26.5 C
Kollam
Thursday 18th December, 2025 | 01:28:33 AM
Home Blog Page 2766

സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു


പാലക്കാട്‌, കോഴിക്കോട്, ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് ഇന്നും തുടരും.
ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ ഇന്ന് രാത്രികാല താപനില മുന്നറിയിപ്പ് നൽകി
കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇതടക്കം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത.കേരളതീരത്ത് റെഡ് അലർട്ട്.

കഴിഞ്ഞ 12 ദിവസത്തിൽ 10 ദിവസവും 40°c മുകളിൽ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ
സാധാരണയെക്കാൾ 4.4°c കൂടുതൽ ചൂട് രേഖപ്പെടുത്തിയപ്പോൾ കോഴിക്കോട് സിറ്റിയിൽ സാധാരണയെക്കാൾ 4.6°c കൂടുതൽ ചൂട് രേഖപ്പെടുത്തി.
പുനലൂർ, കണ്ണൂർ എയർപോർട്ട്, തൃശൂർ വെള്ളാനിക്കര,കോട്ടയം എന്നിവിടങ്ങളിലും നാലു ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.
പാലക്കാട്‌, കോഴിക്കോട്, ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പും
ആലപ്പുഴ കോഴിക്കോട് ജില്ലകളിൽ രാത്രികാല താപനില മുന്നറിയിപ്പും തുടരും.
12 ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് വേനൽ മഴ തുടരും.കാസർകോട് ഒഴികെയുള്ള 13 ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഉച്ചയ്ക്കുശേഷം മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അതി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും
പ്രത്യേക ശ്രദ്ധ പുലർത്തണം.അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തണം

കുട്ടനാട്ടിൽ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഎം പിന്തുണയോടെ കോൺഗ്രസ് അവിശ്വാസം

ആലപ്പുഴ. കുട്ടനാട്ടിൽ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. രാമങ്കരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാറിനും വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസിനും എതിരെയാണ് നോട്ടീസ് നൽകി യത്. യു .ഡി.എഫിന്റെ നാല് മെമ്പർമാർക്കൊപ്പം സി.പിഐഎമ്മിന്റെ മൂന്ന് മെമ്പർമാരുമാണ് അവിശ്വാസത്തിൽ ഒപ്പിട്ടത്. രാമങ്കരിയിലെ സിപിഐഎമ്മിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചാത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിനെ പുറത്താനുള്ള നീക്കത്തിൽ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്നാണ് സൂചന. കുട്ടനാട്ടിലെ കടുത്ത വിഭാഗീയതയിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 200 ഓളം പേരാണ് സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നത്.

കുന്നത്തൂർ കിഴക്ക് കുളിമ്പിളിക്കാലായിൽരാജമ്മ നിര്യാതയായി

കുന്നത്തൂർ:കുന്നത്തൂരിലെ മുതിർന്ന
കോൺഗ്രസ് നേതാവ് പരേതനായ ചെല്ലപ്പന്റെ ഭാര്യ കുന്നത്തൂർ കിഴക്ക് കുളിമ്പിളിക്കാലായിൽ
രാജമ്മ(86) നിര്യാതയായി.സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:വിമലൻ.സി (ചിത്രാലയ സ്റ്റുഡിയോ),കമലൻ കെ.സി,ലതാകുമാരി.സി.
മരുമക്കൾ:ബിന്ദു.എസ്,ലേഖ.ബി,
അശോകൻ.
സഞ്ചയനം:എട്ടിന് രാവിലെ എട്ടിന്.

അപരന്മാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യം,നിസഹായാവസ്ഥ പറഞ്ഞ് സുപ്രിംകോടതി

ന്യൂഡെല്‍ഹി. അപരന്മാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താല്പര്യ ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി.അപരന്മാരെ മത്സരിക്കുന്നതിൽ നിന്ന് തടയാനാവില്ലെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ് , എസ്‌സി ശർമ്മ , സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അപരന്മാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് തടയാൻ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശം നൽകണമെനായിരുന്നു ഹർജിയിലെ ആവിശ്യം. സുപ്രീംകോടതി എതിർപ്പ് അറിയിച്ചതോടെ ഹർജി അഭിഭാഷകൻ പിൻവലിച്ചു. മാതാപിതാക്കൾ സ്ഥാനാർത്ഥികൾക്ക് സമാന പേരുകൾ നൽകുന്നതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എങ്ങനെ വിലക്കുമെന്ന് സുപ്രീംകോടതി ഹർജിക്കാരനോട് ചോദിച്ചു.

മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ , അമ്മയും കുഞ്ഞും മരിച്ചു

മുംബൈ. മൊബൈൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ പ്രസവശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. മുംബൈ കോർപറേഷൻ്റെ കീഴിൽ ഭാണ്ഡൂപിൽ പ്രവർത്തിക്കുന്ന മറ്റേണിറ്റി ഹോമിലാണ് നടുക്കുന്ന സംഭവം.

ശസ്ത്രക്രിയക്കിടെ മൂന്ന് മണിക്കൂർ വൈദ്യുതി മുടങ്ങിയെന്നും ജനറേറ്റർ പ്രവർത്തിച്ചില്ലെന്നും കുടുംബം പറയുന്നു. അമ്മയും കുഞ്ഞും മരിച്ചതിന് പിന്നാലെ കുടുംബം ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം പ്രത്യേക അന്വേഷണസംഘത്തെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനായി മുംബൈ കോർപ്പറേഷൻ നിയോഗിച്ചു.

ജസ്ന തിരോധാന കേസിൽ പിതാവ് തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി

ജസ്ന തിരോധാന കേസിൽ മുദ്രവെച്ച കവറിൽ തെളിവുകൾ കോടതിക്ക് കൈമാറി ജസ്നയുടെ പിതാവ്.
സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതിയിൽ പിതാവ് നൽകിയ ഹർജിയിലാണ് തുടർനീക്കം.ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും,സിബിഐ വിട്ടു പോയ ജസ്‌നയുടെ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാമെന്നും
പിതാവ് കോടതിയെ അറിയിച്ചിരുന്നു.പിന്നാലെ കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്
തെളിവുകൾ മുദ്രവെച്ച കവറിൽ കൈമാറിയത്.തെളിവുകൾ സിജെഎം കോടതി പരിശോധിച്ചു.
കേസ് ഡയറി ഹാജരാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഹാജരാക്കിയ തെളിവുകൾ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കിൽ തുടരന്വേഷണത്തിന് ഉത്തരവിടുമെന്നാണ് കോടതി നിലപാട്.കേസ് നാളെ വീണ്ടും പരിഗണിക്കും.

സൗജന്യ തൊഴില്‍ പരിശീലനം

വള്ളംകുളം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രിന്റിംഗ് ടെക്‌നോളജി, ബുക്ക് ബൈന്‍ഡിംഗ്, സ്‌ക്രീന്‍ പ്രിന്റിംഗ്, ഓഫ്‌സെറ്റ് പ്രിന്റിംഗ്, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് & മലയാളം എന്നീ കെ.ജി.റ്റി കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൈകാല്‍ സ്വാധീനമില്ലാത്തവര്‍, ചെറിയ തോതില്‍ ബുദ്ധി വൈകല്യം ഉള്ളവര്‍, ഭാഗികമായി കാഴ്ച കുറവുള്ളവര്‍, ബധിരരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18–35. പരിശീലനം സൗജന്യമാണ.് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യമുണ്ട്. പേര്, വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, വൈകല്യത്തിന്റെ സ്വഭാവം, ഇവ രേഖപ്പെടുത്തിയ അപേക്ഷയോടൊപ്പം ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജില്ലാ മെഡിക്കല്‍ ബോര്‍ഡില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നീ രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കാര്‍ത്തികാ നായര്‍ മെമ്മോറിയല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍, വള്ളംകുളം പി.ഒ, തിരുവല്ല – 689 541 എന്ന വിലാസത്തില്‍ മെയ് 15ന് ലഭിക്കണം. അപേക്ഷാഫാറത്തിനും വിവരങ്ങള്‍ക്കും www.karthikarehab.com ഫോണ്‍ 0469 2608176/ 9446116221,

വിദേശത്തേക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

കൊല്ലം. വിദേശത്തേക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് കൊല്ലം സ്വദേശിനികളായ യുവതികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ആൾ പിടിയിലായി. കർണ്ണാടക സ്വദേശിയായ ഷാജഹാൻ (38) നെയാണ് കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്തത്. യുവതികൾക്ക് ഇംഗ്ലണ്ടിൽ ഡേ കെയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് 2022 നവംബർ മാസം മുതൽ 2023 ജനുവരി വരെയുള്ള കാലയളവിൽ പല തവണകളായി 215000/- രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

പണം നൽകിയ ശേഷവും വിസ ലഭിക്കാതായതോടെ പാസ്‌പോർട്ടും നൽകിയ പണവും തിരികെ ആവശ്യപ്പെട്ടിട്ടും പ്രതി അവ നൽകാൻ തയ്യാറായില്ല. തുടർന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സമാനമായ തട്ടിപ്പ് നടത്തിയതിന് ഇയാളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുള്ളതായും കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1 ഇയാളെ റിമാന്റ് ചെയ്യ്തിട്ടുള്ളതായും അറിയാൻ കഴിഞ്ഞു. തുടർന്ന് കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ, എസ്.ഐ മാരായ സന്തോഷ് കുമാർ, ഹസൻ കുഞ്ഞ് സിപിഒ അനിൽ എന്നിവരടങ്ങിയ സംഘം മൂവാറ്റുപുഴ സബ്ബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞ് വന്ന ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു

ശാസ്താംകോട്ട ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കായൽതീരത്തെ ഊട്ടുപുര തകർച്ചയിൽ

ശാസ്താംകോട്ട:ധർമ്മശാസ്താ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഊട്ടുപുര തകർച്ചയിൽ.ക്ഷേത്രത്തിന് തെക്ക് വശം തടാകക്കരയിൽ അമ്പലക്കടവിലാണ് ഊട്ടുപുര സ്ഥിതി ചെയ്യുന്നത്.വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിലെ അന്നദാനം, വിവാഹങ്ങളുമായി ബന്ധപ്പെട്ട സദ്യ തുടങ്ങിയ ഇവിടെയായിരുന്നു നടത്തതിയിരുന്നത്.പിന്നീട് ക്ഷേത്രത്തിൽ സദ്യാലയം വന്നതോടെ ഊട്ടുപുര ഉപയോഗിക്കാതെയായി.
ഇതോടെ ഊട്ടുപുര കാട് മൂടുകയും തകർന്ന് തുടങ്ങുകയുമായിരുന്നു.പൂർണമായും കാട് മൂടി കിടക്കുന്ന ഊട്ടുപുര ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയിരിക്കയാണ്.ഊട്ടുപുര സംരക്ഷിക്കണമെന്ന ആവശ്യത്തെ തുടർന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രയാർ ഗോപാലകൃഷ്ണൻ ഇവിടം സന്ദർശിക്കുകയും പുനരുദ്ധാരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തിരുന്നു.എന്നാൽ അദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറിയയോടെ ഊട്ടുപുര പുനരുദ്ധാരണവും ഉപേക്ഷിക്കപ്പെടുകയായിരുന്നു.
അഡ്വ.അനന്തഗോപൻ ബോർഡ് പ്രസിഡന്റായിരിക്കെ ഊട്ടുപുരയുടെ സംരക്ഷണം ഭക്തരും നാട്ടുകാരും വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.നടപടി ഉണ്ടാകുമെന്ന ഉറപ്പും പാലിക്കപ്പെട്ടില്ല.നിലവിൽ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന വിധത്തിൽ അമ്പലക്കടവിന്റെ മുഖഛായ മാറുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.ഇവിടെ നവീകരിച്ച പടിക്കെട്ടിനോട് ചേർന്നാണ് ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിൽ കാടുമൂടിയ ഊട്ടുപുര സ്ഥിതി ചെയ്യുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ള ഊട്ടുപുര പൈതൃക സ്മാരകമായി സംരക്ഷിക്കണമെന്നാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.

തടാകം കാണാനെത്തുന്നവരുടെ പ്രധാന കേന്ദ്രമാണ് അമ്പലക്കടവ്. അവിടെ ലഘുഭക്ഷണവും മറ്റും വിതരണം ചെയ്യുന്ന കേന്ദ്രമായി കെട്ടിടം നവീകരിച്ച് പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ശാസ്താംകോട്ട കെഎസ്എംദേവസ്വം ബോർഡ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ശാസ്താംകോട്ട:കെഎസ്എം ദേവസ്വം ബോർഡ് കോളേജിൽ 2024 – 2025 അദ്ധ്യയന
വർഷത്തേക്ക് ഫിസിക്സ്, സുവോളജി,ഇംഗ്ലീഷ്,ഹിന്ദി,
സ്റ്റാറ്റിസ്റ്റിക്സ്,കമ്പ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ,സോഫ്റ്റ്‌വെയർ
ഡെവലപ്പ്മെന്റ്,ഫുഡ് പ്രോസസ്സിംഗ്
ആന്റ് മാനേജ്‌മെൻ്റ് എന്നീ വിഷയങ്ങളിൽ
അതിഥി അദ്ധ്യാപക ഒഴിവുണ്ട്.യുജിസി,സർവ്വകലാശാല യോഗ്യതയുള്ളവർക്ക് മുൻഗണന.കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ
കാര്യാലയത്തിൽ ഗസ്റ്റ് പാനൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ മേയ് 20 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളും,രേഖകളുമായി കോളേജ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.ഫോൺ നമ്പർ: 0476-2830323,2833323.