ക്ഷേമപെന്‍ഷന്‍ വിതരണം അടുത്തയാഴ്ച. ഒരു മാസത്തെ കുടിശിക തീര്‍ക്കാന്‍ ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. ബുധനാഴ്ച മുതല്‍ വിതരണം തുടങ്ങും, നിലവില്‍ ആറുമാസത്തെ കുടിശികയുണ്ട്.
കുന്നത്തൂർ താലൂക്ക് എൻഎസ്എസ് യൂണിയനിൽ വിവാഹപൂർവ്വ സെമിനാറിന് തുടക്കമായി
ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിൽ ഉൾപ്പെട്ട കരയോഗങ്ങളിലെ വിവാഹ പ്രായമായ യുവതി – യുവാക്കൾക്കായി നടത്തുന്ന വിവാഹപൂർവ്വ സെമിനാറിന് തുടക്കമായി.നാളെ സമാപിക്കും.വൈവാഹിക ജീവിതം കരുതലോടും കൃത്യതയോടും കൂടി ജീവിച്ച് മുന്നേറുന്നതിനും, ഉമാമഹേശ്വര സങ്കല്പം പോലെ ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പര്യായമായി ഒരുമിച്ചുള്ള കുടുബ ജീവിതത്തിൽ, ഉത്തമ ദമ്പതികളായി സന്തോഷകരമായ ഭാവി ജീവിതം ഭദ്രതയിലൂടെ കെട്ടിപടുക്കുന്നതിന്
ഉതകത്തക്കതരത്തിലുള്ള സെമിനാറാണ് നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു സെമിനാർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റ്റി.രവീന്ദ്ര കുറുപ്പ് അധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി റ്റി.അരവിന്ദാക്ഷൻപിള്ള സ്വാഗതം പറഞ്ഞു.കരയോഗം ഭാരവാഹികൾ,യൂണിയൻ ഭരണസമിതി അംഗങ്ങൾ,പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,എംഎസ്എസ്എസ് കോഡിനേറ്റഴ്സ്,ഓഫീസ് സ്റ്റാഫ് അംഗങ്ങൾ,രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്തു.പരുമല ദേവസ്വം ബോർഡ് കോളേജ് മലയാളം ഡിപ്പാർട്ട്മെന്റ് റിട്ട.ഹെഡ് പ്രൊഫ.പി.ആർ.ലളിതമ്മ,
പന്തളം എൻഎസ്എസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ.പ്രദീപ് ഇറവങ്കര എന്നിവർ ക്ലാസുകൾ നയിച്ചു.ഞായറാഴ്ച ഡോ.അനിൽകുമാർ, പ്രൊഫ.റ്റി.ഗീത എന്നിവർ ക്ലാസുകൾ നയിക്കും.
കെ എസ് ആർ ടി സി ബസ്സിൽ കഞ്ചാവുമായി യാത്ര ; ഒരാൾ അറസ്റ്റിൽ
അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസിൽ കഞ്ചാവുമായി യാത്രചെയ്ത പുറക്കാട് ഒറ്റപ്പന സ്വദേശിയെ അമ്പലപ്പുഴ പോലീസ് പിടികൂടി. പ്ലാസ്റ്റിക്ക് കവറിലും പേപ്പറിൽ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടികൂടി. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
തിരുവനന്തപുരത്തു നിന്നും പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിൽ കൊല്ലത്തുനിന്നാണിയാൾ കയറിയത്. രഹസ്യവിവരം ലഭിച്ച പോലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.
താലൂക്ക് ലൈബറി സംഗമം നടന്നു
ശാസ്താംകോട്ട :കുന്നത്തൂർ താലൂക്ക് ലൈബ്രറി സംഗമം ഭരണിക്കാവിൽ നടന്നു. സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് ആർ അജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് ബി ബിനീഷ് സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കും താലൂക്ക് സെക്രട്ടറി എസ് ശശികുമാർ അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ബി ശെൽവമണി, സി മോഹനൻ, മനു വി കുറുപ്പ്, ഗിരിജ ടീച്ചർ, എ സാബു, ജില്ലാ കൗൺസിൽ അംഗങ്ങളായ എസ് അജയൻ, കെ സി സുഭദ്രാമ്മ, സുജാകുമാരി എന്നിവർ സംസാരിച്ചു.
പടം:കുന്നത്തൂർ താലൂക്ക് ലൈബ്രറി സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഛത്തിസ്ഗഢിലെ വെടിമരുന്ന് നിർമാണ ഫാക്റ്ററിയിൽ സ്ഫോടനം; ഒരാൾ മരിച്ചു, 6 പേർക്ക് പരുക്ക്
ബെമെത്താര: ഛത്തിസ്ഗഢിലെ വെടിമരുന്ന് നിർമാണ ഫാക്റ്ററിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്.പിർദ ഗ്രാമത്തിലെ യൂണിറ്റിലാണ് സ്ഫോടനമുണ്ടായത്. പൊലീസും രക്ഷാപ്രവർത്തകരും പ്രദേശത്തെത്തിയിട്ടുണ്ട്.
പരുക്കേറ്റ ആറു പേരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. സ്ഫോടനത്തിൽ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ നീക്കാൻ നാലു മണിക്കൂറോളം എടുത്തേക്കും.
അപകടം നടക്കുന്ന സമയത്ത് ഫാക്റ്ററി യൂണിറ്റിൽ 100 തൊഴിലാളികൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.നിരവധി പേർ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരിക്കാം എന്ന പരിഭ്രാന്തിയിലാണ് കാണാതായവരുടെ ബന്ധുക്കൾ.
ഇല്യുമിനാറ്റി ഗാനം മതത്തിന് എതിര്…ആവേശം ഉൾപ്പെടെയുള്ള സമീപകാല സിനിമകൾക്കെതിരെ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ
കൊച്ചി: സമീപകാല മലയാള സിനിമകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകള്‍ക്കെതിരെയാണ് ബിഷപ്പ് വിമര്‍ശനം ഉന്നയിച്ചത്. ഇല്യുമിനാറ്റി ഗാനം മതത്തിനെതിരാണെന്നും സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
ആവേശം സിനിമയിലാണെങ്കില്‍ മുഴുവന്‍ നേരവും അടിയും ഇടിയും കുടിയുമാണ്. ഹോസ്റ്റലുകളില്‍ പഠിക്കുന്ന കുട്ടികളുമില്ല, പഠിപ്പിക്കുന്ന അധ്യാപകരുമില്ല. മുഴുവന്‍ നേരവും ബാറിലാണ്. അക്രമവും അടിപിടിയുമാണ്. ഇല്യുമിനാറ്റി എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ. അത് മതത്തിന് എതിരായി നില്‍ക്കുന്ന സംഘടനയാണ്. ആ സന്ദേശമാണ് കിട്ടുന്നത്. എന്നിട്ട്, ഇതെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞ് നിങ്ങളെല്ലാവരും ഇടിച്ചുകയറുകയാണ്.
പ്രേമലുവിലും അടിയും കുടിയുമൊക്കെയാണ്. നല്ലപോലെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഒരാള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ പൊലീസും അഗ്‌നിരക്ഷാസേനയും ഒന്നും ചെയ്യാതെ വന്നപ്പോള്‍ അവരുടെ കൂട്ടത്തില്‍ ഒരാള്‍ ഇറങ്ങി വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. നല്ല കാര്യം. എന്നാല്‍, ഒരു കാര്യം ആലോചിക്കണം. അവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ കുടിയും ഛര്‍ദ്ദിയുമാണെന്നും ബിഷപ്പ് പറഞ്ഞു.
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടർന്ന് കർണാടകയിലെ ദാവണ്‍ഗരെയിൽ വൻ സംഘർഷം
ദാവണ്‍ഗരെ. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടർന്ന് കർണാടകയിലെ ദാവനഗരെയിൽ വൻ സംഘർഷം. ജനക്കൂട്ടം ചന്നഗിരി പൊലീസ് സ്റ്റേഷൻ അടിച്ചുതകർത്തു. സ്റ്റേഷൻ വളപ്പിലെ നിരവധി വാഹനങ്ങളും ആക്രമിച്ചു.
സംഭവത്തിൽ ദാവണ്‍ഗരെ ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ അന്വേഷണം തുടങ്ങി
ചൂതാട്ട സംഘത്തിൽ ഉൾപ്പെട്ടുവെന്ന് ആരോപിച്ചാണ് 30കാരനായ ആദിലിനെ ചന്നഗിരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച യുവാവിന് എന്ത് സംഭവിച്ചുവെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകൾക്കകം ആദിലിന്റെ മരണ വാർത്തയാണ് പുറത്തറിഞ്ഞത്. ആദിലിനെ കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. വൈകിട്ടോടെ നാട്ടുകാർ സംഘടിച്ചെത്തി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പിന്നീട് പ്രതിഷേധം സംഘർഷമായി മാറി. പൊലീസ് സ്റ്റേഷൻ ജനക്കൂട്ടം ആക്രമിച്ചു. സ്റ്റേഷൻ വളപ്പിൽ ഉണ്ടായിരുന്ന എട്ട് വാഹനങ്ങൾ അടിച്ചുതകർത്തു. രണ്ട് വാഹനങ്ങൾ അഗ്നിക്കിരയാക്കി
സംഘർഷം വ്യാപിച്ചതോടെ ദാവനഗരെ എസ് പി ഉൾപ്പടെ ഉന്നത പൊലീസ് സംഘം സ്ഥലത്ത് എത്തി. കുറ്റം തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് നാട്ടു കാർക്ക് ഉറപ്പ് നൽകി. ഇതോടെയാണ് സംഘർഷത്തിന് അയവുവന്നത്. കസ്റ്റഡി മർദനം ഉണ്ടായിട്ടില്ലെന്നും, യുവാവ് കുഴഞ്ഞുവീണ് മരിച്ചതാണെന്നുമാണ് ചന്നഗിരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.
പത്തിലേറെ ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: ശക്തമായ മഴയും ട്രാക്കിലെ തടസങ്ങളും കാരണം സംസ്ഥാനത്തെ ട്രെയിനുകൾ വൈകിയോടുന്നു. തിരുവനന്തപുരം ഭാഗത്തേക്കുള്ള പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്. ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, മലബാർ എക്സ്പ്രസ്, ജയന്തി ജനത ഉൾപ്പടെയുള്ള ട്രെയിനുകൾ ഒരു മണിക്കൂറിൽ അധികമാണ് വൈകുന്നത്. ട്രെയിനുകൾ വൈകി ഡെസ്റ്റിനേഷൻ സ്റ്റേഷനുകളിൽ എത്തുന്നതിനാൽ, അവ തിരിച്ച് പുറപ്പെടുന്നതും വൈകാൻ സാധ്യതയുണ്ട്.
ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1.45 മണിക്കൂറും മലബാർ എക്സ്പ്രസ് 1.45 മണിക്കൂറും വൈകും. മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും തിരുപ്പതി-കൊല്ലം ട്രെയ്ൻ 20 മിനിറ്റും മൈസൂരു-കൊച്ചുവേളി ട്രെയ്ൻ 50 മിനിറ്റും വൈകിയോടുന്നു. ഹംസഫർ എക്സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക്- കൊച്ചുവേളി എക്സ്പ്രസുകൾ ആറു മണിക്കൂറോളം വൈകും.
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍
കാസര്‍കോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുന്നതിനിടെ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ തെളിവെടുപ്പിനിടെ രോഷാകുലരായി നാട്ടുകാര്‍. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ പ്രതിക്ക് നേരെ ആക്രമണവും ഉണ്ടായി. കുടക് സ്വദേശിയായ പ്രതി സലീമിനെ ഇന്നലെ ആന്ധ്രയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്. തുടക്കത്തില്‍ നാട്ടുകാര്‍ സംയമനം പാലിച്ചെങ്കിലും പിന്നീട് രോഷാകുലരാകുകയായിരുന്നു. എന്തിനാണ് പ്രതിയെ മുഖം മറച്ചുകൊണ്ടുവന്നതെന്നും അവനെ കൊല്ലണമെന്നും ആക്രോശിച്ചായിരുന്നു ജനം രോഷാകുലരായത്. പ്രദേശത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ തടിച്ചകൂടിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സ്ഥലത്തുനിന്ന് പൊലീസ് കൊണ്ടുപോയത്.




































