Home Blog Page 2762

മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശം.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ., മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരേ കെസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. കന്റോണ്‍മെന്റ് പോലീസിനാണ് കേസെടുക്കാന്‍ നിര്‍ദേശം. പരാതി കോടതി പോലീസിന് കൈമാറി. കേസില്‍ മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. മേയര്‍ക്കെതിരെ യദു പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അത് പരിഗണിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് യദു കോടതിയെ സമീപിച്ചത്.

തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്‍കിയതാണ് അത്യാഹിതത്തിന് കാരണം. രണ്ടു ദിവസം മുന്‍പ് ആദ്യം കിടാവും പിന്നീട് പശുവും ചാവുകയായിരുന്നു.
പശുവിന് ദഹനക്കേടാണെന്ന് കരുതി പങ്കജവല്ലിയമ്മ മൃഗാശുപത്രിയില്‍ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാല്‍ മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലിയമ്മ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. എന്നിട്ടും എന്താണ് കാരണം എന്ന് തുടക്കത്തില്‍ മനസിലായിരുന്നില്ല.
സാധാരണ ദഹനക്കേട് ഉണ്ടാവുമ്പോള്‍ മരുന്ന് കൊടുത്താല്‍ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു. കുത്തിവെപ്പെടുക്കാന്‍ സബ് സെന്ററില്‍ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ഇത് സംശയത്തിന് കാരണമായി. പശുക്കളുടെ പോസ്റ്റ്മോര്‍ട്ടത്തിലാണ് അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായത്.

സംസ്ഥാനത്ത് ചൂട് തുടരും….

ഉഷ്ണ തരംഗ മുന്നറിയിപ്പ് ഇല്ലെങ്കിലും ബുധനാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരും. ഉയര്‍ന്ന താപനില കണക്കിലെടുത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 52,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്.
6605 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മെയ് രണ്ടിന് സ്വർണവില വീണ്ടും 53,000ലേക്ക് എത്തിയിരുന്നു. പിന്നീട് വില കുറയുകയായിരുന്നു.

മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡും ഇട്ടിരുന്നു.

സമ്മാനം വേണ്ട സ്നേഹം മതി,അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം. വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.

വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അധ്യയന വര്‍ഷാവസാന ദിനത്തില്‍ ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ കൈമാറുന്നതും പതിവാകുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് നിര്‍ദ്ദേശം.

നേരത്തെ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറും സമാനമായ നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ സമ്ബ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമായിരുന്നു നിര്‍ദേശം നല്‍കിയത്. ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകളിലേക്ക് ഈ നിര്‍ദേശം കൈമാറി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി കൂടാതെ അന്യരില്‍ നിന്നും യാതൊരു തരത്തിലുള്ള സമ്മാനമോ, പ്രതിഫലമോ, പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ കുടുംബങ്ങളില്‍ നിന്നും ആരെയും അവ വാങ്ങാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ലെന്നായിരുന്നു ചട്ടം.

ട്രെയിനിനു മുന്നില്‍പ്പെട്ട യുവാവിന് പരിക്കേറ്റു

കരുനാഗപ്പള്ളി: തഴവ കടത്തൂർ ഇരുപതാം വാർഡിൽ അമ്പിശ്ശേരി തൈക്കാവിന് സമീപമുള്ള റെയിൽവേ പാളത്തിലാണ് ട്രയിന്‍ തട്ടി ഒരാള്‍ക്ക് പരുക്കേറ്റത്
തഴവ കടത്തുർ കുറ്റി കീഴക്കതിൽ ഷെരീഫ് (50)നാണ് ഇടത് കൈക്ക് പരിക്കേറ്റത് .
വൈകിട്ട് 6 മണിയോടെയാണ് സംഭവം, ഉടൻ തന്നെ നാട്ടുകാർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു

യുവതിക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

പാലക്കാട്: ഒലവക്കോട് താണാവില്‍ വനിതയ്ക്ക് നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം.

ബര്‍ക്കിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബര്‍ക്കിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

രാവിലെ ഇവിടെയെത്തി ഹുസൈന്‍ ഭാര്യയുമായി സംസാരിക്കുകയും തര്‍ക്കത്തെ തുടര്‍ന്ന് കയ്യിലുള്ള കുപ്പിയിലെ ദ്രാവകം മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. ബര്‍ക്കിനയുടെ മുഖത്ത് പൊള്ളലേറ്റു. തുടര്‍ന്ന് കാജാ ഹുസൈന്‍ ഓടിരക്ഷപ്പെടാന്‍ നോക്കി

അതേസമയം സംഭവം കണ്ട് ഓടിക്കൂടിയ ആള്‍ക്കാര്‍ ഹുസൈനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ ഉടന്‍ ചോദ്യം ചെയ്യും.

സ്മാര്‍ട്ട്സിറ്റിയുടെ 24നിലകെട്ടിടത്തിന് പെയ്ന്റിംഗ് ജോലികള്‍ക്കായി വെച്ചിരുന്ന ഫ്രെയിം തകര്‍ന്നു വീണ് ഒരാള്‍ മരണമടഞ്ഞു

കൊച്ചി: സ്മാര്‍ട്ട്സിറ്റിയുടെ പെയ്ന്റിംഗ് ജോലികള്‍ക്കായി വെച്ചിരുന്ന ഫ്രെയിം തകര്‍ന്നു വീണ് ഒരാള്‍ മരണമടഞ്ഞു.

അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്ന് വിവരം. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാര്‍ സ്വദേശി ഉത്തം ആണ് മരണമടഞ്ഞത്.

ഇന്ന് രാവിലെയായിരുന്നു ഇന്‍ഫോര്‍ പാര്‍ക്കിന് സമീപം സ്മാര്‍ട്ട്സിറ്റി ഏരിയയില്‍ ഇരുമ്ബ് ഫ്രെയിം തകര്‍ന്നു വീണത്. 24 നിലയുള്ള കെട്ടിടത്തിന്റെ മിനുക്കുപണിക്കായി കൊണ്ടുവന്ന ഫ്രെയിമാണ് തകര്‍ന്നുവീണത്. ഏറ്റവും മുകളില്‍ ജോലി ചെയ്തിരുന്നവര്‍ താഴേയ്ക്ക് വീഴുകയും ഇരുമ്ബ് കമ്ബികള്‍ക്ക് ഇടയില്‍ പെടുകയുമായിരുന്നു. എല്ലാവരേയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുയകാണ്. ഉത്തത്തിന്റെ മൃതദേഹം

കമ്ബികള്‍ക്കിടയില്‍ കുടുങ്ങിപ്പോയവരെ ഫയര്‍ഫോഴ്സ് എത്തി പുറത്തെടുക്കുകയായിരുന്നു. അഞ്ചുപേരാണ് ചികിത്സയില്‍ കഴിയുകയാണ്. ജോലി ചെയ്തിരുന്നവരെല്ലാം അതിഥി തൊഴിലാളികളായിരുന്നു എന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മാസപ്പടി, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യുകുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപരും: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യുകുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി.

കോടതി നേരിട്ട് അന്വേഷിക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എ യുടെ ആവശ്യമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേയാണ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിനായി വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി വീണാ വിജയന് വന്‍ തുകകള്‍ മാസപ്പടി നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്റെ ആരോപണം. സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവ് ഹാജരാക്കാന്‍ നേരത്തേ നേരത്തേ കോടതി ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.

ചില രേഖകള്‍ മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലൂം ഇതിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് കോടതിയും വാദിക്കുകയായിരുന്നു. കെആര്‍ഇഎംഎല്‍ന് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. പുതിയ സംഭവവികാസം സിപിഎമ്മിന് വലിയ ആശ്വാസമാണ്.

വിധി പഠിച്ചശേഷം തുടര്‍ നടപടി ആലോചിക്കുമെന്ന് മാത്യുകുഴല്‍നാടന്‍പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്വേഷണം ഫലപ്രദമല്ലെന്നതിനാലാണ് കോടതിയുടെ മേല്‍നോട്ടത്തിലെ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ അത് കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു

ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ഇന്നുമുതൽ രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയുമാണ് പുതിയ സമയക്രമം. അതേസമയം ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം മൂന്ന് വരെ നീട്ടിയിരുന്നു