Home Blog Page 2741

വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണക്കമ്മല്‍ കവര്‍ന്ന കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍

വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണക്കമ്മല്‍ കവര്‍ന്ന കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതിയും നാദാപുരം ചെക്യാട് സ്വദേശിയുമായ പാറച്ചാലില്‍ കബിറിനെ(43)യാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. 2002ല്‍ നടന്ന കേസില്‍ കോടതി ഇയാളെ രണ്ടര വര്‍ഷം തടവിനും പിഴ ഒടുക്കാനും വിധിച്ചിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ മുങ്ങുകയായിരുന്നു.

പിടിച്ചുപറി, ലഹരിക്കടത്ത്, മോഷണം എന്നിങ്ങനെ ഒമ്പത് സ്റ്റേഷനുകളിലായി പത്തൊമ്പതോളം കേസുകള്‍ കബീറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാള്‍ നിട്ടൂരിലെ അമ്മ വീട്ടില്‍ എത്തുമെന്ന് വിവരം ലഭിച്ച പൊലീസ് വീട് വളയുകയായിരുന്നു. പൊലീസിന്റെ സാനിധ്യം മനസ്സിലാക്കിയ കബീര്‍ ഇവിടെ നിന്ന് ഇറങ്ങി ഓടിയെങ്കിലും എസ്.ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള സംഘം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ലോക മാതൃദിനത്തിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടൻ മോഹൻലാൽ

ലോക മാതൃദിനമായ ഇന്ന് അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടൻ മോഹൻലാൽ.
തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലാണ് അമ്മ ശാന്തകുമാരിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. മോഹൻലാലിന്റെ കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം എടുത്ത ചിത്രമാണ് പങ്കുവച്ചത്. ‘മാതൃദിനാശംസകൾ’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കിട്ടത്”. ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകള്‍ കൂട്ടത്തോടെ ചത്തത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
നാളെ കലക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിക്കും.

കരമന അഖിൽ വധത്തിൽ മുഖ്യപ്രതി വിനീത് രാജ് പിടിയിൽ

കരമന അഖിൽ വധത്തിൽ ഒരാൾ കൂടി പിടിയിൽ. വിനീത് രാജിനെയാണ് ചെങ്കൽചൂളയിൽ നിന്ന് പിടികൂടിയത്. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ആളാണ്‌ വിനീത് രാജ്. അഖിലിന്റെ ദേഹത്തേക്ക് കല്ല് വലിച്ചെറിഞ്ഞത് ഇയാളായിരുന്നു.
പ്രതികൾക്കെതിരെ കൂടുതൽ നടപടിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അനന്തു വധക്കേസിലെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും. അനന്തു വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊലപ്പെടുത്തിയത്. അനന്തു വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കാനാണ് നീക്കം.

ആദർശിൻ്റെ സംസ്കാരം നാളെ ഔദ്യോഗിക ബഹുമതികളോടെ

കോഴിക്കോട്: ഹിമാചൽ പ്രദേശിലെ ഷിംലയിൽ വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് പതിച്ചു മരിച്ച സൈനികൻ കോഴിക്കോട് ഫറോക് സ്വദേശി ആദർശിൻ്റെ മൃതദേഹം ഇന്ന് കോഴിക്കോട് എത്തിക്കും. രാത്രി 10 മണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ മൃതദേഹം സൈനിക വിഭാഗവും കുടുംബവും ഏറ്റുവാങ്ങും. നാളെ രാവിലെ 7 മണിക്ക് ഫറോക്ക് ചുങ്കം ഖാദിസിയ സ്കൂളിൽ പൊതുദർശന ചടങ്ങുകൾ ഉണ്ടാകും. തുടർന്ന് പൂർണ്ണ സൈനിക ബഹുമതികളോടെ വീട്ടിലാണ് സംസ്കാരം നടക്കുക

നടൻ അല്ലു അർജുനെതിരെ കേസ്

നടൻ അല്ലു അർജുനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. ലോക്സഭാ തെരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആൾക്കൂട്ടം സൃഷ്ടിച്ചതിനാണ് സൂപ്പർതാരത്തിനെതിരെ കേസെടുത്തത്. വൈഎസ്ആർ കോൺ​ഗ്രസ് എം.എൽ.എ രവി ചന്ദ്ര കിഷോറിനെതിരെയും കേസെടുത്തു.
ആന്ധ്ര പ്രദേശിലെ നന്ദ്യാലയിലെ രവി ചന്ദ്രയുടെ വസതിയിൽ കഴിഞ്ഞ ദിവസം അല്ലു എത്തിയിരുന്നു. താരത്തെ കാണാനായി ആയിരങ്ങളാണ് വീടിനു ചുറ്റും തടിച്ചുകൂടിയത്. അനുവാദമില്ലാതെ രവിചന്ദ്ര അല്ലു അർജുനെ ക്ഷണിക്കുകയും ഇത് വലിയ ആൾക്കൂട്ടത്തിനു കാരണമാവുകയും ചെയ്തതോടെയാണ് കേസെടുത്തത്. തിങ്കളാഴ്ച സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കാനിരിക്കെ ആണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത്.

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.
ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു.
ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ അച്ഛന്‍ ചന്ദ്രനെയും രോഗം ബാധിച്ചിരുന്നു. അദ്ദേഹം നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുശേഷമാണ് ജിഗിനെയും രോഗം ബാധിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയിൽ സ്വദേശി സക്കീര്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

ക്വയിലാണ്ടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു

കോഴിക്കോട്: കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നു പുലർച്ചെ നാലുമണിയോടെ കൂടിയാണ് ചെങ്ങോട്ടുകാവ് ഹൈവേയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചു.കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മിനിലോറിയുടെ ഡീസൽ ടാങ്കിന് ഇടിക്കുകയായിരുന്നു.ആരുടെയും പരിക്ക് ഗുരുതരമല്ല. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും റോഡിൽ പരന്നൊഴുകിയ ഓയിലും ഡീസലും വെള്ളം ഉപയോഗിച്ച് തുടച്ചു മാറ്റുകയും ചെയ്തു.

അറിയാമോ ചിയ വിത്തിന്റെ​ ​ഗുണങ്ങൾ

ഭക്ഷണ മേഖലയിൽ അടുത്തിടെ ഒരു ട്രെൻഡ് ആയി മാറിയ ഒന്നാണ് ചിയ വിത്തുകൾ. മിൽക് ഷെയ്ക്ക്, സാലഡ്, ജ്യൂസ്, സ്മൂത്തീസ് തുടങ്ങിയ ഇൻസ്റ്റൻഡ് ബ്രേക്ക്ഫാസ്റ്റ് ചേരുവകളിൽ ഒഴിവാക്കാൻ പറ്റാത്ത തരത്തിൽ ആയിരിക്കുകയാണ് നിരവധി പോഷകഗുണങ്ങളുള്ള ചിയ വിത്തുകൾ. ചിയ വിത്തുകൾ പ്രോട്ടീൻ സമ്പന്നമായതു കൊണ്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ സംതൃപ്തി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു. ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ഉത്തമമാണ്.

കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും ചിയ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പ്, കാൽസ്യം, ബി വിറ്റാമിനുകൾ, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവ അടങ്ങിയ ചിയ വിത്തുകൾ കുതിർത്ത വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. ചിയ വിത്തുകൾ കഴിക്കാനുള്ള എളുപ്പവഴിയാണിത്. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ചിയ വിത്തുകൾ കുതിർക്കുക. ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും വെച്ച ശേഷം അരിച്ചെടുത്ത് കുടിക്കുക. രുചിയിൽ വ്യത്യസ്തത വേണമെന്ന് ഉണ്ടെങ്കിൽ നാരങ്ങ നീര്, ഓറഞ്ച് ജ്യൂസ്, കുരുമുളക് അല്ലെങ്കിൽ തേൻ എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്.

കാസര്‍കോട് നഗരത്തില്‍ നാളെ രാത്രി ഒന്‍പത് മുതല്‍ ദേശീയപാത അടയ്ക്കും

കാസര്‍കോട് നഗരത്തില്‍ ദേശീയപാതയുടെ ഭാഗമായുള്ള മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പത് മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പത് വരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്.

കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു.
ദേശീയപാത അടയ്ക്കുന്നതിന്റെ ഭാഗമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. മംഗളൂരു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്‍ഡ് കവലയില്‍ നിന്ന് തിരിഞ്ഞ് എംജി റോഡ് വഴി കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാന പാത വഴി പോകണം. ചെര്‍ക്കള ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍- ചൗക്കി- ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പൊലീസ് അറിയിച്ചു.