24.2 C
Kollam
Wednesday 24th December, 2025 | 02:25:06 AM
Home Blog Page 2571

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; ജൂലൈ 11ന് സമ്മേളനം അവസാനിക്കും

തിരുവനന്തപുരം:

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. ജൂലൈ 11ന് സമ്മേളനം അവസാനിക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. നേരത്തെ ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനമുണ്ടായിരുന്നത്.

നടപടി ക്രമങ്ങൾ ജൂലൈ 11നുള്ളിൽ തന്നെ തീരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്. ധനാഭ്യർഥന ബില്ലുകളും ജൂലൈ 11ന് മുമ്പ് അവതരിപ്പിക്കാനാകുന്ന സാഹചര്യമാണ്

സ്വകാര്യബസിലെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍, യാത്രാനിരക്ക് സംബന്ധിച്ച വിഷയങ്ങളില്‍ നിര്‍ദ്ദേശവുമായി കളക്ടര്‍

കൊല്ലം: യാത്രാനിരക്ക് പ്രദര്‍ശിപ്പിക്കാത്ത സ്വകാര്യ ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ്. വിദ്യാര്‍ത്ഥികളുടെ യാത്രസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചു ചേംബറില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്വകാര്യ ബസ്സുകളിലും കണ്‍സഷന്‍ നിരക്ക്, സമയക്രമം, പരാതി ബോധിപ്പിക്കുന്നതിനുള്ള നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കേണ്ടതാണ്. യാത്രാ കണ്‍സഷനുമായി ബന്ധപ്പെട്ട പരാതികള്‍ 0474-2993335 നമ്പറില്‍ അറിയിക്കാം.
വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഇളവ് അനുവദിക്കുന്നത് 27 വയസ്സുവരെ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് അതത് ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാരില്‍ നിന്നും ലഭിക്കും.
ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്കും ഐടിസി, പോളിടെക്നിക് എന്‍ജിനീയറിങ് എന്നീ സാങ്കേതിക കോഴ്സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനമേധാവികള്‍ നല്‍കുന്ന ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ഇളവ് അനുവദിക്കുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനം മുതല്‍ വിദ്യാര്‍ത്ഥിയുടെ താമസസ്ഥലംവരെ പരമാവധി 40 കിലോമീറ്റര്‍ യാത്രാ ഇളവ് ലഭിക്കും. കണ്‍സഷന്‍ സമയപരിധി രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെയായി അനുവദിക്കാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കോളേജുകള്‍, ഐടിസി, പോളിടെക്നിക് പ്രതിനിധികള്‍, സ്വകാര്യബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, പോലീസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇടിഞ്ഞകുഴിയിൽ പെട്രോൾ പമ്പിൽ പട്ടാപ്പകൽ മോഷണം;24000 രൂപ കവർന്നു

ശാസ്താംകോട്ട:കൊട്ടാരക്കര
റോഡിൽ ഇടിഞ്ഞകുഴി പൈപ്പ് മുക്കിന് സമീപമുള്ള അംബികാലയം ഫ്യൂവത്സിൽ പട്ടാപ്പകൽ മോഷണം.മേശയിൽ സൂക്ഷിച്ചിരുന്ന 24000 രൂപ കവർന്നു.തിങ്കൾ വൈകിട്ട് 3.30 ഓടെ ആണ് സംഭവം.ഇന്ധനം നിറയ്ക്കാൻ എത്തിയയാളാണ് മോഷണം നടത്തിയത്.ജീവനക്കാരി മാറിയ സമയത്താണ് ഫില്ലിങ് നീഡിലിനോട് ചേർന്നുള്ള മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചത്.നിരീക്ഷണ ക്യാമറദൃശ്യങ്ങളിൽ നിന്നും പ്രതിയെ വ്യക്തമായതായി പൊലീസ് അറിയിച്ചു.

പാളങ്ങളിൽ പൊലിയുന്ന ജീവനുകൾ, രക്ഷകിനു വേണ്ടി സമരം ചെയ്ത് ഒടുവിൽ ഉത്തമനും


തിരുവനന്തപുരം: ട്രെയിനിൽ യാത്രചെയ്യുന്ന പതിനായിരങ്ങളുടെ ജീവന് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ കൊടുംമഴയെയും കടുത്ത ചൂടിനെയും കൂസാതെ പകലെന്നോ രാത്രിയെന്നോ വ്യത്യസ്തമില്ലാതെ പാളങ്ങളിൽ ജോലി ചെയ്യുന്നവരാണ് കീമാൻമാർ. ആധുനിക കാലത്തും ഇവരുടെ ജീവന്  യാതൊരു സുരക്ഷിതത്വവും അധികൃതർ ഒരുക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ ദിവസം ലക്കിടിയിൽ ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് ചാലക്കുടി സ്വദേശി ഉത്തമൻ എന്ന ജീവനക്കാരനായിരുന്നു. കീമാൻമാരുടെ സുരക്ഷക്കായി സംവിധാനം ചെയ്ത രക്ഷക് എന്ന ഉപകരണം നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലെ മുന്നണി പോരാളിയായിട്ടും ഉത്തമനും അതായിരുന്നു വിധി. കണ്ണീരോടെ സഹപ്രവർത്തകർ ഓർക്കുന്നു.

അതിവേഗത്തിൽ ചീറിപ്പായുന്ന തീവണ്ടികളിൽ യാത്ര ചെയ്യുന്ന പതിനായിരങ്ങളുടെ സുരക്ഷിതത്വത്തിന് ,വെയിലെന്നോ മഴയെന്നോ ഇല്ലാതെ ചുമലിൽ ഭാരവും പേറി കിലോമീറ്ററുകൾ നടന്ന് ജോലി ചെയ്യുന്ന റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ‘കീമാൻ’ എന്ന ജീവനക്കാരൻ ആരോടും പരാതി പറയാനാകാതെ പിറകിൽ നിന്നും ചീറിപ്പാഞ്ഞു വരുന്ന മരണത്തെ എപ്പോഴും പ്രതീക്ഷിച്ചു കൊണ്ടു ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികൾ.രാജ്യത്തിനു വേണ്ടി ജീവൻ നഷ്ടപ്പെടുത്തുന്ന ധീര ജവാൻമാർക്കു കിട്ടുന്ന ആദരവുകളും പരിഗണനകളും കിട്ടിയില്ലെങ്കിലും ഇതും ഒരു മനുഷ്യ ജീവനായിരുന്നു എന്ന പരിഗണന എങ്കിലും അധികൃതർ തങ്ങൾക്ക് നൽകണം. ജീവനക്കാർ പറയുന്നു.


നിരവധി ജീവനുകളാണ് വർഷം തോറും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇത്തരം ജീവനക്കാരുടേതായി നഷടമാകുന്നത്. കേരളത്തിലും ഇത്തരം മരണങ്ങൾക്ക് കുറവില്ല. വാച്ചു പോലെ കെട്ടാവുന്ന അപകട മുന്നറിയിപ്പ് നൽകുന്ന രക്ഷക് ഉപകരണം ഇന്നും അകലെ. അധികൃതർ ഇത്തരം ജീവനക്കാർക്ക് മതിയായ സുരക്ഷ ഒരുക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ പൊലിഞ്ഞു പോയവരുടെ കുടുംബങ്ങളെ ചേർത്ത് നിർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

അലൂമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിക്കല്ലേ? ഇതൊന്ന് ശ്രദ്ധിക്കൂ

അലുമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. അലൂമിനിയത്തിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.

ഇന്റർനാഷണൽ ജേണൽ ഓഫ് ഇലക്ട്രോകെമിക്കൽ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, അലൂമിനിയം ഫോയിൽ അസിഡിറ്റി ഉള്ള ഭക്ഷണവുമായി പ്രതിപ്രവർത്തിക്കും. ഭക്ഷണം ചൂടുള്ളതാണെങ്കിൽ പോലും അത് നിങ്ങളെ ദോഷകരമായി ബാധിക്കും. അലൂമിനിയം ഫോയിലിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ വായു കടക്കാതെ വരുമെന്നും അതിനാൽ അതിൽ ബാക്ടീരിയകൾ വളരുമെന്നും മറ്റ് ചില പഠനങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ക്ഷീരോല്പന്നങ്ങൾ, മാംസം പോലുള്ള ഭക്ഷണ പദാർത്ഥങ്ങളിലാണ് ഈ പ്രശ്‌നം കൂടുതലായി സംഭവിക്കാനിടയുളളത്. ഇവ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാകും. ശേഷിക്കുന്ന ഭക്ഷണം അലുമിനിയം ഫോയിലിൽ സൂക്ഷിക്കുക എന്നത് സൗകര്യപ്രദമായ മാർഗമായിരിക്കാം എന്നിരുന്നാലും അത് വളരെ ദോഷകരമാണ്.

അലുമിനിയം ഫോയിലിൽ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണ പദാർത്ഥങ്ങൾ – തക്കാളി, സിട്രസ് പഴങ്ങൾ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങൾ. ഗരം മസാല, ജീരകം, മഞ്ഞൾ തുടങ്ങിയ മസാലകൾ. കറികളും അച്ചാറുകളും. ചീസ്, വെണ്ണ. ഫോയിൽ സൂക്ഷിക്കാൻ കഴിയുന്നവ – സാൻഡ്വിച്ച്, ബ്രെഡ്, കേക്കുകളും മഫിനുകളും. റോസ്റ്റഡ് പച്ചക്കറികൾ അല്ലെങ്കിൽ ചിക്കൻ.

എ. ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 9 പ്രതികള്‍ ഒഴികെയുള്ളവര്‍ക്ക് ജാമ്യം

കൊച്ചി: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് എ. ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 9 പ്രതികള്‍ ഒഴികെയുള്ളവര്‍ക്ക് ജാമ്യം. 17 പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എന്‍ഐഎ അന്വേഷിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമായ 40-ലേറെ പേരാണ് പ്രതികള്‍. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കരമന അഷറഫ് മൗലവി, യഹിയ കോയ തങ്ങള്‍, അബ്ദുല്‍ റൗഫ്, അബ്ദുല്‍ സത്താര്‍ തുടങ്ങിയവര്‍ അടക്കമുള്ളവര്‍ക്കാണ് ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ശ്യാംകുമാര്‍. വി.എം എന്നിവരുടെ ബെഞ്ച് ജാമ്യം നിഷേധിച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷിമൊഴികള്‍ മാത്രമാണ് ഇവര്‍ക്കെതിരെയുള്ളത്.

ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

കൊച്ചി: ടെലിവിഷനും സ്റ്റാന്റും ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുള്‍ സമദാണ് ചികിത്സയിലിരിക്കേ മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടിയുടെ ദേഹത്തേക്ക് ടിവി സ്റ്റാന്റുള്‍പ്പെടെ ടെലിവിഷന്‍ മറിഞ്ഞുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരിച്ചു. കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നസിയയാണ് മരിച്ച അബ്ദുള്‍ സമദിന്റെ മാതാവ്. മൂന്ന് സഹോദരങ്ങളുണ്ട്. മൃതദേഹം തുടര്‍നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്പത് ഡാമുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്പതു പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതിന് സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. പ്രളയ നിയന്ത്രണത്തിനായി പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ- അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതില്‍ മൂന്നു ഡാമുകളുടെ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ പഠനം വരെ പൂര്‍ത്തിയാക്കയതായും മന്ത്രി വ്യക്തമാക്കി.
129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡിപിആര്‍ തയാറാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടര്‍ന്നു വരികയാണ്. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയുമാണ് എന്നതാണ് ഈ വിഷയത്തില്‍ കേരളത്തിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി.

ക്വാറി ഉടമയുടെ കൊലപാതകം കൂടുതല്‍ വിവരങ്ങള്‍പുറത്ത്

തിരുവനന്തപുരം. കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം കൂടുതല്‍ വിവരങ്ങള്‍പുറത്ത്. പണത്തിനുവേണ്ടി ചിലര്‍ ദീപുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. പത്തുലക്ഷം രൂപയുമായി വീട്ടില്‍നിന്നും കോയമ്പത്തൂരിന് പോയതായാണ് വീട്ടുകാര്‍ പറയുന്നത് പണം കാണാനില്ല.

അതെ സമയം ദീപുവിന്റെ കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് ന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് സുന്ദര വദനം അറിയിച്ചത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ദീപു മലയിന്‍കീഴിലെ വീട്ടില്‍ നിന്നും പണവുമായി യാത്രതിരിച്ചത്. ഇന്നലെ രാത്രി 11.45നാണ് കളിയിക്കാവിളയില്‍ വച്ച് മൃതദേഹം കണ്ടെത്തിയത്.

എസ്.ദീപുവിനെ ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെയാണ് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കാര്‍ ഡിക്കി തുറന്ന നിലയിലായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ഒരു ചലനവൈകല്യമുള്ള ആളാണെന്ന സൂചനയുമുണ്ട്.

കാടമാൻപാറയിൽ നിന്ന് വീണ്ടും ചന്ദനമരങ്ങൾ മുറിച്ചു കടത്തി

ആര്യങ്കാവ് .കാടമാൻപാറയിൽ നിന്ന് വീണ്ടും ചന്ദനമരങ്ങൾ മുറിച്ചു കടത്തി.
വനം വകുപ്പ് നടത്തിയ പരിശോധനയിൽ അഞ്ച് ചന്ദനമരങ്ങൾ മുറിച്ചു കടത്തിയായി കണ്ടെത്തി. 50 മുതൽ 60 വരെ സെന്റീമീറ്റർ ചുറ്റളവ് കണക്കാക്കുന്ന ചന്ദനമരങ്ങളാണ് മുറിച്ചു കടത്തിയത്. കഴിഞ്ഞ ശനിയാഴ്ച പ്രദേശത്തുനിന്ന് ചന്ദന മരങ്ങൾ മുറിച്ചു കിടത്തിയായി കണ്ടെത്തിയിരുന്നു.പ്രദേശത്തെ നിരീക്ഷണ ക്യാമറയും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും മരം മുറി.തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് വനം വകുപ്പിന്റെ നിഗമനം.സംസ്ഥാനത്ത് ഏക സ്വാഭാവിക ചന്ദനത്തോട്ടമാണ് കാടമാൻപാറ.