Home Blog Page 2763

കള്ളക്കടൽ പ്രതിഭാസം: കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം:
സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരളാ തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്.
ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണം

ഒരുകാരണവശാലും തീരത്ത് കിടന്നുറങ്ങരുത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിർദേശമുണ്ട്.

ചട്ടമ്പിസ്വാമികൾ നവോത്‌ഥാന കേരളത്തിന്റെ നെടു നായകൻ :ഡോ. സി. വി. ആനന്ദബോസ്

പന്മന: മാനവികമായ അറിവിന്റെ അടിസ്ഥാന പ്രമാണങ്ങൾ കേരളത്തിന്‌ നൽകിയ മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദബോസ്. പന്മന ആശ്രമത്തിൽ ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദിയുടെ ഭാഗമായി നടന്ന മഹാഗുരുജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടമ്പിസ്വാമിയുടെ ജ്ഞാനശക്തിയും കുമ്പളത്തു ശങ്കുപിള്ളയുടെ കർമശക്തിയും കേരളത്തിന്റെ ചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ചു. മഹാഗുരുവിന്റെ പ്രേരണയാണ് നിരവധി ആചാര്യന്മർക്ക് വഴിയൊരുക്കിയത്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസപദ്ധതിയിൽ ചട്ടമ്പിസ്വാമി ദർശനം ഉൾപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണം എൻ. കെ. പ്രേമചന്ദ്രൻ എം. പി. നിർവഹിച്ചു. സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, പ്രകാശ് ബാബു, കോലത്ത് വേണുഗോപാൽ, കവി കുരീപ്പുഴ ശ്രീകുമാർ, അരുൺ അരവിന്ദ് എന്നിവർ സംസാരിച്ചു.  തുടർന്ന് വിൽകലാമേളയും സ്വാമി കൃഷ്ണ മയാനന്ദ തീർത്ഥപാദരുടെ സോപാന നൃത്തവും നടന്നു.

സാമ്പത്തിക തട്ടിപ്പിനിരയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പിനിരയായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
പലരിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവനോളം സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്ത
മാന്നാർ കുട്ടമ്പേരൂർ സാറാമ്മ ലാലു (മോളി), മാന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം ഉഷ ഗോപാലകൃഷ്ണൻ എന്നിവരെയാണ് വീയപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയമ്മയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന പ്രതികളെ തിരുവല്ല കുറ്റൂരുള്ള ഒരു വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണൻ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുള്ളത്. ശ്രീദേവിയമ്മയുടെ കയ്യിൽ നിന്നും സംഘം 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി. ശ്രീദേവിയമ്മ മരിക്കുന്നതിന് മുൻപ് തന്നെ ഇതുമായി ബന്ധപെട്ട് മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണ ചുമതല വീയപുരം പൊലീസ് ഇൻസ്പെക്ടർക്ക് കൈമാറിയത്. 

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടി കൂടാനുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വീയപുരം പൊലീസ് ഇൻസ്പെക്ടർ ധർമ്മജിത്തിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബാലകൃഷ്ണൻ, പ്രതാപചന്ദ്രമേനോൻ, സിവിൽ പൊലീസ് ഓഫീസർ നിസാറുദ്ദീൻ, വനിതാ എ.എസ്.ഐ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.
ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.

വാർത്താനോട്ടം

2024 മെയ് 06 തിങ്കൾ


?കേരളീയം?



? സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. നാളെ വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ്  മുന്നറിയിപ്പ് നല്‍കുന്നുണ്ട്




? തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആര്‍ടിസിയും പൊലീസും. തര്‍ക്കമുണ്ടായ ദിവസം യാത്രക്കിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി.



? ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി മധ്യമേഖല പ്രസിഡന്റ് ഹരിയും, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള ദേവിയും എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ കൂടിയായ എസ് രാജേന്ദ്രന്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് പ്രതികരിച്ചു.



? കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ട്  കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്. കന്യാകുമാരി സ്വദേശികളായ ആറ്മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.


? റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി.  അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.  ചാലക്കുടി സ്വദേശികളായ സുബീഷ്, സുബിന്‍
എന്നിവരെ അറസ്റ്റ് ചെയ്തു.


? താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയുമാണ് കവര്‍ന്നത്.


? പത്തനംതിട്ട ഏറത്ത്  കിണറ്റില്‍ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കിണറ്റില്‍ വീണ തൊട്ടിയെടുക്കാന്‍ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാന്‍ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്. ഇന്നലെ രാവിലെയാണ് സംഭവം. ആഴമേറിയ കിണറ്റില്‍ ഓക്സിജന്റെ അഭാവം കാരണമാണ് അബോധാവസ്ഥയിലായതെന്നാണ് സൂചന.




? സംസ്ഥാനത്ത് കള്ളക്കടല്‍ ഭീഷണി തുടരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് ഇന്നും തുടരും. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.


??  ദേശീയം  ??


?രാജ്യത്തെ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 94 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 ഉം കര്‍ണാടകത്തിലെ 14 ഉം മധ്യപ്രദേശിലെ 8 ഉം യുപിയിലെ 10 ഉം മഹാരാഷ്ട്രയിലെ 11 ഉം മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്.




? ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ ഭീകരരെ സഹായിച്ചോ എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു.

? ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിങ് ചന്നി.


? ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറെ
കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ കാനഡ പങ്കുവച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. കനേഡിയന്‍ പൊലീസ് വിവരം പങ്കുവയ്ക്കുന്നതിനനുസരിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

? ലൈംഗികാതിക്രമ
ക്കേസുകളില്‍ പ്രതിയായ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണ കര്‍ണാടകയിലെ നാളത്തെ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. നിലവില്‍ പ്രജ്വല്‍ മസ്‌കറ്റിലാണുള്ളതെന്നാണ് സൂചന. പ്രജ്വലിന്റെ അച്ഛനും എംഎല്‍എയുമായ രേവണ്ണയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.



? മധ്യപ്രേദശില്‍ പൊലീസ് ഉദ്യോഗസ്ഥനെ മണല്‍മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി. ഷെദോളിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.


? അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസില്‍ പൂട്ടിയിട്ടെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നും അവര്‍ അറിയിച്ചു.

? റായ്ബറേലി അമേഠി സീറ്റു നിര്‍ണ്ണയത്തെ ചൊല്ലി കുടുംബത്തില്‍ ഭിന്നതയില്ലെന്ന് പ്രിയങ്കാ
ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. അധികാരവും പദവിയും
കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.



? റായ്ബറേലി, അമേഠി മണ്ഡലങ്ങളുടെ മുഴുവന്‍സമയ പ്രചാരണച്ചുമതല ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി. റായ്ബറേലിയില്‍ ഇന്നെത്തുന്ന പ്രിയങ്ക വോട്ടെടുപ്പു നടക്കുന്ന 20 വരെ ഇരുമണ്ഡലങ്ങളിലുമായി പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.

? കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഗോവധത്തിന് അനുമതി നല്‍കുമെന്നും ഗോമാംസം കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഔറംഗസീബിന്റെ കാലത്ത് നിലവിലുണ്ടായിരുന്ന നികുതി സമ്പ്രദായം ഇന്ത്യാ സഖ്യം തിരികെ കൊണ്ടുവരുമെന്നും പരമ്പരാഗത സ്വത്തിന് നികുതി ഏര്‍പ്പെടുത്തുമെന്നും യോഗി ആരോപിച്ചു.



? ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനാണ് നടപടി.


??  അന്തർദേശീയം ??


? ടൈറ്റാനിക് സിനിമയില്‍ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ച് സിനിമാ പ്രേമികള്‍ക്കിടയില്‍ ചിര പ്രതിഷ്ഠ നേടിയ നടന്‍ ബെര്‍ണാഡ് ഹില്‍ (79) അന്തരിച്ചു. ടൈറ്റാനിക്, ലോര്‍ഡ് ഓഫ് ദ റിങ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകമാകെ ആരാധകരുള്ള നടനാണ് ബെര്‍ണാഡ് ഹില്‍.

? ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ അല്‍-ജസീറ ഇസ്രയേലില്‍ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതേസമയം ഇസ്രയേല്‍ സര്‍ക്കാരിന്റെ ഈ കുറ്റകരമായ നീക്കത്തെ അപലപിക്കുന്നുവെന്ന് അല്‍ ജസീറ എക്‌സില്‍ കുറിച്ചു.


കായികം  ?

?ഐപിഎല്ലില്‍
പഞ്ചാബ് കിംഗ്സിനെ 28 റണ്‍സിന് തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റ് നഷടത്തില്‍ 139 റണ്‍സെടുക്കാനേ പഞ്ചാബിന് സാധിച്ചുള്ളൂ.



? ഐപിഎല്ലില്‍ ഇന്നലെ

നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ 98 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.  ആദ്യം ബാറ്റ് ചെയ്ത് കൊല്‍ക്കത്ത 39 പന്തില്‍ 81 റണ്‍സെടുത്ത സുനില്‍ നരെയന്റെ മികവില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു.




? മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടായി. ഈ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിനെ മറികടന്ന് 11 കളികളില്‍ 16 പോയന്റുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 10 കളികളില്‍ 16 പോയന്റുള്ള  രാജസ്ഥാന്‍ രണ്ടാമതും 12 പോയന്റുള്ള ചെന്നൈ മൂന്നാമതുമാണ്.

ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ്

ബംഗളുരു.ലൈംഗികാതിക്രമ കേസിൽ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സിബിഐയുടെ നടപടി. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രജ്വലിനായി നേരത്തെ ലുക്ക്ഔട്ട്‌ സർക്കുലർ ഇറക്കിയിരുന്നു. അതേസമയം പ്രജ്വൽ രേവണ്ണ ലൈംഗിക പീഡനത്തിന് ഇരയാക്കിയവർക്ക് പരാതി നൽകാൻ അന്വേഷണ സംഘം ഹെൽപ്പ്ലൈൻ സംവിധാനം ഒരുക്കി. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള മുൻ മന്ത്രി എച്ച്.ഡി രേവണ്ണയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ബീച്ച് കാണാൻ എത്തിയ എഴുവയസ്സുകാരിയെ തിരമാലയിൽപ്പെട്ടു കാണാതായി

കന്യാകുമാരി. തേങ്ങാപ്പട്ടണത്തിൽ ബീച്ച് കാണാൻ എത്തിയ എഴുവയസ്സുകാരിയെ തിരമാലയിൽപ്പെട്ടു കാണാതായി.വിഴുതാമ്പലം സ്വദേശി പ്രേമദാസിന്റെ മകൾ ആദിഷയെ ആണ് കാണാതായത്.വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.രാത്രിയായത് തിരച്ചിലിന് പ്രതിസന്ധി.തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും.

ഭീകരർക്ക് മറുപടി നൽകാൻ ഒരുങ്ങി സൈന്യം

ജമ്മു. ജമ്മുകശ്മീർ പൂഞ്ച് ഭീകരാക്രമണത്തിൽ ഭീകരർക്ക് മറുപടി നൽകാൻ ഒരുങ്ങി സൈന്യം.വാഹനവ്യൂഹത്തിന് നേരെ വെടിവൈപ്പ് ഉണ്ടായ ഷാസിതാറിന് സമീപമുള്ള വനമേഖലയിൽ തിരച്ചിലിനായി കൂടുതൽ സംഘത്തെ ഏർപ്പെടുത്തി. ആക്രമണം നടത്തിയ ഭീകരൻ പ്രദേശത്തെക്കുറിച്ച് ധാരണയുള്ളവരെന്ന് സൈനിക വൃത്തങ്ങൾ. ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായത്തോടെയാണ് സൈനിക നടപടി വനമേഖല കേന്ദ്രീകരിച്ച് പുരോഗമിക്കുന്നത്.സേനയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതി നേരിട്ട എത്തി വിലയിരുത്തിയിട്ടുണ്ട്. നിയന്ത്രണ രേഖയോട് ചേർന്ന പ്രദേശങ്ങളിൽ സൈന്യത്തിന്റെ പെട്രോളിങ്  ശക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ സമ്മർദ്ദം മൂലം ആത്മഹത്യ, എ എസ് ഐ വിജയന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

കാസര്‍ഗോഡ്.രാഷ്ട്രീയ ഇടപെടല്‍ മൂലമുണ്ടായ ജോലി സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്ത ബേഡകം സ്റ്റേഷനിലെ എ എസ് ഐ വിജയന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ, ബേഡകം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

വിജയന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഭരണ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. വിജയന് മാനസിക സമ്മർദ്ദം ഉണ്ടായെന്നും, പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നുമുള്ള ആവശ്യം സേനയ്ക്കുള്ളിലും ശക്തമാവുകയാണ്. വിജയന്റെ ആത്മഹത്യയിൽ പ്രതിപക്ഷ ആരോപണം ശക്തമായതോടെ സിപിഐഎം ബേഡകത്ത് ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം നടത്തും

പന്മന ആശ്രമത്തിൽ ഇന്ന് മഹാഗുരു സാഹിതി

പന്മന. മഹാഗുരു ചട്ടമ്പി സ്വാമി സമാധി ശതാബ്‌ദിയുടെ ഭാഗമായി ഇന്ന് പന്മന ആശ്രമത്തിൽ മഹാഗുരുസാഹിതി നടക്കും മലയാളത്തിലെ പ്രമുഖസാഹിത്യനായകർ പങ്കെടുക്കും. പ്രൊഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മലയാളസാഹിത്യത്തിലെ വിവിധമേഖലകളെക്കുറിച്ച് പ്രമുഖ നിരൂപകനും പത്രാധിപരുമായ കെ. സി. നാരായണൻ, പ്രമുഖ നിരൂപകൻ ആഷാമേനോൻ, പ്രശസ്ത നോവലിസ്റ്റ് റ്റി. ഡി. രാമകൃഷ്ണൻ, ചലച്ചിത്രകാരനും വിമർശകനുമായ വി. രാജ കൃഷ്ണൻ തുടങ്ങിയവർ പ്രഭാഷണം നടത്തും. വൈകിട്ട് 3.30നാണ് പരിപാടി