22.8 C
Kollam
Thursday 25th December, 2025 | 06:23:29 AM
Home Blog Page 2584

കുടുംബ കാരണങ്ങള്‍ചൂണ്ടിക്കാട്ടി അവധി അപേക്ഷ നല്‍കി; നേരെ പോയത് വനിത സഹപ്രവര്‍ത്തകയോടൊപ്പം ഹോട്ടല്‍ മുറിയിലേക്ക്… ഡിസിപിക്ക് കിട്ടിയത് എട്ടിന്റെ പണി

കുടുംബ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി അവധി അപേക്ഷ നല്‍കി അവധി വാങ്ങിയ ശേഷം വനിതാ കോണ്‍സ്റ്റബിളുമായി കാണ്‍പൂരിനടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരം താഴ്ത്തി. ഉത്തര്‍പ്രദേശ് പോലീസ് ഡിപ്പാര്‍ട്ടുമെന്റാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മൂന്ന് വര്‍ഷം മുമ്പ് വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ താമസിച്ച സംഭവത്തിലാണ് ഡെപ്യൂട്ടി സൂപ്രണ്ട് കൃപാ ശങ്കര്‍ കന്നൗജിയയെ ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരംതാഴ്ത്തിയത്. പ്രവിശ്യാ ആംഡ് കോണ്‍സ്റ്റബുലറി (പിഎസി) ഗൊരഖ്പൂര്‍ ബറ്റാലിയനില്‍ കോണ്‍സ്റ്റബിളായിട്ടാണ് നിയമിച്ചത്.
ഹോട്ടലില്‍ മുറിയെടുത്ത ശേഷം ഇയാള്‍ തന്റെ സ്വകാര്യ, ഔദ്യോഗിക ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു. വിളിച്ച് ലഭിക്കാതായപ്പോള്‍ ഭാര്യ അന്വേഷിച്ചെത്തി. പോലീസ് അന്വേഷണത്തില്‍ കാണ്‍പൂരിലെ ഒരു ഹോട്ടലില്‍ ഉദ്യോഗസ്ഥന്റെ മൊബൈല്‍ നെറ്റ്വര്‍ക്ക് അവസാനമായി സജീവമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉദ്യോഗസ്ഥനെയും വനിതാ ഓഫിസറെയും ഹോട്ടല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത്.

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍വഴി ബസ് ലഭിക്കാന്‍ ഇങ്ങനെ ഒരു മാര്‍ഗമുണ്ട്

ശാസ്താംകോട്ട. റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടി ബസ് സര്‍വീസ് ഇല്ലാത്തത് വലിയ പ്രതിസന്ധിയായി മാറിയിരിക്കയാണ്. എക്സ്പ്രസ് ട്രയിനുകള്‍ അടക്കം ധാരാളം ട്രയിനുകള്‍നിര്‍ത്തുന്ന ഇവിടെ ബസ് സൗകര്യമില്ലാത്തത് ഏറ്റവും വലിയ പ്രശ്നമാണ്. ബസ് സര്‍വീസുകള്‍ ഉള്ള റോഡ് ഏറെ അകലെക്കൂടി ആയതിനാല്‍ സ്വകാര്യ യാത്രാമാര്‍ഗങ്ങള്‍ മാത്രമാണ് അകലെയുള്ള യാത്രക്കാര്‍ക്ക് ആശ്രയം. അടൂര്‍ മുതല്‍ ചവറ വരെയുള്ളവരും കിഴക്കേകല്ലടമുതല്‍ ശൂരനാട് വരെയുള്ളവരും ഇവിടെ എത്തി ട്രയിന്‍ പിടിക്കുന്നുണ്ട്. പ്രധാന പാതകളിലെ കുറേ ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍വഴി തിരിച്ചുവിട്ടാല്‍ പ്രശ്നം പരിഹരിക്കാമെങ്കിലും സ്റ്റേഷന് ,സമീപത്തുകൂടിയുള്ള റോഡുകളുടെ ഇടുക്കം മൂലം ഇത് ചിന്തിക്കാനാവാത്ത നിലയാണ്. പഞ്ചായത്ത് റോഡ് വിപുലീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാളിയതിന് മുഖ്യകാരണം സമീപവാസികളുടെ താല്‍പര്യക്കുറവാണ്.

കരുനാഗപ്പള്ളി ശാസ്താംകോട്ട റൂട്ടിലോടുന്ന കുറച്ച് സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ ഇതുവഴി തിരിച്ചുവിടാന്‍ മാര്‍ഗമുണ്ട്. കുറ്റിയില്‍മുക്കില്‍നിന്നും ചില ബസുകള്‍ കാവല്‍പ്പുരമുക്കുവരെയെത്തി വലതു തിരിഞ്ഞ് പൈപ്പുറോഡുവഴി ആഞ്ഞിലിമൂട് ഭാഗത്തേക്ക് എത്തിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. കാവല്‍പ്പുരമുക്ക് ശാസ്താംകോട്ട സ്റ്റേഷന്‍റെ പ്ളാറ്റ്ഫോം എത്തുന്ന സ്ഥലമാണ്. ശാസ്താംകോട്ട ടൗണില്‍ സ്റ്റേ ചെയ്യാനെത്തുന്ന കുറച്ചു ബസുകളുടെ റൂട്ട് സ്റ്റേഷന്‍വരെ നീട്ടി നല്‍കിയും പ്രശ്നം പരിഹരിക്കാം.

ഇനി പൈപ്പ് റോഡിന്‍റെ കാര്യം,പരിതാപകരമെങ്കിലും പൈപ്പ് റോഡിന് ആവശ്യത്തിലേറെ വീതിയുണ്ട് വളവില്ലാത്ത നല്ല ഉറച്ച റോഡാണ്. അനുമതി നല്‍കാതെ ജല അതോറിറ്റി പിടിച്ചുവച്ചിരിക്കയാണ്. വലിയ വാഹനം കടക്കാതെ ഇരുമ്പുതൂണുകള്‍ നാട്ടിയിട്ടുമുണ്ട്. ഇതൊക്കെ ഉന്നതാധികൃതരുടെ തീരുമാനത്തിലൂടെ അനുകൂലമായി നടക്കും. പൈപ്പ് റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്തിന് കഴിയും . ശാസ്താംകോട്ട പഞ്ചായത്ത് ഒരുദശാബ്ദത്തിനുമുമ്പ് അതു തെളിയിച്ചതാണ്. മൈനാഗപ്പള്ളി പഞ്ചായത്തിലെ ത്രിതല സംവിധാനം ഉണര്‍ന്നാല്‍ പ്രശ്നം പരിഹരിക്കാനാവും.

നീറ്റ് പരീക്ഷ ക്രമക്കേട്; 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്താകെ 63 വിദ്യാര്‍ത്ഥികളെ ഡീ ബാര്‍ ചെയ്തു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതില്‍ 30 പേര്‍ ഗോധ്രയിലെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നുള്ളവരാണെന്ന് എന്‍ടിഎ വ്യക്തമാക്കി. ബിഹാറിലെ പട്നയില്‍ മാത്രം 17 വിദ്യാര്‍ഥികളെയാണ് എന്‍ടിഎ ഡീ ബാര്‍ ചെയ്തത്. ബാക്കിയുള്ളവര്‍ മറ്റിടങ്ങളില്‍ നിന്നുള്ളവരാണ്.
അതേസമയം, വിവാദത്തെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള ഇന്നത്തെ പുനഃപരീക്ഷ എഴുതിയത് 813 പേര്‍ മാത്രമാണ്. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1,563 പേരില്‍ 750 പേര്‍ പരീക്ഷയ്ക്ക് എത്തിയില്ല. അതിനിടെ, നീറ്റ് ക്രമക്കേട് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ നവാഡയിലാണ് സംഭവം നടന്നത്.

സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം. അമ്മയും മകനുമാണ് വാഹനാപകടത്തില്‍ മരിച്ചത്. വൈപ്പിന്‍ നായരമ്പലം സ്വദേശി ബിന്ദു(44). മകന് അന്‍വിന്‍ (12) എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊടിക്കുന്നിൽ സുരേഷിന് കുന്നത്തൂർ നിയോജകമണ്ഡലത്തിൽ ആവേശോജ്ജ്വല വരവേൽപ്പ്

ശാസ്താംകോട്ട:നിയുക്ത മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷിന് കുന്നത്തൂർ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്ജ്വല വരവേൽപ്പ്.നൽകി.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടികൾ മൺറോത്തുരുത്ത് കാനറാ ബാങ്ക് ജംഗ്‌ഷനിൽ കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷത വഹിച്ചു.
തുടർച്ചയായുള്ള ചോദ്യപേപ്പർ ചോർച്ച മൂലം മോഡി ഭരണത്തിൽ പരീക്ഷ നടത്തിപ്പിൽ കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് പറഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നു എന്നുള്ളത് വ്യക്തമാണ്.

ചോദ്യപേപ്പർ ചോർന്ന നീറ്റ് പരീക്ഷ റദ്ദാക്കാനുള്ള യാതൊരു നടപടിയും കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടില്ല.ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ ചോദ്യപേപ്പർ ചോർച്ച വിവാദം കോൺഗ്രസ് സഭയിൽ ഉന്നയിക്കുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.മൺറോതുരുത്തിലെ പര്യടനത്തിനു ശേഷം കിഴക്കേ കല്ലട,പവിത്രേശ്വരം പഞ്ചായത്തുകളിലേക്ക്.12 മണിയോടെ കുന്നത്തൂർ പഞ്ചായത്തിൽ ആറ്റുകടവ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം തൂമ്പിൻപുറം,തുരുത്തിക്കര, കളീക്കലഴികത്ത് തുടങ്ങിയ ഭാഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നെടിയവിളയിൽ സമാപിച്ചു.വിശ്രമത്തിനു ശേഷം ഭരണിക്കാവ്,പുന്നമൂട് വഴി പടിഞ്ഞാറെ കല്ലടയിലേക്ക്.മൈനാഗപ്പള്ളിയിൽ പഞ്ചായത്തുതല സ്വീകരണം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.കല്ലട ഫ്രാൻസിസ്, ഉല്ലാസ് കോവൂർ,പി.കെ രവി,രവി മൈനാഗപ്പളളി, കല്ലട ഗിരീഷ്, പി.എം സെയ്ദ്,
സുഭാഷ് ശൂരനാട്,ചന്ദ്രൻ കല്ലട,തോപ്പിൽ ജമാലുദ്ദീൻ,വൈ ഷാജഹാൻ,അനിൽ കാരക്കാട്,മിനി സൂര്യകുമാർ,വിനോദ് വില്യേത്ത്,രാജു ലോറൻസ്,സേതു ചെമ്പുംകണ്ടത്തിൽ,ഷിബു മൺറോ,റെജി കുര്യൻ, സുകുമാരപിള്ള,കല്ലട വിജയൻ,കല്ലട രമേശ്,സൈമൺ വർഗീസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.മൺറോത്തുരുത്ത്,
കിഴക്കേ കല്ലട,പവിത്രേശ്വരം,കുന്നത്തൂർ,
പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി,ശാസ്താംകോട്ട,
പോരുവഴി,ശൂരനാട് വടക്ക് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ശൂരനാട് തെക്ക് നാലുമുക്കിൽ സമാപിച്ചു.

എസ്എൻഡിപി ശാസ്താംകോട്ട ടൗൺ ശാഖയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും പഠനോപകരണവും വിതരണം ചെയ്തു

ശാസ്താംകോട്ട:കുന്നത്തൂർ എസ്എൻഡിപി യൂണിയൻ ശാസ്താംകോട്ട ടൗൺ ശാഖയുടെ നേതൃത്വത്തിൽ മെറിറ്റ് അവാർഡും പഠനോപകരണ വിതരണവും നടന്നു.യൂണിയൻ പ്രസിഡൻ്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി റാം മനോജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ഡോ.കമലാസനൻ മുഖ്യ പ്രഭാഷണം നടത്തി.എസ്.ദീപു, എസ് രമേശൻ,ഗുരുകുലം രാകേഷ്
,സുരേഷ് ബാബു,ആർ.രാജൻ തുടങ്ങിയവർ സംസാരിച്ചു.

ലോകസംഗീത ദിനത്തിൽ മധുര സംഗീതം വിളമ്പി അംബിക, അത് ഷെയർ ചെയ്ത് മന്ത്രിയും

കൊല്ലം.സ്കൂളിലെ സംഗീത ദിനാഘോഷത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് കയറിവന്ന് പാട്ടുപാടി വൈറലായി പാചക തൊഴിലാളി. കുളക്കട സബ്ജില്ലയിലെ മഞ്ഞക്കാല ഗവ ബി വി എൽ പി എസിലെ അംബികയാണ് തന്റെ കഴിവ് വേദിയിൽ കയറി പ്രകടിപ്പിച്ചത്. സ്കൂളിൽ സ൪ഗ്ഗവേള സമയത്ത് സംഗീത ദിനാഘോഷപരിപാടികൾ സ്കൂൾ അധ്യാപിക കവിത ആർ പിള്ളയുടെ നേതൄത്വത്തിൽ നടക്കുകയായിരുന്നു. കുട്ടികളും അധ്യാപകരും വേദിയിൽ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് അംബികക്കും പാടണമെന്ന മോഹം ഉണ്ടായത്. ആ മോഹം അടക്കി വെയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് തന്റെ ആഗ്രഹം പറയുകയും മൈക്ക് കൈമാറുകയും ആയിരുന്നു. എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് ” ശ്രീരാഗമോ തേടുന്നു നീ….. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു.ഇത് സ്കൂളിലെ അധ്യാപകനായ എബി പള്ളിക്കൂടം ടി വി ക്ക് അയച്ചു കൊടുക്കുകയും അത് വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അദ്ദേഹം സ്വന്തം പേജിൽ ഷെയർ ചെയ്യുകയുമാണ് ചെയ്തത്. ഈ വീഡിയോ ഇതിനോടക൦ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. അതിലൂടെ അംബിക ഇപ്പോൾ നാട്ടിലെ താരമാണ്.

പെന്‍ഷന്‍ മസ്റ്ററിങ് 25ന് തുടങ്ങും

സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ മസ്റ്ററിങ് 25ന് തുടങ്ങും. 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 വരെയുള്ള വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു.
അക്ഷയ കേന്ദ്രങ്ങളില്‍ അംഗീകൃത സേവനത്തുക നല്‍കി ഗുണഭോക്താക്കള്‍ക്ക് നടപടി പൂര്‍ത്തിയാക്കാം. ചെയ്യാത്തവര്‍ക്ക് ഭാവിയില്‍ പെന്‍ഷന്‍ ലഭിക്കില്ല.

സ്‌ക്രാപ്പ് മെറ്റീരിയല്‍സ് മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍

കൊട്ടാരക്കര: നെടുമണ്‍കാവ് കല്‍ച്ചിറ റോവാട്ടര്‍ പമ്പ് ഹൗസിന് സമീപത്തായി സൂക്ഷിച്ചിരുന്ന 65,000 രൂപ വിലവരുന്ന സ്‌ക്രാപ്പ് മെറ്റീരിയല്‍സ് മോഷ്ടിച്ച പ്രതികളെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂര്‍ കമല സദനത്തില്‍ അപ്പുസ് എന്ന് വിളിക്കുന്ന സുഭാഷ് ചന്ദ്രന്‍ (26), നെടുമ്പന സ്‌നേഹാലയത്തില്‍ സോഹന്‍ സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. 21ന് ഉച്ചയ്ക്കാണ് പ്രതികള്‍ മോഷണം നടത്തിയത്. എഴുകോണ്‍ എസ്എച്ച്ഒ വിജയകുമാര്‍ റ്റി, എസ്‌ഐ ഇന്‍സമാം സിപിഒമാരായ കിരണ്‍, രാഹുല്‍, അനന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

‘കേരള’യിൽ വ്യാപക ഗ്രേസ് മാർക്ക് തട്ടിപ്പിന് നീക്കം

കേരളസർവ്വകലാശാല യുവജനോത്സവ മത്സരങ്ങളിൽ വിധി നിർണയം നടത്തുന്നതിനെ ചൊല്ലി യൂണിവേഴ്സിറ്റി യൂണിയൻ ഭരിക്കുന്ന
എസ്എഫ്ഐ യിലുണ്ടായ ചേരിതിരിവിനെയും ഏറ്റുമുട്ടലിനെയും തുടർന്ന് തടഞ്ഞു വച്ചിരുന്ന മത്സരവിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ നീക്കം.

ഒരോ ഗ്രൂപ്പിന മത്സരങ്ങളിൽ പങ്കെടുത്ത നാല് കോളേജ് ടീമു കൾക്കു വരെ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾക്ക് അർഹത നേടിയതായികാണിച്ചാണ് ഗ്രേസ് മാർക്ക് തട്ടിപ്പിനുള്ള നൂതന മാർഗം കണ്ടെത്തിയിരിക്കുന്നത്.

കാലാവധി കഴിഞ്ഞ യൂണിവേഴ്സിറ്റി യൂണിയനാണ് യുവജനോത്സവം സംഘടിപ്പിച്ചതെ ആരോപണം നേരത്തെതന്നെ
ഉണ്ടായിരുന്നു. വിധി ന്യായത്തിലെ തർക്കത്തെ തുടർന്ന് കാസർഗോഡ്കാരനായ നൃത്ത അദ്ധ്യാപകൻ ഷാജി പൂത്തോട്ട എന്ന വിധികർത്താവ് ആത്മഹത്യ ചെയ്തത് ഏറെ ഒച്ചപ്പാടിന് കാരണമായിരുന്നു. ഷാജി അടക്കമുള്ള മൂന്നു വിധി കർത്താക്കളെ യൂണിയൻ ഭാരവാഹികളായ എസ്. എഫ്. ഐ പ്രവർത്തകർ മർദ്ദിച്ചതായും ആരോപണം ഉണ്ടായിരുന്നു.
തുടർന്ന് വിധി നിർണ്ണയ പ്രഖ്യാപനം വിസി തടഞ്ഞു. യുവജനോത്സവ നടത്തിപ്പിലെ വീഴ്ചകൾ പരിശോധിക്കാൻ സിണ്ടിക്കേറ്റിന്റെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു. സമിതി ഇതേവരെ റിപ്പോർട്ട്‌ നൽകിയിട്ടില്ല.

യൂണിയന്റെ കാലാവധി നീട്ടി നൽകാൻ വിസമ്മതിച്ച വിസി യൂണിയന്റെ ചുമതല സ്റ്റുഡന്റസ് സർവീസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. അദ്ദേഹമാണ് ഇപ്പോൾ പുതിയ വിധി നിർണ്ണയ പട്ടിക തയ്യാറാക്കിയത്.

സർവ്വകലാശാല യൂണിയനാണ് യുവജനോത്സവ നടത്തിപ്പിന്റെ ചുമതല. മുൻകാലങ്ങളിൽ കലോത്സവങ്ങളിൽ വിധികർത്താക്കളിൽ അഴിമതി നടത്തിയതിന് കരിമ്പട്ടികയിൽ
പെട്ടവരെയും വിധിനിർണ്ണയ പാനലിൽ ഉൾപ്പെടുത്തിയിരുന്നതായി ആക്ഷേപമുണ്ട്.
എസ്.എഫ്.ഐ യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെയാണ് യുവജനോത്സവത്തിന്റെ ജനറൽ കൺവീനറായി നിയോഗിച്ചിരുന്നത്.

എംജി,സംസ്കൃത, കാലിക്കറ്റ്,കണ്ണൂർ സർവ്വകലാശാലകളിൽ നടന്ന യുവജനോത്സവങ്ങളിലെ വിധി നിർണയങ്ങളിലും സമാനമായ വ്യാപക പരാതികൾ  ഉയർന്നതായും എസ്.എഫ്. ഐ യുടെ നിയന്ത്രണത്തിലാണ് വിധി നിർണയം നടത്തുന്നതെന്നും എസ്. എഫ്ഐയുടെ സംസ്ഥാന നേതാക്കൾ സാംസ്കാരിക വകുപ്പ്മന്ത്രിയുടെ  ഓഫീസ് കേന്ദ്രീകരിച്ചാണ് വിധികർത്താക്കളെ നിശ്ചയിക്കുന്നതെന്നും ആക്ഷേപമുണ്ട്.

കേരള സർവകലാശാലയിലെ യുവജനോത്സവ മത്സര വിജയികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ വൈകിയാൽ ഈ മാസഅവസാനം പ്രസിദ്ധീക രിക്കേണ്ട ബിരുദ പരീക്ഷകളുടെ  മാർക്ക് ലിസ്റ്റിൽ മത്സര  വിജയികൾക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്കുകൾ ഉൾപ്പെടുത്താനാവില്ല.

ഗ്രൂപ്പ്‌ മത്സരങ്ങളിൽ കൂടുതൽ പേർ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് പുതിയ ഗ്രേസ് മാർക്ക്‌ തട്ടിപ്പ് നടത്തുന്നത്. ഒരു ഗ്രൂപ്പ് ഐറ്റത്തിൽ ഉൾപ്പെടുന്ന പത്തുമുതൽ പന്ത്രണ്ടു പേർക്കു വരെ ഓരോ പേപ്പറിനും ആറു ശതമാനം മാർക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിലാണ് കൂടുതൽ പേർക്കും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകിയിരിക്കുന്നത്.
വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, വൃന്ദവാ ദ്യം, മാർഗംകളി, സമൂഹ ഗാനം എന്നിവയിൽ  പങ്കെടുത്ത72   കോളേജ് ടീമികൾക്ക്  ഒന്നുംരണ്ടുമൂന്നും സ്ഥാനങ്ങൾ നൽകിയാണ് തിരിമറി നടത്തിയിരിക്കുന്നത്. ഇതിലൂടെ 800 ഓളം വിദ്യാർത്ഥികൾ കൂട്ടത്തോടെ ഒന്നിച്ച് ഗ്രേസ് മാർക്കിന് അർഹത ലഭിക്കും.പരമാവധി ഓരോ വിദ്യാർത്ഥികൾക്കും 60 മാർക്ക് വരെ ലഭിക്കും.

വിധികർത്താക്കൾ മാർക്കിടുമ്പോൾ ഒരു മത്സരത്തിൽ നാല് ഗ്രൂപ്പുകൾക്കു വരെ ഒരേ മാർക്ക് ലഭിച്ചതാണ് തിരിമറി നടന്നിട്ടുള്ളതായി ബോധ്യപ്പെടാൻ നിമിത്തമായത്. എന്നാൽ ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ തിരിമറി നടന്നതായി ആക്ഷേപമില്ല.
ഒരേ സ്ഥാനത്തിന് ഒന്നിൽ കൂടുതൽ പേർ അർഹത നേടിയിട്ടുമില്ല.

കേരള സർവ്വകലാശാല യുവജനോത്സവത്തിൽ മത്സര വിജയികളെ പ്രഖ്യാപിക്കുന്നതിൽ എസ്എഫ്ഐ ക്കുള്ളിലെ ചേരിതിരിവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഗ്രേസ് മാർക്ക്‌ ലക്ഷ്യംവച്ച് ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർക്ക് ഒന്നാം സ്ഥാനം നൽകാൻ തീരുമാനിച്ചതെന്നറിയുന്നു.

ഗ്രൂപ്പ് മത്സരങ്ങളിൽ യൂണിയനു താൽപ്പര്യമുള്ള ആരുടെയും പേരുകൾ  ഉൾപ്പെടുത്താറുണ്ട്. അവർക്കെല്ലാം ഗ്രേസ് മാർക്കിന്റെ അനുകൂലം ലഭിക്കും.ഉന്നത പഠനങ്ങൾക്കുള്ള പ്രവേശനത്തിനുള്ള കുറുക്ക് വഴിയായി വിദ്യാർത്ഥികൾ ഈ മാർഗ്ഗം കഴിഞ്ഞ നാളുകളായി പ്രയോജന പെടുത്തുന്നുണ്ട്.

സംസ്കൃത സർവകലാശാലയുടെ കഴിഞ്ഞ യുവജനോത്സവത്തിൽ ഗ്രൂപ്പ് മത്സരത്തിൽ പങ്കെടുക്കാത്ത ഒരു എസ് എഫ്ഐ പ്രവർത്തകയെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് മത്സരത്തിൽ പങ്കെടുത്ത മറ്റു വിദ്യാർത്ഥികൾ ചോദ്യം ചെയ്തെങ്കിലും ആ വിദ്യാർത്ഥിനി മത്സരത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നുവെന്ന വിദ്യാർഥിനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ സംസ്കൃത വിസി തന്നെ ഗ്രേസ് മാർക്ക് ലഭിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഈ അടുത്തകാലത്ത് വിവാദമായിരുന്നു.

ഗ്രൂപ്പ് മത്സരവിധികളിൽ വ്യക്തമായ തിരിമറി നടന്നിരിക്കുന്നതായി ആക്ഷേപമുള്ളത് കൊണ്ട് ഗ്രൂപ്പ്‌ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കുകൾ  നൽകുന്നത് തടയണമെന്നും വിധി നിർണ്ണയ പട്ടിക തയ്യാറാക്കിയവർക്കെതിരെ നടപടി കൈക്കൊള്ളണ മെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വൈസ് ചാൻസർക്ക് നിവേദനം നൽകി.