23.5 C
Kollam
Saturday 20th December, 2025 | 01:14:04 AM
Home Blog Page 2659

ഉത്തര്‍പ്രദേശില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് മരിച്ചതായി റിപ്പോർട്ട്‌

ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) നവ്ദീപ് റിന്‍വ അറിയിച്ചു. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്.
ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സിക്കന്ദര്‍പൂര്‍ പ്രദേശത്തെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ ഒരാള്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു. റാം ബദാന്‍ ചൗഹാനാണ് വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. അതേസമയംതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തേടി. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ സമര്‍പ്പിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂളറുകളും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

പയറും പരിപ്പും അമിതമായി തിളപ്പിക്കല്ലേ

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പയർവർഗ്ഗങ്ങൾ. എന്നാൽ പയറും പരിപ്പുമൊക്കെ അമിതമായി തിളപ്പിക്കുന്നത് അവയിലെ പ്രോട്ടീൻ ഗുണങ്ങൾ നഷ്ടമാകാൻ കാരണമാകുമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു. അടുത്തിടെ പുറത്തുവിട്ട 17 ഡയറ്ററി മാർഗനിർദേശങ്ങളിലാണ് ഐസിഎംആർ ഇക്കാര്യം വിശദീകരിക്കുന്നത്.

ദഹനത്തിന് തടസമാകുന്ന ആന്റി-ന്യൂട്രിഷണൽ ഘടകൾ ഇല്ലാതാക്കാൻ പയർവർഗ്ഗങ്ങൾ തിളപ്പിക്കുന്നതും പ്രഷർ കുക്കറിൽ പാചകം ചെയ്യുതുമാണ് നല്ലതെന്നും മാർഗനിർദേശത്തിൽ പറയുന്നു. തിളപ്പിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയ ഫൈറ്റിക് ആസിഡിന്റെ അളവു കുറയ്ക്കാനും പോഷക ലഭ്യത മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ രുചിയും വർധിപ്പിക്കുന്നു.

എന്നാൽ അമിതമായി വേവിക്കുന്നതിലൂടെ ഇവയിൽ അടങ്ങിയ പ്രോട്ടീനും അമിനോ ആസിഡ് ആയ ലൈസീനും നഷ്ടമാകാൻ കാരണമാകുമെന്നും ഐസിഎംആർ പറയുന്നു. പയർവർഗ്ഗം വേവിക്കുമ്പോൾ ആവശ്യത്തിന് മാത്രം വെള്ളം ചേർക്കുക എന്നാണ് ഐസിഎംആറിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്. ഇത് വെള്ളം വറ്റി പോകുന്നത് ഒഴിവാക്കുകയും അവശ്യപോഷകങ്ങൾ നിലനിർത്താനും സഹായിക്കുന്നു. കൂടാതെ രുചി കൂട്ടുകയും ചെയ്യുന്നു.

സിദ്ധാർത്ഥന്റെ മരണം, ഗവർണര്‍ രൂപീകരിച്ച അന്വേഷണ കമ്മീഷന്റെ സിറ്റിംഗ് ഇന്ന്

കൊച്ചി.പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മരണം.ഗവർണര്‍ രൂപീകരിച്ച അന്വേഷണ കമ്മീഷന്റെ സിറ്റിംഗ് ഇന്ന് കൊച്ചിയിൽ. കുടുംബം കമ്മീഷനു മുന്നിൽ ഹാജരാകും. ജസ്റ്റിസ് ഹരിപ്രസാദ് കമ്മീഷന് കുടുംബം തെളിവ് കൈമാറും. കൊച്ചി കുസാറ്റ് ക്യാമ്പസിൽ വച്ചാണ് കമ്മീഷന്റെ തെളിവെടുപ്പ്.

സിബിഐയുടെ എതിര്‍പ്പ് അവഗണിച്ച് പ്രതികള്‍ക്ക് മുഴുവന്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയോടെ നിരാശയിലായ കുടുബം മുഖ്യമന്ത്രിയുടെ വീടിനുമുന്നിലോ സെക്രട്ടറിയറ്റിന് മുന്നിലോ സമരം ആരംഭിക്കുമെന്ന തീരുമാനത്തിലാണ്.

അധികാരം പടിവാതിലില്‍,എല്ലാ സാധ്യതകളും പരിശോധിച്ച് ഭരണ പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെല്‍ഹി.പതിനെട്ടാം ലോക്സഭ രൂപീകരണത്തിനായി നടന്ന വോട്ടെടുപ്പ് അവസാനിച്ചതോടെ അധികാരത്തിൽ എത്താനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് ഭരണ പ്രതിപക്ഷ പാർട്ടികൾ. എക്സിറ്റ്പോൾ ഫലങ്ങൾ തുടർഭരണം പ്രവചിക്കുന്നു എങ്കിലും അതിനെ അവസാന സൂചനയായി പരിഗണിക്കാതെ മുന്നോട്ടുപോകാനാണ് ബിജെപി തീരുമാനം. ഘടകകക്ഷികളിൽ ഭിന്നത ഉണ്ടാകാതെ നിലകൊള്ളാനും തിരഞ്ഞെടുപ്പ് ഫലം ഏതെങ്കിലും വിധത്തിൽ അനുകൂലമല്ലാതായാൽ സാധ്യതകൾ ഉപയോഗിക്കാനും ആണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

മൂന്നാം വട്ടവും മോദി, എക്സിറ്റ് പോൾ പ്രവചനം ഇങ്ങനെയാണെങ്കിലും അതിനെ അന്തിമഫലമായി വിലയിരുത്തേണ്ടതാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിനുശേഷം പാർട്ടി നേതൃത്വം സംബന്ധിച്ച സ്ഥിതി വിവര കണക്കുകളിൽ രാജസ്ഥാൻ മഹാരാഷ്ട്ര കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ തിരിച്ചടിക്ക് സാധ്യത എന്നാണ് വിലയിരുത്തൽ. ഡൽഹിയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി പാർട്ടി അധ്യക്ഷൻ ജെ.പി. നദ്ധ, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവരും ആയി സാഹചര്യം വിലയിരുത്തി. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ ഫലം വന്ന ഉടൻതന്നെ അവകാശവാദം ഉന്നയിക്കാനും കൂടുതൽ പ്രാദേശിക കക്ഷികളെ ഒപ്പം ചേർക്കാനും ആണ് ബിജെപി തീരുമാനം. ബിജെപിയുടെ ഫ്ലോർ മാനേജർമാർക്ക് ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച നടത്താനുള്ള നിർദ്ദേശം ബീ ജെ പി നേതൃത്വം നൽകി കഴിഞ്ഞു.


മറുവശത്ത് എക്സിറ്റ്പോൾ ഫലങ്ങളിൽ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തുമ്പോഴും എല്ലാ സാഹചര്യങ്ങളിലും പൊരുത്തപ്പെടണം എന്ന ധാരണയിലാണ് ഇന്ത്യ മുന്നണി ഘടകകക്ഷികൾ. വെല്ലുവിളികൾ ഉണ്ടായിട്ടും ശക്തമായ പ്രചരണം നടത്താൻ തങ്ങൾക്ക് സാധിച്ചു എന്നാണ് ഇന്ത്യ മുന്നണി ഘടകകക്ഷികൾ വിലയിരുത്തുന്നത്. പ്രാദേശികമായി വിവിധ പാർട്ടികൾ സമാഹരിച്ച് കണക്കുകൾ അധികാരത്തിലെത്താൻ സാധിക്കുന്ന വിധത്തിൽ സീറ്റ് ലഭിക്കും എന്നാണ് ഇന്ത്യ മുന്നണിയുടെ ഇപ്പോഴത്തെയും പ്രതീക്ഷ. അനുകൂലഫലമാണ് ഉണ്ടാകുന്നതെങ്കിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ചകൾ ഒട്ടും താമസിയാതെ പൂർത്തിയാക്കാനാണ് ഘടകകക്ഷികൾക്കിടയിൽ തീരുമാനം. എല്ലാ പാർട്ടികൾക്കും പങ്കാളിത്തമുള്ള ഒരു സർക്കാർ എന്ന നിർദ്ദേശമാണ് ഡിഎംകെ ഇന്ത്യ മുന്നണിക്കായി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ ഇക്കാര്യത്തിൽ മമത പുലർത്തുന്ന മൗനവും അരവിന്ദ് കെജ്രിവാൾ കാട്ടുന്ന താല്പര്യക്കുറവും ഇന്ത്യ മുന്നണിക്ക് വെല്ലുവിളിയാണ്. ഏതായാലും ഫലം അനുകൂലമാണെങ്കിൽ ജൂൺ നാലിന് വൈകിട്ട് തന്നെ ഇന്ത്യയുടെ യോഗം വീണ്ടും ചേരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

എക്സിറ്റ്പോൾ ഫലങ്ങളെ അന്തിമ ഫലമായി ബിജെപി വിലയിരുത്തില്ല,ചില ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി ഉണ്ടാകും എന്ന് വിലയിരുത്തൽ

ന്യൂഡെല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പ്: എക്സിറ്റ്പോൾ ഫലങ്ങളെ അന്തിമ ഫലമായി ബിജെപി വിലയിരുത്തില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി ബിജെപി. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും നേരിടാൻ ആവശ്യമായ തയ്യാറെടുപ്പുകൾക്ക് തയ്യാറെടുക്കാൻ ദേശീയ നേതൃത്വത്തിന്റെ തീരുമാനം

300 ലധികം സീറ്റുകൾ മാത്രമാണ് ലഭിക്കുന്നത് എങ്കിൽ പ്രാദേശിക പാർട്ടികളിൽ ചിലരെ കൂടി കൂട്ടാൻ നീക്കം. പാർട്ടിയുടെ ചില ശക്തികേന്ദ്രങ്ങളിൽ തിരിച്ചടി ഉണ്ടാകും എന്ന് സംഘടനയുടെ വിലയിരുത്തൽ.അതേസമയം രണ്ടാം നരേന്ദ്രമോദി സർക്കാർ ജൂൺ നാലിന് തന്നെ രാജി സമർപ്പിക്കും.തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാജ്യ സമർപ്പിക്കാനായി ബിജെപി ദേശീയ നേതൃത്വത്തിൽ ധാരണ . പുതിയ സർക്കാർ രൂപീകരണ നീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി

ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചാൽ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവന് പുറത്ത് നടത്തും. കർത്തവ്യ പഥിൽ സത്യപ്രതിജ്ഞ നടത്താനാണ് ആലോചന.

വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു,സംഘര്‍ഷം

കൊണ്ടോട്ടി. വായിലുണ്ടായ മുറിവിനു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ നാലു വയസുകാരൻ മരിച്ചു.അരിമ്ബ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച്‌ കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി.

അനസ്തീഷ്യ നൽകിയതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വായില്‍ കമ്ബു കൊണ്ടു മുറിഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. മുറിവിനു തുന്നലിടാനാണ് അനസ്തീഷ്യ നല്‍കിയത്. അതെ സമയം കുഞ്ഞിന് ഹൃദയഘാതം സംഭവിച്ചതാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം

പ്രജ്വല്‍ രേവണ്ണ എന്‍ഡിഎ പ്രതീക്ഷ തകിടം മറിക്കുമോ

ബംഗളുരു. ലോക്സഭ തെരഞ്ഞെടുപ്പിൽ അവസാന ലാപ്പ് വരെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിഞ്ഞ കർണാടകയിൽ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. സംവരണ വിവാദം മുതൽ പ്രജ്വൽ രേവണ്ണ കേസ് വരെ വിധിയെഴുത്തിനെ സ്വാധീനിച്ച വിഷയങ്ങൾ ഏറെ. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിലും ഇരുപതിലധികം സീറ്റ് ലഭിക്കുമെന്നാണ് എൻ ഡി എ ക്യാമ്പിന്റെ പ്രതീക്ഷ. ഈ തവണ നിശ്ചയമായും രണ്ടക്കം കടക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം


ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് നിശ്ചയമായും കന്നഡ മണ്ണിലാണ്. 2019ൽ 28ൽ 25 സീറ്റിലും താമര വിരിഞ്ഞ കർണാടക. ദേശീയ തലത്തിൽ ഉൾപ്പടെ ചർച്ചയായ പ്രചാരണ വിഷയങ്ങളായിരുന്നു കർണായകയിലെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്. ഗ്യാരന്റിയിൽ തുടങ്ങി സംവരണ വിവാദവും കടന്ന് കർണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ കേസ് വരെ.

നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തേക്കാൾ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത് സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ രൂപപ്പെട്ട അനുകൂല സാഹചര്യമാണ്. ബിജെപി ശക്തികേന്ദ്രമായ വടക്കൻ കർണാടകയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ്‌ കണക്കുകൂട്ടുന്നു. 10 സീറ്റുകൾ ഉറപ്പാണെന്നും 14 സീറ്റുകൾ വരെ ലഭിക്കാമെന്നുമാണ് കോൺഗ്രസിന്റെ അവകാശവാദം. ജെഡിഎസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 20ലധികം സീറ്റല്ലാതെ മറ്റ് ചിന്തകളുണ്ടായിരുന്നില്ല.


രണ്ടാം ഘട്ടത്തിൽ ഇടിത്തീയായി വീണ പ്രജ്വൽ വിവാദം തെല്ലൊന്നുമല്ല ബിജെപിയെ ആശങ്കയിലാക്കിയത്. എന്നാൽ വോട്ട് അൽപ്പം കുറഞ്ഞാലും വിവാദം തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റിമറിക്കാൻ പാകത്തിൽ പ്രതിഫലിച്ചില്ലെന്നാണ് കണക്കുകൂട്ടൽ. ബിജെപി പ്രതീക്ഷകൾക്ക് ശക്തി പകരുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളും. കർണാടകയിൽ ബിജെപി ആധിപത്യം തുടരുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നു. ജെഡിഎസ് മത്സരിച്ച സീറ്റുകളിൽ ജയിക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ കോൺഗ്രസ് രണ്ടക്ക സീറ്റുകളിൽ എത്തില്ലെന്നാണ് പ്രവചനം

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു.വാൽപ്പാറയ്ക്കു സമീപം പുതുഗഡു എസ്റ്റേറ്റിലെ കോളേജ് വിദ്യാർത്ഥി മുകേഷ് (18) ആണ് മരിച്ചത്.വാൽപ്പാറയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടയായിരുന്നു കാട്ടാന ആക്രമണം

പുതുഗഡു എസ്റ്റേറ്റിൽ സമീപം രണ്ടു കാട്ടാനകൾ നിൽക്കുന്നത് കണ്ട് മുകേഷ് വാഹനം നിർത്തി.പിന്നാലെ കാട്ടാന പാഞ്ഞടുത്ത് മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് സന്തോഷിനും പരിക്കേറ്റു. മുകേഷിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു

file pic

സംസ്ഥാനത്ത് കാലവർഷം കനക്കും

സംസ്ഥാനത്ത് കാലവർഷം കനക്കും. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി. കോഴിക്കോടും കാക്കയത്തും ഇടുക്കി പൂച്ചപ്രയിലും ഉരുൾപൊട്ടി. കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി. അപകട മേഖലകളിൽ നിന്ന് മാറി താമസിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.


തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും, സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പുലർത്തണം എന്നാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മണ്ണിടിച്ചിൽ, മലവെള്ളപാച്ചിൽ, ഉരുൾപൊട്ടൽ സാധ്യയുള്ള പ്രദേശങ്ങളിൽ ഉള്ളവർ മാറി താമസിക്കാനും നിർദ്ദേശം ഉണ്ട്. സംസ്ഥാനത്തെ സാഹചര്യം സർക്കാർ വിലയിരുത്തി വരികയാണെന്നും ജൂൺ മൂന്നോടെ NDRFന്റെ അധിക യൂണിറ്റുകൾ സംസ്ഥാനത്ത് എത്തുമെന്നും മന്ത്രി കെ രാജൻ.


കനത്ത മഴയിൽ കോഴിക്കോട് കാക്കയത്തും ഇടുക്കി പൂച്ചപ്രയിലും ഉരുൾപൊട്ടി. ഇടുക്കി കോട്ടയം ജില്ലകളിലും വ്യാപക നാശനഷ്ടം ഉണ്ടായി. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പടെ പലയിടങ്ങളിലും വെള്ളം കയറി. ആലുവ കമ്പനിപ്പടി റെയിൽവേ തുരങ്കത്തിൽ രണ്ടര മീറ്ററോളം വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന് മൂലമറ്റം താഴ്‌വാരം  കോളനിയിൽ തോടുകൾ കരകവിഞ്ഞു. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ യാത്ര നിയന്ത്രണം തുടരുകയാണ്. മഴ കനത്തതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആണ്.

സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തി

ന്യൂഡെല്‍ഹി.സിഎംആർഎല്ലിൽ 103 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്. ഡൽഹി ഹൈക്കോടതിയിലാണ് ആര്‍ഒസി തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തത്. ഇതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. മാസപ്പടി കേസിലെ പരാതിക്കാരൻ ഷോൺ ജോർജ് വൈസ് ചെയർമാനായ മീനച്ചിൽ സഹകരണ ബാങ്കിൽ കോര്‍പ്പറേറ്റ് വിജിലന്‍സ് പരിശോധന നടത്തി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ
സിഎംആർഎല്‍ ഹര്‍ജിയിലാണ് നിര്‍ണ്ണായക റിപ്പോര്‍ട്ട് ആര്‍ഒസി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. 103 കോടിയുടെ കൃത്രിമ ഇടപാട് സിഎംആര്‍എല്ലില്‍ കണ്ടെത്തിയെന്നാണ് ആർ.ഒ.സി നിലപാട്. വിഷയത്തിൽ എസ്.എഫ് .ഐ ഒ അന്വേഷണം അനിവാര്യമാണ്. സി.എം.ആർ.എൽ 2012 മുതൽ 2019 വരെ വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാട്ടുകയായിരുന്നു.
ക്രമക്കേടിന് കൃത്യമായ തെളിവുകൾ ഉണ്ടെന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് കോടതിയിൽ വ്യക്തമാക്കി.ഇതിനിടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ കേരള ഹൈക്കോടതിയെ സമീപിച്ചു. മാസപ്പടി കേസിലെ മറ്റൊരു പരാതിക്കാരൻ ഷോൺ ജോർജ് വൈസ് ചെയർമാനായ മീനച്ചിൽ സഹകരണ ബാങ്കിൽ കോര്‍പ്പറേറ്റ് വിജിലന്‍സ് ഇന്ന് പരിശോധന നടത്തി. നടപടി രാഷ്ട്രീയ പകപോക്കലെന്ന് ഷോണ്‍ ജോര്‍ജ്ജ് ആരോപിച്ചു.