Home Blog Page 2526

മലപ്പുറത്ത് ഷിഗല്ല; നാല് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

മലപ്പുറം :വണ്ണപ്പുറം കോഴിപ്പുറം വെണ്ണായൂർ എ എംഎൽപിഎസിലെ നാല് വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ആരുടെയും നില ഗുരുതരമല്ല.കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. ആരോഗ്യ വകുപ്പ് പരിശോധനതുടരുന്നു.

[ഷിഗെല്ല അണുബാധ (ഷിഗെല്ലോസിസ് എന്നും അറിയപ്പെടുന്നു) എന്നറിയപ്പെടുന്ന ഒരു കുടൽ അണുബാധ, ഷിഗെല്ല എന്ന് വിളിക്കപ്പെടുന്ന ഒരു ബാക്ടീരിയ കുടുംബത്തിൽ നിന്നാണ് വരുന്നത്. ഷിഗല്ല അണുബാധയുടെ പ്രാഥമിക ലക്ഷണമാണ് അടിക്കടി രക്തം കലർന്ന വയറിളക്കമാണ്.]

ക്രൂര ബലാത്സംഗം; അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയത് രണ്ടുവർഷത്തിനിടെ: സീരിയൽ കില്ലർ പിടിയിൽ

ഹൈദരാബാദ്: അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയ സീരിയൽ കില്ലർ പിടിയിൽ. കൂലിപ്പണിക്കാരനായ ബി. കാസമയ്യ എന്ന കാസിമിനെയാണ് തെലങ്കാനയില്‍ മെഹബൂബ്നഗറില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് മാസത്തില്‍ ഒരുസ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് കാസിമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
രണ്ടുവർഷത്തിനിടെയാണ് പ്രതി അഞ്ച് സ്ത്രീകളടക്കം ആറ് പേരെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ കാസിം തെരുവുകളിലാണ് അന്തിയുറങ്ങാറുള്ളത്. അഞ്ച് സ്ത്രീകളെയും ഇയാള്‍ ക്രൂരമായി ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളില്‍ രണ്ടുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മല്ലേഷ് എന്ന കൂലിപ്പണിക്കാരനെയും ഇയാൾ കൊലപ്പെടുത്തിയിട്ടുണ്ട്. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് ഈ കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂ ഡെൽഹി : ട്വന്‍റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ട്വിറ്ററിലൂടെയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം അറിയിച്ചത്. ഐസിസി പുരുഷ ടി 20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു. ടൂർണമെന്‍റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചുവെന്നും എല്ലാ കളിക്കാർക്കും പരിശീലകർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം കുറിച്ചു

ഫൈനലില്‍ ഇന്ത്യയോട് ഏഴ് റണ്ണിന് തോറ്റ് റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്ക് 1.28 മില്യണ്‍ ഡോളര്‍ (ഏകദേശം10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചു. ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യക്കും കോടികള്‍ സമ്മാനമായി ലഭിച്ചു. 2.45 മില്യണ്‍ ഡോളര്‍ (ഏകദേശം 20.42 കോടി രൂപ) ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്.

മന്‍ കി ബാത്തില്‍ അട്ടപ്പാടിയിലെ കാര്‍ത്തുമ്പിക്കുട,ആവേശ ഭരിതരായി അമ്മമാര്‍

പാലക്കാട്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പരിപാടിയായ മൻകിബാത്തിൽ തങ്ങളെക്കുറിച്ച് പരാമർശം നടത്തിയതിന്റെ സന്തോഷത്തിലാണ് അട്ടപ്പാടിയിലെ അമ്മമാർ,ഇവർ നിർമിച്ച് വിപണിയിലെത്തിക്കുന്ന കാർത്തുമ്പി കുടകളെക്കുറിച്ചാണ് പ്രധാനമന്ത്രി തന്റെ മൂന്നാം വരവിലെ ആദ്യ മൻകി ബാത്തിൽ പരാമർശിച്ചത്,എന്നാൽ സർക്കാർ സഹായത്തിലെ അപര്യാപ്തത മൂലം വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണ് അട്ടപ്പാടിയിലെ അമ്മമാർ


അട്ടപ്പാടിയിലെ ആദിവാസി മേഖലയിലുള്ള അമ്മമാരുടെ അതിജീവനം ലക്ഷ്യമിട്ടുള്ള പദ്ധതി തുടങ്ങിയത് 2014ൽ തമ്പിന്റെ സഹായത്തിൽ,നിരവധി സ്ത്രീ ശക്തീകരണ പുരസ്‌കാരങ്ങൾ അടക്കം ലഭിച്ച പദ്ധതിയെക്കുറിച്ചാണ് പ്രധാനമന്ത്രി ഇന്നലെ മൻ കി ബാത്തിൽ പരാമർശിച്ചത്

എന്നാൽ കോവിഡിന് ശേഷം ഇവർ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്,പലർക്കും ജോലി കൊടുക്കാനാകുന്നില്ല,സർക്കാർ സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് അമ്മമാരുടെ പരാതി

സർക്കാർ ഗ്രാൻറ്റും ഇത്തവണ ലഭിച്ചിട്ടില്ല,നല്ല പിന്തുണ ലഭിച്ചാൽ രാജ്യത്തിന്‌ തന്നെ അഭിമാനമായി മാറാൻ സാധ്യതയുള്ള പദ്ധതിയാണ് ഇത്,പ്രാധാനമന്ത്രിയുടെ അഭിനന്ദനത്തോടെ വീണ്ടും കാർത്തുമ്പി ചർച്ചയായ പശ്ചാത്തലത്തിൽ കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കുകയാണ് ഇവർ

ഒരു നാട്ടുബുൾബുൾ പക്ഷി സെലിബ്രിറ്റിയായി

കൊച്ചി. അവിചാരിതമായി ഒരു നാട്ടുബുൾബുൾ പക്ഷി സെലിബ്രിറ്റിയായി. ചിത്രം ലേലത്തിനുവച്ചപ്പോള്‍ കിട്ടിയത് മൂന്ന് ലക്ഷം രൂപ. ഈ നാട്ടുബുള്‍ബുളിനെ ഫ്രയിമിലാക്കിയ ആളുടെ വിലയാണ് ആ ചിത്രത്തെ വിലയേറിയതാക്കിയത്.

ഒരു ലക്ഷത്തിൽ ആരംഭിച്ച ലേലം ഉറപ്പിച്ചത് മൂന്ന് ലക്ഷത്തിന്. അതിന് കാരണം മമ്മൂട്ടി തന്‍റെ ക്യാമറയില്‍ എടുത്ത ചിത്രമെന്ന വലിപ്പം തന്നെ.

പക്ഷി നിരീക്ഷകനും എഴുത്തുകാരനുമായ ഇന്ദുചൂഢന്റെ ജന്മശബ്‌ദിയോട് അനുബന്ധിച്ചാണ് പാറിപ്പറക്കുന്ന പക്ഷി എന്ന പേരിൽ ദർബാർ ഹാളിൽ പക്ഷിച്ചിത്ര പ്രദർശനം നടത്തിയത് .

വ്യവസായിയായ ഉള്ളാട്ടിൽ അച്ചുവാണ് മമ്മൂട്ടി എടുത്ത ബുൾബുൾ ചിത്രം ലേലത്തിൽ സ്വന്തമാക്കിയത് .
ലഭിച്ച തുക ഇന്ദുചൂഢന്‍ ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്ന സാമൂഹ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കും .

ഗവർണർക്കെതിരേ കേസ് നടത്താൻ വിസിമാർ ചെലവിട്ടത് വൻതുക

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തര്‍ക്കങ്ങളിൽ കേസ് നടത്താന്‍ സര്‍വകലാശാല ഫണ്ടില്‍ നിന്നും വൈസ് ചാൻസലർമാർ ചെലവിട്ടത് വൻ തുകകളെന്ന റിപ്പോർട്ട് പുറത്തുവന്നു. വിസി നിയമനവുമായി ബന്ധപ്പെട്ട കേസുകളിൽ ആകെ ഒരു കോടി പതിമൂന്നു ലക്ഷം രൂപയാണ് കണ്ണൂര്‍, കെടിയു, കാലിക്കറ്റ്, കുസാറ്റ്, മലയാളം, ശ്രീനാരായണ വിസിമാര്‍ കേസ് നടത്തിപ്പിനായി ചെലവഴിച്ചത്.

മുന്‍ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനാണ് കേസ് നടത്താന്‍ കൂടുതല്‍ പണം ചെലവഴിച്ചത്- 69 ലക്ഷം രൂപ. മുന്‍ കുഫോസ് വിസി ഡോ. റിജി ജോണ്‍ 36 ലക്ഷം രൂപയും ചെലവാക്കി. കാലിക്കറ്റ് മുന്‍ വിസി ഡോ. എം.കെ. ജയരാജിന് നാല് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയാണ് കേസിന് ചെലവായ തുക. യൂനിവേഴ്സിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലിനെ ഒഴിവാക്കിയാണ് ജയരാജ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ കേസ് നടത്തിപ്പിനു വേണ്ടി ചുതലപ്പെടുത്തിയത്.

ഗോപിനാഥ് രവീന്ദ്രനും റിജി ജോണിനും തുക ചെലവായതും സമാന രീതിയില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയതോടയാണ്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലിനു വേണ്ടിയാണ് ഇരുവരും ഭീമമായ തുക ചെലവഴിച്ചത്.

2022ലാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വി സിമാരും ഗവര്‍ണരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. കണ്ണൂര്‍, സാങ്കേതിക സര്‍വകലാശാല ഉള്‍പ്പടെയുള്ള സര്‍വകലാശാലകളിലെ വി സിമാരെ പുറത്താക്കിക്കൊണ്ട് ഗവര്‍ണര്‍ ഇറക്കിയ ഉത്തരവായിരുന്നു പ്രശ്നങ്ങള്‍ക്ക് ആധാരം.

ഇതിനു പിന്നാലെ വി സിമാര്‍ കോടതിയെ സമീപിച്ചു. കേസില്‍ വിസിമാര്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചെലവഴിച്ച തുകയുടെ വിവരങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതേസമയം, ചെലവായ തുക വി സിമാരില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍

ആലപ്പുഴ: വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ മഹാരാഷ്ട്ര സ്വദേശി പിടിയില്‍. അനില്‍ ഭഗവാന്‍ പഗാരെയാണ് പിടിയിലായത്. നാസിക്കില്‍ ഗ്ലോബല്‍ മൊബിലിറ്റി എന്ന സ്ഥാപനം നടത്തുകയും വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞു നിരവധി ആളുകളുടെ അടുത്തു നിന്നും പണം സ്വീകരിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
രാമങ്കരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ മഹാരാഷ്ട്രയിലെ നാസിക്കിലെ ശ്രീറാംപൂരിനടുത്തുള്ള പൊങ്കല്‍വസ്തി എന്ന സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 2019-20 കാലഘട്ടത്തില്‍ ഗോവയിലെ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാമങ്കരി ഇന്‍സ്‌പെക്ടര്‍ പ്രദീപ്. ജെ, സബ് ഇന്‍സ്‌പെക്ടര്‍ ഷൈലകുമാര്‍, എഎസ്‌ഐമാരായ പ്രേംജിത്ത്, റിജോ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും; ദേവദൂതൻ 4K മികവോടെ റീറിലീസിന്

മോഹൻലാലിൻ്റെ അണ്ടർറേറ്റഡ് ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതൻ’ ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ഇത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തുകയാണ്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുകയാണ് ഇപ്പോൾ. അതൊരു പുതിയ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.

ഹൊററും മിസ്റ്ററിയും പ്രണയവും സം​ഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായി മോഹൻലാലും,

വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആക്കം കൂട്ടുന്നു.ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ .സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ. ജെ. യേശുദാസ്, ജയചന്ദ്രൻ, എം. ജി. ശ്രീകുമാർ, കെ. എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. പ്രൊഡക്ഷൻ കൺട്രോളർ: എം. രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവൻ, സലീം, കൊറിയോഗ്രാഫി: കുമാർ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യൻ, ഗിരീഷ് .കെ. മാരാർ, അറ്റ്മോസ് മിക്സ്‌:

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട: കെ.എസ്.യു

തിരുവനന്തപുരം:പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുമെന്ന മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ തയാറാകണം.

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാൻ തത്കാലം പത്താം ക്ലാസിൽ വിജയിച്ച വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ടതില്ല. അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദി സജി ചെറിയാനും, വി.ശിവൻകുട്ടിയും ഉൾപ്പെട്ട സംസ്ഥാന സർക്കാരാണ്.

പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്താതെ ആദ്യം തുടർപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സർക്കാർ ശ്രദ്ധ നൽകണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

കൊട്ടാരക്കരയില്‍ ഭാര്യയ്ക്കും അമ്മയ്ക്കും അമിത അളവില്‍ ഗുളിക നല്‍കിയ ശേഷം മധ്യവയസ്‌ക്കന്‍ ഗുളിക കഴിച്ച് മരിച്ചു

കൊട്ടാരക്കര: മാനസിക രോഗിയായ മധ്യവയസ്‌ക്കന്‍ ഭാര്യയ്ക്കും മാതാവിനും ഗുളിക അമിതമായി നല്‍കിയ ശേഷം ഗുളിക കഴിച്ച് മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര കെ.എസ്. നഗറില്‍ ബി 144 അഭിരാം ഭവനില്‍ രാമചന്ദ്രന്‍ (62) ആണ് മരിച്ചത്. ഭാര്യ ഗിരിജാകുമാരി (52), അമ്മ കമലമ്മ (72) എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കമലമ്മയുടെ നില ഗുരുതരമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഗിരിജാകുമാരിയും അമ്മ കമലമ്മയും ഉച്ചഭക്ഷണം കഴിക്കുന്ന സമയം മീന്‍ കറിയില്‍ രാമചന്ദ്രന്‍ മാനസിക രോഗത്തിന് കഴിച്ചു കൊണ്ടിരുന്ന 6 ഗുളിക ഇട്ടിരുന്നു. മീന്‍കറിയില്‍ കയ്പ്പുണ്ടെന്ന് ആഹാരം കഴിച്ച രണ്ട് പേരും പറഞ്ഞിരുന്നു.
അല്‍പ സമയത്തിന് ശേഷം ഇരുവരും ബോധരഹിതരായി. ഗിരിജയുടെ മകന്‍ അഭിരാം ചന്ദനത്തോപ്പ് ഐടിഐയിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഇരുവരും ബോധമില്ലാതെ കിടക്കുന്നത് കാണുകയായിരുന്നു. ചെറുതായി ബോധംവന്ന ഗിരിജ മകനോട് വിവരം പറഞ്ഞു. സാധാരണ ഉറങ്ങുന്നതുപോലെ രാമചന്ദ്രന്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഇയാളും ഗുളിക കഴിച്ചെന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. ഉടന്‍ തന്നെ അഭിരാം നാട്ടുകാരെ വിളിച്ചുവരുത്തി. ഗിരിജകുമാരിയെയും കമലമ്മയെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവരുടെയും നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രാമചന്ദ്രന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.