22.3 C
Kollam
Saturday 20th December, 2025 | 03:14:43 AM
Home Blog Page 2683

മുള്ളന്‍പന്നിയെ വാഹനമിടിച്ച് പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തി

ചാത്തന്നൂര്‍: മുള്ളന്‍പന്നിയെ വാഹനമിടിച്ച് പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തി. ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ മീനാട് കോട്ടേകുന്ന് ക്ഷേത്രത്തിന് സമീപമാണ് ഇന്നലെ പുലര്‍ച്ചെ മുള്ളന്‍പന്നിയെ വഴിയാത്രക്കാര്‍ കണ്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി മുള്ളന്‍പന്നിയെ ജില്ലാ മൃഗാശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്ത് മുള്ളന്‍പന്നികളുടെ ശല്യം രൂക്ഷമാണെന്നും ഇതിന് മുന്‍പും മുള്ളന്‍പന്നികള്‍ നിരവധി തവണ വണ്ടിയിടിച്ചു ചത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കൊല്ലം: കിളികൊല്ലൂര്‍ കന്നിമേല്‍ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കരിക്കോട് ടികെഎം കോളേജിന് സമീപം രഞ്ജിത്ത് ഭവനില്‍ വിഷ്ണു(28), തട്ടാര്‍കോണം തടവിള വീട്ടില്‍ വിഷ്ണുലാല്‍(33) എന്നിവരാണ് കിളികൊല്ലൂര്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 13ന് 3.30ന് കിളികൊല്ലൂര്‍ കന്നിമേല്‍ചേരി സൗഹൃദ നഗര്‍-105ല്‍ പ്രവീണിനേയും
മാതാവിനേയും വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിക്കുകയും പ്രവീണിനെ കണ്ണ്‌കെട്ടി തട്ടിക്കൊണ്ട് പോയി സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യ്ത കുറ്റത്തിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ ഉള്‍പ്പെട്ട നാലാം പ്രതി ശരവണന്റെ വീട്ടിലെ ജനല്‍ ചില്ല് ആരോ തകര്‍ത്തിരുന്നു. ഇത് പ്രവീണ്‍ ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. ഈ കേസില്‍ ഉള്‍പ്പെട്ട
10 പ്രതികള്‍ ഇതോടെ പോലീസിന്റെ പിടിയിലായി. കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷാനിഫിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ വൈശാഖ്, സന്തോഷ്, സിപിഒമാരായ സാജ്, പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഓപ്പറേഷന്‍ ആഗ്; 388 പേര്‍ പിടിയില്‍

കൊല്ലം: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ നടത്തി വരുന്ന ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി നിരവധി കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 19 പേരെയും മറ്റ് വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 47 പേരെയും സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി 322 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തു. ഇതുകൂടാതെ വാറണ്ട് കേസില്‍ പ്രതികളായ 128 പേരുടെ
അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ സ്ഥിരം കുറ്റവാളികളായ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ആയതിന്റെ ഭാഗമായി 21 പേരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും 6 പേരെ ജില്ലയില്‍ നിന്നും നാട് കടത്തുകയും ചെയ്തിട്ടുണ്ട്.

ട്രോളിങ്ങ് നിരോധനം ജൂണ്‍ 10 മുതല്‍

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം. ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിങ്ങ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണം. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി അറിയിച്ചു.

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച യൂട്യൂബറിന് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: ദുബൈയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുകയും ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതിന് യൂട്യൂബറിന് തമിഴ്നാട്ടിലെ ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു. വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ സൈബര്‍ വിഭാഗത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിവാദമായതിനെത്തുടര്‍ന്ന് വീഡിയോ നീക്കം ചെയ്തു.
വിഡിയോയുടെ താഴെ നിരവധി പേര്‍ അഭിനന്ദനം അറിയിച്ചപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ദുബൈയില്‍ പോയി ലിംഗനിര്‍ണയം നടത്താന്‍ പലര്‍ക്കും വീഡിയോ പ്രചോദനമാകുമെന്ന മോശം സന്ദേശമാണ് ഇവര്‍ പങ്കുവെച്ചതാണ് പലരും വിമര്‍ശിച്ചത്. ചെന്നൈയില്‍ നിന്നുള്ള ഇര്‍ഫാന്‍ എന്ന യൂട്യൂബ് വ്ളോഗറാണ് ഇത്തരത്തില്‍ വീഡിയോ പങ്കുവെച്ചത്. ഫുഡ് വ്ളോഗറായ ഇര്‍ഫാന്റെ ചാനലിന് 4.29 മില്യണ്‍ ഫോളോവേഴ്സ് ആണുള്ളത്. ആശുപത്രിയില്‍ സ്‌കാനിങിലൂടെ ഡോക്ടര്‍ ലിംഗനിര്‍ണയം നടത്തുന്നതുള്‍പ്പെടെ വീഡിയോയില്‍ ഉണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഗര്‍ഭസ്ഥ ശിശുക്കളുടെ സുരക്ഷിത്വത്തിനായും പെണ്‍ഭ്രൂണഹത്യ തടയുന്നതിനും ലിംഗാനുപാതത്തിലെ വ്യത്യാസവും പരിഹരിക്കുന്നതിനായി 1994ലാണ് പ്രീ കണ്‍സെപ്ഷന്‍ ആന്റ് പ്രീ നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്നിക് ആക്ട് നിലവില്‍ വന്നത്.
വര്‍ഷങ്ങളായി, അനധികൃത അള്‍ട്രാസൗണ്ട് സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതിനാല്‍ ലിംഗാനുപാതത്തില്‍ വലിയ പുരോഗതിയുണ്ടായി. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ കേന്ദ്ര ആരോഗ്യമന്ത്രി അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2005ല്‍ 1000 ആണ്‍ കുട്ടികള്‍ക്ക് 876 പെണ്‍കുഞ്ഞുങ്ങള്‍ എന്ന നിലയിലുള്ള ലിംഗാനുപാതം 2018നും 2020നും ഇടയില്‍ 907 ആയി ഉയര്‍ന്നു. ഹരിയാന, രാജസ്ഥാന്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തമിഴ്‌നാട് അതിന്റെ ലിംഗാനുപാതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. 2015-ല്‍ 918 ആയിരുന്നത് 2019-ല്‍ 942 എന്ന നിലയിലേക്കായി ലിംഗാനുപാതം.

ഇന്ത്യയിലെ അവയവ കച്ചവടത്തിന്റെ പ്രധാന ഏജൻറ് ഹൈദരാബാദിലുള്ള ഡോക്ടർ, അവയവ കടത്തില്‍നിർണായക വിവരങ്ങൾ

കൊച്ചി. അവയവ കടത്ത് കേസിൽ പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന്.അറസ്റ്റിലായ സാബിത്തിന് നാല് പാസ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നും തൃശ്ശൂർ കേന്ദ്രീകരിച്ച് ഇയാൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നും പോലീസ് കണ്ടെത്തി. അവയവ കച്ചവടം നടത്തിയ ശേഷം ഈ അക്കൗണ്ടുകളിലൂടെയാണ് ഇയാൾക്ക് പണം ലഭിച്ചിരുന്നത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.അവയവ കച്ചവടത്തിൽ സാബിത്തിന് പ്രാദേശിക സഹായം ലഭിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട് ഹൈദരാബാദിലെ ഒരു ഡോക്ടറാണ് ഇന്ത്യയിൽ അവയവ കച്ചവടത്തിന്റെ പ്രധാന ഏജൻറ് എന്നും സാബിത്ത് മൊഴി നൽകി.

അവയവ കച്ചവട കേസിൽ അറസ്റ്റിലായ സാബിത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലാണ് ഹൈദരാബാദിലുള്ള ഒരു ഡോക്ടർ ആണ് ഇന്ത്യയിലെ അവയവ കച്ചവടത്തിന്റെ പ്രധാന ഏജൻറ് എന്ന് വ്യക്തമാക്കിയത്. ഇയാളെ താൻ കണ്ടിട്ടില്ല എന്നും സാബിത്ത് മുടി നൽകിയിട്ടുണ്ട് എന്നാൽ ഈ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. അതിനിടെ സാബിത്തിന് നാല് പാസ്പോർട്ടുകൾ ഉണ്ടോ എന്നും ഇത് നാലും വ്യാജമാണോ എന്നത് പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

അതിനിടെ സാബിത്തിന ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നതും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.ഇയാളുടെ സുഹൃത്തുക്കളാണ് അവയവ കച്ചവടത്തിന്റെ പണം ഈ അക്കൗണ്ടുകളിലേക്ക് കൈമാറിയിരുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് ഇവരെ പോലീസ് നിരീക്ഷണത്തിൽ നിലനിർത്തിയിരിക്കുകയാണ് സാബിത്തിനെ കസ്റ്റഡിയിൽ ലഭിച്ചുകഴിഞ്ഞാൽ ഇവരെയും അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം.

ഐപിഎല്‍… ഇന്ന് റോയല്‍ പോരാട്ടം….

ഐപിഎല്ലിലെ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ റോയല്‍ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. പോയിന്റ് പട്ടികയില്‍ മൂന്നും നാലും സ്ഥാനത്തുള്ള ടീമുകളാണ് എലിമിനേറ്റര്‍ ഏറ്റുമുട്ടുന്നത്. എലിമിനേറ്ററില്‍ വിജയിക്കുന്നവര്‍ ഒന്നാം ക്വാളിഫയറില്‍ പരാജയപ്പെട്ട ഹൈദരബാദുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും.
രാജസ്ഥാന്‍ റോയല്‍സും, റോയല്‍ ചാലഞ്ചേഴ്സും 31 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ 13 തവണ രാജസ്ഥാനും 15 തവണ റോയല്‍ ചാലഞ്ചേഴ്സും വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു.
ഈ സീസണിലെ പതിനാല് മത്സരങ്ങളില്‍ നിന്ന് എട്ട് കളികളിലാണ് രാജസ്ഥാന്‍ വിജയിച്ചത്. ഒരു കളി മഴ മൂലം ഉപേക്ഷിച്ചു. 17 പോയിന്റ് നേടിയാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ മൂന്നാമത് എത്തിയത്. തുടക്കത്തില്‍ ആദ്യ 9 മത്സരങ്ങളില്‍ എട്ടും ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു രാജസ്ഥാന്‍. എന്നാല്‍ അവസാന 5 ലീഗ് മത്സരങ്ങളില്‍ നാലിലും രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്തു. ലീഗ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബംഗളൂരുവിനെ 6 വിക്കറ്റിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാകും രാജസ്ഥാന്‍ ഇന്നിറങ്ങുക. ആദ്യ 8 മത്സരങ്ങളില്‍ ഏഴിലും തോറ്റ ബംഗളൂരു, പിന്നാലെ നടന്ന 6 മത്സരങ്ങളിലും അപരാജിത കുതിപ്പു നടത്തിയാണ് പ്ലേഓഫില്‍ കടന്നത്. റോയല്‍ ചാലഞ്ചേഴ്സ് ഏഴ് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങളില്‍ പരാജയപ്പെട്ടു. പതിനാലും പോയിന്റുമായാണ് അവസാന നാലില്‍ എത്തിയത്.

പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു

മുംബൈ. ഘാട്ട്കോപ്പറിൽ പരസ്യബോർഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിസിപിയുടെ നേതൃത്വത്തിലാണ് സംഘം. പരസ്യ ബോ‌ർഡ് സ്ഥാപിച്ച കമ്പനി ഉടമകൾക്കെതിരെ പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു

തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള ഓർഡിനന്‍സ് ഗവർണർ മടക്കി

തിരുവനന്തപുരം . തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനുള്ള ഓർഡിനന്‍സ് ഗവർണർ മടക്കി.മാതൃകപെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്ന കാരണം ഉയർത്തിയാണ് ഗവർണർ ഓർഡിനന്‍സ് മടക്കിയത്.നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് മുൻപ് ഓർഡിനൻസിന്
അനുമതി നേടിയെടുക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് സർക്കാർ.

തിങ്കളാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം വർധിപ്പിക്കാന്‍ വേണ്ടി ഓർഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.ഓർഡിനന്‍സ് കഴിഞ്ഞ ദിവസം തന്നെ രാജ് ഭവന് കൈമാറി.എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓർഡിനന്‍സില്‍ ഒപ്പിടാന്‍ കഴിയില്ലെന്നാണ് ഗവർണറുടെ നിലപാട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്നാവശ്യപ്പെട്ട് ഓർഡിനന്‍സ് ഗവർണർ സർക്കാരിന് തിരിച്ചയച്ചു.ഇതോടെയാണ് സർക്കാർ പ്രതിസന്ധിയിലായത്.


സമ്പൂർണ ബജറ്റ് പാസ്സാക്കാന്‍ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കുന്നത് ശുപാർശ ചെയ്യാന്‍ വെള്ളിയാഴ്ച മന്ത്രിസഭയോഗം ചേരാനിരിക്കുകയായിരിന്നു.ഗവർണർ ഒപ്പിടുന്നതിന് മുന്‍പ് നിയമസഭ വിളിച്ച് ചേർക്കാന്‍ തീരുമാനിച്ചാല്‍ ഓർഡിനന്‍സ് നിലനില്‍ക്കില്ല.പിന്നീട് ബില്ലായി കൊണ്ട് വരേണ്ടി വരും.ബജറ്റ് പാസാക്കാനുള്ള സമ്മേളനം ആയത് കൊണ്ട് ബില്‍ കൊണ്ട് വന്ന് പാസാക്കാനുള്ള സമയവും കാണില്ല.ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി നേടിയെടുക്കാനുള്ള തിരക്കിട്ട
ശ്രമങ്ങള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്.2019 ലും വാർഡ് വിഭജിക്കാന്‍ വേണ്ടിയുള്ള ഓർഡിനന്‍സ് ഗവർണർ മടക്കിയിരുന്നു.പിന്നീട് നിയമസഭ വിളിച്ച് ചേർത്ത് ബില്‍ പാസാക്കിയെങ്കിലും കോവിഡ് വ്യാപനം
രൂക്ഷമായതോടെ വാർഡ് പുനർവിഭജനം അന്ന് ഉപേക്ഷിക്കുകയായിരുന്നു

ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ഡോർ ഗ്ലാസ് അടിച്ചുതകർത്തു , മലയാളി കുടുംബത്തിന് നേരെ ആക്രമണം

ബംഗളൂരു. വാഹനത്തിന് സൈഡ് നൽകാത്തതിന്റെ പേരിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി ജീവനക്കാരനായ അഖിൽ സാബുവിന്റെ കുടുംബത്തിന് നേരെ സർജാപുരയിൽ വെച്ചാണ് ആക്രമണമുണ്ടായത്. അഖിലിന്റെ പരാതിയിൽ ബംഗളൂരു സ്വദേശി ജഗദീഷിനെതിരെ വർത്തൂർ പൊലീസ് കേസെടുത്തു

വെള്ളിയാഴ്ച്ച രാവിലെ അഖിലും കുടുംബവും ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. വാഹനത്തിന് സൈഡ് നൽകുന്നതിനെ ചൊല്ലി അഖിലും ബൈക്ക് യാത്രികനും തമ്മിൽ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് കാറുമായി മുന്നോട്ടുപോയ അഖിലിനെയും കുടുംബത്തെയും പിന്തുടർന്ന് എത്തിയാണ് യുവാവ് ആക്രമിച്ചത്. അഖിലിനെ മർദിക്കുകയും ഹെൽമെറ്റ് ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് ഡോർ അടിച്ചുതകർക്കുകയും ചെയ്തു.

ഗ്ലാസ് ചില്ല് ദേഹത്ത് തെറിച്ച് അഖിലിന്റെ ഭാര്യക്കും, മൂന്ന് വയസുള്ള കുട്ടിക്കും പരുക്കേറ്റു. സംഭവത്തിൽ ഉടൻ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യം ഹാജരാക്കിയതിന് ശേഷമാണ് ബംഗളൂരു സ്വദേശി ജഗതീഷിനെതിരെ പൊലീസ് കേസെടുത്തത്. അഖിൽ മർദിച്ചുവെന്ന് ആരോപിച്ച് ജഗതീഷും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്