Home Blog Page 2722

ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവർ മരിച്ചു?അപകടസ്ഥലത്ത് ആരും ജീവനോടെയില്ല

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തില്‍പ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും അടക്കമുള്ളവർ മരിച്ചെന്ന് റിപ്പോർട്ട്.
തകർന്ന കോപ്റ്ററിന് സമീപമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവനോടെ ആരെയും കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിനെത്തിയ തുർക്കിയുടെ ഡ്രോണാണ് തകർന്ന കോപ്റ്ററുണ്ടായിരുന്ന സ്ഥലം കണ്ടെത്തിയത്.

രക്ഷാദൗത്യത്തിന് റഷ്യയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ അറിയിച്ചിരുന്നു. കഴിഞ്ഞ12 മണിക്കൂറായി നാല്‍പതിലേറെ
സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.

വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോല്‍ഫ നഗരത്തില്‍ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങള്‍ അറിയിച്ചത്.

ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്‌മാതി അടക്കമുള്ളവരും ഈ കോപ്റ്ററില്‍ ഉണ്ടായിരുന്നു. അയല്‍ രാജ്യമായ അസർബൈജാനിലെ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.

മേഖലയില്‍ കനത്ത മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടിരുന്നു. ഇതായിരിക്കാം കോപ്റ്റർ പെട്ടെന്ന് ഇടിച്ചിറക്കാൻ കാരണം. റെയ്സി ഉണ്ടായിരുന്ന കോപ്റ്ററാണ്
ഇടിച്ചിറങ്ങിയതെന്ന് ഇറേനിയൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചിരുന്നു.

അഞ്ചാംഘട്ടത്തിൽ രാജ്യത്തെ 49 ലോക്സഭാ മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും

ന്യൂഡെല്‍ഹി.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിൽ രാജ്യത്തെ 49 ലോക്സഭാ മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും . 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. . ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന്തെരഞ്ഞെടുപ്പ് നടക്കും.
ആകെ 8.95 കോടി വോട്ടർമാർക്കാണ് അഞ്ചാംഘട്ടത്തിൽ സമ്മതിദാന അവകാശം. ഉത്തർപ്രദേശിലെ 14 , മഹാരാഷ്ട്രയിലെ 13, ബംഗാളിലെ 7 , ബിഹാർ 5, ഒഡീഷ 5, ജാർഖണ്ഡ് 3, ജമ്മു കശ്മീർ 1, ലഡാക്ക് 1 വീതം മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് അഞ്ചാംഘട്ടത്തിലും ഏർപ്പെടുത്തിയിരിക്കുന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പീയുഷ് ഗോയൽ, രാജീവ് പ്രതാപ് റൂഡി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാൻ തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ.
റായ്‌ബറേലിയില്‍ രാഹുല്‍ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രിയും യുമായ ദിനേശ് പ്രതാപ് സിങും തമ്മിലാണ് പ്രധാന മത്സരം. അമേഠിയില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കോൺ​ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മയെ നേരിടുന്നു. രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖ്‌നൗവും പീയുഷ് ഗോയല്‍ മത്സരിക്കുന്ന മുംബൈ നോര്‍ത്തും ചിരാഗ് പാസ്വാന്‍റെ ഹാജിപൂരും ഒമര്‍ അബ്‌ദുള്ളയുടെ ബാരാമുള്ളയും അഞ്ചാം ഘട്ടത്തില്‍ ശ്രദ്ധേയ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളാണ്.

പുതിയ ക്രിമിനല്‍ നിയമങ്ങൾക്ക് എതിരായ പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി . പുതിയ ക്രിമിനല്‍ നിയമങ്ങൾക്ക് എതിരായ പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഐപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവയ്ക്ക് പകരം കൊണ്ടു വന്ന ക്രിമിനല്‍ നിയമങ്ങള്‍ ചോദ്യം ചെയ്താണ് ഹര്‍ജി.
ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം, ഭാരതീയ നാഗരിക സുരക്ഷാ സംഹിത എന്നിവയ്ക്ക് ‘നിരവധി ന്യൂനതകളും പൊരുത്തക്കേടുകളും’ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. ഭൂരിഭാഗം അംഗങ്ങളും സസ്‌പെന്‍ഷനിലായിരുന്ന കാലയളവില്‍, പാര്‍ലമെന്റില്‍ കാര്യമായ ചര്‍ച്ചയില്ലാതെയാണ് നിയമങ്ങള്‍ പാസ്സാക്കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അവധിക്കാല ബഞ്ചാണ് ഇന്ന് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുക

കായംകുളത്തെ ഗുണ്ടാഅക്രമം,മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കായംകുളം. ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതി രാഹുലിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.
ക്രൂര മർദനത്തിൽ കൃഷ്ണപുരം സ്വദേശി അരുൺ പ്രസാദിന് കേൾവിശക്തി നഷ്ടമായിരുന്നു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട ഫോൺ പോലീസിന് കൈമാറിയതിന്റെ വിരോധവുമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിൽ.. ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് കുരുക്കിലായത്. ജില്ലാ പോലീസ് മേധാവി തന്നെ ഇടപ്പെട്ട കേസിൽ കായംകുളം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

സൈബർ ആക്രമണം: ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് രക്ഷപെട്ട പിഞ്ചു കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്ത നിലയിൽ

ചെന്നൈയിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വീണ പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ
ആത്മഹത്യ ചെയ്തുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്‍റെ ഭാര്യ രമ്യ(33) ആണ് കഴിഞ്ഞ ശനിയാഴ്ച ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ് കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽനിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയിൽ ചർച്ച ആയിരുന്നു. പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെട്ടതിനാൽ രമ്യ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 
കഴിഞ്ഞ മാസം 28 ന് ആണ് സംഭവം നടക്കുന്നത്. തിരുമുല്ലവയലിലുള്ള വിജിഎൻ സ്റ്റാഫോഡ് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെ  രമ്യയുടെ കയ്യിൽനിന്നും കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതോടെ  യുവതിക്കെതിരെ വലിയ വിമർശനവുമായി പലരും രംഗത്തെത്തി. അമ്മയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നതടക്കം അതിരൂക്ഷമായ സൈബർ ആക്രമണമാണ് യുവതിക്ക് നേരെയുണ്ടായത്. ചില ബന്ധുക്കളും ഇക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതോടെ വിഷാദരോഗത്തിലേക്ക് നീങ്ങി. കുറച്ച് നാളായി രമ്യ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. 

രമ്യയും 2 മക്കളും രണ്ടാഴ്ച മുൻപാണ് മേട്ടുപ്പാളയം കാരമടയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്.  ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോയി. രമ്യ ഇവർക്കൊപ്പം പോയിരുന്നില്ല. വിവാഹത്തിന് പോയവർ തിരികെ എത്തിയപ്പോഴാണ് രമ്യയെ  മരിച്ച നിലയിൽ കണ്ടത്.

തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയം ,മന്ത്രിസഭായോഗം പരിഗണിച്ചേക്കും

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയം ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം പരിഗണിച്ചേക്കും.
ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാർഡ് വീതം കൂട്ടാനാണ് ആലോചന.ഇതിനായി ഓർഡിനൻസ് പുറത്തിറക്കിയേക്കും.
941 ഗ്രാമപഞ്ചായത്തുകളിലായി 1300 വാർഡുകൾ വർധിക്കാൻ സാധ്യതയുണ്ട്.
നിലവിൽ 15,962 വാർഡുകളാണ് ഉള്ളത്.കൊച്ചി കോർപ്പറേഷനിൽ രണ്ടു വാർഡും,തിരുവനന്തപുരം,തൃശ്ശൂർ, കോഴിക്കോട് കണ്ണൂർ കോർപ്പറേഷനുകളിൽ ഓരോ വാർഡും വർദ്ധിച്ചേക്കും.ബ്ലോക്ക് പഞ്ചായത്തുകളിൽ 157 ഉും,ജില്ലാ പഞ്ചായത്തുകളിൽ 15 ഡിവിഷനുകളും കൂടിയേക്കും.പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക.

മേയർ ആര്യാ രാജേന്ദ്രൻറെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി ഉടൻ രേഖപ്പെടുത്തും

തിരുവനന്തപുരം.കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രൻറെ രഹസ്യമൊഴി
മജിസ്ട്രേറ്റ് കോടതി ഉടൻ രേഖപ്പെടുത്തും.
കൻറോൺമെൻറ് പോലീസ് നൽകിയ അപേക്ഷയിലാണ് കോടതി നടപടി.വാഹനം തടഞ്ഞതല്ല ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്യുകയായിരുന്നു എന്ന് നേരത്തെ മേയർ പ്രതികരിച്ചിരുന്നു.അതേസമയം കേസന്വേഷണത്തിൽ നിർണായക തെളിവാകേണ്ടിയിരുന്ന ബസിനുള്ളിലെ കാമറ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഇപ്പോഴും കാണാമറയത്താണ്. മെമ്മറി കാർഡ് നഷ്ടമായൽ കണ്ടക്ടറെയും യദുവിനെയും ചോദ്യം ചെയ്തെങ്കിലും ഒരു സൂചനയും കിട്ടിയില്ല.കോടതി നിർദേശത്തെ തുടർന്ന് മേയർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു എന്ന ആരോപണവും ശക്തമാണ്. ഈ കേസുകളിൽ മേയറുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.സംഭവത്തിൽ ksrtc നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ഇത് വരെ ഗതാഗത മന്ത്രിക്ക് സമർപ്പിച്ചിട്ടില്ല.

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവം. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ജോസഫ് പൊലീസിൽ കീഴടങ്ങി.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവമുണ്ടായത്. ജോസഫും ലീലയും ഓസ്ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു താമസം. മൂന്നു മാസം മുൻപാണ് ജോസഫ് നാട്ടിലെത്തിയത്. ഒരാഴ്ച മുൻപ് ലീലയും തിരിച്ചെത്തി. വൈകിട്ട് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് അരിവാൾ ഉപയോഗിച്ച് ജോസഫ് ഭാര്യയെ വെട്ടുകയായിരുന്നു.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി ജോസഫ് കീഴടങ്ങുകയായിരുന്നു.

തമിഴ് നാട്ടിലെ നാല് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്

തമിഴ് നാട്ടിലെ നാല് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തെങ്കാശി, തേനി, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലാണ് റെഡ് അലർട്ട്. രണ്ടു ദിവസവും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്. ഇന്ന് 13 ജില്ലകളിലും നാളെ 15 ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്നലെ ധർമപുരി, മധുര, കോയമ്പത്തൂർ, തൂത്തുക്കുടി, തിരുനെൽവേലി തുടങ്ങിയ മേഖലകളിൽ വ്യാപകമായി മഴപെയ്തു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേശീയ ദുരന്തനിവാരണസേനയുടെ 90 അംഗങ്ങൾ തിരുനെൽവേലിയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും; ഡ്രൈവിംഗ് സ്ക്കൂളുകാരെ സമരത്തിന് ഇളക്കിവിട്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് കിട്ടി, നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം:ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ ഇന്ന് മുതൽ പൂർണതോതില്‍ പുനരാരംഭിക്കും.
ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നു മുതൽ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

അതിനിടെ
ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്യാൻ ഡ്രൈവിങ് സ്കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും.
നല്ല ലൈസൻസ് സംവിധാനം കേരളത്തിൽ വേണം. വണ്ടി ഓടിക്കാനറിയുന്നവര്‍ വാഹനമോടിച്ച് റോഡിലിറങ്ങിയാൽ മതിയെന്നായിരുന്നു നിലപാട്. എന്‍റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. അവസാനം ഡ്രൈവിങ് ടെസ്റ്റിനെതിരെ സമരം നടത്തിയ സ്കൂൾ ഉടമകൾ, മന്ത്രി പറയുന്നതാണ് ശരിയെന്ന നിലയിലേക്കെത്തി. സമരക്കാരോട് ചർച്ച ചെയ്ത് സമവായത്തിലെത്തി.

ഒരേസമയം കൂടുതൽ ഡ്രൈവിങ് ലൈസൻസ് പാസാക്കുന്നവരെ സ്ക്വാഡ് പരിശോധിക്കും. ഒറ്റ ദിവസം 126 ലൈസൻസും ഫിറ്റ്‌നെസും ടെസ്റ്റ്‌ ചെയ്ത ഉദ്യോഗസ്ഥർ മോട്ടർ വാഹന വകുപ്പിലുണ്ട്. ഇത് വകുപ്പിനു നാണക്കേടാണ്. റേഷൻ കാർഡ് പോലെ ലൈസൻസ് വാരിക്കൊടുക്കാൻ കഴിയില്ല.

ഡ്രൈവിങ് പരിശീലനം കൂടാതെ കൈതെളിയാൻ സ്‌കൂളുകാർ അധിക തുക വാങ്ങുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കൈതെളിയും വരെ എഴുതിക്കും. എല്ലാത്തിനും മുകളിൽ ക്യാമറ പോലെ തന്‍റെ കണ്ണുകൾ ഉണ്ടാകും. വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുതെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി താക്കീത് നൽകി