26.2 C
Kollam
Thursday 18th December, 2025 | 09:32:09 PM
Home Blog Page 2665

കടയിലേക്ക് ബസ് ഇടിച്ചു കയറി

കോഴിക്കോട്.കടയിലേക്ക് ബസ് ഇടിച്ചു കയറി. കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി.കൊടുവള്ളി മദ്രസ ബസാർ വളവിൽ ഇന്ന് രാവിലെ 7.15 നായിരുന്നു അപകടം.വയനാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.ബസ്സിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർഫോഴ്സ് എത്തിയാണ് പുറത്ത് എത്തിച്ചത്.ദിവസങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറിയിരുന്നു.

മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയം ബസിലിക്കയായി ഇന്ന് പ്രഖ്യാപിക്കും

മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയം ബസിലിക്കയായി ഇന്ന് പ്രഖ്യാപിക്കും. 125 വർഷം മുൻപ് നിർമിച്ച ദേവാലയം ഇടുക്കിയിലെ ആദ്യ ക്രിസ്ത്യൻ ആരാധനാലയമാണ്. ദേവാലയത്തിന്റെ ചരിത്ര പ്രാധാന്യം കൂടി കണക്കിലെടുത്താണ് ബസലിക്ക പദവിയിലേക്ക് ഉയർത്തുന്നത്. തോട്ടം, കാർഷിക മേഖലയിലെ സാധാരണക്കാരുടെ ആത്മീയ അഭയ കേന്ദ്രമായ ദേവാലയം മൂന്നാറിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഫെബ്രുവരിയിൽ മാർപ്പാപ്പയാണ് ദേവാലയത്തെ ബസലിക്ക പദവിയിലേക്ക് ഉയർത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ദിവ്യബലിയിലാണ് ഔദ്യോഗിക ബസലിക്ക പ്രഖ്യാപനം . വിജയപുരം രൂപത മെത്രാൻ റവ. ഡോ സെബാസ്റ്റ്യൻ തേക്കത്തേച്ചേരിൽ മുഖ്യ കാർമ്മികത്വം വഹിക്കും.

ലോക്സഭ, ആറാംഘട്ടം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 ലോക്സഭാ മണ്ഡലങ്ങളാണ് ആറാംഘട്ടത്തിൽ ബൂത്തിൽ എത്തുക. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പം ഒഡീഷയിലെ 42 നിയമസഭ മണ്ഡലങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പും ഇന്നു നടക്കും. 11.13 കോടി വോട്ടർമാർക്കാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കാൻ അർഹത. ആകെ 1.14 ലക്ഷം പോളിംഗ് ബൂത്തുകൾ ആറാംഘട്ട തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം പരിഗണിച്ച് കാത്തിരിപ്പ് കേന്ദ്രങ്ങൾ അടക്കം വോട്ടർമാർക്ക് ആയി തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. ഡൽഹിയും ഹരിയാനയും ഒറ്റ ഘട്ടമായി ഇന്ന് വോട്ടെടുപ്പ് പൂർത്തിയാക്കും. ബീഹാർ, ജാർഖണ്ട്‌, ഉത്തർപ്രദേശ്, ഒഡിഷ, ജമ്മു കാശ്മീർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും ഇന്ന് വോട്ട് ചെയ്യും. രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടിംഗ് സമയം. എല്ലാവരും വോട്ട് ചെയ്യണമെന്നും സമ്മതിദാനം പൗരന്റെ കടമയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ജാഗ്രത,ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്തിന്ന് ശക്തമായ മഴ തുടരാൻ സാധ്യത കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ട്.എന്നാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയും എന്നാണ് പ്രവചനം. തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകുളം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്നു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബംഗാൾ ഉൾകടലിലെ തീവ്ര ന്യൂന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ റെമാൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ അർധരാത്രിയോടെ ബംഗ്ലാദേശ് -പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി.വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരനെ പിടികൂടി. മഹാരാഷ്ട്ര സ്വദേശി യാഷറൻ സിങാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്

FILE PIC

നടി മീര വാസുദേവ് വിവാഹിതയായി

നടി മീര വാസുദേവ് വിവാഹിതയായി. സിനിമ-ടെലിവിഷന്‍ ഛായാഗ്രാഹകനായ വിപിൻ പുതിയങ്കമാണ് വരൻ. സോഷ്യൽ മീ‍ഡിയയിലൂടെ മീര വാസുദേവ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. കൊയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മീര പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് ഉള്‍പ്പെടെയുള്ള സീരിയലുകളുടെ ഛായാഗ്രാഹകനാണ് വിപിന്‍. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ് വിപിൻ.

പെരിയാറിലെ മത്സ്യക്കുരുതി: പരിസ്ഥിതി നിയന്ത്രണ ബോർഡ് എഞ്ചിനിയറെ സ്ഥലം മാറ്റി

കൊച്ചി: പെരിയറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡിൽ സ്ഥലം മാറ്റം. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയ‍ര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ ഷിജുവിനാണ് പകരം നിയമിച്ചു. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബി വിശദീകരണം. രൂക്ഷമായ വിമർശനമമാണ് പ്രദേശവാസികൾ പിസിബിക്കെതിരെ ഉന്നയിച്ചിരുന്നത്.
അതേസമയം പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യമല്ലെന്നും വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞതാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലയിരുത്തുന്നു. സംഭവത്തിൽ സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് സമര്‍പ്പിക്കും. കുഫോസിലെ വിദഗ്‌ധ സമിതിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്. വെള്ളത്തിന്‍റെ സാമ്പിൾ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രാസമാലിന്യം എന്താണെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം. മത്സ്യ കര്‍ഷകര്‍ക്കായുള്ള നഷ്ടപരിഹാരത്തിനായി ഫിഷറീസ് വകുപ്പിന്‍റെ കണക്കെടുപ്പും ഏറെക്കുറെ പൂര്‍ത്തിയായി. നഷ്ട പരിഹാരത്തിന് നിയമ വഴി തേടിയ മത്സ്യകര്‍ഷകര്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്

വിദ്യാർത്ഥി കായലില്‍ മുങ്ങി മരിച്ചു

കരുനാഗപ്പള്ളി: ചെറിയഴീക്കല്‍ കുറ്റുംമൂട്ടില്‍ രതീഷ്-സൗമ്യ കുമാരി ദമ്പതികളുടെ മകന്‍ ജഹത്ത്‌ദേവ് (17) കായലില്‍ മുങ്ങി മരിച്ചു. ഇന്നലെ 11 മണിയോടു കൂടി കൂട്ടുകാരുമായി കായലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ചെറിയഴീക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തി ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ ഫൈനലിൽ…

ചെന്നൈ: ഈ വർഷത്തെ ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട മോഹങ്ങൾക്ക് അവസാനം. ക്വാളിഫയർ മത്സരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 36 റൺസിന് രാജസ്ഥാനെ തോൽപ്പിച്ചു. സ്പിന്നർമാർ മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് തകർത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ഐപിഎൽ ഫൈനലിൽ എത്തിയത്. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനായി ഇംപാക്ട് പ്ലെയറുടെ റോളിൽ അവതരിച്ച ഷഹബാസ് അഹ്‌മദും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് രാജസ്ഥാന്‍റെ നട്ടെല്ലൊടിച്ചത്. ഷഹബാസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഭിഷേക് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. അർധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേൽ അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും രാജസ്ഥാനെ വിജയതീരമണക്കാനായില്ല. എളുപ്പം മറികടക്കാമെന്ന് തോന്നിച്ചൊരു വിജയലക്ഷ്യത്തിന് മുന്നിൽ സഞ്ജുവും സംഘവും കളി മറക്കുന്ന കാഴ്ചയാണ് ആരാധകർ ചെപ്പോക്കില്‍ കണ്ടത്. ഓപ്പണറുടെ റോളിലെത്തിയ കാഡ്‌മോർ പവർ പ്ലേയിൽ റൺസ് കണ്ടെത്താൻ ഏറെ വിഷമിച്ചു. 16 പന്തിൽ 10 റൺസെടുത്ത കാഡ്‌മോറിനെ നാലാം ഓവറിൽ പുറത്താക്കി പാറ്റ് കമ്മിൻസാണ് രാജസ്ഥാന്റെ തകർച്ചക്ക് തുടക്കമിട്ടത്. എന്നാൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ മിന്നും ഫോമിലായിരുന്നു. അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജയ്‌സ്വാളിനെ ഷഹബാസ് അഹ്‌മദ് അബ്ദുസ്സമദിന്റെ കയ്യിലെത്തിച്ചു. അടുത്ത ഓവറിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായതോടെ രാജസ്ഥാൻ പരുങ്ങലിലായി.
പിന്നെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ റിയാൻ പരാഗിനേയും ഷഹബാസ് തന്നെയാണ് മടക്കിയത്. പിന്നീടെത്തിയ ധ്രുവ് ജുറേൽ രക്ഷാ ദൗത്യം ഏറ്റെടുത്തെങ്കിലും ജുറേലിനൊപ്പം രാജസ്ഥാൻ ഇന്നിങ്‌സ് പടുത്തുയർത്താൻ ആരുമുണ്ടായിരുന്നില്ല. ഷിംറോൺ ഹെറ്റ്‌മെയർ നാല് റൺസെടുത്ത് പുറത്തായപ്പോൾ എലിമേനറ്റിലെ ഹീറോ റോവ്മാൻ പവൽ ആറ് റൺസിന് വീണു. ഒടുവില്‍ അവസാന ഓവര്‍ എറിയും മുമ്പേ ഹൈദരാബാദ് വിജയമുറപ്പിച്ചു. 

നേരത്തേ  ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.അർധ സെഞ്ച്വറി കുറിച്ച ഹെൻഡ്രിച്ച് ക്ലാസനാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

കോന്നിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട :കോന്നി പയ്യനാമണ്ണിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അരുവാപ്പുലം സ്വദേശി ആശിഷാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. ആശിഷ് പലപ്പോഴായി മർദിച്ചിരുന്നതായും ഇതിൽ മനംനൊന്താണ് ആര്യ മരിച്ചതെന്നുമാണ് പോലീസ് നൽകുന്ന വിവരം. ഇവർക്ക് ഒന്നര വയസ്സുള്ള മകളുണ്ട്.

രണ്ട് ദിവസമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിനും ആത്മഹത്യാപ്രേരണക്കുമാണ് കേസെടുത്തിരിക്കുന്നത്.