Home Blog Page 30

പെൻഷനും ഗർഭക്കേസും ഉണ്ടായിട്ടും….,തിരിച്ചടി വിലയിരുത്താൻ സിപിഎം സിപിഐ നേതൃയോഗങ്ങൾ ഇന്ന്

തിരുവനന്തപുരം. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി വിലയിരുത്താൻ സിപിഎം സിപിഐ നേതൃയോഗങ്ങൾ ഇന്ന്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളും സിപിഐ  സെക്രട്ടറിയേറ്റ് എക്സിക്യൂട്ടീവ് യോഗങ്ങളുമാണ്  ചേരുന്നത്. വികസനവും ക്ഷേമ പദ്ധതികളും പത്ത് വർഷത്തെ ഭരണ നേട്ടവും ഒന്നും വോട്ടർമാരിൽ വിലപ്പോയിട്ടില്ലെന്നതാണ് പ്രാഥമിക വിലയിരുത്തൽ.
ശബരിമല സ്വര്‍ണക്കൊള്ളയും ആഗോള അയ്യപ്പസംഗമും  ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി.  താഴേത്തട്ടിൽ സംഘടനാ സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന വിലയിരുത്തലും ഉണ്ട്.  . ഇന്ന് ചേരുന്ന നേതൃയോഗത്തില്‍  ജില്ലകളില്‍ നിന്നുള്ള
വോട്ടു കണക്കുകള്‍ കൂടി ചേര്‍ത്തുവെച്ചുള്ള പരിശോധനയുണ്ടാവും . സർക്കാരിന് ജനപിന്തുണ കുറയുന്നു  വിലയിരുത്തലാണ് പൊതുവെ സിപിഐ നേതാക്കള്‍ക്കിടയിലുമുള്ളത്. എന്തൊക്കെ തിരുത്തല്‍
വേണമെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ അണികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കത്തെഴുതിയും ഇമെയിൽ ഐഡി വഴിയും പൊതുജനങ്ങളുടെ അഭിപ്രായവും പാർട്ടി സമാഗരിക്കുന്നുണ്ട്. നാളെ ഇടതുമുന്നണി യോഗവും ചേരും

ചലച്ചിത്ര മേളയിലെ മുപ്പത് വർഷത്തെ
സിനിമ പാരമ്പര്യം തൊട്ടറിയാം

തിരുവനന്തപുരം.കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രദർശനനഗരിയിലെത്തിയാൽ ചലച്ചിത്ര മേളയിലെ മുപ്പത് വർഷത്തെ
സിനിമ പാരമ്പര്യം തൊട്ടറിയാം.എക്സ്പീരിയൻസിയ എന്ന പേരിൽ  ചലച്ചിത്ര അക്കാദമിയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
1994-ൽ കോഴിക്കോട് ആദ്യമായി തിരികൊളുത്തിയ സിനിമാ പ്രണയത്തിൻ്റെ വെളിച്ചം ഇന്നും അതേ ശോഭയിൽ ഈ പവലിയനിൽ പ്രതിഫലിക്കുന്നുണ്ട്.


ആദ്യ ചലച്ചിത്രോത്സവത്തിന്റെ പ്രദർശന ചിത്രങ്ങൾ,ലോകം വാഴ്ത്തിയ സംവിധായകരുടെ  കാലഘട്ടങ്ങൾ,കഴിഞ്ഞ 29 വർഷങ്ങളിലെ ഐ.എഫ്.എഫ്.കെ. കിറ്റുകൾ ഡെലിഗേറ്റ് ഐഡി എന്നിവയും സിനിമ മാത്രം നിറഞ്ഞുനിന്ന ഒട്ടേറെ ഫ്രെയിമുകളും ആരാധകർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട്.


ബാറ്റിൽഷിപ്പ് പൊട്ടംകിൻ കാഞ്ചനസീത ഉൾപ്പെടെയുള്ള ക്ലാസിക്കുകളുടെ പോസ്റ്ററുകൾ സിനിമയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നു.


ഗോദാർദ് മുതൽ എംടി, പി എൻ മേനോൻ, ശാരദ ഉൾപ്പെടെയുള്ളവരുടെ ഒറ്റ ഫ്രെയിം പ്രദർശനത്തിലെ മുഖ്യ ആകർഷണമാണ്.
എക്സ്പീരിയൻസിയ എന്ന പേരിൽ മേളയുടെ ചരിത്ര പ്രദർശനം ഒരുക്കിയിരിക്കുന്നത് ചലച്ചിത്ര അക്കാദമിയാണ്…..

മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം

ന്യൂഡെൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദർശനത്തിന് ഇന്ന് തുടക്കം. ജോർദാൻ എത്യോപ്യ ഒമാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.
ജോർദാനിൽ ആണ് പ്രധാനമന്ത്രിയുടെ ആദ്യം സന്ദർശനം. ജോർദാൻ രാജാവ് അബ്ദുള്ള ബിൽ അൽ ഹുസൈനുമായി
പ്രധാനമന്ത്രി കൂടി കാഴ്ച നടത്തും. ശേഷം
എത്യോപ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള
ചർച്ചകളിൽ പങ്കെടുക്കും.
എത്യോപ്യൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. 
17, 18 തീയതികളിലാണ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം. പ്രധാനമന്ത്രിക്കൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഒമാനിൽ എത്തും. പ്രതിരോധം വ്യാപാരം കൃഷി  ഊർജ്ജം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവയ്ക്കും

യൂറോപ്യൻസും കക്കാൻ തുടങ്ങി- ഒമാനിൽ വൻ ആഭരണ കൊള്ള; യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ

മസ്ക്കത്ത്. യൂറോപ്യൻസ് നടത്തിയ അന്തർദ്ദേശീയ കൊള്ള പൊളിഞ്ഞു.  ഒമാനിൽ 10 ലക്ഷം റിയാലിന്റെ ആഭരണങ്ങൾ കൊള്ളയടിച്ച  യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ:

ഏകദേശം പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ യൂറോപ്യൻ പൗരത്വമുള്ള രണ്ട് വിനോദസഞ്ചാരികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് പ്രതികൾ ഒമാനിലേക്കെത്തിയത്. മസ്കത്തിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വ ല്ലറി ഷോപ്പുകൾക്ക് സമീപത്തെ ഒരു ഹോട്ടലിൽ താമസിക്കുക യും ഇവിടെ നിന്നും സ്ഥലം പരിശോധിച്ച് കവർച്ച ആസൂ ത്രണം ചെയ്യുകയുമായിരുന്നു വെന്നും മസ്കത്ത് ഗവർണറേറ്റ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻ വെസ്റ്റിഗേഷനുമായി ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പുലർച്ചെ നാല് മണിയോടെ, മെക്കാനിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ടുപേരും ഒരു ജ്വല്ലറിയുടെ പിൻഭാഗത്തെ മതിൽ തകർത്ത് അകത്തു കടന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്.വലിയ അളവിൽ ആഭരണങ്ങൾ മോഷ്ടിച്ചതായും ഒരു സേഫ് ലോക്കർ ബലമായി തുറക്കുകയും അകത്ത് നിന്ന് പണം എടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൃത്യമായ അന്വേഷണത്തിനും ട്രാക്കിംഗിനുമൊടുവിൽ, അധികാരികൾ പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കുകയും സിഫ പ്രദേശത്തെ ഒരു കടൽത്തീരത്ത് ഒളിപ്പിച്ചിരുന്ന മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുക്കുകയും ചെയ്തു. വിനോദയാത്രയുടെ മറവിൽ പ്രതികൾ വാടകയ്ക്കെടുത്ത ബോട്ടിൽ കടത്തിയാണ് ഇവ സിഫ് ബീച്ചിൽ എത്തിച്ചത്.
പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

മെട്രോ പില്ലറിൽ ബൈക്കിടിച്ച് 20 കാരന് ദാരുണാന്ത്യം

ആലുവ. മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് 20 കാരന് ദാരുണാന്ത്യം

പത്തനംതിട്ട സ്വദേശി ബിലാലാണ് മരിച്ചത്

ബൈക്കിന് പിന്നിലിരുന്ന
കൊല്ലം സ്വദേശി   ശ്രീറാമിന് ഗുരുതര പരിക്ക്

🔵 ദിന വിശേഷം 🔵 🥎🥎 2025 ഡിസംബർ 15 🥎🥎 (1201 വൃശ്ചികം 29) തിങ്കൾ

പ്രധാന വിശേഷങ്ങൾ
  • തേയില ദിനം: ഇന്ത്യ ഉൾപ്പെടെയുള്ള തേയില ഉത്പാദക രാജ്യങ്ങളിൽ (ലോക തേയില ദിനം: മേയ് 21).
  • ഏകാദശി / തൃപ്രയാർ ഏകാദശി.
  • കരുനാഗപ്പള്ളി, ഓച്ചിറ ഭാഗങ്ങളിൽ കുടിവെള്ള വിതരണത്തിന് മുടക്കം.
  • സംസ്ഥാനത്തെ സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷകൾക്ക് തുടക്കം.
  • ഓച്ചിറ ക്ഷേത്ര ഭരണസമിതി രണ്ടാംഘട്ട തിരഞ്ഞെടുപ്പ്.
  • ഡിസംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിന് തുടക്കം.
  • ശിവഗിരി തീർത്ഥാടനത്തിന്റെ ആഘോഷ പരിപാടികൾക്ക് തുടക്കം.
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായി രാജ്കുമാർ ഗോയൽ ഡൽഹിയിൽ സത്യപ്രതിജ്ഞ ചെയ്യുന്നു.
  • കേന്ദ്ര വിവരാവകാശ കമ്മീഷണർ ആകുന്ന ആദ്യ മലയാളി പി.ആർ.രമേശ് ഡൽഹിയിൽ ചുമതലയേൽക്കുന്നു.
  • അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസിയുടെ ഡൽഹി സന്ദർശനം.
ചരിത്രത്തിൽ ഇന്ന്
  • ചൈനയുടെ ചാന്ദ്ര റോവർ ചന്ദ്രനിൽ ഇറങ്ങി (2013).
  • ഇറ്റലിയിലെ പിസ ഗോപുരം 11 വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു (2001).
  • ‘ഹോർത്തൂസ് മലബാറിക്കസ്’ പ്രസിദ്ധീകരിച്ച ഹെൻഡ്രിക് വാൻ റീഡിന്റെ ചരമദിനം (1691).
  • സർദാർ വല്ലഭഭായ് പട്ടേലിന്റെ ചരമദിനം (1950).
ജന്മദിനങ്ങൾ
  • ഗീത ഫൊഗാട്ട് (1988) – ഒളിമ്പിക്സ് ഗുസ്തിക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിത.
  • ബൈചുങ് ബൂട്ടിയ (1976) – ഇന്ത്യൻ ഫുട്ബോളർ.
  • ജീവ് മിൽഖാ സിംഗ് (1971) – ഇന്ത്യൻ ഗോൾഫ് താരം.
  • ഹെൻറി ബെക്വറൽ (1852) – റേഡിയോ ആക്ടീവതയുടെ ഉപജ്ഞാതാവ്.
അനുസ്മരണങ്ങൾ
  • സാക്കിർ ഹുസൈൻ (2024) – പ്രശസ്ത തബല വിദ്വാൻ.
  • കെ.പി. അപ്പൻ (2008) – സാഹിത്യ നിരൂപകൻ.
  • വാൾട്ട് ഡിസ്നി (1966) – മിക്കി മൗസിന്റെ സ്രഷ്ടാവ്.
  • ഒളിമ്പ്യൻ റഹ്മാൻ (2002) – ഇന്ത്യൻ ഫുട്ബോളർ.
  • ടി.കെ. ബാലചന്ദ്രൻ (2005) – തെന്നിന്ത്യൻ നടൻ.
കായികം
  • സൂപ്പർ ലീഗ് കേരള ഫുട്ബോൾ രണ്ടാം സെമി: തൃശൂർ – മലപ്പുറം (രാത്രി 7.30).

പത്രം | മലയാള ദിനപത്രങ്ങളിലൂടെ 2025 ഡിസംബർ 15 | തിങ്കൾ | 1201 വൃശ്ചികം 29 | ചിത്തിര

പ്രധാന വാർത്തകൾ

വാർത്തകൾ കേൾക്കാം👇

https://youtube.com/shorts/SDf39PIvaQg?si=M5ZDyqt-q5A-feK-

  • നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപന്മാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവെച്ചു. പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റം, മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നൽകിയില്ല, തുറന്ന കോടതിയിൽ കേസ് നടത്തണമെന്ന ആവശ്യം നിരാകരിച്ചു തുടങ്ങിയ നീതിനിഷേധങ്ങൾ കോടതിയിൽ നിന്ന് നേരിട്ടതായും അതിജീവിത വ്യക്തമാക്കി.
  • നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു.
  • മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുവെന്നും സ്റ്റാറുകളെ വളർത്തിയത് മാധ്യമങ്ങളാണെന്നും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെൺകുട്ടി അനുഭവിക്കുകയാണ്. ഇത്രയും പോരാട്ടം നടത്തിയിട്ടും ട്രയൽ കൂട്ടിൽ നിന്നും അയാൾ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകൻ എന്ന നിലയിൽ ആളുകൾ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കിൽ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
  • നടിയെ ആക്രമിച്ച കേസിലെ വിധി ന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ക്വട്ടേഷൻ നൽകിയത് സ്ത്രീ ആണെന്ന ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴിയിൽ പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിധി ന്യായത്തിൽ കോടതി വിമർശിക്കുന്നു. ആരാണ് സുനിയുടെ മൊഴിയിൽ പറഞ്ഞ മാഡമെന്നാണ് കോടതി ചോദിക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് വിധിന്യായത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
  • നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന ഊമക്കത്ത് പ്രചരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്. ഇതേ കത്ത് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഇത്തരത്തിലൊരു കത്ത് പുറത്തുവന്ന കാര്യം ഡിജിപിയെ അറിയിച്ചുവെന്നാണ് ബൈജു പൗലോസ് വ്യക്തമാക്കിയിരിക്കുന്നത്. ശിക്ഷാവിധി പറയുന്നതിന് മുമ്പാണ് ഇങ്ങനെയൊരു ഊമക്കത്ത് ഹൈക്കോടതി ബാർ അസോസിയേഷന് കിട്ടുന്നത്.
  • വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിസിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ്. യുജിസി ചട്ടവും കണ്ണൂർ വിസി കേസിലെ കോടതി വിധിയും ഇക്കാര്യം വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ കോടതി ഇത് പരിഗണിക്കുന്നില്ല. ഇത് ശരിയല്ലെന്ന് ഗവർണർ പറഞ്ഞു. വിസി നിയമനം സേർച്ച് കമ്മിറ്റിക്ക് വിട്ട തീരുമാനത്തിലാണ് ഗവർണർ സുപ്രീംകോടതിക്കെതിരെ സംസാരിച്ചത്. ഭരണഘടന ഭേദഗതി ചെയ്യാൻ കോടതികൾക്ക് അധികാരമില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
  • ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ യുഡിഎഫ് എംപിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. രാവിലെ 10.30ന് പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തും. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസ്സങ്ങളുണ്ടെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു.
  • ശബരിമല സ്വർണക്കൊള്ളയിൽ അന്തർദേശീയ പുരാവസ്തു കള്ളക്കടത്ത് സംഘത്തിനുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിൽ പറഞ്ഞിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങൾ താൻ എസ്ഐടിയുടെ മുൻപിൽ പറഞ്ഞിട്ടുണ്ടെന്നും ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ തനിക്ക് ലഭിച്ച വിവരങ്ങളാണ് കൈമാറിയത്, തെളിവുകളല്ലെന്നും ചെന്നിത്തല പറഞ്ഞു.
  • തിരുവനന്തപുരം കോർപ്പറേഷനിലെ വലിയ വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. 1987ൽ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
  • ബിജെപി കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോൺഗ്രസ് സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസിന്റെ നിലപാടാണിതെന്നും കെസി വേണുഗോപാൽ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലും പാലക്കാട് നഗരസഭയിലുമടക്കം ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സഖ്യം ഉണ്ടാകുമോയെന്ന ചോദ്യത്തോടായിരുന്നു കെസി വേണുഗോപാലിന്റെ മറുപടി.
  • നേമം മോഡൽ പ്രഖ്യാപനത്തിന് ബിജെപി. തലസ്ഥാനത്ത് നിയമസഭാ സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ബിജെപി. നേമത്ത് താൻ സ്ഥാനാർഥി ആകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വട്ടിയൂർക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സീറ്റുകളിൽ നേരത്തെ സ്ഥാനാർഥി പ്രഖ്യാപനം വരും. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ ഉടൻ ആരംഭിക്കും. ശ്രീലേഖയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനും നീക്കമുണ്ട്.
  • തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണക്കൊള്ളയടക്കം തിരിച്ചടിയായെന്നും ഭരണവിരുദ്ധ വികാരമുണ്ടായെന്നും സിപിഎം വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും സർക്കാർ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിൽ സംഘടനാ തലത്തിൽ വീഴ്ചയുണ്ടായെന്നും വിലയിരുത്തുന്നു. പരാജയം ഇഴകീറി പരിശോധിക്കാനാണ് പാർട്ടി തീരുമാനം. സ്വർണകൊള്ളയുമായി ബന്ധപ്പെട്ട സർക്കാരിന്റെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും ആരോപണവിധേയരായ നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തത് എതിർവികാരം ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തി.
  • എം എം മണിയുടെ പരാമർശത്തെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ലെന്നും അത് പാർട്ടിയുടെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്നും ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായി പാർട്ടിയും മുന്നണിയും തിരിച്ചുവരുമെന്നും ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഏതെങ്കിലും തരത്തിൽ അടിയൊഴുക്കകൾ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
  • അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും, പറഞ്ഞത് തെറ്റാണെന്ന് പാർട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. അത്തരം പരാമർശം വേണ്ടിയിരുന്നില്ലെന്നും ഇന്നലെ പ്രത്യേക സാഹചര്യത്തിൽ പറഞ്ഞു പോയതാണെന്നും മണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമർശം വൻവിവാദമായിരുന്നു.
  • കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ ക്ഷണിച്ച് കോൺഗ്രസ്. യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോൺഗ്രസിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. അതേ സമയം അൻവർ-യുഡിഎഫ് ബന്ധം ഉറപ്പിച്ചുവെന്നും അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകുമെന്നും അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
  • മലപ്പുറത്തെ വലിയ വിജയങ്ങൾക്കിടയിലും പൊൻമുണ്ടം പഞ്ചായത്തിലുണ്ടായ തോൽവി മുസ്ലീം ലീഗിന് കനത്ത തിരിച്ചടി. സിപിഎമ്മുമായി ചേർന്ന് കോൺഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് മുസ്ലീം ലീഗ്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നും അതങ്ങനെ വിടാൻ മുസ്ലീം ലീഗ് ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. മലപ്പുറത്ത് കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ നേർക്കുനേർ മത്സരിച്ചത് ഇത്തവണ പൊൻമുണ്ടം പഞ്ചായത്തിൽ മാത്രമായിരുന്നു.
  • തദ്ദേശ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തിരിച്ചടിയിൽ വിമർശനവുമായി സിപിഐ നേതാവ് കെ.കെ ശിവരാമൻ. ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കാൻ ഇടതുപക്ഷത്തിന് കഴിയണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം. ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പല നേതാക്കളുടെയും ധാരണ. പ്രവർത്തിയും വാക്കും തമ്മിൽ പൊരുത്തം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
  • തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫിന്റെ കനത്ത തോൽവിയിലെ വിമർശനങ്ങൾക്ക് പിന്നാലെ വാട്സ്ആപ്പ് സ്റ്റാറ്റസുമായി മേയർ ആര്യ രാജേന്ദ്രൻ. ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നായിരുന്നു ജനങ്ങളോടൊപ്പമുള്ള ചിത്രങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി ആര്യയുടെ വാചകം. തോൽവിക്ക് കാരണം മേയർ ജനകീയത ഇല്ലാതാക്കിയതെന്ന് സിപിഎം കൗൺസിലറായിരുന്ന ഗായത്രി ബാബു വിമർശിച്ചിരുന്നു.
  • തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഎമ്മിന്റെ പരാജയം ആര്യ രാജേന്ദ്രന്റെ ധാർഷ്ട്യത്തിനുള്ള മറുപടിയെന്ന് ആര്യക്കെതിരെ നിയമ പോരാട്ടം നടത്തുന്ന മുൻ കെഎസ്ആർടിസി ഡ്രൈവർ യദു. തന്നെപ്പോലെയുള്ളവരോടുള്ള പെരുമാറ്റങ്ങൾ ജനങ്ങൾ വിലയിരുത്തിയെന്ന് യദു പറഞ്ഞു. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
  • പാലക്കാട് തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ നഗരസഭയിൽ ബിജെപിയെ തടയാൻ സഖ്യ സാധ്യത അന്വേഷിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. ബിജെപിയെ മാറ്റിനിർത്തുകയാണ് പ്രധാന ലക്ഷ്യമെന്നും എല്ലാവരുമായി കൈകോർക്കാൻ കഴിയുമോ എന്ന് അറിയില്ലെന്നും ഡിസിസി പ്രസിഡന്റ് തങ്കപ്പൻ പറഞ്ഞു. ബിജെപി ഭരണം ഒഴിവാക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും എന്നാൽ ജമാഅത്തെ ഇസ്ലാമിയുമായി സഹകരിക്കുന്ന കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് എളുപ്പമല്ലെന്നും സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് പറഞ്ഞു.
  • കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ പടയൊരുക്കവുമായി കോൺഗ്രസിലെ യുവ നേതാക്കൾ. ദേശീയ നേതാവ് പാരവെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു. ഇതിനുപിന്നാലെ കൊടിക്കുന്നിലിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജും രംഗത്തെത്തി. കൊട്ടാരക്കര നഗരസഭയിലേക്ക് കൊടിക്കുന്നിലിന്റെ വിജയം എന്ന് പരിഹസിച്ചുകൊണ്ടാണ് അജു ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം, തനിക്കെതിരെ പോസ്റ്റിട്ട അൻവർ സുൽഫിക്കറിനെതിരെ നടപടിയെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
  • തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൽ വലിയ സന്തോഷത്തിലാണെന്നും സർക്കാരിന്റെ പരാജയം ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നും പിസി വിഷ്ണുനാഥ്. മാധ്യമങ്ങൾക്ക് മുന്നിൽ സ്വർണ്ണചെമ്പ് പാട്ട് പാടിയാണ് പി സി വിഷ്ണുനാഥ് പ്രതികരിച്ചത്. എം എം മണിയുടെ പ്രസ്താവന മനോഭാവം വ്യക്തമാക്കുന്നതാണെന്നും എം എം മണി സത്യസന്ധൻ ആയത് കൊണ്ട് സത്യം തുറന്നു പറഞ്ഞുവെന്നും മറ്റുള്ളവർ മനസിൽ സൂക്ഷിച്ചുവെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
  • പാലാ നഗരസഭയുടെ ഭരണം നേടാൻ സ്വതന്ത്രരുടെ പിന്തുണ തേടി മുന്നണികൾ. നഗരസഭയിൽ നിർണായകമാകുക പുളിക്കകണ്ടം കൗൺസിലേഴ്സിന്റെ തീരുമാനമാണ്. ഒരു കുടുംബത്തിൽ നിന്നുള്ള മൂന്ന് കൗൺസിലേഴ്സ് ആരെ പിന്തുണക്കും എന്നതിൽ ആകാംക്ഷ തുടരുകയാണ്. ആർക്ക് പിന്തുണ കൊടുക്കണം എന്നതിൽ തീരുമാനം എടുത്തിട്ടില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ഞങ്ങൾ മുന്നോട്ടുവെക്കുന്ന നിലപാടുകൾ അംഗീകരിക്കുന്നവർക്കൊപ്പം മാത്രം യോജിക്കുമെന്നും ബിനു പുളിക്കകണ്ടം പറഞ്ഞു.
  • കൊച്ചിയിലെ മേയറെ പാർട്ടി തീരുമാനിക്കുമെന്നും താൻ ഒരു ക്ലെയിമും ഉന്നയിക്കില്ലെന്നും ദീപ്തി മേരി വർഗീസ്. പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്ന ആൾ തന്നെയാവണമല്ലോ മേയർ എന്നും ദീപ്തി മേരി ചൂണ്ടിക്കാട്ടി. ഒരു ഘടകം മാത്രമല്ല എല്ലാ ഘടകങ്ങളും പരിഗണിക്കും. സാമുദായിക സമവാക്യങ്ങൾ അടക്കം എല്ലാം പാർട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി.
  • തെരഞ്ഞെടുപ്പ് ഫലം പിണറായിസത്തിന് ഏറ്റ തിരിച്ചടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് മുന്നിൽ നിന്ന് നയിച്ചിട്ട് കോഴിക്കോട് പോലും പരാജയം ഉണ്ടായി. സർക്കാരിന് തുടരാൻ ഉള്ള അവകാശം നഷ്ടപ്പെട്ടു. പിണറായിയിൽ നിന്ന് മതേതര നിലപാടാണ് ജനം പ്രതീക്ഷിച്ചത്. അതല്ല ഉണ്ടായത്. മതേതര നിലപാടുകളുള്ളവരെ വെല്ലുവിളിക്കുകയാണ് പിണറായി ചെയ്തതെന്നും പിവി അൻവർ പറഞ്ഞു.
  • പെരിങ്ങോട്ടക്കുറിശ്ശിയിലെ തോൽവിയിൽ സിപിഎമ്മിനെ പഴിച്ച് എ വി ഗോപിനാഥ്. സിപിഎമ്മിലെ തർക്കങ്ങൾ കാരണം ചിലയിടങ്ങളിൽ വോട്ട് ചോർന്നു. താൻ മത്സരിച്ച വാർഡുകളിൽ ഉൾപ്പെടെ അത് പ്രതിഫലിച്ചു. തോൽവി അപ്രതീക്ഷിതമാണെന്നും എൽഡിഎഫിനൊപ്പം തുടരുമെന്നും പെരിങ്ങോട്ടുകുരിശ്ശിയിൽ എൽഡിഎഫ് ഭരണത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
  • തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടുമെന്ന് കെ.ടി. ജലീൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജലീൽ തന്റെ ശുഭാപ്തിവിശ്വാസം പങ്കിട്ടത്. 2010-ലെ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിന്റെ സ്ഥിതി സമാനമായിരുന്നെന്നും എന്നാൽ, 2011-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും ജലീൽ പറഞ്ഞു.
  • തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് നടത്തിയ വിലയിരുത്തലിനെ വിമർശിച്ച് എഐസിസി അംഗം വി ടി ബൽറാം. ന്യൂനപക്ഷങ്ങളിലെ ഒരു കൂട്ടർക്ക് വേണ്ടി പലസ്തീൻ, വേറെ ചിലർക്ക് വേണ്ടി വെള്ളാപ്പള്ളി സ്തുതി, വേറെ ചിലർക്ക് വേണ്ടി മുനമ്പം, ഇങ്ങനെ തരാതരം നിലപാടെടുത്താൽ ഓരോരോ വിഭാഗങ്ങളുടെയും വോട്ടുകൾ പെട്ടിയിൽ വീഴുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നതെന്ന് ബൽറാം വിമർശിക്കുന്നു.
  • തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തിരിച്ചടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പങ്ക് വലുതാണെന്ന് പ്രാദേശിക സിപിഎം നേതാവ്. മലപ്പുറം ചുങ്കത്തറ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എം ആർ ജയചന്ദ്രനാണ് വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ജയചന്ദ്രൻ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
  • തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂരിൽ ആക്രമണം തുടരുന്നു. പയ്യന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ വീടിന് നേരെ സ്ഫോടക വസ്തുവെറിഞ്ഞു കൊണ്ടായിരുന്നു ആക്രമണം. കാനായി സ്വദേശി പികെ സുരേഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പികെ സുരേഷ് നഗരസഭയിലെ ഒമ്പതാം വാർഡിൽ മത്സരിച്ചിരുന്നു. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് യുഡിഎഫ് ആരോപിക്കുന്നു.
  • കണ്ണൂർ പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്. അക്രമത്തിന് നേതൃത്വം നൽകിയത് ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് വാഹനം തകർത്തത് അടക്കമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. യുഡിഎഫ് സ്ഥാനാർഥികൾക്കും അക്രമങ്ങളിൽ പരിക്കേറ്റു.
  • രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. ഹാജരാകണം എന്നറിയിച്ച് ഒരറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർജാമ്യ വ്യവസ്ഥയിൽ 15 ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നാണ് രാഹുലിന്റെ പ്രതികരണം. രാഹുലിന്റെ ചോദ്യം ചെയ്യലിൽ ഇന്നത്തെ ഹൈക്കോടതിയുടെ അപ്പീൽ തീരുമാനമനുസരിച്ചാകും അന്വേഷണ സംഘത്തിന്റെ തീരുമാനം.
  • നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 3 ജീവനക്കാർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായത്. പരിക്കേറ്റ ജീവനക്കാരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
  • വിജയലഹരിയിൽ മതിമറന്നെത്തിയ എസ് ഡി പി ഐ പ്രവർത്തകർ എൽ ഡി എഫ് പ്രവർത്തകരുടെ വീട് ആക്രമിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ബീമ സനീഷിന്റെ മകൾ ആമിനയ്ക്കാണ് (21) പരിക്കേറ്റത്.
  • മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണത്തെ സ്ഥാനാർഥിയുമായിരുന്ന വി.ആർ. സിനി കുഴഞ്ഞു വീണ് മരിച്ചു. സിഎംപി നേതാവായ സിനി ഇക്കുറി ഇടവക്കോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും 26 വോട്ടിന് പരാജയപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ കുഴഞ്ഞുവീണാണ് മരിച്ചത്.
  • ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ 2025 ലെ പട്ടിക പുറത്തിറക്കി ഫോബ്സ്. പട്ടികയിൽ ഇടം നേടി ധനമന്ത്രി നിർമ്മല സീതാരാമൻ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഒന്നാം സ്ഥാനത്തെത്തി. നിർമ്മലാ സീതാരാമൻ കൂടാതെ ഇന്ത്യയിൽ നിന്ന് മൂന്ന് പേർ കൂടി പട്ടികയിൽ ഇടംപിടിച്ചു. ഇരുപത്തിനാലാം സ്ഥാനത്താണ് നിർമ്മല സീതാരാമൻ.
  • വോട്ട് ചോരി ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് ദില്ലിയിലെ കോൺഗ്രസിന്റെ വിശാല റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. സത്യം മുറുകെ പിടിച്ച് മോദി-അമിത് ഷാ ഭരണത്തെ കോൺഗ്രസ് ഇല്ലാതാക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
  • ഫലം അനുകൂലമല്ലാത്തപ്പോഴെല്ലാം ഇവിഎമ്മിനെ കുറ്റം പറയുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും ഫലം അനുകൂലമായപ്പോൾ രാഹുൽ സ്വീകരിക്കുന്നുവെന്നും ബിജെപി വക്താവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഫലം അനുകൂലമാകുമ്പോൾ മാത്രം രാഹുൽ ഗാന്ധി ഇവിഎമ്മിനെ അംഗീകരിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു. ഒഴിവുകഴിവുകളല്ല, തോൽവിയും അംഗീകരിക്കുന്ന നേതാക്കളെയാണ് ജനാധിപത്യത്തിന് വേണ്ടതെന്നും അമിത് മാളവ്യ ആവശ്യപ്പെട്ടു.
  • ബിഹാറിലെ മന്ത്രി നിതിൻ നബീനെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയോഗിച്ച് ബിജെപി പാർലമെന്ററി ബോർഡ്. പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് വർക്കിംഗ് പ്രസിഡന്റിനെ നിയമിച്ചു കൊണ്ടുള്ള ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അടുത്ത പാർട്ടി അധ്യക്ഷനായി നിതിൻ നബീൻ എത്താനാണ് സാധ്യത.
  • ദില്ലിയിൽ ഒരിടവേളയ്ക്കുശേഷം വായുമലിനീകരണം വീണ്ടും രൂക്ഷമായി. വായു ഗുണനിലവാരതോത് താഴ്ന്ന് ഗുരുതര വിഭാഗത്തിലെത്തി. 460 ആണ് ഇന്നലെ രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഈ വർഷത്തെ ഏറ്റവും ഉയർന്ന വായു മലിനീകരണത്തോതാണിത്. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ദില്ലിയിൽ ഗ്രേഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ ഓഫീസുകളിൽ 50% ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു.
  • 2015-ൽ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി. കുറ്റം ഒഴിവാക്കാനുള്ള യുപി സർക്കാരിന്റെ നീക്കത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
  • രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും നിലവിലുള്ള നമ്പർ പ്ലേറ്റുകളുടെ രൂപകൽപ്പന പുതുക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ആധുനിക സ്മാർട്ട് ട്രാഫിക് സംവിധാനത്തിന് അനുസൃതമായ അന്താരാഷ്ട്ര നിലവാരമുള്ള നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. വാഹന നമ്പർ പ്ലേറ്റുകളുടെ ദൃശ്യത മെച്ചപ്പെടുത്തുക, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക, കൂടുതൽ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങളിൽ ഏകീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി.
  • സിഡ്‌നിയിലെ വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വൈകീട്ട് 6.45-ഓടെയാണ് വെടിവയ്പുണ്ടായത്. അതേസമയം ബോണ്ടി ബീച്ചിൽ ഉണ്ടായ വെടിവയ്പ്പ് ഭീകരാക്രമണമെന്ന് പ്രഖ്യാപിച്ചു. ആക്രമണം നടത്തിയ ഭീകരവാദികളിലൊരാളായ നവീദ് അക്രം പാകിസ്താൻകാരനാണെന്ന് തിരിച്ചറിഞ്ഞു.
  • ഓസ്‌ട്രേലിയയെ നടുക്കിയ വെടിവയ്പിൽ അക്രമികളിലൊരാളെ കീഴ്‌പ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത്. അക്രമി 50 റൗണ്ടുകളിലേറെ വെടിയുതിർത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഒരു മരത്തിന് പിന്നിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ആക്രമിയെ പിന്നിൽ നിന്ന് വെള്ള ടീ ഷർട്ട് ധരിച്ചെത്തിയ യുവാവ് കീഴടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സിഡ്നിയിൽ പഴക്കച്ചവടക്കാരനായ അഹമ്മദ് അൽ അഹമ്മദാണ് അക്രമിയെ ധീരതയോടെ നേരിട്ടത്. രണ്ട് തവണ വെടിയേറ്റ 43കാരനായ അഹമ്മദ് സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
  • ലയണൽ മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂറിന്റെ മുഖ്യ സംഘാടകനായ സതാദ്രു ദത്തയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. ദത്തയെ 14 ദിവസത്തേക്ക് ബിധാനഗർ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ മെസ്സിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ മോശം നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ദത്തയെ പോലീസ് അറസ്റ്റ് ചെയ്തത്.
  • ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി ഇന്നലെ മുംബൈയിലെത്തി. വാംങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഇതിഹാസതാരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഛേത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ പങ്കെടുത്തു. ശനിയാഴ്ച കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മെസ്സിയുടെ സന്ദർശനമുണ്ടായിരുന്നത്. ഇന്ന് ഡൽഹിയിലുള്ള മെസ്സി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.
  • ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യക്കായി മികച്ച പ്രകടനമാണ് ബൗളർമാർ കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കൻ നിരയിൽ അർധസെഞ്ചുറി തികച്ച എയ്ഡൻ മാർക്രം മാത്രമാണ് തിളങ്ങിയത്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലെത്തി.
  • രാജ്യത്തെ സാധാരണ നിക്ഷേപകർക്ക്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവർക്ക് മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി തപാൽ വകുപ്പ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി സുപ്രധാന പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ശൃംഖലകളിലൊന്നായ തപാൽ വകുപ്പിന്റെ വിപുലമായ സേവനം ഇനി മ്യൂച്വൽ ഫണ്ട് വിതരണത്തിനായി ഉപയോഗിക്കും. കരാർ പ്രകാരം, തിരഞ്ഞെടുക്കപ്പെട്ട തപാൽ ഓഫീസുകൾ ബി.എസ്.ഇയുടെ മ്യൂച്വൽ ഫണ്ട് വിതരണ പ്ലാറ്റ്ഫോമായ ബി.എസ്.ഇ സ്റ്റാർ എം.എഫ് വഴി മ്യൂച്വൽ ഫണ്ട് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ഏജന്റുമാരായി പ്രവർത്തിക്കും. പ്രാരംഭ ഘട്ടത്തിൽ മൂന്ന് വർഷത്തേക്കാണ് തപാൽ വകുപ്പും ബി.എസ്.ഇയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ ഇത് പുതുക്കുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • രജിനി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ 2’. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ജയിലർ 2 വിൽ നടി വിദ്യ ബാലനും ഉണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 14 ന് ചിത്രം റിലീസിനെത്തും. ചെന്നൈ, പാലക്കാട്, ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. 2023 ലാണ് ജയിലറിന്റെ ആദ്യ ഭാഗം പുറത്തുവന്നത്. 200 കോടി ചിത്രം തിയറ്ററുകളിൽ കളക്ഷൻ നേടുകയും ചെയ്തു. ജയിലർ 2 വിലും മോഹൻലാൽ, ശിവരാജ്കുമാർ, നന്ദമൂരി ബാലകൃഷ്ണ, മിഥുൻ ചക്രവർത്തി എന്നിവരുണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം ജയിലർ 2 വിൽ നടൻ വിനായകനും ഉണ്ടാകുമെന്നാണ് വിവരം.
  • മമ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവൽ രണ്ടാം വാരത്തിലും വൻ വിജയം നേടുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ടാമത്തെ ശനിയാഴ്ചയും ഗംഭീര ബുക്കിംഗ് ആണ് കേരളത്തിലുടനീളം ലഭിച്ചത്. രണ്ടാം വാരത്തിൽ കേരളത്തിലെ 300ൽ പരം സ്‌ക്രീനുകളിലാണ് കളങ്കാവൽ പ്രദർശിപ്പിക്കുന്നത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ക്രൈം ത്രില്ലർ ഡ്രാമയാണ്. ജിഷ്ണു ശ്രീകുമാറും ജിതിനും ചേർന്നാണ് തിരക്കഥ രചിച്ചത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വേഫറെർ ഫിലിംസ് ആണ് വിതരണം ചെയ്തത്. മമ്മൂട്ടി, വിനായകൻ എന്നിവരുടെ വിസ്മയിപ്പിക്കുന്ന പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ 50 കോടി ക്ലബിൽ എത്തിയ ചിത്രം, ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ.
  • ടാറ്റ മോട്ടോഴ്‌സിന്റെ പുതുതലമുറ കാറുകളിലൊന്നായ ടാറ്റ കർവ്, 2025 നവംബറിലെ വിൽപന കണക്കുകളിൽ കുത്തനെ ഇടിവ് കാണിക്കുന്നു. ഈ എസ്യുവി വാർഷിക വിൽപ്പനയിൽ 79 ശതമാനം ഇടിവ് രേഖപ്പെടുത്തി. വിൽപ്പന ചാർട്ട് കാണിക്കുന്നത് ടാറ്റ കർവ് കഴിഞ്ഞ വർഷം റെക്കോർഡ് സൃഷ്ടിച്ചു എന്നാണ് , 2024 നവംബറിൽ 5,101 യൂണിറ്റുകൾ വിറ്റഴിച്ചു. എങ്കിലും 2025 നവംബറിൽ വിൽപ്പന വെറും 1,094 യൂണിറ്റായി കുറഞ്ഞു. ടാറ്റ കർവിന്റെ വിൽപ്പന പ്രതി വർഷം മാത്രമല്ല പ്രതിമാസവും കുറഞ്ഞു. 2025 നവംബറിലെ വിൽപ്പന 2025 ഒക്ടോബറിലെ കണക്കുകളേക്കാള്‍ കുറവായിരുന്നു, ഇത് ഡിമാൻഡിൽ തുടർച്ചയായ ഇടിവ് സൂചിപ്പിക്കുന്നു. കർവിന്റെ കൂപ്പെ-എസ്യുവി ഡിസൈൻ എല്ലാ ഉപഭോക്താക്കളെയും ആകർഷിക്കുന്നില്ല. വലിയൊരു വിഭാഗം ഇപ്പോഴും പരമ്പരാഗത എസ്യുവി ഡിസൈനുകളാണ് ഇഷ്ടപ്പെടുന്നത്. ടാറ്റ കർവിന്റെ എക്സ്ഷോറൂം വില 9.65 ലക്ഷം രൂപയിൽ ആരംഭിച്ച് 18.85 ലക്ഷം രൂപ വരെ ഉയരും.
  • കടങ്കഥ ഒരർഥത്തിൽ അൽഭുതത്തിന്റെ ഒരു വലിയ ലോകമാണ് തുറന്നിരിക്കുന്നത്. എല്ലാ രസങ്ങള്‍ക്കും ആധാരം അൽഭുതമാണെന്നു പറയാറുണ്ട്. അതായത് രസങ്ങളുടെ/സൗന്ദര്യാനുഭവത്തിന്റെ / മൗലികതയിലാണ് കടങ്കഥകൾ പ്രവർത്തിക്കുന്നത്. കടങ്കഥ സവിശേഷമായ രൂപമാണെങ്കിലും മറ്റു വാമൊഴിരൂപങ്ങളുമായി അവയ്ക്കു സാദൃശ്യാത്മകമായ ബന്ധമുണ്ടെന്നു പറയുന്നത് അവയുടെ നിർമിതിയിലെ ഈ മൗലികസ്വഭാവംകൊണ്ടാണ്. ഫലിതം, മന്ത്രവാദം, കവിത, കഥ എന്നിങ്ങനെ പല വ്യവഹാരരൂപങ്ങളുമായി കടങ്കഥയ്ക്കു ജനിതകമായ സവിശേഷവിശകലനം സമൂഹമനസ്സിന്റെ സൗന്ദര്യാത്മകതലത്തെ നിർമിക്കുന്ന മോട്ടീഫുകളിലേക്കാണ് നമ്മെ കൊണ്ടുപോവുക. ‘കടങ്കഥ സൗന്ദര്യവും സംസ്‌കാരവും’. ഡോ കെ എം അനിൽ. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്. വില 190 രൂപ.
  • മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹൃദ്രോഗങ്ങൾ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കും. രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ പേശികൾക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നത്. തണുത്തവെള്ളം ചർമത്തിലെ രക്തക്കുഴലുകളെ ചുരുക്കും. അതുകൊണ്ടുതന്നെ തണുത്തവെള്ളത്തിലുള്ള കുളി ശരീരത്തിലെ രക്തപ്രവാഹം സാവധാനത്തിലാക്കും. ഇതിന്റെ ഫലമായി രക്തം പമ്പുചെയ്യാന്‍ വേണ്ടി ഹൃദയം വളരെവേഗത്തില്‍ മിടിക്കാനും തുടങ്ങും. അതുകൊണ്ട് തണുപ്പുകാലത്ത് ചൂടുവെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിക്കുന്നതാണ് നല്ലത്. കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരം ചൂടാക്കി നിലനിർത്താനും ശ്രദ്ധിക്കണം. ദിവസം അരമണിക്കൂറെങ്കിലും വ്യായാമവും വർക്കൗട്ടും ചെയ്യുന്നതും ശരീരത്തെ ചൂടാക്കുകയും ഫിറ്റ്നസ് നിലനിർത്താന്‍ സഹായിക്കുകയും ചെയ്യും. ചൂടുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

പത്രം| മലയാള ദിനപത്രങ്ങളിലൂടെ| 2025 ഡിസംബർ 15 | തിങ്കൾ 1201 വൃശ്ചികം 29 | ചിത്തിര

നടിയെ ആക്രമിച്ച കേസ്: വിധിക്ക് പിന്നാലെ പ്രതിഷേധം

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് അതിജീവിത രംഗത്തെത്തി. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരല്ലെന്നും പ്രോസിക്യൂഷനോട് ശത്രുതാപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചനയും താരം പങ്കുവെച്ചു.

കേസില്‍ ഗൂഢാലോചന ഉണ്ടെന്ന് നടി മഞ്ജു വാര്യര്‍ ആവര്‍ത്തിച്ചു. ആസൂത്രണം ചെയ്തവര്‍ പുറത്തുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണെന്നും അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ നീതി പൂര്‍ണമാകുകയുള്ളൂ എന്നും മഞ്ജു വാര്യര്‍ കുറിച്ചു.

മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്റെ വിജയമാണിതെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സിസ്റ്റത്തിന്റെ കുഴപ്പമാണ് ഇതെന്നും മാറ്റമുണ്ടാകാൻ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും അവർ പറഞ്ഞു.

വിധിന്യായത്തിലെ വിവരങ്ങൾ പുറത്തുവന്നു. ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീ ആണെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയില്‍ പൊലീസ് അന്വേഷണം നടത്തിയില്ലെന്ന് കോടതി വിമര്‍ശിച്ചു. ആരാണ് ‘മാഡം’ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് കോടതി നിരീക്ഷിച്ചു.

വിധിന്യായത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഊമക്കത്ത് വിധിക്ക് മുൻപ് തന്നെ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന് ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് വ്യക്തമാക്കി.

കേരള രാഷ്ട്രീയം

വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കെതിരെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രംഗത്തെത്തി. ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നും വിസി നിയമന അധികാരം ചാന്‍സലര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി സി.പി.എം സംസ്ഥാന സമിതിയും മന്ത്രിമാരും വിലയിരുത്തി. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും സർക്കാർ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ വീഴ്ച പറ്റിയെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വോട്ടർമാരെ അധിക്ഷേപിച്ച തന്റെ പരാമർശത്തിൽ എം.എം മണി ഖേദം പ്രകടിപ്പിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

യു.ഡി.എഫ് വിട്ടുപോയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ മടക്കയാത്രയ്ക്കായി കോണ്‍ഗ്രസ് ക്ഷണിച്ചു. പി.വി അന്‍വറിന്റെ പാര്‍ട്ടി യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.

ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ യു.ഡി.എഫ് എം.പിമാര്‍ ഇന്ന് പാര്‍ലമെന്റിന് മുന്നിൽ പ്രതിഷേധിക്കും. കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.


ദേശീയ വാർത്തകൾ

ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടംപിടിച്ചു. പട്ടികയിൽ 24-ാം സ്ഥാനത്താണ് താരം. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആണ് ഒന്നാം സ്ഥാനത്ത്.

വോട്ട് ചോരി ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഡൽഹിയിലെ റാലിയിൽ കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. എന്നാൽ തോൽവി സമ്മതിക്കാൻ രാഹുലിന് കഴിയുന്നില്ലെന്ന് ബി.ജെ.പി പരിഹസിച്ചു.

ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും അതീവ ഗുരുതരമായ നിലയിലേക്ക് ഉയർന്നു. എ.ക്യു.ഐ 460 രേഖപ്പെടുത്തിയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഓഫീസുകളിൽ 50% വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി.


കായികം & വിനോദം

ലിയോണല്‍ മെസ്സി മുംബൈയിലെത്തി സച്ചിന്‍ തെണ്ടുല്‍ക്കര്‍, സുനില്‍ ഛേത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് അദ്ദേഹം പ്രധാനമന്ത്രിയെ കാണും. അതേസമയം കൊൽക്കത്തയിലെ മെസ്സി ഷോയുടെ സംഘാടകൻ സതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1 ന് മുന്നിലെത്തി.

രജനീകാന്ത് ചിത്രം ‘ജയിലര്‍ 2’ വിൽ നടി വിദ്യാ ബാലനും പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോർട്ട്. മമ്മൂട്ടി-വിനായകൻ ചിത്രം ‘കളങ്കാവൽ’ രണ്ടാമത്തെ ആഴ്ചയിലും വൻ കുതിപ്പ് തുടരുന്നു. ചിത്രം ഇതിനകം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.

അന്താരാഷ്ട്ര വാർത്തകൾ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. അക്രമികളിലൊരാൾ പാകിസ്താൻ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ വെടിയേറ്റ പരിക്കുമായി അക്രമിയെ സാഹസികമായി കീഴടക്കിയ അഹമ്മദ് അൽ അഹമ്മദ് എന്ന യുവാവ് ലോകശ്രദ്ധ നേടി.

ആരോഗ്യ ടിപ്സ്

മഞ്ഞുകാലത്ത് തണുത്ത വെള്ളത്തിലുള്ള കുളി ഹൃദയാരോഗ്യത്തിന് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ. തണുപ്പ് രക്തക്കുഴലുകളെ ചുരുക്കുന്നത് വഴി രക്തസമ്മർദ്ദം കൂടാനും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും. ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് ഉചിതം.

ബിജെപി ആരെ മേയറാക്കുമെന്നതിൽ സസ്പെൻസ്

തലസ്ഥാന നഗരഭരണം പിടിച്ച ബി.ജെ.പി ആരെ മേയറാക്കുമെന്നതിൽ സസ്പെൻസ് തുടരുകയാണ്.  സംസ്ഥാന സെക്രട്ടറി വി.വി.രാജേഷും മുൻ ഡി.ജി.പി ആർ.ശ്രീലേഖയുമാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ കേന്ദ്രനേതൃത്വത്തിന്റെ അന്തിമഅനുമതി ഇക്കാര്യത്തിൽ വേണം. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നാണ് വിവരം. സംസ്ഥാന അദ്ധ്യക്ഷന് ഉചിതമായ തീരുമാനത്തെ കേന്ദ്രം അംഗീകരിക്കാനാണ് സാദ്ധ്യത. കോർപറേഷൻ കൗൺസിൽ നടപടികളിൽ മുൻപരിചയവും നയപരമായ സമീപനവും കൈക്കൊള്ളാൻ കഴിയുന്നയാളെ മേയറാക്കണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. അങ്ങനെയെങ്കിൽ അത് രാജേഷിന് അനുകൂലമാകും. രാജേഷ് മേയറായാൽ ശ്രീലേഖയെ ഡെപ്യൂട്ടിമേയാക്കിയേക്കും. മേയർ സ്ഥാനം പുരുഷനു നൽകിയാൽ ഡെപ്യൂട്ടി മേയറായി വനിതയായിരിക്കണം. ശ്രീലേഖയെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കാനും ആലോചനയുണ്ട്. ഡെപ്യൂട്ടിമേയറെന്ന തിളക്കത്തോടെ മത്സരംഗത്തിറങ്ങിയാൽ അത് മുതൽകൂട്ടാകുമെന്നും ഒരുവിഭാഗം പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് ബി.ജെ.പിയുടെ മുതിർന്ന കൗൺസിലർമാരായ എം.ആർ.ഗോപൻ, കരമന അജിത്, വി.ജി.ഗിരികുമാർ, എസ്.കെ.പി.രമേഷ്, സിമി ജ്യോതിഷ്, ജി.എസ്.മഞ്ജു, ആർ.സി.ബീന, ജി.എസ്.ആശാനാഥ്, തുടങ്ങിയവരെ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കും പരിഗണിച്ചേക്കും.

നെല്ലിമുകളിൽ വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം
വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തു

അടൂർ. വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം
വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതായി പരാതി

സംഭവം അടൂർ നെല്ലിമുകളിൽ
വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തർക്കം എന്ന് പ്രാഥമിക വിവരം

നാട്ടുകാരാണ് തടഞ്ഞുവച്ച് ഏനാത്ത് പോലീസ് ഏൽപ്പിച്ചത്