27.6 C
Kollam
Saturday 20th December, 2025 | 02:34:55 PM
Home Blog Page 2654

കുന്നത്തൂർ താലൂക്കിൽ പ്രവേശനോത്സവം വർണാഭമായി


ശാസ്താംകോട്ട:കുന്നത്തൂർ താലൂക്കിലെ സ്കൂളുകളിൽ നടന്ന പ്രവേശനോത്സവം വർണാഭമായി.മധുരവും കളിപ്പാട്ടങ്ങളും വർണ ബലൂണുകളും സമ്മാനിച്ചാണ് പലയിടത്തും
കുരുന്നുകളെ വരവേറ്റത്.ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം ശൂരനാട് തെക്ക് കുമരംചിറ ഉദയംമുകൾ ഗവ.എൽ.പി സ്കൂളിൽ നടന്നു.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ശ്രീജ അധ്യക്ഷത വഹിച്ചു.

ചവറ വിദ്യാഭ്യാസ ഉപജില്ലാതല പ്രവേശനോത്സവം
കോവൂർ എൽ.പി സ്കൂളിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് അധ്യക്ഷത വഹിച്ചു.

കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ഐവർകാല മേഖലയിലെ ഹൈസ്കൂൾതല പ്രവേശനോത്സവം കരുവാമല ഹൈസ്കൂളിൽ നടത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.

കിഴക്കേ കല്ലട ചിറ്റുമല എൽ.എം.എസ്.എൽ.പി സ്കൂളിലെ പ്രവേശനോത്സവം കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജു ലോറൻസ് ഉത്ഘാടനം ചെയ്തു.സിഎസ്ഐ മഹാ ഇടവക പ്രതിനിധി റവ.ജോൺസൺ പോൾ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ പ്രദീപ് കുമാർ നവാഗതരെ സ്വീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് വിജയ.റ്റി,സ്കൂൾ ലോക്കൽ മാനേജർ അരുൺ ദാസ്,പി.റ്റി.എ പ്രസിഡൻ്റ് രഹിന,സ്റ്റാഫ് സെക്രട്ടറി സിജു ഫിലിപ്പ് എന്നിവർ സംസാരിച്ചു.

കോവൂർ യു.പി എസിലെ പ്രവേശനോത്സവം മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുർഷ്പാർച്ചനയും നടത്തി.പിടിഎ പ്രസിഡന്റ് അനിൽ മത്തായി അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ്
ബി.സേതു ലക്ഷമി,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി,ബ്ലോക്ക് പഞ്ചായത്തംഗം രാജി രാമചന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ലാലി ബാബു ,രജനി സുനിൽ,വർഗ്ഗീസ് തരകൻ,പിആർഒ സദാശിവൻ പിള്ള, ഭവാനി ടീച്ചർ,സീനിയർ അസിസ്റ്റൻ്റ് ഉഷാ കുമാരി,അശ്വതി,ജയമോഹൻ,റിയാസ്,പി.ജയശ്രീ എന്നിവർ സംസാരിച്ചു.അഞ്ജന രക്ഷാകർതൃ ബോധവത്ക്കരണ ക്ലാസ് നടത്തി.

ശൂരനാട് വടക്ക്മ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ആനയടി ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.എസ്.എം.സി വൈസ് ചെയർപേഴ്സൺ രമ്യ.എൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.പങ്കജാക്ഷൻ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ മിനി സുദർശൻ,ഗംഗാദേവി,സുനിത ലെത്തീഫ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.സ്കൂൾ സീനിയർ അസി.രേഖ.എസ് സ്വാഗതവും അധ്യാപിക വിനിത നന്ദിയും പറഞ്ഞു.

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ യുവാവിനെ പിടികൂടി

ചടയമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ യുവാവിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നെടുവത്തൂര്‍ ആനക്കോട്ടൂര്‍ കുളങ്ങരമുക്ക് തലാപ്പില്‍ വീട്ടില്‍ സുബീഷ് (30)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതി ആയൂരില്‍ മണിമുറ്റത്ത് ഫിനാന്‍സില്‍ 17.20 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് 82,000 രൂപ എടുത്തു. തുടര്‍ന്ന് ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയതോടെ ബാങ്ക് മാനേജര്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി.
ചടയമംഗലം പോലീസ് അന്വേഷിച്ച് വരുന്നതിനിടയില്‍ സമാനമായ കേസില്‍ പുത്തൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ചടയമംഗലം ആയൂരിലും മുക്കുപണ്ടം പണയം വച്ചതായി ഇയാള്‍ സമ്മതിച്ചു. പുത്തൂര്‍ പോലീസ് റിമാന്‍ഡ് ചെയ്ത പ്രതിയെ ചടയമംഗലം പോലീസ് കസ്റ്റഡിയില്‍ വാങ്ങി ആയൂര്‍ മണിമുറ്റത്ത് ഫിനാന്‍സില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വേങ്ങ മിലാദേ ശെരീഫ് ഗേള്‍സ് ഹൈസ്കൂൾ പ്രവേശനോൽവം

ശാസ്താംകോട്ട: മൈനാഗപ്പള്ളി എം എസ്.ജി.എച്ച്.എസ് സ്കൂൾ പ്രവേശനോൽവം ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഐ.ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി അസി.പ്രൊഫസർ ഡോ.എൻ. നൗഫൽ, സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ ഹരികുറിശ്ശേരി, സ്കൂൾ മാനേജർ അസീസ്, മനാഫ് മൈനാഗപ്പള്ളി, എബി ജോൺ , കല്ലട ഗിരീഷ്, സുരേഷ് ചാമ വിള, സഫിയ, റാനിദ, അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു

ശ്രീചിത്തിരവിലാസം യുപി സ്കൂളിൽ പ്രവേശനോത്സവം നടന്നു

മൈനാഗപ്പള്ളി. ശ്രീചിത്തിരവിലാസം യുപി സ്കൂളിൽ പ്രവേശനോത്സവം നടന്നു. പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം  മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎം സൈദ്  ഉദ്ഘാടനം ചെയ്തു. അധ്യാപകനായ ഉണ്ണി ഇ ലവിനാൽ രക്ഷകർത്താക്കൾക്ക് പ്രത്യേക ക്ലാസ് എടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ചടങ്ങിൽ കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഉത്തര കുട്ടൻ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ജയലക്ഷ്മി സ്വാഗതം ആശംസ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി, വാർഡ് മെമ്പർ ബിജു കുമാർ, വർഗീസ് തരകൻ എന്നിവർ സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി ബി എസ് സൈജു യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഡെലിവറി ബോയ് പോലീസിന്റെ പിടിയില്‍

കൊല്ലം: യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് പോലീസിന്റെ
പിടിയിലായി. ഇരവിപുരം സ്‌നേഹനഗര്‍ 23, ഫാത്തിമ മന്‍സിലില്‍ ഇജാസ് (26) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് വെള്ളയിട്ടമ്പലത്തിന് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം എടുക്കാനായെത്തിയ പ്രതി ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനുമായി സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ഇയാള്‍ സെക്യുരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഹോട്ടലിലെ പാര്‍ട്ട് ടൈം ജീവനക്കാരനായ മുഹമ്മദ് സഫാന്‍ ഇത് ചോദ്യം ചെയ്തതോടെ ഇജാസ് തന്റെ കൈവശമുണ്ടായിരുന്ന കത്രിക കൊണ്ട് മുഹമ്മദ് സഫാനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ ബില്‍ഷാദിനെയും മറ്റൊരു ഡെലിവറി ബോയിയായ അനന്തകൃഷ്ണനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ അനന്തകൃഷ്ണനും മുഹമ്മദ് സഫാനും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

പൂയപ്പള്ളിയില്‍ പോലീസിന്റെ മുന്നില്‍വച്ച് ഗൃഹനാഥന്‍ കിണറ്റില്‍ ചാടി മരിച്ചു

പൂയപ്പള്ളി: ഗൃഹനാഥന്‍ മദ്യലഹരിയില്‍ കുടുംബ കലഹം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പോലീസ് വീട്ടിലെത്തിയപ്പോള്‍ പോലീസിന്റെ മുന്നില്‍വച്ച് കിണറ്റില്‍ ചാടി മരിച്ചു. പൂയപ്പള്ളി നെയ്‌തോട് പാലവിള വീട്ടില്‍ ബെന്നി (50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ബെന്നി വീട്ടില്‍ അക്രമം നടത്തുന്നതായി ഭാര്യ പൂയപ്പള്ളി പോലീസില്‍ ഫോണ്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ഇയാളെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന്റെ കണ്ണ് വെട്ടിച്ച് കിണറ്റില്‍ ചാടുകയുമായിരുന്നു. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി ഇയാളെ കരയ്‌ക്കെടുത്തെങ്കിലും മരിച്ചിരുന്നു. പൂയപ്പള്ളി പോലീസ് മേല്‍നടപടികള്‍ക്ക് ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം പൂയപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ സംസ്‌കരിച്ചു.

സർവകാല റെക്കോർഡ് തിരുത്തിക്കുറിച്ച് ഓഹരി വിപണികൾ

എക്സിറ്റ് പോൾ ഫലത്തിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തിൽ സർവകാല റെക്കോർഡ് തിരുത്തിക്കുറിച്ച് ഓഹരി വിപണികൾ. മൂന്ന് വർഷത്തിനിടെയുള്ള ഏറ്റവും വലിയ പ്രതിദിന നേട്ടമാണ് ഇന്നുണ്ടായത്. വിപണിയിലെ ആകെ മൂല്യത്തിൽ ഒറ്റ ദിനമുണ്ടായത് 14 ലക്ഷം കോടിയാണ്. അദാനി ഓഹരികളും കുതിപ്പ് നടത്തി.

മോദി സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനങ്ങൾ ഓഹരി വിപണിയിലുണ്ടാക്കിയത് വൻ കുതിപ്പ്. ഓഹരി സൂചികകൾ ഒരാഴ്ചമുൻപ് കുറിച്ച സർവകാല റെക്കോർഡ് ഭേദിക്കാനെടുത്തത് വെറും മിനിറ്റുകൾ. ബിഎസ്ഇ ഓഹരി സൂചികയായ സെൻസെക്സ് 2507 പോയന്ർറ് ഉയർന്ന് 76,468ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 32263 എന്ന പുതിയ ഉയരം കുറിച്ചു. അദാനി ഗ്രൂപ്പ് ഓഹരികളും വൻ കുതിപ്പ് നടത്തി. അദാനി പവറാണ് കൂട്ടത്തിൽ കൂടുതൽ മുന്നേറിയത്. എക്സിറ്റ്പോളിനൊപ്പം മറ്റ് ചില ഘടകങ്ങൾ കൂടി വിപണിയുടെ കുതിപ്പിന് പിന്നിലുണ്ട്. വെള്ളിയാഴ്ച വ്യാപാരം കഴിഞ്ഞതിന് ശേഷം വന്ന ജിഡിപി വളർച്ചാ കണക്ക് അതിലൊന്ന്. 8.2 ശതമാനം വളർച്ചയെന്ന കണക്ക് പ്രതീക്ഷയേറ്റി. ഒപ്പം കഴിഞ്ഞ ആഴ്ച ആർബിഐ കേന്ദ്രസർക്കാരിന് നൽകാൻ തീരുമാനിച്ച ലാഭ വിഹിതവും വിപണിയിൽ പോസിറ്റീവ് ചലനമുണ്ടാക്കുന്നു. ആർബിഐയിൽ നിന്ന് ലഭിക്കുന്ന 2.11 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് സംഖ്യ പുതിയ സർക്കാരിന് ധനക്കമ്മി പിടിച്ച് നിർത്താനും അടിസ്ഥാന വികസന രംഗത്തും തുണയ്ക്കും. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും വിപണിയിൽ ഇന്ന് പ്രതിഫലിച്ചു.

അബ്ദുറഹീമിന്‍റെ മോചനം വൈകാതെ ഉണ്ടാകുമെന്ന് സൂചന

റിയാദ്.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൌദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന് മാപ്പ് ലഭിക്കാനുള്ള ദയാധനം 15 മില്യണ്‍ റിയാലിന്‍റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു. വൈകാതെ അബ്ദുറഹീമിന്‍റെ മോചനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അബ്ദുറഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നീക്കമാണ് ഇന്ന് നടന്നത്. അബുറഹീമിന് മാപ്പ് നല്കാന്‍ മരിച്ച സൌദി കുടുംബം ആവശ്യപ്പെട്ട 15 മില്യണ്‍ റിയാലിന്‍റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി. ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരിലാണ് സൌദിയിലെ ഇന്ത്യന്‍ എംബസി ചെക്ക് ഇഷ്യൂ ചെയ്തത്. ഇതിന് പുറമെ അബ്ദുറഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട അനുരഞ്ജന കരാറില്‍ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവെച്ചു. ഇരു വിഭാഗങ്ങളുടെയും അഭിഭാഷകരാണ് ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണെന്ന് സൌദി കുടുംബം ഔദ്യോഗികമായി സമ്മതം അറിയിച്ചു. ഇനി ഗവര്‍ണറേറ്റ് ഈ രേഖകള്‍ കോടതിക്ക് കൈമാറും. രേഖകള്‍ പരിശോധിച്ച് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കി മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേക്ക് കടക്കും. ഏറെ വൈകാതെ അബ്ദുറഹീമിന്‍റെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ

ഐഎഎസ് ദമ്പതികളുടെ മകൾ ആത്മഹത്യ ചെയ്തു

മുംബൈ. മഹാരാഷ്ട്രയിൽ ഐഎഎസ് ദമ്പതികളുടെ മകൾ ആത്മഹത്യ ചെയ്തു. ലിപി രസ്തോഗി (27) ആണ് മരിച്ചത്. താമസസ്ഥലത്തെ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടുകയായിരുന്നു. അച്ഛൻ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അമ്മ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. ഹരിയാനയിൽ നിയമ വിദ്യാർത്ഥിയായിരുന്നു ലിപി. പരീക്ഷയെകുറിച്ചുള്ള ആശങ്കകൾ കാരണമാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തി

പണക്കൊഴുപ്പും അഹങ്കാരവും കയ്യിൽ വെച്ചാൽ മതി: സഞ്ജു ടെക്കിക്കെതിരെ മന്ത്രി ഗണേഷ്

തിരുവനന്തപുരം : കാറിനുള്ളിൽ സ്വമ്മിംഗ് പൂൾ സജ്ജീകരിച്ച് പൊതുനിരത്തിലൂടെ വാഹനമോടിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. യൂട്യൂബിന് റീച്ച് കൂടുന്നതിൽ തനിക്ക് വിരോധമൊന്നുമില്ല. എന്നാൽ നിയമലംഘനം നടത്തി റീച്ച് കൂട്ടാൻ നിൽക്കുന്നവരുടെ വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് അന്തസ്സുള്ള ആളുകൾ ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞു.

നിയമങ്ങൾ അനുസരിക്കുകയെന്നതാണ് ഒരു പൗരൻ നൽകേണ്ട അടിസ്ഥാന കാര്യം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷയായിരിക്കും നൽകുകയെന്നും ഗണേഷ്‌കുമാർ പറഞ്ഞു. യൂട്യൂബർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിയമത്തെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തികളാണ് നല്ല പൗരൻമാരും മാന്യന്മാരും. എന്നാൽ പണക്കൊഴുപ്പും അഹങ്കാരവുമാണ് ഈ യൂട്യൂബർ കാണിച്ചിരിക്കുന്നത്. ഇപ്പോൾ കാണിച്ച ഈ പ്രവർത്തി അയാളുടെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കും. ആ സംസ്‌കാരമൊക്കെ കൈയിൽ വെച്ചാൽ മതിയെന്നും ഗണേഷ് കുമാർ പറഞ്ഞു.