളപ്രചരണം നടത്തുന്നത്. സ്ത്രീലമ്ബടന്മാരെ സിപിഐഎം നിലയ്ക്ക് നിര്‍ത്തട്ടെ. സ്ത്രീ പീഡനം നടത്തിയ എത്രയോ പേരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു. ഈ ഇരട്ടത്താപ്പ് ശരിയല്ല.
എല്ലാവര്‍ക്കും നിയമം ഒരുപോലെയാകണമെന്നും എന്‍ പിള്ള നയം സ്വീകരിക്കുന്നത് ശരിയല്ല. സിപിഐഎം മുന്‍ എംഎല്‍എയ്‌ക്കെതിരെ പരാതി കിട്ടിയിട്ട് 14 ദിവസം കയ്യില്‍ വെച്ചയാളാണ് തങ്ങള്‍ക്കെതിരെ പറയുന്നത്. മുഖ്യമന്ത്രി തങ്ങള്‍ക്ക് സാരോപദേശം നല്‍കേണ്ട. സ്വന്തം പാര്‍ട്ടിക്കാരെപ്പറ്റിയുള്ള പരാതികള്‍ വരുമെന്നാണോ മുഖ്യമന്ത്രി പറയുന്നത്. എത്രയോ പീഡന പരാതികള്‍ ഒതുക്കി തീര്‍ത്തയാളാണ് ഇന്നത്തെ മുഖ്യമന്ത്രി. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ ചെയ്തതൊന്നും തങ്ങളെ കൊണ്ട് പറയിപ്പിക്കരുത്.
കേരളത്തിലെ ജനങ്ങളെ ശ്രദ്ധിക്കാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല. ജനങ്ങളുടെ പണം മുടക്കി വിദേശത്ത് സഞ്ചരിക്കുന്നു. ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ചെയ്യാത്ത സര്‍ക്കാരാണിത്. ശബരിമലക്കൊള്ളയില്‍ ഉന്നതരെ സംരക്ഷിക്കാനും യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരാതിരിക്കാനും മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഇതെല്ലം ജനങ്ങള്‍ക്ക് അറിയുന്ന കാര്യമാണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ജനങ്ങള്‍ക്ക് നല്‍കിയ ഏത് വാഗ്ദാനമാണ് മുഖ്യമന്ത്രി പാലിച്ചതെന്നും നാടിന് എന്ത് മാറ്റമാണുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ല. പാര്‍ട്ടിയില്‍ ഇല്ലാത്ത ഒരാളെ കുറിച്ച് എന്ത് പറയാനാണ്.






































