വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ ഭിന്നത
വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ ഭിന്നതയെന്ന് റിപ്പോർട്ടുകൾ. ഗവർണറുമായുള്ള സമവായ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ചപ്പോഴാണ് വിമർശനം ഉയർന്നത്. ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധംകൂടിയാണ് സുപ്രീംകോടതിയിലെ പോരാട്ടമെന്നും അതിൽനിന്ന് മാറുന്നത് തിരിച്ചടിയാകുമെന്നും പറഞ്ഞാണ് ഒരു വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയുടെ ആവശ്യത്തെ എതിർത്തത്. പിഎംശ്രീയിൽ ഒപ്പിട്ട അനുഭവവും ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ, ഒത്തുതീർപ്പിലെത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞതോടെ സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
വിസി നിയമനത്തിലെ ഒത്തുതീർപ്പിന് പിന്നാലെ കേരളയിലും സമവായം
വിസി നിയമനത്തിലെ ഒത്തുതീർപ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു.
വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാൻസലറായ ഗവർണർ
വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാൻസലറായ ഗവർണർ. സുപ്രീം കോടതിയിൽ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചു
കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നോട്ടീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയെ സമീപിച്ചു. ഇഡി നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകിയത്. മസാല ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം നടന്നിട്ടില്ലെന്ന് ഹർജിയിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് ഹർജിയിലെ വാദം.
മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നൽകിയ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇഡിയുടെ അപ്പീൽ
മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നൽകിയ കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഇഡിയുടെ അപ്പീൽ. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനാണ് ഇഡി അപ്പീൽ നൽകിയത്. സിംഗിൾ ബെഞ്ച് അധികാര പരിധി മറികടന്നാണ് നോട്ടീസ് സ്റ്റേ ചെയ്തതെന്ന് അപ്പീലിൽ ഇഡി ചൂണ്ടിക്കാട്ടി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മസാല ബോണ്ടിലൂടെ സമാഹരിച്ച പണം ഫെമ ചട്ടങ്ങൾ ലംഘിച്ചാണ് ചെലവിട്ടത് എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ റിമാൻഡിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ദ്വാരാപാലക ശിൽപ്പ കേസിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദ്വാരപാലക പാളികൾ കൈമാറുമ്പോൾ സാക്ഷിയായി ഒപ്പിട്ടത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറാണെന്നാണ് എസ്ഐടി കണ്ടെത്തൽ.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി പരിഗണിക്കും
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മുൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശം.
ശബരിമല തീർഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപ
ശബരിമല തീർഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ഇതിൽ 106 കോടി രൂപ അരവണ വിൽപ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്നമില്ലാതെ സുഗമദർശനം സാധ്യമായ തീർഥാടന കാലമാണിതെന്നും ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീർഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം കാണാൻ ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി
ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം കാണാൻ ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. അങ്ങോട്ടേക്ക് മറ്റാര്‍ക്കും പ്രവേശനമില്ലെന്ന് പറഞ്ഞ കോടതി, ഇനി ആവർത്തിക്കരുത് എന്നാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല പൊലീസ് ജോയിന്റ് കോർഡിനേറ്ററാണ് ഭണ്ഡാരം കാണാൻ കയറിയത്. ഐജിയുടെ സന്ദർശനത്തിനെതിരെ ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഇടപെടൽ.
ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ തന്റെ അനുജനാണെന്നുള്ള പ്രചാരണത്തിനെതിരെ വിഎസ് ശിവകുമാർ
ശബരിമല സ്വർണ കൊള്ളയിൽ അറസ്റ്റിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ തന്റെ അനുജനാണെന്നുള്ള സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാർ. ശബരിമല സ്വർണ കൊള്ളയിലെ നാണക്കേട് മറയ്ക്കാൻ അറസ്റ്റിലാകുന്ന ഓരോരുത്തരെയും തന്റെ സഹോദരനാക്കി വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ നെറികേടിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വി എസ് ശിവകുമാർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായ സഹായം ആർജെഡിക്ക് കിട്ടിയില്ലെന്ന് എം വി ശ്രേയാംസ്കുമാർ
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ നിന്ന് കാര്യമായസഹായം ആർജെഡിക്ക് കിട്ടിയില്ലെന്ന് എം വി ശ്രേയാംസ്കുമാർ. കോഴിക്കോട് കോർപ്പറേഷനിൽ അടക്കം ആർജെഡി സ്ഥാനാർഥികളെ കാലുവാരിയതായി പരാതികളുണ്ടെന്നും എംവി ശ്രേയാംസ്കുമാർ ആരോപിച്ചു. അതേസമയം എൽഡിഎഫിൽ തന്നെ ആർജെഡി തുടരുമെന്നും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്ക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ
നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്ക്കെതിരെ അപ്പീൽ നൽകാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കാൻ സർക്കാർ. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. വിചാരണ കോടതി വിധിയുടെ സർട്ടിഫൈഡ് കോപ്പി ലഭിച്ചശേഷമായിരിക്കും അപ്പീൽ ഫയൽ ചെയ്യുക. അതിനുള്ളിൽ അപ്പീൽ ചെയ്യാനുള്ള മറ്റു നടപടികൾ അതിനുള്ളിൽ പൂർത്തിയാക്കും. വിചാരണ കോടതിവിധിയ്ക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് നീക്കം.
സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നൽകിയ പരാതിയിൽ കേസെടുക്കും
സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണത്തിനെതിരെ നടിയെ ആക്രമിച്ച കേസിലെ അതിജീവിത നൽകിയ പരാതിയിൽ കേസെടുക്കും. അതിജീവിതയെ അപമാനിക്കും വിധമുള്ള പ്രതി മാർട്ടിന്റെ വീഡിയോ സന്ദേശത്തിൽ നൽകിയ പരാതിയിലാണ് കേസെടുക്കുക. തൃശൂർ റെയിഞ്ച് ഡിഐജി പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു.
വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്
വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ. പ്രശാന്ത് ഉൾപ്പെടെ പത്ത് ബിജെപി പ്രവർത്തകർക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 108000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബർ 15 നായിരുന്നു സിപിഎം കൗൺസിലർ പി രാജേഷിനെ ബിജെപി പ്രവർത്തകർ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്.
പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു
പോറ്റിയെ കേറ്റിയേ പാരഡി പാട്ടിൽ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പന്റെ പേരുപയോഗിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപകീർത്തിപ്പെടുത്തുന്ന വിധം പാരഡി ഗാനമുണ്ടാക്കിയെന്നാണ് എഫ്ഐആർ.
പോറ്റിയേ കേറ്റിയെ പാരഡി ഗാനത്തിനെതിരെ സിപിഎമ്മിനും പരാതി
പോറ്റിയേ കേറ്റിയെ പാരഡി ഗാനത്തിനെതിരെ സിപിഎമ്മിനും പരാതി. ഈ ഗാനം അതിഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. കോൺഗ്രസും ലീഗും ചേർന്ന് തെരഞ്ഞെടുപ്പിൽ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അയ്യപ്പ ഭക്തി ഗാനത്തെ അവഹേളിക്കുന്ന പാരഡി ഗാനത്തിനെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രസാദ് കുഴിക്കാലയേയും സിപിഎം പിന്തുണച്ചു.
പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ സിപിഎം എന്ന ചോദ്യവുമായി പിസി വിഷ്ണുനാഥ്
പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ സിപിഎം എന്ന ചോദ്യവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ. പരാതിയുമായി പോകുന്നത് പാരഡിയെക്കാളും വലിയ കോമഡിയാണെന്നും പിസി വിഷ്ണുനാഥ് പരിഹാസരൂപേണ പറഞ്ഞു. സിപിഎമ്മിന്റെ സ്ഥിതി ദയനീയമെന്നും പിസി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് പൊളിക്കുന്നു
പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് പൊളിക്കുന്നു. ശബരിമല സന്ദർശനത്തിനായി എത്തിയപ്പോൾ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ താഴ്ന്ന ഹെലിപ്പാടാണ് ഇത്. 20 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഹെലിപ്പാഡ് നിർമിച്ചതെന്ന വിവരാകാശ രേഖ ഈയിടെ പുറത്തുവന്നിരുന്നു. ഒക്ടോബർ 22നായിരുന്നു രാഷ്ട്രപതി സന്ദർശനം നടത്തിയത്.
സി പി ഐ ബന്ധം ഉപേക്ഷിച്ച് സി പി എമ്മിൽ ചേർന്ന തേനീച്ച കർഷകന്റെ കൃഷി നശിപ്പിച്ച് പ്രതികാരമെന്ന് പരാതി
സി പി ഐ ബന്ധം ഉപേക്ഷിച്ച് സി പി എമ്മിൽ ചേർന്ന തേനീച്ച കർഷകന്റെ കൃഷിനശിപ്പിച്ച് പ്രതികാരമെന്ന് പരാതി. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാറിന്റെ തേനീച്ച കൂടുകളാണ് നശിപ്പിച്ചത്. വിഷദ്രാവകം സ്പ്രേ ചെയ്ത് തേനീച്ചകളെ കൊല്ലുകയായിരുന്നു.
രാജ്യത്തെ കോടിക്കണക്കിന് ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതം
രാജ്യത്തെ കോടിക്കണക്കിന് വരുന്ന ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും കേന്ദ്ര ഡാറ്റാബേസിൽ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോർച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ. ബുധനാഴ്ച കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.
പുതുവർഷത്തിൽ സിഎൻജി, ഗാർഹിക പിഎൻജി വിലയിൽ കുറവ്
പുതുവർഷത്തിൽ രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമേകിക്കൊണ്ട് സിഎൻജി, ഗാർഹിക ആവശ്യത്തിനുള്ള പിഎൻജി എന്നിവയുടെ വിലയിൽ കുറവ് വരുത്തുമെന്ന് പ്രഖ്യാപനം. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ച താരിഫ് ഏകീകരണ നടപടികൾ 2026 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതോടെയാണിത്. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് രണ്ട് മുതൽ മൂന്ന് രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്ന് പിഎൻജിആർബി അംഗം എ കെ തിവാരി പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.
60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി
60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കുമെതിരെ മുംബൈ പോലീസ് വഞ്ചനാക്കുറ്റം കൂടി ചുമത്തി. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘ബെസ്റ്റ് ഡീൽ ടിവി’ എന്ന കമ്പനിയിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയതോടെ ഇരുവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് സൂചന.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾക്ക് പിന്നാലെ പ്രസ്താവന ന്യായീകരിച്ച് പൃഥ്വിരാജ് ചവാൻ
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളിലൂടെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് പൃഥിരാജ് ചവാൻ. താൻ എന്തിന് മാപ്പ് പറയണമെന്നും ഭരണഘടന തനിക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരെയുള്ള ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും സംഘർഷത്തിൽ നിരവധി ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടെന്നും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ചവാൻ പറഞ്ഞിരുന്നു.
ട്രെയിൻ യാത്രക്കാർക്ക് ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ മാറ്റം
ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10 മണിക്കൂർ മുൻപേ യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് കൺഫേം ആയോ എന്ന് അറിയാൻ സാധിക്കും.
എംജിഎൻആർഇജിഎ പദ്ധതിയുടെ പേരുമാറ്റം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമെന്ന് പി. ചിദംബരം
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ജവഹർലാൽ നെഹ്‌റുവിനെ കാലങ്ങളോളം വിമർശിച്ചശേഷം ഇപ്പോൾ അവർ മഹാത്മാഗാന്ധിയെ ലക്ഷ്യമിടുകയാണെന്നും എൻഡിടിവിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ശക്തമായ സമ്പദ്‌വ്യവസ്ഥകളുടെ നട്ടെല്ലാണ് ഉൽപ്പാദനമെന്ന് രാഹുൽ ഗാന്ധി
ശക്തമായ സമ്പദ്‌വ്യവസ്ഥകളുടെ നട്ടെല്ലാണ് ഉൽപ്പാദനമെന്നും ദുഃഖകരമെന്നു പറയട്ടെ, ഇന്ത്യയിൽ ഉൽപ്പാദനം കുറയുന്നുവെന്നും വളർച്ച ത്വരിതപ്പെടുത്തുന്നതിന്, നമ്മൾ കൂടുതൽ ഉൽപ്പാദനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജർമ്മനിയിലെ മ്യൂണിച്ചിലെ ബിഎംഡബ്ല്യുവിന്റെ പ്ലാന്റ് സന്ദർശിച്ച ശേഷം പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാമിലെ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അർത്ഥവത്തായ ഉൽപ്പാദന ആവാസവ്യവസ്ഥകൾ കെട്ടിപ്പടുക്കുകയും ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ വലിയ തോതിൽ സൃഷ്ടിക്കുകയും വേണമെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതേസമയം രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.
ബോണ്ടി ബീച്ചിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സിഡ്നിയിൽ തോക്ക് വാങ്ങിക്കൂട്ടുന്നു
ബോണ്ടി ബീച്ചിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് സിഡ്നിയിലും പരിസരങ്ങളിലും നാട്ടുകാർ തോക്ക് വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട് പലരും ഒരേ ലൈസൻസിൽ ഒന്നിലധികം തോക്കുകൾ വാങ്ങുന്നതായാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.
പലസ്തീനെ രാജ്യമായി ഓസ്ട്രേലിയ അംഗീകരിച്ചതിനെ ബോണ്ടി ബീച്ച് കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തുന്നത് ന്യായമല്ലെന്ന് മാൽക്കം ടേൺബുൾ
പലസ്തീനെ രാജ്യമായി ഓസ്ട്രേലിയ അംഗീകരിച്ചതിനെ ബോണ്ടി ബീച്ച് കൂട്ടക്കൊലയുമായി ബന്ധപ്പെടുത്തുന്നത് ന്യായമല്ലെന്ന് ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. ഓസ്ട്രേലിയൻ സർക്കാർ ജൂതവിരുദ്ധത ആളിക്കത്തിച്ചതായി നെതന്യാഹു അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് മാൽക്കം ടേൺബുൾ പ്രതികരണവുമായി രംഗത്ത് വന്നത്.
റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ
റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ. കരിങ്കടൽ തീരത്തെ റഷ്യൻ ശക്തികേന്ദ്രമായ നോവോറോസിസ്കിലെ അനേകം കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന നാവികത്താവളത്തിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. യുക്രെയ്ന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചു. എന്നാൽ, മുങ്ങിക്കപ്പൽ തകർന്നില്ലെന്നാണു വാദം.
ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം മൂടൽ മഞ്ഞ് കാരണം ഉപേക്ഷിച്ചു
ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം കനത്ത മൂടൽ മഞ്ഞ് കാരണം ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. അന്തിമ ഇലവനെ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരിക്കേറ്റ് പുറത്തായതിനാൽ മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു.
നവംബറിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു
നവംബറിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി കുത്തനെ ഇടിഞ്ഞു. ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോൾ 73 ശതമാനം കുറവ്. ഉത്സവ സീസണിൽ ഡിമാൻഡ് വർധിച്ചതോടെ 14.7 ബില്യൻ ഡോളറിന്റെ (ഏകദേശം 1.3 ലക്ഷം കോടി രൂപ) സ്വർണമാണ് ഒക്ടോബറിൽ ഇന്ത്യയിലെത്തിയത്. നവംബറിൽ ഇത് 4 ബില്യൻ ഡോളറായി (ഏകദേശം 36,000 കോടി രൂപ) കുറഞ്ഞു. 2025ൽ ഏപ്രിൽ, നവംബർ മാസങ്ങളിലാണ് മുൻവർഷത്തേക്കാളും ഇറക്കുമതി വർധിച്ചത്. ഒക്ടോബറിനെ അപേക്ഷിച്ച് വെള്ളി ഇറക്കുമതി 60 ശതമാനം ഇടിഞ്ഞ് 1.1 ബില്യൻ ഡോളറിലെത്തി. രാജ്യത്തിന്റെ ആകെ ഇറക്കുമതിയിൽ 62.7 ബില്യൻ ഡോളറിന്റെ കുറവാണ് സ്വർണവും വെള്ളിയും സൃഷ്ടിച്ചത്. ഒക്ടോബറിനേക്കാളും 18 ശതമാനവും മുൻവർഷത്തേക്കാളും രണ്ട് ശതമാനവും കുറവ്. അതേസമയം, നവംബറിലെ കണക്കുകളിൽ കുറവുണ്ടായെങ്കിലും ഇക്കൊല്ലത്തെ സ്വർണ ഇറക്കുമതി റെക്കോർഡാണ്. നടപ്പുസാമ്പത്തിക വർഷത്തിലെ (2025-26) ആദ്യ ഏഴ് മാസങ്ങളിൽ ഇന്ത്യയിലെത്തിയത് 47.6 ബില്യൻ ഡോളറിന്റെ (4.3 ലക്ഷം കോടി രൂപ) സ്വർണമാണ്. സമീപ വർഷങ്ങളിലെ ഏറ്റവും കൂടിയ ഇറക്കുമതിയാണ് ഇതെന്നും വിദഗ്ധർ പറയുന്നു.
നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘പെൺ കേസ്’ ജനുവരി 16ന്
നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പെൺ കേസ് ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്നു. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഇ ഫോർ എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ന്മെന്റ്സ് എന്നീ ബാനറുകളിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ എഴുതുന്നു.
സ്റ്റീവൻ സ്പിൽബർഗിന്റെ സയൻസ് ഫിക്ഷൻ ചിത്രം ‘ഡിസ്ക്ലോഷർ ഡേ’യുടെ ട്രെയിലർ പുറത്ത്
വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന്റെ സയൻസ് ഫിക്ഷൻ ചിത്രമായ ‘ഡിസ്ക്ലോഷർ ഡേ’യുടെ ട്രെയിലർ പുറത്ത്. സ്പിൽബർഗിന്റെ കഥയെ അടിസ്ഥാനമാക്കി ഡേവിഡ് കോപ്പെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ചിത്രം 2026 ജൂൺ പതിനാറിന് തിയറ്ററുകളിലെത്തും. നിഗൂഢതകളേറെയുള്ള ഒരു ലോകത്തിലേക്കാണ് സ്പിൽബെർഗ് യൂണിവേഴ്സ് ‘ഡിസ്ക്ലോഷർ ഡേ’യിലൂടെ പ്രേക്ഷകരെ ക്ഷണിക്കുന്നത്. ജനങ്ങൾക്ക് സത്യമറിയാനുള്ള അവകാശമുണ്ടെന്ന് ട്രെയിലറിൽ പറയുന്നു. എമിലി ബ്ലന്റ്, ജോഷ് ഒ കോണർ, കോളിൻ ഫിർത്ത്, കോൾമാൻ ഡൊമിങ്ഗോ, ഈവ് ഹ്യൂസൺ എന്നിങ്ങനെ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. വെറും സയൻസ് ഫിക്ഷൻ എന്നതിലുപരിയായി വൈകാരികമായ പല തലങ്ങളിലേക്കും ചിത്രം പ്രേക്ഷകരെ കൊണ്ടുപോകുമെന്ന സൂചനയും ട്രെയിലർ നൽകുന്നു. ‘വാർ ഓഫ് ദ വേൾഡിലും’ ,’എക്സ്ട്രാ ടെറസ്ട്രിയലിലും’ ‘ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദ തേർഡ് കൈൻഡി’ലുമെല്ലാമുള്ള അന്യഗ്രഹ ജീവിതങ്ങളിലേക്ക് സ്പിൽബെർഗ് തിരിച്ചെത്തിയെന്നതും ട്രെയിലറിൽ വ്യക്തമാണ്.
ടാറ്റ സിയറയ്ക്ക് 24 മണിക്കൂറിനുള്ളിൽ 70,000ത്തിലധികം ബുക്കിംഗുകൾ
ഇന്ത്യൻ വാഹന വിപണിയിൽ ഐതിഹാസികമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടാറ്റ സിയറ. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് വെറും 24 മണിക്കൂറിനുള്ളിൽ 70,000-ത്തിലധികം ഓർഡറുകൾ നേടി ഈ എസ്യുവി പുതിയ ചരിത്രം കുറിച്ചു. ഓരോ മണിക്കൂറിലും ശരാശരി 3,000 ബുക്കിംഗുകൾ എന്ന നിലയിലുള്ള അഭൂതപൂർവമായ പ്രതികരണമാണ് വാഹനപ്രേമികളിൽ നിന്നും സിയറയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്കിംഗ് തുകയായ 21,000 രൂപ നൽകി 70,000 പേർ വാഹനം ഉറപ്പിച്ചു കഴിഞ്ഞു. ഇതിനു പുറമെ ഏകദേശം 1.35 ലക്ഷം ഉപഭോക്താക്കൾ തങ്ങളുടെ ആവശ്യമായ വേരിയന്റുകളും സവിശേഷതകളും തിരഞ്ഞെടുത്ത് ബുക്കിംഗ് നടപടികളുമായി മുന്നോട്ട് പോകുന്നു. 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് സിയറയുടെ എക്സ്-ഷോറൂം വില. സ്മാർട്ട് പ്ലസ്, പ്യൂർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ് തുടങ്ങിയ ഏഴ് വ്യത്യസ്ത വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. 1.5 ലിറ്റർ ടർബോ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകൾ ഇതിനുണ്ട്. ടർബോ പെട്രോൾ എൻജിനിൽ സിയറ ലിറ്ററിന് 29.9 കിലോമീറ്റർ മൈലേജ് കൈവരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട്.
മജീദ് സയീദിന്റെ ‘വള്ളിമുല്ല’ പുസ്തകം
ആഖ്യാന ചാരുതകൊണ്ടും പ്രമേയത്തിന്റെ ആഴംകൊണ്ടും ഒരേസമയം വിസ്മയിപ്പിക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്ന അപൂർവ്വ കഥകളുടെ സമാഹാരം. ഇസ്തിരിയിട്ട് വെടിപ്പാക്കിയ ജീവിതം പേറുന്നവരല്ല ഇതിലെ കഥാപാത്രങ്ങൾ. വായിച്ചുകഴിഞ്ഞാലും ഉള്ളിൽ നിന്നിറങ്ങിപ്പോകാതെ വായനക്കാരനെ അസ്വസ്ഥതപ്പെടുത്തുന്നവരാണ് അവർ. നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നായാലും അപരിചിതമായ ദൂരദേശങ്ങളിൽ നിന്നായാലും മജീദ് കണ്ടെടുക്കുന്ന കഥാപാത്രങ്ങളും അവരുടെ ജീവിതവും പലപ്പോഴും നമ്മുടെ കണ്ണിൽപ്പെടാത്തതോ നാം കണ്ടില്ലെന്ന് നടിക്കുന്നതോ ആണ്. അങ്ങനെയങ്ങ് പോയാലോ എന്ന് എഴുത്തുകാരൻ നമ്മുടെ മുന്നിലേക്ക് അവരെ വലിച്ചുനിര്‍ത്തുകയാണ്. വിശപ്പും പ്രണയവും പകയും കാമവുമൊക്കെ ഈ കഥകളിൽ ഇഴചേർന്നുനിൽക്കുന്നു. ‘വള്ളിമുല്ല’. മജീദ് സയീദ്. ഡിസി ബുക്സ്. വില 209 രൂപ.
മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഇലവർഗമാണ് മുരിങ്ങയില. മുരിങ്ങയില പൊടിച്ചോ വെള്ളമായിട്ടോ എല്ലാം കഴിക്കാവുന്നതാണ്. മുരിങ്ങയിലയിൽ വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, അവശ്യ അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി, അസ്ഥികളുടെ ശക്തി, ദൈനംദിന ഊർജ്ജ നില എന്നിവയ്ക്ക് സഹായിക്കുന്നു. ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ക്ലോറോജെനിക് ആസിഡ് പോലുള്ള സംയുക്തങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവൻ ഊർജ്ജ നില സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്ന ബി-വിറ്റാമിനുകൾ, മഗ്നീഷ്യം, പോളിഫെനോളുകൾ എന്നിവ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച തലച്ചോറിന്റെ പ്രവർത്തനം, മാനസികാവസ്ഥ മെച്ചപ്പെടുത്തുക, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയ്ക്ക് സഹായിക്കുന്നു. ക്വെർസെറ്റിൻ, കെംഫെറോൾ തുടങ്ങിയ പോഷകങ്ങൾ വീക്കം കുറയ്ക്കാനും സ്വാഭാവിക വിഷവിസർജ്ജന പ്രക്രിയകളെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഇത് ചർമ്മത്തിനും ദഹനത്തിനും ഉപാപചയ ആരോഗ്യത്തിനും ഗുണം ചെയ്യും. മുരിങ്ങ ഗ്ലൈക്കേഷനെ ചെറുക്കുകയും കൊളാജനെ സംരക്ഷിക്കാന്‍ സഹായിക്കുകയും ഉള്ളിൽ നിന്ന് സ്വാഭാവിക തിളക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുരിങ്ങ ഇലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഹൃദയത്തെ സംരക്ഷിക്കാൻ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.