Home Blog Page 2731

അറസ്റ്റ് നിയമവിരുദ്ധം: ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ വിട്ടയക്കാൻ ഉത്തരവ്

ന്യൂ ഡെൽഹി :
ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്. യുഎപിഎ കേസിൽ ഡൽഹി പോലീസിന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അറസ്റ്റും റിമാൻഡും കോടതി അസാധുവാക്കി

ഡൽഹി പോലീസിന് വൻ തിരിച്ചടിയാണ് സുപ്രീം കോടതി വിധി. ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന് ആരോപിച്ചാണ് പ്രബീറിനെതിരെ യുഎപിഎ ചുമത്തിയത്. ന്യൂസ് ക്ലിക്കിലെ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും 50ഓളം പേരുടെ ലാപ്‌ടോപ്പ് അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു

2023 ഒക്ടബോർ 3നാണ് പ്രബീറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും പ്രബീറിന്റെ വസതിയിലും റെയ്ഡ് നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എ ഐ എൻ സി  സംസ്ഥാന വാർഷിക സമ്മേളനം നടത്തി

തിരുവല്ല:
അസോസിയേഷൻ ഓഫ് ഇന്ത്യൻ നേറ്റീവ് ക്രിസ്ത്യൻ സ്(എ ഐ എൻ സി ) സംസ്ഥാന വാർഷിക സമ്മേളനം തിരുവല്ല കുറ്റപ്പുഴ സാൽവേഷൻ ആർമി ഹാളിൽ നടത്തി.
സംസ്ഥാന പ്രസിഡൻറ് റവ.പി.സി ജോസഫ് അധ്യക്ഷനായി.പ്രമോഷണൽ സെക്രട്ടറി ജേക്കബ് ജോസഫ് ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി മേജർ ജോൺ സാമുവേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .റവ.ഡോ.സാക്ക് ജോൺ, ജേക്കബ് ജോസഫ്, അച്ചാമ്മ പൗലോസ്, ഡേവിഡ് പി ജെയിൻ ഗാർഡൻസ്, വിസി ജോൺ എന്നിവർ പ്രസംഗിച്ചു.

ആലുവ മംഗലപ്പുഴ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ആലുവ:
ദേശീയ പാതയിൽ ആലുവ മംഗലപ്പുഴ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിൽ ഈ ഭാഗത്ത് 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലുവ,, എറണാകുളം ഭാഗത്തേക്ക് ഭാര വാഹനങ്ങൾ രാവിലെ മുതൽ അങ്കമാലി സിഗ്നൽ ജംഗ്ഷനിൽ നിന്നും എം.സി റോഡ് തിരിഞ്ഞ് കാലടി . വഴി തിരിഞ്ഞ് ആലുവ ഭാഗത്തേക്ക് പോകേണ്ടതാണ്. അറ്റകുറ്റപ്പണി നടക്കുന്ന സമയം ഒരു വരി ഗതാഗതം മാത്രമേ അനുവദിയ്ക്കു . സെമിനാരിപ്പടിയുടേൺ പൂർണ്ണമായും അടയ്ക്കും. ഇവിടെ തിരിയേണ്ട വാഹനങ്ങൾ പറവൂർക്ക വല സിഗ്നലിൽ നിന്നും തിരിഞ്ഞ് പോകേണ്ടതാണ്. അറ്റകുറ്റപ്പണികൾ ഇരുപത് ദിവസത്തോളം നീണ്ടു നിൽക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

ഡ്രൈവിങ് സ്‌കൂൾ ഉടമകൾ നടത്തിവന്ന സമരം പിൻവലിക്കാൻ ധാരണയായെന്ന് ഗതാഗതമന്ത്രി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂളുകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. സമരം പിന്‍വലിച്ചതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. ഡ്രൈവിങ് സ്‌കൂള്‍ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ടെസ്റ്റ് പരിഷ്‌കരിക്കാനുള്ള സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍ സര്‍ക്കുലറില്‍ വലിയ മാറ്റം വരുത്തുമെന്ന് മന്ത്രി അറിയിച്ചു.
ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ 40 ടെസ്റ്റ് നടത്തും. രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്ളിടത്ത് 80 ടെസ്റ്റ് നടത്തും. സംസ്ഥാനത്ത് രണ്ടര ലക്ഷം ലൈസന്‍സ് മാത്രമാണ് കെട്ടിക്കിടക്കുന്നത്. അത് പരിഹരിക്കും. ഓരോ ആര്‍ടിഒ ഓഫീസിലും എത്ര പെന്‍ഡിങ് കെട്ടിക്കിടക്കുന്നുണ്ടെന്ന് പരിശോധിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും.
ഡ്രൈവിങ് പഠിപ്പിക്കാനുള്ള വാഹനത്തിന്റെ പഴക്കം 15 വര്‍ഷത്തില്‍ നിന്നും 18 വര്‍ഷമാക്കി ഉയര്‍ത്തി. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനം ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റിന് എം 80 വാഹനം ഉപയോഗിക്കാനാവില്ല. ലേണേഴ്‌സ് ടെസ്റ്റിന്റെ കാലാവധി ആറു മാസം കഴിയുമ്പോള്‍ തീരുമെന്ന ആശങ്ക വേണ്ട. ചെറിയ ഫീസ് നല്‍കി എക്‌സ്റ്റെന്‍ഡ് ചെയ്യാവുന്നതാണെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിങ് പഠനത്തിനുള്ള ഫീസ് ഏകീകരിക്കുന്നത് പഠിക്കാനായി കമ്മിറ്റിയെ നിയോഗിക്കും. ടെസ്റ്റ് നടക്കുമ്പോള്‍ ഡാഷില്‍ കാമറ ഉണ്ടാകും. അത് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലെ ദൃശ്യങ്ങള്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കും. ഇതുവഴി ടെസ്റ്റിലെ കള്ളത്തരം നടക്കില്ല. കെഎസ്ആര്‍ടിസി പത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

സി പി ഐ നേതാവ് കെ ചെല്ലപ്പൻ പിള്ള അനുസ്മരണം നടത്തി

കടമ്പനാട്: സി പി ഐ നേതാവും അധ്യാപകനുമായിരുന്ന കെ. ചെല്ലപ്പൻ പിള്ളയുടെ 24-ാമത് അനുസ്മരണ സമ്മേളനം നെല്ലിമുകൾ വെളുത്തശ്ശേരിത്തറയിൽ നടത്തി.സി പി ഐ കടമ്പനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. അടൂർ മണ്ഡലം സെക്രട്ടറി എഴംകുളം നൗഷാദ് മുണ്ടോട്ടിൽ മനുവിന് പഠന ധനസഹായം വിതരണം ചെയ്തു. പാർട്ടി നേതാക്കളായ ഡി.സജി, എ പി ജയൻ, റ്റി.മുരുകേശ്, പ്രൊഫ. ശങ്കരനാരായൺ ,ആർ രാജേന്ദ്രൻ പിള്ള ,അരുൺ കെ എസ് മണ്ണടി, അഡ്വ.ഷൺമുഖൻ, എസ് രാധാകൃഷ്ണൻ ,പത്മിനിയമ്മ, റെജി ശാമുവേൽ എന്നിവർ പങ്കെടുത്തു.

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍… 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ചു

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. പാകിസ്ഥാനില്‍ നിന്നു വന്ന അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം നല്‍കിയത്. സിഎഎയ്ക്ക് എതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് പല കോണുകളില്‍ നിന്നായി ഉണ്ടായത്.

നിലവിളക്കു കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…. നിസ്സാരമല്ല തിരികളുടെ എണ്ണം…

തിന്മയുടെ അന്ധകാരമകറ്റി നന്മയുടെ വെളിച്ചം നിലനിര്‍ത്തേണമെന്ന പ്രാര്‍ഥനയോ
യാണ് ഒരോ വീടുകളിലും നാം നിലവിളക്കു കൊളുത്തുന്നത്. ഒരു ചടങ്ങിനെന്ന പോലെ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നതില്‍ കാര്യമില്ല. വിളക്ക് തെളിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഉള്‍ക്കൊണ്ടു നിഷ്ഠയോടെയാവണം ഭവനത്തില്‍ ദീപം തെളിക്കേണ്ടത്. നിലവിളക്കു കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്നു നോക്കാം.

നിലവിളക്കിന്റെ മഹത്വം
നി
ലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകള്‍ ഭാഗം ശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. ചുരുക്കത്തില്‍ സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. അതിനാല്‍ വിളക്ക് തെളിക്കുമ്പോള്‍ മനഃശുദ്ധിയും ശരീരശുദ്ധിയും നിര്‍ബന്ധമാണ്.

വിളക്ക് കൊളുത്തുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടവ
തു
ളസിയിലകൊണ്ടു വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം വിളക്ക് വയ്ക്കാന്‍. ഓട്, വെള്ളി, പിത്തള, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച നിലവിളക്കുകളാണ് ദിനവും കൊളുത്തേണ്ടത്. അധികം അലങ്കാരങ്ങളോ കൊത്തുപണികളോ ഇല്ലാത്ത ഓട്ടുവിളക്കാണ് ഉത്തമം. നിലവിളക്കിന്റെ ചൈതന്യശ്രോതസ്സിന്റെ ഭാരം ഭൂമീദേവിക്കു നേരിട്ടു താങ്ങാനാവാത്തതിനാല്‍ വെറും നിലത്തു വിളക്ക് വയ്ക്കരുതെന്ന് പറയുന്നു.
പീഠത്തിനു മുകളിലോ തളികയിലോ വച്ച് വേണം ദീപം തെളിക്കാന്‍. നിലവിളക്കിനു മുന്നിലായി ഓട്ടു കിണ്ടിയില്‍ ശുദ്ധജലം, പുഷ്പങ്ങള്‍, ചന്ദനത്തിരി എന്നിവ വയ്ക്കുന്നതും ശ്രേഷ്ഠം. നിലവിളക്കിനുണ്ടാകുന്ന അശുദ്ധി കുടുംബത്തിന്റെ മുഴുവന്‍ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ദിനവും കഴുകി മിനുക്കിയ ശേഷം മാത്രമാവണം വിളക്കു കൊളുത്തേണ്ടത്.

നിസ്സാരമല്ല തിരികളുടെ എണ്ണം
കി
ഴക്കു ദിക്കിലേക്കും പടിഞ്ഞാറു ദിക്കിലേക്കും ഈരണ്ടു തിരികള്‍ കൂപ്പുകൈയുടെ രീതിയില്‍ ഇട്ടു വിളക്കു കൊളുത്തണമെന്നാണ് പ്രമാണം. പഞ്ഞി കൊണ്ട് ഉണ്ടാക്കിയ തിരിയാണ് ഏറ്റവും ശ്രേഷ്ഠം. വിവാഹ തടസ്സം നീങ്ങാന്‍ ചുവപ്പ് തിരിയില്‍ നിലവിളക്ക് കത്തിക്കാം. മനസിന്റെ ദു:ഖം മാറാന്‍ മഞ്ഞ തിരിയില്‍ നിലവിളക്ക് കത്തിക്കാം.
ഒറ്റതിരിയിട്ട ദീപം മഹാവ്യാധിയെ സൂചിപ്പിക്കുന്നു. രണ്ടു തിരിയിട്ട ദീപം ധനലാഭം സൂചിപ്പിക്കുന്നു. മൂന്നു തിരികളും നാലു തിരികളുമിടുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. അഞ്ച് തിരിയിട്ട ദീപം ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യത്തെ സൂചിപ്പിക്കുന്നു. വിളക്കിലെ എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്തുന്നതും അശുഭമാണ്.

വിളക്കിലുപയോഗിക്കേണ്ട എണ്ണ
പാ
ചകം ചെയ്ത എണ്ണയോ, വെള്ളം കലര്‍ന്ന എണ്ണയോ നിലവിളക്കില്‍ ഒരുകാരണവശാലും ഉപയോഗിക്കരുത്. മൃഗക്കൊഴുപ്പില്‍ നിന്നെടുത്ത എണ്ണ ഉപയോഗിക്കുന്നതും ദോഷകരമാണ്. എള്ളെണ്ണയാണ് ഏറ്റവും ഉത്തമം.

വിളക്ക് തെളിക്കുന്നത് ഏതു ദിക്കിന് അഭിമുഖമായി നിന്ന് വേണം?
രാ
വിലെ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് വേണം തിരിതെളിയ്ക്കാന്‍. ഇങ്ങനെ ചെയ്താല്‍ ദുഃഖങ്ങള്‍ ഇല്ലാതാകുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
വൈകിട്ട് പടിഞ്ഞാറ് ദിക്ക് നോക്കി നിലവിളക്ക് തെളിയ്ക്കണം. ഇങ്ങനെ ചെയ്താല്‍ കടബാധ്യത തീരും. വടക്ക് ദിക്ക് നോക്കി നിലവിളക്ക് കത്തിച്ചാല്‍ സമ്പത്ത് വര്‍ധനയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. തെക്ക് ദിക്ക് നോക്കി ഒരിക്കലും നിലവിളക്ക് തെളിക്കരുത്.

വിളക്ക് കൊളുത്തേണ്ടത് എപ്പോള്‍?
സൂ
ര്യോദയത്തിനും അസ്തമയത്തിനും അഞ്ചു മിനിറ്റ് മുന്‍പേ നിലവിളക്ക് തെളിക്കണം. നിലവിളക്ക് തെളിക്കുന്നതിലൂടെ പ്രത്യക്ഷ ദൈവമായ സൂര്യ ഭഗവാനെ വാങ്ങുക എന്ന സങ്കല്പവും ഉണ്ട് . അതിനാല്‍ രണ്ടു സമയങ്ങളിലും തിരി കൊളുത്തുന്നതിലും ശ്രദ്ധിക്കണം. പ്രഭാതത്തില്‍ ഉദയ സൂര്യനെ നമിക്കുന്നതിനായി കിഴക്കു ഭാഗത്തെ തിരിയും സായാഹ്നത്തില്‍ അസ്തമയ സൂര്യനെ വണങ്ങി പടിഞ്ഞാറ് ദിക്കിലേക്കുമുള്ള തിരിയുമാണ് ആദ്യം കൊളുത്തേണ്ടത്.

കാഞ്ചീവരം സാരിയില്‍ സുന്ദരികളായി അഭയ ഹിരണ്‍മയിയും അനുമോളും

അഭയ ഹിരണ്‍മയിയും അനുമോളും കാഞ്ചീവരം സാരിയില്‍ അതിസുന്ദരികളായി എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബ്ലൗസ്ലെസ്സായി പിങ്കിലും കരിംനീലയിലും ഗോള്‍ഡന്‍ വര്‍ക്കുള്ള പരമ്പരാഗത കാഞ്ചീവരം സാരിയിലുള്ള താരങ്ങുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മുടിയില്‍ മുല്ലപ്പൂ വെച്ച് നെറ്റിച്ചുട്ടിയും മൂക്കുത്തിയും നെക്ലസും അണിഞ്ഞുള്ള ലുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അഭയഹിരണ്മയിയുടെ വസ്ത്രബ്രാന്‍ഡായ ഹിരണ്മയയുടെ ഏറ്റവും പുതിയ ‘ആനന്ദം’ സില്‍ക്ക് സാരി കളക്ഷന്റെ മോഡലായാണ് അഭയക്കൊപ്പം അനുമോളും എത്തിയത്. കാഞ്ചീവരം സാരിയിലേക്ക് സമകാലീന ഡിസൈന്‍ ചേര്‍ത്തുപിടിപ്പിച്ചതാണ് ഹിരണ്മയയുടെ പുത്തന്‍ ശ്രേണി. അരികില്‍ ഫ്‌ലോറല്‍ ഡിസൈനിന്റെ കാന്‍വാസ് ആര്‍ട്ടും ഇഴചേര്‍ത്തിരിക്കുന്നു. ഓരോ സാരിക്കും ഒരു കഥ പറയാനുണ്ട് എന്ന് പുത്തന്‍ ലോഞ്ചിനൊപ്പമുള്ള ക്യാപ്ഷനില്‍ പറഞ്ഞിരിക്കുന്നു. ചിത്രങ്ങള്‍ക്ക് പാരമ്പര്യത്തനിമയുള്ള വസ്ത്രങ്ങള്‍ക്കും വസ്ത്രധാരണത്തിനും എക്കാലവും ആരാധകര്‍ ഏറെയാണെന്നു തെളിയിക്കുന്ന രീതിയിലുള്ള കമന്റുകളും എത്തി. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ സൗമ്യയാണ് മേക്കപ്പ്.

നടൻ വിനായകന് കല്പാത്തി ക്ഷേത്രത്തിൽ വിലക്കെന്ന വാർത്ത നിഷേധിച്ച് ക്ഷേത്രം ഭാരവാഹികൾ

പാലക്കാട്:

നടന്‍ വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന പ്രചരണം തളളി ക്ഷേത്രം ഭാരവാഹികള്‍.രാത്രി 11 മണി കഴിഞ്ഞതിനാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കാന്‍ കഴിയില്ലെന്ന് മാത്രമാണ് അറിയിച്ചത്.അതല്ലാതെ മറ്റ് തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് വാര്‍ഡ് മെമ്പര്‍ സുഭാഷ് കല്പത്തി പറഞ്ഞു.
രാത്രി 10.30കഴിഞ്ഞ് കല്പാത്തിയിലെത്തിയ ചലചിത്രതാരം വിനായകന് കല്‍പ്പാത്തി ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്,തനിക്ക് ദര്‍ശനം നടത്തണമെന്ന് വിനായകന്‍ ആവശ്യപ്പെടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു,എന്നാല്‍ ഈ പ്രചരണം തികച്ചും അവാസ്ഥവമെന്നാണ് പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ സുഭാഷ് കല്പാത്തി പറയുന്നത്.

ക്ഷേത്രപരിസരത്ത് വെച്ച് പ്രദേശവാസിയായയാളോട് വിനായകന്‍ കയര്‍ത്തെന്നും പ്രദേശവാസികള്‍ പറയുന്നു,വിനായകന്‍ വിളിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

നിര്‍മാതാവ് ജോണി സാഗരിക അറസ്റ്റില്‍

നിര്‍മാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ അറസ്റ്റില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അദ്ദേഹം പോലീസിന്റെ പിടിയിലാകുന്നത്. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയ്കുമാര്‍ നല്‍കിയ പരാതിയില്‍ ഇദ്ദേഹത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായ്ക്ക് പോകാനെത്തിയപ്പോള്‍ ഇദ്ദേഹത്തെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും പിന്നീട് കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
പരാതിക്കാരന്‍ ദ്വാരക് കാനഡയിലെ വ്യവസായി ആണ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. ഇതില്‍ 50 ലക്ഷം ജോണി സാഗരിക തിരിച്ചു നല്‍കി. എന്നാല്‍ 2.25 കോടി കൊടുക്കാനുണ്ടായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. ജോണിയുടെ മകന്‍ റയാന്‍ ജോണ്‍ തോമസ് ആണ് രണ്ടാം പ്രതി. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമെന്നും ക്രൈ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ജോണി സാഗരികയെ കോയമ്പത്തൂര്‍ സിറ്റി ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു.