27.6 C
Kollam
Saturday 20th December, 2025 | 01:55:40 PM
Home Blog Page 2753

നൂറാം വർഷം നൂറ് ശതമാനം വിജയവുമായി ഭരണിക്കാവ് ജെ എം എച്ച് എസ്

ശാസ്താംകോട്ട:നൂറാം വാർഷികം ആഘോഷിക്കുന്ന ശാസ്താംകോട്ട ഭരണിക്കാവ് ജെ.എം ഹൈസ്കൂളിൽ
എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം.പരീക്ഷ എഴുതിയ 187 വിദ്യാർത്ഥികളും മികച്ച
ഗ്രേഡുകളോടെയാണ് വിജയിച്ചത്.47 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി.തുടർച്ചയായി മൂന്നാം വർഷവും നൂറ് ശതമാനം വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലാണ് ജെ.എം.എച്ച്.എസ് മാനേജ്മെന്റും പിടിഎയും വിദ്യാർത്ഥികളും.

തേവലക്കര പുറമ്പോക്ക് സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയത്ഒഴിപ്പിച്ചു

തേവലക്കര. പടിഞ്ഞാറ്റക്കര ആലയിൽ ഇറക്കത്ത് ബ്ലോക്ക് നം 15 ൽ റീ സർവ്വെ നം 174/15ൽപ്പെട്ട 01.82 ആർസ് (നാലര സെൻറ്) സർക്കാർ റോഡ് പുറമ്പോക്ക് സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയത് കൊല്ലം ജില്ലാ കളക്ടറുടേയും കരു. ഭൂരേഖാ തഹസിൽദാരുടേയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി തഹസിൽദാർ എ. സിദ്ദിഖ് കുട്ടി, തേവലക്കര വില്ലേജ് ഓഫീസർ പി ആർ ഉല്ലാസ്, Spl വില്ലേജ് ഓഫീസർമാരായ എം.സാബു, പി.ബി ഗോപീകൃഷ്ണ, ഫീൽഡ് അസി. ആർ. സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ച് സർക്കാർ അധീനതയിൽ ഏറ്റെടുത്ത്, സർക്കാർ വക ബോർഡും സ്ഥാപിച്ചു.

തേവലക്കര പടിഞ്ഞാറ്റക്കരയിൽ പറത്തറയിൽ വീട്ടിൽ ഹയറുനിസ, സമീർ , അലിയാരു കുഞ്ഞ് എന്നിവർ കയേറി മതിൽ കെട്ടിയ സർക്കാർ ഭൂമിയാണ് തിരികെ സർക്കാർ അധീനതയിൽ എടുത്തിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ടിയാൾ ജില്ലാ കളക്ടർക്കും ലാൻ്റ് റവന്യൂ കമ്മീഷണർക്കും നൽകിയ അപ്പീൽ പരാതികൾ തളളി തീർപ്പാക്കിയ സാഹചര്യത്തിലാണ് ടി കയേറ്റം ഒഴിപ്പിച്ചത്

അസാധാരണമായ ചൂട് തുടരുന്നു

സംസ്ഥാനത്ത് അസാധാരണമായ ചൂട് തുടരുന്നു. തിരുവനന്തപുരം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന്
കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.ഇതടക്കം 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമടക്കം വേനൽ മഴയും ശക്തമാകും.ഇടുക്കി, മലപ്പുറം ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

അതിശക്തമായ ചൂട് രേഖപ്പെടുത്തുന്നതിൻ്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം,ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഇന്നും നാളെയും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നൽകിയത്. മൂന്ന് ജില്ലകളിലും രാത്രികാല താപനില മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി അടുത്ത 3 ദിവസം കൂടി തുടരും.
ഇടുക്കി വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ താപനില സാധാരണക്കാർ മൂന്ന് മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ തുടരണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.
ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കണം.ധാരാളമായി വെള്ളം കുടിക്കുക, തുടങ്ങി ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുള്ള ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.പാലക്കാട് താപനില ഉയർന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.

പൊള്ളുന്ന ചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസം കൂടുതൽ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ശാസ്താംകോട്ട:ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.തെക്കൻ മൈനാഗപ്പള്ളി അനിൽ ഭവനത്തിൽ  (കാട്ടുവിളയിൽ) എസ്.അനിൽകുമാർ (52) ആണ് മരിച്ചത്.സംസ്കാരം വ്യാഴം രാവിലെ 10ന്.ഭാര്യ:വിജി ശങ്കർ.മകൾ:ദേവനന്ദ.

പരീക്ഷയിൽ തോൽക്കുമെന്ന ഭയം, പടിഞ്ഞാറെ കല്ലടയിൽ പ്ലസ്ടു വിദ്യാർത്ഥി വീടിനുളളിൽ തൂങ്ങിമരിച്ച നിലയില്‍

ശാസ്താംകോട്ട. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ പടിഞ്ഞാറെ കല്ലടയിൽ പ്ലസ്ടു വിദ്യാർത്ഥി വീടിനുളളിൽ തൂങ്ങിമരിച്ചനിലയില്‍.
പടിഞ്ഞാറെ കല്ലട നടുവിലക്കര ഉമാനിലയത്തിൽ അനിൽ കുമാറിന്റെയും വിദ്യയുടെയും മകൻ അർജുൻ (18) ആണ് മരിച്ചത്.ഇന്ന് (ബുധൻ) ഉച്ചയോടെയാണ് സംഭവം.വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായിരുന്നു.ഹയർ സെക്കന്ററി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചയാണ്.റിസൾട്ട് വരുമ്പോൾ
തോൽക്കുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വീട്ടുകാര്‍ നല്‍കുന്ന സൂചന.ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അനന്തര നടപടികൾക്കായി വ്യാഴാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റും.വിദേശത്തുള്ള പിതാവ് നാട്ടിൽ എത്തിച്ചേർന്ന ശേഷമാണ് സംസ്ക്കാരം.എം എസ്.സി വിദ്യാർത്ഥിനിയായ അജ്ഞലി സഹോദരിയാണ്.

സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവന്‍ അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സംഗീത് ശിവന്‍ (65) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വ്യൂഹം, യോദ്ധ, ഉറുമി. ഗാന്ധര്‍വം, നിര്‍ണയം, തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ ചെയ്തു.
രഘുവരന്‍ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടര്‍ന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധര്‍വം , നിര്‍ണയം, സ്നേഹപൂര്‍വം അന്ന തുടങ്ങിയ ചിത്രങ്ങള്‍ സംഗീത് ഒരുക്കി. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
1997 ല്‍ സണ്ണി ഡിയോള്‍ നായകനായ ‘സോര്‍’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂള്‍ ഹേ തും, അപ്‌ന സപ്‌ന മണി മണി, ഏക്ദ് പവര്‍ ഓഫ് വണ്‍, ക്ലിക്ക്, യാംല പഗ്ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
പ്രശസ്ത ഫോട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവന്റെ മകനാണ് സംഗീത്. പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവന്‍, സംവിധായകന്‍ സഞ്ജീവ് ശിവന്‍ എന്നിവര്‍ സഹോദരങ്ങളാണ്
സണ്ണി ഡിയോളിനെ നായകനാക്കിയ സോര്‍ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംവിധാനം ചെയ്തത്, തുടര്‍ന്നു എട്ടോളം ചിത്രങ്ങള്‍ അദ്ദേഹം ഹിന്ദിയില്‍ ഒരുക്കി. കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുവാനായി ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യന്‍സിനൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.

പ്ലസ് വണ്‍ പ്രവേശനം; 16 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷകള്‍ മേയ് 16 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആണ്. ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും

ഏകജാലക അഡ്മിഷന്‍ ഷെഡ്യൂള്‍

ട്രയല്‍ അലോട്ട്മെന്റ് തീയതി: മേയ് 29

ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 5

രണ്ടാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 12

മൂന്നാം അലോട്ട്മെന്റ് തീയതി : ജൂണ്‍ 19

മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനം ഉറപ്പാക്കി 2024 ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ജൂലായ് അഞ്ചിനായിരുന്നു ക്ലാസുകള്‍ ആരംഭിച്ചത്. മുഖ്യഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തി 2024 ജൂലൈ 31ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതായിരിക്കും.

ഇത്തവണ ഇങ്ങനെ….
പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തില്‍ അക്കാദമിക മെറിറ്റിന് മുന്‍ തൂക്കം ലഭിക്കുന്ന തരത്തില്‍ ഗ്രേസ് മാര്‍ക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കില്‍ ആദ്യം പരിഗണിക്കുന്നതാണ്.

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് (14) മോഡല്‍ റെസിഡെന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വര്‍ഷം മുതല്‍ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. പ്രസ്തുത സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് നിര്‍ദ്ദിഷ്ട പ്രവേശന ഷെഡ്യൂള്‍ പ്രകാരം അലോട്ട്മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്.

2024-25 അധ്യയന വര്‍ഷം പ്ലസ്വണ്‍ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്മെന്റ് പ്രക്രിയയുടെ ആരംഭത്തില്‍ തന്നെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തില്‍ ചുവടെ പ്രതിപാദിക്കും പ്രകാരം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതാണ്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 % സീറ്റ് വര്‍ദ്ധനവ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴ് ജില്ലകളില്‍ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% സീറ്റ് വര്‍ദ്ധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 % കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്.

കൊല്ലം, എറണാകുളം ,തൃശ്ശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ,എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്. മറ്റ് മൂന്ന് ജില്ലകളായ പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഇല്ല. 2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും കൂടി ചേര്‍ന്ന 81 ബാച്ചുകളും 2023-24 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 97 ബാച്ചുകളും ഈ വര്‍ഷം കൂടി തുടരുന്നതാണ്.

സലാമിനെ മാറ്റാൻ സമസ്ത പറഞ്ഞിട്ടില്ല, ഭാരവാഹികളെ തീരുമാനിക്കുന്നത് ആഭ്യന്തര കാര്യം: സാദിഖലി തങ്ങൾ

മലപ്പുറം: മുസ്ലിം ലീഗിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ലിഗിന്റെ സംസ്ഥാന കൗൺസിലിലാണ് ഭാരവാഹികളെ തീരുമാനിക്കുക. ലീഗ് ജനറൽ സെക്രട്ടറിയെ മാറ്റണമെന്ന് സമസ്ത പറഞ്ഞിട്ടില്ല.
ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാദിഖലി. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വലിയ വിജയം നേടും. പൊന്നാനിയിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരിച്ചത്. മറ്റൊരു ഘടകവും പൊന്നാനിയിൽ ഉണ്ടായിട്ടില്ല

എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസക്ക് സമസ്തയുടെ പിന്തുണയുണ്ടെന്ന വാർത്തകളോടാണ് സാദിഖലിയുടെ പ്രതികരണം. നേരത്തെ പിഎംഎ സലാമിനെ ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെനന്ന് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം തുറന്നടിച്ചിരുന്നു.

ഇന്നലെ കണ്ടത് ഗതാഗതകുരുക്കിന്റെ ഭയാനകമായ വെര്‍ഷന്‍….

ഹൈദരാബാദില്‍ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയില്‍ വാഹന ഗതാഗതം താറുമാറായി. പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സവും നേരിട്ടു. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ മഴയ്‌ക്കൊപ്പം ആലിപ്പഴവര്‍ഷവും ഉണ്ടായി. അപ്രതീക്ഷിതമായി പെയ്ത മഴ കൊടുംചൂടില്‍ ആശ്വാസം നല്‍കിയെങ്കിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു.
ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്മെന്റിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് നാല് വയസ്സുള്ള കുട്ടിയടക്കം ഏഴ് പേര്‍ മരിച്ചു. ഒഡിഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. എസ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
ഒരു മണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴയില്‍ ചിലയിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ നീക്കം ചെയ്തിന് ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടാന്‍ കഴിഞ്ഞത്. സെന്‍ട്രല്‍ ഹൈദരാബാദ്, സെക്കന്തരാബാദ്, മദാപൂര്‍, ഗച്ചിബൗളി എന്നിവിടങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ക്ലസ്റ്ററുകളിലും കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് കണ്ടു.

ഇന്ന് രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യത; ജാഗ്രത നിര്‍ദ്ദേശം


കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരമാലയുടെ വേഗത സെക്കന്‍ഡില്‍ 15 സെ.മീ.നും 45 സെ.മീ.നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

മാര്‍ഗനിര്‍ദേശം:

  1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
  2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.