27.4 C
Kollam
Thursday 25th December, 2025 | 04:19:39 PM
Home Blog Page 2589

ഒരു വർഷമായി ഷോറൂമിൽ സൂക്ഷിച്ചിരിക്കുന്ന ബൈക്കിന് പിഴ അടയ്ക്കാൻ നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ്

കുന്നത്തൂർ:മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് അധികൃതർക്ക് പറ്റിയ പിശകിൽ പിഴ അടയ്ക്കാൻ യുവാവിന് നോട്ടീസ്.കുന്നത്തൂർ കിഴക്ക് ഗോവിന്ദമംഗലം വീട്ടിൽ അമലിനാണ് 30 ദിവസത്തിനകം പിഴ അടയ്ക്കമെന്ന് കാട്ടി നോട്ടീസ് ലഭിച്ചത്.കൊട്ടാരക്കര
എൻഫോഴ്സ്മെന്റ് വിഭാഗമാണ് നോട്ടീസ് അയച്ചത്.അമലിന്റെ ഉടമസ്ഥതയിൽ കെ.എൽ 61എഫ് 4103 എന്ന ഇരുചക്ര വാഹനത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്തയാൾ ഹെൽമറ്റ് ധരിച്ചിട്ടില്ലായെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.കഴിഞ്ഞ മാസം 7ന് പോരുവഴിയിൽ വച്ചാണ് നിയമലംഘനം എൻഫോഴ്സ്മെന്റിന്റെശ്രദ്ധയിൽപ്പെട്ടത്.നോട്ടീസിൽ കാണിച്ചിട്ടുള്ള ചിത്രത്തിൽ ആക്ടീവ
മോഡൽ സ്കൂട്ടറിൽ രണ്ട് സ്ത്രീകളാണ് സഞ്ചരിക്കുന്നത്.എന്നാൽ ഇതേ നമ്പരിൽ അമലിന് സുസുകി ജിക്സർ ബൈക്കാണ് ഉള്ളത്.ഇതാകട്ടെ ഒരു വർഷം മുമ്പ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കരയിലെ ഷോറൂമലുമാണ്.ചിത്രങ്ങൾ സഹിതം അമൽ സംസ്ഥാന എൻഫോഴ്സ്മെന്റ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

കല്യാണ വീട്ടിലേക്ക് പോകവേ അങ്കണവാടി ഹെൽപ്പർകുഴഞ്ഞുവീണു മരിച്ചു

കൊല്ലം. ചടയമംഗലത്ത് കല്യാണ വീട്ടിലേക്ക് പോകവേ അങ്കണവാടി ഹെൽപ്പർകുഴഞ്ഞുവീണു മരിച്ചു. ചടയമംഗലം കണ്ണങ്കോട് പ്ലാവിള വീട്ടിൽ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാധാമണിയാണ് (54)മരിച്ചത്. വൈകിട്ടു 6 മണിയോടെയാണ് ആണ് സംഭവം. കുഴഞ്ഞുവീണ രാധാമണിയെ കടക്കൽ താലൂക്ക്ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻകഴിഞ്ഞില്ല. കടന്നൂർ അംഗൻവാടിയിലെ ഹെൽപ്പർ ആണ് മരിച്ച രാധാമണി. മൃതദേഹംകടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിക്ക് വളഞ്ഞ വഴി

തൃശ്ശൂർ. കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിക്ക് വളഞ്ഞ വഴി.തൃശ്ശൂരിലെ റോഡിലെ കുഴി ഒഴിവാക്കാൻ വളഞ്ഞ വഴി സഞ്ചരിച്ചു മുഖ്യമന്ത്രി.ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുഴികൾ ഒഴിവാക്കി വടക്കാഞ്ചേരി വഴി മുഖ്യന്റെ യാത്ര.കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ മഴയിൽ രൂപപ്പെട്ട വലിയ കുഴികളും ഗതാഗതക്കുരുക്കും ഒഴിവാക്കി മുഖ്യമന്ത്രി തൃശ്ശൂരിലേക്ക് പോയത് വടക്കാഞ്ചേരി വഴി.കുഴി ഒഴിവാക്കാൻ 24 കിലോമീറ്റർ ദൂരത്തിന് പകരം മുഖ്യമന്ത്രി സഞ്ചരിച്ചത് 40 കിലോമീറ്റർ. കോഴിക്കോട് നിന്ന് തൃശ്ശൂർ രാമനിലയത്തിലേക്കുള്ള യാത്രയിലാണ് കുഴി ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര

പിള്ളയും പിള്ളയുടെ ‘പിള്ള’യും, അറിയാതെപോയ ഒരു സ്നേഹകഥ

കൊല്ലം. അവിചാരിതമായ സംഭവങ്ങളിലൂടെ ശക്തമാകുന്ന ബന്ധങ്ങളെപ്പറ്റി എസ്എ സെയ്ഫ് എഴുതിയ ആര്‍ ബാലകൃഷ്ണപിള്ളയുമായുള്ള സ്നേഹകഥ ശ്രദ്ധേയമാകുന്നു. കലാകൗമുദിയില്‍ എസ്എ സെയ്ഫ് എഴുതിവരുന്ന അനുഭവം പംക്തിയിലാണ്. ആര്‍ ബാലകൃഷ്ണപിള്ള നല്‍കാന്‍ ശ്രമിച്ച സ്നേഹസമ്മാനത്തിന്‍റെ കഥ വെളിവാകുന്നത്. മാധ്യമം വീക്കിലിയില്‍ ആര്‍ ബാലകൃഷ്ണപിള്ളയുടെ ജീവിതകഥ എഴുതിയതിലൂടെയാണ് ഇപ്പോള്‍ പിഎസ് സി അംഗമായ പത്രപ്രവര്‍ത്തകന്‍ എസ്എ സെയ്ഫ് ശ്രദ്ധേയനായത്. ആര്‍ ബാലകൃഷ്ണപിള്ള ജീവിതകഥ മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതുന്നതിനിടെയാണ് ജയിലില്‍ പോകേണ്ടി വന്നത്. ആ കാലത്തും സെയ്ഫ് ജയിലില്‍ എത്തി ആത്മകഥാകുറിപ്പുകള്‍ എഴുതുകയും അത് പ്രസിദ്ധീകരണം തുടരുകയും ചെയ്തുവന്നു. ഇത് കേരളമാകെ വിവാദമുയര്‍ത്തി. ആത്മകഥയിലെ ഏടുകള്‍ ആ കാലത്ത് ആര്‍ ബാലകൃഷ്ണപിള്ളയുടെ നിലപാടും നിലനില്‍പ്പും ആയി മാറി. ബാലകൃഷ്ണപിള്ള എന്ന രാഷ്ട്രീയ നേതാവില്‍ നിന്നും കേട്ടെടുക്കുന്ന വാക്കുകളുടെ മൂര്‍ച്ച രാകി എടുക്കലും ഉന്നം തീരുമാനിക്കലുംകൂടി സെയ്ഫിലെത്തിയതോടെ വിവാദങ്ങളുടെ ഘോഷയാത്രയുണ്ടായി . ജയിലില്‍ കിടക്കുമ്പോഴും ബാലകൃഷ്ണപിള്ള ചൂടേറിയ ചര്‍ച്ചാപാത്രമായി. ഇതുമൂലം വലിയ ഒരാത്മബന്ധമാണ് ഉടലെടുത്തത്. ഇന്നും കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആത്മകഥയാണ് ഡിസി ബുക്സ് പുസ്തക രൂപത്തില്‍ ഇറക്കിയ ആര്‍ ബാലകൃഷ്ണപിള്ളയുടെ ആത്മകഥ. ഇതിന്‍റെ രചനാകാലത്തെയും പില്‍ക്കാലത്തെയും സ്നേഹാനുഭവ ങ്ങളാണ് സെയ്ഫ് പറയുന്നത്.

കഥയിങ്ങനെ

ആർ. ബാലകൃഷ്ണ പിള്ള സാറിന്റെ അന്നത്തെ മുഖഭാവം ഇന്നും ഒട്ടും തന്നെ ഒളിമങ്ങാതെ മനസ്സിലുണ്ട്. അനുസരണക്കേട് കാട്ടിയ ഒരു മകനോട് അച്ഛൻ കാണിക്കുന്ന സ്നേഹം നിറഞ്ഞ പരിഭവം മുഖമാകെ നിറച്ച് വച്ച് എന്നെ നോക്കിയ നോട്ടം. എത്രമേൽ ആർ.ബാലകൃഷ്ണപിള്ള സാർ എന്നെ സ്നേഹിച്ചിരുന്നു എന്നതിന് ഇടം കൈവെള്ളയിൽ താടിയൂന്നി സജലങ്ങളായ കണ്ണുകളാൽ എന്നെ നോക്കിയിരുന്ന ഏതാനും നിമിഷങ്ങൾ എനിക്ക് ജീവനുള്ള കാലത്തോളം സാക്ഷ്യം പറയും.
2010 നവംബറിൽ ആയിരുന്നു ആ സംഭവം. ഞാനന്ന് അടൂർ താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിംഗ് ഇൻസ്പക്ടറാണ്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പറ്റിയുള്ള ഒരു അനുസ്മരണക്കുറിപ്പിനായിട്ടാണ് അതിനും രണ്ടാണ്ട് മുമ്പ് ഞാൻ സാറിനെ കാണുന്നത്. അന്ന് തുടങ്ങിയ ആത്മബന്ധം മെല്ലെ അദ്ദേഹത്തിന്റെ ആത്മകഥ എഴുതാൻ ഒപ്പം കൂടുന്നതിലേക്ക് വളരുകയായിരുന്നു. ഒരുപാട് നാളത്തെ നിർബന്ധത്തിന് ശേഷമാണ് അദ്ദേഹം അതിന് വഴങ്ങിയത്. എഴുത്തും ഖണ്ഡശ്ശയുള്ള പ്രസിദ്ധീകരണവും മുറക്ക് നടക്കുകയാണ്. സാർ വീട്ടിലുള്ളപ്പോഴും എന്റെ അവധി ദിവസങ്ങൾ ക്രമീകരിച്ചുമാണ് എഴുത്ത്. എഴുതാൻ കൊട്ടാരക്കരയിലെയോ വാളകത്തെയോ വീട്ടിലെത്തുമ്പോൾ അവിടെ എന്നെ കാത്ത് അമ്മ ഇരിപ്പുണ്ടാകും. അമ്മ എന്നാൽ ആർ. ബാലകൃഷ്ണപിള്ള സാറിന്റെ പത്നി വൽസലയമ്മ. എന്റെ അമ്മയെപ്പോലെയായിരുന്നു കാഴ്ചയിൽ. എന്നോട് ഒരുപാട് സംസാരിക്കും. സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന ഒരമ്മ. സാറിന്റെ ജീവിതയാത്രയിലെ വഴിവിളക്കായിരുന്നു വൽസലയമ്മ. പ്രിയപത്നിയുടെ 2018 ജനുവരി മൂന്നിന് ഉണ്ടായ അപ്രതീക്ഷിത വിയോഗം ആർ. ബാലകൃഷ്ണ പിള്ള സാറിനെ അടിമുടി ഉലച്ചു കളഞ്ഞിരുന്നു.
അമ്മയുടെ സ്നേഹവർത്തമാനങ്ങൾക്ക് ചെവി കൊടുത്ത ശേഷമാണ് ഞാൻ സാറിന്റെ അടുത്തേക്ക് ആത്മകഥാ രചനക്കായി പോകാറുള്ളത്. കുറിക്കാനുള്ള ബുക്കും പേനയും ഒരു ഡിജിറ്റൽ റെക്കോർഡറും അവയെല്ലാം വെക്കുന്ന ഒരു ചെറിയ പ്ലാസ്റ്റിക് സഞ്ചിയുമാണ് എന്റെ പക്കലുള്ളത്. അദ്ദേഹം പറഞ്ഞു തന്നതിൽ പലതും ഇന്നും എന്റെ ഡിജിറ്റൽ റെക്കോർഡറിൽ ഭദ്രമായുണ്ട്. സാറിനെക്കുറിച്ചുള്ള ഓർമ്മകൾ നേർത്ത നൊമ്പരമായി ഉയരുമ്പോൾ കുറച്ച് നേരം ഞാനത് കേൾക്കും. മുത്തങ്ങാ വെടിവെപ്പിനെ കുറിച്ചുള്ള ഓർമ്മകൾ സാർ പറഞ്ഞു തുടങ്ങി. സ്വഛശാന്തമായൊഴുന്ന ഒരു പുഴ കടലിൽ എത്തിച്ചേരും പോലെ അദ്ദേഹത്തിന്റെ ബോധ്യങ്ങളും ഓർമ്മകളും ഡിജിറ്റൽ റെക്കോർഡറിൽ വന്ന് നിറയുകയാണ്. ഞാൻ പ്രധാന ഭാഗങ്ങൾ ബുക്കിൽ കുറിക്കുന്നുമുണ്ട്.
ഈ സമയം സാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ശങ്കരൻ കുട്ടി ചേട്ടൻ കൈയിൽ ഒരു സഞ്ചിയുമായി മുറിയിലേക്ക് കയറി വന്നു. കൃശഗാത്രനായ ശങ്കരൻ കുട്ടി ചേട്ടൻ താഴ്ന്നസ്ഥായിയിലേ സംസാരിക്കൂ. സാറിന്റെ ജീവിതത്തിലെ എല്ലാപരീക്ഷണഘട്ടങ്ങളിലും കൂടെപ്പിറപ്പിനെ പോലെ കൂടെ നിന്ന ആൾ.
‘റബർ വെട്ടാൻ കാരാറെടുത്തയാൾ പൈസ തന്നു. അടുത്തയാഴ്ച വെട്ട് തുടങ്ങുമെന്ന് പറഞ്ഞു.’
സഞ്ചി മേശപ്പുറത്ത് വച്ചിട്ട് പൊയ്ക്കോളാൻ സാർ ആംഗ്യം കാണിച്ചിട്ട് പറച്ചിൽ തുടർന്നു.
ശങ്കരൻകുട്ടി ചേട്ടൻ അകത്തെ മുറിയിലേക്ക് പോയി. ഏതാണ്ട് മുക്കാൽ മണിക്കൂർ പറഞ്ഞ് അന്നത്തെ എഴുത്ത് അവസാനിക്കാറായപ്പോഴേക്കും സാറിന്റെ സന്തത സഹചാരിയായ കൃഷ്ണപിള്ള ചേട്ടൻ ചായയുമായി വന്നു. ചായ കുടിക്കുന്നതിനിടെ സാർ സഞ്ചി തുറന്ന് നോക്കി. നാലഞ്ച് ലക്ഷം രൂപയുണ്ട്. സാറിന്റെ ഏക്കർ കണക്കിന് തോട്ടത്തിലെ റബർ മരങ്ങളുടെ ടാപ്പിംഗ് കരാർ എടുത്തയാൾ കൊടുത്ത അഡ്വാൻസാണ് സഞ്ചിയിൽ.
അദ്ദേഹം സഞ്ചിയിൽ നിന്ന് ആയിരം രൂപയുടെ നാല് കെട്ടുകൾ മേശപ്പുറത്ത് എടുത്തവച്ചിട്ട് എന്നോട് പ്ലാസ്റ്റിക് കവർ തുറക്കാൻ ആവശ്യപ്പെട്ടു. ശങ്കരൻ കുട്ടി ചേട്ടൻ കൊണ്ടു വന്ന സഞ്ചി ഇതോടെ ഏതാണ്ട് കാലിയായിരുന്നു. ഞാൻ അത്ഭുതത്തോടെ സാറിനെ നോക്കി.
‘ഈ രൂപ എടുത്ത് കവറിൽ വെക്ക്’
പിതൃനിർവിശേഷമായ സ്നേഹത്തോടെ എന്നോട് പറഞ്ഞ ആ വാക്കുകൾക്ക് ഒരു ആജ്ഞയുടെ സ്വഭാവം കൂടി ഉണ്ടായിരുന്നു.
ഏതാനും മാത്ര എന്തു ചെയ്യണമെന്നറിയാതെ ഇരുന്ന ഞാൻ മെല്ലെ പറഞ്ഞു.
‘ഈ പൈസ കൊണ്ടു പോകേണ്ടിവന്നാൽ ഇന്ന് ഞാൻ ഈ പണി നിർത്തും. എനിക്ക് ആനുകാലികത്തിൽ നിന്ന് ലക്കത്തിന് 3000 രൂപ വച്ച് കിട്ടുന്നുണ്ട്. അത് മതി സർ. ഞാൻ പൈസ മോഹിച്ച് എഴുതുന്നതല്ല. ദയവ് ചെയ്ത് സാർ പൈസ തരരുത്. എനിക്കത് വിഷമമാണ്’
ഇത്രയും പറഞ്ഞിട്ട് ഞാൻ തന്നെ നാല് കെട്ടും സഞ്ചിയിൽ ഇട്ടു. സാർ കുറച്ച് സമയത്തേക്ക് എന്തോ ആലോചിച്ച് ഇരുന്നു. എന്നിട്ട് ശങ്കരൻ കുട്ടി ചേട്ടനെ വിളിച്ച് സഞ്ചി അകത്തേക്ക് കൊടുത്തു വിട്ടു. ക്രൂരമായ വേട്ടയാടലുകളും പരീക്ഷണങ്ങളും നേരിട്ട ഘട്ടങ്ങളിൽ പോലും നെഞ്ചു വിരിച്ചു നിന്നിട്ടുള്ള ആ വിജിഗീഷുവിന്റെ കണ്ണുകൾ ആ നേരം നേർത്ത രീതിയിൽ നിറഞ്ഞിരുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്ന സാർ എഴുത്തിനുള്ള പ്രതിഫലം എന്ന നിലയിൽ ആ തുക തന്നു എന്ന ചിന്ത എന്നെയും വേദനിപ്പിച്ചു. അതു കൊണ്ടാണ് എന്റെ അച്ഛനോട് സംസാരിക്കുന്ന രീതിയിൽ ഞാനത് നിരാകരിച്ചത്. അത് മനസ്സിലാക്കിയാട്ടാവാം ആ വലിയ മനസ്സിന്റെ തേങ്ങലിൽ കണ്ണുകൾ നനഞ്ഞത്.
പിന്നങ്ങോട്ട് അദ്ദേഹം എന്നെ ഒരു മകനെ പോലെ കണ്ടു. അത് കണ്ട ഗണേഷേട്ടൻ ഒരിക്കൽ പാതി തമാശയെന്നോണം പറഞ്ഞു ‘അച്ഛന് എന്നെക്കാളും ഇഷ്ടം സെയ്ഫിനെ ആണ്’ എന്ന്. എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിന് ഇളയതാണ് ഗണേഷേട്ടൻ എങ്കിലും എപ്പോഴോ മനസ്സിൽ കടന്നു കൂടിയതാണ് ജ്യേഷ്ഠ സഹോദരൻ എന്ന വികാരം. ഞാനും ഗണേഷേട്ടനും അപൂർവ്വമായോ കാണാറുള്ളൂ. എത്ര മാസത്തെ ഇടവേളക്ക് ശേഷം കണ്ടാലും ഒരു കൂടെപ്പിറപ്പിനോടുള്ള സ്നേഹവായ്പ്പോടെ ഗണേഷേട്ടൻ സംസാരിച്ചു തുടങ്ങും. എന്നോടുള്ള പരിഭവം പോലും ഗണേഷേട്ടൻ, എനിക്ക് വേദനിച്ചാലോ എന്ന് കരുതി നേരിട്ട് പറയാറില്ല. സാറും ഗണേഷേട്ടനും ഒരിക്കലും എന്റെ ജനാധിപത്യപരമായ എന്റെ ബോധ്യത്തെ പറ്റി ഒന്നും ചോദിച്ചിട്ടില്ല, പറഞ്ഞിട്ടുമില്ല.
അവർ ഇരുവരും കൊട്ടാരക്കരയിലെ വീട്ടിൽ ഒന്നിച്ചുള്ള ഒരു ദിവസം ,കൃത്യമായി പറഞ്ഞാൽ 2020 ഡിസംബർ 21 രാവിലെ എട്ടരക്ക് എനിക്കൊരു വിളി വന്നു. സാറിന് കാണണം, അത്യാവശ്യമായി എത്തണമെന്ന് അറിയിച്ചു. ഞാൻ ചെന്നപ്പോൾ സാറും ഗണേഷേട്ടനും ഉണ്ട്. സാർ കിടക്കുകയാണ്. സാറിന്റെ ആരോഗ്യാവസ്ഥ മോശമായി തുടങ്ങിയ ഘട്ടമായിരുന്നു അത്. അവിടം വരെ ചെല്ലാൻ പലപ്പോഴും ആവശ്യപ്പെടുകയും ഞാൻ എത്തുകയും ചെയ്യുന്നത് പതിവായതിനാൽ ഈ വിളിയിലും പ്രത്യേകിച്ച് ഒന്നും തോന്നാതെയാണ് ചെന്നത്.
അരികിൽ കസേരയിട്ട് ഇരിക്കുകയായിരുന്ന ഗണേഷേട്ടനെ നോക്കി സാർ പറഞ്ഞു.
‘നീ പറ’
അച്ഛൻ പറ എന്ന് മറുപടി.
ഒന്നും മനസ്സിലാകാതെ ഞാൻ സാറിന്റെ കട്ടിലിനരികിൽ നിന്നു.
‘ നീ പറയെടാ’ സാർ സ്നേഹപൂർവ്വം ഗണേഷേട്ടനെ നിർബന്ധിച്ചു.
ഗണേഷേട്ടൻ പറഞ്ഞു തുടങ്ങി.
‘ കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷമായി അച്ഛനൊപ്പം സെയ്ഫ് ഉണ്ട്. നിങ്ങൾ തമ്മിലുള്ള സ്നേഹത്തിൻറെ വലിപ്പവും എനിക്കറിയാം. വളരെ പ്രധാനപ്പെട്ടൊരു പദവിയിലേക്ക് സെയ്ഫിന്റെ പേര് നിർദ്ദേശിക്കുന്നതിൽ അച്ഛൻ എന്നോട് അഭിപ്രായം ചോദിച്ചു. ഞങ്ങൾ ഒന്നിച്ചൊരു തീരുമാനം എടുത്തു. സെയ്ഫിന്റെ പേരാണ് കൊടുക്കുന്നത്’
ഇത്രയും പറഞ്ഞിട്ട് തസ്തികയുടെ വിവരങ്ങളും നിയമനരീതിയും എല്ലാം ഗണേഷേട്ടൻ വിശദീകരിച്ചു.
അതെല്ലാം പിന്നീട് യാഥാർത്ഥ്യമായി വന്നു.
നിയമന വിവരം അറിഞ്ഞ് 2021 ഫെബ്രുവരി 10 ന്
ഞാൻ ചെന്നപ്പോൾ കിടക്കുന്ന കിടപ്പിൽ തലയിൽ ഇരുകൈകളും ചേർത്ത് വച്ച് അനുഗ്രഹിച്ചു. ആ നിമിഷങ്ങളിൽ സാറും ഞാനും കരയുകയായിരുന്നു. പിന്നെപ്പിന്നെ സാറിൻറെ ആരോഗ്യാവസ്ഥ മോശമായിക്കൊണ്ടിരുന്നു. മൂന്ന് മാസം തികയും മുമ്പ് മേയ് മൂന്നിന് അദ്ദേഹം പോയി.
ആ മനസ്സ് നിറയെ എന്നോടുള്ള സ്നേഹമായിരുന്നു. ക്ഷിപ്രകോപിയും ഉഗ്രപ്രതാപിയും ആയിരുന്നെങ്കിലും എന്നോട് വാൽസല്യത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. കേരള രാഷ്ട്രീയത്തിലെ ആർക്കുമറിയാത്ത അണിയറക്കഥകൾ അണമുറിയാതെ പറഞ്ഞ എത്രയോ അവസരങ്ങൾ. ചിരിച്ച് ഒരു വഴിക്കായി പോകുന്ന തരം ഫലിതങ്ങൾ. ഭാവി കേരളത്തെപ്പറ്റിയുള്ള കൃത്യമായ നിഗമനങ്ങൾ. ഒക്കെയും അദ്ദേഹത്തിൽ നിന്ന് അനുഭവിച്ചറിഞ്ഞു.
സ്നേഹമായിരുന്നു അദ്ദേഹം എനിക്ക്. ഗണേഷേട്ടനോട് അന്നും ഇന്നും ഞാൻ സാറിനെ പറ്റി സംസാരിക്കുമ്പോൾ അച്ഛൻ എന്നാണ് പറയാറ്. അതിനുള്ള സ്വാതന്ത്ര്യവും അവകാശവും ഗണേഷേട്ടൻ എനിക്ക് തന്നിട്ടുണ്ട്. അതും തലമുറ കൈമാറി എന്നിലേക്ക് പകർന്ന് കിട്ടിയൊരു സുകൃതം. സെയ്ഫ് ചക്കുവള്ളി 9446520362

ഒരു പത്രലേഖകനും രാഷ്ട്രീയ നേതാവും തമ്മിലുണ്ടായ ആത്മബന്ധത്തിന്‍റെ കഥ കണ്ണുനനയാതെ വായിച്ചുതീരാനാവില്ല.

റിസോർട്ട് ജീവനക്കാരിയായ യുവതി തൂങ്ങി മരിച്ച നിലയിൽ

തൃശൂർ: ആതിരപ്പള്ളിയിൽ റിസ്സോർട്ട് ജീവനക്കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണംകുഴി കസാരിയോ റിസോർട്ട് ജീവനക്കാരിയായ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഐശ്വര്യ (19 ) നെയാണ് ജീവനക്കാർക്കുള്ള മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം തുടങ്ങി.

ചമ്പക്കുളം മൂലം ജലോത്സവം, കിരീടം നേടി ആയാപറമ്പ് വലിയദിവാൻജി

ആലപ്പുഴ.ചമ്പക്കുളം മൂലം ജലോത്സവത്തിൽ കിരീടത്തിൽ മുത്തമിട്ട് ആയാപറമ്പ് വലിയദിവാൻജി…ആവേശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻന്മാരെ പിന്നിലാക്കിയാണ് വലിയദിവാൻജി രാജപ്രമുഖ ട്രോഫി സ്വന്തമാക്കിയത്…ജോസ് ആറാത്തുംപള്ളി ക്യാപ്റ്റനായ ആലപ്പുഴ ടൌൺ ബോട്ട് ക്ലബ് ആണ് വലിയ ദിവാൻജിയ്ക്കായി തുഴയേറിഞ്ഞത്.

നെഹ്‌റു ട്രോഫിയിൽ ഹാട്രിക് മുത്തമിട്ട പള്ളാതുരുത്തിയെ പരാജയപ്പെടുത്തിയാണ് വലിയദിവാൻജി ഫൈനലിൽ എത്തിയത്…ഹീറ്റ്സിൽ രണ്ട് തവണ മത്സരിക്കേണ്ടി വന്നെങ്കിലും വീറും വാശിയും തെല്ലും തോരാതെ വലിയ ദിവാൻജി തുഴയേറിഞ്ഞപ്പോൾ ക്യാപ്റ്റൻ ജോസും പിള്ളേരും കപ്പ് ഉയർത്തി.

ഹോൾഡ്(ഫൈനലിൽ ഫിനിഷ് ചെയ്യുന്ന ഭാഗം)

നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി…ലൂസേഴ്‌സ് ഫൈനലിൽ പിബിസി തുഴയുന്ന സെന്റ് ജോർജ്ജ് ചുണ്ടൻ ജേതാക്കളായപ്പോൾ രണ്ടാം സ്ഥാനം യുബിസി തുഴയേറിഞ്ഞ ആയാപറമ്പ് പാണ്ടി സ്വന്തമാക്കി…വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ മത്സരത്തിൽ പുന്നത്രപുരയ്ക്കലും ജേതാക്കളായി.

തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്.തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിൽ ക്രൈസ്തവ സഭാ നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചില വിഭാഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പര ധാരണയുണ്ടാക്കിയിരുന്നുവെന്നും രാജ്യത്ത് അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെ പിന്തുണച്ചത് ശരിയോ എന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടക്കുന്ന എന്‍ജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചു.

സമ്മർദങ്ങൾക്ക് വഴങ്ങിയാണ് തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.യുഡിഎഫിൻ്റെ വിജയത്തിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചു. നാല് വോട്ടിന് വേണ്ടി ആരുമായും കൂട്ടുകൂടുന്നവരായി ലീഗ് മാറി.

ഭരണ വിരുദ്ധ വികാരമല്ല കേരളത്തിലെ തോൽവിക്ക് കാരണമെന്നും, ബിജെപി സർക്കാരിനെതിനായ മുന്നേറ്റം UDFന് നേട്ടമായെന്നും മുഖ്യമന്ത്രി. ബിജെപിയും കോൺഗ്രസും കേരളത്തിന് പുറത്ത് ഏറ്റുമുട്ടുമെങ്കിലും
കേരളത്തിൽ സമവായമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. എന്‍ജിഒ യൂണിയൻ 61 ആം സംസ്ഥാന സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കം, ഇളകി പ്രതിപക്ഷം

കോഴിക്കാട്.ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.കെ രമ എംഎൽഎ. വിഷയത്തിൽ പരാതിയുമായി
ഗവർണറെ കാണുമെന്നും കെ.കെ രമ പറഞ്ഞു. തെറ്റില്‍ നിന്ന് തെറ്റിലേക്കാണ് സിപിഐഎം നീങ്ങുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

കൊലയാളി സംഘത്തിൻപ്പെട്ട മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തെ കടുത്ത ഭാഷയിലാണ് കെ കെ രമ വിമർശിച്ചത്. ആഭ്യന്തര മന്ത്രി അറിയാതെ ഒന്നുംനടക്കില്ല. സി.പിഎം നേതൃത്വത്തിന് ഈ പ്രതികളെ ഭയമുള്ളതുകൊണ്ടാണ് അവരുടെ താത്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്നതെന്നും കെകെ രമ പറഞ്ഞു

മൂന്ന് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് പ്രതിപക്ഷ നീക്കം. നിയമവിരുദ്ധമെന്ന് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള സർക്കാർ നീക്കം വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .സിപിഐഎം തെറ്റ് തിരുത്തുകയല്ല തെറ്റിൽ നിന്നും തെറ്റിലേക്ക് പോവുകയാണെന്നും വിഡി സതീശൻ

എന്നാൽ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാലോ എതെങ്കിലും റിപ്പോർട്ട്‌ തേടിയാലോ ശിക്ഷായിളവു കിട്ടാനോ പ്രതിയെ വിട്ടയക്കാനോ സാധിക്കില്ലെന്നും എന്നാൽ Crpc 432 പ്രകാരം പ്രതികളുടെ ശിക്ഷയിൽ ഇളവ് വരുത്താൻ നിയമം അധികാരം നൽകുന്നുണ്ടെന്നുമായിരുന്നു മന്ത്രി പി രാജീവ് ൻ്റെ പ്രതികരണം

നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി സർക്കാറിൻ്റെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പത്രകുറിപ്പിലൂടെ വ്യക്തമാക്കി.
2012 മെയ് 4 ന് 51 വെട്ടാൽ ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതു മുതൽ സി.പിഎം നേതൃത്വം പ്രതിക്കൂട്ടിലാണ്. ഏറ്റവും ഒടുവിൽ രണ്ട് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതും സി.പി ഐ എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു

മുഖ്യമന്ത്രിയെ ആരു വിമര്‍ശിച്ചു,ഉദയഭാനു

പത്തനംതിട്ട . മുഖ്യമന്ത്രിക്ക് എതിരായി വിമർശനം നടന്നതായ വാർത്തകൾ തള്ളി സിപിഐഎം ജില്ലാ നേതൃത്വം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്കെതിരെ ഒരു വിമർശനവും ഉണ്ടായില്ലെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

പ്രവർത്തനങ്ങളിൽ തിരുത്താൻ എന്തെങ്കിലും ഉണ്ടോ എന്ന് ജില്ലാക്കമ്മിറ്റി പരിശോധിക്കും .പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രിയുടെ ഭർത്താവ് പറഞ്ഞിട്ടല്ല, താൻ പറഞ്ഞിട്ടാണ് പുറമ്പോക്ക് അളന്നു തിരിക്കുന്നത് എന്നും കെ പി ഉദയഭാനു പറഞ്ഞു.

മറ്റന്നാൾ മുതൽ മിൽമാ സമരം

തിരുവനന്തപുരം: മിൽമ തൊഴിലാളികൾ മറ്റെന്നാൾ മുതൽ സമരത്തിന് .സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്തിലാണ് സമരം.ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം. ലേബർ കമ്മീഷണർ തൊഴിലാളി യൂണിയൻ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.