Home Blog Page 2727

ടിക്കറ്റ് വിതരണത്തിന് ഒറ്റ കൗണ്ടർ മാത്രം;ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വലഞ്ഞ് യാത്രക്കാർ

ശാസ്താംകോട്ട:അടൂർ,കുന്നത്തൂർ താലൂക്കുകളിൽ നിന്നും ദിവസവും നൂറ്കണക്കിന് യാത്രക്കാർ എത്തുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണത്തിന് ആകെ ഒറ്റ കൗണ്ടർ മാത്രം.ഇത് മൂലം യാത്രക്കാർ വലയുന്നു.നിലവിലുള്ള ഏക കൗണ്ടറിലൂടെയാണ് സാധാരണ ടിക്കറ്റ്,റിസർവേഷൻ,തത്ക്കാൽ,
സീസൺ തുടങ്ങിയ എല്ലാം വിതരണം ചെയ്യുന്നത്.ഇത് മൂലം കൗണ്ടറിന് മുന്നിൽ എപ്പോഴും തിക്കും തിരക്കുമായിരിക്കും.കൂടാതെ യാത്രക്കാർക്ക് ഉദ്ദേശിച്ച സമയത്ത് ടിക്കറ്റ് കിട്ടാതെയും പോകുന്നു.കൗണ്ടർ ഡ്യൂട്ടിക്ക് ഒരു സമയം ഒരാൾ മാത്രമേ കാണുകയുള്ളു.നിലവിലെ
കൗണ്ടറിലൂടെ സാധാരണ ടിക്കറ്റ് വിതരണത്തിനാണ് കൂടുതൽ പരിഗണന എന്നതിനാൽ മിക്കപ്പോഴും തത്ക്കാൽ റിസർവേഷന് എത്തുന്നവർക്ക് കിട്ടാതെ നിരാശപ്പെട്ട് പോകേണ്ടതായി വരുന്നു.തത്ക്കാൽ റിസർവേഷൻ രാവിലെ 10 നും 11 നും ആണ് നടക്കുന്നത്.ഈ സമയം സ്റ്റേഷനിൽ ട്രെയിനുകൾ വരുന്ന സമയവുമാണ്.ഈ അവസരത്തിൽ തത്ക്കാൽ റിസർവേഷന് നിൽക്കുന്നവരെ ഒഴിവാക്കി പുറപ്പെടാൻ നിൽക്കുന്ന ട്രെയിൻ യാത്രക്കാർക്കുള്ള ടിക്കറ്റ് കൊടുക്കാൻ ജീവനക്കാർ ശ്രമിക്കുന്നതോടെ കൗണ്ടറിന് മുന്നിൽ തിരക്കേറും.പുലർച്ചെ മുതൽ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവരുന്നത് പ്രതിഷേധങ്ങൾക്ക് കൂടി ഇടവരുത്താറുണ്ട്.ഇവിടെ നിന്നും തത്ക്കാൽ റിസർവേഷൻ ലഭിക്കില്ല എന്ന ധാരണ പൊതുവിൽ പരന്നിട്ടുള്ളതിനാൽ യാത്രക്കാർ ഇപ്പോൾ മറ്റ് സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.ഇത് റെയിൽവേ സ്റ്റേഷന്റെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ കൂടുതൽ കൗണ്ടറുകൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.എന്നാൽ നടപടി മാത്രം ഉണ്ടായിട്ടില്ല.സ്റ്റേഷന് പുതിയ കെട്ടിടം പണിത് പ്രവർത്തനം അവിടേക്ക് മാറിയിട്ടുണ്ട്.ഇതോടെ പഴയ സ്റ്റേഷൻ കെട്ടിടം ഏറെ കുറെ ഒഴിഞ്ഞ് കിടക്കുകയാണ്.ഇവിടെയാണ് നിലവിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത്.ഇവിടെ തന്നെ ഒന്നോ രണ്ടോ കൗണ്ടർ കൂടി അധികമായി പ്രവർത്തിപ്പിക്കാവുന്നതാണെന്ന് യാത്രക്കാർ പറയുന്നു.

സമരം വിജയിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ചക്കുവള്ളിയിൽ പ്രകടനം

ശാസ്താംകോട്ട:കേരളാ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്റ്റേഴ്സ് ആന്റ് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കഴിഞ്ഞ പതിനാല് ദിവസമായി നടന്നുവരുന്ന സമരം വിജയിച്ചതിൽ ആഹ്ളാദം പ്രകടിപ്പിച്ച് ചക്കുവള്ളിയിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ചക്കുവള്ളി ടെസ്റ്റ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ആഹ്ളാദ പ്രകടനം ടൗൺ ചുറ്റി ജോയിന്റ് ആർ.ടി ഓഫീസ് പടിക്കൽ സമാപിച്ചു.തുടർന്ന് നടന്ന യോഗത്തിൽ ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,ഐക്യട്രേഡ് യൂണിയൻ നിയോജകമണ്ഡലം ചെയർമാൻ തടത്തിൽ സലീം,യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ തോപ്പിൽ ജമാൽ,ബിജു മൈനാഗപ്പള്ളി,നാലുതുണ്ടിൽ റഹീം, ബാബു ഹനീഫ,സരസചന്ദ്രൻപിള്ള, വേങ്ങ ശ്രീകുമാർ,കേരളാ ഷാജി,ആർ.ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.പ്രകടനത്തിനും യോഗത്തിനും അസോസിയേഷൻ നേതാക്കളായ വാസുദേവൻ,മുനീർ ശബരി,എസ്.ആർ ശ്രീകുമാർ,സ്റ്റാർ രജ്ജിനി,ഷാ സുഖദ,നിയോ ജയകുമാർ,വത്സമ്മ,പ്രീത,മിനി,ബിജു ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി.

മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

കാഞ്ഞിരപ്പള്ളി.മണിമലയാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.മണിമല മൂലേപ്ലാവിന് സമീപമാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കാനെത്തിയ യുവാവാണ് അപകടത്തിൽപ്പെട്ടത്. കോത്തലപ്പടി സ്വദേശി തടത്തേൽ ബിജി ആണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആറിൻ്റെ ഇരുകരകളിലേയ്ക്കും നീന്തുന്നതിനിടെ മണിമലയാറ്റിലെ കയത്തിൽ യുവാവ് മുങ്ങി പോവുകയായിരുന്നു എന്നാണ് വിവരം .ഫയർഫോഴ്സ് സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുകയാണ്. ശക്തമായ ഇടിയും മഴയും തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. മണിമല മൂലേ പ്ലാവ് എസ് ഇ ടി എം സ്കൂളിന് സമീപമാണ് സംഭവം

സിഎഎ പിന്‍വലിക്കാമോ, പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാന മന്ത്രി

ഉത്തർപ്രദേശിൽ CAA പ്രചാരണ ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.മോദി ഗ്യാരണ്ടി യുടെ ഉത്തമ ഉദാഹരണം, CAA നിയമമെന്ന് പ്രധാനമന്ത്രി.CAA പിൻവലിക്കാൻ മോദി പ്രതി പക്ഷത്തെ വെല്ലുവിളിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമം പ്രധാന പ്രചാരണ ആയുധമാക്കുകയാണ് ബിജെപി.

മോദി ഗ്യാരണ്ടിയുടെ ഉത്തമ ഉദാഹരണമായാണ് പ്രധാനമന്ത്രി നിയമത്തെ ഉയർത്തിക്കാട്ടിയത്.
CAA നിയമ മനുസരിച്ചു പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായി ആസംഗഡിലെ റാലിയിൽ പ്രധാനമന്ത്രി.ഇന്ത്യ സഖ്യം CAA യുടെ പേരിൽ കള്ളം പ്രചരുപ്പിച്ച്, രാജ്യത്ത് കലാപത്തിന് തീ കോളുത്താൻ ശ്രമിച്ചു,
CAA പിൻവലിക്കാൻ പ്രതി പക്ഷത്തെ മോദി വെല്ലുവിളിച്ചു

മാസങ്ങൾക്കകം ബംഗാൾ മുതൽ പഞ്ചാബ് വരെ ആയിരകണക്കിന് ന് അഭയാർത്തികൾക്ക് പൗരത്വം നൽകുമെന്നും പ്രധാന മന്ത്രി പ്രഖ്യാപിച്ചു.ബിജെപി യാണ്‌ അയോധ്യയിൽ രാമ ക്ഷേത്രം യഥാർത്യമാക്കിയത്,കോടതിവിധി അവഗണിച്ച് രാമക്ഷേത്രം പൂട്ടാൻ കോണ്ഗ്രസ് ആഗ്രഹിക്കുന്നു.രാംലല്ലയെ വീണ്ടും ടെന്റ് ലേക്ക് മാറ്റാനാണ് നീക്കമെന്നും മോദി ആരോപിച്ചു.

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ ജനങളുടെ സ്വത്തുക്കൾ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാന മന്ത്രി ആവർത്തിച്ചു.മൂന്ന് ഘട്ടങ്ങളിലായി 41 സീറ്റുകളിൽ തെരഞ്ഞെടുപ്പ് പൂർത്തിയാകാനുള്ള ഉത്തർ പ്രാദേശിൽ വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ബിജെപിയുടെ തീരുമാനം.

വരുന്നത് അതി ശക്തമഴ

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത.
ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് ഇന്ന് യല്ലോ അലർട്ട്. പത്തനംതിട്ട എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത എന്നും പ്രവചനം. ശനിയാഴ്ച രണ്ടു ജില്ലകളിലും ഞായറാഴ്ച മൂന്നു ജില്ലകളിലും
തിങ്കളാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെ ഏഴ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത.തെക്കൻ തമിഴ് നാട് തീരത്തിനും കോമറിൻ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. ഇതിൻറെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. കാലവർഷം തുടക്കത്തിൽ തന്നെ കേരളത്തിൽ സജീവമായി മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചിക്കുന്നു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം വരുന്ന 4 ആഴ്ചകളിലും കേരളത്തിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.കേരള തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ലഹരിമുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിന്റെ പക,ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി അലൻ അറസ്റ്റിൽ

കൊച്ചി.ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി അലൻ അറസ്റ്റിൽ. തോപ്പുംപടിയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ലഹരിമുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിന്റെ പകയാണ് കൊലപാതക കാരണമെന്നാണ് അലൻ പോലീസിന് നൽകിയ മൊഴി. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊലപാതകം നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതി അലൻ തോപ്പുംപടിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ഉച്ചയോടെ പോലീസ് നടത്തിയ തിരച്ചിലിൽ മുറിയിൽ കിടന്നുറങ്ങുന്ന നിലയിൽ അലനെ കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ വിശദമായി ചോദ്യം ചെയ്തു.
കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ലഹരിക്ക് അടിമപ്പെട്ട അലനെ ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സയ്ക്ക് അയച്ചതോടെയാണ് ബിനോയി സ്റ്റാൻലിയോടുള്ള പക തുടങ്ങിയത്. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പലപ്പോഴായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ കടയിൽ കയറി ബിനോയിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് അലൻ പോലീസിന് നൽകിയ മൊഴി.

സംസ്‌കൃത കോളേജിനുള്ളിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം. സംസ്‌കൃത കോളേജിനുള്ളിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ക്യാമ്പസ്സിലെ പണി നടക്കുന്ന ബ്ലോക്കിനു സമീപതാണ് അഴുകിയ നിലയിൽ മൃതദേഹം കിടന്നത്. 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മൂന്നു ദിവസത്തെ പഴക്കമുണ്ട്. സമീപത്തെ ജോലി ചെയ്തിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും വിരലടയാളം വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ആയി തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി.

വനമേഖലയില്‍ വച്ച് ഭാര്യയുടെ കാലിൽ ചുറ്റികകൊണ്ട് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം. കരുമൺകോട് വനമേഖലയില്‍ ഭാര്യയുടെ കാലിൽ ചുറ്റികകൊണ്ട് ആക്രമിച്ച ഭർത്താവ് അറസ്റ്റിൽ. പാലോട് സ്വദേശി സോജിയാണ് ഭാര്യ ഗിരിജയെ ചുറ്റികകൊണ്ട് ആക്രമിച്ചത്. കാട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ആക്രമണം. ഇരുവരും ഏറെ നാളായി പിണക്കത്തിലായിരുന്നു.

ഗിരിജയെ പ്രതി സോജി കാണണമെന്ന് ആവശ്യപ്പെട്ട് പാലോട് കരുമൺകോട് വനമേഖലയിൽ വിളിച്ചു വരുത്തുകയായിരുന്നു. അവിടെ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെയായിരുന്നു ആക്രമണം. ഗിരിജയുടെ കാൽ മുട്ടിനും, തലയ്ക്കും സോജി ചുറ്റിക കൊണ്ട് അടിച്ചു. മർദ്ദനത്തിൽ ഗിരിജയുടെ കാൽമുട്ടുകൾക്ക് ഗുരുതര പരിക്കുണ്ട്. ഗിരിജയുടെ
നിലവിളി കേട്ട് ഓടി എത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ പാങ്ങോട് പോലീസ് കേസ് എടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ശാന്തയുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.
ഇരുവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും വൈരാഗ്യം മൂലമാണ് ആക്രമണമെന്നു മാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗിരിജയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. അതേസമയം വനത്തിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യന്‍ ഇതിഹാസം ബൂട്ടഴിക്കുമ്പോള്‍…..

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഒരിക്കലും മായാത്ത മുഖമായി സുനില്‍ ഛേത്രി കളം നിറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ ലോക ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഛേത്രിക്ക് കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. ജൂണ്‍ ആറിന് കുവൈത്തിനെതിരേ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ ഫുട്‌ബോളില്‍ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായാണ് അദ്ദേഹത്തിന്റെ മടക്കം. ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. ഗോള്‍ വേട്ടയില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം മൂന്നാമനായി ഇന്ത്യയുടെ സ്വന്തം ഛേത്രിയുമുണ്ട്.

2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്സിയിലുണ്ടായിരുന്നു. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയെടുത്തു. അന്താരാഷ്ട്ര വേദിയില്‍, 2008ലെ എഎഫ്സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്‌റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമാണ് ഛേത്രി.

ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തുക്കളായി…നേരില്‍ കാണുന്നത് ചൊവ്വാഴ്ച… ഒടുവില്‍ മരണത്തിലേക്ക്…..

കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ്. അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്.
പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
അനന്തു കൊല്ലം ഫാത്തിമ കോളജിലെ മലയാളം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും മീനാക്ഷി പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിനിയുമാണ്. ഇരുവരും ഇന്‍സ്റ്റാഗ്രാം വഴിയാണ് ഒരു മാസം മുന്‍പ് പരിചയപ്പെട്ടതെന്നും പ്രണയത്തിലായിരുന്നുവെന്നും അനന്തുവിന്റെ സുഹൃത്തുക്കള്‍ കിളികൊല്ലൂര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഈ കാര്യമൊന്നും ഇരു വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും നേരില്‍ കാണുന്നതെന്നും അനന്തുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
സിനിമ കാണാന്‍ പോകുന്നു എന്ന് പറഞ്ഞാണ് അനന്തു വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും മക്കളെ കാണാതായതോടെ ഇരു വീട്ടുകാരും പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. രാത്രിയോടെയാണ് കിളികൊല്ലൂരില്‍ രണ്ടു പേരെ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. ഇന്നലെ രാവിലെ ഇരുവരുടെയും ബന്ധുക്കള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം നടത്തി.