27.6 C
Kollam
Saturday 20th December, 2025 | 12:51:00 PM
Home Blog Page 2655

കൊല്ലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊല്ലം: ലോക്‌സഭാ തെരഞ്ഞടുപ്പ് വോട്ടെണ്ണല്‍ ദിനമായ നാളെ വോട്ടെണ്ണല്‍ കേന്ദ്രമായ തങ്കശേരി സൈയിന്റ് അലോഷ്യസ് സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് പകല്‍ 5 മുതല്‍ വൈകിട്ട് 5 വരെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സെയിന്റ് അലോഷ്യസ് സ്‌കൂളും ലക്ഷ്മിനട മുതല്‍ ആല്‍ത്തറമൂട് വരേയാണ് നിരോധനാജ്ഞ. പരിസരത്ത് പൊതുയോഗമോ 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടാനോ പാടില്ല. അവശ്യ സര്‍വീസുകളായ അടിയന്തര വൈദ്യ സഹായം, നിയമ പാലനം, അഗ്‌നി സുരക്ഷ, സര്‍ക്കാര്‍ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് അനുമതി ഉണ്ടെന്നും അറിയിച്ചു.

വോട്ടെണ്ണല്‍; ജില്ലയില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ണം

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എപ്രില്‍ 26ന് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നാളെ നടത്തുന്ന കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ ആവശ്യമായ തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായെന്ന് വരണാധികാരിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്.
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഇവിഎം മെഷീനുകളും പോസ്റ്റല്‍ ബാലറ്റുകളും വൊട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സ്ട്രോംഗ് റൂമുകളില്‍ പോലീസ് ബന്തവസ്സിലാണ്. അവ രാവിലെ ഏഴിന് പുറത്തെടുക്കും. വോട്ടെണ്ണല്‍ പ്രക്രിയയുടെ നിരീക്ഷണത്തിനായി 2 നിരീക്ഷകരാണുള്ളത്.
കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏഴു നിയമസഭാ സെഗ്മന്റുകളിലേയും വോട്ടെണ്ണല്‍, തങ്കശ്ശേരി സെന്റ് അലോഷ്യസ് ഹൈസ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള ഏഴു ഇ വി എം കൗണ്ടിങ്ങ് ഹാളുകളില്‍ രാവിലെ 8 മണി മുതലാണ്. പോസ്റ്റല്‍ ബാലറ്റുകള്‍, വരണാധികാരിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള ഹാളില്‍ എണ്ണും.
ഇ വി എം കൗണ്ടിങ്ങിനായി ഓരോ ഹാളിലും 14 ടേബിളുകളും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ്ങിനായി 33 ടേബിളുകളും ക്രമീകരിച്ചിട്ടുളളതാണ്. പരമാവധി 14 റൗണ്ടില്‍ ഇവിഎം കൗണ്ടിങ്ങ് പൂര്‍ത്തിയാകും. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് നിശ്ചിത മണിക്കൂര്‍ വരെ ആര്‍ ഒ യ്ക്ക് ലഭിച്ച എല്ലാ പോസ്റ്റല്‍ ബാലറ്റുകളും എണ്ണും. എട്ടു മണിക്കാണ് പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നത്. തുടര്‍ന്ന് 8.30ന് ഇ വി എമ്മുകളിലെ വോട്ടെണ്ണല്‍.
വോട്ടെണ്ണലിനായി 1300-ല്‍ പരം ഉദ്യോഗസ്ഥരുണ്ട്. വോട്ടെണ്ണല്‍ നടപടിക്രമങ്ങള്‍ സംബന്ധിച്ച് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ ഏജന്റുമാരെ നിയമിച്ചു. ഇ വി എം കൗണ്ടിങ്ങിന് ശേഷം ഒരോ നിയമസഭാ സെഗ്മെന്റുകളിലേയും. നറുക്കിട്ടെടുത്ത അഞ്ച് പോളിങ്ങ് സ്റ്റേഷനുകളിലെ വിവി പാറ്റ് സ്ളിപ്പുകളും പ്രത്യേകം എണ്ണും.
സുരക്ഷാ ആവശ്യത്തിനായി ത്രീ ടയര്‍ കോര്‍ഡനിംഗ് സിസ്റ്റം. ഔട്ടര്‍ കോര്‍ഡനില്‍ ഐഡന്റിറ്റി പരിശോധിക്കാന്‍ ലോക്കല്‍ പോലീസിനോപ്പം ഒരു മജിസ്ട്രേറ്റ്. കൗണ്ടിംഗ് പരിസരം/കാമ്പസിന് ചുറ്റുമുള്ള 100 മീറ്റര്‍ ചുറ്റളവില്‍ നിന്ന് സുരക്ഷാവലയത്തിന്റെ ഒന്നാംനിര ആരംഭിക്കും. അത് കാല്‍നട മേഖലയായി വേര്‍തിരിക്കും. ഈ പരിധിക്കുള്ളില്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഈ അതിര്‍ത്തിയില്‍ കൃത്യമായ ബാരിക്കേഡിംഗ് ഉണ്ടാകും.
സ്ഥാനാര്‍ത്ഥികളുടെ/കൗണ്ടിംഗ് ഏജന്റമാരുടെയും കൗണ്ടിംഗ് ഓഫീസര്‍മാരുടെയും തിരിച്ചറിയല്‍ ഒന്നാം നിരയില്‍ പരിശോധിക്കും ഇ സി ഐ യുടെ യഥാവിധി ഇഷ്യൂ ചെയ്ത അധികാരപത്രമോ ബന്ധപ്പെട്ട ഡിഇഓ/ആര്‍ ഒ നല്‍കിയ ഫോട്ടോ ഐഡികാര്‍ഡോ അല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകന്‍ യഥാവിധി പ്രദര്‍ശിപ്പിക്കുന്ന മീഡിയ പാസോ ഇല്ലാത്ത ഒരു വ്യക്തിയെയും സുരക്ഷാ വലയത്തിന്റെ ഒന്നാം നിര കടന്നുപോകാന്‍ അനുവദിക്കില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പ്രവേശനം നിയന്ത്രിക്കാനും പ്രവേശന കവാടത്തില്‍ ഒരു എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുണ്ട്. രണ്ടാം നിരയും മിഡില്‍ കോര്‍ഡനും വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ഗേറ്റിന് സമീപമാണ്. ചുമതല സംസ്ഥാന സായുധ പോലീസിനാണ്. രണ്ടാമത്തെ കോര്‍ഡനിലേക്ക് വ്യക്തികളുടെ പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് തീപ്പെട്ടി, ആയുധങ്ങള്‍, മറ്റ് കത്തുന്ന വസ്തുക്കള്‍ തുടങ്ങിയ നിരോധിത വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ത്രീകളെ പരിശോധിക്കുക. മൊബൈല്‍/ഐ പാഡ്, ലാപ്ടോപ്പ് എന്നിവയും ഇലക്ട്രോണിക് ഉപകരണങ്ങളോ ഏതെങ്കിലും റെക്കോര്‍ഡിംഗ് ഉപകരണങ്ങളോ ഉള്ളില്‍ കൊണ്ടുപോകാന്‍ അനുവദിക്കുന്നതല്ല. അത്തരം എല്ലാ ഇനങ്ങളും മിഡിയ റൂമില്‍/ പബ്ലിക് കമ്മ്യൂണിക്കേഷന്‍ റൂമില്‍ സൂക്ഷിക്കേണ്ടതാണ്. മൊബൈല്‍ ഫോണുകളോ മറ്റോ ആശയവിനിമയ ഉപകരണങ്ങളോ നിയുക്ത മുറികളില്‍ നിന്ന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. മൂന്നാം നിരയും ഇന്നര്‍ കോര്‍ഡനില്‍ കൗണ്ടിംഗ് ഹാളിന്റെ വാതില്‍ക്കലാണ്. കേന്ദ്ര സായുധ പോലീസ് സേന ആണ് ഇത് നിയന്ത്രിക്കുക. കൗണ്ടിംഗ് ഹാളിനുള്ളില്‍ മൊബൈല്‍ ഫോണുകളും മറ്റ് നിരോധിത വസ്തക്കളും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ ഘട്ടത്തിലും കൃത്യമായ പരിശോധനാ ക്രമീകരണങ്ങളുണ്ട്.
ഔദ്യോഗിക റെക്കോര്‍ഡിംഗിനായി ഔദ്യോഗിക വീഡിയോ ക്യാമറ ഒഴികെയുള്ള സ്റ്റില്‍ അല്ലെങ്കില്‍ വീഡിയോ ക്യാമറകള്‍ വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ അനുവദനീയമല്ല. ഇ സി ഐ നല്‍കിയ മീഡിയ പാസ് കൈവശം വച്ചിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്റ്റാന്‍ഡ് ഇല്ലാതെ ഹാന്‍ഡ് ഹെല്‍ഡ് ക്യാമറകള്‍ വോട്ടെണ്ണല്‍ ഹാളിനുള്ളില്‍ ഉപയോഗിക്കാം. മാധ്യമപ്രവര്‍ത്തകര്‍ കൈയ്യില്‍പിടിക്കുന്ന ക്യാമറകള്‍ ഉപയോഗിച്ച് വോട്ടെണ്ണല്‍ പ്രക്രിയയുടെ ഓഡിയോ-വിഷ്വല്‍ കവറേജ് എടുക്കുമ്പോള്‍, ഒരു വ്യക്തിഗത സി യു/ വിവിപാറ്റ് അല്ലെങ്കില്‍ ബാലറ്റ് പേപ്പറുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള യഥാര്‍ത്ഥ വോട്ടുകള്‍ ഒരു കാരണവശാലും ഫോട്ടോയെടുക്കുന്നതിനോ ഓഡിയോ- വിഷല്‍ കവറേജില്‍ ഉള്‍പ്പെടുത്തുന്നതിനോ അനുവദിക്കില്ല. കൃത്യമായ ഇടവേളകളില്‍ ചെറിയ സമയത്തേക്ക് മാത്രം കൗണ്ടിംഗ് ഹാളുകള്‍ സന്ദര്‍ശിക്കുന്നതിന്, ചെറിയ സംഖ്യകളായി മീഡിയ ഗ്രൂപ്പുകളെ മാത്രമേ അനുവദിക്കൂ.
വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ്, ഹാജരായ എല്ലാവരുടെയും വിവരങ്ങള്‍ക്കായും അവരുടെ ഭാഗത്തുനിന്നുള്ള അനുസരണത്തിനായും രഹസ്യസ്വഭാവം നിലനിര്‍ത്തുന്നത് സംബന്ധിച്ച ആര്‍.പി. ആക്റ്റ്, 1951 ലെ സെക്ഷന്‍ 128, 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം റൂള്‍ 54 എന്നിവയുടെ വ്യവസ്ഥകള്‍ റിട്ടേണിംഗ് ഓഫീസര്‍ വായിച്ച് വിശദീകരിക്കും. വോട്ടെണ്ണല്‍ ഹാളിനുള്ളിലെ ഓരോ വ്യക്തിയും വോട്ടിന്റെ രഹസ്യം നിലനിര്‍ത്താനും പരിപാലിക്കാനും സഹായിക്കാനും നിയമപ്രകാരം പ്രവര്‍ത്തക്കണം. അത്തരം രഹസ്യം ലംഘിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു വിവരവും ആരുമായും ആശയവിനിമയം നടത്താന്‍ പാടില്ല. റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പൂര്‍ണ്ണമായും സഹകരിക്കുകയും അനുസരിക്കുകയും വേണം. ഇക്കാര്യത്തില്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും 3 മാസം വരെ നീണ്ടുനില്‍ക്കുന്ന തടവ് ശിക്ഷയ്ക്ക് വിധേയമാണ് അല്ലെങ്കില്‍ പിഴയോ രണ്ടും കൂടിയോ (ജനപ്രാതിനിധ്യ നിയമത്തിന്റെ 1951-ലെ വകുപ്പ് 128), കൗണ്ടിങ്ങ് പ്രക്രിയയ്ക്കിടയില്‍ കൗണ്ടിംഗ് ഏജന്റിനെയും മറ്റുള്ളവരെയും കൗണ്ടിംഗിന് പുറത്ത് പോകാന്‍ അനുവദിക്കില്ല. ഫലപ്രഖ്യാപനത്തിന് ശേഷം മാത്രം അവര്‍ക്ക് പുറത്ത് പോകാം.
വോട്ടെണ്ണലിന് ശേഷം വോട്ടിങ്ങ് മെഷിനുകളും അനുബന്ധരേഖകളും ഇലക്ഷന്‍ കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിഷ്‌കര്‍ഷിച്ചിട്ടുള്ള ട്രഷറി സ്ട്രോങ്ങ് റൂമുകളിലും വെയര്‍ ഹൗസിലും സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ടെണ്ണലിന്റെ ഫലപ്രഖ്യാപനം ഓരോ റൗണ്ടിനും പ്രസിദ്ധപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് വീക്ഷിക്കുന്നതിന് ഡിസ്പ്ളേ ഉള്‍പ്പെടെ വിപുലമായ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം

കൊല്ലം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. കൊല്ലം പരവൂര്‍ സ്വദേശിനിയായ 27-കാരിയാണ് ആംബുലന്‍സില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് യുവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നത്. ഇതിനായി കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി.
ആംബുലന്‍സ് പൈലറ്റ് ഷിജിന്‍ കെ.എന്‍, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പ്രിനു ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ എത്തി യുവതിയുമായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു. ഇവര്‍ക്ക് സഹായമൊരുക്കാന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് അഞ്ജനയും അറ്റന്‍ഡര്‍ മിനിയും ആംബുലന്‍സില്‍ രോഗിയെ അനുഗമിച്ചു. ആംബുലന്‍സ് അഞ്ചല്‍ ബൈപാസ് എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമാകുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പ്രിനു നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലന്‍സില്‍ തന്നെ പ്രസവം എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഏഴുമണിയോടെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ പ്രിനുവിന്റേയും സ്റ്റാഫ് നേഴ്‌സ് അഞ്ജനയുടെയും പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് ഇരുവരും അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് ഷിജിന്‍ അമ്മയെയും കുഞ്ഞിനേയും തിരികെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി കേദാര്‍ ജാദവ്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ കേദാര്‍ ജാദവ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്.
കരിയറിലെ നിര്‍ണായക നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോ പോസ്റ്റ് ചെയ്താണ് കേദാര്‍ വിരമിക്കുന്നതായി അറിയിച്ചത്. വിഖ്യാത ഗായകന്‍ കിഷോര്‍ കുമാറിന്റെ സിന്ദഗി കെ സഫര്‍ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം ഒരു കുഞ്ഞു കുറിപ്പും.
‘1500 മണിക്കൂര്‍ മുന്‍പ് മുതല്‍ കരിയറിലുടനീളം നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും എലാവരോടും നന്ദി പറയുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിക്കുന്നു’- കേദാര്‍ ജാദവ് കുറിച്ചു.

മാത്യു കുഴൽനാടന്റെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

കൊച്ചി:
മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി. ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തില്ല. കേസിൽ മുഖ്യമന്ത്രിയെ എതിർകക്ഷിയാക്കിയത് അനാവശ്യ നടപടിയാണെന്ന് സർക്കാർ പറഞ്ഞു

സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് മാത്യു കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഹർജി തള്ളിയതെന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിനാൽ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ലെന്നും ഹർജിയിൽ പറയുന്നു.

64 കോടി പേർ വോട്ട് ചെയ്തു; വോട്ടെണ്ണലിനുള്ള നടപടികൾ പൂർത്തിയായെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂ ഡെൽഹി:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്‌തെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. വോട്ടെണ്ണലിന് മുന്നോടിയായി ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീർത്തും സമാധാനപരമായി പൂർത്തിയാക്കാൻ സാധിച്ചത് അത്ഭുതകരമായിരുന്നുവെന്നും രാജീവ് കുമാർ പറഞ്ഞു

താരപ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദേശം നൽകിയിരുന്നു. മാതൃക പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് ലഭിച്ച 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചു. ഉന്നത നേതാക്കൾക്കെതിരെ അടക്കം കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി. യാതൊരു പക്ഷപാതിത്വവും ആരോടും കാണിച്ചിട്ടില്ല.

പദവി നോക്കാതെ നടപടിയെടുത്തു. വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നടപടിയെടുത്തു. വോട്ടെണ്ണലിനുള്ള എല്ലാ നടപടികളും പൂർത്തിയായി. രാജ്യത്താകെ 10 ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണവുമുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

മകന് പിന്നാലെ അമ്മയും പോയി; വർക്കലയിൽ ഭർത്താവ് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം:
വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇവരുടെ മകൻ അമൽ(17) ഇന്ന് രാവിലെ മരിച്ചിരുന്നു.
അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ തന്നെ മരിച്ചിരുന്നു. ഇന്നലെയാണ് രാജേന്ദ്രൻ ബിന്ദുവിനെ തീ കൊളുത്തിയത്.

ആറ് മാസമായി ബിന്ദുവും രാജേന്ദ്രനും പിരിഞ്ഞ് കഴിയുകയായിരുന്നു. ഭർതൃവീട്ടിൽ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കാൻ പോലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും അമലിനെയും ഇയാൾ ആക്രമിച്ചത്.

വോട്ടെണ്ണല്‍: നാളെ സ്‌കൂളുകള്‍ക്ക് മൊത്തത്തില്‍ അവധിയുണ്ടോ?

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ നാളെ സ്‌കൂളുകള്‍ അവധിയെന്ന പ്രചരണം ചില കോണുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമല്ല. വോട്ടെണ്ണല്‍ ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ അവധി പ്രഖ്യാപിക്കാറില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാത്ത തരത്തിലുള്ള ഏതെങ്കിലും അവധി പ്രഖ്യാപനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അത് അറിയിക്കും. നിലവില്‍ അത്തരത്തില്‍ ഒരു അവധി പ്രഖ്യാപനവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ജില്ലയില്‍ ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ കേന്ദ്രമായ സെയിന്റ് അലോഷ്യസ് സ്‌കൂളിന് ജൂണ്‍ 5 വരെയും വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് തങ്കശ്ശേരി കര്‍മ്മല റാണി ട്രെയിനിങ് കോളേജ്, തങ്കശ്ശേരി ട്രിനിറ്റിലൈസിയം സ്‌കൂള്‍ എന്നിവയ്ക്കും വരണാധികാരിയായ ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്.

വടകരയില്‍ നിരോധനാജ്ഞ….വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് കളക്ടര്‍

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, വടകരയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് മുതല്‍ നാളെ വൈകിട്ടു വരെയാണ് നിരോധനാജ്ഞ. വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ രാഷ്ട്രീയപാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. എല്‍ഡിഎഫിന്റെ കെ കെ ശൈലജയും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും തമ്മില്‍ കടുത്ത പോരാട്ടമാണ് വടകരയില്‍ നടന്നത്.

ദേവനാരായണനില്ല,അവനായി കാത്തിരിക്കുന്നു സ്പൈഡര്‍മാന്‍ ബാഗും ഉടുപ്പും

ഹരിപ്പാട്. നാടാകെ സ്കൂള്‍ പ്രവേശനോത്സവം കത്തിക്കയറുമ്പോള്‍ ആലപ്പുഴ ഹരിപാട് ഒരു നൊമ്പരകാഴ്ചയുണ്ട്.മുട്ടം മുല്ലക്കര എൽപി സ്കൂൾ ദുഖഭാരത്താലാണ് ചടങ്ങിന് മാത്രമായാണ് പരിപാടി നടത്തിയത്
സ്കൂൾ തുറപ്പിന് ദിവസങ്ങൾക്ക് മുമ്പ് മരിച്ച മൂന്നാം ക്ലാസുകാരന് വേണ്ടി അവന് ഏറ്റവും ഇഷ്ടപ്പെട്ട സ്പൈഡർമാന്റെ കുപ്പായവും ബാഗും ടിഫിൻ ബോക്സും വാങ്ങി പിതാവ് സൂക്ഷിച്ചിരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുട്ടം മുല്ലക്കര എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി ദേവനാരായണൻ പേ വിഷബാധ ഏറ്റു മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് മകനാഗ്രഹം പറഞ്ഞത്. അസുഖം മാറി വരുമ്പോൾ വാങ്ങിത്തരാം എന്ന് പറഞ്ഞതാണ് പിതാവ്. പക്ഷേ അതിനുമുമ്പ് ദേവനാരായണൻ മരിച്ചു

മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന ദേവനാരായണൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അഛനോട് ആഗ്രഹം പറഞ്ഞത്. സ്കൂളിൽ പോകാൻ വാങ്ങുന്ന ബാഗഗക്കമുള്ള എല്ലാം സ്പൈഡർമാൻ ചിത്രമുള്ളത് വേണം മാത്രമല്ല സ്പൈഡർമാൻ്റെ കുപ്പായവും രണ്ട് ഫുട്ബോളും വേണം. അസുഖം മാറി വരുമ്പോൾ വാങ്ങിത്തരാം എന്ന് പറഞ്ഞതാണ് പിതാവ് മകനെ ആശ്വസിപ്പിച്ചത് പക്ഷേ അതിനുമുമ്പ് ദേവനാരായണൻ പോയി. സഞ്ചയന ദിവസം മകന് നൽകാൻ സ്പൈഡർമാൻ കുപ്പായവും പന്തും കഴിഞ്ഞ ദിവസം പിതാവ് ദീപു വാങ്ങി.

തെരുവുനായ ഓടിക്കുമ്പോള്‍ ഓടയില്‍വീണാണ് കുട്ടിക്ക് പരുക്കേറ്റത്. നായ മാന്തി എന്നകാര്യം ആരും ശ്രദ്ധിക്കാതെ പോയി. വീണുണ്ടായമുറിവിനായിരുന്നു ചികില്‍സ. ദീപുവിനേയും രാധികയേയും അനുജത്തി ദേവനന്ദയേയും വിട്ട് അവന്‍പോയി.

പ്രവേശനോത്സവം ആഘോഷമാക്കാനിരുന്ന ദേവനാരായണൻ പഠിച്ച മുട്ടം മുല്ലക്കര എൽപി സ്കൂൾ ദുഖഭാരത്താലാണ് ചടങ്ങിന് മാത്രമായാണ് പരിപാടി നടത്തിയത്. എല്ലാവരുടെയും സ്നേഹനിധിയായ കുരുന്ന് നഷ്ടപെട്ട ദുഖത്തിലാണ് സ്കൂളും