Home Blog Page 2744

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ കുറിച്ച് അറിഞ്ഞില്ല; ആനന്ദബോസ് വിവാദത്തിൽ പ്രതികരിക്കാനില്ലന്ന് ഗവർണർ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്വകാര്യസന്ദർശനത്തിനായി വിദേശത്തേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്ന് ഗവർണർ പ്രതികരിച്ചു.

സംസ്ഥാന സർക്കാർ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെക്കുറിച്ച് രാജ്ഭവനെ അറിയിക്കാത്തതിനെ തുടർന്ന് നേരത്തേ തന്നെ രാജ്ഭവന് കത്ത് നൽകിയിരുന്നതാണ്. ഇത്തവണയും മുഖ്യമന്ത്രി വിദേശത്ത് പോയ കാര്യം താൻ അറിഞ്ഞില്ലെന്നും ഗവർണർ വ്യക്തമാക്കി.

ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു. വിഷയത്തിൽ ആനന്ദബോസ് തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു

അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മെയ് 14ന് പത്തനംതിട്ടയിലും മെയ് 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇനിയുള്ള പോരാട്ടം മോദിക്കെതിരെ; രാജ്യമാകെ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കും: കെജ്രിവാൾ

ന്യൂ ഡെൽഹി :
ഇനിയുള്ള പോരാട്ടം നരേന്ദ്രമോദിക്കെതിരെയാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹിയിലെ ആംആദ്മി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു കെജ്രിവാൾ. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടാമാകും നടത്തുക. രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു

ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാനായിരുന്നു മോദിയുടെ പദ്ധതി. എന്നാൽ നേതാക്കളെ ജയിലിലടച്ച് പാർട്ടിയെ ഇല്ലാതാക്കാമെന്ന് കരുതിയെങ്കിൽ തെറ്റി. അഴിമതിക്കെതിരെ എങ്ങനെയാണ് പോരാടേണ്ടതെന്ന് എന്ന് തന്നെ കണ്ടുപഠിക്കണം. ഇനിയും മുഖ്യമന്ത്രിമാരെ മോദി ജയിലിലിടും. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പേരും കെജ്രിവാൾ എടുത്തുപറഞ്ഞു

ഇനി മോദി സർക്കാർ അധികാരത്തിലെത്തില്ല. അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് മോദി വോട്ട് ചോദിക്കുന്നത്. എല്ലാ മുതിർന്ന ബിജെപി നേതാക്കളുടെയും ഭാവി മോദി ഇല്ലാതാക്കി. 230ൽ കൂടുതൽ സീറ്റ് ബിജെപിക്ക് കിട്ടില്ലെന്നും കെജ്രിവാൾ പറഞ്ഞു.

53കാരന് യാത്രക്കിടെ സൂര്യാഘാതമേറ്റു; കൈയ്ക്കും വയറിനും പൊള്ളൽ

മലപ്പുറം:
നിലമ്പൂരിൽ 53കാരന് സൂര്യാഘാതമേറ്റു. നിലമ്പൂർ മയ്യന്താനി പുതിയപറമ്പൻ സുരേഷിനാണ് യാത്രക്കിടെ സൂര്യാഘാതമേറ്റത്. സുരേഷിന്റെ കൈകളിലും വയറിനും പൊള്ളലേറ്റു. പൊള്ളലേറ്റ ഭാഗങ്ങളിൽ കുമിളകളും പൊങ്ങിയിട്ടുണ്ട്

മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കൈകളിൽ പൊള്ളലേറ്റതു പോലെയുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തിൽ കഴുകിയപ്പോൾ വേദന അനുഭവപ്പെട്ടു.

പിന്നാലെ കൈകളിലും വയറിലും കുമിളകൾ പൊങ്ങി. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് സുരേഷ് ചികിത്സ തേടിയത്.

ഇന്നലത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

കൊച്ചി:
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6725 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53800 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5595 രൂപയുമാണ്.

അക്ഷയതൃതീയ ദിനമായ ഇന്നലെ രണ്ട് തവണയാണ് സ്വർണവില കുതിച്ചുയർന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 45 രൂപ കൂടി 6,660 രൂപയായിരുന്നു. പിന്നീട് ഗ്രാമിന് 85 രൂപ 6700 രൂപയിലെത്തി. പവന് മൊത്തം 680 രൂപ കൂടി ഇന്നലെ 53,600 രൂപയിലായിരുന്നു വ്യപാരം.

സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുകയാണ്. 22 കാരറ്റ് സ്വർണാഭരണങ്ങളും 18 കാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ആണ് ഗ്രാമിനുള്ളത്.

നീന്തി മറുകരയിൽ എത്താമെന്ന് പറഞ്ഞ് കുറ്റ്യാടി കനാലിലേക്ക് ചാടിയ യുവാവിനെ കാണാതായി

മലപ്പുറം: കുറ്റ്യാടി ജലസേചന
പദ്ധതിയുടെ കനാലിൽ ചാടിയ യുവാവിനെ കാണാതായി. ആശാരിക്കണ്ടി വാഴയിൽ മീത്തൽ ഗംഗാധരന്റെ മകൻ യദുവിനെയാണ്(24) കാണാതായത്.

ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വരവെ മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയിൽ എത്താമെന്നാണ് യദു പറഞ്ഞത്.

മറുകരയിൽ ഏറെ നേരം കാത്തുനിന്നിട്ടും യദു എത്താത്തിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു. രാത്രി തന്നെ ഫയർ ഫോഴ്‌സ് അടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഭാര്യയെ വെട്ടിക്കൊന്നു, മൂന്ന് മക്കളെ എറിഞ്ഞുകൊന്നു; അമ്മയെ വെടിവെച്ചും കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശ്:
അഞ്ചംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. യുപി ലക്‌നൗവിൽ നിന്ന് 90 കിലോമീറ്റർ അകലെ പാൽഹാപൂർ ഗ്രാമത്തിലാണ് സംഭവം. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ അനുരാഗ് സിംഗ്(42) ആണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.
അമ്മ സാവിത്രിയെ(65) ഇയാൾ ആദ്യം വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നാലെ ഭാര്യ പ്രിയങ്കയെ(40) കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. 12, 9, 6 വയസ്സുള്ള മൂന്ന് മക്കളെ വീടിന്റെ മേൽക്കൂരയിൽ നിന്ന് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇയാൾ സ്വയം വെടിവെച്ച് മരിച്ചു.
ലഹരിക്കടിമയായ യുവാവിനെ ലഹരിമുക്ത കേന്ദ്രത്തിൽ ആക്കണമെന്ന് പറഞ്ഞ് കുടുംബം പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഈ ആവശ്യം ആവർത്തിച്ചതോടെ വീട്ടിൽ വഴക്കുണ്ടായി. പിന്നീടാണ് കൂട്ടക്കൊലപാതകം അരങ്ങേറിയത്‌

ഡൽഹിയിൽ പൊടിക്കാറ്റിൽ രണ്ട് മരണം

ന്യൂഡൽഹി:ഇന്നലെ ഉണ്ടായ അതിശക്തമായ പൊടിക്കാറ്റിൽ രണ്ടു മരണം.23 പേർക്ക് പരിക്കേറ്റു.പൊടിക്കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകിയും കെട്ടിടങ്ങൾ തകർന്നുമാണ് അപകടമുണ്ടായത്. കൊണാട്ട് പ്ലേസ് ഉൾപ്പെടെ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.ഇന്നലെ രാത്രി 9.30 ക്ക് ആരംഭിച്ച പൊടിക്കാറ്റ് 11:30 വരെ നീണ്ടു.ഡൽഹിയിലും എൻസിആർ മേഖലകളിലുമാണ് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്.ഇന്നും ജാഗ്രത നിർദ്ദേശം നൽകി

പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം പടരുന്നു

പെരുമ്പാവൂ‍ർ: വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 153 ആയി.
മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു.
ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത ഹെപ്പറ്റൈറ്റിസ് എ രോഗബാധയ്ക്ക് കാരണമായതെന്ന വിമ‍ർശനം ശക്തമാകുന്നതിനിടെ കളക്ട‍‍റുടെ നി‍ർ​ദേശപ്രകാരമുള്ള ആന്വേഷണം ആരംഭിച്ചു.
ഏപ്രിൽ 17നാണ് വേങ്ങൂരിൽ ആദ്യ ഹെപ്പറ്റൈറ്റിസ് എ ബാധ സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ ആറ് വാർഡുകളിലായി രോഗബാധിതരുടെ എണ്ണം 153 ആയി.
രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്ന് പേരിൽ ഒരാളുടെ ജീവൻ നിലനിർത്തുന്നത് വെൻറിലേറ്റർ സഹായത്തിലൂടെയാണ്.
രോ​ഗബാധിതരുടെ എണ്ണം വ‍ർധിക്കുന്ന സാഹചര്യത്തിൽ ജല അതോറിറ്റി ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.
ജല വിതരണത്തിലുണ്ടായ ​ഗുരുതര വീഴ്ച്ചയാണ് ​രോ​ഗം പട‍ർന്നു പിടക്കാൻ കാരണമെന്നാണ് ആരോപണം.
തുട‍ർന്ന് നടത്തിയ പരിശോധനയിൽ വിതരണം ചെയ്ത വെള്ളത്തിൽ ക്ലോറിന്റെ അംശം പോലും കണ്ടെത്താനായില്ല.
താൽക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനിൽ വന്ന വീഴ്ചയ്ക്ക് കാരണമായി ജലഅതോറിറ്റിയുടെ വിശദീകരണം. സംഭവത്തിൽ കളക്ടറുടെ നി‍ർ​ദേശ പ്രകാരമുള്ള അന്വേഷണം ആരംഭിച്ചു.

കോൺഗ്രസിന് 50 സീറ്റുകൾ പോലും കിട്ടില്ല; എൻഡിഎ 400ലധികം സീറ്റുകൾ നേടും: മോദി

ഒഡീഷ:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രാജ്യത്താകെ 50 സീറ്റ് പോലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 400ലധികം സീറ്റുകൾ എൻഡിഎ മുന്നണി നേടുമെന്നും മോദി അവകാശപ്പെട്ടു.

കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പാക്കിസ്ഥാൻ പരാമർശം മോദി ആയുധമാക്കുകയും ചെയ്തു. പാക്കിസ്ഥാനെ കാണിച്ച് ഇന്ത്യക്കാരെ ഭീഷണിപ്പെടുത്താനാണ് കോൺഗ്രസ് നോക്കുന്നത്. ആണവായുധങ്ങൾ സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാൻ.
ബോംബ് വിൽക്കാൻ നോക്കിയിട്ടും പാക്കിസ്ഥാനിൽ നിന്നും ആരും വാങ്ങുന്നില്ല. മുംബൈ ഭീകരാക്രമണത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കോൺഗ്രസും ഇന്ത്യ സഖ്യവും തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്നാണ് മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാതിരുന്നതെന്നും മോദി പറഞ്ഞു