21.5 C
Kollam
Saturday 20th December, 2025 | 06:43:29 AM
Home Blog Page 2757

കൊട്ടിയത്ത് കടയ്ക്ക് സമീപം ബോംബോ….. പരിഭ്രാന്തി മാറി

കൊട്ടിയം: കടയ്ക്ക് സമീപം ബോംബ് പോലുള്ള വസ്തു കണ്ടെത്തിയത് പരിഭ്രാന്തിക്കിടയാക്കി. നെടുമ്പന പുലിയില കിഴങ്ങുവിളമുക്കിനടുത്ത് സജീവിന്റെ ഉടമസ്ഥതയിലുള്ള എസ്ആര്‍ ഗ്ലാസ്സ് കടയ്ക്ക് പിറകിലായാണ് ചൊവ്വാഴ്ച രാവിലെ ബോംബ് പോലെയുള്ള വസ്തു കണ്ടെത്തിയത്. സജീവിന്റെ മാതാവ് പൊയ്കയില്‍ വീട്ടില്‍ സൗദമ്മാള്‍ കടയുടെ പുറകില്‍ വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് ഇത് ഇവരുടെ കാലില്‍ തട്ടിയത്. ബോള്‍ പോലെയുള്ള സാധനത്തില്‍ കുക്കറിന്റെ വിസില്‍ പോലെ എന്തോ ഒന്ന് ഉയര്‍ന്നു നില്‍ക്കുന്നതായി സംശയംതോന്നിയ ഇവര്‍ മകന്‍ സജീവിനെ വിവരം അറിയിക്കുകയുമായിരുന്നു. സജീവ് വിവരം കണ്ണനല്ലൂര്‍ പോലീസിനെ അറിയിച്ചു. സംഭവമറിഞ്ഞെത്തിയ കണ്ണനല്ലൂര്‍ പോലീസ് ബോംബ് സ്‌ക്വാഡിനെയും, ഡോഗ് സ്‌ക്വാഡിനേയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പരിശോധന നടത്തുകയും ബോംബ് അല്ലെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതൊടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. മുകളില്‍ പോയി പൊട്ടുന്ന അമിട്ടാണ് ഇതെന്നാണ് പോലീസ് പറഞ്ഞത്. സംഭവമറിഞ്ഞ് നിരവധി പേരാണ് ഇവിടെ തടിച്ചു കൂടിയത്.

എസ്എസ്എല്‍സി ഫലം വേഗത്തിലറിയാന്‍…

2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചതിരിഞ്ഞു മൂന്നിനു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

ഫലം വേഗത്തിൽ പിആർഡി ലൈവ് ആപ്പിലൂടെ

ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പിആർഡി ലൈവ് മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. ബുധനാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടൻ ആപ്പിൽ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാലുടൻ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിനനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ PRD Live ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

ഫലങ്ങളറിയാൻ സഫലം 2024 മൊബൈൽ ആപ്പും

എസ്എസ്എൽസി / ഹയർ സെക്കൻഡറി/ വിഎച്ച്എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. എസ്എസ്എൽസിയുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ ദേശീയപാതയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. കാർ യാത്രികരായ ഇരിങ്ങാലക്കുട സ്വദേശി ശിവകുമാർ(54), മക്കളായ ശരത്(23), സൗരവ്(15) എന്നിവരാണ് മരിച്ചത്.
ആംബുലൻസിലുണ്ടായിരുന്ന രോഗി ഉഷ, ബന്ധു ശിവദാസ്, ഡ്രൈവർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരുവിൽ നിന്ന് തൃശ്ശൂരിലേക്ക് വരികയായിരുന്നു ശിവദാസും മക്കളും. ആംബുലൻസ് തെറ്റായ ദിശയിൽ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്.

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ മുടങ്ങി. പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ അപേക്ഷകർ ആരും എത്തിയില്ല. എറണാകുളത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ടെസ്റ്റുകൾ ബഹിഷ്‌കരിക്കുകയായിരുന്നു.

കോഴിക്കോടും അപേക്ഷകർ എത്താത്തതിനാൽ ടെസ്റ്റ് നടന്നില്ല. മുട്ടത്തറയിൽ മൂന്ന് പേർ ടെസ്റ്റിന് എത്തിയെങ്കിലും ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന് ഐഎൻടിയുസി അറിയിച്ചു. പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്താൻ ശ്രമിച്ചെങ്കിലും തടസ്സപ്പെടുകയായിരുന്നു. ടെസ്റ്റ് നടത്താൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും ടെസ്റ്റുകൾ മുടങ്ങിയിരുന്നു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്നലെ പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം കണ്ടത്.

ഉത്സവ-മദ്യനിരോധിത മേഖല

കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മെയ് എട്ട് മുതല്‍ 12 വരെ ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും ഉത്സവമേഖലയായും മെയ് 12ന് ക്ഷേത്രവും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദമലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രസമാധാനപാലനത്തിലും ബന്ധപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.

മദ്യലഹരിയില്‍ യുവാവ് ബൈക്കില്‍ സഞ്ചരിച്ച യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിട്ടു

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപിച്ച യുവാവ് വലിച്ചുതാഴെയിട്ടു. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച് താഴെയിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്‍പില്‍ വച്ചായിരുന്നു സംഭവം. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തിരുവല്ല പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബൈക്കിലെത്തിയ ജോജോ പൊലീസുകാരോട് കയര്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ, വാഹനം അവിടെ പിടിച്ചുവച്ച് ഇയാളെ സ്റ്റേഷനില്‍ നിന്ന് പറഞ്ഞുവിടുകയായിരുന്നു. സ്റ്റേഷനില്‍ നിന്ന് തിരുവല്ല റോഡില്‍ എത്തിയ ജോജോ ബൈക്കില്‍ വരികയായിരുന്ന യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ച് താഴെയിടുകയായിരുന്നു.
അതിന് പിന്നാലെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത ശേഷം യുവതിയെ മര്‍ദിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് യുവതിയെ രക്ഷിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
പരിക്ക് സാരമല്ലെങ്കിലും യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റെയില്‍വേ സ്റ്റേഷനില്‍ സഹോദരിയെ ഇറക്കിയശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രതിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ പ്രതിയെ കൈയ്യേറ്റം ചെയ്തു. തുടര്‍ന്ന് പൊലീസ് ഏറെ പ്രയാസപ്പെട്ടാണ് സ്ഥലത്തുനിന്നും കൊണ്ടുപോയത്.

എസ്എസ്എല്‍സി ഫലം നാളെ…..ജില്ലയില്‍ ഫലം കാത്ത് 30,357 വിദ്യാര്‍ഥികള്‍

കൊല്ലം: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലത്തിനായി ജില്ലയില്‍ കാത്തിരിക്കുന്നത് 30,357 വിദ്യാര്‍ഥികള്‍. എസ്.എസ്.എല്‍.സി ഫലം നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലങ്ങള്‍ 9ന് പ്രഖ്യാപിക്കും. 29,176 വിദ്യാര്‍ഥികളാണ് പ്ലസ് ടു ഫലത്തിനായി കാത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനം. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്‍ണ്ണയ ക്യാംപില്‍ പങ്കെടുത്തത്.
ജില്ലയില്‍ എസ.്എസ്.എല്‍.സിക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് കൊല്ലം വിമലഹൃദയ ഗേള്‍സ് സ്‌കൂളിലാണ് -701പേര്‍. കടയ്ക്കല്‍ ജി.എച്ച്.എസാണ് തൊട്ടുപിന്നില്‍, 592 കുട്ടികള്‍. കൊല്ലം -വിദ്യാഭ്യാസ ജില്ലയില്‍ 16,268, പുനലൂര്‍- 6437, കൊട്ടാരക്കര- 7653 എന്നിങ്ങനെയാണ് പരീക്ഷ എഴുതിയവരുടെ കണക്ക്. 231 പരീക്ഷാകേന്ദ്രത്തിലായി 15,754 ആണ്‍കുട്ടികളും 14,603 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് പ്ലസ് വണ്ണില്‍ 17,519 വിദ്യാര്‍ഥികളും പ്ലസ് ടുവില്‍ 29,176 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്.

എസ്.എസ്.എല്‍.സി, ടി.എച്ച.്എസ്.എസ.്എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാഫലങ്ങള്‍ നാളെ വൈകിട്ട് 3.30 മുതല്‍ ലഭ്യമായി തുടങ്ങും. വിദ്യാഭ്യാസ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം വിവിധ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം. എസ്എസ്എല്‍സി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
http://sslcexam.kerala.gov.in http://results.kite.kerala.gov.in
https://pareekshabhavan.kerala.gov.in
http://prd.kerala.gov.in

വാക്കൗട്ട് വിവാദം: ഇവാനിൽ നിന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു കോടി രൂപ പിഴ ഈടാക്കിയെന്ന് റിപ്പോർട്ട്

കൊച്ചി:
കേരളാ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ മുൻ പരിശീലകനായ ഇവാൻ വുകാമനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകൽ വിവാദത്തിലാണ് നടപടി. കോർട്ട് ഓഫ് ആർബിട്രേഷന് നൽകിയ അപ്പീലിലാണ് പിഴ ചുമത്തിയ വിവരമുള്ളത്

ബംഗളൂരുവിനെതിരായ മത്സരം ബഹിഷ്‌കരിച്ചതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന് വലിയ പിഴ ഒടുക്കേണ്ടി വന്നിരുന്നു. ടീമിന് നാല് കോടി രൂപയാണ് ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്. ഇവാന് പത്ത് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം പിഴയും വിധിച്ചിരുന്നു. സാധാരണ ടീമിനുള്ള പിഴ ക്ലബ് ഉടമകളാണ് വഹിക്കാറുള്ളത്

എന്നാൽ ഇവാന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് അദ്ദേഹത്തിൽ നിന്ന് ക്ലബ് ഒരു കോടി രൂപ ഈടാക്കിയെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 26ന് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വേർപിരിയുന്നതായി ഇവാൻ അറിയിച്ചിരുന്നു.

വാക്കുതർക്കം: കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു

കണ്ണൂർ :പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കത്തികൊണ്ട് കുത്തിക്കൊന്നു. ചാളാംവയൽ കോളനിയിൽ രാജീവനാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവൻ ജ്യേഷ്ഠനായ രാജീവനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

നെഞ്ചിലും കൈത്തണ്ടയിലും കുത്തേറ്റ രാജീവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളായ ഇവർ തമ്മിൽ വാക്ക് തർക്കം പതിവാണെന്ന് നാട്ടുകാർ പറയുന്നു.

തൃശ്ശൂരും തിരുവനന്തപുരത്തും വിജയിക്കും ; അക്കൗണ്ട് തുറക്കും, 20 ശതമാനം വോട്ട് നേടുമെന്നും ബിജെപി

തിരുവനന്തപുരം:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പെന്ന് ബിജെപിയുടെ വിലയിരുത്തൽ. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്തുതലത്തിൽ ലഭിച്ച കണക്കുകൾ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം ഈ നിഗമനങ്ങളിൽ എത്തിയത്.

കേരളത്തിൽ ഇത്തവണ ബിജെപി അക്കൗൗണ്ട് തുറക്കും. 20 ശതമാനം വോട്ട് നേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ബൂത്തുതല നേതൃത്വങ്ങൾ സംസ്ഥാന നേതൃത്വത്തിന് നൽകിയ കണക്കുകളിൽ പറയുന്നു. തിരുവനന്തപുരത്ത് 3,60,000 വോട്ട് നേടി രാജീവ് ചന്ദ്രശേഖർ വിജയിക്കും. രണ്ടാം സ്ഥാനത്ത് ശശി തരൂർ ആയിരിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു

തൃശ്ശൂരിൽ നാല് ലക്ഷം വോട്ട് നേടി സുരേഷ് ഗോപി വിജയിക്കും. 3,80,000 വോട്ട് നേടി യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തും. തൃശ്ശൂർ, മണലൂർ, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാനത്തും എത്തുമെന്ന് ബിജപിയുടെ കണക്കുകൾ പറയുന്നു.