Home Blog Page 3

‘കല്ലേറ് വന്നാൽ തല സൂക്ഷിക്കണ്ടേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

റാന്നി: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തിനു സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്.

സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്. ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞു. പണിമുടക്കിനെ പിന്തുണച്ച് കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്. എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.

മലപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട എറണാകുളം ബസ് ആണ് സിഐടിയുവിന്‍റെ നേതൃത്വത്തിൽ തടഞ്ഞു. പിന്നീട് പൊലീസ് എത്തി സമരക്കാരെ നീക്കി ബസ് വിട്ടു. തൃശ്ശൂരിലും കൊച്ചിയിലുമടക്കം സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്ന നിലപാടിലാണ് ബിഎംഎസ് അനുകൂല ജീവനക്കാർ.

മാസപ്പടി കേസ്; ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതി പരിഗണിക്കും. ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിർദ്ദേശിച്ചിരുന്നു.

നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടിപാടില്ലെന്നാണ് ദില്ലി ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനിടയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു.  

മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം.

വാർത്താനോട്ടം

2025 ജൂലൈ 09 ബുധൻ

BREAKING NEWS

👉 രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടരുന്നു.

👉 അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ഏറെക്കുറെ പൂർണ്ണമാണ്.

👉സമരാനുകൂലികൾ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വാഹനങ്ങൾ തടയുന്നു.

👉കരുനാഗപ്പള്ളിയിൽ കെഎസ്ആർറ്റിസി കണ്ടക്ടർക്ക് മർദ്ദനമേറ്റു.

👉 ദേശീയ പണിമുടക്ക് പ്രമാണിച്ച് മഹാത്മാ ഗാന്ധി, കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു.

👉ഇഗ്നോ പരീക്ഷകൾക്ക് മാറ്റമില്ല. കൊച്ചി മെട്രോ തടസമില്ലാതെ യാത്ര തുടരുന്നു

👉 തിരുവനന്തപുരം ആർ സി സി ,മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് തമ്പാനൂരിൽ നിന്ന് കെ എസ് ആർ റ്റി സി സർവ്വീസ് നടത്തുന്നു.

👉കോഴിക്കോട് പനങ്ങാട് നിന്ന് കാണാതായ വയോധികയുടെ മൃതദേഹം പുഴയിൽ നിന്ന് കിട്ടി

👉കാസർകോട് നിന്ന് കാണാതായ ആദിത്യൻ്റെ മൃതദേഹം കിട്ടി. മർദ്ദനമേറ്റ പാടുകളുണ്ടെന്നും ആഭരണങ്ങൾ കാണാനില്ലെന്നും ബന്ധുക്കൾ

🌴 കേരളീയം 🌴

🙏 ദേശീയ പണിമുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാരും. ജോലിക്കെത്താത്ത ജീവനക്കാര്‍ക്ക് ശമ്പളമുണ്ടാവില്ല. സമരം നടക്കുന്ന ദിവസത്തെ ശമ്പളം ഓഗസ്റ്റ് മാസത്തെ ശമ്പളത്തില്‍നിന്നാണ് തടഞ്ഞുവെയ്ക്കുക. രോഗം, പരീക്ഷകള്‍, പ്രസവം പോലുള്ള അത്യാവശ്യങ്ങള്‍ക്കല്ലാതെ അവധി അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

🙏 കേരള വി സിയുടെ അധിക ചുമതല ഒഴിയുന്നതിന്റെ തൊട്ടു മുന്നേ പദവിയില്‍ തുടരരുത് എന്നു കാണിച്ച് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന് കത്ത് നല്‍കി വൈസ് ചാന്‍സലര്‍ സിസ തോമസ്. സസ്പെന്‍ഷനില്‍ ആണെന്ന് ഓര്‍മിപ്പിക്കുന്ന കത്തില്‍ ഓഫീസ് ഉപയോഗിക്കുന്നതില്‍ അടക്കം വിലക്കും ഉണ്ട്.

🙏 സര്‍കലാശാല സമരത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സമരത്തിനിടെ 10,000 രൂപയുടെ നാശനഷ്ടവും 5 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു.

🙏 വിദ്യാഭ്യാസ വകുപ്പിനെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി ജി പിയ്ക്ക് പരാതി നല്‍കി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ ഓഫീസ്. വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ചകളില്‍ മതപരമായ ചടങ്ങുകള്‍ക്കായി സ്‌കൂളിന് പുറത്തു പോകുന്നത് കര്‍ശനമായി നിരോധിക്കും എന്ന പേരില്‍ മന്ത്രിയുടെ ഫോട്ടോ സഹിതം പോസ്റ്ററുകള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു.

🙏 സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 18 പേരാണ് ചികിത്സയിലുള്ളത്.

🙏 മലപ്പുറം ജില്ലയിലും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്. രോഗസാധ്യത ലക്ഷണങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

🙏 യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോര്‍ട്ട്. ജയില്‍ അധികൃതര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസില്‍ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമന്‍ പൗരനെ കൊന്ന കേസിലാണ് മലയാളിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്.

🙏 യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം ഏറെ ദു:ഖകരവും ദൗര്‍ഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും നെന്മാറ എംഎല്‍എയുമായ കെ ബാബു. എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ കാര്യമായില്ലെന്നും ഗ്രോത സമുദായങ്ങളാണ് അവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കെ ബാബു പറഞ്ഞു.

🙏 കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎല്‍ ഹൈടെന്‍ഷന്‍ ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന് പിന്നാലെ പ്രദേശത്താകെ പുകയും ദുര്‍ഗന്ധവുമുയര്‍ന്നു. റിഫൈനറിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

🙏 ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. ഹിന്ദു കുടുംബങ്ങളിലെ പൂര്‍വികസ്വത്തില്‍ കേരളത്തിലും പെണ്‍മക്കള്‍ക്ക് തുല്യാവകാശം ഉറപ്പിച്ച് സിംഗിള്‍ ബെഞ്ച്. ജസ്റ്റിസ് ഈശ്വരനാണ് സുപ്രധാന ഉത്തരവിറക്കിയത്.

🙏 സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി, ഗള്‍ഫ് രാജ്യങ്ങളിലെ ഡെസേര്‍ട്ട് സഫാരിക്ക് സമാനമായ ‘കുട്ടനാട് സഫാരി’ ആരംഭിക്കാന്‍ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരമണല്‍ ദ്വീപ് സന്ദര്‍ശിച്ചു.

🙏 കേരള പൊതുമരാമത്ത് വകുപ്പിന്റെ വെബ് അധിഷ്ഠിത റോഡ് മാനേജ്‌മെന്റ് സംവിധാനത്തിനായി തയ്യാറാക്കിയ ഐറോഡ്‌സ് സോഫ്റ്റ് വെയറിന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ 2025ലെ ഗ്ലോബല്‍ റോഡ് അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു.

🙏 സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നൗഷാദ് ഇന്ത്യയിലെത്തി. വിസ കാലാവധി കഴിഞ്ഞതോടെ യുഎഇയിലുള്ള ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ ലുക്ക്ഔട്ട് നോട്ടീസുള്ളതിനാല്‍ വിമാനത്താവള ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചു.

🙏 പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ സീലിംഗ് തകര്‍ന്നുവീണു. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം. വാര്‍ഡിന്റെ വരാന്തയിലെ പിവിസി ഷീറ്റില്‍ തീര്‍ത്ത സീലിംഗാണ് തകര്‍ന്നുവീണത്.

🙏 ബിജെപി നേതാവ് പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന് നേരത്തെ ജാമ്യം നല്‍കിയിരുന്നു.

🙏 കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയില്‍ 46 കാരന്‍ ജീവനൊടുക്കി. പഴൂര്‍ വീട്ടില്‍ മധു മോഹനനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 37 ലക്ഷത്തിന്റെ ലോണ്‍ കുടിശികയാണ് മധുവിനുണ്ടായിരുന്നത്.

🙏 കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയുടെ മൃതദേഹം കണ്ടെത്തി. പാറകള്‍ക്കിടയില്‍ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

🙏 തിരുവനന്തപുരം വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ(60)ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേര്‍ന്ന പുരയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ജീവനക്കാരായ വിഴിഞ്ഞം സ്വദേശി രാജേഷ്, നേപ്പാള്‍ സ്വദേശി ഡേവിഡ് എന്നിവരെ പോലിസ് പിടികൂടി.

🙏 തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനുമടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. തടിയന്റവിട നസീറിന് ജയിലിലേക്ക് ഫോണ്‍ ഒളിച്ചു കടത്തി എത്തിച്ചു നല്‍കിയതിനാണ് പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റായ ഡോ നാഗരാജിനെഅറസ്റ്റ് ചെയ്തത്.

🙏 കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തില്‍ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീല്‍ പ്രസിഡന്റ് ലുല ദ സില്‍വയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

🙏 അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ഉള്‍പ്പെടെ 2,355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുവെന്ന ഗുരുതര ആരോപണവുമായി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് രംഗത്ത്.

🙏 വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി ഉത്തര്‍പ്രദേശ് മന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി വ്യവസായമന്ത്രിയായ നന്ദ് ഗോപാല്‍ നന്ദി.

🙏 ചെങ്കടലില്‍ ചൈനീസ് സൈനിക കപ്പല്‍ ജര്‍മ്മന്‍ നിരീക്ഷണ വിമാനത്തെ ലേസര്‍ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ജര്‍മനിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ, ബെര്‍ലിനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി.

🙏 ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ യുദ്ധവിമാനമായ റഫാല്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി വിമാന നിര്‍മാതാക്കളായ ദസ്സോ ഏവിയേഷന്‍. കമ്പനി ചെയര്‍മാനും സിഇഒയുമായ എറിക് ട്രാപ്പിയറാണ് പാക് അവകാശവാദത്തിന് മറുപടിയുമായി രംഗത്തെത്തിയത്.

🇦🇺 അന്തർദേശീയം 🇦🇽

🙏 ജിസിസി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള കരട് കരാറിന് അംഗീകാരം നല്‍കി ഖത്തര്‍ മന്ത്രിസഭ.

🙏 ഗാസയില്‍ നിന്ന് പലസ്തീനികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കത്തില്‍ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൂചന നല്‍കി.

🙏 യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ എത്രയും വേഗം രാജിവയ്ക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

⚽ കായികം 🏏

🏏ഐ സി സി ട്വൻ്റി 20 വനിതാ ബോളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ ദീപ്തി ശർമ രണ്ടാമത്.

⚽ ക്ലബ് ലോകകപ്പ് രണ്ടാം സെമി ഫൈനൽ ഇന്ന് രാത്രി 12.30ന് പി എസ് ജി- റയൽ മഡ്രിഡ് മത്സരം

🏏 സിംബാബയ്ക്കെതി
രായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്സിനും 236 റൺസിനും ജയം.

ഹേമചന്ദ്രന്‍ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ്  പൊലീസിന്റെ കസ്റ്റഡിയില്‍

കോഴിക്കോട്: ഹേമചന്ദ്രന്‍ കൊലക്കേസ് പ്രതി നൗഷാദ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ കസ്റ്റഡിയില്‍. വയനാട്ടില്‍ നിന്ന് കാണാതായ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് നൗഷാദ്.

എന്നാല്‍ ഹേമചന്ദ്രന്റേത് ആത്മഹത്യയാണെന്ന് വെളിപ്പെടുത്തി നൗഷാദ് ഫേസ്ബുക്ക് ലൈവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോള്‍ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് പറഞ്ഞിരുന്നു. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തെറ്റുപറ്റിപ്പോയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സൗദി അറേബ്യയിലായിരുന്ന നൗഷാദിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൗഷാദ് കേരളത്തിലേയ്ക്ക് മടങ്ങിയെത്തിയത്.

ജൂണ്‍ 28നാണ് ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാട്ടിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഹേമചന്ദ്രന്‍ നൗഷാദിന് പണം കൊടുക്കാനുണ്ടായിരുന്നുവെന്നും അത് വാങ്ങിയെടുക്കാനുള്ള വഴിയായിരുന്നു ട്രാപ്പെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നു; പുതിയതായി നിർമ്മിച്ച സംസ്ഥാനപാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി

ജയ്പൂർ: രാജസ്ഥാനിൽ പുതിയതായി നിർമ്മിച്ച സംസ്ഥാന പാത ഉദ്ഘാടനത്തിന് മുമ്പ് ഒലിച്ചുപോയി.ഞായറാഴ്ചയുണ്ടായ കനത്ത മഴയെത്തുടർന്നായിരുന്നു സംഭവം. ഝുൻഝുനു ജില്ലയിൽ ഉദയ്പൂർവതിയിലെ ബാഗുലിയിലൂടെ കടന്നുപോകുന്ന കട്‌ലി നദിയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് റോഡ് ഒലിച്ചുപോയത്. ഈ പ്രദേശത്ത് 86 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നദിയിലെ ശക്തമായ ഒഴുക്ക് പുതുതായി നിർമ്മിച്ച റോഡിന് ഭീഷണിയാവുകയും റോഡിന്റെ ഒരു വലിയ ഭാഗം ഒലിച്ചുപോവുകയുമായിരുന്നു. സികാർ, ഝുൻഝുനു, ചുരു ജില്ലകളിലൂടെ ഒഴുകുന്ന കട്‌ലി നദിയിൽ മഴക്കാലത്ത് മാത്രമാണ് കാര്യമായി വെള്ളമുണ്ടാവുക. എന്നാൽ അടുത്ത കാലത്തായി നദീതീരത്ത് നിരവധി കൈയേറ്റങ്ങൾ കണ്ടെത്തിയിരുന്നു. നദിയിലെ കൈയേറ്റങ്ങളും അനധികൃത മണൽ, ഖനനവും തടയാൻ സർക്കാർ നടപടികളും ആരംഭിച്ചിരുന്നു.

റോഡ് തകർന്നതിന് പിന്നാലെ പരിസര ഗ്രാമങ്ങളിലെ നിരവധി ആളുകൾ ഈ കാഴ്ച കാണാൻ തടിച്ചുകൂടുകയും വീഡിയോകൾ എടുക്കുകയും ചെയ്തു. ഈ വീഡിയോകൾ പിന്നീട് സോഷ്യൽ മീഡിയയിലും പ്രചരിച്ചു. റോഡ് ഇടിഞ്ഞപ്പോൾ ഒപ്പം ഒരു വൈദ്യുത പോസ്റ്റും വെള്ളത്തിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങൾ ഒരു വീഡിയോ ക്ലിപ്പിൽ കാണാം.

ഝുൻഝുനു, സികാർ എന്നിവിടങ്ങളിലേക്ക് പോകുന്ന ദേശീയപാത 52-മായി ബാഗുലിയെയും ജഹാജിനെയും ബന്ധിപ്പിക്കുന്നതിനായി ആറ് മാസം മുമ്പാണ് ഈ സംസ്ഥാന പാത നിർമ്മിച്ചത്. റോഡ് നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സംഘം റോഡ് പരിശോധിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുമെന്നാണ് സൂചന.

കെ എസ്. അനിൽകുമാർ  സർവ്വകലാശാലയിൽ കയറരുതെന്ന് നോട്ടീസ്

തിരുവനന്തപുരം.കെ എസ് അനിൽകുമാർ സർവ്വകലാശാലയിൽ കയറരുതെന്ന് സിസ തോമസ് നോട്ടീസ് നൽകി

സിൻഡിക്കേറ്റ് യോഗം അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാൻ  തീരുമാനിച്ചിട്ടില്ല

സസ്പെൻഷൻ പിൻവലിച്ചിട്ടില്ല

രജിസ്ട്രാറുടെ  ഓഫീസ് ഉപയോഗിച്ചാൽ  അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസ്

ഇന്നലെയാണ് നോട്ടീസ് നൽകിയത്

കുളത്തിൽ നഷ്ടപ്പെട്ടുപോയ സ്വർണ പാദസരം എടുത്ത് നൽകി ഫയർഫോഴ്സ്

നീന്തുന്നതിനിടെ കുളത്തിൽ നഷ്ടപ്പെട്ടുപോയ സ്വർണ പാദസരം എടുത്ത് നൽകി ഫയർഫോഴ്സ്

മലപ്പുറം തിരൂരിൽ ആണ് സംഭവം

തിരൂർ സ്വദേശി ആലിങ്ങൽ  നസീല തഹസിലിന്റെ സ്വർണമാണ് നഷ്ടമായത്

തിരൂർ ഫയർഫോഴ്സ് ആണ് പാദസരം എടുത്ത് നൽകിയത്

.Rep image

പിഴവോ മനപ്പൂർവം ഉണ്ടായ നടപടിയോ, എയർ ഇന്ത്യ വിമാന അപകടം:
പ്രാഥമിക റിപ്പോർട്ട് വെള്ളിയാഴ്ച

അഹമ്മദബാദ് എയർ ഇന്ത്യ വിമാന അപകടം:
പ്രാഥമിക റിപ്പോർട്ട് വെള്ളിയാഴ്ച പുറത്തുവിടുമെന്ന് സൂചന.

റിപ്പോർട്ട് ഇന്നലെ വ്യോമ യാനമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.

എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ചലനത്തിൽ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് സൂചന.

പിഴവോ മനപ്പൂർവം ഉണ്ടായ നടപടി യോ അപകടത്തിനു കാരണമായതാകാനുള്ള സാധ്യത തള്ളനാവില്ലെന്ന് റിപ്പോർട്ട്.

വ്യോമയാന വ്യവസായ പ്രസിദ്ധീകരണമായ എയർ കറന്റ് ൽ ആണ് റിപ്പോർട്ട്.

നിർണ്ണായക പാർലമെന്ററി സമിതി യോഗം ഇന്ന്.

സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ ഇന്ന് സഞ്ജയ് ഝാ അധ്യക്ഷനായ  സമിതിക്ക് മുന്നിൽ ഹാജരാകും.

രാജ്യത്തെ വ്യോമയാന സുരക്ഷ സംബന്ധിച്ച് വിശദീകരിക്കും.

അപകടത്തിന്റെ കാരണം, അന്വേഷണം, നഷ്ടപരിഹാരം എന്നിവയിൽ സമിതി വിശദീകരണം തേടും.

എയർ ഇന്ത്യ CEO അടക്കമുള്ളവരെയും സമിതി വിളിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര നയങ്ങൾക്കെതിരായ ദേശീയ പണിമുടക്ക്, കൊച്ചിയിൽ കെഎസ്ആർടിസി തടഞ്ഞു, അവശ്യ സർവീസുകൾക്ക് ഇളവ്

തിരുവനന്തപുരം/ ഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആറ് മണിക്കൂർ പിന്നിട്ടു. കേരളത്തെ പണിമുടക്ക് ബാധിച്ചു.

തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. കടകൾ അടച്ചിട്ടിരിക്കുകയാണ്. ചുരുക്കം ഓട്ടോകൾ മാത്രമാണ് സർവീസ് നടത്തുന്നത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. റെയിൽവേ സ്റ്റേഷനിൽ വരുന്ന യാത്രക്കാർക്കായി പൊലീസ് വാഹനങ്ങൾ സജീകരിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഇന്നലെ സർവീസ് തുടങ്ങിയ ദീർഘദൂര കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. നഗരത്തിൽ ഏതാനും ഓട്ടോകളും സർവീസ് നടത്തുന്നുണ്ട്.

കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് പണിമുടക്ക് അനുകൂലികൾ തടഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായി ജീവനക്കാർ പ്രതികരിച്ചു.

തൃശൂരിൽ ചില കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൃശ്ശൂർ ഡിപ്പോയിൽ നിന്ന് രണ്ടു ബസുകൾ രാവിലെ സർവീസ് നടത്തി.ദീർഘദൂര ബസ്സുകൾ സ്റ്റാൻഡിൽ എത്തുന്നുണ്ട്. നഗരത്തിൽ ചുരുക്കം ചില ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്.

17 ആവശ്യങ്ങളുയർത്തിയാണ് 10 തൊഴിലാളി സംഘടനകളും കർഷക സംഘടനകളുംസംയുക്തമായി പണിമുടക്കുന്നത്. അവശ്യ സർവീസുകൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാ​ഗമാകുമെന്നാണ് തൊഴിലാളി സംഘടനകൾ അവകാശപ്പെടുന്നത്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ഉച്ചയ്ക്ക് പ്രതിഷേധ സം​ഗമം നടത്തും. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ രണ്ട് മണിക്ക് ജന്ദർ മന്ദറിൽ പ്രതിഷേധിക്കും. രണ്ടരയ്ക്ക് കേരള ഹൗസിൽനിന്നും ജന്ദർ മന്ദറിലേക്ക് മാധ്യമപ്രവർത്തകരും മാർച്ച് നടത്തും.

പുതിയ നാല് തൊഴിൽ നിയമങ്ങൾ കൊണ്ടുവരുന്നതടക്കം തൊഴിലാളി വിരുദ്ധമായ കേന്ദ്രസർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 10 വർഷമായി കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ആശുപത്രി, പാൽ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ബിഹാറിൽ ഇന്ന് നടക്കുന്ന പണിമുടക്ക് റാലിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി മുഖ്യാതിഥിയാകും. തെരഞ്ഞെടുപ്പടുപ്പ് അടുക്കുന്ന ബിഹാറിൽ ഇത് പ്രതിപക്ഷ ഐക്യ പ്രഖ്യാപനമാക്കാനാണ് നീക്കം.